مَا لَا يَسَعُ المُسْلِمَ جَهْلُهُ
ഓരോ മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
اللَّجْنَةُ العِلْمِيَّةُ
بِرِئَاسَةِ الشُّؤُونِ الدِّينِيَّةِ بِالمَسْجِدِ الحَرَامِ وَالمَسْجِدِ النَّبَوِيِّ
മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വിഭാഗത്തിന്റെ അധ്യക്ഷതയിലുള്ള വൈജ്ഞാനിക സമിതി
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഓരോ മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ടത്
ആമുഖം
الحمد لله رب العالمين، والصلاة والسلام على المبعوث رحمة للعالمين، وعلى آله وصحبه ومن استنَّ بسنته، واهتدى بهديه إلى يوم الدين، أما بعد
ഒരു മുസ്‌ലിമിന് അവന്റെ വിശ്വാസം, ആരാധനകൾ, വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏറ്റവും ആവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു സംക്ഷിപ്ത ഗ്രന്ഥമാണിത്. വിശുദ്ധ ഹറമുകളിലെത്തുന്ന തീർത്ഥാടകരായ സ്ത്രീപുരുഷന്മാർക്ക് വേണ്ടിയാണ് ഞങ്ങൾ ഇത് സമാഹരിച്ചിട്ടുള്ളത്. അവരുടെ മതപരമായ കാര്യങ്ങളെക്കുറിച്ച് അറിവും ഉൾക്കാഴ്ചയും ഉണ്ടാകാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് പ്രയോജനകരമാകാനും, സല്‍കര്‍മ്മമായി രേഖപ്പെടുത്തപ്പെടാനും, അല്ലാഹുവിന്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ടുള്ളത് മാത്രമായിരിക്കാനും കാരുണ്യവാനും ഔദാര്യവാനുമായ അല്ലാഹുവിനോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. അവനാണല്ലോ ചോദിക്കപ്പെടാൻ ഏറ്റവും അർഹൻ; പ്രതീക്ഷിക്കപ്പെടാൻ ഏറ്റവും നല്ലവനും.
മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി മതകാര്യവിഭാഗം തയ്യാറാക്കിയത്.
അദ്ധ്യായം ഒന്ന്:
വിശ്വാസകാര്യങ്ങള്
പാഠം ഒന്ന്: ഇസ്ലാമിൻ്റെ അർത്ഥവും സ്തംഭങ്ങളും:
ഇസ്ലാം: അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അംഗീകരിച്ചു കൊണ്ട് ജീവിതം അവന് സമർപ്പിക്കുകയും, അവനെ അനുസരിച്ചു കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുകയും, ബഹുദൈവാരാധനയിൽ നിന്നും ബഹുദൈവാരാധകരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യലാണ് ഇസ്‌ലാം.
ഇസ്‌ലാമിന്റെ സ്തംഭങ്ങള്‍ അഞ്ചാണ്.
ഒന്ന്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനർക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ.
രണ്ട്: നിസ്കാരം നിലനിർത്തുക.
മൂന്ന്: സകാത്ത് നൽകുക.
നാല്: റമദാൻ മാസത്തിൽ നോമ്പെടുക്കുക.
അഞ്ച്: ഹജ്ജ്; അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനമായ കഅ്ബയിലേക്ക് -അതിന് (ശാരീരികമായും സാമ്പത്തികമായും) സാധിക്കുന്നവര്‍- പുണ്യം പ്രതീക്ഷിച്ചുള്ള യാത്ര നിർവഹിക്കുക.
തൗഹീദിൻ്റെ പ്രാധാന്യം:
അറിയുക! അല്ലാഹു സര്‍വ്വതിനെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കാനും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കാനും വേണ്ടിയാണ്. അല്ലാഹു പറയുന്നു:
﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ 56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (ദാരിയാത്ത്: 56) ഈ ആരാധനയെക്കുറിച്ച് അറിവ് നേടുന്നതിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ.
അല്ലാഹു പറഞ്ഞത് പോലെ:
﴿فَٱعۡلَمۡ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِۗ وَٱللَّهُ يَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ 19﴾
"ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്ക്കും സത്യവിശ്വാസിനികള്ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്." (മുഹമ്മദ്: 19), വാക്കിനും പ്രവർത്തനത്തിനും മുൻപ് അറിവാണ് അല്ലാഹു ഇവിടെ ആദ്യം പരാമർശിച്ചത്. അതിനാൽ, ഒരു മുസ്ലിം പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിന്റെ ഏകത്വമാണ് (തൗഹീദാണ്). കാരണം, അതാണ് മതത്തിന്റെ അടിസ്ഥാനവും അടിത്തറയും. തൗഹീദ് ഇല്ലാതെ ഒരാളുടെ ഇസ്ലാമിന് നിലനിൽപ്പില്ല. ഇത് ഒരു മുസ്ലിമിന് നിർബന്ധമായ ആദ്യത്തെ കാര്യവും അവസാനത്തെ കാര്യവുമാണ്. തൗഹീദ് ഇസ്ലാമിൻ്റെ ആദ്യത്തെ സ്തംഭമാണ്. ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമായ അഞ്ച് സ്തംഭങ്ങളുണ്ട്. അബ്ദുല്ലാഹ് ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു:
«بُنِيَ الإسْلَامُ عَلَى خَمْسٍ: شَهَادَةِ أنْ لَا إلَهَ إلَّا اللَّهُ وأنَّ مُحَمَّدًا رَسُولُ اللَّهِ، وَإقَامِ الصَّلَاةِ، وَإيتَاءِ الزَّكَاةِ، وَحَجِّ البَيْتِ، وصَوْمِ رَمَضَانَ».
ഇസ്ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ."1
അതിനാൽ, ഓരോ മുസ്ലിമും തൗഹീദിന്റെ അർത്ഥം പഠിക്കേണ്ടതുണ്ട്. ആരാധനകളില്‍ അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. അല്ലാഹുവിനുള്ള ആരാധനയിൽ അവനോട് അടുപ്പമുള്ള മലക്കിനെയോ, അവന്‍ നിയോഗിച്ച ഒരു നബിയെയോ പോലും പങ്കുചേർക്കരുത്.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യത്തിന്റെ അർത്ഥം:
അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്ന്, ദൃഢമായ വിശ്വാസത്തോടെ ഒരു അടിമ എന്നതാണ്. o rഅതോടെ അവൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, പ്രാർത്ഥന, ഭയം, പ്രതീക്ഷ, ഭരമേൽപ്പിക്കൽ തുടങ്ങിയ എല്ലാ ആരാധനകളും അവനുമാത്രം സമർപ്പിക്കുകയും ചെയ്യണം.
ഈ സാക്ഷ്യവചനം രണ്ട് സ്തംഭങ്ങളില്ലാതെ പൂർത്തിയാകില്ല:
ഒന്നാമത്തേത്: -അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന- ആരാധ്യവസ്തുക്കള്‍ക്കോ, ദൈവങ്ങള്‍ക്കോ, ദുര്മൂര്ത്തികള്ക്കോ ആരാധനകള്ക്ക് അര്ഹതയില്ലെന്ന് പ്രഖ്യാപിക്കുക. അവയുടെയെല്ലാം ആരാധ്യതയെ നിരാകരിക്കുക.
രണ്ടാമത്തേത്: അല്ലാഹുവിന് മാത്രം യഥാർത്ഥമായ ആരാധന സ്ഥിരീകരിക്കുക. അല്ലാഹു പറയുന്നു:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَۖ...﴾
"തീര്ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്മൂര്ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)" (നഹ്ൽ: 36)
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ:
1- لا إله إلا الله (ലാഇലാഹ ഇല്ലാ അല്ലാഹ്) എന്നതിനെ കുറിച്ചുള്ള അറിവ് ഉണ്ടാവുക. അറിവിന്റെ വിപരീതം അജ്ഞതയാണ്. ഇതിനെ കുറിച്ച് അജ്ഞതയിലാകാതിരിക്കുക.
2- ലാഇലാഹ ഇല്ലാ അല്ലാഹ് എന്നതിനെക്കുറിച്ച് ദൃഢവിശ്വാസം ഉണ്ടാവുക. ദൃഢവിശ്വാസത്തിന്റെ വിപരീതം സംശയമാണ്. യാതൊരു സംശയവുമില്ലാത്ത യഖീൻ ഉണ്ടാവുക.
3- ലാ ഇലാഹ ഇല്ലല്ലാഹ് പറയുന്നത് അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കുക. അതിൽ മറ്റൊന്നിനെയും പങ്കു ചേർക്കാതിരിക്കുക.
4- ലാഇലാഹ ഇല്ലാ അല്ലാഹ് പറയുന്നത് സത്യസന്ധമായിട്ടായിരിക്കുക. കളവായി പറഞ്ഞതാകരുത്.
5- ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആശയത്തോട് സ്നേഹമുണ്ടായിരിക്കുക. വെറുപ്പുണ്ടാവുക പാടില്ല.
5- അത് ഉപേക്ഷിച്ചു കളയാതെ നടപ്പിൽ വരുത്തുക.
7- ലാഇലാഹ ഇല്ലാ അല്ലാഹ് എന്നത് തള്ളിക്കളയാതെ സ്വീകരിക്കുക.
8- അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാറ്റിനെയും നിഷേധിക്കല്‍.
ഈ നിബന്ധനകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടത് നിർബന്ധമാണ്. താഴെ പറയുന്ന രണ്ട് അറബി കവിതാശകലങ്ങളില്‍ ഈ ഏഴ് നിബന്ധനകളും ഉൾക്കൊള്ളിച്ചിരിക്കുന്നു:
അറിവും ദൃഢവിശ്വാസവും നിഷ്കളങ്കതയും സത്യസന്ധതയും, കൂടെ സ്നേഹവും കീഴൊതുങ്ങലും സ്വീകരിക്കലുമാണീ സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ.
എട്ടാമതൊന്ന് കൂടിയുണ്ടെന്നറിയുക, അത്; അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനേയും നിഷേധിക്കലാകുന്നു. സാക്ഷാൽ ഇലാഹിന്റെ കൂടെ ആരാധിക്കപ്പെടുന്നവയെ എല്ലാം നീ വെടിയുക എന്നതത്രേ അത്.
ഈ ശഹാദത്ത് (സത്യസാക്ഷ്യം) സാക്ഷാത്കരിക്കേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, സര്വ്വ ആരാധനകളും അവന് മാത്രം നിഷ്കളങ്കമാക്കുകയും ചെയ്തുകൊണ്ടാണ്. അതിനാൽ, അല്ലാഹുവിനോട് മാത്രമേ ഒരു മുസ്ലിം പ്രാർത്ഥിക്കാവൂ. അവനിൽ മാത്രമേ ഭരമേൽപ്പിക്കാവൂ. അവനിൽ മാത്രമേ പ്രതീക്ഷയർപ്പിക്കാവൂ. അവനുവേണ്ടി മാത്രമേ നിസ്കരിക്കാവൂ. അവനുവേണ്ടി മാത്രമേ ബലിയർപ്പിക്കാവൂ.
ചില ആളുകൾ ചെയ്യുന്നത് പോലെ ഖബ്റുകളെ പ്രദക്ഷിണം ചെയ്യുകയോ, അതിലുള്ളവരോട് സഹായം തേടുകയോ, അല്ലാഹുവിന് പുറമെ അവരെ വിളിച്ചു പ്രാർത്ഥിക്കുകയോ ചെയ്യുക എന്നതെല്ലാം ആരാധനകളിലും ഇബാദത്തുകളിലും മറ്റുള്ളവരെ അല്ലാഹുവിനോട് പങ്കുചേര്‍ക്കലാണ്. ഇത് സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നത് കരുതിയിരിക്കുകയും മറ്റുള്ളവരോട് അതില്‍ നിന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നത് നിർബന്ധമാണ്. കാരണം, ഇത്തരം പ്രവര്ത്തികളെല്ലാം മുസ്ലിംകളല്ലാത്ത ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെയും കല്ലുകളെയും മരങ്ങളെയും ആരാധിക്കുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ്. ഈ ശിർക്കിനെക്കുറിച്ച് താക്കീത് നൽകാനും അതില്‍ നിന്ന് ജനങ്ങളെ വിലക്കുന്നതിനും വേണ്ടിയാണ് അല്ലാഹുവിന്റെ ഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടതും അവന്റെ ദൂതന്മാര്‍ നിയോഗിക്കപ്പെട്ടതും.
'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം
അവിടുന്ന് ﷺ കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കുക, അവിടുന്ന് ﷺ അറിയിച്ച കാര്യങ്ങൾ സത്യപ്പെടുത്തുക, അവിടുന്ന് ﷺ വിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുക, അവിടുന്ന് ﷺ നിയമമാക്കി നല്കിയത് പ്രകാരം മാത്രം അല്ലാഹുവിനെ ആരാധിക്കുക എന്നിവയാണത്. ഖുറൈശി വംശത്തിൽപ്പെട്ട, ഹാഷിമി ഗോത്രക്കാരനായ, മുഹമ്മദ് ഇബ്നു അബ്ദില്ല, ജിന്നുകളും മനുഷ്യരും അടങ്ങുന്ന മുഴുവൻ സൃഷ്ടികളിലേക്കും അല്ലാഹു അയച്ച ദൂതനാണ് എന്ന് ഓരോ മുസ്ലിമും അംഗീകരിക്കണം. അല്ലാഹു പറഞ്ഞത് പോലെ:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا...﴾
"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു." (അഅ്റാഫ്: 158)
അതുപോലെ, അല്ലാഹു അവന്റെ ദീൻ (മതം) എത്തിച്ചു നല്കാനും സൃഷ്ടികള്ക്ക് സന്മാര്ഗം കാണിച്ചു നല്കാനും വേണ്ടി അവിടുത്തെ അയച്ചിരിക്കുന്നു എന്നും അവന്‍ വിശ്വസിക്കുന്നു. അല്ലാഹു പറഞ്ഞത് പോലെ:
﴿وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ 28﴾
"താങ്കളെ നാം മനുഷ്യര്ക്കാകമാനം സന്തോഷവാര്ത്ത അറിയിക്കുന്നവനും താക്കീത് നല്കുന്നവനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല." (സബഅ്: 28) അല്ലാഹു പറഞ്ഞത് പോലെ:
﴿وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ 107﴾
"ലോകര്ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല." (അൻബിയാഅ്: 107)
അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി (ﷺ) ക്ക് സ്രഷ്ടാവായ അല്ലാഹുവിന്റെ ഗുണവിശേഷണങ്ങൾ ഉണ്ടെന്നോ, ഈ പ്രപഞ്ചത്തിലെ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നോ, ആരാധിക്കപ്പെടാൻ അവിടുത്തേക്ക് അവകാശവുമുണ്ടെന്നോ ഒരാൾ വിശ്വസിച്ചു കൂടാ; അത് ഈ സാക്ഷ്യവചനത്തിന്റെ തേട്ടത്തിൽ പെട്ടതാണ്. മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ അടിമയായതിനാൽ അവിടുന്ന് ആരാധിക്കപ്പെടുക പാടില്ല. അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണ് എന്നതിനാൽ കളവാക്കപ്പെടാനും പാടില്ല. അല്ലാഹു ഉദ്ദേശിച്ചതല്ലാതെ, സ്വന്തത്തിനോ മറ്റുള്ളവർക്കോ എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവിടുത്തേക്ക് കഴിയില്ല. അല്ലാഹു പറഞ്ഞത് പോലെ:
﴿قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ لَكُمۡ إِنِّي مَلَكٌۖ إِنۡ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَيَّ...﴾
"പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല." (അൻആം: 50)
പാഠം രണ്ട്: ഈമാനിന്റെ അർത്ഥവും അതിന്റെ സ്തംഭങ്ങളും:
ഈമാൻ എന്നാൽ ഹൃദയംകൊണ്ട് അംഗീകരിക്കുകയും, നാവുകൊണ്ട് ഏറ്റുപറയുകയും, ഹൃദയംകൊണ്ടും ശരീരാവയവങ്ങൾകൊണ്ടും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിനെ അനുസരിക്കുന്നതിലൂടെ ഈമാൻ വർദ്ധിക്കുകയും, അവനെ ധിക്കരിക്കുന്നതിലൂടെ ഈമാൻ കുറയുകയും ചെയ്യും.
ഏതൊരു ആരാധനാകർമവും സാധുവാകണമെങ്കിലും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിലും ഈമാൻ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. അതുപോലെ, ശിർക്കും (ബഹുദൈവാരാധന) കുഫ്റും (അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിക്കലും) എല്ലാ സൽകർമ്മങ്ങളെയും നിഷ്ഫലമാക്കുന്നതും നിരർത്ഥകമാക്കുന്നതുമാണ്. വുദൂഅ് (അംഗശുദ്ധി) ഇല്ലാത്ത ഒരാളുടെ നിസ്കാരം അല്ലാഹു സ്വീകരിക്കാത്തതുപോലെ, ഈമാൻ ഇല്ലാത്ത ഒരു ആരാധനയും അവൻ സ്വീകരിക്കുകയില്ല. അല്ലാഹു പറയുന്നു:
﴿وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ نَقِيرٗا 124﴾
"ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (നിസാഅ്: 124)
ശിർക്ക് സൽകർമ്മങ്ങളെ നശിപ്പിക്കുമെന്ന് അല്ലാഹു ഖുർആനിൽ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞത് പോലെ:
﴿وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ 65﴾
"തീര്ച്ചയായും താങ്കൾക്കും താങ്കൾക്ക് മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്ക്കുന്ന പക്ഷം തീര്ച്ചയായും നിന്റെ കര്മ്മം നിഷ്ഫലമായിപ്പോകുകയും തീര്ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും." (സുമർ: 65)
ഈമാനിന്റെ സ്തംഭങ്ങൾ ആറെണ്ണമാണ്:
അല്ലാഹുവിലുള്ള വിശ്വാസം.
അവന്റെ മലക്കുകളിലുള്ള വിശ്വാസം.
അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം.
അവന്റെ ദൂതന്മാരിലുള്ള വിശ്വാസം.
അന്ത്യദിനത്തിലുള്ള വിശ്വാസം.
നന്മയും തിന്മയുമടങ്ങുന്ന വിധിയിലുള്ള വിശ്വാസം.
(1) അല്ലാഹുവിലുള്ള വിശ്വാസം മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്നു:
1. അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (അവനാണ് സ്രഷ്ടാവും സംരക്ഷകനും നിയന്താവും എന്ന) വിശ്വാസം.
ഇത് അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ അവനെ ഏകനാക്കലാണ്. സൃഷ്ടിപ്പ്, ഉപജീവനം നൽകൽ, ജീവിപ്പിക്കൽ, മരിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലെല്ലാം അല്ലാഹു ഏകനാണ്. അല്ലാഹു അല്ലാതെ മറ്റൊരു സൃഷ്ടാവോ, ഉപജീവനം നൽകുന്നവനോ, ജീവിപ്പിക്കുന്നവനോ, മരിപ്പിക്കുന്നവനോ ഇല്ല. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവൻ മാത്രമാണ്.
മനുഷ്യചരിത്രത്തിൽ അല്ലാഹുവിന്റെ റുബൂബിയ്യത്തിനെ ആരും നിഷേധിച്ചതായി അറിയപ്പെട്ടിട്ടില്ല. ആരെങ്കിലും അത് നിഷേധിച്ചിട്ടുണ്ടെങ്കിൽ, അത് വാക്കുകളിൽ മാത്രമുള്ള -മനസ്സിൽ വിശ്വാസമില്ലാത്ത- ഒരുതരം ധിക്കാരം മാത്രമായിരിക്കും. ഫിർഔന്റെ കാര്യത്തിൽ സംഭവിച്ചത് ഉദാഹരണം. അവൻ തന്റെ ജനതയോട് പറഞ്ഞു:
﴿...أَنَا رَبُّكُمُ الْأَعْلَى﴾
"ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു." (നാസിആത്: 24), എന്നാൽ, ഇത് അവൻ ഹൃദയത്തിൽ വിശ്വസിച്ചു കൊണ്ട് പറഞ്ഞതായിരുന്നില്ല. മൂസാ നബി (عليه السلام) അവനോട് പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:
﴿قَالَ لَقَدۡ عَلِمۡتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا 102﴾
"അദ്ദേഹം (ഫിര്ഔനോട്) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന് തീര്ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്. ഹേ ഫിര്ഔൻ! തീര്ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ് ഞാന്‍ കരുതുന്നത്." (ഇസ്റാഅ്: 102) അല്ലാഹു പറയുന്നു:
﴿وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا... ﴾
"അവയെപ്പറ്റി അവരുടെ മനസ്സുകള്ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു." (നംല്: 14)
സൃഷ്ടിപ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടായിരിക്കണം എന്നത് ഒരു അനിവാര്യതയാണ്. കാരണം, ഒരു വസ്തുവിന് സ്വയം നിലവിൽ വരാൻ കഴിയില്ല. ഒരു വസ്തുവിനും സ്വയം സൃഷ്ടിക്കാൻ കഴിയില്ല. യാദൃശ്ചികമായി നിലവിൽ വരാനും അതിന് സാധ്യമല്ല. കാരണം, ഓരോ പുതിയ സംഭവത്തിന് പിന്നിലും അതുണ്ടാക്കിയ ഒരുവൻ കൂടിയേ തീരൂ. ഈ പ്രപഞ്ചത്തിന്റെ മനോഹരമായ ഈ വ്യവസ്ഥയും യോജിപ്പും ഇത് യാദൃശ്ചികമായി ഉണ്ടായതല്ലെന്ന് തെളിയിക്കുന്നു. അതിനാൽ, ഇതിനൊരു സ്രഷ്ടാവ് ഉണ്ടായിരിക്കണം; ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവാണ് അവൻ. അല്ലാഹു പറയുന്നു:
﴿أَمۡ خُلِقُواْ مِنۡ غَيۡرِ شَيۡءٍ أَمۡ هُمُ ٱلۡخَٰلِقُونَ 35 أَمۡ خَلَقُواْ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۚ بَل لَّا يُوقِنُونَ 36﴾
"അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല." (ത്വൂർ: 35-36)
ബഹുദൈവാരാധകർ അല്ലാഹുവിന്റെ റുബൂബിയ്യത്തിൽ വിശ്വസിച്ചിരുന്നു, എന്നാൽ അവർ അവനോടൊപ്പം ആരാധനയിൽ പങ്കാളികളെ ചേർത്തു. അല്ലാഹുവാണ് സ്രഷ്ടാവ് എന്ന അവരുടെ വിശ്വാസം കൊണ്ട് മാത്രം അവർ ഇസ്ലാമിൽ പ്രവേശിച്ചില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവർ ആരാധനയിൽ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിച്ചതു കൊണ്ട് നബി (ﷺ) അവരോട് യുദ്ധം ചെയ്യുകയും അവരുടെ രക്തവും സമ്പത്തും അനുവദനീയമാക്കുകയും ചെയ്തു. അവർ അല്ലാഹുവിനോടൊപ്പം വിഗ്രഹങ്ങളെയും, കല്ലുകളെയും, മലക്കുകളെയും മറ്റുമെല്ലാം ആരാധിച്ചിരുന്നു എന്നതായിരുന്നു അതിന്റെ കാരണം.
2. അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള (ആരാധനക്ക് അർഹതയുള്ളവൻ അല്ലാഹു മാത്രമാണ്) എന്ന വിശ്വാസം.
അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള വിശ്വാസം എന്നാൽ, അവൻ മാത്രമാണ് ആരാധിക്കപ്പെടാൻ അർഹനായവൻ എന്നും അവന് പങ്കുകാരില്ല എന്നുമുള്ള വിശ്വാസമാണ്. അറബിയിൽ 'ഇലാഹ്' എന്ന പദത്തിന്റെ അർത്ഥം 'മഅ്ലൂഹ്' അഥവാ, സ്നേഹത്തോടും ആദരവോടും കീഴ്വണക്കത്തോടും കൂടി ആരാധിക്കപ്പെടുന്നവൻ എന്നാണ്.
അല്ലാഹു പറയുന്നു:
﴿وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ 163﴾
"നിങ്ങളുടെ ആരാധ്യൻ ഏക ആരാധ്യനായ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." (ബഖറ: 163)
അല്ലാഹുവിന് പുറമെ ജനങ്ങൾ തങ്ങളുടെ ആരാധ്യരായി സ്വീകരിച്ചിട്ടുള്ളവർക്കൊന്നും അതിനുള്ള അർഹതയില്ല. അവയുടെയെല്ലാം ദിവ്യത്വം വ്യാജമാകുന്നു. അല്ലാഹു പറയുന്നു:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ 62﴾
"അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍." (ഹജ്ജ്: 62)
അതുകൊണ്ടാണ് നൂഹ് നബി (عليه السلام) മുതൽ മുഹമ്മദ് നബി (ﷺ) വരെയുള്ള എല്ലാ നബിമാരും തങ്ങളുടെ ജനതയെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിച്ചത്. ബഹുദൈവാരാധകർ അല്ലാഹുവിനോടൊപ്പം ആരാധിക്കുന്ന ആരാധ്യവസ്തുക്കളുടെയും അവരിൽ നിന്ന് സഹായം തേടുന്നതിന്റെയും നിരർത്ഥകത രണ്ട് യുക്തിപരമായ തെളിവുകൾ കൊണ്ട് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:
ഒന്നാമത്തെ തെളിവ്: ബഹുദൈവാരാധകർ ആരാധിക്കുന്ന ഈ ആരാധ്യവസ്തുക്കൾക്ക് ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ഇലാഹിന്റെ യാതൊരു സവിശേഷതയുമില്ല. കാരണം, അല്ലാഹുവിന് പുറമെയുള്ളവരെല്ലാം സൃഷ്ടികൾ മാത്രമാണ്. അവർക്കൊന്നും യാതൊന്നിനെയും സൃഷ്ടിക്കാൻ കഴിയില്ല. തങ്ങളെ ആരാധിക്കുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യാനോ അവരിൽ നിന്ന് എന്തെങ്കിലുമൊരു ദോഷം തടയാനോ അവർക്ക് കഴിയില്ല. മരണമോ ജീവിതമോ പുനരുത്ഥാനമോ അവരുടെ നിയന്ത്രണത്തിലുമല്ല. അല്ലാഹു പറഞ്ഞത് പോലെ:
﴿وَٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗ لَّا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرّٗا وَلَا نَفۡعٗا وَلَا يَمۡلِكُونَ مَوۡتٗا وَلَا حَيَوٰةٗ وَلَا نُشُورٗا 3﴾
"അവന്ന് പുറമെ പല ആരാധ്യരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ആരാധ്യർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല." (ഫുർഖാൻ: 3)
രണ്ടാമത്തെ തെളിവ്: അല്ലാഹു മാത്രമാണ് ഏകനായ സ്രഷ്ടാവും എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നവനും എന്ന വസ്തുത ബഹുദൈവാരാധകർ തന്നെ അംഗീകരിച്ചിരുന്നു. അല്ലാഹുവിനെ റുബൂബിയ്യത്തിൽ (സൃഷ്ടികർതൃത്വത്തിൽ) ഏകനാക്കിയവർ, ആരാധനകൾ നൽകുന്നതിലും അല്ലാഹുവിനെ ഏകനാക്കാൻ ബാധ്യതപ്പെട്ടവരാണ്. അല്ലാഹു പറഞ്ഞത് പോലെ:
﴿قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ 84 سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ 85 قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ 86 سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ 87 قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ 88 سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ 89﴾
"(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്ക്കറിയാമെങ്കില് (പറയൂ.)
അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?
നീ ചോദിക്കുക: ഏഴു ആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു?
അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ (സത്യത്തിൽ നിന്നും) തെറ്റിപ്പോകുന്നത്? (മുഅ്മിനൂൻ: 84-89) സ്രഷ്ടാവും രക്ഷാകർത്താവുമെല്ലാം അല്ലാഹു മാത്രമാണെന്ന് അംഗീകരിച്ച സ്ഥിതിക്ക്, ആരാധനകളിൽ അല്ലാഹുവിനെ ഏകനാക്കികൊണ്ട് അവനെ മാത്രം ആരാധിക്കുക എന്നതും അവരുടെ ബാധ്യതയാണ്.
3- അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കൽ:
അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അവനുള്ളതായി അറിയിച്ചതോ, നബി (ﷺ) തന്റെ സുന്നത്തിലൂടെ അല്ലാഹുവിന് ഉള്ളതായി അറിയിച്ചതോ ആയ നാമങ്ങളും വിശേഷണങ്ങളും, അല്ലാഹുവിന് യോജിച്ച രൂപത്തിൽ വക്രീകരിക്കാതെയും (തഹ്രീഫ് ചെയ്യാതെയും), നിഷേധിക്കാതെയും (തഅ്ത്വീൽ ചെയ്യാതെയും), രൂപം പറയാതെയും (തക്യീഫ് ചെയ്യാതെയും), സാദൃശ്യപ്പെടുത്താതെയും (തംഥീൽ ചെയ്യാതെയും) അംഗീകരിക്കുക എന്നതാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹു പറയുന്നു:
﴿وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ 180﴾
"അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്ക്കു വഴിയെ നല്കപ്പെടും." (അഅ്റാഫ്: 180) അല്ലാഹു പറയുന്നു:
﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾
"അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്ക്കുന്നവനുമാകുന്നു." (ശൂറാ: 11)
ശിര്‍ക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) മൂന്ന് തരത്തിലുണ്ട്:
1- വലിയ ശിര്ക്ക് (ശിർക്കുൻ അക്ബർ).
2- ചെറിയ ശിർക്ക് (ശിർക്കുൻ അസ്ഗർ).
3- ഗോപ്യമായ ശിർക്ക് (ശിർക്കുൻ ഖഫിയ്യ്).
1- വലിയ ശിര്‍ക്ക്:
അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളിൽ അല്ലാഹുവിനെ അവന് പുറമെയുള്ളവരോട് തുല്യനാക്കുക എന്നതാണ് വലിയ ശിർക്കിനെ തിരിച്ചറിയാനുള്ള മാനദണ്ഡം. (നരകത്തിൽ പ്രവേശിച്ച ബഹുദൈവാരാധകർ തങ്ങൾ അകപ്പെട്ട ശിർക്കിനെ കുറിച്ച് ഇപ്രകാരം പറയുമെന്ന്) അല്ലാഹു പറഞ്ഞത് പോലെ:
﴿إِذۡ نُسَوِّيكُم بِرَبِّ ٱلۡعَٰلَمِينَ 98﴾
"നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്പിക്കുന്ന സമയത്ത് (ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.)" (ശുഅറാഅ്: 98)
അല്ലാഹുവല്ലാത്തവർക്ക് ആരാധനകൾ സമർപ്പിക്കുക, അല്ലെങ്കിൽ ആരാധനകളിൽ ചിലത് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുക. ഉദാഹരണത്തിന്, പ്രാർത്ഥന, സഹായം തേടൽ, നേർച്ച, ബലി തുടങ്ങിയ ആരാധനകൾ അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുക.
അല്ലാഹു ഹറാമാക്കിയ കാര്യങ്ങൾ ഹലാലാക്കുക, അല്ലെങ്കിൽ ഹലാലാക്കിയ കാര്യങ്ങൾ ഹറാമാക്കുക, അല്ലെങ്കിൽ അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർബന്ധമല്ലാതാക്കുക; തുടങ്ങിയ കാര്യങ്ങൾ ശിർക്കിന്റെ പരിധിയിൽ ഉൾപ്പെടും. ഉദാഹരണത്തിന്, വ്യഭിചാരം, മദ്യം, മാതാപിതാക്കളെ ധിക്കരിക്കൽ, പലിശ തുടങ്ങിയ -ഇസ്ലാമിൽ നിഷിദ്ധമാണെന്ന് ഏവർക്കും അറിവുള്ള കാര്യങ്ങൾ- ഹറാമാണെന്ന് അറിഞ്ഞുകൊണ്ട് അനുവദനീയമാണെന്ന് വിധിക്കുക.
അല്ലെങ്കിൽ, അല്ലാഹു അനുവദനീയമാക്കിയ നല്ലതായ ഐഹികവിഭവങ്ങൾ ഹറാമാക്കുക. അല്ലെങ്കിൽ അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളെ തള്ളിക്കളയുക. അഥവാ നമസ്കാരം നിർബന്ധമല്ല, നോമ്പ് നിർബന്ധമല്ല, സകാത്ത് നിർബന്ധമല്ല എന്നിങ്ങനെ വിശ്വസിക്കുക.
വലിയ ശിർക്ക് എല്ലാ സൽകർമ്മങ്ങളെയും നശിപ്പിക്കുന്നതാണ് . അതിലായിക്കൊണ്ട് മരിക്കുന്നവർ നരകത്തിൽ ശാശ്വതരായിരിക്കുന്നതാണ്. അല്ലാഹു പറഞ്ഞത് പോലെ:
﴿...وَلَوۡ أَشۡرَكُواْ لَحَبِطَ عَنۡهُم مَّا كَانُواْ يَعۡمَلُونَ﴾
"അവര്‍ (നബിമാർ അല്ലാഹുവിൽ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു." (അൻആം: 88)
കൂടാതെ, വലിയ ശിർക്ക് ചെയ്ത നിലയിൽ മരിക്കുന്നവർക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല. അവർക്ക് സ്വർഗ്ഗം നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞത് പോലെ:
﴿إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ...﴾
"തന്നോട് പങ്കുചേര്ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്." (നിസാഅ്: 48) അല്ലാഹു പറയുന്നു:
﴿إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُ...﴾
"വല്ലവനും അല്ലാഹുവോട് പങ്കുചേര്ക്കുന്ന പക്ഷം തീര്ച്ചയായും അല്ലാഹു അവന് സ്വര്ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും." (മാഇദ: 72)
2- ചെറിയ ശിർക്ക് (ശിർക്കുൻ അസ്ഗർ).
ചെറിയ ശിർക്ക് എന്നാൽ, ഇസ്ലാമിക പ്രമാണങ്ങളിൽ 'ശിർക്ക്' എന്ന് വിശേഷിപ്പിക്കപ്പെട്ടതും എന്നാൽ വലിയ ശിർക്കിന്റെ തലത്തിലേക്ക് എത്താത്തതുമായ കാര്യങ്ങളാണ്. ഇതിനെയാണ് 'ശിർക്കുൻ അസ്ഗർ' എന്ന് പറയുന്നത്. ഉദാഹരണത്തിന്, അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക; കഅ്ബ, പ്രവാചകന്മാർ, അമാനത്ത്, ഇന്ന ആളുടെ ജീവിതം തുടങ്ങിയവയുടെ പേരിൽ സത്യം ചെയ്യുക; ഇതെല്ലാം ചെറിയ ശിർക്കിൽ ഉൾപ്പെടുന്നു. നബി ﷺ പറഞ്ഞതുപോലെ:
«مَنْ حَلَفَ بِغَيرِ اللهِ فَقَدْ كَفَرَ أَو أَشرَكَ».
"അല്ലാഹുവല്ലാത്തവരുടെ പേരിൽ ആരെങ്കിലും സത്യം ചെയ്താൽ അവൻ കുഫ്ർ ചെയ്തിരിക്കുന്നു; അല്ലെങ്കിൽ ശിർക്ക് ചെയ്തിരിക്കുന്നു."2
എന്നാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോഴും ശിർക്കുൻ അസ്ഗർ തന്നെയായി നിലകൊള്ളണമെന്നില്ല; പ്രവർത്തിക്കുന്നവരുടെ മനസ്സിലെ ഉദ്ദേശ്യം അനുസരിച്ച് അവ ചിലപ്പോൾ വലിയ ശിർക്കായി മാറിയേക്കാം. ഒരാൾ പ്രവാചകന്റെയോ, ഏതെങ്കിലും ശൈഖിന്റെയോ പേരിൽ സത്യം ചെയ്യുമ്പോൾ, അവൻ അവരെ അല്ലാഹുവിനെപ്പോലെ കരുതുകയോ, അല്ലാഹുവിനു പുറമെ അവരോടും തേടാവുന്നതാണ് എന്ന് വിശ്വസിക്കുകയോ, പ്രപഞ്ചത്തിന്റെ നിയന്ത്രണത്തിൽ അവർക്ക് സ്വാധീനമുണ്ടെന്ന് വിശ്വസിക്കുകയോ ചെയ്താൽ അത് വലിയ ശിർക്കായി മാറും. എന്നാൽ, അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുമ്പോൾ ഈ പറഞ്ഞ ഉദ്ദേശ്യം മനസ്സിൽ ഇല്ലാതിരിക്കുകയും, അവന്റെ ശീലത്തിന്റെയോ മറ്റോ പുറത്ത് നാവിലൂടെ വന്നുപോവുകയും ചെയ്തതാണെങ്കിൽ അത് ചെറിയ ശിർക്ക് ആണ്. ഇത്തരം കാര്യങ്ങൾ പലയിടങ്ങളിലും വ്യാപകമായി കാണപ്പെടുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ ജാഗ്രത പാലിക്കുകയും, തൗഹീദിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇവയിൽ നിന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നത് അനിവാര്യമാണ്.
3. മറഞ്ഞ ശിർക്ക് (ശിർക്കുൽ ഖഫിയ്യ്)
ഇത് മനസ്സുമായി ബന്ധപ്പെട്ടതാണ്. രിയാഅ് (പ്രദർശനപരത / ലോകമാന്യം) ഇതിനുദാഹരണമാണ്. ജനങ്ങളെ കാണിക്കാൻ വേണ്ടി നിസ്കരിക്കുക, ഖുർആൻ പാരായണം ചെയ്യുക, ആളുകൾ തന്നെ പ്രശംസിക്കാനായി ദിക്റ് ചൊല്ലുക, അല്ലെങ്കിൽ പ്രശംസ ലഭിക്കാൻ വേണ്ടി സ്വദഖ ചെയ്യുക എന്നിവയെല്ലാം ഇതിൽ പെടും. ഇത് രിയാഅ് ബാധിച്ച പ്രവർത്തനത്തിന്റെ പ്രതിഫലം ഇല്ലാതാക്കും. എന്നാൽ, അല്ലാഹുവിന് വേണ്ടി ആത്മാർത്ഥമായി ചെയ്ത മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ല.
നബി ﷺ പറഞ്ഞിരിക്കുന്നു:
«الشِّرْكُ فِي هَذِهِ الْأُمَّةِ أَخْفَى مِنْ دَبِيبِ النَّمْلَةِ السَّودَاءِ عَلَى الصَّفَاةِ السَّودَاءِ فِي ظُلْمَةِ اللَّيْلِ، وَكَفَّارَتُهُ أَنْ يَقُولَ: "اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ شَيْئًا وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ مِنَ الذَّنْبِ الَّذِي لَا أَعْلَمُ».
"ഈ ഉമ്മത്തിലെ ശിർക്ക്, ഇരുണ്ട രാത്രിയിൽ കറുത്ത പാറയിൽ ഇഴഞ്ഞുപോകുന്ന കറുത്ത ഉറുമ്പിന്റെ കാലടി ശബ്ദത്തേക്കാൾ സൂക്ഷ്മമായതാണ്. അതിനുള്ള പ്രായശ്ചിത്തം ഇങ്ങനെ പറയലാണ്: 'അല്ലാഹുവേ, അറിഞ്ഞു കൊണ്ട് നിന്നോട് പങ്ക് ചേർക്കുന്നതിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, എനിക്കറിയാത്തതിൽ നിന്ന് നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.'"3
കുഫ്റിന്റെ (നിഷേധത്തിന്റെ) ഇനങ്ങൾ
ഒന്ന്: അൽ കുഫ്റുൽ അക്ബർ (വലിയ കുഫ്ർ)
ഇത് നരകത്തിൽ നിത്യവാസത്തിന് കാരണമാകുന്ന കുഫ്റാണ്. ഇത് അഞ്ച് തരത്തിലുണ്ട്:
1- തക്ദീബിന്റെ കുഫ്‌ർ (കളവാക്കുന്നതിലൂടെ സംഭവിക്കുന്ന കുഫ്ർ):
അല്ലാഹുവിന്റെ റസൂലുകൾ പറഞ്ഞത് കളവാണെന്ന് വിശ്വസിക്കലാണിത്. ഇത് പൊതുവെ കാഫിറുകൾക്കിടയിൽ കുറവാണ്. കാരണം, അല്ലാഹു തന്റെ ദൂതന്മാർക്ക് വ്യക്തമായ തെളിവുകൾ നൽകി അവരുടെ സത്യസന്ധതക്ക് പിൻബലം നൽകിയിട്ടുണ്ട്. മറിച്ച്, ഈ നിഷേധത്തിന്റെ ആളുകളുടെ യഥാർത്ഥ സ്ഥിതി അല്ലാഹു ഈ പറഞ്ഞത് പോലെയാണ്:
﴿وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا...﴾
"അവയെപ്പറ്റി അവരുടെ മനസ്സുകള്ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു." (നഹ്ൽ: 14)
2- വിസമ്മതത്തിന്റെയും അഹന്തയുടെയും കുഫ്ർ
ഇബ്ലീസിന്റെ നിഷേധം ഇതിന് ഉദാഹരണമാണ്. കാരണം, അവൻ അല്ലാഹുവിന്റെ കൽപ്പനയെ നിഷേധിക്കുകയോ കളവാക്കുകയോ ചെയ്തില്ല; മറിച്ച് അത് അനുസരിക്കാൻ വിസമ്മതിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്യുകയാണുണ്ടായത്. അല്ലാഹു പറയുന്നു:
﴿وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ وَٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ 34﴾
ആദമിനു നിങ്ങൾ സുജൂദ് (ബഹുമാനം പ്രകടിപ്പിക്കാനുള്ള സാഷ്ടാംഗം) ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). അവർ സുജൂദ് ചെയ്തു. ഇബ്'ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. (അങ്ങനെ) അവൻ (അല്ലാഹുവിനെ നിഷേധിച്ച) കാഫിറുകളിൽ പെട്ടവനായിരിക്കുന്നു. (ബഖറ: 34)
3- ഇഅ്റാദിന്റെ കുഫ്‌ർ (അവഗണനയിലൂടെ സംഭവിക്കുന്ന കുഫ്ർ):
സത്യം പിന്തുടരുന്നതിൽ നിന്ന് മനസ്സിനെയും കേൾവിയെയും തിരിച്ചുവിട്ടുകൊണ്ട് അവയെ അവഗണിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അല്ലാഹുവിന്റെ ദീനിന് അവൻ യാതൊരു ശ്രദ്ധയും നൽകുന്നില്ല; അതിന് ഒരു വിലയും അവൻ കൽപ്പിക്കുന്നുമില്ല. അല്ലാഹു പറയുന്നു:
﴿وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ 22﴾
"തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്ച്ചയായും അത്തരം കുറ്റവാളികളുടെ മേൽ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്." (സജ്ദ: 22)
എന്നാൽ, ഒരാൾ അല്ലാഹുവിന്റെ ദീനിനെ ഭാഗികമായി അവഗണിച്ചാൽ അത് കുഫ്റല്ല. മറിച്ച് അത് കുഫ്റിൽ താഴെയുള്ള തിന്മയാണ്. ഉദാഹരണത്തിന്: നോമ്പ്, ഹജ്ജ് തുടങ്ങിയ മതപരമായി നിർബന്ധമായ കാര്യങ്ങളിൽ ചിലത് പഠിക്കുന്നതിൽ നിന്ന് ഒരാൾ തിരിഞ്ഞു കളഞ്ഞാൽ അവൻ ദീനിനെ മുഴുവൻ അവഗണിച്ചു എന്നു പറയുക സാധ്യമല്ല.
4- ശക്കിന്റെ കുഫ്‌ർ (സംശയത്താൽ സംഭവിക്കുന്ന കുഫ്ർ):
ഇസ്ലാം സത്യമാണ് എന്നതിൽ ഉറച്ചുനിൽക്കാതെ, അതിൽ സംശയിച്ചു നിൽക്കുന്ന അവസ്ഥയാണിത്. അല്ലാഹു പറയുന്നു:
﴿وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِنَفْسِهِ قَالَ مَا أَظُنُّ أَنْ تَبِيدَ هَذِهِ أَبَدًا 35 وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُدِدْتُ إِلَى رَبِّي لَأَجِدَنَّ خَيْرًا مِنْهَا مُنْقَلَبًا 36﴾
"സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ചുകൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ചുപോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.
അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും." (കഹ്ഫ്: 35-36)
5- നിഫാഖിന്റെ കുഫ്‌ർ (കപടവിശ്വാസത്തിന്റെ ഭാഗമായുള്ള കുഫ്ർ):
നാവുകൊണ്ട് ഈമാൻ പ്രകടിപ്പിക്കുകയും മനസ്സിൽ അതിനെ കളവാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അല്ലാഹു പറയുന്നു:
﴿وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلۡيَوۡمِ ٱلۡأٓخِرِ وَمَا هُم بِمُؤۡمِنِينَ 8﴾
"ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല." (ബഖറ: 8)
ഇവയാണ് ഇസ്ലാമിക സമൂഹത്തിൽ നിന്ന് പുറത്താക്കുന്ന കുഫ്റുൻ അക്ബർ (വലിയ കുഫ്ർ) എന്നതിന്റെ ഇനങ്ങൾ.
രണ്ട്: കുഫ്റുൽ അസ്ഗർ (ചെറിയ കുഫ്ർ).
ഇത് നരകത്തിൽ നിത്യവാസത്തിന് കാരണമാകുന്ന കുഫ്റല്ല. വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും 'അൽ' (ال) എന്ന അക്ഷരം ചേർക്കാതെ, 'കുഫ്ർ' എന്ന് വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങളാണിത്. ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അബൂ ഹുറൈറ (رضي الله عنه) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
«اثْنَتَانِ فِي النَّاسِ هُمَا بِهِمْ كُفْرٌ: الطَّعْنُ فِي النَّسَبِ، وَالنِّيَاحَةُ عَلَى المَيِّتِ».
"രണ്ട് കാര്യങ്ങൾ ജനങ്ങളിലുണ്ട്; അത് അവരിലുള്ള കുഫ്റാണ്: വംശപരമ്പരയെ കുറ്റം പറയുന്നതും, മയ്യിത്തിന് വേണ്ടി ഉച്ചത്തിൽ കരയുന്നതും."4
2) മലക്കുകളിലുള്ള വിശ്വാസം:
അവർ ഗൈബിയ്യായ (മനുഷ്യരുടെ കാഴ്ച്ചക്കപ്പുറമുള്ള) ലോകമാണ്. അല്ലാഹു അവരെ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്. അവർ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടേയിരിക്കുന്നവരാണ്. അവർക്ക് ദൈവീക ഗുണങ്ങളോ ആരാധിക്കപ്പെടാനുള്ള അർഹതയോ ഇല്ല. മലക്കുകൾ അല്ലാഹുവിന്റെ കൽപ്പനകളിൽ യാതൊന്നും ധിക്കരിക്കുകയില്ല. അവരോട് കൽപ്പിക്കുന്നതെല്ലാം അവർ പ്രവർത്തിക്കുന്നതാണ്. മലക്കുകളുടെ എണ്ണം വളരെയധികമുണ്ട്; അല്ലാഹുവിനല്ലാതെ മറ്റാർക്കും അവരുടെ എണ്ണം കൃത്യമായി അറിയുകയില്ല.
മലക്കുകളിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾപ്പെടുന്നു:
1- മലക്കുകൾ എന്ന ഒരു വിഭാഗം അല്ലാഹുവിന്റെ സൃഷ്ടികളായി ഉണ്ട് എന്ന് വിശ്വസിക്കുക.
2- മലക്കുകളുടെ കൂട്ടത്തിൽ നമുക്ക് പേര് അറിയാവുന്നവരിൽ വിശ്വസിക്കുക. ഉദാഹരണത്തിന്: ജിബ്രീൽ, മീകാഈൽ, ഇസ്രാഫീൽ തുടങ്ങിയവർ. പേര് അറിയാത്തവരിൽ പൊതുവായി വിശ്വസിക്കുകയും വേണം.
3- ഖുർആനിലും സുന്നത്തിലും വന്ന അവരുടെ വിശേഷണങ്ങളിൽ വിശ്വസിക്കുക. ഉദാഹരണത്തിന്, ജിബ്രീലിന്റെ വിശേഷണത്തിൽ പെട്ടതാണ് -അല്ലാഹു ജിബ്രീലിനെ സൃഷ്ടിച്ച പൂർണ്ണ രൂപത്തിൽ നബി (ﷺ) അദ്ദേഹത്തെ കണ്ട ശേഷം അവിടുന്ന് അറിയിച്ച കാര്യം-: അദ്ദേഹത്തിന് അറുനൂറ് ചിറകുകളുണ്ട് എന്നതും, അവ ചക്രവാളത്തെ മുഴുവൻ മൂടിയിരുന്നു എന്നതും.
4- മലക്കുകൾ ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങളിൽ നമുക്ക് അറിയാവുന്നവയിൽ വിശ്വസിക്കുക. ഉദാഹരണത്തിന്, അവർ അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മടുപ്പോ ക്ഷീണമോ ഇല്ലാതെ രാപ്പകലുകൾ മുഴുവൻ അവനെ ആരാധിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്നത്.
ജിബ്രീൽ (عليه السلام) യാണ് അല്ലാഹുവിന്റെ സന്ദേശമായ വഹ്യ് എത്തിച്ചു നൽകുക എന്ന ദൗത്യം ഏൽപ്പിക്കപ്പെട്ട വിശ്വസ്തനായ മലക്ക്.
ഇസ്രാഫീൽ എന്ന മലക്കാണ് കാഹളത്തിൽ ഊതുക എന്ന ദൗത്യം ഏൽപ്പിക്കപ്പെട്ട മലക്ക്.
മരണത്തിന്റെ മലക്ക് (മലക്കുൽ മൗത്ത്): മരണസമയത്ത് ആത്മാവുകളെ പിടിക്കുന്നതിനുള്ള ചുമതലയുള്ളത് അദ്ദേഹത്തിനാണ്.
മാലിക്: നരകത്തിന്റെ സൂക്ഷിപ്പുകാരനാണ് അദ്ദേഹം. രിദ്വാൻ: സ്വർഗ്ഗത്തിന്റെ സൂക്ഷിപ്പുകാരൻ. ഇതു പോലെ മറ്റനേകം മലക്കുകളും അവർക്ക് നൽകപ്പെട്ട ദൗത്യങ്ങളുമുണ്ട്.
3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം:
വേദഗ്രന്ഥങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാഹു തന്റെ ദൂതന്മാർക്ക് അവതരിപ്പിച്ച ദൈവിക ഗ്രന്ഥങ്ങളാണ്. മനുഷ്യരാശിക്ക് മാർഗനിർദ്ദേശവും കാരുണ്യവുമായി, ഇഹപരലോകങ്ങളിൽ സന്തോഷം കൈവരിക്കാൻ അവർക്ക് സാധ്യമാകുന്നതിന് വേണ്ടിയാണ് ഈ ഗ്രന്ഥങ്ങൾ അവതരിപ്പിക്കപ്പെട്ടത്.
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾപ്പെടുന്നു:
1- അവയെല്ലാം അല്ലാഹുവിങ്കൽ നിന്ന് യഥാർത്ഥത്തിൽ അവതരിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുക.
2- അവയിൽ പേരുകൾ അറിയാവുന്നവയിൽ അവയുടെ പേരടക്കം വിശ്വസിക്കുക. ഉദാഹരണത്തിന്, മുഹമ്മദ് നബിക്ക് (ﷺ) അവതരിക്കപ്പെട്ട ഖുർആൻ, മൂസാ നബിക്ക് (عليه السلام) അവതരിക്കപ്പെട്ട തൗറാത്ത്, ഈസാ നബിക്ക് (عليه السلام) അവതരിക്കപ്പെട്ട ഇഞ്ചീൽ, ദാവൂദ് നബിക്ക് (عليه السلام) നൽകപ്പെട്ട സബൂർ എന്നിവ.
പേരറിയാത്ത ഗ്രന്ഥങ്ങളിൽ പൊതുവായ വിശ്വാസവുമുണ്ടായിരിക്കണം.
3- അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലെ വൃത്താന്തങ്ങളും വിവരണങ്ങളുമെല്ലാം സത്യമാണെന്ന് അംഗീകരിക്കുക. ഖുർആനിലെ വൃത്താന്തങ്ങളും, മുൻവേദഗ്രന്ഥങ്ങളിൽ മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കപ്പെടാത്ത ഭാഗങ്ങളിലെ വാർത്തകളും ഇതിൽ ഉൾപ്പെടുന്നു.
4- ദുർബലപ്പെടുത്തപ്പെടാത്ത (റദ്ദാക്കപ്പെടാത്ത) വിധിവിലക്കുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക. അവയിൽ ഏതെങ്കിലും വിധിവിലക്കുകളുടെ തത്വവും അവക്ക് പിറകിലെ യുക്തിയും നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും അവ പൂർണ്ണമായി അംഗീകരിക്കുകയും അവക്ക് കീഴ്പ്പെടുകയും ചെയ്യുക. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതോടെ അതിന് മുൻപ് ഇറക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളും (അവയിലെ വിധിവിലക്കുകൾ) ദുർബലമാക്കപ്പെട്ടിരിക്കുന്നു. അതിനാൽ, മുൻവേദഗ്രന്ഥങ്ങളിലെ നിയമങ്ങൾ ഖുർആനിനും നബിചര്യക്കും യോജിച്ചു വരികയും, അവ ശരിവെക്കുകയും ചെയ്താൽ മാത്രമേ പ്രവർത്തിക്കാവൂ.
4) അല്ലാഹുവിന്റെ ദൂതന്മാരിലുള്ള വിശ്വാസം:
അല്ലാഹുവിൽ നിന്ന് വിധിവിലക്കുകൾ സന്ദേശമായി ലഭിക്കുകയും അത് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്ത മനുഷ്യർക്കാണ് റസൂലുകൾ എന്ന് പറയുക. റസൂലുകളിൽ ആദ്യത്തെയാൾ നൂഹ് നബി (عليه السلام) യും അവസാനത്തെയാൾ മുഹമ്മദ് നബിയും (ﷺ) ആണ്. റസൂലുകൾ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരാണ്. അവർക്ക് ദൈവികതയോ സ്രഷ്ടാവും രക്ഷകർത്താവുമായ റബ്ബിന്റെ എന്തെങ്കിലും സവിശേഷതകളോ ഇല്ല.
നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസം താഴെ പറയുന്നവ ഉൾക്കൊള്ളുന്നു:
1- അവരുടെ സന്ദേശം അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ട സത്യസന്ദേശമാണെന്ന് വിശ്വസിക്കുക. അല്ലാഹുവിന്റെ ദൂതന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ സന്ദേശത്തെ നിഷേധിച്ചാൽ, അവൻ എല്ലാ നബിമാരെയും റസൂലുകളെയും നിഷേധിച്ചതിന് തുല്യമാണ്.
2- അല്ലാഹുവിന്റെ റസൂലുകളിൽ നമുക്ക് പേരറിയുന്ന നബിമാരിൽ അവരുടെ പേരുൾപ്പടെ വിശ്വസിക്കുക. ഉദാഹരണത്തിന്, മുഹമ്മദ് നബി (ﷺ), ഇബ്രാഹിം നബി (عليه السلام), മൂസാ നബി (عليه السلام), ഈസാ നബി (عليه السلام), നൂഹ് നബി (عليه السلام) എന്നിവർ. 'ദൃഢനിശ്ചയമുള്ള പ്രവാചകന്മാർ' (ഉലുൽ അസ്മ്) എന്ന് വിശേഷിപ്പിക്കപ്പെട്ട നബിമാരാണ് ഇവർ.
നമുക്ക് പേരറിയാത്ത നബിമാരിൽ പൊതുവായ വിശ്വാസവും ഉണ്ടായിരിക്കണം. അല്ലാഹു പറയുന്നു:
﴿وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَ...﴾
"നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല." (ഗാഫിർ: 78)
3- അവരിൽ നിന്ന് സ്ഥിരപ്പെട്ട എല്ലാ വാക്കുകളിലും വിശ്വസിക്കുക.
4- നബിമാരുടെ കൂട്ടത്തിൽ നമ്മിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ -അതായത് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (ﷺ) യുടെ- ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുക.
5) അന്ത്യനാളിലുള്ള വിശ്വാസം:
ജനങ്ങളെല്ലാം അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിനും അവക്കുള്ള പ്രതിഫലം നൽകപ്പെടുന്നതിനും വേണ്ടി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാൾ (യൗമുൽ ഖിയാമ). അന്ത്യനാളിന് ശേഷം മറ്റൊരു ദിവസം വരാനില്ല എന്നതു കൊണ്ടാണ് അന്ത്യാനാൾ എന്ന പേര് അതിന് നൽകപ്പെട്ടത്. കാരണം, ഈ ദിവസത്തിന് ശേഷം സ്വർഗവാസികൾ തങ്ങളുടെ വാസസ്ഥലങ്ങളിലും നരകാവകാശികൾ തങ്ങളുടെ വാസസ്ഥലങ്ങളിലും എന്നെന്നേക്കുമായി കഴിഞ്ഞു കൂടുന്നതാണ്.
അന്ത്യനാളിലുള്ള വിശ്വാസത്തിൽ മൂന്ന് കാര്യങ്ങൾ ഉൾപ്പെടുന്നു:
ഒന്ന്- ഉയിർത്തെഴുന്നേൽപ്പിലുള്ള (പുനരുത്ഥാനം) വിശ്വാസം:
കാഹളത്തിൽ രണ്ടാമതൊരിക്കൽ ഊതപ്പെടുന്നതോടെ മരണപ്പെട്ടവരെല്ലാം പുനരുജ്ജീവിക്കുന്നതാണ്. ശേഷം, മനുഷ്യരെല്ലാം നഗ്നപാദരും വിവസ്ത്രരുമായി, ചേലാകർമ്മം ചെയ്യപ്പെടാത്ത നിലയിൽ ലോകരക്ഷിതാവായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് വന്നെത്തുന്നതാണ്. അല്ലാഹു പറയുന്നു:
﴿كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ 104﴾
"ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്." (അൻബിയാഅ്: 104)
രണ്ട്- പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുകയും അവക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നതാണെന്നുള്ള വിശ്വാസം:
ഓരോ മനുഷ്യനും തന്റെ പ്രവൃത്തിയുടെ പേരിൽ വിചാരണ ചെയ്യപ്പെടുകയും, അവക്കുള്ള പ്രതിഫലം അവന് നൽകപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:
﴿إِنَّ إِلَيۡنَآ إِيَابَهُمۡ 25 ثُمَّ إِنَّ عَلَيۡنَا حِسَابَهُم 26﴾
"തീര്ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
പിന്നീട്, തീര്ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ." (ഗാശിയഃ: 25-26)
മൂന്ന്- സ്വർഗ്ഗത്തിലും നരകത്തിലുമുള്ള വിശ്വാസം:
അവ രണ്ടും മനുഷ്യരുടെ ശാശ്വതമായ അന്തിമ ഇടങ്ങളാണ്. സ്വർഗ്ഗം എന്നത് വിശ്വാസികളായ, സൂക്ഷ്മത പാലിച്ച, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചവർക്കായി അല്ലാഹു തയ്യാറാക്കിയ സുഖസൗകര്യങ്ങളുടെ ഭവനമാണ്. അതിൽ ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യന്റെ മനസ്സിലും മിന്നിമറഞ്ഞിട്ടില്ലാത്തതുമായ അവസാനമില്ലാത്ത അനുഗ്രഹങ്ങളുണ്ട്.
നരകമാകട്ടെ, അത് ശിക്ഷയുടെ ഭവനമാണ്. അല്ലാഹുവിനെ നിഷേധിക്കുകയും അവന്റെ ദൂതന്മാരെ ധിക്കരിക്കുകയും ചെയ്ത സത്യനിഷേധികൾക്കായി തയ്യാറാക്കപ്പെട്ടതാണത്. ഒരാൾക്കും ഊഹിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള പലതരം ശിക്ഷകളും കഷ്ടപ്പാടുകളുമാണ് അതിലുള്ളത്.
6- ഖദാ ഖദറിലും (അല്ലാഹുവിന്റെ വിധിയിലുള്ള) അതിന്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
ഖദർ അഥവാ അല്ലാഹുവിന്റെ വിധി എന്നാൽ: കാര്യങ്ങളെല്ലാം അവ സംഭവിക്കുന്നതിനു മുൻപ് തന്നെ അല്ലാഹു നിർണയിച്ചിരിക്കുന്നു. അവയെല്ലാം അല്ലാഹു നേരത്തെ അറിഞ്ഞിരിക്കുന്നു . അവന്റെ യുക്തിയനുസരിച്ച് മാത്രമാണ് അതെല്ലാം സംഭവിക്കുക. ഇതിനാണ് 'ഖദ്ർ' എന്ന് പറയുന്നത്.
ഖദ്റിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾപ്പെടുന്നു:
1- അല്ലാഹുവിന്റെ സമ്പൂർണ്ണമായ അറിവ്: അതായത് അല്ലാഹു എല്ലാം അറിയുന്നവനാണ് എന്ന് വിശ്വസിക്കുക; ഭൂതകാലത്തിൽ സംഭവിച്ചതും, വർത്തമാനകാലത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഭാവിയിൽ സംഭവിക്കാൻ പോകുന്നതുമായ എല്ലാ കാര്യങ്ങളും -പൊതുവായും സൂക്ഷ്മമായും- അല്ലാഹുവിന് അറിയാം എന്ന് ഓരോ മുസ്ലിമും വിശ്വസിക്കണം. അതെല്ലാം അവൻ ആദിയിൽ തന്നെ അറിഞ്ഞിട്ടുണ്ട്. എന്നെന്നും അവന്റെ അറിവ് നിലനിൽക്കുകയും ചെയ്യുന്നു . ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം, സംഭവിച്ചിരുന്നെങ്കിൽ അത് എങ്ങനെയായിരിക്കുമെന്ന കാര്യം വരെ അല്ലാഹു അറിയുന്നവനാണ്. അല്ലാഹു പറഞ്ഞത് പോലെ:
﴿وَلَوۡ رُدُّواْ لَعَادُواْ لِمَا نُهُواْ عَنۡهُ ...﴾
"(ഇഹലോകത്തേക്ക്) തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്." (അൻആം: 28)
2- അല്ലാഹു അവന്റെ വിധി രേഖപ്പെടുത്തിയിരിക്കുന്നു എന്നത്: അതായത്, അന്ത്യനാൾ വരെയുള്ള എല്ലാ കാര്യങ്ങളുടെയും വിധി അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുക. അല്ലാഹു പറഞ്ഞത് പോലെ:
﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 70﴾
"ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ." (ഹജ്ജ്:70)
3- അല്ലാഹുവിന്റെ സമ്പൂർണ്ണമായ ഉദ്ദേശ്യം: ഈ പ്രപഞ്ചത്തിൽ അല്ലാഹു ഉദ്ദേശിക്കുന്നത് മാത്രമേ സംഭവിക്കൂ എന്നതിൽ വിശ്വസിക്കുക. അല്ലാഹു പറയുന്നു:
﴿وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُ ...﴾
"നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു." (ഖസ്വസ്: 68) മനുഷ്യനും ഉദ്ദേശ്യവും തീരുമാനവുമുണ്ട്; എന്നാൽ അത് അല്ലാഹുവിന്റെ ഉദ്ദേശിച്ചതിന് അപ്പുറം പോവുകയില്ല. അല്ലാഹു പറയുന്നു:
﴿وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ 29﴾
"ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (തക്‌വീർ: 29)
4- സൃഷ്ടിപ്പ്: അല്ലാഹു സകല സൃഷ്ടികളെയും, നന്മയും തിന്മയുമടക്കമുള്ള അവരുടെ പ്രവർത്തനങ്ങളെയും, പ്രവർത്തികളെയും സൃഷ്ടിച്ചിരിക്കുന്നു എന്നതിൽ വിശ്വസിക്കുക. അല്ലാഹു പറയുന്നു:
﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 62﴾
"അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്ത്താവുമാകുന്നു." (സുമർ: 62)
ഖദ്റിലുള്ള വിശ്വാസത്തിൽ ഉൾപ്പെടുന്ന ഈ നാല് പദവികൾ ഒരു അറബി കവിതയിൽ ഒരുമിപ്പിച്ചത് ഇപ്രകാരമാണ്:
علمٌ كتابةُ مولانا مشيئتُه *** وخلقُه وهو إيجادٌ وتكوين
പാഠം മൂന്ന്: ഇഹ്സാൻ
ഇഹ്സാൻ എന്നത് ഒരേയൊരു സ്തംഭത്തിന് മുകളിലാണ് നിലകൊള്ളുന്നത്. നീ അല്ലാഹുവിനെ കാണുന്നതുപോലെ അവനെ ആരാധിക്കുക; നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും, തീർച്ചയായും അവൻ നിങ്ങളെ കാണുന്നുണ്ട് എന്ന് ബോധ്യമുണ്ടായിരിക്കുക എന്നതാണ് പ്രസ്തുത സ്തംഭം.
അതായത്, ഒരു വ്യക്തി തന്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ മുമ്പിൽ നിൽക്കുന്നതുപോലെ അവനെ ഇബാദത്ത് ചെയ്യുക. അല്ലാഹുവോടുള്ള സമ്പൂർണ്ണമായ ഭയവും, ആരാധനകൾ കൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങലും ഇഹ്സാനിന്റെ തേട്ടത്തിൽ പെട്ടതാണ്. അതോടൊപ്പം, റസൂൽ ﷺ യുടെ ചര്യയും മാതൃകയുമനുസരിച്ച് ആരാധനകൾ നിർവഹിക്കുക എന്നതും ഇഹ്സാനിന്റെ തേട്ടത്തിൽ പെട്ടതാണ്.
ഇഹ്സാൻ രണ്ട് ഘട്ടങ്ങളുണ്ട്; ഈ ഘട്ടങ്ങൾക്കനുസരിച്ച് മുഹ്സിനീങ്ങൾ (ഇഹ്സാൻ എന്ന പദവിയിൽ എത്തിപ്പെട്ടവർ) രണ്ട് പദവികളിലാണ് ഉള്ളത്.
ഒന്നാമത്തെ പദവി: മുശാഹദഃയുടെ പദവി (ഇതാണ് ഏറ്റവും ഉന്നതമായ പദവി). ഒരു അടിമ തന്റെ ഹൃദയം കൊണ്ട് അല്ലാഹുവിനെ നേരിൽ കാണുന്നതുപോലെ അവനെ ആരാധിക്കുക എന്നതാണ് ഈ സ്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ, ഈമാൻ കൊണ്ട് അവന്റെ ഹൃദയം പ്രകാശിക്കുകയും, അല്ലാഹു അറിയിച്ചു നൽകിയ ഗയ്ബിയായ (അദൃശ്യമായ) കാര്യങ്ങൾ അവൻ കണ്ണുകൊണ്ട് നോക്കിക്കണ്ടതു പോലെ അവന് ദൃഢവിശ്വാസമുള്ളതായി മാറുകയും ചെയ്യുന്നു.
രണ്ടാമത്തെ പദവി: ഇഖ്ലാസ്വിന്റെയും മുറാഖബത്തിന്റെയും പദവി. അല്ലാഹു തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും തന്റെ എല്ലാ കാര്യങ്ങളും അവൻ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നുമുള്ള ബോധ്യത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് ഈ പദവിയുടെ ഉദ്ദേശ്യം. ഇത് ഓർത്തു കൊണ്ട് ആരാധനകൾ നിർവ്വഹിക്കുന്നവൻ തീർച്ചയായും അല്ലാഹുവിനോട് ഇഖ്ലാസ് (ആത്മാർത്ഥത) ഉള്ളവനായിരിക്കും.
പാഠം നാല്: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടിസ്ഥാനങ്ങൾ; ഒരു സംക്ഷിപ്ത വിവരണം
ഒന്ന്: ഖുർആനിലും സുന്നത്തിലും വന്ന കാര്യങ്ങൾ മുഴുവൻ ഉള്ളും പുറവും യോജിക്കുന്ന വിധത്തിൽ പിന്തുടരുക. അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും (ﷺ) വാക്കുകൾക്ക് മുകളിൽ ഒരാളുടെയും വാക്കിന് മുൻഗണന നൽകാതിരിക്കുകയും ചെയ്യുക.
രണ്ട്: നബി -ﷺ- യുടെ സ്വഹാബികളോട് ഹൃദയത്തിൽ സ്നേഹവും നാവിൽ നല്ല വാക്കുകളും മാത്രമുള്ളവരാവുക. അല്ലാഹുവിന്റെ റസൂൽ -ﷺ- ക്ക് ശേഷമുള്ള ഖലീഫമാർ അബൂബക്ർ സിദ്ധീഖ് (رضي الله عنه), ശേഷം ഉമർ ബ്നുൽ ഖത്താബ് (رضي الله عنه), ശേഷം ഉസ്മാൻ ബ്നു അഫ്ഫാൻ (رضي الله عنه), ശേഷം അലി (رضي الله عنه) എന്നിവരാണെന്ന് അവർ വിശ്വസിക്കുന്നു.
മൂന്ന്: അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) കുടുംബാംഗങ്ങളെ സ്നേഹിക്കുകയും അവരോട് കൂറ് പുലർത്തുകയും ചെയ്യുക. നബി (ﷺ) യുടെ കുടുംബം എന്നത് കൊണ്ട് അവരിലെ സച്ചരിതരും സൽകർമ്മികളുമാണ് ഉദ്ദേശ്യം; (അതല്ലാത്തവരല്ല).
നാല്: ഭരണാധികാരികൾ അക്രമം കാണിച്ചാലും അവർക്കെതിരെ പുറപ്പെടാതിരിക്കുക. അവരുടെ നന്മയ്ക്കും പൊറുക്കലിനും വേണ്ടി പ്രാർത്ഥിക്കുക; അവർക്കെതിരെ പ്രാർത്ഥിക്കരുത്. അവർ ഒരു തിന്മ ചെയ്യാൻ കൽപ്പിക്കാത്ത പക്ഷം, അവരെ അനുസരിക്കുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ ഭരണാധികാരികൾ ഒരു തിന്മ ചെയ്യാൻ കൽപ്പിച്ചാൽ, ആ കാര്യത്തിൽ അവരെ അനുസരിക്കരുത്. എന്നിരുന്നാലും, മറ്റു നല്ല കാര്യങ്ങളിൽ അവരെ അനുസരിക്കുന്നത് തുടർന്നും നിർബന്ധമായിരിക്കും.
അഞ്ച്: അല്ലാഹുവിന്റെ ഔലിയാക്കളുടെ കറാമത്തുകളിൽ വിശ്വസിക്കുക. അല്ലാഹു അവന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളുടെ കരങ്ങളിലൂടെ പുറത്തു കൊണ്ടുവരുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകൾ.
ആറ്: കേവല പാപങ്ങളുടെയോ വൻപാപങ്ങളുടെയോ പേരിൽ ഒരേ ഖിബ്ലയിലേക്ക് തിരിയുന്ന മുസ്ലിം സഹോദരങ്ങളെ കാഫിറുകളായി മുദ്രകുത്തരുത്. ഖവാരിജുകളാണ് ഇങ്ങനെ ജനങ്ങളെ കാഫിറാക്കുന്നവർ. മറിച്ച്, ഒരാളിൽ നിന്ന് പാപങ്ങൾ സംഭവിച്ചാലും ഇസ്ലാമിന്റെയും ഈമാനിന്റെയും പേരിലുള്ള സാഹോദര്യം അയാളുമായി ബാക്കിനിൽക്കുന്നതാണ്. തിന്മകൾ പ്രവർത്തിച്ച ഒരു വ്യക്തിയെ കുറിച്ച് അഹ്ലുസ്സുന്നത്തിന്റെ നിലപാട്: 'അവൻ തന്റെ വിശ്വാസം കൊണ്ട് മുഅ്മിനായി പരിഗണിക്കപ്പെടും; അവൻ ചെയ്ത പാപങ്ങൾ കാരണത്താൽ ഫാസിഖായും (അധർമ്മി) ഗണിക്കപ്പെടും' എന്നതാണ്.
അദ്ധ്യായം 2: ആരാധനകളുമായി (ഇബാദത്തുകളുമായി) ബന്ധപ്പെട്ട കാര്യങ്ങൾ:
പാഠം ഒന്ന്: ശുദ്ധീകരണം (ത്വഹാറത്ത്)
അറബി ഭാഷയിൽ, 'ത്വഹാറത്ത്' എന്നാൽ ശുദ്ധി കാത്തുസൂക്ഷിക്കലും, ഭൗതികവും ആത്മീയവുമായ മാലിന്യങ്ങളിൽ നിന്ന് അകലം പാലിക്കലുമാണ്.
ഇസ്ലാമിന്റെ സാങ്കേതികഭാഷയിൽ 'ത്വഹാറത്ത്' എന്നാൽ അശുദ്ധി ഇല്ലാതാക്കലും, മാലിന്യം നീക്കം ചെയ്യലുമാണ്. ശുദ്ധി വരുത്തുക (ത്വഹാറത്ത്) എന്നത് നിസ്കാരത്തിന്റെ താക്കോലാണ്. അതിനാൽ, ഈ വിഷയം പഠിക്കുക എന്നത് ഓരോ മുസ്ലിമും ശ്രദ്ധിക്കേണ്ട, ദീനിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്.
1- വെള്ളത്തിന്റെ ഇനങ്ങൾ.
ഒന്ന്: ത്വഹൂർ - ഇത് ശുദ്ധീകരണത്തിന് ഉപയോഗിക്കാൻ അനുയോജ്യമായ വെള്ളമാണ്. വെള്ളത്തിന്റെ പ്രകൃതിപരമായ അവസ്ഥയിൽ മാറ്റമില്ലാതെ നിൽക്കുന്ന വെള്ളം ത്വഹൂറിൽ പെട്ടതാണ്; മഴവെള്ളം, നദിയിലെ വെള്ളം, കടൽവെള്ളം എന്നിവ പോലെ. ഇനി ഒരു ശുദ്ധിയുള്ള വസ്തുവുമായി കലർന്നെങ്കിലും വെള്ളത്തിന്റെ പ്രകൃതം മാറിയിട്ടില്ലെങ്കിൽ -വെള്ളം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥിതിയിൽ തന്നെ അത് നിലനിൽക്കുന്നുണ്ടെങ്കിൽ- അത് ത്വഹൂർ തന്നെയാണ്.
രണ്ട്: നജിസ് - ഇത് ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളമാണ്. ഇത് അശുദ്ധി നീക്കം ചെയ്യാൻ കഴിവുള്ളതോ മാലിന്യം വൃത്തിയാക്കാൻ സാധിക്കുന്നതോ അല്ല. നജസായ വസ്തുവുമായി കലർന്ന്, അത് കാരണത്താൽ നിറമോ, മണമോ, രുചിയോ മാറിയാൽ ആ വെള്ളം നജിസാണ്.
2- നജസ്.
നജസ് (അശുദ്ധി) എന്നാൽ, ഇസ്ലാമിന്റെ ഭാഷയിൽ മാലിന്യമായി പരിഗണിക്കപ്പെടുന്ന, പ്രത്യേകം നിർണ്ണയിക്കപ്പെട്ട മലിനവസ്തുക്കളാണ്. ഇവ നിസ്കാരം നിർവ്വഹിക്കുന്നതിൽ നിന്ന് തടയുന്നതാണ്. മൂത്രം, മലം, രക്തം തുടങ്ങിയവയെല്ലാം നജസാണ്. നജസ് ഒരാളുടെ ശരീരത്തിലോ അയാൾ നിസ്കരിക്കുന്ന സ്ഥലത്തോ ധരിച്ചിരിക്കുന്ന വസ്ത്രത്തിലോ ഉണ്ടായാൽ അത് നീക്കം ചെയ്യാതെ നിസ്കരിക്കാൻ പാടില്ല.
ഭൂമിയിലെ എല്ലാ വസ്തുക്കളും ശുദ്ധിയുള്ളതാണ് എന്നതാണ് ഇസ്ലാമിലെ പൊതുഅടിത്തറ; അതിനാൽ, ഒരു പ്രത്യേക വസ്തു നജസാണെന്ന് പറയണമെങ്കിൽ അതിന് വ്യക്തമായ തെളിവ് നൽകേണ്ടതുണ്ട്. കഫം, മനുഷ്യന്റെ വിയർപ്പ്, കഴുതയുടെ വിയർപ്പ്; ഇവയൊന്നും നജസുകളിൽ പെട്ടതല്ല. ഇവ വെറുപ്പുണ്ടാക്കുന്നതാണെങ്കിലും ഇസ്ലാമിന്റെ സാങ്കേതികഭാഷയിൽ നജസ് എന്ന് വിശേഷിപ്പിക്കപ്പെടുകയില്ല. എല്ലാ നജസുകളും മാലിന്യമാണ്; എന്നാൽ എല്ലാ മാലിന്യങ്ങളും (ഇസ്ലാമിന്റെ ഭാഷയിലെ) നജസല്ല.
നജസുകൾ മൂന്ന് തരത്തിലുണ്ട്:
ഒന്ന്: കടുത്ത നജസ്.
നായ നക്കിയ പാത്രം ഉദാഹരണം. ഇത് ഏഴ് തവണ വെള്ളം കൊണ്ട് കഴുകണം; അതിൽ ആദ്യത്തെ തവണ മണ്ണുപയോഗിച്ചു കൊണ്ടായിരിക്കുകയും വേണം.
രണ്ട്: ലഘുവായ നജസ്.
മുലകുടിക്കുന്ന ആൺകുട്ടിയുടെ മൂത്രം ഇതിന് ഉദാഹരണമാണ്; ഇത് വസ്ത്രത്തിലോ മറ്റോ ആയാൽ ശുദ്ധീകരിക്കാൻ നജസ് ബാധിച്ച ഭാഗത്ത് വെള്ളം കുടഞ്ഞാൽ മാത്രം മതിയാകും; നജസിന്റെ മേൽ മുഴുവനായി വെള്ളം ആയാൽ അതോടെ വസ്ത്രം ശുദ്ധിയാകും; ശേഷം വസ്ത്രം ഉരക്കുകയോ പിഴിയുകയോ ചെയ്യേണ്ട ആവശ്യമില്ല.
മൂന്ന്: സാധാരണ നജസ്.
തറയിലോ വസ്ത്രത്തിലോ മറ്റോ പുരണ്ട, മനുഷ്യന്റെ മൂത്രവും മലവും, മിക്കവാറുമെല്ലാ നജസുകളും ഈ ഇനത്തിൽ പെട്ടതാണ്. ഇത്തരം നജസുകൾ ബാധിച്ചാൽ: നജസിന്റെ അംശം എടുത്തുമാറ്റുകയും, പിന്നീട് വെള്ളം കൊണ്ടോ മറ്റ് ശുചീകരണ വസ്തുക്കൾ കൊണ്ടോ ആ സ്ഥലം വൃത്തിയാക്കുകയും ചെയ്യുകയാണ് വേണ്ടത്.
നജസാണെന്ന് തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ട ചില വസ്തുക്കൾ താഴെക്കൊടുക്കുന്നു:
1- മനുഷ്യന്റെ മൂത്രവും മലവും.
2- മദ്യ്, വദ്യ്5.
3- ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ കാഷ്ഠം.
4- ആർത്തവരക്തവും പ്രസവരക്തവും (ഹൈദ്വ്, നിഫാസ്).
5- നായയുടെ ഉമിനീർ.
6- ചത്ത ജീവി (ശവം). ഇതിൽ നിന്ന് താഴെപ്പറയുന്നവ ഒഴിവാണ്:
(1) മനുഷ്യന്റെ മൃതദേഹം.
(2) ചത്ത മത്സ്യവും വെട്ടുകിളിയും.
(3) ഒഴുകുന്ന രക്തമില്ലാത്ത ജീവികൾ; ഈച്ച, ഉറുമ്പ്, തേനീച്ച തുടങ്ങിയവ ഉദാഹരണം.
(4) ചത്ത മൃഗങ്ങളുടെ എല്ല്, കൊമ്പ്, നഖം, മുടി, തൂവൽ എന്നിവ.
നജസ് ശുദ്ധീകരിക്കുന്ന രീതികൾ:
1- വെള്ളം കൊണ്ട്: നജസ് ശുദ്ധീകരിക്കുന്നതിനുള്ള അടിസ്ഥാന മാർഗമാണിത്. വെള്ളമുണ്ടെങ്കിൽ മറ്റു വസ്തുക്കൾ ശുദ്ധീകരണത്തിനായി ഉപയോഗിക്കരുത്.
2- നജസുകൾ ശുദ്ധീകരിക്കുന്നതിന് ശരീഅത്ത് നിർദ്ദേശിച്ച ചില പ്രത്യേക രീതികൾ:
(1) ചത്ത മൃഗത്തിന്റെ തോൽ ഊറക്കിട്ടു കൊണ്ടാണ് ശുദ്ധിയാക്കേണ്ടത്.
(2) നായ നക്കിയ പാത്രം ഏഴ് തവണ കഴുകുകയും, അതിൽ ആദ്യത്തേത് മണ്ണുപയോഗിച്ചായിരിക്കുകയും വേണം.
(3) വസ്ത്രത്തിൽ ആർത്തവരക്തം പറ്റിയാൽ അത് ചുരണ്ടിക്കളയുകയും, പിന്നീട് വെള്ളംകൊണ്ട് തിരുമ്മി കഴുകുകയുമാണ് വേണ്ടത്. എന്നിട്ടും രക്തത്തിന്റെ പാട് അവശേഷിക്കുന്നുണ്ടെങ്കിൽ അത് കുഴപ്പമില്ല.
(4) സ്ത്രീയുടെ വസ്ത്രത്തിന്റെ താഴ്ഭാഗം (മണ്ണിലുള്ള നജസിലോ മറ്റോ സ്പർശിച്ചാൽ); അതിനുശേഷം നടക്കുമ്പോൾ ശുദ്ധിയുള്ള സ്ഥലത്ത് മണ്ണിലൂടെ ഉരസിയാൽ അത് ശുദ്ധിയാകും.
(5) മുലകുടിക്കുന്ന, ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടില്ലാത്ത ആൺകുട്ടിയുടെ മൂത്രം വസ്ത്രത്തിൽ പറ്റിയാൽ വെള്ളം തളിച്ചാൽ മതി. എന്നാൽ പെൺകുട്ടിയുടെ മൂത്രമാണെങ്കിൽ കഴുകണം.
(6) മദ്യ് ബാധിച്ച ഭാഗത്ത് വെള്ളം തളിച്ചാൽ മതിയാകും.
(7) പാദരക്ഷയുടെ അടിഭാഗം ശുദ്ധിയുള്ള മണ്ണിൽ ഉരസി വൃത്തിയാക്കിയാൽ മതിയാകും.
(8) മണ്ണിൽ നജസ് ആയിട്ടുണ്ടെങ്കിൽ, നജസിന് മുകളിൽ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാൽ അവിടം ശുദ്ധിയാകും. സൂര്യപ്രകാശത്താലോ കാറ്റുകൊണ്ടോ അത് ഉണങ്ങി നജസിന്റെ അംശം ഇല്ലാതായാലും ആ പ്രതലം ശുദ്ധിയാകും.
3- അശുദ്ധിയുള്ളവർക്ക് വിലക്കപ്പെട്ട കാര്യങ്ങൾ.
ചെറിയ അശുദ്ധിയോ വലിയ അശുദ്ധിയോ ബാധിച്ചവർക്ക് വിലക്കപ്പെട്ട കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
1. നിർബന്ധമോ ഐച്ഛികമോ ആയ നിസ്കാരം നിർവഹിക്കുക എന്നത്. ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
«لَا يَقْبَلُ اللَّهُ صَلَاةً بِغَيْرِ طُهُورٍ».
"ശുദ്ധിയില്ലാത്ത ഒരു നമസ്കാരവും അല്ലാഹു സ്വീകരിക്കുകയില്ല."6
2. മുസ്ഹഫ് സ്പർശിക്കുക. നബി ﷺ അംറ് ഇബ്നു ഹസ്മിന് എഴുതിയ കത്തിൽ അവിടുന്ന് പറഞ്ഞിരിക്കുന്നു:
«لَا يَمَسُّ الْقُرْآنَ إِلَّا طَاهِرٌ».
"ശുദ്ധിയുള്ളവരല്ലാതെ ഖുർആൻ സ്പർശിക്കരുത്."7
3. കഅ്ബയെ ത്വവാഫ് ചെയ്യുക എന്നത്. നബി ﷺ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
«الطَّوَافُ بِالْبَيْتِ صَلَاةٌ، إِلَّا أَنَّ اللَّهَ أَبَاحَ فِيهِ الْكَلَامَ».
"കഅ്ബയെ ത്വവാഫ് ചെയ്യുന്നത് (ഒരുതരം) നിസ്കാരമാണ്. എന്നാൽ, അല്ലാഹു അതിൽ സംസാരിക്കാൻ അനുവാദം നൽകിയിരിക്കുന്നു."8 നബി ﷺ ത്വവാഫിന് വേണ്ടി വുദൂഅ് എടുത്തിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീക്ക് ശുദ്ധിയാകുന്നതുവരെ നബി (ﷺ) ത്വവാഫ് വിലക്കിയതായും ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
വലിയ അശുദ്ധിയുള്ളവർക്ക് മാത്രം വിലക്കപ്പെടുന്ന കാര്യങ്ങൾ ഇവയാണ്:
1. ഖുർആൻ പാരായണം ചെയ്യൽ: അലിയ്യു ബ്നു അബീ ത്വാലിബ് -رضي الله عنه- നിവേദനം: "ജനാബത്ത് അല്ലാത്ത മറ്റൊന്നും ഖുർആൻ പാരായണം ചെയ്യുന്നതിന് നബിക്ക് ﷺ തടസ്സമായിരുന്നില്ല."9
2. വുദൂഅ് ഇല്ലാതെ മസ്ജിദിൽ കഴിച്ചു കൂട്ടുന്നത്. അല്ലാഹു പറയുന്നു:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَقۡرَبُواْ ٱلصَّلَوٰةَ وَأَنتُمۡ سُكَٰرَىٰ حَتَّىٰ تَعۡلَمُواْ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغۡتَسِلُواْ...﴾
"സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നിസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നിസ്കാരത്തെ സമീപിക്കരുത്.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ (മസ്ജിദുകളിൽ കഴിയരുത്)." (നിസാഅ്: 43)
വലിയ അശുദ്ധിയുള്ള ഒരാൾ വുദൂഅ് എടുക്കുകയാണെങ്കിൽ, അയാൾക്ക് മസ്ജിദിൽ ഇരിക്കാവുന്നതാണ്. അതുപോലെ, വലിയ അശുദ്ധിയുള്ള ഒരാൾക്ക് -മസ്ജിദിൽ സമയം കഴിച്ചു കൂട്ടുകയോ ഇരിക്കുകയോ ചെയ്യാതെ- മസ്ജിദിലൂടെ നടന്നുപോകുന്നതിന് അനുവാദമുണ്ട്.
4- മലമൂത്ര വിസർജ്ജന മര്യാദകൾ.
മലമൂത്ര വിസർജ്ജന സമയത്ത് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് പുണ്യകരമാണ്:
1- ആളുകളിൽ നിന്ന് അകലെയാവുകയും, മറയുള്ള ഒരു സ്ഥലത്തേക്ക് പോവുകയും ചെയ്യുക.
2- വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ പറയേണ്ട പ്രാർത്ഥന ചൊല്ലുക, അത് ഇപ്രകാരമാണ്:
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ».
"അല്ലാഹുവേ, എല്ലാ ആൺ-പെൺ പിശാചുക്കളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു."10
മലമൂത്ര വിസർജ്ജന വേളയിൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം.
1- മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തുക.
2- ഔറത്ത് (അന്യരിൽ നിന്ന്) മറയ്ക്കുക.
മലമൂത്ര വിസർജ്ജന സമയത്ത് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് നിഷിദ്ധമാണ് (ഹറാം):
1- ഖിബ്ലക്ക് നേരെയോ പുറംതിരിഞ്ഞോ ഇരിക്കുന്നത്.
2- ആളുകൾ സഞ്ചരിക്കുന്ന വഴികളിലോ പൊതുസ്ഥലങ്ങളിലോ മലമൂത്ര വിസർജ്ജനം ചെയ്യുന്നത്.
3- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത്.
മലമൂത്ര വിസർജ്ജന സമയത്ത് താഴെ പറയുന്ന കാര്യങ്ങൾ കറാഹത്ത് (വെറുക്കപ്പെട്ടത്) ആണ്:
1- വിസർജ്ജന സമയത്ത് വലത് കൈകൊണ്ട് ലിംഗം സ്പർശിക്കുന്നത്.
2- വലത് കൈകൊണ്ട് ഇസ്തിൻജാഅ് (വെള്ളം ഉപയോഗിച്ച് ശുദ്ധീകരിക്കുക) അല്ലെങ്കിൽ ഇസ്തിജ്മാർ (കല്ല് പോലുള്ളവ ഉപയോഗിച്ച് ശുദ്ധീകരിക്കുക) ചെയ്യുക എന്നത്.
3- സംസാരിക്കുന്നത് പൊതുവെ വെറുക്കപ്പെട്ടതാണ്; പ്രത്യേകിച്ചും അല്ലാഹുവിൻ്റെ സ്മരിച്ചു കൊണ്ടുള്ള വാക്കുകൾ പറയുന്നത്.
5- ഇസ്തിൻജാഇന്റെയും ഇസ്തിജ്മാറിന്റെയും നിയമങ്ങൾ:
മലമൂത്ര വിസർജ്ജന സ്ഥാനങ്ങളിൽ നിന്ന് പുറത്തുവരുന്ന മാലിന്യങ്ങളുടെ അംശം വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യലാണ് ഇസ്തിൻജാഅ്.
വെള്ളമല്ലാത്ത വസ്തുക്കൾ (കല്ലുകൾ, ടിഷ്യു പേപ്പറുകൾ) ഉപയോഗിച്ച് പുറത്തുവരുന്ന മാലിന്യങ്ങളുടെ അംശം നീക്കം ചെയ്യലാണ് ഇസ്തിജ്മാർ.
ഇസ്തിജ്മാർ ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ ശ്രദ്ധിക്കേണ്ട നിബന്ധനകൾ:
1- അനുവദനീയമായ (മുബാഹ്) വസ്തുവായിരിക്കണം.
2- ശുദ്ധിയുള്ളതായിരിക്കണം.
3- ശുദ്ധീകരിക്കാൻ കഴിവുള്ള വസ്തുവായിരിക്കണം.
4- എല്ലുകളോ ഉണങ്ങിയ കാഷ്ഠങ്ങളോ ആയിരിക്കരുത്.
5- അല്ലാഹുവിന്റെ പേരുള്ള പേപ്പറുകൾ പോലെ, ആദരണീയമായ വസ്തു കൊണ്ടാകരുത്.
മലമൂത്ര വിസർജ്ജന ശേഷം വൃത്തിയാക്കുന്നത് ഇസ്തിജ്മാർ മാത്രം കൊണ്ടാണെങ്കിൽ അത് ശരിയാകാൻ രണ്ട് നിബന്ധനകളുണ്ട്:
1- പുറത്തുവരുന്ന മാലിന്യം സാധാരണയിൽ കവിഞ്ഞ് അധികമായി വ്യാപിച്ചിട്ടുണ്ടാകരുത്.
2- വിസർജ്യം വൃത്തിയാക്കാൻ ഉതകുന്ന മൂന്ന് കല്ലുകളോ അതിലധികമോ ഉപയോഗിച്ചു കൊണ്ടായിരിക്കണം ഇസ്തിജ്മാർ നിർവ്വഹിക്കുന്നത്.
6- വുദൂഅിൻ്റെ വിധി വിലക്കുകൾ:
മൂന്ന് ഇബാദത്തുകൾ നിർവ്വഹിക്കാൻ വുദൂഅ് -അഥവാ അംഗശുദ്ധി- നിർബന്ധമാണ്:
1- ഫർദ്വോ സുന്നത്തോ ആയ നിസ്കാരങ്ങൾ.
2- മുസ്ഹഫ് സ്പർശിക്കൽ.
3- ത്വവാഫ്.
വുദൂഇന്റെ നിബന്ധനകൾ
1- മുസ്ലിമായിരിക്കണം.
2- ബുദ്ധിയുള്ള വ്യക്തിയായിരിക്കണം.
3- വകതിരിവുള്ള വ്യക്തിയായിരിക്കണം.
4- നിയ്യത്ത് (ഉദ്ദേശം): അതിന്റെ സ്ഥാനം ഹൃദയമാണ്. നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുന്നത് ബിദ്അത്ത് (അനാചാരം) ആണ്. വുദൂഅ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾ നിയ്യത്ത് ഉള്ളവനാണ്. എന്നാൽ, ശരീരം തണുപ്പിക്കുന്നതിനോ വൃത്തിയാക്കാനോ വേണ്ടി മാത്രം അവയവങ്ങൾ കഴുകുന്നത് വുദൂഅ് ആയി പരിഗണിക്കില്ല.
5- നിയ്യത്ത് നിലനിർത്തുക: ശുദ്ധി പൂർത്തിയാകുന്നതുവരെ വുദ്വുവാണ് നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത് എന്ന നിയ്യത്ത് മുറിക്കാതിരിക്കുക.
6- വുദൂഅ് നിർബന്ധമാക്കുന്ന കാരണം നിലയ്ക്കുക; (അതായത് മൂത്രമൊഴിക്കുന്നെങ്കിൽ മൂത്രം പൂർണ്ണമായും ഒഴിച്ചു തീർന്നതിന് ശേഷമേ വുദ്വു ചെയ്യാൻ തുടങ്ങാവൂ) എന്നാൽ തുടർച്ചയായി മൂത്രം ഉറ്റിക്കൊണ്ടിരിക്കുന്ന മൂത്രവാർച്ച പോലുള്ള രോഗമുള്ളവർക്കും, രക്തസ്രാവമുള്ള സ്ത്രീകൾക്കും ഈ നിബന്ധന ബാധകമല്ല.
7- ശുദ്ധിയാക്കുക: മലമൂത്ര വിസർജ്ജനം നിർവ്വഹിച്ച വ്യക്തി വുദൂഅ് ചെയ്യുന്നതിന് മുമ്പ് അത് ശുദ്ധീകരിക്കണം; അതിന് ഇസ്തിൻജാഓ ഇസ്തിജ്മാറോ ചെയ്യാവുന്നതാണ്.
8- വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും (ത്വഹൂർ), ഉപയോഗിക്കാൻ അനുവാദമുള്ളതുമായിരിക്കണം.
8- വെള്ളം ചർമ്മത്തിൽ എത്തുന്നത് തടയുന്ന വസ്തുക്കളുണ്ടെങ്കിൽ അത് നീക്കം ചെയ്തിരിക്കണം.
10- അശുദ്ധി തുടർച്ചയായി നിലനിൽക്കുന്നവർ (മൂത്രവാർച്ച പോലുള്ളവ ഉള്ളവർ) നിസ്കാര സമയം പ്രവേശിച്ചതിന് ശേഷം മാത്രമേ വുദൂഅ് ആരംഭിക്കാവൂ.
വുദൂഇന്റെ ഫർളുകൾ
1- മുഖം കഴുകുക: മുഖം കഴുകുന്നതിൻ്റെ ഭാഗമാണ് വായ കൊപ്ലിക്കുന്നതും മൂക്കിൽ വെള്ളം കയറ്റുന്നതും.
2- കൈകൾ മുട്ടുകൾ ഉൾപ്പടെ കഴുകുക.
3- തല മുഴുവൻ തടവുക: തലതടവുന്നതിൻ്റെ ഭാഗമാണ് ചെവികൾ തടവുക എന്നത്.
4- പാദങ്ങൾ ഞെരിയാണി ഉൾപ്പടെ കഴുകുക.
5- മേൽപറഞ്ഞ ക്രമത്തിൽ വുദുവിന്റെ അവയവങ്ങൾ ശുദ്ധീകരിക്കുക.
6- തുടർച്ച പാലിക്കുക; അതായത് ഓരോ അവയവങ്ങളും ശുദ്ധീകരിക്കുന്നതിനിടയിൽ വലിയ ഇടവേള വരുത്താതിരിക്കുക.
വുദൂഇന്റെ രൂപം
1- ബിസ്മി ചൊല്ലുക.
2- രണ്ട് കൈപ്പത്തികളും മൂന്ന് തവണ കഴുകുക.
3- മുഖം മൂന്ന് തവണ കഴുകുക; വായ കൊപ്ലിക്കുന്നതും മൂക്കിൽ വെള്ളം കയറ്റുന്നതും ഇതിനോടൊപ്പം ഉൾപ്പെടുന്നു.
4- മുട്ടുകൾ ഉൾപ്പടെ രണ്ട് കൈകളും മൂന്ന് തവണ കഴുകുക; വലത് കൈ ആദ്യവും, ശേഷം ഇടത് കൈയ്യും ശുദ്ധീകരിക്കുക.
5- തലയും ചെവികളും തടവുക.
6- രണ്ട് കാലുകളും ഞെരിയാണി വരെ മൂന്ന് തവണ കഴുകുക, വലത് കാൽ ആദ്യവും, ശേഷം ഇടതുകാലും കഴുകുക.
വുദൂഅ് മുറിയുന്ന കാര്യങ്ങൾ
1- മുൻദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോ എന്തെങ്കിലും പുറത്തു വന്നാൽ; മൂത്രം, കീഴ്ശ്വാസം, മലം എന്നിവ ഉദാഹരണം.
2- ശരീരത്തിൽ നിന്ന് നജസായ എന്തൊരു കാര്യവും അധികമായി പുറത്തു വന്നാൽ.
3- ഉറക്കം പോലുള്ള കാരണങ്ങളാൽ ബോധം നഷ്ടപ്പെടുക.
4- ലൈംഗികാവയവമോ പിൻദ്വാരമോ കൈകൊണ്ട് (കൈകൾക്കും ഗുഹ്യസ്ഥാനങ്ങൾക്കും ഇടയിൽ) മറയില്ലാതെ സ്പർശിക്കുക.
5- ഒട്ടകത്തിന്റെ മാംസം കഴിക്കുക.
6- ഇസ്ലാമിൽ നിന്ന് പുറത്തുപോവുക; അല്ലാഹു നമ്മെയും എല്ലാ മുസ്ലിംകളെയും അതിൽ നിന്ന് കാത്തുരക്ഷിക്കട്ടെ.
7- ഖുഫ്ഫകളിലും സോക്സുകളിലും തടവുന്നതിൻ്റെ നിയമങ്ങൾ
1. ഖുഫ്ഫ്: തുകൽ പോലുള്ളവ കൊണ്ട് കാലുകളിൽ ധരിക്കുന്ന പാദരക്ഷ.
2. സോക്സ്: കമ്പിളി, പരുത്തി തുടങ്ങിയവ കൊണ്ട് കാലുകളിൽ ധരിക്കുന്നത്.
(വുദുവിന്റെ ഭാഗമായി) ഖുഫ്ഫയുടെയോ സോക്സിന്റെയോ മേൽ തടവുന്നതിനുള്ള നിബന്ധനകൾ:
1- വുദു പൂർണ്ണമായി എടുത്തതിന് ശേഷമായിരിക്കണം അവ ധരിച്ചത്.
2- ഖുഫ്ഫ കണങ്കാലുകൾ ഉൾപ്പെടെ കാൽ മുഴുവൻ മൂടുന്ന വിധത്തിലുള്ളതായിരിക്കണം.
3- ഖുഫ്ഫകൾ ശുദ്ധിയുള്ളതായിരിക്കണം.
4- നിശ്ചിത സമയപരിധിക്കുള്ളിൽ ആയിരിക്കണം തടവൽ.
5- വുദൂവിനുവേണ്ടി മാത്രമായിരിക്കണം തടവൽ; വലിയ അശുദ്ധിക്കു (ജനാബത്ത് കുളി) വേണ്ടിയായിരിക്കരുത്.
6- ഖുഫ്ഫകളും അതുപോലുള്ളവയും അനുവദനീയമായതാവണം. മോഷ്ടിച്ചതോ, പുരുഷന്മാർ ധരിക്കുന്നതാണെങ്കിൽ അവർക്ക് വിലക്കപ്പെട്ട പട്ടുവസ്ത്രമുള്ളത് കൊണ്ടോ ആകരുത്. ഇവയുടെ മേൽ തടവുന്നത് അനുവദനീയമല്ല. കാരണം, അല്ലാഹു നൽകിയ ഇളവുകൾ ഹറാമായ കാര്യത്തിൽ ഉപയോഗപ്പെടുത്തുന്നത് അനുവദനീയമല്ല.
തടവാനുള്ള സമയം:
നാട്ടിൽ താമസിക്കുന്നവർക്ക്: ഒരു പകലും ഒരു രാത്രിയും ഖുഫ്ഫയുടെ മേൽ തടവാം. യാത്രക്കാർക്ക്: മൂന്ന് പകലും മൂന്ന് രാത്രിയും ഖുഫ്ഫയുടെ മേൽ തടവാം.
ഖുഫ്ഫയുടെ മേൽ തടവുന്ന രീതി:
കൈകൾ വെള്ളം കൊണ്ട് നനച്ച്, സോക്സുകളുടെയോ ഖുഫ്ഫകളുടെയോ മുകൾഭാഗത്ത്, കാൽവിരലുകൾ മുതൽ കണങ്കാലിന് താഴെ വരെയുള്ള ഭാഗത്ത്, ഒരു തവണ തടവുക.
ഖുഫ്ഫയുടെ മേൽ തടവുന്നത് അസാധുവാക്കുന്ന കാര്യങ്ങൾ:
1- തടവാനുള്ള സമയം അവസാനിക്കുക.
2- സോക്സുകൾ രണ്ടെണ്ണവും -അല്ലെങ്കിൽ അതിലൊന്ന്- ഊരിമാറ്റുക.
3- വലിയ അശുദ്ധി (ജനാബത്ത്) ഉണ്ടാകുക.
ഖുഫ്ഫകളിൽ തടവുന്നതിന്റെ വിധി:
ഖുഫ്ഫയുടെ മേൽ തടവുക എന്നത് അല്ലാഹു നൽകിയ ഒരു ഇളവാണ്. ഖുഫ്ഫകൾ കാലിൽ നിന്ന് ഊരിയെടുത്ത് കഴുകുന്നതിനേക്കാൾ ഉത്തമം അവയുടെ മേൽ തടവലാണ്. കാരണം, അത് അല്ലാഹു നൽകിയ ഇളവ് സ്വീകരിക്കലും, നബി ﷺ യെ പിന്തുടരലും, (ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമല്ലെന്ന് വാദിക്കുന്ന) ബിദ്അത്തുകാരിൽ നിന്ന് വ്യത്യസ്തമാകലുമാണ്.
3. പ്ലാസ്റ്റർ, ബാൻഡേജ്, ബാൻഡ്എയ്ഡ് എന്നിവയിൽ തടവൽ.
പ്ലാസ്റ്റർ: ഒടിവുകൾക്ക് മുകളിൽ കെട്ടുന്ന പ്ലാസ്റ്റർ, മരക്കഷണങ്ങൾ എന്നിവ ഈ പറഞ്ഞതിൽ ഉൾപ്പെടും.
മുറിവിന്റെ മേലുള്ള കെട്ടുകൾ: മുറിവുകൾ, ചതവുകൾ, പൊള്ളലുകൾ എന്നിവയ്ക്ക് മുകളിൽ കെട്ടുന്ന തുണി പോലുള്ളവ ഇതിൽ ഉൾപ്പെടും.
ബാൻഡ് എയ്ഡ്: മുറിവുകളിലോ കുരുവിന്റെയോ മുകളിൽ ചികിത്സയ്ക്കായി ഒട്ടിക്കുന്ന വസ്തുക്കൾ.
മേൽ പറഞ്ഞവയുടെ മേൽ തടവുന്നതിന്റെ വിധി:
ഈ പറഞ്ഞവ ശരീരത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണെങ്കിൽ അവക്ക് മേൽ തടവുന്നത് അനുവദനീയമാണ്. പക്ഷേ, അത് ആവശ്യമുള്ള ഭാഗത്തിന് അപ്പുറം കെട്ടാനോ ഒട്ടിക്കാനോ പാടില്ല.
ഇവയുടെ ആവശ്യം അവസാനിക്കുകയോ, അല്ലെങ്കിൽ ഇവ നീക്കം ചെയ്യുന്നത് കൊണ്ട് പ്രയാസമോ ദോഷമോ ഉണ്ടാക്കാത്ത അവസ്ഥ വരികയോ ആണെങ്കിൽ അവയുടെ മേൽ തടവുന്നത് അനുവദനീയമല്ല.
പ്ലാസ്റ്റർ പോലുള്ളവയുടെ മേൽ തടവുന്ന രീതി:
അവയുടെ ചുറ്റുമുള്ള ഭാഗങ്ങൾ കഴുകുകയും, അവയുടെ മുകളിൽ മുഴുവനായി തടവുകയും ചെയ്യുക. വുദൂവിന്റെ സ്ഥലത്തിന് പുറത്തേക്ക് വ്യാപിച്ച ഭാഗങ്ങളിൽ തടവേണ്ടതില്ല.
8- തയമ്മുമിന്റെ നിയമങ്ങൾ
തയമ്മും: (വലുതും ചെറുതുമായ അശുദ്ധിയിൽ നിന്ന്) ശുദ്ധി വരുത്തുക എന്ന ഉദ്ദേശ്യത്തോടെ നിശ്ചയിക്കപ്പെട്ട രൂപത്തിൽ, മുഖവും കൈകളും ശുദ്ധമായ മണ്ണുകൊണ്ട് തടവുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.
തയമ്മുമിന്റെ വിധി:
വെള്ളം ഇല്ലാതിരിക്കുകയോ, അല്ലെങ്കിൽ അത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയോ ചെയ്താൽ വുദ്വു ചെയ്യുന്നതിനും ജനാബത്തിന്റെ കുളി നിർവ്വഹിക്കുന്നതിനും പകരമായി തയമ്മും ചെയ്യുക എന്നത് നിർബന്ധമാണ്.
തയമ്മും നിയമമാക്കിയതിന്റെ പിന്നിലെ യുക്തി:
മുഹമ്മദ് നബി (ﷺ) യുടെ ഉമ്മത്തിന് അല്ലാഹു നൽകിയ പ്രത്യേകതകളിൽ ഒന്നാണ് തയമ്മും എന്നത്. മുൻകാല സമൂഹങ്ങളിൽ തയമ്മും എന്നത് ഉണ്ടായിരുന്നില്ല; ഈ ഉമ്മത്തിന് അല്ലാഹു നൽകിയ വിശാലമായ അനുഗ്രഹവും ഔദാര്യവുമാണ് ഇത്.
തയമ്മും അനുവദനീയമായ സന്ദർഭങ്ങൾ:
1- ശുദ്ധീകരിക്കാനുള്ള വെള്ളം -അത് അന്വേഷിച്ചിട്ടും- കണ്ടെത്താൻ കഴിയാതെ വന്നാൽ; ഇത് യാത്രക്കാർക്കും അല്ലാത്തവർക്കും ഒരു പോലെ ബാധകമാണ്.
2- കുടിക്കാനോ പാചകം ചെയ്യാനോ ആവശ്യമുള്ള വെള്ളം മാത്രം കൈവശമുണ്ടായിരിക്കുകയും, അത് ശുദ്ധീകരണത്തിന് ഉപയോഗിച്ചാൽ സ്വന്തം ജീവനോ, കൂടെയുള്ളവർക്കോ അല്ലെങ്കിൽ ഉപകാരമുള്ള മൃഗങ്ങൾക്കോ ദാഹവും പ്രയാസവും ബാധിക്കുമെന്ന് ഭയപ്പെടുകയും ചെയ്താൽ.
3- ശുദ്ധീകരണത്തിന് വെള്ളം ഉപയോഗിച്ചാൽ നിലവിലുള്ള രോഗം വർദ്ധിക്കുകയോ, സുഖപ്പെടാൻ കാലതാമസമുണ്ടാക്കുകയോ ചെയ്യുമെന്ന് ഭയപ്പെട്ടാൽ.
4- രോഗം കാരണം ചലിക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയും, വുദൂ ചെയ്യിപ്പിക്കാൻ ആരുമില്ലാതിരിക്കുകയും, നിസ്കാര സമയം കഴിഞ്ഞുപോവുമെന്ന് ഭയപ്പെടുകയും ചെയ്താൽ.
5- വെള്ളം ഉപയോഗിച്ചാൽ തണുപ്പ് കാരണം രോഗം വരുമെന്ന് ഭയപ്പെടുകയും അത് ചൂടാക്കാൻ സൗകര്യമില്ലാതിരിക്കുകയും ചെയ്യുമ്പോൾ തയമ്മും ചെയ്ത് നിസ്കരിക്കാം.
തയമ്മുമിന്റെ രൂപം:
വിരലുകൾ അകറ്റിപ്പിടിച്ച നിലയിൽ കൈകൾ കൊണ്ട് ശുദ്ധമായ മണ്ണിൽ അടിക്കുകയും, ശേഷം വിരലുകളുടെ ഉൾഭാഗം കൊണ്ട് മുഖം തടവുകയും ചെയ്യുക. അതിനുശേഷം ഉള്ളംകൈകൾ കൊണ്ട് കൈപ്പത്തികളുടെ പുറംഭാഗം തടവുക. തടവുമ്പോൾ മുഖവും കൈപ്പത്തികളും പൂർണ്ണമായി അതിൽ ഉൾക്കൊള്ളണം.
തയമ്മും അസാധുവാകുന്ന കാര്യങ്ങൾ:
1- വെള്ളം ഇല്ലാത്തതുകൊണ്ട് തയമ്മും ചെയ്തയാൾക്ക് വെള്ളം ലഭിച്ചാൽ. അല്ലെങ്കിൽ ശുദ്ധീകരണത്തിന് വെള്ളം ഉപയോഗിക്കാൻ സാധിക്കാതെ വന്നതിനാൽ തയമ്മും ചെയ്തയാൾക്ക് വെള്ളം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായാൽ.
2- വുദു മുറിക്കുന്ന കാര്യങ്ങൾ ഉണ്ടായാൽ അതോടെ തയമ്മും കൊണ്ട് ലഭിച്ച ശുദ്ധിയും ഇല്ലാതെയാകും. കുളി നിർബന്ധമാക്കുന്ന -ജനാബത്ത്, ആർത്തവം, പ്രസവരക്തം എന്നിവ പോലുള്ള കാര്യങ്ങൾ- സംഭവിച്ചാലും തയമ്മുമിന്റെ ശുദ്ധി ഇല്ലാതെയാകും.
വെള്ളം ഉപയോഗിക്കാനും, തയമ്മും ചെയ്യാനും സാധിക്കാത്തവന്റെ വിധി:
വെള്ളമോ മണ്ണോ ലഭ്യമല്ലാതിരിക്കുകയോ, വെള്ളമോ മണ്ണോ ശരീരത്തിൽ സ്പർശിക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തുകയോ ചെയ്യുന്നയാൾക്ക് വുദൂവോ തയമ്മുമോ ഇല്ലാതെ തന്നെ അവന്റെ അവസ്ഥയ്ക്കനുസരിച്ച് നിസ്കരിക്കാം. കാരണം, അല്ലാഹു ഒരാളെയും അവന്റെ കഴിവിനപ്പുറം നിർബന്ധിക്കുന്നില്ല. അങ്ങനെയുള്ള ഒരാൾക്ക് പിന്നീട് വെള്ളമോ മണ്ണോ ലഭിക്കുകയോ, അവ രണ്ടും ഉപയോഗിക്കാൻ കഴിയുകയോ ചെയ്താൽ, അയാൾ മുൻപ് ഇവ രണ്ടുമില്ലാതെ നിസ്കരിച്ചത് പിന്നീട് മടക്കി നിസ്കരിക്കേണ്ടതില്ല. കാരണം, അവൻ അല്ലാഹു കൽപ്പിച്ച കാര്യം തനിക്ക് സാധ്യമായ വിധത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. കാരണം അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നു:
﴿...فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ...﴾
"അതിനാൽ നിങ്ങൾക്ക് കഴിയുന്നത്ര നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക." (തഗാബുൻ: 16) നബി ﷺ പറഞ്ഞിരിക്കുന്നു:
«إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ».
"ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ, നിങ്ങൾക്ക് കഴിയുന്നത്ര അത് പ്രവർത്തിക്കുക."11
ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ വേണ്ടി തയമ്മും ചെയ്ത വ്യക്തി പിന്നീട് വെള്ളം ലഭിക്കുകയാണെങ്കിൽ, കുളിക്കേണ്ടതുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
9- ആർത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും വിധിവിലക്കുകൾ
ഒന്ന്: ആർത്തവം (ഹൈദ്വ്)
ഹൈദ്വ് എന്നത് സ്ത്രീശരീരപ്രകൃതിയുടെ ഭാഗമായി, ഗർഭാശയത്തിന്റെ ഉൾഭാഗത്ത് നിന്ന് നിശ്ചിത സമയങ്ങളിൽ പുറത്തുവരുന്ന രക്തമാണ്. സാധാരണയായി എല്ലാ മാസവും ആറോ ഏഴോ ദിവസമാണ് ആർത്തവരക്തം പുറപ്പെടുക; ചിലപ്പോൾ ഇതിൽ കൂടുകയോ കുറയുകയോ ചെയ്തേക്കാം. ഓരോ സ്ത്രീയുടെയും ശരീരപ്രകൃതിക്ക് അനുസരിച്ച് -അല്ലാഹു നിശ്ചയിച്ചത് പ്രകാരം- ആർത്തവ ചക്രത്തിന്റെ കാലയളവ് വ്യത്യാസപ്പെടുകയും, അധികരിക്കുകയും കുറയുകയും ചെയ്യുന്നതാണ്.
ആർത്തവകാരിയുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ:
1- ആർത്തവ സമയത്ത് അവൾ നിസ്കരിക്കാനോ നോമ്പെടുക്കാനോ പാടില്ല. നിസ്കരിച്ചാൽ അത് സാധുവാകുന്നതുമല്ല.
2- ആർത്തവം ശുദ്ധിയായിക്കഴിഞ്ഞാൽ നോമ്പ് നോറ്റുവീട്ടണം. എന്നാൽ ആർത്തവസമയത്ത് നഷ്ടമാകുന്ന നിസ്കാരങ്ങൾ മടക്കി നിസ്കരിക്കേണ്ടതില്ല.
3- കഅ്ബ ത്വവാഫ് ചെയ്യുക, ഖുർആൻ പാരായണം ചെയ്യുക, മസ്ജിദിൽ ഇരിക്കുക എന്നീ കാര്യങ്ങളും ആർത്തവകാരിക്ക് അനുവദനീയമല്ല. 4- സ്ത്രീയുടെ ആർത്തവം നിലയ്ക്കുകയും അവൾ കുളിച്ചു ശുദ്ധിയാവുകയും ചെയ്യുന്നതുവരെ ഭർത്താവിന് അവളുമായി (ഗുഹ്യസ്ഥാനങ്ങൾ പരസ്പരം പ്രവേശിപ്പിക്കുന്ന വിധത്തിൽ) പൂർണ്ണമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണ്.
5- ഗുഹ്യസ്ഥാനങ്ങൾ പരസ്പരം പ്രവേശിപ്പിച്ചു കൊണ്ടുള്ള ലൈംഗികബന്ധം ഒഴികെയുള്ള കാര്യങ്ങളിൽ ഭർത്താവിന് ഭാര്യയുമായി ആസ്വദിക്കാം. ചുംബിക്കുക, സ്പർശിക്കുക തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം.
6- ആർത്തവ സമയത്ത് ഭർത്താവിന് അവളെ വിവാഹമോചനം ചെയ്യാൻ അനുവാദമില്ല.
ആർത്തവ രക്തം നിലയ്ക്കുന്നതിനെയാണ് 'ശുദ്ധികാലം' (തുഹ്ർ) എന്ന് പറയുന്നത്. ആർത്തവരക്തം നിലച്ചു കഴിഞ്ഞാൽ സ്ത്രീ ശുദ്ധിയാവുകയും, അവളുടെ മാസമുറ അവസാനിക്കുകയും ചെയ്തു. അതിന് ശേഷം കുളിക്കുക എന്നത് അവളുടെ മേൽ നിർബന്ധമാണ്. അതിന് ശേഷം, ആർത്തവം കാരണം വിലക്കപ്പെട്ടിരുന്ന കാര്യങ്ങൾ അവൾക്ക് അനുവദിക്കപ്പെടുന്നതാണ്.
ശുദ്ധിയായ ശേഷം ഗുഹ്യസ്ഥാനത്ത് നിന്ന് കറുത്ത നിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള ദ്രവം പുറപ്പെടുന്നത് കണ്ടാൽ അത് കാര്യമാക്കേണ്ടതില്ല.
രണ്ട്: പ്രസവരക്തം (നിഫാസ്)
പ്രസവസമയത്തും അതിനുശേഷവും ഗർഭാശയത്തിൽ നിന്ന് പുറത്തുവരുന്ന രക്തമാണ് നിഫാസിന്റെ രക്തം. ഗർഭകാലത്ത് ശരീരത്തിൽ തങ്ങിനിന്ന രക്തത്തിന്റെ ബാക്കിയാണിത്.
ആർത്തവകാരിയുടേതിന് സമാനമായ വിധിവിലക്കുകൾ തന്നെയാണ് പ്രസവരക്തം വരുന്ന സ്ത്രീയുടെ കാര്യത്തിലുമുള്ളത്; അനുവദിക്കപ്പെടുന്ന -ലൈംഗികബന്ധം ഒഴികെയുള്ള ബാഹ്യകേളികൾ അനുവദനീയമാണെന്നതു പോലുള്ള വിധികളിലും- അവൾ ആർത്തവകാരിക്ക് സമാനമായ സ്ഥിതിയിലാണ്.
നിഷിദ്ധമാകുന്ന കാര്യങ്ങളിലും ഇതു പോലെത്തന്നെ; ലൈംഗികബന്ധം നിഷിദ്ധമാണെന്നതിലും, നോമ്പ്, നിസ്കാരം, വിവാഹമോചനം, ത്വവാഫ്, ഖുർആൻ പാരായണം, പള്ളിയിൽ ഇരിക്കൽ എന്നിവ വിലക്കപ്പെട്ടതാണെന്ന കാര്യത്തിലും നിഫാസിന്റെ രക്തം വരുന്നവൾക്ക് ആർത്തവകാരിയുടെ അതേ വിധി തന്നെയാണ്. ആർത്തവമുള്ള സ്ത്രീയെപ്പോലെ, നിഫാസിന്റെ രക്തം നിലച്ചാൽ കുളിക്കുക എന്നതും അവളുടെ നിർബന്ധമാണ്.
ആർത്തവകാരിയെപ്പോലെത്തന്നെ, നിഫാസിന്റെ കാലയളവിൽ നഷ്ടമായ നിസ്കാരങ്ങൾ മടക്കി നിർവ്വഹിക്കേണ്ടതില്ലെങ്കിലും, ഇതേ കാലയളവിൽ നഷ്ടമായ നോമ്പുകൾ നിർബന്ധമായും നോറ്റുവീട്ടണം.
പ്രസവരക്തം പരമാവധി നാൽപത് ദിവസമാണ് ഉണ്ടാകുക. നാൽപ്പത് ദിവസത്തിന് മുൻപ് രക്തം നിലയ്ക്കുകയാണെങ്കിൽ അതോടെ അവളുടെ പ്രസവരക്തത്തിന്റെ കാലം അവസാനിച്ചു. ശേഷം അവൾ കുളിക്കുകയും നിസ്കരിക്കുകയും ചെയ്യണം. നിഫാസ് കാരണത്താൽ വിലക്കപ്പെട്ടിരുന്ന കാര്യങ്ങൾ അതിന് ശേഷം അവൾക്ക് അനുവദിക്കപ്പെടുന്നതാണ്.
രണ്ട്: നിസ്കാരം.
1- ബാങ്കിന്റെയും ഇഖാമത്തിന്റെയും നിയമങ്ങൾ.
നബിﷺയുടെ ഹിജ്റക്ക് ശേഷം ഒന്നാം വർഷത്തിലാണ് ബാങ്ക് നിയമമാക്കപ്പെട്ടത്. ബാങ്ക് നിയമമാക്കാനുള്ള കാരണം: നിസ്കാരത്തിന്റെ സമയമായി എന്ന് അറിയാൻ പ്രയാസം നേരിട്ടപ്പോൾ, നിസ്കാരസമയം ആയിട്ടുണ്ട് എന്നറിയിക്കുന്നതിന് ഒരു അടയാളം ഉണ്ടാക്കുന്നതിനെക്കുറിച്ച് സ്വഹാബികൾ കൂടിയാലോചിച്ചു. അപ്പോഴാണ് സ്വഹാബികളിൽ പെട്ട, അബ്ദുല്ലാഹ് ഇബ്നു സൈദ് (رضي الله عنه) സ്വപ്നത്തിൽ ഇന്ന് നാം കാണുന്ന വിധത്തിലുള്ള ബാങ്ക്വിളി കണ്ടത്; പിന്നീട് അത് അംഗീകരിച്ചു കൊണ്ട് അല്ലാഹുവിൽ നിന്നുള്ള സന്ദേശം വന്നെത്തുകയും ബാങ്ക്-വിളി സ്ഥിരപ്പെടുകയും ചെയ്തു.
ബാങ്ക് എന്നാൽ: നിസ്കാര സമയം പ്രവേശിച്ചതായുള്ള അറിയിപ്പാണ്. ഇഖാമത്ത് എന്നാൽ: നിസ്കാരം തുടങ്ങാൻ പോകുന്നു എന്നുള്ള അറിയിപ്പുമാണ്.
പുരുഷന്മാരുടെ ഒരു സംഘത്തെ സംബന്ധിച്ചിടത്തോളം നിർബന്ധ നിസ്കാരങ്ങൾക്ക് ബാങ്കും ഇഖാമത്തും നിർവ്വഹിക്കുക എന്നത് ഫർദ് കിഫായയാണ് (ജനങ്ങളിൽ ഒരാൾ ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിയുന്ന വിധത്തിലുള്ള നിർബന്ധകർമ്മം). ഇവ രണ്ടും ഇസ്ലാമിന്റെ പ്രത്യക്ഷചിഹ്നങ്ങളിൽ പെട്ടതാണ്. അതിനാൽ ഇവ രണ്ടും ഉപേക്ഷിക്കാൻ പാടില്ല.
ബാങ്ക് വിളിയുടെ നിബന്ധനകൾ:
1- മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പുരുഷനായിരിക്കുക.
2- ബാങ്ക്വിളിയുടെ വാക്കുകൾ നിശ്ചയിക്കപ്പെട്ട ക്രമത്തിൽ തന്നെ പറയണം.
3- ബാങ്ക് തുടർച്ചയായി -ബാങ്ക്വിളിയുടെ വാക്കുകൾക്കിടയിൽ നീണ്ട ഇടവേളയില്ലാതെ- നിർവ്വഹിക്കണം.
4- നിസ്കാരത്തിന്റെ സമയം പ്രവേശിച്ചതിന് ശേഷം മാത്രമേ ബാങ്ക്‌വിളിക്കാവൂ. ഈ വിധി സുബ്ഹി നിസ്കാരത്തിനും ജുമുഅക്കും വേണ്ടിയുള്ള ആദ്യത്തെ ബാങ്കിന്റെ കാര്യത്തിൽ ഒഴിവാണ്.
ബാങ്ക്-വിളിയുടെ സുന്നത്തുകൾ:
2- രണ്ട് വിരലുകളും ഇരുകാതുകളിൽ വെക്കുക.
2- നിസ്കാര സമയത്തിന്റെ ആരംഭത്തിൽ തന്നെ ബാങ്ക് വിളിക്കുക.
3- 'ഹയ്യഅല'കൾ (ഹയ്യാലസ്സ്വലാഹ്, ഹയ്യാലൽ ഫലാഹ് എന്നിവ) പറയുമ്പോൾ വലത്തോട്ടും ഇടത്തോട്ടും തലതിരിക്കുക.
4- നല്ല ശബ്ദമുള്ള വ്യക്തി ബാങ്ക്കൊടുക്കുന്നതാണ് അഭികാമ്യം.
5- അക്ഷരങ്ങളെ നീട്ടിപ്പറയാതെയും അമിതമായി വലിച്ചു നീട്ടാതെയും, സാവധാനത്തിൽ ബാങ്കിന്റെ വാക്കുകൾ പറയുക.
6- ബാങ്ക്വിളിയിലെ ഓരോ വാക്യത്തിനും ശേഷം അൽപ്പം നിർത്തുക.
7- ഖിബ്ലക്ക് അഭിമുഖമായി ബാങ്ക്വിളിക്കുക.
ബാങ്ക്വിളിയിൽ പതിനഞ്ച് വാക്യങ്ങളുണ്ട്. ബിലാൽ (رضي الله عنه) നബി ﷺ യുടെ മുന്നിൽ സ്ഥിരമായി ബാങ്ക് വിളിച്ചിരുന്നത് ഈ രൂപത്തിലായിരുന്നു.
ബാങ്ക് വിളിയിലെ വാചകങ്ങൾ:
അല്ലാഹു അക്ബർ (നാല് തവണ)
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്: രണ്ടുതവണ.
അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്: രണ്ടുതവണ.
ഹയ്യ അലസ്സ്വലാഹ്: രണ്ട് തവണ.
ഹയ്യ അലൽ ഫലാഹ്: രണ്ട് തവണ.
പിന്നീട്: (അല്ലാഹു അക്ബർ) - രണ്ട് തവണ.
അവസാനം: (ലാ ഇലാഹ ഇല്ലല്ലാഹ്) - ഒരു തവണ.
സുബ്ഹി ബാങ്കിൽ, 'ഹയ്യ അലൽ ഫലാഹ്'ന് ശേഷം 'അസ്സ്വലാത്തു ഖൈറും മിനന്നൗം' എന്നു കൂടി രണ്ട് തവണ പറയണം. ജനങ്ങൾ സാധാരണയായി ഉറങ്ങുന്ന സമയമാണ് അത് എന്നതിനാലാണത്. (നിസ്കാരമാണ് ഉറക്കത്തെക്കാൾ ഉത്തമം എന്നാണ് ഇതിന്റെ അർഥം.)
ഇഖാമത്ത് പതിനൊന്ന് വാക്യങ്ങളാണ്. ഇഖാമത്തിന്റെ വാചകങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കണം. കാരണം, അത് മസ്ജിദിൽ സന്നിഹിതരായവരെ നിസ്കരിക്കാൻ പോകുന്നു എന്ന് അറിയിക്കാൻ വേണ്ടിയുള്ളതാണ്. അതിനാൽ ഇഖാമത്തിന്റെ വാചകങ്ങൾ സാവധാനത്തിൽ പറയേണ്ട ആവശ്യമില്ല.
ഇഖാമത്തിന്റെ രൂപം ഇപ്രകാരമാണ്:
(അല്ലാഹു അക്ബർ) - രണ്ട് തവണ.
(അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്) - ഒരു തവണ.
(അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) - ഒരു തവണ.
(ഹയ്യ അലസ്സ്വലാഹ്) - ഒരു തവണ.
(ഹയ്യ അലൽ ഫലാഹ്) - ഒരു തവണ.
(ഖദ് ഖാമത്തിസ്സ്വലാഹ്) - രണ്ട് തവണ.
(അല്ലാഹു അക്ബർ) - രണ്ട് തവണ.
(ലാ ഇലാഹ ഇല്ലല്ലാഹ്) - ഒരു തവണ.
ബാങ്ക് വിളി കേൾക്കുന്നവർ മുഅദ്ദിൻ (ബാങ്ക്വിളിക്കുന്ന വ്യക്തി) പറയുന്നത് പോലെ പറയുക സുന്നത്താണ്. എന്നാൽ 'ഹയ്യ അലസ്സ്വലാഹ്' എന്നും 'ഹയ്യ അലൽ ഫലാഹ്' എന്നും പറയുമ്പോൾ (ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്) എന്നാണ് കേൾക്കുന്നവർ പറയേണ്ടത്. ശേഷം നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലണം. അതിനുശേഷം ഇപ്രകാരം പറയണം:
«اللهمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، إِنَّكَ لَا تُخْلِفُ الْمِيعَادَ».
(അർഥം:)"ഈ പരിപൂർണമായ ക്ഷണത്തിന്റെയും, നിർവഹിക്കാൻ പോകുന്ന നിസ്കാരത്തിന്റെയും റബ്ബായ അല്ലാഹുവേ! മുഹമ്മദ് നബിﷺക്ക് നീ വസീലത് നൽകേണമേ. ശ്രേഷ്ഠതയും നൽകേണമേ. അവിടുത്തേക്ക് വാഗ്ദാനം നൽകിയ മഖാമുൻ മഹ്മൂദിൽ (സ്തുത്യർഹമായ സ്ഥാനത്ത്) നീ മുഹമ്മദ് നബിﷺയെ നിയോഗിക്കേണമേ! നീ വാഗ്ദാനം ലംഘിക്കുകയേയില്ല." (സ്വർഗ്ഗത്തിലെ ഉന്നതമായ ഒരു സ്ഥാനമാണ് 'വസീല')12
അതോടൊപ്പം ഈ ദിക്റും ചൊല്ലാം:
«رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ ﷺ نَبِيًّا».
(സാരം: അല്ലാഹുവിനെ (എന്റെ) രക്ഷിതാവായ റബ്ബായും, ഇസ്ലാമിനെ (എന്റെ) മതമായും, മുഹമ്മദ് നബി -ﷺ- യെ (എന്റെ) നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു.)13
ബാങ്ക് വിളിച്ചതിന് ശേഷം ഒരു കാരണവുമില്ലാതെ -അല്ലെങ്കിൽ മടങ്ങിവരാൻ ഉദ്ദേശ്യമില്ലാതെ- മസ്ജിദിൽ നിന്ന് പുറത്തുപോകുന്നത് ഹറാമാണ്.
രണ്ട് നിസ്കാരങ്ങൾ ഒരുമിച്ച് (ജംആക്കി കൊണ്ട്) നിർവ്വഹിക്കുമ്പോൾ, ഒരു ബാങ്ക് മാത്രം വിളിച്ചാൽ മതി. എന്നാൽ ഓരോ നിസ്കാരത്തിനും ഓരോ ഇഖാമത്ത് വീതം വിളിക്കണം.
രണ്ട്: നിസ്കാരത്തിന്റെ സ്ഥാനവും ശ്രേഷ്ഠതയും.
ശഹാദത്ത് കലിമഃക്ക് ശേഷം ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭമാണ് നിസ്കാരം. അതിന് പ്രത്യേക സ്ഥാനമുണ്ട്. കാരണം, അല്ലാഹു അത് നബി ﷺ ക്ക് മിഅ്റാജിന്റെ രാത്രിയിൽ ആകാശത്തുവെച്ച് നേരിട്ട് നിർബന്ധമാക്കിയതാണ്. നിസ്കാരത്തിന്റെ മഹത്വവും അല്ലാഹുവിങ്കൽ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്നതാണ് അക്കാര്യം.
നിസ്കാരത്തിന്റെ ശ്രേഷ്ഠതയും അത് ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാണെന്നും വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. നിസ്കാരം നിർബന്ധമാണെന്നത് ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ പെട്ട, ഏവർക്കും അറിയാവുന്ന പ്രാഥമിക പാഠങ്ങളിൽ പെട്ടതാണ്.
നിസ്കാരം നിർബന്ധമാണെന്നും അത് ഒഴിവാക്കാനാവാത്തതാണെന്നും സൂചിപ്പിക്കുന്ന ധാരാളം ഖുർആൻ ആയത്തുകളും ഹദീഥ് വചനങ്ങളുമുണ്ട്. അവയിൽ ചിലത് താഴെ വിവരിക്കാം.
1- അല്ലാഹു പറയുന്നു:
﴿...إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾
"തീര്ച്ചയായും നിസ്കാരം സത്യവിശ്വാസികള്ക്ക് സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു." (നിസാഅ്:103) അതായത്, നബി (ﷺ) പഠിപ്പിച്ചു നൽകിയ നിശ്ചിത സമയങ്ങളിൽ തന്നെ നിർവ്വഹിക്കണം എന്ന നിർബന്ധമുള്ളവയാണ് നിസ്കാരം എന്നർഥം.
2- അല്ലാഹു പറയുന്നു:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ...﴾
"കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നിസ്കാരം നിലനിര്ത്തുവാനുമാണ് ... അവരോട് കൽപ്പിക്കപ്പെട്ടിട്ടുള്ളത്." (ബയ്യിന:5)
3- അല്ലാഹു പറയുന്നു:
﴿فَإِنْ تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ...﴾
"എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നിസ്കാരം മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു." (തൗബ: 11)
4- ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلَاةِ».
"ഒരു വ്യക്തിക്കും ബഹുദൈവാരാധനയ്ക്കും അവിശ്വാസത്തിനും ഇടയിലുള്ളത് നിസ്കാരം ഉപേക്ഷിക്കലാണ്."14
5- ബുറൈദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
«العَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَن تَرَكَهَا فَقَدْ كَفَرَ».
"നമ്മളും അവർക്കും (നിഷേധികൾക്കും) ഇടയിലുള്ള രേഖ നിസ്കാരമാണ്. അത് ഉപേക്ഷിക്കുന്നവൻ അവിശ്വാസിയായിരിക്കുന്നു."15
നിസ്കാരം നിർബന്ധമാണെന്നത് നിഷേധിക്കുന്നവൻ കാഫിറായിരിക്കുന്നു എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. മടിയും അശ്രദ്ധയും കാരണം നിസ്കാരം ഉപേക്ഷിക്കുന്നവനും കാഫിറായിരിക്കുന്നു എന്നതാണ് കൂടുതൽ ശരിയായ അഭിപ്രായം; മുകളിൽ പറഞ്ഞ സ്വഹീഹായ ഹദീഥുകളും, സ്വഹാബികളുടെ ഏകാഭിപ്രായവും അതിനെ ബലപ്പെടുത്തുന്നുണ്ട്.
മൂന്ന്: നിസ്കാരത്തിന്റെ നിബന്ധനകൾ.
1- നിസ്കാരത്തിന്റെ സമയമാവുക.
അല്ലാഹു പറയുന്നു:
﴿...إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا﴾
"തീര്ച്ചയായും നിസ്കാരം സത്യവിശ്വാസികള്ക്ക് സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു." (നിസാഅ്) അതായത്, നിർണ്ണിതമായ സമയങ്ങളിൽ നിർവ്വഹിച്ചിരിക്കേണ്ട നിർബന്ധബാധ്യതയാണ് നിസ്കാരം എന്നർത്ഥം.
നിർബന്ധ നിസ്കാരങ്ങളുടെ സമയങ്ങൾ താഴെ പറയുന്നവയാണ്:
(1) സുബ്ഹ്: പുലരി ഉദിച്ചത് മുതൽ സൂര്യോദയം വരെ.
(2) ദ്വുഹ്ർ: സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ, ഓരോ വസ്തുവിന്റെയും നിഴൽ അതിന്റെ നീളത്തിന് തുല്യമാകുന്നത് വരെ.
(3) അസ്വർ: ദ്വുഹ്ർ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നത് മുതൽ സൂര്യൻ മഞ്ഞ നിറത്തിലാകുന്നത് വരെ; അനിവാര്യ സാഹചര്യങ്ങളാൽ നിസ്കാരം ഈ പറയപ്പെട്ട സമയം നിർവ്വഹിക്കാൻ സാധിക്കാത്തവർക്ക്, അതിന് ശേഷം സൂര്യാസ്തമയം വരെ സമയമുണ്ട്.
(4) മഗ്രിബ്: സൂര്യാസ്തമയം മുതൽ ചക്രവാളത്തിൽ നിന്ന് ചുവപ്പ് നിറം അപ്രത്യക്ഷമാകുന്നത് വരെ.
(5) ഇശാഅ്: മഗ്രിബിന്റെ സമയം അവസാനിക്കുന്നത് മുതൽ അർദ്ധരാത്രി വരെ.
2- ഔറത്ത് മറയ്ക്കുക:
ഔറത്ത് എന്നാൽ നിർബന്ധമായും മറയ്ക്കേണ്ടതും, ജനങ്ങൾ കാണുന്നത് മോശമായി കണക്കാക്കപ്പെടുന്നതും ലജ്ജിക്കേണ്ടതുമായ ശരീരഭാഗങ്ങളാണ്. പുരുഷന്റെ ഔറത്ത് പൊക്കിളിനും കാൽമുട്ടിനും ഇടയിലുള്ള ഭാഗമാണ്. നിസ്കാരത്തിൽ സ്ത്രീയുടെ ഔറത്ത് മുഖമൊഴികെയുള്ള, മുഴുവൻ ശരീരവുമാണ്. അന്യപുരുഷന്മാരുടെ സാന്നിധ്യത്തിലാണ് നിസ്കരിക്കുന്നത് എങ്കിൽ മുഖവും മറയ്ക്കണം; അവൾക്ക് വിവാഹബന്ധം നിഷിദ്ധമല്ലാത്ത പുരുഷന്മാരെല്ലാം അന്യപുരുഷന്മാരാണ്.
3- നജസിൽ നിന്ന് അകന്നുനിൽക്കുക:
നജസ് എന്നാൽ, നിസ്കാരം നിർവ്വഹിക്കുന്നതിൽ നിന്ന് തടയുന്ന, ഇസ്ലാമിൽ കൃത്യമായി നിർണ്ണയിക്കപ്പെട്ട മാലിന്യങ്ങളാണ്; മൂത്രം, മലം, രക്തം എന്നിവ ഉദാഹരണം. നിസ്കരിക്കുന്ന വ്യക്തിയുടെ ശരീരത്തിലും വസ്ത്രത്തിലും, നിസ്കരിക്കുന്ന സ്ഥലത്തും നജസ് ഉണ്ടാകരുത്.
4- ഖിബ്‌ലക്ക് അഭിമുഖമായി നിൽക്കുക:
ഖിബ്‌ല എന്നാൽ പരിശുദ്ധമായ കഅ്ബയാണ്. ജനങ്ങൾ അതിലേക്ക് തിരിയുകയും മുന്നിടുകയും ചെയ്യുന്നത് കൊണ്ടാണ് അതിന് ഖിബ്‌ല എന്ന പേരുവന്നത്.
ഖിബ്ലക്ക് അഭിമുഖമായി നിൽക്കാതെ നിസ്കാരം സാധുവാകില്ല. അല്ലാഹു പറയുന്നു:
﴿...وَحَيۡثُ مَا كُنتُمۡ فَوَلُّواْ وُجُوهَكُمۡ شَطۡرَهُ...﴾
"നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്ക്കാണ് (കഅ്ബയുടെ നേർക്കാണ്) നിങ്ങള്‍ മുഖം തിരിക്കേണ്ടത്." (ബഖറ: 144)
5- നിയ്യത്ത് വെക്കൽ.
നിയ്യത്ത് എന്നാൽ അറബി ഭാഷയിൽ ഉദ്ദേശ്യം എന്നാണ് അർത്ഥം. ഇസ്ലാമിന്റെ സാങ്കേതികഭാഷയിൽ: അല്ലാഹുവിലേക്ക് സാമീപ്യം തേടുക എന്ന ലക്ഷ്യത്തോടെ, ഒരു ആരാധന (ഇബാദത്ത്) ചെയ്യാൻ മനസ്സുകൊണ്ട് ഉറപ്പിക്കുന്നതിനാണ് നിയ്യത്ത് എന്ന് പറയുക. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്, അത് നാവുകൊണ്ട് ഉച്ചരിക്കേണ്ടതില്ല. നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് ദീനിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ട അനാചാരമായ ബിദ്അത്താണ്.
4- നിസ്കാരത്തിന്റെ റുക്നുകൾ (അവിഭാജ്യ ഘടകങ്ങൾ)
നിസ്കാരത്തിന് 14 റുക്നുകൾ ഉണ്ട്.
1- കഴിവുണ്ടെങ്കിൽ നിന്നുകൊണ്ട് തന്നെ നിസ്കരിക്കുക.
അല്ലാഹു പറയുന്നു:
﴿...وَقُومُواْ لِلَّهِ قَٰنِتِينَ﴾
"അല്ലാഹുവിന്റെ മുമ്പില്‍ ഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്." (ബഖറ: 238) ഇംറാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ നബി ﷺ പറയുന്നു:
«صَلِّ قَائِمًا، فَإِن لَمْ تَسْتَطِعْ فَقَاعِدًا، فَإِن لَمْ تَسْتَطِعْ فَعَلَى جَنْبٍ».
"നിന്നുകൊണ്ട് നിസ്കരിക്കുക. അതിന് കഴിയില്ലെങ്കിൽ ഇരുന്നുകൊണ്ട്, അതിനും കഴിയില്ലെങ്കിൽ ഒരു വശം ചെരിഞ്ഞുകൊണ്ട് നിസ്കരിക്കുക."16
അസുഖം കാരണം നിൽക്കാൻ കഴിയാത്തവർക്ക് അവരുടെ അവസ്ഥ അനുസരിച്ച് ഇരുന്നോ, അല്ലെങ്കിൽ ഒരു വശം ചെരിഞ്ഞോ നിസ്കരിക്കാം. രോഗിയെപ്പോലെ തന്നെയാണ് ഭയപ്പെടുന്ന സ്ഥിതിയിൽ അകപ്പെട്ടവരും, നഗ്നത മറക്കാൻ കഴിയാത്തവരും, ചികിത്സയുടെ ഭാഗമായി -നിൽക്കാൻ പാടില്ലെന്ന് നിർദേശം കിട്ടിയതിനാൽ- ഇരിക്കുകയോ കിടക്കുകയോ ചെയ്യേണ്ടിവരുന്നവനും. അതുപോലെ, ഒരു മസ്ജിദിലെ സ്ഥിരം ഇമാം നിൽക്കാൻ കഴിവില്ലാത്ത സന്ദർഭത്തിൽ ഇമാമായി നിസ്കരിക്കുകയാണെങ്കിൽ, പിന്നിലുള്ളവരും അദ്ദേഹത്തെ പിന്തുടർന്ന് ഇരുന്നുകൊണ്ട് നിസ്കരിക്കണം. സുന്നത്തായ നിസ്കാരങ്ങൾ ഇരുന്നുകൊണ്ട് നിസ്കരിക്കാവുന്നതാണ്, അത് നിന്നുകൊണ്ട് നിസ്കരിക്കാൻ കഴിവുള്ളവരാണെങ്കിൽ പോലും. പക്ഷേ, ഇരുന്നു നിസ്കരിക്കുന്നതിന്റെ പ്രതിഫലം നിന്നുകൊണ്ടുള്ള നിസ്കാരത്തിന്റെ പ്രതിഫലം പോലെയായിരിക്കില്ല.
2- തക്ബീറത്തുൽ ഇഹ്റാം; അതായത്, നിസ്കാരത്തിന്റെ തുടക്കത്തിൽ അല്ലാഹു അക്ബർ എന്ന് പറയുക.
നബി -ﷺ- പറഞ്ഞു:
«ثُمَّ اسْتَقْبِلِ الْقِبْلَةَ، وَكَبِّرْ».
"(നിസ്കരിക്കുമ്പോൾ) ഖിബ്ലക്ക് അഭിമുഖമായി നിൽക്കുകയും, തക്ബീർ ചൊല്ലുകയും ചെയ്യുക."17
തക്ബീറതുൽ ഇഹ്റാമിന്റെ രൂപം 'അല്ലാഹു അക്ബർ' എന്ന് പറയലാണ്; അതല്ലാത്ത മറ്റൊരു വാക്കും അവിടെ പറഞ്ഞാൽ അത് സാധുവാകില്ല.
3- ഫാത്തിഹ ഓതുക.
നബി -ﷺ- പറഞ്ഞു:
«لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ».
"ഫാത്തിഹ ഓതാത്ത ഒരാൾക്കും നിസ്കാരമില്ല."18
4- എല്ലാ റക്അത്തിലും റുകൂഅ് ചെയ്യുക:
അല്ലാഹു പറയുന്നു:
﴿يَاأَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا...﴾
"സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഉം സുജൂദും ചെയ്യുക." (ഹജ്ജ്: 77)
5&6-
റുകൂഇൽ നിന്ന് ഉയരുകയും, നേരെ നിൽക്കുകയും ചെയ്യുക.
റുകൂഇൽ നിന്ന് ഉയർന്നാൽ -മുൻപ് ചെയ്തതു പോലെ- നേരെ നിൽക്കണം. നബി ﷺ തൻ്റെ നിസ്കാരത്തിൽ ഈ പ്രവർത്തി സ്ഥിരമായി ചെയ്തിരുന്നു.
നിസ്കാരത്തിൽ അബദ്ധം വരുത്തിയ ഒരാളോട് നബി (ﷺ) നിസ്കാരം വിവരിച്ചു നൽകിയ ഹദീഥിൽ അവിടുന്ന് പറഞ്ഞു:
«ثُمَّ ارْفَعْ حَتَّى تَعْتَدِلَ قَائِمًا».
"പിന്നീട് നീ തലഉയർത്തി പൂർണ്ണമായി നിവർന്നു നിൽക്കുക."19
7- ഏഴ് അവയവങ്ങൾക്ക് മേൽ സുജൂദ് ചെയ്യുക:
നെറ്റി, മൂക്ക്, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെയും അഗ്രം എന്നിവയാണ് സുജൂദിൻ്റെ ഏഴ് അവയവങ്ങൾ. നബി -ﷺ- പറഞ്ഞു:
«أُمِرْنَا أَنْ نَسْجُدَ عَلَى سَبْعَةِ أَعْظُمٍ: الجَبْهَةِ، وَأَشَارَ بِيدِهِ عَلَى أَنْفِهِ، وَالكَفَّيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ القَدَمَيْنِ».
"ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു: നെറ്റി -അവിടുന്ന് തൻ്റെ കൈകൊണ്ട് മൂക്കിലേക്ക് ചൂണ്ടിക്കൊണ്ടാണ് അത് പറഞ്ഞത്-, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അഗ്രം."20
8- സുജൂദിൽ നിന്ന് ഉയരുകയും, രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇരിക്കുകയും ചെയ്യുക.
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
«كَانَ النَّبِيُّ ﷺ إِذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ، لَمْ يَسْجُدْ حَتَّى يَسْتَوِيَ جَالِسًا».
"നബി (ﷺ) സുജൂദിൽ നിന്ന് തല ഉയർത്തിയാൽ, ഇരുന്നതിന് ശേഷം മാത്രമേ അടുത്ത സുജൂദ് ചെയ്യുമായിരുന്നുള്ളൂ."21
9- എല്ലാ റുക്നുകളിലും (അൽപസമയമെങ്കിലും) ശാന്തമായി കഴിച്ചുകൂട്ടുക.
(الطمأنينة) എന്നാൽ കുറച്ചു നേരമെങ്കിലും ശാന്തമായി നിൽക്കുക എന്നാണ് അർത്ഥം. നിസ്കാരത്തിൽ തെറ്റ് വരുത്തിയ ആളെ തിരുത്തിയ ഹദീഥിൽ നബി -ﷺ- പറഞ്ഞു:
«حَتَّى تَطْمَئِنَّ».
"(ഓരോ റുക്നിലും) നീ ശാന്തമായി നിൽക്കുക ..."22
10&11-
അവസാനത്തെ തശഹ്ഹുദും അതിനുവേണ്ടിയുള്ള ഇരുത്തവും:
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരം കാണാം:
«إِذَا صَلَّى أَحَدُكُمْ فَلْيَقُلْ: التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلٰهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ».
"നിങ്ങളിൽ ആരെങ്കിലും നിസ്കരിക്കുകയാണെങ്കിൽ അവൻ ഇപ്രകാരം പറയട്ടെ:
(സാരം) "സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."23
12- അവസാനത്തെ അത്തഹിയ്യാത്തിൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക:
ഇപ്രകാരമാണ് സ്വലാത്ത് ചൊല്ലേണ്ടത്:
«اللَّهُمَّ صَلِّ عَلَى مُحَمَّدٍ».
"അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്".24 അതിൽ കൂടുതൽ പറയുന്നത് സുന്നത്താണ്.
13- ഇത്രയും പറഞ്ഞ റുക്നുകൾക്കിടയിലെ ക്രമം പാലിക്കുക:
കാരണം നബി -ﷺ- നിസ്കരിച്ചത് ക്രമത്തിലാണ്. നബി ﷺ പറഞ്ഞിട്ടുണ്ട്:
«صَلُّوا كَمَا رَأَيْتُمُونِي أُصَلِّي».
"ഞാൻ നിസ്കരിക്കുന്നത് നിങ്ങൾ എങ്ങനെ കണ്ടുവോ, അങ്ങനെ തന്നെ നിങ്ങളും നിസ്കരിക്കുക."25 നിസ്കാരത്തിൽ തെറ്റ് വരുത്തിയ ഒരാളോട് റുക്നുകൾ വിവരിക്കുമ്പോൾ ഓരോന്നിനും ശേഷം "പിന്നെ" എന്ന വാക്ക് നബി ﷺ ഉപയോഗിച്ചു എന്നതും അവയുടെ ക്രമം പാലിക്കേണ്ടതുണ്ട് എന്ന കാര്യം സൂചിപ്പിക്കുന്നു.
14- സലാം വീട്ടുക.
നബി -ﷺ- പറഞ്ഞു:
««وَخِتَامُهَا التَّسْلِيمُ».
"നിസ്കാരത്തിൻ്റെ പൂർത്തീകരണം സലാം വീട്ടൽ ആണ്." അവിടുന്ന് പറഞ്ഞു:
«وَتَحْلِيلُهَا التَّسْلِيمُ».
"നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നത് സലാം വീട്ടലോടെ ആണ്."26
5- നിസ്കാരത്തിലെ നിർബന്ധ കാര്യങ്ങൾ (വാജിബാത്ത്):
നിസ്കാരത്തിലെ വാജിബുകൾ എട്ടെണ്ണമാണ്:
1- തക്ബീറത്തുൽ ഇഹ്റാം ഒഴികെയുള്ള എല്ലാ തക്ബീറുകളും.
2- റുകൂഇൽ ഒരുതവണ "സുബ്ഹാന റബ്ബിയൽ അളീം" എന്ന് പറയൽ. മൂന്ന് തവണ വരെ അധികരിപ്പിക്കുന്നത് സുന്നത്താണ്. ഏറ്റവും ചുരുങ്ങിയ പൂർണ്ണത അതാണ്. പത്തു തവണ വരെയാകുന്നത് അതിൻ്റെ ഏറ്റവും ഉയർന്ന രൂപവും.
3- റുകൂഇൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും "സമിഅല്ലാഹു ലിമൻ ഹമിദഹ്" എന്ന് പറയൽ.
4- റുകൂഇൽ നിന്ന് നിവർന്നു നിൽക്കുമ്പോൾ "റബ്ബനാ വലകൽ ഹംദ്" എന്ന് പറയൽ.
5- സുജൂദിൽ ഒരിക്കൽ "സുബ്ഹാന റബ്ബിയൽ അഅ്ലാ" എന്ന് പറയൽ. മൂന്നു തവണ വരെ വർദ്ധിപ്പിക്കുന്നത് സുന്നത്താണ്.
6- രണ്ട് സുജൂദുകൾക്കിടയിൽ ഒരുതവണ "റബ്ബിഗ്ഫിർ ലീ" എന്ന് പറയൽ. ഇതും മൂന്നു തവണ വരെ വർദ്ധിപ്പിക്കുന്നത് സുന്നത്താണ്.
7- ഒന്നാമത്തെ തശഹ്ഹുദ്. അത് ഇപ്രകാരമാണ്:
«التَّحِيَّاتُ لِلَّهِ، وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلٰهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ».
(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."27
8- ഒന്നാമത്തെ അത്തഹിയ്യാത്തിനു വേണ്ടിയുള്ള ഇരുത്തം.
6- നിസ്കാരത്തിലെ സുന്നത്തുകൾ:
സുന്നത്തുകൾ ഒഴിവാക്കിയാൽ നിസ്കാരം അസാധുവാകില്ല. അവ രണ്ട് തരത്തിലുണ്ട്: വാചികമായ സുന്നത്തുകൾ, കർമ്മപരമായ സുന്നത്തുകൾ.
ഒന്ന്: വാചികമായ സുന്നത്തുകൾ:
1- ദുആഉൽ ഇസ്തിഫ്താഹ് (പ്രാരംഭ പ്രാർത്ഥന). ഇതിന് പല രൂപങ്ങളുണ്ട്. അതിലൊന്നാണ്:
«سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالى جَدُّكَ، وَلا إِلٰهَ غَيْرُكَ».
"അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."28
2- ഫാത്തിഹഃ പാരായണം ചെയ്യുന്നതിന് മുൻപ്, പിശാചിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടൽ. "അഊദുബില്ലാഹി മിനശ്ശൈത്വാനിർറജീം" എന്ന് പറഞ്ഞാൽ ഈ സുന്നത്ത് ലഭിക്കുന്നതാണ്.
3- ഖുർആൻ പാരായണത്തിന് മുമ്പുള്ള ബിസ്മി ചൊല്ലൽ. "ബിസ്മില്ലാഹിർറഹ്മാനിർറഹീം" എന്ന് പറഞ്ഞാൽ ഈ സുന്നത്ത് നേടാം.
4- റുകൂഇലെയും സുജൂദിലെയും തസ്ബീഹുകൾ ഒന്നിൽ കൂടുതൽ തവണ വർദ്ധിപ്പിക്കുന്നത്.
5- രണ്ട് സുജൂദുകൾക്കിടയിൽ "റബ്ബിഗ്ഫിർ ലീ" എന്ന് ഒന്നിൽ കൂടുതൽ തവണ പറയുക.
«رَبِّ اغْفِرْ لِي».
6- "റബ്ബനാ വലകൽ ഹംദ്" എന്ന് പറഞ്ഞതിനു ശേഷം
«مَلْءَ السَّمَاوَاتِ، وَمَلْءَ الْأَرْضِ، وَمَلْءَ مَا بَيْنَهُمَا، وَمَلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ».
എന്ന് പറയുക.
(സാരം: (നിനക്കാകുന്നു സർവ്വ സ്തുതിയും) ആകാശങ്ങൾ നിറയെ! ഭൂമിയും നിറയെ! അവ രണ്ടിനുമിടയിലും നിറയെ! അതുകഴിഞ്ഞാൽ നീയുദ്ദേശിക്കുന്നതെല്ലാം നിറയെ!) -
«رَبَّنَا ولَكَ الحَمْدُ».
7- ഫാത്തിഹക്ക് ശേഷം ഖുർആൻ പാരായണം ചെയ്യുക.
8- അവസാനത്തെ അത്തഹിയ്യാത്തിലെ ദുആ.
«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ».
"അല്ലാഹുവേ! നരകശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു."29 അവസാനത്തെ തശഹ്ഹുദിൽ ഇതിന് ശേഷം ദുആകൾ അധികരിപ്പിക്കുന്നതും സുന്നത്താണ്.
രണ്ട്: കർമ്മപരമായ സുന്നത്തുകൾ:
1- നാല് സ്ഥലങ്ങളിൽ കൈകൾ ചുമലുകൾക്ക് നേരെ അല്ലെങ്കിൽ ചെവികൾക്ക് നേരെ ഉയർത്തുക:
a. തക്ബീറത്തുൽ ഇഹ്റാമിൻ്റെ വേളയിൽ.
b. റുകൂഇൻ്റെ വേളയിൽ.
c. റുകൂഇൽ നിന്ന് ഉയരുമ്പോൾ.
d. മൂന്നാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോൾ
2- റുകൂഇന് മുമ്പും ശേഷവും, നെഞ്ചിന് മേലായി, വലത് കൈ ഇടത് കൈക്ക് മുകളിൽ വെക്കുക.
3- സുജൂദിന്റെ സ്ഥലത്തേക്ക് നോക്കുക.
4- സുജൂദിൽ കൈത്തണ്ടകൾ ശരീരത്തിൽ നിന്ന് അകറ്റി വെക്കുക.
5- രണ്ട് സുജൂദുകൾക്കിടയിൽ തുടകളിൽ നിന്ന് വയറ് അകറ്റി വെക്കുക.
6- മൂന്ന് അല്ലെങ്കിൽ നാല് റക്അത്തുകളുള്ള നിസ്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്ത് ഒഴികെയുള്ള എല്ലാ ഇരുത്തങ്ങളിലും ഇഫ്തിറാശിൻ്റെ ഇരുത്തം സ്വീകരിക്കുക.
7- മൂന്ന് അല്ലെങ്കിൽ നാല് റക്അത്തുകളുള്ള നിസ്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്തിൽ തവർറുക്കിൻ്റെ ഇരുത്തം സ്വീകരിക്കുക.
ഏഴ്: നിസ്കാരത്തിന്റെ രൂപം.
1- നബി ﷺ നിസ്കാരത്തിനായി നിന്നാൽ ഖിബ്ലക്ക് അഭിമുഖമായി നിൽക്കുകയും, ശേഷം കൈകൾ ഉയർത്തി, വിരലുകളുടെ ഉൾഭാഗം ഖിബ്ലക്ക് നേരെയാക്കി, "അല്ലാഹു അക്ബർ" എന്ന് പറയുകയും ചെയ്യുമായിരുന്നു.
«اللهُ أَكْبَرُ».
2- ശേഷം ഇടതുകൈ വലതുകൈകൊണ്ട് പിടിക്കുകയും, തൻ്റെ നെഞ്ചിനു മുകളിൽ വെക്കുകയും ചെയ്യും.
3- ശേഷം പ്രാരംഭ പ്രാർത്ഥന (ഇസ്തിഫ്താഹ്) ചൊല്ലും. നബി ﷺ എപ്പോഴും ഒരേ രൂപത്തിലുള്ള പ്രാരംഭപ്രാർത്ഥനയല്ല ചൊല്ലാറുണ്ടായിരുന്നത്. അതിനാൽ, നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട എല്ലാ പ്രാരംഭ ദുആകളും ചൊല്ലാവുന്നതാണ്. അവയിലൊന്ന് ഇപ്രകാരമാണ്:
«سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالى جَدُّكَ، وَلَا إِلٰهَ غَيْرُكَ».
"അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."
4- ശേഷം ഇപ്രകാരം പറയുക:
«أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ، بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ».
"ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു; ഏറ്റവും കാരുണ്യവാനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ."
5- ശേഷം ഫാതിഹ ഓതും. അത് പൂർത്തിയാക്കിയാൽ "ആമീൻ" എന്ന് പറയും.
6- ശേഷം ഖുർആനിൽ നിന്ന് കുറച്ചുഭാഗം ഓതും. സുബ്ഹ് നിസ്കാരത്തിലും, മഗ്രിബ്, ഇശാഅ് നിസ്കാരങ്ങളിലെ ആദ്യത്തെ രണ്ട് റക്അത്തുകളിലും ശബ്ദമുയർത്തിയായിരുന്നു അവിടുന്ന് ഓതിയിരുന്നത്. മറ്റുള്ള നിസ്കാരങ്ങളിൽ ശബ്ദം താഴ്ത്തിയുമാണ് ഓതാറുണ്ടായിരുന്നത്. ഓരോ നിസ്കാരത്തിലെയും ആദ്യ റക്അത്ത് രണ്ടാമത്തെ റക്അത്തിനെക്കാൾ നബി ﷺ ദീർഘിപ്പിക്കുമായിരുന്നു.
7- ശേഷം നിസ്കാരത്തിൻ്റെ തുടക്കത്തിൽ കൈ ഉയർത്തിയതുപോലെ അവിടുന്ന് കൈകൾ ഉയർത്തുകയും, ശേഷം "അല്ലാഹു അക്ബർ" എന്ന് പറഞ്ഞു കൊണ്ട് റുകൂഇലേക്ക് പോവുകയും ചെയ്യുമായിരുന്നു. അവിടുന്ന് തൻ്റെ കൈകൾ മുട്ടുകാലുകൾക്ക് മേൽ വിരലുകൾ വിടർത്തിയ നിലയിൽ വെക്കുകയും, കൈകൾ അവയുടെ മേൽ മുറുകെ പിടിക്കുകയും ചെയ്യും. മുതുകുകൾ നേരെ പിടിക്കുകയും, തല താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാതെ നട്ടെല്ലിന് നേരെയാകുന്ന വിധത്തിൽ പിടിക്കുകയും ചെയ്യും. റുകൂഇൽ അവിടുന്ന് പറയുമായിരുന്നു:
«سُبْحَانَ رَبِّيَ الْعَظِيمِ» مرةً.
(സാരം) "അതിമഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു." ഒരു തവണയാണ് ഇത് ചൊല്ലിയിരുന്നത്. ഈ ദിക്ർ മൂന്ന് തവണ പറയലാണ് ഏറ്റവും കുറഞ്ഞ പൂർണ്ണത; മുൻപ് ഇക്കാര്യം നാം സൂചിപ്പിച്ചിട്ടുണ്ട്.
8- ശേഷം, "സമിഅല്ലാഹു ലിമൻ ഹമിദഹ്" എന്ന് പറഞ്ഞുകൊണ്ട് നബി ﷺ തല ഉയർത്തും.
«سَمِعَ اللَّهُ لِمَنْ حَمِدَهُ».
(സാരം:) അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു. റുകൂഇന് വേണ്ടി കൈകൾ ഉയർത്തിയതുപോലെ ഇവിടെയും നബി ﷺ കൈകൾ ഉയർത്തുമായിരുന്നു.
നിവർന്നുനിന്നാൽ അവിടുന്ന് പറയും:
«اللَّهُمَّ رَبَّنَا وَلَكَ الْحَمْدُ، حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ، مَلْءَ السَّمَاءِ، وَمَلْءَ الْأَرْضِ، وَمَلْءَ مَا بَيْنَهُمَا، وَمَلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ، أَهْلَ الثَّنَاءِ وَالْمَجْدِ، أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ، لَا مَانِعَ لِمَا أَعْطَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ» .
"അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ധാരാളവും വിശിഷ്ടവും അനുഗ്രഹീതവുമായ സ്തുതികൾ, ആകാശം നിറയെയും, ഭൂമി നിറയെയും, അവയുടെ ഇടയിലുള്ളതും, അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയെയും. വാഴ്ത്തലുകൾക്കും കീർത്തികൾക്കും അർഹനായവനേ! അടിമ പറയാൻ ഏറ്റവും അർഹതപ്പെട്ടത് (ഇതാകുന്നു). ഞങ്ങളെല്ലാം നിന്റെ അടിമകളാകുന്നു. നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവന്റെ കഴിവ് നിന്റെ പക്കൽ പ്രയോജനപ്പെടുകയില്ല."30 അവിടുന്ന് ഈ നിൽപ്പ് ദീർഘിപ്പിക്കാറുണ്ടായിരുന്നു.
10- പിന്നീട് തക്ബീർ ചൊല്ലി സുജൂദിലേക്ക് പോകും. അപ്പോൾ കൈകൾ ഉയർത്തില്ല. നെറ്റി, മൂക്ക്, കൈകൾ, കാൽമുട്ടുകൾ, കാലുകളുടെ അറ്റങ്ങൾ എന്നിവ നിലത്ത് വെച്ച് കൊണ്ടായിരുന്നു നബി ﷺ സുജൂദ് ചെയ്യാറുണ്ടായിരുന്നത്. കൈകളിലെയും കാലുകളിലെയും വിരലുകൾ ഖിബ്ലക്ക് നേരെ വരുന്ന വിധത്തിൽ വെക്കുകയും ചെയ്യുമായിരുന്നു. സുജൂദിൽ അവിടുന്ന് നേരാംവണ്ണം നിർവ്വഹിക്കുമായിരുന്നു. നെറ്റിയും മൂക്കും നിലത്ത് ഉറപ്പിക്കും. കൈപ്പത്തികളിൽ ശരീരഭാരം വരുന്ന വിധത്തിൽ, കൈമുട്ടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും. കൈത്തണ്ടകൾ പാർശ്വങ്ങളിൽ നിന്നും, വയറ് തുടകളിൽ നിന്നും, തുടകൾ കാൽമുട്ടുകളിൽ നിന്നും അകറ്റി നിർത്തുന്ന വിധത്തിലായിരുന്നു അവിടുന്ന് സുജൂദ് ചെയ്തിരുന്നത്. സുജൂദിൽ അവിടുന്ന് പറയുമായിരുന്നു:
«سُبْحَانَ رَبِّيَ الأَعْلَى».
(സാരം: അത്യുന്നതനായ എന്റെ നാഥൻറെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.) ഇത് ഒരു തവണയാണ് അവിടുന്ന് ചൊല്ലിയിരുന്നത്. ഈ ദിക്റിൻ്റെ ഏറ്റവും കുറഞ്ഞ പൂർണ്ണത മൂന്ന് തവണ ചൊല്ലുന്നതാണ്. ശേഷം (ഹദീഥുകളിൽ സ്ഥിരപ്പെട്ട) പ്രാർത്ഥനകളും അവിടുന്ന് ചൊല്ലുമായിരുന്നു.
11- പിന്നീട് "അല്ലാഹു അക്ബർ" എന്ന് പറഞ്ഞുകൊണ്ട് തല ഉയർത്തും. ശേഷം ഇടതുകാൽ വിരിച്ച് അതിൻ്റെ മുകളിൽ ഇരിക്കുകയും, വലതുകാൽ നാട്ടിവെക്കുകയും ചെയ്യും. പിന്നീട് തൻ്റെ കൈകൾ തുടകളിൽ വെച്ച് കൊണ്ട് പറയും:
«اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاجْبُرْنِي، وَاهْدِنِي، وَارْزُقْنِي».
(സാരം: അല്ലാഹുവേ, എന്റെ പാപങ്ങൾ പൊറുക്കണമേ! എന്നോട് കരുണ ചെയ്യേണമേ! എന്റെ കുറവുകൾ നികത്തേണമേ! എനിക്ക് നേർമാർഗവും ഉപജീവനവും നൽകേണമേ!")31
12- പിന്നീട് തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദ് ചെയ്യും. ആദ്യത്തെ സുജൂദിൽ ചെയ്തതുപോലെ രണ്ടാമത്തെ സുജൂദിലും ചെയ്യും.
13- പിന്നീട് തക്ബീർ ചൊല്ലിക്കൊണ്ട് തല ഉയർത്തുകയും മുട്ടുകളിലും തുടകളിലും ഊന്നിക്കൊണ്ട് എഴുന്നേറ്റു നിൽക്കുകയും ചെയ്യും.
14- പൂർണ്ണമായി എഴുന്നേറ്റുനിന്നാൽ, വീണ്ടും ഖുർആൻ പാരായണം ആരംഭിക്കും. എന്നിട്ട്, രണ്ടാമത്തെ റക്അത്ത് ആദ്യത്തെ റക്അത്ത് പോലെതന്നെ നിസ്കരിക്കും.
15- പിന്നീട് ഒന്നാമത്തെ തശഹ്ഹുദിന് വേണ്ടി ഇരിക്കും. രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കുന്നതുപോലെയാണ് ഇവിടെ ഇരിക്കാറുണ്ടായിരുന്നത്. വലതുകൈ വലത്തെ തുടയിലും ഇടതുകൈ ഇടത്തെ തുടയിലും വെക്കുകയും, വലതുകൈയുടെ തള്ളവിരൽ നടുവിരലിനോട് ചേർത്ത് ഒരു വലയത്തിൻ്റെ രൂപത്തിലാക്കുകയും, ചൂണ്ടുവിരൽ നീട്ടിപ്പിടിക്കുകയും അതിലേക്ക് നോക്കുകയും ചെയ്യുമായിരുന്നു. ഈ ഇരുത്തത്തിൽ അവിടുന്ന് പറയുമായിരുന്നു:
«التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ».
(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവനു കൂട്ടാളികളില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ ഇരുത്തം ചുരുങ്ങിയ ദൈർഘ്യമേ ഉണ്ടാകാറുള്ളൂ.
16- ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് അവിടുന്ന് എഴുന്നേൽക്കും. എന്നിട്ട് മൂന്നാമത്തെയും നാലാമത്തെയും റക്അത്തുകൾ നിസ്കരിക്കും. ആദ്യത്തെ രണ്ട് റക്അത്തുകളെക്കാൾ ചുരുക്കിക്കൊണ്ടാണ് ഇവ നിസ്കരിച്ചിരുന്നത്. ഈ രണ്ട് റക്അത്തുകളിലും അവിടുന്ന് ഫാത്തിഹ മാത്രമാണ് പാരായണം ചെയ്തിരുന്നത്.
17- പിന്നീട് അവസാനത്തെ അത്തഹിയ്യാത്തിൽ 'തവറുകിൻ്റെ' രീതിയിൽ ഇരിക്കും. തവറുക് എന്നാൽ ഇടതുകാൽ വലത് ഭാഗത്തു കൂടെ പുറത്തേക്ക് കൊണ്ടുവരികയും, വലതുകാൽ നാട്ടിവെക്കുകയും, നിതംബം നിലത്ത് വെക്കുകയും ചെയ്തു കൊണ്ടുള്ള ഇരുത്തത്തിൻ്റെ രൂപമാണ്.
18- പിന്നീട് രണ്ടാമത്തെ തശഹ്ഹുദിലേക്ക് പ്രവേശിക്കും. ഇത് ആദ്യത്തേതുപോലെ തന്നെയാണ്. എന്നാൽ ആദ്യത്തെ തശഹ്ഹുദിൽ പറഞ്ഞതിനോടൊപ്പം ഇത്രകൂടി ചേർക്കും:
«اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».
(സാരം: അല്ലാഹുവേ! ഇബ്രാഹീമിൻ്റെ കുടുംബത്തിന് മേൽ നിൻ്റെ സ്വലാത്ത് ഉണ്ടായതു പോലെ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിൻ്റെയും മേൽ നിൻ്റെ സ്വലാത്ത് ഉണ്ടാകേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു. അല്ലാഹുവേ! ഇബ്രാഹീമിൻ്റെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിൻ്റെയും മേൽ നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു.)
19- ശേഷം അവിടുന്ന് നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ പരീക്ഷണങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടും. കൂടാതെ കിതാബിലും സുന്നത്തിലും സ്ഥിരപ്പെട്ട മറ്റു പ്രാർത്ഥനകളും അവിടുന്ന് നിർവഹിക്കും.
20- പിന്നീട് വലത് ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് പറയും:
«السَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ».
"അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്" ശേഷം അതുപോലെ തന്നെ ഇടത് ഭാഗത്തേക്കും പറയും. സലാം പറയുന്നത് ആരംഭിക്കുമ്പോൾ മുഖം ഖിബ്ലക്ക് നേരെ പിടിക്കുകയും, അത് പൂർത്തിയാകുമ്പോഴേക്ക് വശത്തിലേക്ക് മുഖം തിരിച്ചിരിക്കുകയും ചെയ്യുമായിരുന്നു.
നിസ്കാരത്തിലെ കറാഹത്തുകൾ (വെറുക്കപ്പെട്ട കാര്യങ്ങൾ)
1- ആവശ്യമില്ലാതെ തിരിഞ്ഞുനോക്കൽ.
2- ആകാശത്തേക്ക് കണ്ണുയർത്തൽ.
3- ആവശ്യമില്ലാതെ കണ്ണടയ്ക്കൽ.
4- സുജൂദിൽ കൈത്തണ്ട നിലത്ത് വിരിച്ചുവെക്കൽ.
5- ആവശ്യമില്ലാതെ വായയും മൂക്കും മൂടൽ.
6- മൂത്രമൊഴിക്കാനോ മലവിസർജനം നടത്താനോ തോന്നുന്ന അവസ്ഥയിൽ നിസ്കരിക്കൽ; അല്ലെങ്കിൽ ആഗ്രഹമുള്ള ഭക്ഷണം മുന്നിലിരിക്കുമ്പോൾ നിസ്കരിക്കൽ.
7- സുജൂദിന്റെ അടയാളം വല്ലതും പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ നെറ്റിയിലും മൂക്കിലും നിന്ന് തുടച്ചുമാറ്റൽ; നിസ്കാരം കഴിഞ്ഞ ശേഷം അത് തുടച്ചുമാറ്റുന്നതിൽ തെറ്റില്ല.
8- ആവശ്യമില്ലാതെ നിസ്കാരത്തിൽ നിൽക്കുന്ന വേളയിൽ ചുമരിലോ മറ്റോ ചാരിനിൽക്കൽ.
9- നിസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ.
1- ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്യൽ.
2- നിസ്കാരത്തിന്റെ ഭാഗമല്ലാത്ത വാക്കുകൾ സംസാരം.
3- ചിരിക്കുകയോ, പൊട്ടിച്ചിരിക്കുകയോ ചെയ്യൽ.
4- നിസ്കാരത്തിലെ ഏതെങ്കിലും ഒരു റുക്നോ (നിർബന്ധ ഘടകം) അല്ലെങ്കിൽ വാജിബോ (നിർബന്ധ കാര്യങ്ങൾ) മനഃപൂർവം ഉപേക്ഷിക്കൽ.
5- മനഃപൂർവം ഒരു റുക്നോ അല്ലെങ്കിൽ ഒരു റക്അത്തോ അധികമാക്കുക.
6- മനഃപൂർവം, ഇമാമിന് മുൻപ് സലാം വീട്ടുക.
7- ആവശ്യത്തിന് വേണ്ടിയല്ലാതെ, നിസ്കാരത്തിന്റെ ഭാഗമല്ലാത്ത തുടർച്ചയായ ചലനങ്ങൾ അധികരിപ്പിക്കുക.
8- നിസ്കാരത്തിന്റെ ഏതെങ്കിലും ഒരു നിബന്ധനയ്ക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുക; ഉദാഹരണത്തിന്: വുദൂഅ് മുറിയുക, മനഃപൂർവം ഔറത്ത് (ശരീരം മറയ്ക്കേണ്ട ഭാഗങ്ങൾ) വെളിവാക്കുക, അത്യാവശ്യമില്ലാതെ ഖിബ്ലയിൽ നിന്ന് അധികമായി ശരീരം തിരിഞ്ഞുനിൽക്കുക, നിയ്യത്ത് മുറിക്കുക എന്നിവ.
10- മറവിയുടെ സുജൂദ് (സഹ്വിന്റെ സുജൂദ്)
മറവി എന്നാൽ ഉദ്ദേശ്യം ഓർമയില്ലാതെ സംഭവിച്ചു പോകുന്നതാണ്. നിസ്കാരത്തിൽ നബി ﷺ ക്ക് മറവി സംഭവിച്ചിട്ടുണ്ട്; കാരണം, മറവി മനുഷ്യപ്രകൃതിയിൽപ്പെട്ടതാണ്. അവിടുത്തേക്ക് നിസ്കാരത്തിൽ സംഭവിച്ച മറവി, അവിടുത്തെ സമുദായത്തിന് അല്ലാഹു നൽകിയ അനുഗ്രഹത്തിന്റെ പൂർത്തീകരണവും ദീനിന്റെ പൂർത്തീകരണത്തിൻ്റെ ഭാഗവുമായിരുന്നു. കാരണം, മറവി സംഭവിക്കുമ്പോൾ എന്തു ചെയ്യണമെന്ന് അത്തരം സംഭവങ്ങളിലൂടെ അവിടുന്ന് തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചു.
സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ട സന്ദർഭങ്ങൾ:
ഒന്നാമത്തെ അവസ്ഥ:
നിസ്കാരത്തിൽ വർദ്ധനവ് സംഭവിച്ചാൽ: ഇത് ഒന്നുകിൽ പ്രവർത്തികളിലെ വർദ്ധനവാകാം; അല്ലെങ്കിൽ വാക്കുകളിലെ വർദ്ധനവാകാം.
a- പ്രവർത്തികളിലെ വർദ്ധനവ്: നിസ്കാരത്തിന്റെ അതേ ഇനത്തിൽപ്പെട്ട ഒരു വർദ്ധനവ് സംഭവിച്ചാൽ -ഉദാഹരണത്തിന്: ഇരിക്കേണ്ട സ്ഥാനത്ത് നിൽക്കുക, അല്ലെങ്കിൽ നിൽക്കേണ്ട സ്ഥാനത്ത് ഇരിക്കുക, അല്ലെങ്കിൽ ഒരു റുകൂഓ സുജൂദോ അധികമായി ചെയ്യുക പോലുള്ളവ മറന്നു കൊണ്ട് സംഭവിച്ചാൽ- സഹ്വിന്റെ സുജൂദ് ചെയ്യണം.
b- വാക്കുകളിലെ വർദ്ധനവ്: റുകൂഇലും സുജൂദിലും ഖുർആൻ പാരായണം ചെയ്യുക എന്നത് ഉദാഹരണം.
ഇങ്ങനെ സംഭവിച്ചാൽ സഹ്വിന്റെ സുജൂദ് ചെയ്യൽ സുന്നത്താണ്.
രണ്ടാമത്തെ അവസ്ഥ:
നിസ്കാരത്തിൻ്റെ ഏതെങ്കിലും ഭാഗങ്ങളിൽ കുറവ് സംഭവിച്ചാൽ. ഇത് രണ്ടാലൊരു രൂപത്തിലാണ് സാധ്യതയുള്ളത്.
a- ഒരു റുക്ൻ വിട്ടുപോവുക: തക്ബീറത്തുൽ ഇഹ്റാം ആണ് ഇപ്രകാരം നഷ്ടമായത് എങ്കിൽ നിസ്കാരം ഒരു കാരണവശാലും സാധുവാകില്ല. ഈ സാഹചര്യത്തിൽ സഹ്വിന്റെ സുജൂദ് മതിയാകില്ല. തക്ബീറത്തുൽ ഇഹ്റാം അല്ലാത്ത ഒരു റുക്ൻ -ഉദാഹരണത്തിന് റുകൂഓ സുജൂദോ വിട്ടുപോവുകയും- അടുത്ത റക്അത്തിലെ ഖുർആൻ പാരായണം തുടങ്ങുന്നതിനുമുമ്പ് മറന്നു പോയതായി ഓർമ്മവരികയും ചെയ്താൽ, അവൻ നിർബന്ധമായും മറന്ന ഭാഗത്തേക്ക് തിരിച്ചു വരികയും, ആ റുക്നും അതിനു ശേഷമുള്ള കാര്യങ്ങളും പൂർത്തിയാക്കുകയും വേണം.
അടുത്ത റക്അത്തിലെ പാരായണം തുടങ്ങിയതിനുശേഷമാണ് റുകൂഓ സുജൂദോ വിട്ടുപോയ കാര്യം ഓർമ്മവരുന്നതെങ്കിൽ, ഏത് റക്അത്തിൽ നിന്നാണോ അത് വിട്ടുപോയത് ആ റക്അത്ത് അസാധുവായി കണക്കാക്കുകയും, അതിന് ശേഷമുള്ള റക്അത്ത് അതിന്റെ സ്ഥാനത്ത് വരുകയും ചെയ്യും.
b- നിസ്കാരത്തിലെ വാജിബുകളിൽ പെട്ട ഒരു കാര്യം വിട്ടുപോവുക: ഉദാഹരണത്തിന്: ആദ്യത്തെ അത്തഹിയ്യാത്തോ, റുകൂഇലെ തസ്ബീഹോ മറന്നുപോവുക. ഈ അവസ്ഥയിൽ സഹ്വിന്റെ സുജൂദ് ചെയ്യണം.
മൂന്നാമത്തെ അവസ്ഥ: സംശയമുണ്ടാവുക.
ഉദാഹരണത്തിന്: ദ്വുഹ്ർ നിസ്കാരത്തിൽ മൂന്നാണോ നാലാണോ റക്അത്തുകൾ നിസ്കരിച്ചതെന്ന സംശയം തോന്നിയാൽ:
a- രണ്ട് സംശയങ്ങളിൽ ഒന്നിന് മുൻഗണന നൽകാൻ സാധിക്കുന്നുണ്ടെങ്കിൽ, അതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും, ശേഷം സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം.
b- ഒന്നും തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, അവൻ ഇതു വരെ നിസ്കരിച്ചു എന്ന് ഉറപ്പുള്ള എണ്ണം (അതായത് ഏറ്റവും കുറഞ്ഞ എണ്ണം) പരിഗണിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും, ശേഷം സഹ്വിന്റെ സുജൂദ് നിർവ്വഹിക്കുകയും ചെയ്യണം.
നിസ്കാരത്തിന് ശേഷമാണ് സംശയം തോന്നുന്നതെങ്കിൽ, അല്ലെങ്കിൽ ധാരാളമായി സംശയിക്കുന്ന ഒരാളാണെങ്കിൽ ആ സംശയത്തിന് ശ്രദ്ധ കൊടുക്കേണ്ടതില്ല.
പ്രധാനപ്പെട്ട ഒരു കാര്യം ശ്രദ്ധിക്കുക: നിസ്കാരത്തിൽ എന്തെങ്കിലുമൊരു കുറവ് സംഭവിച്ചതിനാലാണ് മറവിയുടെ സുജൂദ് ചെയ്യുന്നതെങ്കിൽ അത് സലാം വീട്ടുന്നതിന് മുൻപായിരിക്കണം; രണ്ട് സംശയങ്ങളിൽ ഏതെങ്കിലുമൊന്നിന് മുൻഗണന നൽകാത്ത സ്ഥിതിയിൽ (ഉറപ്പുള്ള എണ്ണം പരിഗണിച്ചു മുന്നോട്ടു പോവുകയാണെങ്കിലും) സലാം വീട്ടുന്നതിന് മുമ്പായിരിക്കണം സുജൂദ് ചെയ്യേണ്ടത്. വർദ്ധനവ് സംഭവിച്ചതിനാലോ, അല്ലെങ്കിൽ രണ്ട് സംശയങ്ങളിൽ ഒന്നിന് മുൻഗണന നൽകിക്കൊണ്ടോ ആണ് സഹ്വിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ അത് സലാം വീട്ടിയതിന് ശേഷമായിരിക്കണം. ഈ കാര്യമൊന്നും പരിഗണിക്കാതെ, സുജൂദ് മുൻപോ ശേഷമോ ചെയ്താലും അത് തെറ്റായ കാര്യമല്ല; കാരണം വിശാലതയുള്ള വിഷയങ്ങളിൽ പെട്ടതാണിത്. ഇൻഷാ അല്ലാഹ്.
11- നിസ്കാരം വിലക്കപ്പെട്ട സമയങ്ങൾ
നിസ്കാരം ഏതു സമയത്തും അനുവദനീയമാണ് എന്നതാണ് അടിസ്ഥാന നിയമം. എന്നാൽ, ചില സമയങ്ങളിൽ നിസ്കരിക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. ആ സമയങ്ങൾ താഴെ പറയുന്നവയാണ്:
1- ഫജ്ർ നിസ്കാരശേഷം സൂര്യൻ ഉദിച്ചുയരുകയും കാഴ്ചയിൽ ഒരു കുന്തത്തിൻ്റെ അത്ര ഉയരം എത്തുകയും ചെയ്യുന്നത് വരെ.
2- സൂര്യൻ ആകാശത്തിൻ്റെ മധ്യഭാഗത്ത് എത്തുകയും, ശേഷം അവിടെ നിന്ന് നീങ്ങുകയും ചെയ്യുന്നത് വരെ. നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള ഘട്ടം ഇതാണ്.
3- അസ്ർ നിസ്കാരശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ. നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ സമയം ഇതാണ്.
നിസ്കാരം വിലക്കപ്പെട്ട സമയങ്ങളിൽ നിർവ്വഹിക്കാൻ അനുവാദമുള്ള നിസ്കാരങ്ങൾ:
1- നഷ്ടപ്പെട്ടുപോയ നിർബന്ധ നിസ്കാരങ്ങൾ ഖദാഅ് വീട്ടുക.
2- കാരണങ്ങളുള്ള നിസ്കാരങ്ങൾ; ഉദാഹരണത്തിന്: മസ്ജിദിൽ പ്രവേശിക്കുമ്പോൾ ചെയ്യുന്ന തഹിയ്യത്തുൽ മസ്ജിദ്, ത്വവാഫിന് ശേഷമുള്ള രണ്ട് റക്അത്ത് നിസ്കാരം, സൂര്യഗ്രഹണ നിസ്കാരം, മയ്യിത്ത് നിസ്കാരം എന്നിവ.
3- ഫജ്ർ നിസ്കാരശേഷം സുബ്ഹിൻ്റെ സുന്നത്ത് നിസ്കാരം ഖളാഅ് വീട്ടുന്നത്.
12- ജമാഅത്ത് നിസ്കാരം
ഇസ്ലാമിലെ മഹത്തായ ഒരു ചിഹ്നങ്ങളിലൊന്നാണ് പള്ളികളിൽ വെച്ച് ജമാഅത്തായി നിസ്കരിക്കുക എന്നത്. അഞ്ച് നേരത്തെ നിസ്കാരങ്ങൾ പള്ളിയിൽ വെച്ച് നിർവഹിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട നന്മകളിലൊന്നാണ് എന്നതിലും, അല്ലാഹുവിലേക്ക് അടുക്കാനുള്ള അതിമഹത്തരമായ മാർഗമാണ് എന്നതിലും മുസ്ലിംകൾ ഏകോപിച്ചിരിക്കുന്നു. വാസ്തവത്തിൽ, ഇസ്ലാമിൻ്റെ ഏറ്റവും വലിയ അടയാളങ്ങളിൽ ഒന്നാണത്.
1. ജമാഅത്ത് നിസ്കാരത്തിന്റെ വിധി.
അഞ്ച് നേരത്തെ നിസ്കാരം പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക എന്നത് അതിന് സാധിക്കുന്ന എല്ലാ പുരുഷന്മാരുടെ മേലും നിർബന്ധമാണ്. നാട്ടിലായാലും യാത്രയിലായാലും, സമാധാനവേളയിലും ഭയമുള്ള സന്ദർഭങ്ങളിലും ഇത് ഓരോ വ്യക്തിയുടെ മേലുമുള്ള വ്യക്തിപരമായ നിർബന്ധബാധ്യതയാണ്.
ജമാഅത്ത് നിസ്കാരം നിർബന്ധമാണെന്നതിന് ഖുർആനും സുന്നത്തും തലമുറകളായി തുടർന്നുപോരുന്ന മുസ്ലിംകളുടെ പ്രവർത്തനവും തെളിവാണ്.
ഖുർആനിലെ തെളിവുകളിൽ ഒന്ന് ഈ വചനമാണ്:
﴿وَإِذَا كُنتَ فِيهِمۡ فَأَقَمۡتَ لَهُمُ ٱلصَّلَوٰةَ فَلۡتَقُمۡ طَآئِفَةٞ مِّنۡهُم مَّعَكَ...﴾
"(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്ക്ക് നേതൃത്വം നല്കിക്കൊണ്ട് നിസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്ക്കട്ടെ." (നിസാഅ്:102) ഭയമുള്ള അവസ്ഥയിൽ പോലും മുസ്ലിംങ്ങൾക്ക് മേൽ ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കാൻ അനുവാദം നൽകിയിട്ടില്ല എന്നത്, ജമാഅത്ത് നിസ്കാരത്തിൻ്റെ നിർബന്ധ ബാധ്യത ഇസ്ലാമിൽ എത്ര ശക്തമായി ഊന്നിപ്പറഞ്ഞിരിക്കുന്നു എന്നത് സൂചിപ്പിക്കുന്നു. ജമാഅത്ത് നിസ്കാരം നിർബന്ധമല്ലാത്ത ഒന്നായിരുന്നെങ്കിൽ, യുദ്ധത്തിനിടയിൽ സംഭവിക്കുന്ന ജീവഭയം പോലെയുള്ള ഒരു ഒഴികഴിവ് ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ടതായിരുന്നു. ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കലും അതിൽ നിന്ന് പിന്നോട്ട് പോവലും അത് പ്രയാസമായി ഗണിക്കലും കപടവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നാണ്.
നബിയുടെ സുന്നത്തിൽ നിന്നാകട്ടെ; ധാരാളക്കണക്കിന് ഹദീഥുകൾ ഇതിന് തെളിവാണ്.
അവയിലൊന്ന് സ്വഹീഹ് മുസ്ലിമിൽ വന്നിട്ടുള്ള സംഭവമാണ്.
أَنَّ رَجُلًا أَعْمَى قَالَ: يَا رَسُولَ اللَّهِ، لَيْسَ لِي قَائِدٌ يَقُودُنِي إِلَى الْمَسْجِدِ، فَسَأَلَهُ أَنْ يُرَخِّصَ لَهُ أَنْ يُصَلِّيَ فِي بَيْتِهِ، فَرَخَّصَ لَهُ، فَلَمَّا وَلَّى دَعَاهُ فَقَالَ: «هَلْ تَسْمَعُ النِّدَاءَ؟» قَالَ: نَعَمْ، قَالَ: «فَأَجِبْ».
ഒരു അന്ധനായ മനുഷ്യൻ നബി ﷺ യോട് പറഞ്ഞു: "അല്ലാഹുവിൻ്റെ ദൂതരേ, എന്നെ പള്ളിയിലേക്ക് നയിക്കാൻ എനിക്ക് ഒരാളുമില്ല." അതിനാൽ വീട്ടിൽ വെച്ച് നിസ്കരിക്കാൻ അനുവാദം നൽകണമെന്ന് അദ്ദേഹം അവിടുത്തോട് അഭ്യർത്ഥിച്ചു. നബി ﷺ അദ്ദേഹത്തിന് ആദ്യം അനുവാദം നൽകിയെങ്കിലും, അദ്ദേഹം തിരിഞ്ഞുനടന്നപ്പോൾ അവിടുന്ന് അദ്ദേഹത്തെ തിരിച്ചുവിളിച്ചു കൊണ്ട് ചോദിച്ചു: "താങ്കൾ ബാങ്ക്വിളി കേൾക്കാറുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ." അപ്പോൾ അവിടുന്ന് പറഞ്ഞു: "എങ്കിൽ അതിന് ഉത്തരം നൽകുക."32
ചോദ്യകർത്താവ് അന്ധനായിട്ടും, അദ്ദേഹത്തിന് മസ്ജിദിലേക്ക് വരാൻ ഏറെ പ്രയാസമുണ്ടായിട്ടും, ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കാനും ബാങ്കിന് ഉത്തരം നൽകാനും നബി ﷺ അദ്ദേഹത്തോട് കൽപ്പിച്ചിരിക്കുന്നു! ജമാഅത്ത് നിസ്കാരം നിർബന്ധമാണെതിന് ഇത് തെളിവാണ്.
2. ഒരാൾക്ക് ജമാഅത്ത് നിസ്കാരം ലഭിച്ചതായി ഗണിക്കണമെങ്കിൽ.
ഇമാമിനോടൊപ്പം നിസ്കാരത്തിൽ ഒരു റക്അത്തെങ്കിലും ലഭിച്ചാൽ ജമാഅത്ത് ലഭിച്ചു. അവിടുന്ന് ﷺ പറഞ്ഞിരിക്കുന്നു:
«مَنْ أَدْرَكَ رَكْعَةً مِنَ الصَّلَاةِ فَقَدْ أَدْرَكَ الصَّلَاةَ».
"ആർക്കെങ്കിലും നിസ്കാരത്തിൽ ഒരു റക്അത്തെങ്കിലും ലഭിച്ചാൽ, അവന് ആ നിസ്കാരം ലഭിച്ചു."33
3. ഒരാൾക്ക് ഒരു റക്അത്ത് ലഭിച്ചതായി ഗണിക്കണമെങ്കിൽ.
ഒരാൾക്ക് നിസ്കാരത്തിലെ ഒരു റുകൂഅ് ലഭിച്ചാൽ ആ നിസ്കാരത്തിലെ ഒരു റക്അത്ത് നേടാൻ സാധിച്ചിരിക്കുന്നു. ഇമാം റുകൂഇൽ ആയിരിക്കുമ്പോൾ ഒരാൾ എത്തിയാൽ, അയാൾ നിൽക്കുന്ന അവസ്ഥയിൽ തക്ബീറത്തുൽ ഇഹ്റാം ചൊല്ലണം. പിന്നീട് റുകൂഇന് വേണ്ടി മറ്റൊരു തക്ബീർ ചൊല്ലി റുകൂഇലേക്ക് പോകണം. എന്നാൽ, ഒരാൾ തക്ബീറത്തുൽ ഇഹ്റാം കെട്ടുമ്പോൾ ചൊല്ലിയ തക്ബീറിൽ മതിയാക്കുകയാണെങ്കിൽ റുകൂഇലേക്ക് പോകാനും ആ തക്ബീർ മതിയാവുന്നതാണ്.
4. ജമാഅത്ത് നിസ്കാരം ഒഴിവാക്കാൻ അനുവദിക്കുന്ന കാരണങ്ങൾ.
1- രോഗം: ജമാഅത്തിനോ ജുമുഅക്കോ വേണ്ടി മസ്ജിദിലേക്ക് പോകുന്നത് ദുഷ്കരമാക്കുന്ന വിധത്തിലുള്ള രോഗം.
2- വിസർജന തടസ്സം: മലമൂത്ര വിസർജനത്തിനുള്ള തോന്നൽ; ഇത് നിസ്കാരത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ശരീരത്തിന് ദോഷം വരുത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് ഇളവായി നിശ്ചയിക്കപ്പെട്ടത്.
3- വിശപ്പുള്ളപ്പോഴോ ഭക്ഷണത്തോട് ആഗ്രഹം തോന്നുമ്പോഴോ ഭക്ഷണം മുന്നിലെത്തിയാൽ: എന്നാൽ ഇത് ജമാഅത്ത് ഒഴിവാക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായി ഉപയോഗിക്കാനോ സ്ഥിരം രീതിയായി സ്വീകരിക്കാനോ പാടില്ല.
4- ഭയം: തൻ്റെ ജീവനോ സ്വത്തിനോ മറ്റോ അപകടം ഭയപ്പെടുന്ന സാഹചര്യത്തിൽ.
ഭയത്തിൻ്റെ വേളയിലെ നിസ്കാരം
അനുവദനീയമായ എല്ലാ പോരാട്ടങ്ങളുടെയും സമയത്ത് ഭയത്തിൻ്റെ വേളയിലുള്ള നിസ്കാരം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്; കുഫ്ഫാറുകളോടും, കൊള്ളക്കാരോടും, അക്രമിസംഘങ്ങളോടുമുള്ള യുദ്ധങ്ങൾ ഉദാഹരണം. അല്ലാഹുവിൻ്റെ വചനം അതിന് തെളിവാണ്:
﴿...إِنۡ خِفۡتُمۡ أَن يَفۡتِنَكُمُ ٱلَّذِينَ كَفَرُوٓاْ...﴾
"സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം (നിങ്ങൾ ഭയത്തിൻ്റെ വേളയിലെ നിസ്കാരം നിർവ്വഹിക്കുക.)" (നിസാഅ്: 101) ഈ വചനത്തിൻ്റെ കുഫ്ഫാറുകളോടുള്ള യുദ്ധത്തെ കുറിച്ച് മാത്രമേ പരാമർശമുള്ളൂ എങ്കിലും, യുദ്ധം ചെയ്യാൻ അനുവാദമുള്ള മറ്റു വിഭാഗങ്ങളെ ഈ ആയത്തിലുള്ളതിനോട് തുലനം ചെയ്യാവുന്നതാണ്.
ഭയപ്പാടിലുള്ള നിസ്കാരത്തിന് രണ്ട് നിബന്ധനകളുണ്ട്:
1- യുദ്ധനടപടി സ്വീകരിക്കാൻ അനുവാദമുള്ള ശത്രുക്കളോടുള്ളതായിരിക്കണം യുദ്ധം.
2- നിസ്കാരസമയത്ത് ശത്രുക്കൾ മുസ്ലിംകളെ ആക്രമിക്കുമെന്ന് ഭയമുള്ള സന്ദർഭമായിരിക്കണം.
ഭയപ്പാടിലുള്ള നിസ്കാരത്തിന്റെ രൂപം:
ഇതിന് പല രൂപങ്ങളുണ്ടെങ്കിലും, സഹൽ (رضي الله عنه) നിവേദനം ചെയ്ത ഹദീഥിലുള്ള രൂപമാണ് ഏറ്റവും പ്രസിദ്ധം:
أَنَّ طَائِفَةً صَفَّتْ مَعَ النَّبِي ﷺ، وَطَائِفَةً وِجَاهَ العَدُوِّ، فَصَلَّى بِالَّتِي مَعَهُ رَكْعَةً، ثُمَّ ثَبَتَ قَائِمًا، وَأَتَمُّوا لِأَنْفُسِهِمْ، ثُمَّ انْصَرَفُوا، وَصَفُّوا وِجَاهَ العَدُوِّ، وَجَاءَتِ الطَّائِفَةُ الأُخْرَى، فَصَلَّى بِهِمُ الرَّكْعَةَ الَّتِي بَقِيَتْ مِنْ صَلَاتِهِ، ثُمَّ ثَبَتَ جَالِسًا، وَأَتَمُّوا لِأَنْفُسِهِمْ، ثُمَّ سَلَّمَ بِهِمْ.
നബി (ﷺ) യുടെ കൂടെ ഒരു സംഘം നിസ്കാരത്തിനായി അണിനിരന്നു; മറ്റൊരു സംഘം ശത്രുവിനു മുന്നിൽ നിലയുറപ്പിച്ചു. അപ്പോൾ അവിടുന്ന് തൻ്റെ പിറകിലുള്ളവരുമായി ഒരു റക്അത്ത് നിസ്കരിച്ചു. ശേഷം അവിടുന്ന് എഴുന്നേറ്റുനിന്നു; അപ്പോൾ പിറകിലുള്ളവർ സ്വന്തം നിലക്ക് അവരുടെ നിസ്കാരം പൂർത്തിയാക്കി. അതിന് ശേഷം അവർ പിന്തിരിയുകയും ശത്രുവിനു മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു; അപ്പോൾ രണ്ടാമത്തെ സംഘം വരികയും, നബി (ﷺ) തൻ്റെ നിസ്കാരത്തിൽ നിന്ന് ബാക്കിയുള്ള ഒരു റക്അത്ത് അവർക്ക് വേണ്ടി നിസ്കരിക്കുകയും ചെയ്തു. ശേഷം അവിടുന്ന് ഇരുന്നു; അപ്പോൾ പിറകിലുള്ളവർ അവരുടെ നിസ്കാരം സ്വന്തമായി പൂർത്തിയാക്കി. പിന്നീട് അവിടുന്ന് അവരോടൊപ്പം സലാം വീട്ടുകയും ചെയ്തു.34
ഭയപ്പാടിലുള്ള നിസ്കാരത്തിൽ നിന്ന് നമുക്ക് ചില പാഠങ്ങൾ പഠിക്കാനുണ്ട്:
1- ഇസ്ലാമിൽ നിസ്കാരത്തിനുള്ള പ്രാധാന്യവും, ജമാഅത്ത് നിസ്കാരത്തിനുള്ള സ്ഥാനവും. കാരണം, ഇത്രയും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ പോലും ഇവ രണ്ടും ഒഴിവാക്കപ്പെടുന്നില്ല.
2- ഈ ഉമ്മത്തിൽ നിന്ന് അല്ലാഹു പ്രയാസം എടുത്തു നീക്കിയിരിക്കുന്നു. ഇസ്ലാമിക ശരീഅത്തിന്റെ ലാളിത്യവും, എല്ലാ കാലഘട്ടത്തിനും സ്ഥലത്തിനും അത് അനുയോജ്യമാണെന്നതും ഈ നിയമങ്ങളിൽ നിന്ന് മനസ്സിലാക്കാം.
3- ഇസ്ലാമിക ശരീഅത്തിന്റെ പൂർണ്ണത. ഓരോ സാഹചര്യത്തിനും അനുയോജ്യമായ നിയമങ്ങളും വിധിവിലക്കുകളും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്.
14- ജുമുഅ നിസ്കാരം
ഒന്ന്: ജുമുഅ നിസ്കാരത്തിൻ്റെ വിധി.
പ്രായപൂർത്തിയായ, ബുദ്ധിയുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയ, ഒഴിവുകഴിവുകളില്ലാത്ത എല്ലാ മുസ്ലിം പുരുഷന്മാരുടെ മേലും ജുമുഅ നിസ്കാരം വ്യക്തിപരമായ ബാധ്യതയുള്ള നിർബന്ധ കർമ്മമാണ്.
അല്ലാഹു പറയുന്നു:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نُودِيَ لِلصَّلَوٰةِ مِن يَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡاْ إِلَىٰ ذِكۡرِ ٱللَّهِ وَذَرُواْ ٱلۡبَيۡعَۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ 9﴾
"(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരേ! വെള്ളിയാഴ്ച നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍." (ജുമുഅഃ: 9)
നബി -ﷺ- പറഞ്ഞു:
«لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ، أَوْ لَيَخْتِمَنَّ اللَّهُ عَلَى قُلُوبِهِمْ، ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ».
"തങ്ങളുടെ ജുമുഅകൾ ഉപേക്ഷിക്കുന്നവർ അത് അവസാനിപ്പിക്കുക തന്നെ വേണം; അതല്ലായെങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്ര വെക്കുകയും, പിന്നീട് അവർ അശ്രദ്ധരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്." (36)35
രണ്ട്: ജുമുഅ നിസ്കാരത്തിൻ്റെ നിബന്ധനകൾ.
1- സമയം: ജുമുഅ നിസ്കാരത്തിൻ്റെ സമയം ദ്വുഹ്റ് നിസ്കാരത്തിൻ്റെ സമയമാണ്. അതിനാൽ ദ്വുഹർ നിസ്കാരത്തിൻ്റെ സമയത്തിന് മുമ്പോ, ദ്വുഹറിൻ്റെ സമയം കഴിഞ്ഞതിന് ശേഷമോ അത് സ്വീകാര്യമല്ല.
2- ജുമുഅഃക്ക് ഒരു സംഘം ഹാജരുണ്ടായിരിക്കണം: ശരിയായ അഭിപ്രായമനുസരിച്ച് ജമാഅത്തിൻ്റെ കുറഞ്ഞ എണ്ണം മൂന്ന് പേരാണ്. അതിനാൽ ഒരാൾ ഒറ്റക്ക് നിസ്കരിച്ചാലോ, രണ്ട് പേർ ഒരുമിച്ചു കൊണ്ട് ചെയ്താലോ അത് സ്വീകാര്യമല്ല.
3- സ്ഥിരതാമസക്കാർ ആയിരിക്കണം: നിസ്കരിക്കുന്നവർ സ്ഥിരമായി നിർമ്മിച്ച കെട്ടിടങ്ങളുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരായിരിക്കണം. കോൺക്രീറ്റോ, കല്ലുകളോ, മണ്ണോ മറ്റെന്തെങ്കിലും നിർമ്മാണ സാമഗ്രികൾ കൊണ്ടുള്ളതോ; ഏതായാലും കുഴപ്പമില്ല. അതിനാൽ, സ്ഥിരമായി ഒരിടത്ത് താമസിക്കാതെ, താൽക്കാലിക കൂടാരങ്ങളിൽ തങ്ങുകയും, തങ്ങളുടെ മൃഗങ്ങൾക്ക് പുല്ല് തേടി കൂടാരങ്ങളിലും മറ്റും സഞ്ചരിക്കുകയും ചെയ്യുന്ന നാടോടികൾ ജുമുഅ സംഘടിപ്പിച്ചാൽ അത് സ്വീകാര്യമല്ല.
4- രണ്ട് ഖുത്തുബകൾക്ക് ശേഷം ആയിരിക്കണം ജുമുഅഃ നിസ്കാരം നിർവ്വഹിക്കുന്നത്: കാരണം, നബി ﷺ അവിടുത്തെ എല്ലാ ജുമുഅകളും ഇപ്രകാരമാണ് നിർവ്വഹിച്ചത്.
മൂന്ന്: ജുമുഅ ഖുതുബകളുടെ റുക്നുകൾ (സ്തംഭങ്ങൾ).
1- അല്ലാഹുവിനെ സ്തുതിക്കുകയും രണ്ട് ശഹാദത്ത് ചൊല്ലുകയും ചെയ്യുക.
2- നബി -ﷺ- യുടെ മേലുള്ള സ്വലാത്ത്.
3- അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് വസിയ്യത്ത് ചെയ്യുക.
4- ഖുർആനിലെ ഏതാനും ഭാഗങ്ങൾ പാരായണം ചെയ്യുക.
5- ഉപദേശം നൽകുക.
നാല്: ജുമുഅ ഖുതുബകളുടെ സുന്നത്തുകൾ.
1- ഖുതുബ മിമ്പറിന് മുകളിലായിരിക്കുക എന്നത്.
2- രണ്ട് ഖുതുബകൾക്കിടയിൽ ദൈർഘ്യമില്ലാത്ത ഒരു ഇരുത്തം ഉണ്ടാവുക. 3- രണ്ട് ഖുതുബകളിലും മുസ്ലിങ്ങൾക്കും അവരുടെ ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കുക.
4- ഖുതുബകൾ സംക്ഷിപ്തമാക്കുക.
5- ഖത്തീബ് മിമ്പറിൽ കയറുമ്പോൾ ജനങ്ങളോട് സലാം പറയുക.
അഞ്ച്: ജുമുഅ ദിവസത്തെ സുന്നത്തുകൾ.
1- പല്ല് തേക്കുക.
2- -ലഭ്യമാണെങ്കിൽ- സുഗന്ധം ഉപയോഗിക്കുക.
3- ജുമുഅ നിസ്കാരത്തിനായി നേരത്തെ പുറപ്പെടുക.
4- പള്ളിയിലേക്ക് നടന്നുപോവുക, വാഹനത്തിൽ പോകാതിരിക്കുക.
5- ഇമാമിനോട് ഏറ്റവും അടുത്തായി ഇരിക്കാൻ ശ്രദ്ധിക്കുക.
6- പ്രാർത്ഥിക്കുക.
7- സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുക.
8- നബി ﷺ-യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുക.
ആറ്: ജുമുഅക്ക് ഹാജരാകുന്നവർക്ക് വിലക്കപ്പെട്ട കാര്യങ്ങൾ.
1- ഇമാം ഖുതുബ നിർവഹിക്കുമ്പോൾ സംസാരിക്കുന്നത് ഹറാമാണ്. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:
«إِذَا قُلْتَ لِصَاحِبِكَ يَوْمَ الْجُمُعَةِ: أَنصِتْ، وَالْإِمَامُ يَخْطُبُ، فَقَدْ لَغُوتَ».
"വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."36 അനാവശ്യം (ലഗ്വ്) എന്നാൽ പാപമാണ്.
2- ജുമുഅക്ക് വന്നിരിക്കുമ്പോൾ ജനങ്ങളുടെ പിരടികൾ ചാടിക്കടക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. എന്നാൽ ഇമാം ആണെങ്കിൽ ഈ പറഞ്ഞതിൽ ഇളവുണ്ട്; അല്ലെങ്കിൽ മുൻപിലുള്ള സ്വഫ്ഫിൽ ഒരു ഒഴിവുള്ള സ്ഥലം ഉണ്ടായിരിക്കുകയും അതിലേക്ക് എത്തിപ്പെടാൻ ആളുകളുടെ പിരടികൾ ചാടിക്കടക്കാതെ വഴിയില്ലാതിരിക്കുകയും ചെയ്താൽ അപ്രകാരം ചെയ്യാൻ ഇളവുണ്ട്.
ജുമുഅഃ ഒരാൾക്ക് ലഭിച്ചുവെന്ന് ഗണിക്കണമെങ്കിൽ:
ജുമുഅ നിസ്കാരത്തിൻ്റെ രണ്ടാം റക്അത്തിൽ ഇമാമിനൊപ്പം ഒരാൾക്ക് റുകൂഅ് ലഭിച്ചാൽ അയാൾക്ക് ജുമുഅ ലഭിച്ചു. ഇമാം സലാം വീട്ടിയ ശേഷം അയാൾ രണ്ട് റക്അത്തുകളുള്ള നിസ്കാരമായി അത് പൂർത്തീകരിച്ചാൽ മതി. ഇനി ഒരാൾക്ക് രണ്ടാം റക്അത്തിലെ റുകൂഅ് ലഭിച്ചില്ലെങ്കിൽ അയാൾക്ക് ജുമുഅ നഷ്ടപ്പെട്ടിരിക്കുന്നു. അയാൾക്ക് നഷ്ടപ്പെട്ട ജുമുഅക്ക് പകരം നാല് റക്അത്ത് ദ്വുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്. അതുപോലെ, ഉറക്കം കാരണമോ മറ്റെന്തെങ്കിലും കാരണമോ ജുമുഅ നഷ്ടപ്പെട്ടാൽ, അയാൾക്ക് ദ്വുഹ്റ് നിസ്കരിക്കാവുന്നതാണ്. അതുപോലെ, ഉറക്കമോ മറ്റേതെങ്കിലും കാരണങ്ങളാൽ ജുമുഅഃ നിസ്കാരം നഷ്ടപ്പെട്ടാൽ, അവൻ അത് ദുഹ്ര് നിസ്കാരമായി നിർവ്വഹിക്കണം.
15- ഒഴിവുകഴിവുകളുള്ളവരുടെ നിസ്കാരം.
1. രോഗിയുടെ നിസ്കാരം.
ഒന്ന്: രോഗിക്ക് സാധിക്കുന്ന രൂപത്തിൽ നിസ്കരിക്കുക എന്നത് നിർബന്ധമാണ്. ഒരു മനുഷ്യന് ബുദ്ധിയുള്ളിടത്തോളം നിസ്കാരം അതിൻ്റെ സമയത്തിൽ നിന്ന് പിന്തിപ്പിക്കാൻ അയാൾക്ക് അനുവാദമില്ല.
രണ്ട്: രോഗി എങ്ങനെയാണ് നിസ്കരിക്കേണ്ടത്?
1- പ്രയാസമോ അപകടമോ ഇല്ലാതെ നിൽക്കാൻ സാധിക്കുമെങ്കിൽ രോഗി നിന്നുകൊണ്ട് നിസ്കരിക്കുകയും, സാധാരണപോലെ റുകൂഉം സുജൂദും ചെയ്യുകയും വേണം.
2- നിൽക്കാൻ സാധിക്കുമെങ്കിലും റുകൂഉം സുജൂദും ചെയ്യുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെങ്കിൽ, നിന്നുകൊണ്ട് റുകൂഇൻ്റെ ആംഗ്യം കാണിക്കുകയും ഇരുന്നുകൊണ്ട് സുജൂദിൻ്റെ ആംഗ്യം കാണിക്കുകയും ചെയ്താൽ മതി.
3- നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുന്നുകൊണ്ട് നിസ്കരിക്കുക. നിസ്കാരത്തിൽ നിൽക്കുന്ന സ്ഥാനത്ത് കാൽമുട്ടുകൾ മടക്കി ഇരിക്കുകയാണ് സുന്നത്ത്. റുകൂഇനും സുജൂദിനും തല കൊണ്ട് ആംഗ്യം കാണിക്കുക. സാധിക്കുമെങ്കിൽ നിലത്ത് സുജൂദ് ചെയ്യുക. അല്ലെങ്കിൽ സുജൂദിന് ആംഗ്യം കാണിക്കുക. സുജൂദിനുള്ള ആംഗ്യം റുകൂഇനുള്ള ആംഗ്യത്തേക്കാൾ തല താഴ്ത്തി കൊണ്ടായിരിക്കണം.
ഇരുന്നുകൊണ്ട് നിസ്കരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഖിബ്ലക്ക് അഭിമുഖമായി ചരിഞ്ഞുകിടന്നുകൊണ്ട് നിസ്കരിക്കുക. സാധിക്കുമെങ്കിൽ വലതുവശം ചരിഞ്ഞുകിടക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ അവസ്ഥയിലും, റുകൂഇനും സുജൂദിനും ആംഗ്യം കാണിച്ചാൽ മതിയാകും.
5- ചരിഞ്ഞുകിടക്കാൻ സാധിക്കുന്നില്ലെങ്കിൽ മലർന്നുകിടന്ന് നിസ്കരിക്കുക. അപ്പോൾ കാൽപാദങ്ങൾ ഖിബ്ലക്ക് നേരെയായിരിക്കണം. റുകൂഇനും സുജൂദിനും ആംഗ്യം കാണിച്ചാൽ മതി.
6- റുകൂഇനും സുജൂദിനും ശരീരം കൊണ്ട് ആംഗ്യം കാണിക്കുക സാധ്യമല്ലെങ്കിൽ, തലകൊണ്ട് ആംഗ്യം കാണിക്കുക. അതും പ്രയാസമാണെങ്കിൽ ആംഗ്യം ഒഴിവാക്കാവുന്നതാണ്; ഈ സാഹചര്യത്തിൽ ഹൃദയംകൊണ്ട് നിസ്കാരത്തിൻ്റെ കർമ്മങ്ങൾ മനസ്സിൽ ചെയ്താൽ മതിയാകും. അതായത്, റുകൂഅ്, സുജൂദ്, ഇരുത്തം തുടങ്ങിയ നിസ്കാരത്തിൻ്റെ പ്രവർത്തനങ്ങൾ മനസ്സിൽ കരുതുകയും, ഈ ഓരോ സാഹചര്യത്തിലേക്കുമുള്ള ദിക്റുകൾ ചൊല്ലുകയും ചെയ്യുക.
7- നിസ്കാരത്തിൻ്റെ നിബന്ധനകളിൽ ഒരാൾക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം അവൻ ചെയ്യേണ്ടതാണ്. ഖിബ്ലക്ക് അഭിമുഖമാവുക, വെള്ളംകൊണ്ട് വുളൂഅ് ചെയ്യുക, സാധിക്കാതെ വരുന്ന പക്ഷം തയമ്മും ചെയ്യുക, നജസുകളിൽ നിന്ന് ശുദ്ധിയാവുക പോലുള്ള കാര്യങ്ങളെല്ലാം സാധിക്കുന്നിടത്തോളം ചെയ്യണം. ഇതിൽ ഏതെങ്കിലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് ഒഴിവാക്കാവുന്നതാണ്. ശേഷം അവൻ്റെ അവസ്ഥക്കനുസരിച്ച് നിസ്കരിച്ചാൽ മതിയാകും. എന്തു വന്നാലും നിസ്കാരം അതിൻ്റെ സമയത്തിൽ നിന്ന് വൈകിപ്പിക്കാൻ പാടില്ല.
8- നിസ്കാരത്തിൽ നിൽക്കുന്നതിനും റുകൂഇനും പകരം ഇരിക്കുകയാണെങ്കിൽ ചമ്രം പടിഞ്ഞിരിക്കലാണ് സുന്നത്ത്. മറ്റുള്ള ഭാഗങ്ങളിൽ ഇഫ്തിറാശിൻ്റെ ഇരുത്തം സ്വീകരിക്കലാണ് സുന്നത്ത്.
2- യാത്രക്കാരന്റെ നിസ്കാരം.
1- നിസ്കാരത്തിൻ്റെ വിഷയത്തിൽ ഇളവുള്ളവരിൽ ഒരാളാണ് യാത്രക്കാരൻ. നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്അത്തായി ചുരുക്കാൻ (ഖസ്ർ ചെയ്യാൻ) അയാൾക്ക് അനുവാദമുണ്ട്. അല്ലാഹു പറയുന്നു:
﴿وَإِذَا ضَرَبۡتُمۡ فِي ٱلۡأَرۡضِ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَقۡصُرُواْ مِنَ ٱلصَّلَوٰةِ...﴾
"നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല." (നിസാഅ്: 101)
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
«خَرَجْنَا مَعَ النَّبِيِّ ﷺ مِنَ الْمَدِينَةِ إِلَى مَكَّةَ، فَكَانَ يُصَلِّي رَكْعَتَيْنِ رَكْعَتَيْنِ، حَتَّى رَجَعْنَا إِلَى الْمَدِينَةِ».
"നബി -ﷺ- യോടൊപ്പം ഞങ്ങൾ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. മദീനയിലേക്ക് മടങ്ങിയെത്തുന്നതുവരെ അവിടുന്ന് രണ്ട് റക്അത്തുകൾ വീതമായിരുന്നു നിസ്കരിച്ചിരുന്നത്."37
യാത്രക്കാരൻ തന്റെ നാടിന്റെ അതിർത്തി വിടുന്ന സമയം മുതലാണ് നിസ്കാരം ചുരുക്കാൻ തുടങ്ങേണ്ടത്. കാരണം, അല്ലാഹു സഞ്ചരിക്കുന്നവർക്കാണ് ഖസ്റിന് അനുമതി നൽകിയിട്ടുള്ളത്. നാട് വിടുന്നതിന് മുമ്പ് ഒരാൾ യാത്രക്കാരനായി പരിഗണിക്കപ്പെടുകയില്ല. മാത്രവുമല്ല, നബി (ﷺ) യാത്ര തിരിച്ച ശേഷമാണ് നിസ്കാരം ചുരുക്കിയിരുന്നത്.
2- യാത്രക്കാരന് നിസ്കാരം ചുരുക്കാൻ അനുവാദമുള്ള ദൂരം ഏകദേശം 80 കിലോമീറ്ററാണ്. അതായത് അത്രയും ദൂരം സഞ്ചരിക്കാൻ അയാൾ ഉദ്ദേശിക്കുന്നുവെങ്കിൽ നാടുവിട്ടത് മുതൽ ഖസ്ർ ആരംഭിക്കാം.
3- യാത്രക്കാരന് താൻ പുറപ്പെട്ട നാട്ടിലേക്ക് മടങ്ങിവരുന്നത് വരെ നിസ്കാരം ചുരുക്കാവുന്നതാണ്.
4- യാത്രക്കാരൻ ഒരു നാട്ടിലെത്തുകയും അവിടെ താമസിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ അവൻ്റെ അവസ്ഥ മൂന്നിലൊരു വിധത്തിലായിരിക്കും:
a- നാല് ദിവസത്തിൽ കൂടുതൽ താമസിക്കാൻ ഉദ്ദേശിക്കുക: ഈ അവസ്ഥയിൽ അയാൾ ആ നാട്ടിൽ തങ്ങിയ ആദ്യ ദിവസം മുതൽ തന്നെ നിസ്കാരം പൂർത്തിയാക്കി നിർവഹിക്കണം. യാത്രക്കാരനുള്ള ഇളവുകൾ അയാൾക്ക് ബാധകമല്ല.
b- നാല് ദിവസമോ അതിൽ താഴെയോ താമസിക്കാൻ ഉദ്ദേശിക്കുക: ഈ അവസ്ഥയിൽ ഒരാൾക്ക് നിസ്കാരം ചുരുക്കാവുന്നതും യാത്രക്കാരന്റെ ഇളവുകൾ പ്രയോജനപ്പെടുത്താവുന്നതുമാണ്.
c- ഒരു നിശ്ചിത കാലയളവ് താമസിക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിൽ: അതായത്, സാഹചര്യങ്ങൾക്കനുസരിച്ച് ഒന്നോ പത്തോ ദിവസം അവിടെ താമസിച്ചേക്കാം എന്നതാണ് സ്ഥിതി. അല്ലെങ്കിൽ ചികിത്സയോ മറ്റോ പോലുള്ള ആവശ്യങ്ങൾ പൂർത്തിയാക്കിയ ശേഷം മടങ്ങുക എന്ന ഉദ്ദേശ്യത്തിലാണെങ്കിൽ, അയാൾക്ക് തൻ്റെ നാട്ടിലേക്ക് മടങ്ങുന്നത് വരെ നിസ്കാരം ചുരുക്കാവുന്നതാണ്; ഈ അവസ്ഥയിൽ താമസം നാല് ദിവസത്തിൽ കൂടിയാൽ പോലും അയാൾക്ക് യാത്രക്കാരൻ്റെ ഇളവുകൾ പ്രയോജനപ്പെടുത്താം.
5- യാത്രക്കാരൻ സ്ഥിരതാമസക്കാരനായ ഒരു ഇമാമിന് പിന്നിൽ നിസ്കരിക്കുകയാണെങ്കിൽ, അവസാനത്തെ തശഹ്ഹുദ് മാത്രമാണ് ഇമാമിനോടൊപ്പം ലഭിച്ചതെങ്കിൽ പോലും നിസ്കാരം നാല് റക്അത്തുകൾ പൂർത്തീകരിച്ചു കൊണ്ട് തന്നെ നിസ്കരിച്ചിരിക്കണം എന്നത് നിർബന്ധമാണ്.
6- സ്ഥിരതാമസക്കാരനായ ഒരാൾ നിസ്കാരം ചുരുക്കുന്ന ഒരു യാത്രക്കാരനായ ഇമാമിന് പിന്നിൽ നിസ്കരിക്കുകയാണെങ്കിൽ, ഇമാം സലാം വീട്ടിയ ശേഷം അയാൾ തന്റെ നിസ്കാരം പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്.
16- രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ
ഇസ്ലാം മതത്തിലെ പെരുന്നാളുകൾ അല്ലാഹു അവർക്കായി നിശ്ചയിച്ചു നൽകിയ ആഘോഷങ്ങളാണ്. മുസ്ലിംകൾക്ക് വേണ്ടി അവ അല്ലാഹുവാണ് നിയമമാക്കിയത്. അത് അവർ സ്വന്തമായി ഉണ്ടാക്കിയതല്ല. മുസ്ലിംകൾക്ക് രണ്ട് ആഘോഷങ്ങൾ മാത്രമേയുള്ളൂ: ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ), ഈദുൽ അദ്ഹ (വലിയ/ബലി പെരുന്നാൾ) എന്നിവയാണവ. അല്ലാഹു നിയമാക്കുകയോ കൽപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത, ജനങ്ങൾ സ്വയം നിർമ്മിച്ചുണ്ടാക്കിയ എല്ലാ ആഘോഷങ്ങളിൽനിന്നും ബിദ്അത്തായ (നൂതനമായ) ഉത്സവങ്ങളിൽ നിന്നും ഇസ്ലാമിൻ്റെ പെരുന്നാളുകൾ തീർത്തും വ്യത്യസ്തമാണ്.
രണ്ട് പെരുന്നാൾ നിസ്കാരങ്ങളുടെ വിധി:
പെരുന്നാൾ നിസ്കാരം ഫർദ് കിഫായ ആണ്. നബി (ﷺ) അത് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അവിടുത്തേക്ക് ശേഷം വന്ന എല്ലാ ഖുലഫാഉർ റാഷിദുകളും അവ മുടക്കമില്ലാതെ നിർവ്വഹിച്ചിട്ടുണ്ട്. പെരുന്നാൾ നിസ്കാരം ദീനിൻ്റെ അടയാളങ്ങളിൽപെട്ടതും അതിൻ്റെ പ്രത്യക്ഷമായ ചിഹ്നങ്ങളിൽപെട്ടതുമാണ്.
പെരുന്നാൾ നിസ്കാരത്തിൻ്റെ സമയം: സൂര്യൻ ഒരു കുന്തം നാട്ടിനിർത്തിയാൽ ഉണ്ടാകുന്ന ഉയരത്തേക്കാൾ മുകളിലായത് മുതൽ (സൂര്യോദയത്തിന് ശേഷം ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ്) പെരുന്നാൾ നിസ്കാരത്തിൻ്റെ സമയം തുടങ്ങുന്നു; സൂര്യൻ മധ്യാഹ്നത്തിൽ എത്തുന്നതോടെ അതിൻ്റെ സമയം അവസാനിക്കുകയും ചെയ്യുന്നു.
പെരുന്നാൾ നിസ്കാരത്തിൻ്റെ രൂപം:
1- ആദ്യത്തെ റക്അത്തിൽ തക്ബീറതുൽ ഇഹ്റാം ചൊല്ലുക. ശേഷം ദുആഉൽ ഇസ്തിഫ്താഹ് (പ്രാരംഭ പ്രാർത്ഥന) ചൊല്ലുക. പിന്നീട് ആറ് തക്ബീറുകൾ നിർവ്വഹിക്കുകയും, ഓരോ തക്ബീറിലും കൈകൾ ഉയർത്തുകയും ചെയ്യുക. തക്ബീറുകൾക്കിടയിൽ അല്ലാഹുവിനെ സ്തുതിക്കുകയും നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. ശേഷം അഊദുവും ബിസ്മിയും ചൊല്ലി ഖുർആൻ പാരായണം തുടങ്ങുക.
2- രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുന്നതിനുള്ള തക്ബീർ ചൊല്ലി രണ്ടാമത്തെ റക്അത്തിലേക്ക് പ്രവേശിച്ചതിന് ശേഷം അഞ്ച് തക്ബീറുകൾ ചൊല്ലുക. പിന്നീട് അഊദുവും ബിസ്മിയും ചൊല്ലി ഖുർആൻ പാരായണം തുടങ്ങുക.
ഇമാം ആദ്യത്തെ റക്അത്തിൽ ഫാത്തിഹക്കു ശേഷം സൂറത്തുൽ അഅ്ലായും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ ഗാശിയയും ഓതുന്നത് സുന്നത്താണ്.
3- ഇമാം നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ശേഷം മിമ്പറിൽ കയറി രണ്ട് ഖുത്ബകൾ നിർവ്വഹിക്കണം. രണ്ട് ഖുത്ബകൾക്കിടയിൽ ജുമുഅ ഖുത്ബയിലേതുപോലെ ലഘുവായി ഇരിക്കുകയും വേണം.
പെരുന്നാൾ ദിവസത്തിലെ സുന്നത്തുകൾ:
1- കുളിക്കുക.
2- ശുദ്ധിവുകയും, സുഗന്ധം ഉപയോഗിക്കുകയും ചെയ്യുക.
3- ചെറിയ പെരുന്നാളാണെങ്കിൽ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുക; വലിയ പെരുന്നാൾ ആണെങ്കിൽ ബലികർമ്മം നടത്താൻ ഉണ്ടെങ്കിൽ, അത് നടത്തിയ ശേഷം അതിൽ നിന്ന് കഴിക്കുക.
4- പെരുന്നാൾ നിസ്കാരത്തിന് നടന്ന് പോകുക.
5- പോയ വഴിയല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചു വരിക.
9- ഇമാമിന് ഒഴികെ മറ്റുള്ളവർ ഈദ്ഗാഹിലേക്ക് നേരത്തെ എത്തുക എന്നത് സുന്നത്താണ്.
തക്ബീർ
രണ്ട് പെരുന്നാൾ രാവുകളിലും, ദുൽഹിജ്ജഃയിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലും, അയ്യാമുത്തശ്രീഖിലും (ദുൽഹിജ്ജ 11-13 വരെയും) തക്ബീർ ചൊല്ലുന്നത് സുന്നത്താണ്. ഈ തക്ബീർ രണ്ട് തരത്തിലുണ്ട്:
ഒന്ന്: നിരുപാധികമായ തക്ബീർ. ഇത് ഒരു പ്രത്യേക സമയവുമായി ബന്ധിപ്പിക്കപ്പെടാത്തതാണ്; അതായത് ഏതു സമയവും ഈ തക്ബീർ ചൊല്ലാം.
(1) ഈദുൽ ഫിത്റിലാണെങ്കിൽ: പെരുന്നാൾ രാവ് മുതൽ ഈദ് നിസ്കാരം തുടങ്ങുന്നത് വരെ ഈ തക്ബീർ ചൊല്ലിക്കൊണ്ടിരിക്കാം.
(2) ഈദുൽ അദ്ഹയാണെങ്കിൽ: ദുൽഹിജ്ജഃ ഒന്നിൻ്റെ തലേന്ന് സൂര്യൻ അസ്തമിച്ചത് മുതൽ അയ്യാമുത്തശ്രീഖിലെ അവസാന ദിവസം സൂര്യൻ അസ്തമിക്കുന്നത് വരെ ഇപ്രകാരം തക്ബീർ ചൊല്ലിക്കൊണ്ടിരിക്കാം.
(രണ്ട്) പ്രത്യേക സമയം നിശ്ചയിക്കപ്പെട്ട തക്ബീർ. ഇത് നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം നിർവ്വഹിക്കുന്ന തക്ബീറാണ്.
(1) ഇഹ്റാമിൽ അല്ലാത്തവർക്ക്: അറഫാ ദിനത്തിൻ്റെ പ്രഭാതം മുതൽ അയ്യാമുത്തശ്രീഖിലെ അവസാന ദിവസത്തിൻ്റെ അസർ നിസ്കാരം വരെ.
(2) ഇഹ്റാമിലുള്ളവർക്ക്: പെരുന്നാൾ ദിവസത്തെ ളുഹ്ർ നിസ്കാരം മുതൽ അയ്യാമുത്തശ്രീഖിലെ അവസാന ദിവസത്തിൻ്റെ അസർ നിസ്കാരം വരെ.
17- ഗ്രഹണ നിസ്കാരം.
രണ്ട് തരം ഗ്രഹണങ്ങൾ:
ഖുസൂഫ് (ചന്ദ്രഗ്രഹണം): രാത്രിയിൽ ചന്ദ്രന്റെ വെളിച്ചം ഭാഗികമായിട്ടോ മുഴുവനായോ മറഞ്ഞുപോകുന്നതിനാണ് ഖുസൂഫ് പറയുന്നത്.
കുസൂഫ് (സൂര്യഗ്രഹണം): പകൽ സമയത്ത് സൂര്യന്റെ വെളിച്ചം ഭാഗികമായിട്ടോ മുഴുവനായോ മറഞ്ഞുപോകുന്നതിനാണ് ഇത് പറയുന്നത്.
ഗ്രഹണ നിസ്കാരത്തിന്റെ വിധി:
ഗ്രഹണ നിസ്കാരം പ്രബലമായ സുന്നത്താണ്. നബി ﷺ അവിടുത്തെ കാലത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ ഈ നിസ്കാരം നിർവഹിച്ചു എന്നത് അതിനുള്ള തെളിവാണ്. ഗ്രഹണ നിസ്കാരം നിർവഹിക്കാൻ നബി (ﷺ) കൽപ്പിച്ചിട്ടുമുണ്ട്. ഈ നിസ്കാരം ദീനിൻ്റെ ഭാഗമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രഹണ നിസ്കാരത്തിൻ്റെ സമയം:
ഗ്രഹണം (സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ) ആരംഭിച്ചത് മുതൽ അത് പൂർണ്ണമായി അവസാനിക്കുന്നത് വരെയുള്ള സമയമാണ് ഗ്രഹണനിസ്കാരത്തിൻ്റെ സമയം.
ഗ്രഹണ നിസ്കാരത്തിന്റെ രൂപം:
ഗ്രഹണ നിസ്കാരം രണ്ട് റക്അത്തുകളാണ്. ഈ രണ്ട് റക്അത്തുകളിലും ഇമാം ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യണം. നിസ്കാരത്തിൻ്റെ രൂപം താഴെ പറയുന്ന വിധത്തിലാണ്:
1. തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിക്കുക. എന്നിട്ട് പ്രാരംഭ പ്രാർത്ഥനയും, അഊദുവും, ബിസ്മിയും ചൊല്ലിയ ശേഷം ഫാത്തിഹ പാരായണം ചെയ്യുക. അതിനുശേഷം സുദീർഘമായി ഖുർആൻ പാരായണം നിർവഹിക്കുക.
2. ശേഷം നീണ്ട ദൈർഘ്യമുള്ള ഒരു റുകൂഅ് ചെയ്യുക.
3. ശേഷം റുകൂഇൽ നിന്ന് തല ഉയർത്തിക്കൊണ്ട്, "സമിഅല്ലാഹു ലിമൻ ഹമിദഹ്" എന്ന് പറയുക. പിന്നീട് വീണ്ടും ഫാത്തിഹ പാരായണം ചെയ്യുക. അതിനുശേഷം ആദ്യത്തേതിനേക്കാൾ അല്പം ദൈർഘ്യം കുറച്ചു കൊണ്ട് ഖുർആൻ പാരായണം നിർവ്വഹിക്കുക.
4. ശേഷം ആദ്യത്തേതിനേക്കാൾ അല്പം ദൈർഘ്യം കുറഞ്ഞ രൂപത്തിൽ ഒരു നീണ്ട റുകൂഅ് ചെയ്യുക.
5. വീണ്ടും റുകൂഇൽ നിന്ന് തല ഉയർത്തിക്കൊണ്ട്, "സമിഅല്ലാഹു ലിമൻ ഹമിദഹ്" എന്ന് പറയുക.
6. പിന്നീട് രണ്ട് സുദീർഘമായ സുജൂദുകൾ ചെയ്യുക.
7. തുടർന്ന് രണ്ടാം റക്അത്തിനായി എഴുന്നേൽക്കുക. ഇത് ഒന്നാം റക്അത്ത് പോലെയാണ്, പക്ഷേ ആദ്യത്തേതിനേക്കാൾ ദൈർഘ്യം കുറവായിരിക്കണം.
ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകൾ:
a) "അസ്സ്വലാത്തു ജാമിഅ" എന്ന് വിളിച്ചുകൊണ്ട് നിസ്കാരത്തിനായി ആളുകളെ ക്ഷണിക്കുക.
b) ജമാഅത്തായി നിർവഹിക്കുക.
c) ഈ നിസ്കാരത്തിലെ നിർത്തവും റുകൂഉം സുജൂദും ദീർഘിപ്പിക്കുക.
d) രണ്ടാം റക്അത്ത് ആദ്യത്തേതിനേക്കാൾ ദൈർഘ്യം കുറവായിരിക്കണം.
e) നിസ്കാരത്തിന് ശേഷം ഒരു ഉപദേശം ഉൾക്കൊള്ളുന്ന പ്രഭാഷണം നടത്തുകയും, നന്മകൾ ചെയ്യാൻ പ്രേരിപ്പിക്കുകയും തിന്മകളിൽ നിന്ന് പിന്തിരിയാൻ ഉപദേശിക്കുകയും ചെയ്യുക.
f) ധാരാളമായി പ്രാർത്ഥിക്കുകയും, അല്ലാഹുവിനോട് വിനയത്തോടെ യാചിക്കുകയും, പാപമോചനം തേടുകയും, ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുക.
18- മഴക്ക് വേണ്ടിയുള്ള നിസ്കാരം (സ്വലാത്തുൽ ഇസ്തിസ്ഖാഅ്).
1- ഇസ്തിസ്ഖാഅ്: വരൾച്ച ഉണ്ടാകുമ്പോൾ മഴ ലഭിക്കുന്നതിനായി അല്ലാഹുവിനോട് മഴക്ക് വേണ്ടി അപേക്ഷിക്കുന്നതിനാണ് ഇസ്തിസ്ഖാഅ് എന്ന് പറയുക.
ഇസ്തിസ്ഖാഅ് നിസ്കാരം നിർവ്വഹിക്കേണ്ട സമയം:
ഭൂമി വരണ്ടുണങ്ങുകയും, മഴ നിലക്കുകയും, മഴയുടെ അഭാവം കാരണം നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുമ്പോൾ ഇസ്തിസ്ഖാഅ് നിസ്കാരം നിർവ്വഹിക്കണം. ഈ സ്ഥിതിയിൽ, തങ്ങളുടെ രക്ഷിതാവിനോട് വിനയത്തോടെ പ്രാർത്ഥിക്കുകയും, മഴക്ക് വേണ്ടി തേടുകയും ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും അവർക്ക് മുൻപിലില്ല. അല്ലാഹുവിനോട് മഴക്ക് വേണ്ടി തേടാൻ പലരൂപങ്ങളുണ്ട്;
a. ജമാഅത്തായിട്ടോ, ഒറ്റക്കോ നിസ്കരിച്ചുകൊണ്ട് മഴക്ക് വേണ്ടി പ്രാർത്ഥിക്കാം.
b. ജുമുഅ ഖുതുബയിൽ പ്രാർത്ഥിച്ചുകൊണ്ട്; ഖതീബ് പ്രാർത്ഥിക്കുകയും, മുസ്‌ലിംകൾ ആ പ്രാർത്ഥനക്ക് 'ആമീൻ' പറയുകയും ചെയ്തു കൊണ്ട് മഴക്ക് വേണ്ടി തേടാം.
c. നിസ്കാരമോ ഖുതുബയോ ഇല്ലാതെ; ഏതു സമയത്തും അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് മഴക്ക് വേണ്ടി തേടാം.
ഇസ്തിസ്ഖാഅ് നിസ്കാരത്തിന്റെ വിധി:
മഴക്ക് വേണ്ട നിസ്കാരം നിർവ്വഹിക്കാനുള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ ഈ നിസ്കാരം നിർവ്വഹിക്കുക എന്നത് പ്രബലമായ സുന്നത്താണ്. കാരണം നബി (ﷺ) അപ്രകാരം പ്രവർത്തിച്ചിട്ടുണ്ട്. അബ്ദുല്ലാഹ് ഇബ്നു സൈദ് (رضي الله عنه) വിൻ്റെ ഹദീഥിൽ വന്നതു പോലെ:
«خَرَجَ النَّبِيُّ ﷺ إِلَى الْمُصَلَّى، فَاسْتَسْقَى، وَاسْتَقْبَلَ الْقِبْلَةَ، وَقَلَبَ رِدَاءَهُ، وَصَلَّى رَكْعَتَيْنِ».
"നബി (ﷺ) മുസല്ലയിലേക്ക് പുറപ്പെടുകയും മഴക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഖിബ്ലയെ അഭിമുഖീകരിക്കുകയും തന്റെ തട്ടം മറിച്ചിടുകയും രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്തു"38.
ഇസ്തിസ്ഖാഅ് നിസ്കാരത്തിന്റെ രൂപം:
ഇസ്തിസ്ഖാഅ് നിസ്കാരം നിർവ്വഹിക്കേണ്ട സ്ഥലത്തിൻ്റെ കാര്യത്തിൽ പെരുന്നാൾ നിസ്കാരത്തിന് സമാനമാണ്; പെരുന്നാൾ നിസ്കാരം പോലെ, മുസല്ലയിൽ വെച്ച് നിർവ്വഹിക്കുന്നതാണ് മഴക്കു വേണ്ടിയുള്ള നിസ്കാരത്തിൻ്റെ കാര്യത്തിലുമുള്ള സുന്നത്ത്.
ഈ നിസ്കാരത്തിൻ്റെ നിയമങ്ങളും പെരുന്നാൾ നിസ്കാരത്തിന്റെ നിയമങ്ങൾക്ക് സമാനമാണ്. റക്അത്തുകളുടെ എണ്ണം, ഉറക്കെ ഖുർആൻ പാരായണം ചെയ്യൽ, ഖുതുബക്ക് മുമ്പ് നിസ്കരിക്കുക, ഖിറാഅത്തിന് മുമ്പ് ഒന്നാമത്തെയും രണ്ടാമത്തെയും റക്അത്തിൽ അധികമുള്ള തക്ബീറുകൾ ചൊല്ലുക എന്നിവയിലെല്ലാം രണ്ട് നിസ്കാരങ്ങളും സമാനമാണ്. പെരുന്നാൾ നിസ്കാരത്തിൻ്റെ രൂപം വിശദീകരിക്കുമ്പോൾ ഇത് മുൻപ് വിവരിച്ചിട്ടുണ്ട്. മഴക്ക് വേണ്ടിയുള്ള നിസ്കാരത്തിന് ശേഷം ഒരു ഖുതുബയാണ് നിർവഹിക്കേണ്ടത്.
19- ജനാസഃയുടെ വിധിവിലക്കുകൾ
(1) മരണം ആസന്നമായവർക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ.
1- മരണശയ്യയിലുള്ളവർക്ക് "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ചൊല്ലിക്കൊടുക്കുന്നത് സുന്നത്താണ്.
2- മരണാസന്നനായ വ്യക്തിയെ ഖിബ്ലക്ക് അഭിമുഖമായി കിടത്തുന്നത് സുന്നത്താണ്.
3- കണ്ണ് അടച്ചു കൊടുക്കുന്നത് നല്ലതാണ്.
4- മരിച്ച ശേഷം മയ്യിത്തിനെ ഒരു തുണികൊണ്ട് മറയ്ക്കുന്നത് സുന്നത്താണ്.
5- മയ്യിത്ത് വേഗത്തിൽ കുളിപ്പിച്ച് കഫൻ ചെയ്യാൻ ശ്രമിക്കണം.
6- മയ്യിത്തിൻ്റെ കടങ്ങൾ വേഗത്തിൽ വീട്ടാൻ ശ്രമിക്കണം.
7- മയ്യിത്തിനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും വേണം. ഇത് രണ്ടും 'ഫർദ് കിഫായ' (സമൂഹത്തിൽ ആരെങ്കിലും ചെയ്താൽ മതിയാവുന്ന നിർബന്ധ കർമ്മം) ആണ്.
(2) മയ്യിത്ത് നിസ്കാരത്തിന്റെ വിധിവിലക്കുകൾ.
മയ്യിത്ത് നിസ്കാരത്തിന്റെ വിധി: ഫർദ്വ് കിഫായഃ.
മയ്യിത്ത് നിസ്കാരത്തിൻ്റെ നിബന്ധനകൾ:
1- ഖിബ്ലക്ക് അഭിമുഖമായി നിൽക്കുക.
2- ശരീരം മറയ്ക്കുക.
3- അശുദ്ധി (നജസ്) നീക്കം ചെയ്യുക.
4- നിസ്കരിക്കുന്നവനും, ആർക്കുവേണ്ടി നിസ്കരിക്കുന്നുവോ ആ മയ്യിത്തും ശുദ്ധിയുള്ളവരായിരിക്കണം.
5- നിസ്കരിക്കുന്നവനും മയ്യിത്തും മുസ്ലിമായിരിക്കണം.
6- നാട്ടിൽ വെച്ചാണെങ്കിൽ മയ്യിത്ത് അവിടെ ഉണ്ടായിരിക്കണം.
7- നിസ്കരിക്കുന്നയാൾ മതനിയമങ്ങൾ ബാധകമാവുന്ന (പ്രായപൂർത്തിയെത്തിയവരും വകതിരിവുള്ളവരും) വ്യക്തിയായിരിക്കണം.
മയ്യിത്ത് നിസ്കാരത്തിലെ സ്തംഭങ്ങൾ:
1- നിന്നു കൊണ്ട് നിസ്കരിക്കൽ.
2- നാല് തക്ബീറുകൾ ചൊല്ലുക.
3- സൂറത്തുൽ ഫാത്തിഹ ഓതുക.
4- നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലുക.
5- മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുക.
6- നിസ്കാരം പഠിപ്പിക്കപ്പെട്ട ക്രമത്തിൽ നിർവ്വഹിക്കുക.
7- നിസ്കാരത്തിൽ നിന്ന് വിരമിച്ചു കൊണ്ട് സലാം പറയുക.
മയ്യിത്ത് നിസ്കാരത്തിൻ്റെ സുന്നത്തുകൾ:
1- ഓരോ തക്ബീറിനൊപ്പവും കൈകൾ ഉയർത്തുക.
2- (ഫാതിഹഃക്ക് മുൻപ്) 'അഊദു' ചൊല്ലുക.
3- സ്വന്തത്തിനും എല്ലാ മുസ്ലിംകൾക്കും വേണ്ടി പ്രാർത്ഥിക്കുക.
4- ഖുർആൻ പാരായണം പതുക്കെയാക്കുക.
5- നാലാമത്തെ തക്ബീറിനും സലാം പറയുന്നതിനും ഇടയിൽ അൽപനേരം നിൽക്കുക.
6- വലത് കൈ ഇടത് കൈയുടെ മുകളിൽ, നെഞ്ചിലായി വെക്കുക.
7- സലാം പറയുമ്പോൾ വലതുഭാഗത്തേക്ക് മുഖം തിരിക്കുക.
മയ്യിത്ത് നിസ്കാരത്തിന്റെ രൂപം:
പുരുഷന്റെ മയ്യിത്താണെങ്കിൽ മയ്യിത്തിൻ്റെ നെഞ്ചിന് നേരെയായാണ് ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവരും നിൽക്കേണ്ടത്. സ്ത്രീയുടെ മയ്യിത്താണെങ്കിൽ അവരുടെ നടുവിൽ വരുന്ന രൂപത്തിൽ നിൽക്കണം. ശേഷം തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരം തുടങ്ങുക; 'അഊദു' ചൊല്ലുക; എന്നാൽ പ്രാരംഭപ്രാർത്ഥന ചൊല്ലേണ്ടതില്ല. ശേഷം 'ബിസ്മി' ചൊല്ലി ഫാത്തിഹ ഓതുക.
പിന്നീട് തക്ബീർ ചൊല്ലുകയും ശേഷം നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. ശേഷം വീണ്ടും തക്ബീർ ചൊല്ലി മയ്യിത്തിനുവേണ്ടി ഹദീഥിൽ വന്ന പ്രാർത്ഥനകളിൽ ഏതെങ്കിലുമൊന്ന് നിർവ്വഹിക്കുക. അവിടുന്ന് പഠിപ്പിച്ച പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമാണ്:
«اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا، وَصَغِيرِنَا وَكَبِيرِنَا، وَذَكَرِنَا وَأُنثَانَا، وَشَاهِدِنَا وَغَائِبِنَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإِسْلَامِ، اللَّهُمَّ لَا تَحْرِمْنَا أَجْرَهُ، وَلَا تُضِلَّنَا بَعْدَهُ».
"അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, ഞങ്ങളിലെ ചെറുപ്പക്കാർക്കും പ്രായമായവർക്കും, ഞങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും, ഇവിടെ ഹാജരുള്ളവർക്കും ഹാജരില്ലാത്തവർക്കും നീ പൊറുത്തു കൊടുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ നീ ജീവനോടെ നിലനിർത്തുന്നവരെ ഈമാനിൽ ജീവിപ്പിക്കേണമേ! ഞങ്ങളിൽ നീ മരിപ്പിക്കുന്നവരെ ഇസ്ലാമിൽ മരിപ്പിക്കേണമേ. അല്ലാഹുവേ, അവനെ കൊണ്ടുള്ള പ്രതിഫലം ഞങ്ങൾക്ക് നീ നഷ്ടപ്പെടുത്തരുതേ! അവന്റെ മരണശേഷം ഞങ്ങളെ നീ വഴിപിഴപ്പിക്കരുതേ."39
മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:
«اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ، وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ، وَوَسِّعْ مَدْخَلَهُ، وَاغْسِلْهُ بِالْمَاءِ وَالثلْجِ وَالْبَرَدِ، وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدَّنَسِ، وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ، وَأَهْلًا خَيْرًا مِنْ أَهْلِهِ، وَزَوْجًا خَيْرًا مِنْ زَوْجِهِ، وَأَدْخِلْهُ الْجَنَّةَ، وَأَعِذْهُ مِنْ عَذَابِ الْقَبْرِ، وَمِنْ عَذَابِ النَّارِ».
അല്ലാഹുവേ! ഇദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണ നൽകുകയും സൗഖ്യം നൽകുകയും മാപ്പേകുകയും ചെയ്യേണമേ! ഇദ്ദേഹത്തിന്റെ വാസസ്ഥലം നീ ശ്രേഷ്ഠമാക്കുകയും, പ്രവേശനസ്ഥാനം വിശാലമാക്കുകയും ചെയ്യേണമേ! വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകേണമേ! വെള്ളവസ്ത്രം അഴുക്കുകളിൽ നിന്ന് ശുദ്ധീകരിക്കുന്നതുപോലെ ഇദ്ദേഹത്തെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കേണമേ! ഇദ്ദേഹത്തിന്റെ വീടിനേക്കാൾ നല്ല വീടും, കുടുംബത്തെക്കാൾ നല്ല കുടുംബത്തെയും, ഇദ്ദേഹത്തിന്റെ ഇണയെക്കാൾ നല്ല ഇണയെയും നീ ഇദ്ദേഹത്തിന് പകരം നൽകേണമേ! ഇദ്ദേഹത്തെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, ഖബ്ർശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും രക്ഷ നൽകുകയും ചെയ്യേണമേ!"40 പിന്നീട് തക്ബീർ ചൊല്ലി അൽപനേരം നിൽക്കുക. ശേഷം വലതുഭാഗത്തേക്ക് ഒരു സലാം മാത്രം പറഞ്ഞു കൊണ്ട് നിസ്കാരത്തിൽ നിന്ന് വിരമിക്കുക.
അദ്ധ്യായം മൂന്ന്: സകാത്ത്
1. സകാത്തിന്റെ നിർവചനവും സ്ഥാനവും.
അറബി ഭാഷയിൽ സകാത്ത് എന്ന പദം വളർച്ച, വർദ്ധനവ് എന്നെല്ലാമാണ് അർത്ഥമാക്കുന്നത്.
ഇസ്ലാമിൻ്റെ ഭാഷയിൽ: നിശ്ചിത സ്വത്തുക്കളിൽ നിശ്ചിത വിഭാഗങ്ങൾക്ക് നിർബന്ധമായുള്ള നൽകേണ്ട ഒരു അവകാശമാണ് സകാത്ത്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തെതാണ് ഇത്. ഖുർആനിൽ എൺപത്തിരണ്ട് സ്ഥലങ്ങളിൽ നിസ്കാരത്തോടൊപ്പം സകാത്തും ചേർത്ത് പറഞ്ഞിട്ടുണ്ട്, ഇത് സകാത്തിന്റെ പ്രാധാന്യം എത്ര വലുതാണെന്ന് സൂചിപ്പിക്കുന്നു.
അല്ലാഹു പറയുന്നു:
﴿وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ...﴾
"നിങ്ങൾ നിസ്കാരം മുറപ്രകാരം നിര്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുക." (ബഖറ: 43)
നബി (ﷺ) പറഞ്ഞു:
«بُنِيَ الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلٰهَ إِلَّا اللَّـهُ، وَأَنَّ مُحَمَّدًا رَسُولُ اللَّـهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ».
"ഇസ്ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ."41
സകാത്ത് നിർബന്ധമാണെന്ന കാര്യത്തിൽ മുസ്ലിംകൾ ഏകാഭിപ്രായക്കാരാണ്. അതൊരു നിർബന്ധകർമ്മമാണെന്നത് നിഷേധിക്കുന്നവൻ കാഫിറാണെന്നും, സകാത്ത് നൽകാത്തവരോട് (ഇസ്ലാമിക ഭരണാധികാരി) യുദ്ധം ചെയ്യണമെന്നതിലും അവർക്കിടയിൽ ഏകാഭിപ്രായമുണ്ട്.
2. സകാത്ത് നിർബന്ധമാകുന്നതിനുള്ള നിബന്ധനകൾ.
a. സ്വാതന്ത്ര്യം: അടിമയ്ക്ക് മേൽ സകാത്ത് നിർബന്ധമില്ല. കാരണം, അവന് സ്വന്തമായി സ്വത്തില്ല; അവന്റെ കൈവശമുള്ളത് അവന്റെ യജമാനൻ്റെ സമ്പത്തിൽ പെട്ടതാണ്. അതിനാൽ, അടിമയുടെ സമ്പത്തിലുള്ള സകാത്ത് യജമാനൻ്റെ ബാധ്യതയിലാണ് ഉൾപ്പെടുക.
b. ഇസ്ലാം: അമുസ്ലിമിന് മേൽ സകാത്ത് നിർബന്ധമില്ല; കാരണം സകാത്ത് എന്നത് ഒരു ആരാധനയും (ഇബാദത്തും) അല്ലാഹുവിനുള്ള അനുസരണവുമാണ്. അല്ലാഹുവിനുള്ള ഇബാദത്തും അനുസരണവും നിർവ്വഹിക്കാനുള്ള കേവലയോഗ്യത കാഫിറിനില്ല.
c. നിസ്വാബ് ഉണ്ടായിരിക്കുക: നിസ്വാബിനേക്കാൾ കുറഞ്ഞ സ്വത്തുള്ളവർക്ക് മേൽ സകാത്ത് നിർബന്ധമില്ല. നിശ്ചിത അളവിലുള്ള സ്വത്തിനാണ് നിസ്വാബ് എന്നു പറയുക.
d. പൂർണ്ണ ഉടമസ്ഥാവകാശം: സ്വത്തിന് മേൽ പൂർണ്ണമായ ഉടമസ്ഥാവകാശം ഉണ്ടെങ്കിലേ സകാത്ത് നിർബന്ധമാവുകയുള്ളൂ. സ്ഥായിയായ ഉടമസ്ഥാവകാശമില്ലാത്ത ഒരു സ്വത്തിനും സകാത്തില്ല; ഉദാഹരണത്തിന്, അടിമ മോചനത്തിനായി നൽകാനുള്ള തുകയിൽ ബാക്കിയുള്ള കടം.
e. ഒരു ഹിജ്റ വർഷം പൂർത്തിയാകുക: സ്വത്ത് കൈവശം വെച്ച് ഒരു വർഷം പൂർത്തിയാകണം.
ആഇശ (رضي الله عنها) നബി (ﷺ) പറഞ്ഞതായി നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:
«لَا زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الْحَوْلُ».
"സമ്പത്തിൽ ഒരു വർഷം പൂർത്തിയാകുന്നതുവരെ സകാത്ത് ബാധകമല്ല."42.
3- സകാത്ത് നിർബന്ധമാകുന്ന സ്വത്തുക്കൾ:
1- കന്നുകാലികളിൽ പെട്ട ഒട്ടകം, പശു, ആട് എന്നിവ.
ഇവയിൽ സകാത്ത് നിർബന്ധമാകാൻ രണ്ട് നിബന്ധനകളുണ്ട്:
1- പാലിന് വേണ്ടിയും, പ്രജനനത്തിന് വേണ്ടിയും വളർത്തുന്നതാവണം; ജോലിക്കു വേണ്ടി വെച്ചവയാകരുത്.
2- മേച്ചിൽപുറങ്ങളിൽ സ്വതന്ത്രമായി മേഞ്ഞുനടക്കുന്നതാവണം. അതിനാൽ, കാശ് കൊടുത്തു തീറ്റ വാങ്ങിയോ അല്ലെങ്കിൽ പുല്ല് ശേഖരിച്ചോ തീറ്റിപ്പോറ്റുന്ന മൃഗങ്ങൾക്ക് സകാത്ത് നിർബന്ധമില്ല. അതുപോലെ, വർഷം മുഴുവനോ മിക്ക സമയവുമോ മേച്ചിൽപുറങ്ങളിൽ മേയാൻ വിടാതെ കുറച്ചു കാലം മാത്രം മേയാൻ വിടുന്ന മൃഗങ്ങൾക്കും സകാത്ത് ബാധകമല്ല.
4- കന്നുകാലികളുടെ സകാത്തിൻ്റെ നിസ്വാബുകൾ:
1- ഒട്ടകത്തിന്റെ സകാത്ത്:
നിബന്ധനകൾ പൂർത്തിയായാൽ, ഓരോ അഞ്ച് ഒട്ടകത്തിനും ഒരു ആട്, പത്തെണ്ണത്തിന് രണ്ട് ആടുകൾ, പതിനഞ്ചെണ്ണത്തിന് മൂന്ന് ആടുകൾ, ഇരുപതെണ്ണത്തിന് നാല് ആടുകൾ എന്നിങ്ങനെ നിർബന്ധമാകും. നബി (ﷺ) യുടെ സുന്നത്തും, പണ്ഡിതന്മാരുടെ ഇജ്മാഉം ഈ പറഞ്ഞതിനുള്ള തെളിവാണ്. ഒട്ടകങ്ങളുടെ എണ്ണം ഇരുപത്തിയഞ്ചായാൽ, ഒരു വയസ്സ് പൂർത്തിയാക്കി രണ്ടാം വയസ്സിലേക്ക് കടന്ന പെണ്ണൊട്ടകത്തെയാണ് സകാത്തായി നൽകേണ്ടത്. ഈ പറഞ്ഞത് കിട്ടിയില്ലെങ്കിൽ രണ്ട് വയസ്സുള്ള ഒരു ആൺ ഒട്ടകത്തെ നൽകിയാലും മതിയാകും.
ഒട്ടകങ്ങളുടെ എണ്ണം മുപ്പത്തിയാറായാൽ, രണ്ട് വയസ്സ് പൂർത്തിയാക്കിയ ഒരു പെണ്ണൊട്ടകമാണ് നൽകേണ്ടത്.
ഒട്ടകങ്ങളുടെ എണ്ണം നാൽപ്പത്തിയാറായാൽ, മൂന്ന് വയസ്സ് പൂർത്തിയാക്കിയ ഒരു പെണ്ണൊട്ടകത്തെ നൽകണം.
ഒട്ടകങ്ങളുടെ എണ്ണം അറുപത്തിയൊന്നായാൽ, നാല് വയസ്സ് പൂർത്തിയാക്കിയ ഒരു പെണ്ണൊട്ടകത്തെ നൽകണം.
എണ്ണം എഴുപത്തിയാറായാൽ, രണ്ട് വയസ്സുള്ള രണ്ട് പെണ്ണൊട്ടകങ്ങളെ നൽകണം.
എണ്ണം തൊണ്ണൂറ്റിഒന്നായാൽ, മൂന്ന് വയസ്സ് പൂർത്തിയാക്കിയ രണ്ട് പെണ്ണൊട്ടകങ്ങളെ നൽകണം.
ഒട്ടകങ്ങളുടെ എണ്ണം നൂറ്റിഇരുപതിൽ ഒന്ന് കൂടി വർദ്ധിച്ചാൽ, രണ്ട് വയസ്സ് പൂർത്തീകരിച്ച മൂന്ന് പെണ്ണൊട്ടകങ്ങളെ നൽകണം. പിന്നീട് ഓരോ നാൽപ്പതിനും ഓരോ രണ്ട് വയസ്സ് പൂർത്തീകരിച്ച പെണ്ണൊട്ടകത്തെ വീതവും, ഓരോ അമ്പതിനും ഓരോ മൂന്ന് വയസ്സ് പൂർത്തിയാക്കിയ പെണ്ണൊട്ടകത്തെ വീതവും നൽകണം.
2- പശുവിന്റെ സകാത്ത്:
പശുവിൻ്റെ കാര്യത്തിൽ -മുൻപ് വിവരിച്ച- നിബന്ധനകൾ പൂർത്തിയാവുകയും, പശുക്കളുടെ എണ്ണം മുപ്പതാവുകയും ചെയ്താൽ ഒരു വയസ്സ് പൂർത്തിയാക്കി രണ്ടാം വയസ്സിലേക്ക് കടന്ന പശുക്കുട്ടിയെ നൽകണം.
പശുക്കളുടെ എണ്ണം മുപ്പതിൽ താഴെയാണെങ്കിൽ അതിൽ സകാത്തില്ല.
എണ്ണം നാൽപ്പതായാൽ, രണ്ട് വയസ്സ് പൂർത്തിയാക്കിയ ഒരു പശുവിനെ നൽകണം.
പശുക്കളുടെ എണ്ണം നാൽപ്പതിൽ അധികമായാൽ, ഓരോ മുപ്പതിനും രണ്ടാം വയസ്സിലേക്ക് പ്രവേശിച്ച ഒരു പശു വീതവും, ഓരോ നാൽപ്പതിനും ഒരു രണ്ട് വയസ്സ് പൂർത്തിയാക്കിയ പശുവിനെ വീതവും നൽകണം.
3- ആടുകളുടെ സകാത്ത്:
ആടിന്റെ എണ്ണം നാൽപ്പതായാൽ, -അത് ചെമ്മരിയാടായാലും കോലാടായാലും- ഒരു ആടിനെ നൽകണം. അത് ഒരു വയസ്സ് പ്രായമുള്ള ചെമ്മരിയാടോ, അല്ലെങ്കിൽ ഒരു പെൺകോലാടോ ആകാം.
ആടുകളുടെ എണ്ണം നാൽപ്പതിൽ കുറവാണെങ്കിൽ സകാത്ത് നിർബന്ധമില്ല. ആടുകളുടെ എണ്ണം നൂറ്റിഇരുപത്തിയൊന്നായാൽ, രണ്ട് ആടുകൾ നിർബന്ധമാകും. എണ്ണം ഇരുനൂറ്റിയൊന്നായാൽ, മൂന്ന് ആടുകൾ നിർബന്ധമാകും.
ഈ എണ്ണത്തിനു ശേഷം, ഓരോ നൂറ് ആടുകൾക്കും ഓരോ ആട് വീതം നിർബന്ധമാകും. നാനൂറ് ആടുകൾക്ക് നാല് ആടുകൾ, ഇതേ ക്രമത്തിൽ തുടർന്നും...
2- ഭൂമിയിൽ നിന്ന് ലഭിക്കുന്നതിൻ്റെ സകാത്ത്
ഭൂമിയിൽ നിന്ന് ലഭിക്കുന്ന സമ്പത്ത് രണ്ട് തരത്തിലുണ്ട്:
1- ധാന്യങ്ങളും പഴങ്ങളും.
2- ഖനിയിൽ നിന്നുള്ളവ.
ഒന്നാമത്തെ തരം: ധാന്യങ്ങളും പഴങ്ങളും.
ഗോതമ്പ്, ബാർലി, അരി തുടങ്ങിയ ധാന്യങ്ങൾക്കും, ഈന്തപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങൾക്കും സകാത്ത് നിർബന്ധമാണ്. എന്നാൽ, പയറുവർഗ്ഗങ്ങളും പച്ചക്കറികളും പോലുള്ള മറ്റ് സസ്യങ്ങൾക്ക് സകാത്ത് നിർബന്ധമില്ല.
ധാന്യങ്ങൾക്കും പഴങ്ങൾക്കും സകാത്ത് നിർബന്ധമാകാനുള്ള നിബന്ധനകൾ:
1- ശേഖരിച്ച് വെക്കാൻ കഴിയുന്നവയായിരിക്കണം: പഴങ്ങളും പച്ചക്കറികളും പോലെ ശേഖരിച്ച് വെക്കാൻ കഴിയാത്തവക്ക് സകാത്തില്ല.
2- അളന്നുവിൽക്കുന്നവയായിരിക്കണം: തണ്ണിമത്തൻ, ഉള്ളി, മാതളനാരങ്ങ തുടങ്ങിയവ പോലെ എണ്ണിയോ തൂക്കിയോ വിൽക്കാറുള്ളവക്ക് സകാത്ത് നിർബന്ധമില്ല.
3- നിസ്വാബ് എത്തണം: നിസ്വാബ് അഞ്ച് വസഖ് എന്നതാണ്. അതിൽ കുറഞ്ഞ അളവിന് സകാത്തില്ല.
4- സകാത്ത് നിർബന്ധമാകുന്ന സമയത്ത് അവക്ക് മേൽ നിസാബ് എത്തിയ അളവിൽ അതുണ്ടായിരിക്കെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം.
സകാത്ത് നിർബന്ധമാകുന്ന സമയം കഴിഞ്ഞതിന് ശേഷം ഒരാൾക്ക് അതിൻ്റെ ഉടമസ്ഥാവകാശം ലഭിച്ചാൽ, ഉദാഹരണത്തിന് വിളവെടുപ്പിന് ശേഷം അത് വാങ്ങുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്താൽ, അയാൾക്ക് സകാത്ത് നിർബന്ധമില്ല.
ഫലവർഗങ്ങളിൽ സകാത്ത് നിർബന്ധമാകുന്ന സമയം:
വിളവുകൾ ഉപയോഗിക്കാൻ പാകമാകുമ്പോഴാണ് അവയുടെ മേൽ സകാത്ത് നിർബന്ധമാവുക. വിളവുകൾ പാകമായതിൻ്റെ അടയാളങ്ങൾ താഴെ പറയുന്നവയാണ്:
a- ധാന്യങ്ങളാണെങ്കിൽ: അത് കട്ടിയുള്ളതും ഉറപ്പുള്ളതുമായാൽ.
b- ഈന്തപ്പഴമാണെങ്കിൽ: അത് ചുവക്കുകയോ മഞ്ഞ നിറമാവുകയോ ചെയ്യുമ്പോൾ.
c- മുന്തിരിയാണെങ്കിൽ: അത് മൃദുത്തമുള്ളതും മധുരമുള്ളതുമാകുമ്പോൾ.
വിളകളുടെ നിസ്വാബിൻ്റെ പരിധി:
ധാന്യങ്ങളുടെയും പഴങ്ങളുടെയും നിസ്വാബ് അഞ്ച് വസഖ് ആണ്. ഒരു വസഖ് അറുപത് സാഅ് ആണ്. അങ്ങനെ വരുമ്പോൾ നിസ്വാബ് മുന്നൂറ് സാഅ് ആണ്; ഏകദേശം 900 കിലോഗ്രാമിന് തുല്യമാണ് ഇത്.
ഫലങ്ങളിൽ നൽകേണ്ട സകാത്തിൻ്റെ അളവ്:
ഒരു ചെലവും കൂടാതെ മഴവെള്ളവും ഉറവകളും ഉപയോഗിച്ച് നനച്ചെടുത്ത വിളവുകൾക്ക് പത്തിലൊന്ന് സകാത്ത് നിർബന്ധമാണ്.
എന്നാൽ, മൃഗങ്ങളെയോ ആധുനിക യന്ത്രങ്ങളെയോ ഉപയോഗിച്ച് കിണറുകളിൽ നിന്നും നദികളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നനച്ചെടുക്കുന്ന വിളവുകൾക്ക് ഇരുപതിൽ ഒന്നാണ് സകാത്തായി നൽകേണ്ടത്.
2- ഖനികളിൽ നിന്ന് ലഭിക്കുന്നവ.
ഭൂമിയിൽ നിന്ന് ലഭിക്കുന്ന വിളകളിൽ ഒരു വിഭാഗമാണ് ഖനിജങ്ങൾ. സ്വർണ്ണം, വെള്ളി, ഇരുമ്പ്, രത്നങ്ങൾ എന്നിവപോലെ മണ്ണിൻ്റെ അംശമല്ലാത്തവയാണ് ഖനിജങ്ങൾ.
ഇവയിൽ സകാത്ത് നിർബന്ധമാകുന്ന സമയം:
ഒരാൾ ഒരു ഖനിജം ഭൂമിയിൽ നിന്ന് പുറത്തെടുത്തു കൊണ്ട് സ്വന്തമാക്കിയാൽ ഉടൻ തന്നെ അതിൻ്റെ സകാത്ത് നൽകണം. അതിന് ഒരു വർഷം തികയേണ്ട ആവശ്യമില്ല. ഇതിൻ്റെ നിസ്വാബ് സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും നിസ്വാബ് പോലെയാണ്. അതിൻ്റെ മൂല്യത്തിൻ്റെ രണ്ടര ശതമാനം സകാത്തായി നൽകണം.
3- നാണയങ്ങളുടെ സകാത്ത്
നാണയങ്ങൾ എന്നാൽ സ്വർണ്ണം, വെള്ളി, കറൻസി നോട്ടുകൾ എന്നിവയാണ് ഉദ്ദേശ്യം. ഇവക്ക് സകാത്ത് നിർബന്ധമാണ്. അതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿...وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ 34﴾
"സ്വര്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക." (തൗബ: 34)
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
«مَا مِنْ صَاحِبِ ذَهَبٍ وَلَا فِضَّةٍ لَا يُؤَدِّي فِيهَا حَقَّهَا؛ إِلَّا إِذَا كَانَ يَوْمَ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحُ مِنْ نَارٍ».
"സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഉടമയായ ഏതൊരാളും, അതിലുള്ള തൻ്റെ ബാധ്യത കൊടുത്തു വീട്ടാതിരിക്കുകയാണെങ്കിൽ, അന്ത്യനാളായാൽ അവ അഗ്നിയുടെ തകിടുകളാക്കി മാറ്റപ്പെടാതിരിക്കുകയില്ല."43
സ്വർണ്ണത്തിനും വെളളിക്കും സകാത്ത് നിർബന്ധമാണെന്ന് മുഴുവൻ പണ്ഡിതന്മാരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. കറൻസി നോട്ടുകൾക്കും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും അതേ നിയമമാണ് ബാധകമാവുക; കാരണം ഇക്കാലഘട്ടത്തിൽ സാമ്പത്തിക ഇടപാടുകളിൽ അവക്ക് ഈ രണ്ട് ലോഹങ്ങളുടെയും സ്ഥാനമാണുള്ളത്.
നാണയങ്ങളുടെ സകാത്തിൻ്റെ നിസാബും അതിൽ നിർബന്ധമായ അളവും:
സ്വർണ്ണത്തിൻ്റെയോ വെള്ളിയുടെയോ നിസാബ് തന്നെയാണ് നാണയങ്ങളുടെ സകാത്തിൻ്റെ അളവും; കാരണം മൂല്യത്തിൻ്റെ കാര്യത്തിൽ അവ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും സ്ഥാനത്താണുള്ളത്. നാണയങ്ങൾ ഇവയിൽ ഏതെങ്കിലും ഒന്നിൻ്റെ നിസ്വാബിൽ എത്തിയാൽ സകാത്ത് നിർബന്ധമാകും. ഇന്ന് കറൻസി നോട്ടുകളുടെ നിസാബ് സാധാരണയായി കണക്കാക്കുന്നത് വെള്ളിയുടെ നിസാബ് അനുസരിച്ചാണ്; കാരണം വെള്ളിയുടെ വില സ്വർണ്ണത്തെക്കാൾ കുറവായത് കൊണ്ട് സ്വർണ്ണത്തിൻ്റെ നിസ്വാബ് എത്തുന്നതിനേക്കാൾ മുൻപ് പണം വെള്ളിയുടെ നിസ്വാബിൽ എത്തുന്നതാണ്. ഒരു മുസ്ലിമിന് 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ സമ്പാദ്യം ഉണ്ടായിരിക്കുകയും, അതിന്മേൽ ഒരു വർഷം പൂർത്തിയാവുകയും ചെയ്താൽ അതിന് സകാത്ത് നിർബന്ധമാകും. വെള്ളിയുടെ ഗ്രാമിൻ്റെ വില ഓരോ സമയത്തും മാറിക്കൊണ്ടിരിക്കും. ആർക്കെങ്കിലും ചെറിയൊരു തുകയുണ്ടായിരിക്കുകയും അത് നിസാബിൽ എത്തിയോ എന്ന് ഉറപ്പില്ലാതിരിക്കുകയും ചെയ്താൽ, അദ്ദേഹം വെള്ളിയുടെ വ്യാപാരികളോട് ഒരു ഗ്രാമിൻ്റെ വിലയെക്കുറിച്ച് ചോദിക്കുകയും, അതിനെ 595 കൊണ്ട് ഗുണിക്കുകയും ചെയ്യണം. ആ കിട്ടുന്ന തുകയാണ് സകാത്ത് നിർബന്ധമാവുന്ന നിസാബ്.
ശ്രദ്ധിക്കുക: ഒരാൾക്ക് തന്റെ സമ്പാദ്യത്തിന്റെ സകാത്ത് നൽകണമെന്ന് ഉദ്ദേശിക്കുമ്പോൾ, അയാൾ തൻ്റെ നിസ്വാബിനെ 40 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന തുകയാണ് സകാത്തായി നൽകേണ്ട നിർബന്ധമായ അളവ്.
4- കച്ചവടച്ചരക്കിൻ്റെ സകാത്ത്
ലാഭം ലക്ഷ്യമിട്ട് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങൾക്കും വാണിജ്യ വസ്തുക്കൾ / കച്ചവടച്ചരക്കുകൾ (عروض التجارة) എന്ന് പറയുന്നു. പണം ഒഴികെയുള്ള എല്ലാത്തരം സമ്പാദ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, കാറുകൾ, വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, ഇരുമ്പ്, മരങ്ങൾ തുടങ്ങിയ വാണിജ്യാവശ്യങ്ങൾക്കായി തയ്യാറാക്കിയവയെല്ലാം ഈ ഇനത്തിൽപ്പെടും.
വാണിജ്യ വസ്തുക്കൾക്ക് സകാത്ത് നിർബന്ധമാവാനുള്ള നിബന്ധനകൾ:
1- അവ ഉടമസ്ഥാവകാശത്തിൽ എത്തിയത് സ്വന്തം പ്രവൃത്തിയിലൂടെയായിരിക്കണം: അതായത്, കച്ചവടം, വാടകയ്ക്ക് കൊടുക്കൽ തുടങ്ങിയ സമ്പാദ്യ മാർഗങ്ങളിലൂടെ സ്വന്തമാക്കിയതാവണം.
2- കച്ചവടത്തിനുള്ള ഉദ്ദേശ്യത്തോടെയായിരിക്കണം: ലാഭം നേടുക എന്ന ലക്ഷ്യമായിരിക്കണം അത് കൈവശം വെക്കുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം. എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശ്യങ്ങൾക്കനുസരിച്ചാണ്; കച്ചവടവും ഒരു പ്രവർത്തനമാണ്. അതിനാൽ മറ്റു പ്രവർത്തനങ്ങൾ പോലെ ഇതിനും ഉദ്ദേശ്യം നിർബന്ധമാണ്.
3- കച്ചവടവസ്തുക്കളുടെ മൂല്യം നിശ്ചിത പരിധിയിൽ (നിസാബ്) എത്തണം: അതായത്, സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ നിശ്ചിത പരിധിയായ നിസാബിൽ കച്ചവട വസ്തുക്കളുടെ മൂല്യം എത്തണം.
4- കവ്വവടവസ്തുക്കൾ അയാളുടെ ഉടമസ്ഥതയിൽ ഒരു വർഷം പൂർത്തിയാകണം.
കച്ചവടച്ചരക്കുകളുടെ സകാത്ത് നൽകുന്ന വിധം:
വർഷം പൂർത്തിയാകുമ്പോൾ കച്ചവടച്ചരക്കുകളുടെ മൂല്യം സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ അടിസ്ഥാനത്തിൽ കണക്കാക്കണം. ഇപ്രകാരം കണക്കെടുക്കുമ്പോൾ സ്വർണ്ണത്തിൻ്റെയോ വെള്ളിയുടെയോ നിസ്വാബിൻ്റെ പരിധി എത്തുകയാണെങ്കിൽ, അതിന്റെ ആകെ മൂല്യത്തിന്റെ നാലിലൊന്ന് (അഥവാ 2.5%) സകാത്തായി നൽകണം.
5- ഫിത്ർ സകാത്ത്.
റമദാൻ മാസത്തിന്റെ അവസാനത്തിൽ നൽകേണ്ട, നിർബന്ധദാനങ്ങളിൽ പെട്ടതാണ് ഫിത്ർ സകാത്ത്. ഹിജ്റ രണ്ടാം വർഷത്തിലാണ് സകാത്തുൽ ഫിത്ർ നിർബന്ധമാക്കപ്പെട്ടത്.
ഫിത്ർ സകാത്ത് നൽകുന്നതിൻ്റെ വിധി:
ഒരു മുസ്ലിമായ മനുഷ്യന്, അയാൾക്കും അയാളുടെ ആശ്രിതർക്കും ആവശ്യമായതിനേക്കാൾ കൂടുതൽ ഭക്ഷണം പെരുന്നാൾ ദിവസവും പെരുന്നാൾ രാവിലും കൈവശമുണ്ടെങ്കിൽ ഫിത്ർ സകാത്ത് നൽകുക എന്നത് നിർബന്ധമാണ്. അത് എല്ലാ മുസ്ലിമിൻ്റെ കാര്യത്തിലും ബാധകമാണ്; അക്കാര്യത്തിൽ ആണോ പെണ്ണോ, കുട്ടിയോ വലിയവരോ, സ്വതന്ത്രനോ അടിമയോ എന്ന വ്യത്യാസമില്ല. കാരണം നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
«فَرَضَ رَسُولُ اللَّهِ ﷺ زَكَاةَ الْفِطْرِ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنثَى، وَالصَّغِيرِ وَالْكَبِيرِ، مِنَ الْمُسْلِمِينَ».
“അടിമയ്ക്കും സ്വതന്ത്രനും, പുരുഷനും സ്ത്രീക്കും, കുട്ടിക്കും മുതിർന്നവർക്കും, മുസ്ലിമീങ്ങളിൽപെട്ട എല്ലാവർക്കും ഫിത്ർ സകാത്ത് അല്ലാഹുവിൻ്റെ റസൂൽ ﷺ നിർബന്ധമാക്കിയിരിക്കുന്നു.”44 നിർബന്ധമാക്കി എന്നതിൻ്റെ അർത്ഥം അത് നൽകൽ വാജിബാണെന്നും, നിർബന്ധബാധ്യതയാണെന്നുമാണ്.
സകാത്തുൽ ഫിത്ർ നിശ്ചയിച്ചതിൻ്റെ പിന്നിലെ യുക്തി:
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
«فَرَضَ رَسُولُ اللَّهِ ﷺ زَكَاةَ الْفِطْرِ؛ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ».
“അല്ലാഹുവിൻ്റെ റസൂൽ ﷺ ഫിത്ർ സകാത്ത് നിർബന്ധമാക്കിയത് നോമ്പുകാരനെ അനാവശ്യമായ സംസാരങ്ങളിൽ നിന്നും ദുഷിച്ച വാക്കുകളിൽ നിന്നും ശുദ്ധീകരിക്കുന്നതിനും, സാധുക്കൾക്ക് ആഹാരം ലഭിക്കുന്നതിനും വേണ്ടിയാണ്.”45
ഫിത്ർ സകാത്ത് നിർബന്ധമായും നൽകേണ്ട സമയം:
പെരുന്നാൾ രാത്രിയിലെ സൂര്യാസ്തമനത്തോടെയാണ് ഫിത്ർ സകാത്ത് നിർബന്ധമാകുന്നത്. ഈദിൻ്റെ ദിവസം ഫിത്ർ സകാത്ത് നൽകുക എന്നതാണ് കൂടുതൽ നല്ലത്. അതായത് പെരുന്നാൾ നമസ്കാരത്തിന് പോകുന്നതിന് മുമ്പ് പെരുന്നാൾ നമസ്കാരത്തിന് ശേഷം നൽകുന്ന വിധത്തിൽ അത് വൈകിക്കുന്നത് അനുവദനീയമല്ല. അങ്ങനെ ആരെങ്കിലും വൈകിപ്പിച്ചാൽ, നിശ്ചിതസമയത്ത് ഫിത്ർ സകാത്ത് നൽകാതിരുന്നതിനാൽ അത് ഖദ്വാ വീട്ടുക എന്ന ഉദ്ദേശ്യത്തിലാണ് അത് നൽകേണ്ടത്. നിർദ്ദിഷ്ട സമയത്തിൽ നിന്ന് വൈകിച്ചതിന് അവൻ കുറ്റക്കാരനായിരിക്കും; (അതിനാൽ അവൻ ആ തെറ്റിൽ നിന്ന് പ്രായശ്ചിത്തം തേടുകയും വേണം).
പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുൻപ് ഫിത്ർ സകാത്ത് നൽകുക എന്നത് അനുവദനീയമാണ്.
ഫിത്ർ സകാത്തിൻ്റെ അളവും നൽകേണ്ട വസ്തുവും:
ഫിത്ർ സകാത്ത് നൽകുന്ന നാട്ടിലെ ജനങ്ങളുടെ സാധാരണ ആഹാര സാധനങ്ങളിൽ നിന്ന് ഒരു സ്വാഅ് ആണ് ഫിത്ർ സകാത്തിൻ്റെ അളവ്; അരി, ഈത്തപ്പഴം, ഗോതമ്പ് തുടങ്ങിയവയെല്ലാം സകാത്തായി നൽകാം. സ്വാഅ് എന്നാൽ ഏകദേശം മൂന്ന് കിലോഗ്രാമാണ്. ഫിത്ർ സകാത്തിൻ്റെ മൂല്യം പണമായി നൽകുക എന്നത് അനുവദനീയമല്ല; കാരണം അത് നബി ﷺ യുടെ കൽപ്പനക്ക് വിരുദ്ധമാണ്.
സകാത്ത് നൽകലും അതിന്റെ അവകാശികളും:
നൽകേണ്ട സമയം:
സകാത്ത് നിർബന്ധമാകുന്ന സമയം എത്തിയാലുടൻ അത് നൽകേണ്ടതാണ്. അനിവാര്യമായ കാരണങ്ങളില്ലാതെ സകാത്ത് വൈകിപ്പിക്കുന്നത് അനുവദനീയമല്ല. ഒരാളുടെ ധനം ദൂരദേശത്തായിരിക്കുകയും, അത് കൈകാര്യം ചെയ്യാൻ ആരെയും ഏൽപ്പിക്കാനില്ലാത്ത അവസ്ഥയിൽ അകപ്പെടുകയും ചെയ്യുക എന്നത് അനിവാര്യ സാഹചര്യത്തിൻ്റെ ഉദാഹരണമാണ്.
സകാത്ത് നൽകേണ്ട സ്ഥലം:
ധനം എവിടെയാണോ ഉള്ളത് അവിടെത്തന്നെ സകാത്ത് നൽകുന്നതാണ് ഉത്തമം. എന്നാൽ ചില സന്ദർഭങ്ങളിൽ ധനം ഉള്ള സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് അനുവദനീയമാണ്:
1- ആ നാട്ടിൽ സകാത്തിന് അർഹരായവർ ഇല്ലാതിരിക്കുമ്പോൾ.
2- മറ്റൊരു നാട്ടിൽ സകാത്തിന് ആവശ്യക്കാരനായ ബന്ധുവോ മറ്റോ ഉണ്ടായിരിക്കുമ്പോൾ.
3- സകാത്ത് മറ്റൊരു നാട്ടിലേക്ക് നീക്കേണ്ടതായ എന്തെങ്കിലും സാഹചര്യങ്ങൾ ഉണ്ടായാൽ; ഉദാഹരണത്തിന് പട്ടിണിയോ വെള്ളപ്പൊക്കമോ പോലുള്ള പ്രയാസങ്ങൾ ബാധിച്ച മുസ്ലിം പ്രദേശങ്ങളിലേക്ക് സകാത്ത് നൽകുക എന്നത്.
കുട്ടികളുടെയും ഭ്രാന്തുള്ളവരുടെയും ഉടമസ്ഥതയിലുള്ള സമ്പത്തിനും സകാത്ത് നിർബന്ധമാണ്. സകാത്തിൻ്റെ വിഷയത്തിലെ പൊതുതെളിവുകൾ അതാണ് അറിയിക്കുന്നത്. കുട്ടിയുടെയോ ഭ്രാന്തൻ്റെയോ ധനം കൈകാര്യം ചെയ്യുന്ന രക്ഷാധികാരിയാണ് അവർക്ക് വേണ്ടി സകാത്ത് നൽകേണ്ടത്. നിയ്യത്ത് (ഉദ്ദേശം) ഇല്ലാതെ സകാത്ത് നൽകാൻ പാടില്ല.
കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:
«إِنَّمَا الْأَعْمَالُ بِالنِّيَّاتِ».
"പ്രവർത്തനങ്ങൾ നിയ്യത്തുകളുടെ (ഉദ്ദേശ്യങ്ങളുടെ) അടിസ്ഥാനത്തിൽ മാത്രമാണ്."46.
സകാത്തിന്റെ അവകാശികൾ
സകാത്ത് ലഭിക്കാൻ അർഹതയുള്ള, സകാത്തിൻ്റെ അവകാശികൾ എട്ട് വിഭാഗങ്ങളാണ്.
ഒന്നാമത്തെ വിഭാഗം: ദരിദ്രർ (ഫുഖറാഅ്).
പാർപ്പിടം, ഭക്ഷണം, വസ്ത്രം എന്നിവയടക്കമുള്ള തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരാണിവർ. ഇവർക്കും ഇവരുടെ ആശ്രിതർക്കും ഒരു വർഷത്തേക്ക് ആവശ്യമായത്ര തുക സകാത്തിൽ നിന്ന് നൽകാം.
രണ്ടാമത്തെ വിഭാഗം: അഗതികൾ (മസാകീൻ)
തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാൻ കഴിയുന്നവരാണിവർ. എന്നാൽ, പൂർണ്ണമായും ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല. ഉദാഹരണത്തിന്, ശമ്പളം ഉണ്ടെങ്കിലും ഒരു വർഷത്തേക്ക് വേണ്ടത്ര വരുമാനം ഇല്ലാത്തവർ.
ഇവർക്കും ഇവരുടെ ആശ്രിതർക്കും ഒരു വർഷത്തേക്ക് ആവശ്യമായത്ര സകാത്തിൽ നിന്ന് നൽകാം.
മൂന്നാമത്തെ വിഭാഗം: സകാത്തിൻ്റെ ഉദ്യോഗസ്ഥർ.
ഭരണാധികാരി, സകാത്ത് ശേഖരിക്കുക, സൂക്ഷിക്കുക, വിതരണം ചെയ്യുക എന്നീ ചുമതലകളിൽ ഏതെങ്കിലും ഏൽപ്പിച്ച ഉദ്യോഗസ്ഥരാണ് ഇവർ.
ഇവർക്ക്, അവരുടെ ജോലിയുടെ കൂലി എന്ന നിലയിൽ സകാത്തിൽ നിന്ന് നൽകാം. അവർക്ക് സർക്കാരിൽ നിന്ന് ശമ്പളമോ വേതനമോ ഇല്ലെങ്കിൽ മാത്രമാണിത്.
നാലാമത്തെ വിഭാഗം: ഹൃദയം ഇണക്കപ്പെടേണ്ടവർ.
സകാത്ത് നൽകപ്പെട്ടാൽ ഇസ്ലാം സ്വീകരിക്കാൻ സാധ്യതയുള്ളവർ, അല്ലെങ്കിൽ വിശ്വാസം ദൃഢമാവാൻ സാധ്യതയുള്ള ദുർബലവിശ്വാസികൾ, അല്ലെങ്കിൽ പണം നൽകിയാൽ മുസ്ലിംകളെ ഉപദ്രവിക്കുന്നതിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയുള്ളവർ; ഇവരെല്ലാം ഈ പറഞ്ഞ വിഭാഗത്തിൽ ഉൾപെടുന്നു.
ഇവരുടെ ഹൃദയങ്ങളെ ഇണക്കാൻ ആവശ്യമായത്ര സകാത്ത് ഇവർക്ക് നൽകാം.
അഞ്ചാമത്തെ വിഭാഗം: അടിമകൾ.
അടിമകളെ മോചിപ്പിക്കാനും, അടിമത്വത്തിൽ നിന്ന് സ്വയം മോചനം നേടാൻ ഉടമയുമായി കരാറുണ്ടാക്കിയവരെ (മുക്തബീൻ) സഹായിക്കാനും സകാത്തിൻ്റെ പണം ഉപയോഗിക്കാം.
സ്വയം അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാനായി തൻ്റെ ഉടമയുമായി കരാറിൽ ഏർപ്പെട്ടവർക്കാണ് മുകാത്തബ് എന്നു പറയുക. യുദ്ധത്തടവുകാരായ മുസ്ലിംകളെ മോചിപ്പിക്കുന്നതും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
ആറാമത്തെ വിഭാഗം: കടത്തിൽ മുങ്ങിയവർ. ഇവർ രണ്ട് തരത്തിലുണ്ട്:
ഒന്ന്: സ്വന്തം ആവശ്യങ്ങൾക്ക് കടം വാങ്ങുകയും, അത് വീട്ടാൻ പണമില്ലാതിരിക്കുകയും ചെയ്യുന്നവർ. ഇവർക്ക് കടം വീട്ടാൻ ആവശ്യമായ തുക നൽകാം.
രണ്ട്: സമൂഹത്തിൽ രജ്ഞിപ്പ് ഉണ്ടാക്കുന്നതിനായി കടം വാങ്ങിയവർ. ഇവർക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിൽ പോലും കടം വീട്ടാൻ ആവശ്യമായ തുക നൽകാം.
ഏഴാമത്തെ വിഭാഗം: അല്ലാഹുവിന്റെ മാർഗത്തിൽ പരിശ്രമിക്കുന്നവർ.
അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരാണിവർ.
ഇവർക്ക് യുദ്ധത്തിൽ ആവശ്യമുള്ള വാഹനങ്ങൾ, ആയുധങ്ങൾ, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ നിറവേറ്റാൻ ആവശ്യമായത്ര സകാത്ത് നൽകാം.
എട്ടാമത്തെ വിഭാഗം: വഴിപോക്കൻ.
യാത്രക്കിടയിൽ പണം തീർന്നുപോവുകയോ മോഷണം പോവുകയോ ചെയ്തതിനാൽ സ്വന്തം നാട്ടിലെത്താൻ പണമില്ലാത്തവരാണിവർ.
ഇത്തരക്കാർ തങ്ങളുടെ നാട്ടിൽ സമ്പന്നനാണെങ്കിൽ പോലും, അയാൾക്ക് നാട്ടിലെത്താൻ ആവശ്യമായ തുക സകാത്തിൽ നിന്ന് നൽകാവുന്നതാണ്.
അദ്ധ്യായം നാല്: നോമ്പ്
നോമ്പ് എന്നാൽ:
പുലരി മുതൽ സൂര്യാസ്തമയം വരെ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ട് അല്ലാഹുവിനോടുള്ള ആരാധന നിർവഹിക്കലാണ്.
ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് നോമ്പ്. അല്ലാഹു നിർബന്ധമാക്കിയ കർമ്മങ്ങളിലൊന്നുമാണത്. മുസ്ലിമായ ഏതൊരാൾക്കും ഇക്കാര്യം നിർബന്ധമാണെന്ന് അറിയാതെ പോവുകയില്ല. നോമ്പിന്റെ നിർബന്ധമാണെന്നതിന് ഖുർആനും സുന്നത്തും മുസ്ലിംകളുടെ ഇജ്മാഉം തെളിവാണ്.
അല്ലാഹു പറയുന്നു:
﴿شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ هُدٗى لِّلنَّاسِ وَبَيِّنَٰتٖ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُ...﴾
"ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി കാട്ടുന്നതും സത്യവും അസത്യവും വേര്തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്." (ബഖറ: 185)
റമദാനിലെ നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനകൾ:
1- ഇസ്ലാം: മുസ്ലിമിൻ്റെ നോമ്പ് മാത്രമേ സാധുവാകുകയുള്ളൂ. കാഫിറായ ഒരാളുടെ നോമ്പ് സാധുവല്ല.
2- പ്രായപൂർത്തി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മേൽ നോമ്പ് നിർബന്ധമല്ല. വിവേചനശേഷിയുള്ള ഒരു കുട്ടി നോമ്പെടുത്താൽ അത് സാധുവാണ്; പക്ഷേ അത് സുന്നത്തായ നോമ്പായാണ് പരിഗണിക്കപ്പെടുക.
3- ബുദ്ധി: ബുദ്ധിയില്ലാത്തവർക്ക് നോമ്പ് നിർബന്ധമില്ല, അവർക്ക് നിയ്യത്ത് (ഉദ്ദേശ്യം) ഇല്ലാത്തതുകൊണ്ട് അവരുടെ നോമ്പ് സാധുവുമല്ല.
4- കഴിവ്: നോമ്പെടുക്കാൻ കഴിവുണ്ടായിരിക്കുക. അതിനാൽ, നോമ്പെടുക്കാൻ കഴിയാത്ത രോഗിക്കും യാത്രക്കാരനും നോമ്പ് നിർബന്ധമില്ല. രോഗവും യാത്രയും അവസാനിച്ചാൽ അവർ നോമ്പ് നോറ്റുവീട്ടിയാൽ മതി. കൂടാതെ, ഒരു സ്ത്രീയുടെ നോമ്പ് സാധുവാകണമെങ്കിൽ ആർത്തവരക്തവും പ്രസവരക്തവും നിലച്ചിരിക്കണം എന്ന നിബന്ധന കൂടെയുണ്ട്.
റമദാൻ മാസം ആരംഭിക്കുന്നത് താഴെ പറയുന്ന രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് സ്ഥിരീകരിക്കുന്നത് വഴിയാണ്:
1. റമദാൻ മാസപ്പിറവി കാണുക: നബി -ﷺ- പറയുന്നു:
«صُومُوا لِرُؤْيَتِهِ، وَأفْطِرُوا لِرُؤْيَتِهِ».
"നിങ്ങൾ (മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക."47.
2. ശഅ്ബാൻ മാസം 30 ദിവസം പൂർത്തിയാക്കുക; റമദാൻ മാസപ്പിറവി കാണാൻ കഴിയാതെ വരുകയോ, മേഘങ്ങളോ പൊടിപടലങ്ങളോ കാരണം കാഴ്ചക്ക് തടസ്സമുണ്ടാവുകയോ ചെയ്താൽ ഈ രീതി പിന്തുടരാം. കാരണം നബി (ﷺ) പറഞ്ഞിരിക്കുന്നു:
«فَإِنْ غُمَّ عَلَيْكُمْ؛ فَأَكْمِلُوا عِدَّةَ شَعْبَانَ ثَلَاثِينَ يَوْمًا».
"നിങ്ങളുടെ മേൽ മറയിടപ്പെട്ടാൽ, ശഅ്ബാൻ മുപ്പത് ദിവസമായി പൂർത്തീകരിക്കുക."48
നോമ്പിലെ നിയ്യത്ത്:
നോമ്പ് മറ്റു ഇബാദത്തുകളെപ്പോലെതന്നെ നിയ്യത്തില്ലാതെ (ഉദ്ദേശ്യമില്ലാതെ) സാധുവാകില്ല. നിർബന്ധമായ നോമ്പുകളുടെ നിയ്യത്ത് വെക്കേണ്ട സമയം മറ്റു നോമ്പുകളിൽ നിന്ന് വ്യത്യസ്തമാണ്. അത് താഴെ പറയുന്ന പ്രകാരമാണ്:
ഒന്ന്: നിർബന്ധ നോമ്പ്. റമദാനിലെ നോമ്പ്, ഖദാഅ് (നോമ്പ് നഷ്ടപ്പെട്ടതിന് പകരം നോൽക്കുന്നത്), നേർച്ചയുടെ ഭാഗമായി നിർബന്ധമായ നോമ്പ് എന്നിങ്ങനെയുള്ള നോമ്പുകൾക്ക് രാത്രിയിൽ -പുലരി ഉദിക്കുന്നതിന് മുൻപ്- നിയ്യത്ത് വെക്കണം. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَن لَمْ يُبَيِّتْ الصِّيَامَ مِنَ اللَّيْلِ فَلَا صِيَامَ لَهُ».
"രാത്രിയിൽ നോമ്പെടുക്കാൻ നിശ്ചയിക്കാത്തവന് നോമ്പില്ല."49
രണ്ട്: സുന്നത്ത് നോമ്പ്. സുന്നത്തായ നോമ്പിൻ്റെ നിയ്യത്ത് പകൽ സമയത്ത് കരുതിയാലും മതിയാകുന്നതാണ്. എന്നാൽ, ഒരു നിബന്ധന ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്: അന്നേ ദിവസം പുലരി ഉദിച്ചതിന് ശേഷം നോമ്പ് മുറിക്കുന്ന യാതൊന്നും അയാൾ ചെയ്തിരിക്കാൻ പാടില്ല.
നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
ഒന്നാമത്തേത്: ലൈംഗിക ബന്ധം. ഒരാൾ നോമ്പിൻ്റെ പകലിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവന്റെ നോമ്പ് മുറിയും. ആ ദിവസത്തെ നോമ്പ് അവൻ ഖളാഅ് (പിന്നീട് നോറ്റുവീട്ടുക) വീട്ടണം. ഒഴിവാക്കിയ നോമ്പ് പിന്നീട് നോറ്റുവീട്ടുന്നതിനോടൊപ്പം, അവൻ ചെയ്ത തിന്മക്കുള്ള പ്രായശ്ചിത്തവും ചെയ്യണം. റമദാനിൻ്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അതിനുള്ള പ്രായശ്ചിത്തം ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കിൽ, തുടർച്ചയായി രണ്ടുമാസം നോമ്പെടുക്കണം. മതപരമായി സാധുവായ എന്തെങ്കിലും ഒഴിവുകഴിവ് കാരണത്താൽ അതും സാധിക്കുന്നില്ലെങ്കിൽ, അവൻ അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകണം. ഓരോ സാധുവിനും അവരുടെ നാട്ടിൽ സാധാരണയായി കഴിക്കുന്ന ഭക്ഷണം അര സ്വാഅ് (ഏകദേശം ഒന്നര കിലോ) വീതം നൽകുകയാണ് വേണ്ടത്.
രണ്ടാമത്തേത്: മനിയ്യ് (ഇന്ദ്രിയം) പുറത്തേക്ക് വരിക. ചുംബനം, സ്പർശനം, സ്വയംഭോഗം, അല്ലെങ്കിൽ ആവർത്തിച്ചുള്ള നോട്ടം എന്നിവ കാരണം മനിയ്യ് പുറത്തുവന്നാൽ, അക്കാരണത്താൽ നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാൽ മതിയാകും; ഈ സാഹചര്യത്തിൽ കഫ്ഫാറത്ത് വേണ്ടതില്ല. കാരണം, കഫ്ഫാറത്ത് നോമ്പിൻ്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് മാത്രമാണ് ബാധകമാവുക. എന്നാൽ, നോമ്പുകാരനായ ഒരാൾ ഉറങ്ങുമ്പോൾ സ്വപ്നസ്ഖലനം സംഭവിക്കുകയും, അക്കാരണത്താൽ മനിയ്യ് പുറത്തുവരികയും ചെയ്താൽ, അവൻ്റെ നോമ്പ് മുറിയുന്നതല്ല. ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുക എന്നത് ഒഴിച്ചു നിർത്തിയാൽ അവൻ മറ്റൊന്നും ചെയ്യേണ്ടതില്ല.
മൂന്നാമത്തേത്: മനഃപൂർവ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക. അല്ലാഹു പറയുന്നു:
﴿وَكُلُواْ وَٱشۡرَبُواْ حَتَّىٰ يَتَبَيَّنَ لَكُمُ ٱلۡخَيۡطُ ٱلۡأَبۡيَضُ مِنَ ٱلۡخَيۡطِ ٱلۡأَسۡوَدِ مِنَ ٱلۡفَجۡرِۖ ثُمَّ أَتِمُّواْ ٱلصِّيَامَ إِلَى ٱلَّيۡلِ...﴾
"നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്യുക." (ബഖറ: 187)
എന്നാൽ, മറന്നുകൊണ്ട് ആരെങ്കിലും ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ, അവൻ്റെ നോമ്പിന് യാതൊരു കുറവും ബാധിക്കുന്നതല്ല. കാരണം ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
«مَن نَسِيَ وَهُوَ صَائِمٌ، فَأَكَلَ أَوْ شَرِبَ، فَلْيُتِمَّ صَوْمَهُ، فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ».
"ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നു കൊണ്ട് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താൽ അവൻ തൻ്റെ നോമ്പ് പൂർത്തീകരിച്ചു കൊള്ളട്ടെ; അവനെ ഭക്ഷിപ്പിക്കുകയും അവന് വെള്ളം നൽകുകയും ചെയ്തത് അല്ലാഹു മാത്രമാണ്."50.
നാലാമത്തേത്: മനഃപൂർവ്വം ഛർദ്ദി വരുത്തുക. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഛർദ്ദി പുറത്തേക്ക് വന്നാൽ അത് നോമ്പിനെ ബാധിക്കില്ല എന്നത് പ്രത്യേകം ഓർക്കുക.
നബി ﷺ പറഞ്ഞിരിക്കുന്നു:
«مَنْ ذَرَعَهُ الْقَيءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَن اسْتَقَاءَ عَمْدًا فَلْيَقْضِ».
"ആർക്കെങ്കിലും ഛർദ്ദി വന്നാൽ അവൻ നോമ്പ് കടം വീട്ടേണ്ടതില്ല. എന്നാൽ ആരെങ്കിലും ഉദ്ദേശപൂർവ്വം ഛർദിച്ചാൽ അവൻ നോമ്പ് നോറ്റുവീട്ടണം."51
അഞ്ചാമത്തേത്: ശരീരത്തിൽ നിന്ന് രക്തം പുറത്തേക്കെടുക്കുക. ഹിജാമഃ (കൊമ്പുവെക്കൽ), രക്തം കുത്തിയെടുക്കൽ, അല്ലെങ്കിൽ രോഗിയെ രക്ഷിക്കാൻ വേണ്ടി രക്തം ദാനം ചെയ്യൽ എന്നിവയിലൂടെ ശരീരത്തിൽ നിന്ന് രക്തം പുറത്തു കൊണ്ടുവന്നാൽ അതോടെ നോമ്പ് മുറിയും. എന്നാൽ, പരിശോധനയ്ക്ക് വേണ്ടി കുറഞ്ഞ അളവിൽ രക്തമെടുക്കുന്നത് നോമ്പിനെ ബാധിക്കില്ല. അതുപോലെ, മൂക്കിൽ നിന്ന് രക്തം വരുകയോ, മുറിവുകളോ, പല്ല് പറിക്കുന്നതോ മൂലം രക്തം വരുകയോ പോലെയുള്ള കാര്യങ്ങൾ കൊണ്ട് -സ്വന്തം ഇഷ്ടപ്രകാരമല്ലാതെ രക്തം പുറത്തുവന്നാലും- അത് നോമ്പിനെ ബാധിക്കുകയില്ല.
റമദാൻ മാസത്തിൽ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളവർ
നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളവരെ രണ്ട് വിഭാഗങ്ങളായി തിരിക്കാം:
ഒന്ന്: നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളവരും, അത് പിന്നീട് നിർബന്ധമായും നോറ്റുവീട്ടേണ്ടവരും;
ഇവർ താഴെ പറയുന്നവരാണ്:
1- രോഗികൾ: രോഗം ഭേദമാകാൻ സാധ്യതയുള്ള, നോമ്പെടുക്കുന്നത് കാരണം പ്രയാസം അനുഭവിക്കുകയോ കഠിനമായ ക്ഷീണം ബാധിക്കുകയോ ചെയ്യുന്ന ആളുകൾക്ക് നോമ്പ് ഒഴിവാക്കാം.
2- യാത്രക്കാർ: യാത്ര കാരണം പ്രയാസമുണ്ടായാലും ഇല്ലെങ്കിലും യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്.
അതിനുള്ള തെളിവ് ഖുർആനിലെ ഈ വചനമാണ്:
﴿...وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَ...﴾
"ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.)" (ബഖറ: 185)
3- ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും: നോമ്പ് കാരണം അവർക്കോ അവരുടെ കുട്ടികൾക്കോ പ്രയാസമോ ദോഷമോ ഉണ്ടാകുന്നുണ്ടെങ്കിൽ അവർക്ക് നോമ്പ് ഒഴിവാക്കാം. രോഗികളുടെ പരിധിയിലാണ് ഇവർ വരുന്നത്. ഇവർക്ക് നോമ്പ് ഉപേക്ഷിക്കാൻ അനുവാദമുണ്ട്, എന്നാൽ പിന്നീട് മറ്റൊരവസരത്തിൽ നഷ്ടമായ നോമ്പുകൾ അവർ നോറ്റുവീട്ടണം.
4- ആർത്തവമുള്ള സ്ത്രീകളും പ്രസവരക്തം വരുന്ന സ്ത്രീകളും: ഇവർ നിർബന്ധമായും നോമ്പ് ഒഴിവാക്കണം. അവർ നോമ്പെടുത്താൽ തന്നെയും അത് സ്വീകാര്യമാവുകയില്ല. പിന്നീട് മറ്റെന്തെങ്കിലും ദിവസങ്ങളിൽ നഷ്ടമായ ഈ നോമ്പുകൾ അവർ നിർബന്ധമായും നോറ്റുവീട്ടണം.
രണ്ട്: നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളവരും, അത് നോറ്റുവീട്ടുന്നതിന് പകരം പ്രായശ്ചിത്തം നൽകേണ്ടവരും. ഇവർ താഴെ പറയുന്നവരാണ്:
1- രോഗം ഭേദമാകാൻ സാധ്യതയില്ലാത്ത രോഗികൾ.
2- പ്രായമായതിനാൽ നോമ്പെടുക്കാൻ കഴിവില്ലാത്തവർ.
ഈ പറഞ്ഞവർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്; ഓരോ ദിവസത്തെയും നോമ്പിനും പകരമായി അവർ ഒരു അഗതിക്ക് ഭക്ഷണം നൽകുകയാണ് വേണ്ടത്. എന്നാൽ, വളരെ പ്രായം ചെന്ന് ബുദ്ധിനഷ്ടമായവർക്ക് നോമ്പ് നിർബന്ധമില്ല; അവർക്ക് നോമ്പ് ഒഴിവാക്കാം. നഷ്ടമായ നോമ്പുകൾക്ക് അവർ പ്രായശ്ചിത്തം നൽകേണ്ടതില്ല.
നോമ്പ് ഖദ്വാഅ് വീട്ടുന്നതിൻ്റെ സമയവും, അത് താമസിപ്പിക്കുന്നതിന്റെ വിധിയും:
റമദാനിലെ നഷ്ടമായ നോമ്പുകൾ അടുത്ത റമദാനിന്റെ മുൻപ് ഖദ്വാഅ് (നോറ്റു) വീട്ടേണ്ടതാണ്. വേഗത്തിൽ ഖദ്വാഅ് വീട്ടുന്നതാണ് ഏറ്റവും ഉത്തമം. അടുത്ത റമദാനിനും അപ്പുറത്തേക്ക് ഖദ്വാഅ് വൈകിപ്പിക്കുന്നത് അനുവദനീയമല്ല. ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
«كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ لِمَكَانِ رَسُولِ اللهِ ﷺ».
"റമദാനിൽ നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടാനുള്ളത് എനിക്ക് ബാധ്യതയായി ഉണ്ടാകുമായിരുന്നു; ശഅ്ബാൻ വന്നെത്തുമ്പോഴല്ലാതെ അത് എനിക്ക് നോറ്റുവീട്ടാൻ സാധിക്കാറുണ്ടായിരുന്നില്ല; നബി (ﷺ) യുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിനാൽ."52
അടുത്ത റമദാൻ കഴിഞ്ഞതിന് ശേഷവും ഒരാളുടെ മേൽ മുൻപുള്ള വർഷത്തിലെ നോമ്പുകൾ നോറ്റുവീട്ടാൻ ബാക്കിയുണ്ടെങ്കിൽ അയാളുടെ വിധി രണ്ടാലൊരു രൂപത്തിലാണ്:
ഒന്ന്: ഇസ്ലാമിൽ അനുവദിക്കപ്പെട്ട കാരണങ്ങൾ കൊണ്ട് നോമ്പ് നോറ്റുവീട്ടാൻ സാധിക്കാതെ പോയതായിരിക്കുക; ഒരാൾക്ക് അടുത്ത റമദാൻ ആകുന്നത് വരെ രോഗം നിലനിന്നത് കാരണം നോമ്പെടുക്കാൻ സാധിക്കാതെ വരുക എന്നത് ഉദാഹരണം; ഇങ്ങനെയുള്ളവർക്ക് വർഷങ്ങൾക്ക് മുൻപുള്ള നോമ്പായാലും അവ നോറ്റുവീട്ടിയാൽ മാത്രം മതിയാകും.
രണ്ട്: ഇസ്ലാമിൽ അനുവദിക്കപ്പെട്ട കാരണങ്ങൾ കൊണ്ടല്ലാതെ നോമ്പ് നോറ്റുവീട്ടുന്നത് വൈകിപ്പിക്കുക; ഇങ്ങനെയുള്ളവർ നോമ്പ് താമസിപ്പിച്ചു എന്നത് തെറ്റാണ്; അവർ തങ്ങളുടെ തെറ്റു പൊറുത്തു നൽകാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, നഷ്ടമായ നോമ്പ് ഖദ്വാഅ് വീട്ടുകയും, അതോടൊപ്പം നഷ്ടമായ ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന് ഭക്ഷണം നൽകുകയും വേണം.
സുന്നത്ത് നോമ്പ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റമദാനിൽ നഷ്ടപ്പെട്ട നോമ്പ് നോറ്റുവീട്ടാൻ ബാധ്യതയുള്ള ഒരാൾ, സുന്നത്ത് നോമ്പുകൾ എടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം പെട്ടെന്ന് തന്നെ, നഷ്ടമായ നോമ്പുകൾ നോറ്റുവീട്ടുന്നതാണ്. എന്നാൽ, അറഫ, ആശൂറാഅ് പോലെയുള്ള സുന്നത്ത് നോമ്പുകൾ അതിൻ്റേതായ സമയത്ത് ചെയ്തില്ലെങ്കിൽ നഷ്ടപ്പെട്ടുപോകും. ഈ അവസ്ഥയിൽ അവ നോൽക്കുന്നതിന് മുൻഗണന നൽകാം; കാരണം നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടാനുള്ള സമയം അടുത്ത റമദാൻ വരെ വിശാലമാണ്. എന്നാൽ, ശവ്വാൽ മാസത്തിലെ ആറ് നോമ്പുകൾ റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടിയതിന് ശേഷം മാത്രമേ നോൽക്കാൻ പാടുള്ളൂ.
നോമ്പ് നിഷിദ്ധമാകുന്ന സന്ദർഭങ്ങൾ
1- ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ദിവസങ്ങൾ: ഈ ദിവസങ്ങളിൽ നോമ്പെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.
2- ദുൽഹിജ്ജയിലെ അയ്യാമുത്തശ്രീഖിൻ്റെ ദിനങ്ങൾ: ഖിറാനായോ തമത്തുആയോ ഹജ്ജ് നിർവ്വഹിക്കുന്നവർ ബലിമൃഗം അറുക്കുന്നില്ലെങ്കിൽ അവർക്ക് മാത്രം ഈ ദിവസങ്ങളിൽ നോമ്പെടുക്കാം. ദുൽഹിജ്ജഃ മാസത്തിലെ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ദിവസങ്ങളാണ് അയ്യാമുത്തശ്രീഖിൻ്റെ ദിവസങ്ങൾ.
3- യൗമുശ്ശക്ക് (സംശയത്തിൻ്റെ ദിവസം): ശഅ്ബാൻ മുപ്പതിൻ്റെ ദിവസമാണ് ഇതു കൊണ്ടുദ്ദേശ്യം. ശഅ്ബാൻ മുപ്പതിൻ്റെ രാവിൽ മേഘമോ പൊടിപടലങ്ങളോ കാരണത്താൽ മാസപ്പിറവി കാണാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ശഅ്ബാൻ മുപ്പതിൻ്റെ ദിവസം (റമദാനിൽ പെട്ടതാണോ അല്ലേ) എന്ന സംശയമുള്ള ദിവസത്തിൽ പെടും; അന്ന് നോമ്പെടുക്കുക പാടില്ല.
നോമ്പ് മക്റൂഹായ സന്ദർഭങ്ങൾ:
1- റജബ് മാസത്തിൽ മാത്രം നോമ്പെടുക്കുന്നത്. 2- വെള്ളിയാഴ്ച മാത്രം നോമ്പെടുക്കുന്നത്: അന്നേ ദിവസം പ്രത്യേകമായി നോമ്പെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ വെള്ളിയാഴ്ചയുടെ കൂടെ അതിൻ്റെ മുൻപിലെയോ പിൻപിലെയോ ദിവസം നോമ്പെടുത്താൽ ഈ കറാഹത്തിൻ്റെ സാഹചര്യം ഇല്ലാതെയാകും.
നോമ്പ് സുന്നത്താകുന്ന സന്ദർഭങ്ങൾ:
1- ശവ്വാൽ മാസത്തിലെ ആറ് ദിവസങ്ങൾ. 2- ദുൽഹജ്ജിലെ ഒമ്പത് ദിവസങ്ങൾ നോമ്പെടുക്കുന്നത് സുന്നത്താണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫാ ദിവസമാണ്. എന്നാൽ ഹാജിമാർക്ക് ഈ ദിവസം നോമ്പെടുക്കുന്നത് സുന്നത്തില്ല. അറഫാ നോമ്പ് രണ്ട് വർഷത്തെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്. 3- എല്ലാ മാസവും മൂന്ന് ദിവസങ്ങൾ നോമ്പെടുക്കുന്നത്; ഹിജ്റ മാസത്തിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളായ അയ്യാമുൽ ബീദ്വിൽ ഈ നോമ്പുകൾ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. 4- എല്ലാ ആഴ്ചയിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നോമ്പെടുക്കുന്നത്; കാരണം, നബി (ﷺ) ഈ ദിവസങ്ങളിൽ നോമ്പെടുത്തിരുന്നു. ആ ദിവസങ്ങളിലാണ് അടിമകളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിന് മുന്നിൽ സമർപ്പിക്കപ്പെടുന്നത്.
സുന്നത്ത് നോമ്പുകൾ:
1- ദാവൂദ് നബി (عليه السلام) യുടെ നോമ്പ്; അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്തു കൊണ്ട് വർഷം മുഴുവൻ നോമ്പെടുത്തിരുന്നു.
2- അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പ്. സുന്നത്തായ നോമ്പെടുക്കാൻ ഏറ്റവും ഉത്തമമായ മാസം ഇതാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് മുഹറം പത്താം ദിവസമായ ആശൂറാഅ് ദിവസത്തിലെ നോമ്പാണ്. അതിന്റെ കൂടെ ഒമ്പതാം ദിവസത്തെ നോമ്പ് അനുഷ്ഠിക്കുന്നതും സുന്നത്താണ്. കാരണം, നബി (ﷺ) പറഞ്ഞിരിക്കുന്നു:
«لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ».
"ഞാൻ അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ (മുഹറം പത്തിനോടൊപ്പം) ഒൻപതാം ദിവസം കൂടി നോമ്പെടുക്കുന്നതാണ്."53 ഈ നോമ്പ് അതിന് മുൻപുള്ള ഒരു വർഷത്തെ പാപങ്ങൾക്ക് പ്രായശ്ചിത്തമാണ്.
അദ്ധ്യായം അഞ്ച്: ഹജ്ജും ഉംറയും
ഹജ്ജ് എന്നാൽ അറബി ഭാഷയിൽ: ലക്ഷ്യമാക്കുക എന്നാണ് അർത്ഥം. പ്രത്യേക അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനായി ഒരു നിശ്ചിത സമയത്ത് അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയെയും വിശുദ്ധ സ്ഥലങ്ങളെയും ലക്ഷ്യമാക്കുക എന്നതാണ് ഹജ്ജ് എന്നത് കൊണ്ട് ഇസ്ലാമിൽ വിവക്ഷിക്കുന്നത്.
ഉംറ:
അറബി ഭാഷയിൽ ഉംറ എന്നാൽ സന്ദർശനം എന്നാണർത്ഥം.
നിശ്ചിതമായ ചില കർമ്മങ്ങൾ നിർവഹിക്കുന്നതിനായി ഏതൊരു സമയത്തും കഅ്ബയെ സന്ദർശിക്കുന്നതിനാണ് ഉംറ എന്ന് ഇസ്ലാമിൽ പറയുക.
ഹജ്ജ് ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ്. ഹിജ്റ ഒമ്പതാം വർഷത്തിലാണ് ഇത് നിർബന്ധമാക്കപ്പെട്ടത്. നബി ﷺ ഒരു ഹജ്ജ് മാത്രമാണ് നിർവഹിച്ചിട്ടുള്ളത്; അത് 'വിടവാങ്ങൽ ഹജ്ജ്' (ഹജ്ജത്തുൽ വദാഅ്) ആയിരുന്നു.
ശാരീരികമായും സാമ്പത്തികമായും കഴിവുള്ള ഓരോ വ്യക്തിയും ജീവിതത്തിൽ ഒരിക്കൽ ഹജ്ജ് ചെയ്യുക എന്നത് നിർബന്ധമാണ്. അതിനുശേഷം ഹജ്ജ് ചെയ്യുന്നത് ഐഛികമായ (സുന്നത്തായ) കർമ്മങ്ങളിലാണ് ഉൾപ്പെടുക. ഉംറയും നിർബന്ധമാണെന്ന് ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകളെക്കുറിച്ച് 'അവർക്ക് വല്ല ജിഹാദുമുണ്ടോ?' എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞ മറുപടിയാണ് അവർ അതിന് തെളിവാക്കിയത്.
«نَعَمْ، عَلَيْهِنَّ جِهَادٌ لَا قِتَالَ فِيهِ: الْحَجُّ وَالْعُمْرَةُ».
അവിടുന്ന് പറഞ്ഞു: "അതെ! അവർക്ക് പോരാട്ടമില്ലാത്ത ഒരു ജിഹാദുണ്ട്. ഹജ്ജും ഉംറയുമാണത്."54
ഹജ്ജും ഉംറയും നിർബന്ധമാകാനുള്ള നിബന്ധനകൾ:
1- മുസ്ലിമായിരിക്കുക.
2- ബുദ്ധിയുള്ളവനായിരിക്കുക.
3. പ്രായപൂർത്തി എത്തിയവനായിരിക്കുക.
4- സ്വതന്ത്രനായിരിക്കുക; (അടിമയായിരിക്കരുത്).
5- നിർവ്വഹിക്കാനുള്ള ശേഷി ഉണ്ടായിരിക്കുക.
സ്ത്രീകളെ സംബന്ധിച്ച് ആറാമതൊരു നിബന്ധന കൂടിയുണ്ട്. ഹജ്ജ് നിർവഹിക്കാൻ അവളോടൊപ്പം യാത്ര ചെയ്യാൻ ഒരു മഹ്റം കൂടെയുണ്ടായിരിക്കണം എന്നതാണത്. കാരണം, മഹ്റമില്ലാതെ ഹജ്ജിനോ മറ്റ് കാര്യങ്ങൾക്കോ യാത്ര ചെയ്യുന്നത് സ്ത്രീകൾക്ക് അനുവദനീയമല്ല. നബി ﷺ പറഞ്ഞിരിക്കുന്നു:
«لَا تُسَافِرُ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ، وَلَا يَدْخُلُ عَلَيْهَا رَجُلٌ إِلَّا وَمَعَهَا مَحْرَمٌ».
"സ്ത്രീ മഹ്റമായ ഒരാളോടൊപ്പമല്ലാതെ യാത്ര ചെയ്യരുത്. അവളുടെ മഹ്റമില്ലാതെ ഒരു പുരുഷൻ അവളുടെ അടുത്ത് പ്രവേശിക്കുകയുമരുത്."55.
ഒരു സ്ത്രീയുടെ ഭർത്താവോ, അല്ലെങ്കിൽ അവൾക്ക് സ്ഥിരമായി നിഷിദ്ധമാക്കപ്പെട്ട പുരുഷന്മാരോ ആണ് അവളുടെ മഹ്റമാവുക. വിവാഹബന്ധം നിഷിദ്ധമാകാനുള്ള കാരണങ്ങൾ ഇവയാണ്: കുടുംബബന്ധം കാരണം: സഹോദരൻ, പിതാവ്, പിതാവിൻ്റെ സഹോദരൻ, സഹോദരന്റെ മകൻ, മാതാവിൻ്റെ സഹോദരൻ എന്നിവർ ഇതിൽ ഉൾപ്പെടും. അല്ലെങ്കിൽ അനുവദനീയമായ വിധത്തിലുണ്ടായ ബന്ധം; മുലകുടി ബന്ധം ഉദാഹരണം; മുലകുടി ബന്ധത്തിലുള്ള സഹോദരൻ സ്ത്രീയുടെ മഹ്റമായി ഈ അർത്ഥത്തിൽ പരിഗണിക്കപ്പെടും. വൈവാഹിക ബന്ധം മറ്റൊരു ഉദാഹരണമാണ്: സ്ത്രീയുടെ മാതാവിൻ്റെ ഭർത്താവ്, ഭർത്താവിന്റെ മകൻ എന്നിവർ ഈ രൂപത്തിൽ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാർക്ക് ഉദാഹരണമാണ്.
ഹജ്ജ് ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കണം എന്ന് പറഞ്ഞുവല്ലോ? ഇത് കൊണ്ട് ഉദ്ദേശ്യം സാമ്പത്തികവും ശാരീരികവുമായ കഴിവാണ്. അതായത്, യാത്ര ചെയ്യാൻ വാഹനസൗകര്യവും യാത്രാക്ലേശം സഹിക്കാനുള്ള ശാരീരികശേഷിയും ഉണ്ടായിരിക്കണം. കൂടാതെ, പോയിവരാൻ ആവശ്യമായ പണവും, താൻ തിരിച്ചെത്തുന്നതുവരെ തന്റെ മക്കൾക്കും തനിക്ക് ചെലവ് കൊടുക്കേണ്ടവർക്കും ആവശ്യമായ പണം ഉണ്ടായിരിക്കുകയും വേണം.
ഇതിനെല്ലാം പുറമെ, ഹജ്ജിന് വേണ്ടിയുള്ള യാത്ര ജീവനും സമ്പത്തിനും അപകടമുണ്ടാകാതെ സുരക്ഷിതമായി നിർവ്വഹിക്കാൻ കഴിയുംവിധത്തിൽ നിർഭയത്വമുള്ളതായിരിക്കുകയും വേണം.
ഒരാൾക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിലും ശാരീരികമായി കഴിവില്ലെങ്കിൽ (ഉദാഹരണത്തിന്, വളരെ പ്രായമായ വ്യക്തി, അല്ലെങ്കിൽ രോഗം ഭേദമാവില്ലെന്ന് കരുതുന്ന കടുത്ത രോഗമുള്ളവർ); അയാൾക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യാൻ മറ്റൊരാളെ നിർബന്ധമായും ഏർപ്പാടാക്കണം.
മറ്റൊരാൾക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യാൻ രണ്ട് നിബന്ധനകളുണ്ട്:
1- സ്വന്തത്തിന് വേണ്ടി ഹജ്ജ് നിർവ്വഹിച്ചാൽ അത് സാധുവാകാൻ യോഗ്യതയുള്ള വ്യക്തിയായിരിക്കണം; അതായത് മുസ്ലിമും പ്രായപൂർത്തിയെത്തിയവനും ബുദ്ധിയുള്ളവനുമായിരിക്കണം.
2- അവൻ്റെ മേൽ ബാധ്യതയുള്ള ആദ്യത്തെ ഹജ്ജ് (ഹജ്ജത്തുൽ ഇസ്ലാം) നിർവഹിച്ച വ്യക്തിയായിരിക്കണം.
ഇഹ്റാമിൻ്റെ സമയവും സ്ഥലവും
ഇബാദത്ത് നിർവഹിക്കേണ്ട സ്ഥലത്തെയോ സമയത്തെയോ സൂചിപ്പിച്ചു കൊണ്ട് മീഖാത്ത് എന്നു പറയും.
ഹജ്ജിൻ്റെ കാര്യത്തിൽ രണ്ട് തരം മീഖാത്തുകളുണ്ട്; ഒന്ന് സമയവുമായി ബന്ധപ്പെട്ടതും, രണ്ട് സ്ഥലവുമായി ബന്ധപ്പെട്ടതുമാണ്.
1- സമയവുമായി ബന്ധപ്പെട്ട മീഖാത്ത്. ഇതിനെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
﴿ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ...﴾
"ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍..." (ബഖറ: 197)
ഹജ്ജിന്റെ മാസങ്ങൾ എന്നത് കൊണ്ട് ഉദ്ദേശ്യം: ശവ്വാൽ, ദുൽഖഅ്ദ, ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾ എന്നിവയാണ്.
2- സ്ഥലവുമായി ബന്ധപ്പെട്ട മീഖാത്തുകൾ. ഹജ്ജ് യാത്രക്കാർ മക്കയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായും ഇഹ്റാമിൽ പ്രവേശിച്ചിരിക്കേണ്ട സ്ഥലത്തിൻ്റെ അതിരുകളാണിവ. അവ താഴെ പറയുന്നവയാണ്:
1- ദുൽ ഹുലൈഫ: മദീനക്കാരുടെ മീഖാത്താണിത്.
2- ജുഹ്ഫ: സിറിയ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിലുള്ളവരുടെ മീഖാത്ത്.
3- ഖർനുൽ മനാസിൽ: ഇപ്പോൾ 'സൈൽ' എന്നറിയപ്പെടുന്നു; നജ്ദിലുള്ളവരുടെ മീഖാത്ത് ഇതാണ്.
4- ദാത്തു ഇർഖ്: ഇറാഖിലുള്ളവരുടെ മീഖാത്ത് ഇതാണ്.
5- യലംലം: യമനിലുള്ളവരുടെ മീഖാത്ത് ഇവിടെയാണ്.
ഈ മീഖാത്തുകൾക്കും മക്കക്കും ഇടയിലാണ് ഒരാളുടെ താമസമെങ്കിൽ, അവർ തങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ഹജ്ജിനോ ഉംറക്കോ ഇഹ്റാമിൽ പ്രവേശിക്കുകയാണ് വേണ്ടത്. മക്കയിലുള്ളവർക്ക് ഹജ്ജിന് മക്കയിൽ നിന്ന് തന്നെ ഇഹ്റാം ചെയ്യാം; അവർക്ക് മീഖാത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ഉംറ ചെയ്യാനായി അവരോട് ഏറ്റവും അടുത്തുള്ള, ഹറമിൻ്റെ പരിധിയിൽ നിന്ന് പുറത്തുള്ള സ്ഥലത്തേക്ക് പോയി ഇഹ്റാമിൽ പ്രവേശിക്കുകയാണ് വേണ്ടത്. ഹജ്ജോ ഉംറയോ ഉദ്ദേശിക്കുന്നവർക്ക്, നബി (ﷺ) നിർണ്ണയിച്ച ഈ സ്ഥലങ്ങളിൽ (മീഖാത്തുകൾ) നിന്ന് മാത്രമേ ഇഹ്റാം ചെയ്യാൻ പാടുള്ളൂ. ഇഹ്റാം ചെയ്യാതെ ഈ അതിരുകൾ കടന്നുപോകുന്നത് അനുവദനീയമല്ല.
ഈ മീഖാത്തുകളിലൂടെ കടന്നുപോകുന്ന ആരും, -അവർ ആ പ്രദേശങ്ങളിലെ ആളല്ലെങ്കിലും- അവിടെ നിന്ന് ഇഹ്റാം ചെയ്യണം.
മക്കയിലേക്കുള്ള യാത്രയിൽ കരമാർഗ്ഗമോ, കടൽമാർഗ്ഗമോ, വ്യോമമാർഗ്ഗമോ ഈ പറഞ്ഞ മീഖാത്തുകളിലൊന്നിലൂടെയും കടന്നുപോകാത്ത ഒരാൾ, തനിക്ക് ഏറ്റവും അടുത്തുള്ള മീഖാത്തിന് നേരെ വരുമ്പോൾ ഇഹ്റാമിൽ പ്രവേശിക്കുകയാണ് വേണ്ടത്. ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ വഴിയിലെ അതിന്റെ നേരെ വരുന്ന സ്ഥലം നോക്കി (ഇഹ്റാം ചെയ്യുക)."56
വിമാനമാർഗ്ഗം ഹജ്ജിനോ ഉംറക്കോ യാത്ര ചെയ്യുന്ന ഒരാൾ, വിമാനം മീഖാത്തിന്റെ നേരെ വരുമ്പോൾ തന്നെ നിർബന്ധമായും ഇഹ്റാം ചെയ്യണം. വിമാനം വിമാനത്താവളത്തിൽ ഇറങ്ങുന്നതുവരെ ഇഹ്റാം വൈകിക്കുന്നത് അനുവദനീയമല്ല.
ഇഹ്റാം
ഹജ്ജ് (അല്ലെങ്കിൽ ഉംറയുടെ) കർമ്മങ്ങളിലേക്ക് പ്രവേശിക്കാൻ മനസ്സുകൊണ്ട് ഉദ്ദേശിക്കുന്നതിനെയാണ് ഇഹ്റാം എന്ന് പറയുന്നത്. ഹജ്ജിലാണെങ്കിൽ: ഹജ്ജിന്റെ കർമ്മങ്ങളിലേക്ക് പ്രവേശിക്കാൻ മനസ്സിൽ കരുതുക. ഉംറയിലാണെങ്കിൽ: ഉംറയുടെ കർമ്മങ്ങളിലേക്ക് പ്രവേശിക്കാൻ മനസ്സിൽ കരുതുക. ഹജ്ജ് അല്ലെങ്കിൽ ഉംറയുടെ കർമ്മങ്ങളിലേക്ക് പ്രവേശിക്കാൻ മനസ്സിൽ ഉദ്ദേശിച്ചാൽ മാത്രമേ ഒരാൾ മുഹ്രിം (ഇഹ്റാം ചെയ്തയാൾ) ആകുകയുള്ളൂ. ഇഹ്റാമിന്റെ വസ്ത്രം ധരിച്ചതുകൊണ്ട് മാത്രം ഒരാൾ മുഹ്രിം ആകില്ലെന്നർത്ഥം.
ഇഹ്‌റാമിന്റെ സുന്നത്തുകൾ
1- ഇഹ്റാമിന് മുമ്പ് ശരീരം മുഴുവൻ നനയുന്ന വിധത്തിൽ കുളിക്കുക.
2- പുരുഷൻ ശരീരത്തിൽ സുഗന്ധം പുരട്ടുക; ഇഹ്റാമിന്റെ വസ്ത്രത്തിൽ സുഗന്ധം പുരട്ടാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
3- രണ്ട് വെളുത്ത തുണികളും, ചെരുപ്പുകളും ഇഹ്റാമിൻ്റെ വസ്ത്രമായി ധരിക്കുക.
4- വാഹനത്തിലിരുന്ന്, ഖിബ്ലക്ക് അഭിമുഖമായിക്കൊണ്ട് ഇഹ്റാം ചെയ്യുക.
ഹജ്ജിന്റെ ഇനങ്ങൾ
ഇഹ്റാം ചെയ്യുന്ന വ്യക്തിക്ക് ഹജ്ജിൻ്റെ മൂന്ന് രൂപങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം:
1- തമത്തുഅ്: ഹജ്ജിന്റെ മാസങ്ങളിൽ ഉംറക്ക് ഇഹ്റാം ചെയ്യുകയും, ഉംറ പൂർത്തിയാക്കുകയും ചെയ്ത ശേഷം അതേ വർഷം തന്നെ ഹജ്ജിന് ഇഹ്റാം ചെയ്യുക.
2- ഇഫ്റാദ്: മീഖാത്തിൽ നിന്ന് ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യുകയും ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നത് വരെ ഇഹ്റാമിൽ തുടരുകയും ചെയ്യുക.
3- ഖിറാൻ: ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്റാം ചെയ്യുക; അല്ലെങ്കിൽ ഉംറക്ക് ഇഹ്റാം ചെയ്ത ശേഷം അതിന്റെ ത്വവാഫ് തുടങ്ങുന്നതിന് മുമ്പ് ഹജ്ജ് കൂടി അതിൽ ഉൾപ്പെടുത്തുക. മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവേശിക്കുമ്പോൾ ഹജ്ജിനും ഉംറക്കും ഒരേ സമയം നിയ്യത്ത് വെക്കുക; അല്ലെങ്കിൽ ഉംറയുടെ ത്വവാഫിൽ പ്രവേശിക്കുന്നതിന് മുൻപ് ഹജ്ജിൻ്റെ നിയ്യത്ത് കൂടെ വെക്കുകയും, ശേഷം ഹജ്ജിനും ഉംറക്കുമായി ഒരു ത്വവാഫും സഅ്യും നിർവ്വഹിക്കുകയും ചെയ്യുക.
തമത്തുഅ്, ഖിറാൻ എന്നീ രൂപങ്ങൾ സ്വീകരിക്കുന്നവർ ബലിയർപ്പിക്കുക എന്നത് നിർബന്ധമാണ്; മസ്ജിദുൽ ഹറമിൻ്റെ പരിസരത്ത് താമസിക്കുന്നവർക്ക് ഇതിൽ ഇളവുണ്ട്.
മേൽ പറഞ്ഞ മൂന്ന് ഇനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് തമത്തുഅ് ആണ്. കാരണം നബി ﷺ തന്റെ അനുചരന്മാരോട് തമത്തുഇൻ്റെ രൂപം സ്വീകരിക്കാൻ കൽപ്പിച്ചിട്ടുണ്ട്.57 അതിനുശേഷം ഏറ്റവും ശ്രേഷ്ഠം ഖിറാനിൻ്റെ രൂപമാണ്. കാരണം അതിൽ ഹജ്ജും ഉംറയും ഒരുമിച്ചുണ്ട്. ശേഷം ഇഫ്റാദിൻ്റെ രൂപമാണ് ശ്രേഷ്ഠം.
ഹജ്ജിന്റെ ഈ രൂപങ്ങളിൽ ഏതെങ്കിലും ഒന്നിന് ഇഹ്റാം ചെയ്തുകഴിഞ്ഞാൽ, ഇഹ്റാമിന് ശേഷം തൽബിയ്യത്ത് ചൊല്ലണം. തൽബിയ്യത്ത് ഇപ്രകാരമാണ്:
«لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ».
"അല്ലാഹുവേ! നിന്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. നിന്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കുത്തരം നൽകി ഞാനിതാ വന്നിരിക്കുന്നു. തീർച്ചയായും സർവ്വ സ്തുതികളും അനുഗ്രഹങ്ങളും അധികാരവും നിനക്ക് മാത്രമാകുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല."58
ഇത് സുന്നത്താണ്; തൽബിയത്ത് അധികരിപ്പിക്കുന്നത് പുണ്യകരമാണ്. പുരുഷൻമാർ ഉച്ചത്തിലാണ് തൽബിയ്യത്ത് ചൊല്ലേണ്ടത്; സ്ത്രീകൾ സ്വകാര്യമായിട്ടാണ് ചൊല്ലേണ്ടത്.
തൽബിയ്യത്തിന്റെ സമയം: ഇഹ്റാം ചെയ്തതിന് ശേഷം തൽബിയ്യത്ത് ചൊല്ലാൻ തുടങ്ങാം. അത് അവസാനിപ്പിക്കേണ്ട സമയം താഴെ പറയുന്നവയാണ്:
ഉംറ ചെയ്യുന്നവർ: ത്വവാഫ് തുടങ്ങുന്നതിന് മുമ്പ് തൽബിയ്യത്ത് നിർത്തണം.
ഹജ്ജ് ചെയ്യുന്നവർ: പെരുന്നാൾ ദിവസം ജംറത്തുൽ അഖബയിലെ കല്ലേറ് തുടങ്ങുമ്പോൾ തൽബിയ്യത്ത് നിർത്തണം.
ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങൾ
ഒന്ന്: മുടി കളയുക; ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്തെ മുടി കളയുകയോ, മുറിക്കുകയോ, പറിച്ചെടുക്കുകയോ ചെയ്യരുത്.
രണ്ട്: നഖം മുറിക്കുക; എന്തെങ്കിലും ഒഴിവു കഴിവുകൾ ഉണ്ടെങ്കിൽ അല്ലാതെ കൈകളിലെയും കാലുകളിലെയും നഖങ്ങൾ മുറിക്കുകയോ വെട്ടുകയോ ചെയ്യരുത്. എന്നാൽ, നഖം പൊട്ടിയാൽ അത് നീക്കം ചെയ്യുന്നതിൽ തെറ്റില്ല; അതിന് പ്രായശ്ചിത്തം നൽകേണ്ടതുമില്ല.
മൂന്ന്: പുരുഷന്മാർ തല മറയ്ക്കൽ; തൊപ്പി, ഷാൾ തുടങ്ങിയവ പോലുള്ള തലയിൽ ചേർന്നു നിൽക്കുന്നവ ഉപയോഗിച്ച് തല മറക്കുന്നത് പുരുഷന്മാർക്ക് നിഷിദ്ധമാണ്.
നാല്: പുരുഷന്മാർ തുന്നിയ വസ്ത്രം ധരിക്കൽ; ശരീരാവയവങ്ങളുടെ അളവനുസരിച്ച് തുന്നിയ ഷർട്ട്, തലപ്പാവ്, പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കാൻ പുരുഷന്മാർക്ക് പാടില്ല. ഷൂ, കൈയ്യുറകൾ, സോക്സ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, സ്ത്രീകൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, കാരണം അവർക്ക് ശരീരം പൂർണ്ണമായി മറയ്ക്കേണ്ടതുണ്ട്. എങ്കിലും, അവർ മുഖം മൂടുന്ന ബുർഖ ധരിക്കാൻ പാടില്ല. അന്യപുരുഷന്മാർ കടന്നുപോകുമ്പോൾ മുഖം ഷാൾ, ജിൽബാബ് പോലുള്ളവ ഉപയോഗിച്ച് മറക്കുന്നതിൽ തെറ്റില്ല. ഇഹ്റാമിലായിരിക്കെ സ്ത്രീകൾ കൈകളിൽ കൈയ്യുറകൾ ധരിക്കുകയുമരുത്.
അഞ്ച്: സുഗന്ധം ഉപയോഗിക്കുക; ഇഹ്റാമിൻ്റെ വേളയിൽ സുഗന്ധം ഉപയോഗിക്കുന്നത് നിഷിദ്ധമാണ്. കാരണം, ഇഹ്റാം ചെയ്ത വ്യക്തി ആഡംബരങ്ങളിൽ നിന്നും ഐഹിക സൗന്ദര്യങ്ങളിൽ നിന്നും അകന്നുനിന്ന് പരലോകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയിലാണ് നിലകൊള്ളേണ്ടത്.
ആറ്: കരയിലെ മൃഗങ്ങളെ വേട്ടയാടുക; ഇഹ്റാം ചെയ്ത വ്യക്തിക്ക് കരയിലെ മൃഗങ്ങളെ വേട്ടയാടാനോ, അതിന് സഹായം ചെയ്യാനോ, അല്ലെങ്കിൽ അതിനെ അറുക്കാനോ പാടില്ല.
ഇഹ്റാം ചെയ്ത വ്യക്തിക്ക് താൻ വേട്ടയാടിയതോ, തനിക്ക് വേണ്ടി വേട്ടയാടപ്പെട്ടതോ, താൻ വേട്ടക്ക് സഹായിച്ചതോ ആയ മൃഗങ്ങളെ ഭക്ഷിക്കാൻ പാടില്ല. ഇഹ്റാമിലുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അത് ശവം പോലെ നിഷിദ്ധമാണ്.
എന്നാൽ, കടലിലെ മൃഗങ്ങളെ വേട്ടയാടുന്നത് നിഷിദ്ധമല്ല. അതുപോലെ; കോഴി, ആട്, മാട് തുടങ്ങിയ മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന മൃഗങ്ങളെ അറുക്കുന്നതും ഇഹ്റാമിലുള്ള വ്യക്തിക്ക് മേൽ നിഷിദ്ധമല്ല. കാരണം അവയൊന്നും വേട്ടയാടി പിടിക്കേണ്ട മൃഗങ്ങളല്ല.
ഏഴ്: വിവാഹം; ഇഹ്റാമിലായിരിക്കെ സ്വയം വിവാഹം ചെയ്യുകയോ, മറ്റൊരാൾക്ക് വിവാഹം നടത്തിക്കൊടുക്കുകയോ, അല്ലെങ്കിൽ വിവാഹത്തിന് സാക്ഷിയായി നിൽക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.
എട്ട്: ലൈംഗിക ബന്ധം; ഹജ്ജിന്റെ ആദ്യ പകുതിക്ക് (ഒന്നാമത്തെ തഹല്ലുലിന്) മുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആ ഹജ്ജ് അസാധുവാകുന്നതാണ്. എന്നിരുന്നാലും, പ്രസ്തുത ഹജ്ജ് പൂർത്തിയാക്കുക എന്നത് അയാളുടെ മേൽ നിർബന്ധമാണ്. അടുത്ത വർഷം ഇതേ ഹജ്ജ് വീണ്ടും അയാൾ മടക്കി ചെയ്യണം. കൂടാതെ, ഒരു ഒട്ടകത്തെ ബലിയറുക്കുകയും വേണം. എന്നാൽ, ആദ്യ പകുതിക്ക് (ഒന്നാമത്തെ തഹല്ലുലിന്) ശേഷം ആണ് ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എങ്കിൽ അയാളുടെ ഹജ്ജ് അസാധുവാകില്ല, പക്ഷേ പ്രായശ്ചിത്തമായി ഒരു മൃഗത്തെ ബലിയറുക്കണം.
ഈ വിധിയിൽ സ്ത്രീയും പുരുഷനും ഒരു പോലെയാണ്; സ്ത്രീ അവളുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ മാത്രമേ അവളുടെ മേൽ ഇത് ബാധ്യതയുള്ളൂ എന്ന കാര്യം കൂടെ ശ്രദ്ധയിൽ വെക്കുക.
ഒൻപത്: ലൈംഗിക ബന്ധത്തിന് തൊട്ടുമുൻപുള്ള ബാഹ്യകേളികൾ; ലൈംഗിക വികാരം ഉണർത്തുന്ന തരത്തിൽ ഒരു സ്ത്രീയെ സ്പർശിക്കുന്നത് ഇഹ്റാം ചെയ്ത വ്യക്തിക്ക് അനുവദനീയമല്ല. കാരണം, ഇത് നിഷിദ്ധമായ ലൈംഗിക ബന്ധത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
ഉംറ
ഉംറയുടെ സ്തംഭങ്ങൾ:
1- ഇഹ്റാമിൽ പ്രവേശിക്കൽ.
2- ത്വവാഫ്.
3- സഅ്യ്.
ഉംറയിലെ വാജിബുകൾ (നിർബന്ധ കാര്യങ്ങൾ)
1- നിർദ്ദേശിക്കപ്പെട്ട മീഖാത്തിൽനിന്ന് ഇഹ്റാം ചെയ്യുക.
2- മുടി വടിക്കുകയോ അല്ലെങ്കിൽ വെട്ടുകയോ ചെയ്യുക.
ഉംറയുടെ രൂപം
ഉംറ ചെയ്യുന്നയാൾ ആദ്യമായി ചെയ്യേണ്ടത് ഏഴ് തവണ ത്വവാഫ് ചെയ്യുക എന്നതാണ്. ത്വവാഫ് ഹജറുൽ അസ്വദിൻ്റെ നേരെ നിന്ന് ആരംഭിക്കുകയും, അവിടെത്തന്നെ അവസാനിപ്പിക്കുകയും ചെയ്യണം. ത്വവാഫ് ചെയ്യുമ്പോൾ ശുദ്ധിയുണ്ടായിരിക്കണം; പുരുഷന്മാരാണെങ്കിൽ പൊക്കിളിനും കാൽമുട്ടിനും ഇടയിലുള്ള ഭാഗം മറക്കുകയും വേണം. ത്വവാഫിന്റെ എല്ലാ തവണകളിലും 'ഇദ്വ്-തിബാഅ്' ചെയ്യൽ സുന്നത്താണ്. ഇഹ്റാമിൻ്റെ വസ്ത്രത്തിൻ്റെ മധ്യഭാഗം വലതു ചുമലിന് താഴെയാക്കുകയും, അതുവഴി വലതു ചുമൽ വെളിവാക്കുകയും തുണിയുടെ രണ്ട് അറ്റങ്ങളും ഇടതു ചുമലിൽ ഇടുകയും ചെയ്യുക. ഇതിനാണ് 'ഇള്തിബാഅ്' എന്ന് പറയുന്നത്. ത്വവാഫിലെ ഏഴാമത്തെ ചുറ്റൽ പൂർത്തിയാക്കിയാൽ, ഇദ്വ്-തിബാഅ് ഉപേക്ഷിച്ച് രണ്ട് ചുമലുകളും വസ്ത്രം കൊണ്ട് മൂടണം.
ശേഷം ഹജറുൽ അസ്വദിലേക്ക് നീങ്ങുകയും, അതിനെ ചുംബിക്കാൻ സാധിക്കുമെങ്കിൽ ചുംബിക്കുകയും ചെയ്യുക. അതിന് സാധിച്ചില്ലെങ്കിൽ വലത് കൈകൊണ്ട് ഹജർ തൊടുകയും ശേഷം കൈ ചുംബിക്കുകയും ചെയ്യുക. അതിനും സാധിച്ചില്ലെങ്കിൽ ഹജറുൽ അസ്വദിന് നേരെ വലതുകൈ ഉയർത്തി 'അല്ലാഹു അക്ബർ' എന്ന് ഒരു തവണ മാത്രം പറയുക. ഈ രൂപത്തിൽ ചെയ്യുമ്പോൾ കൈ ചുംബിക്കുകയോ അവിടെ നിൽക്കുകയോ ചെയ്യരുത്. (ഹജറുൽ അസ്വദ് ചുംബിച്ച) ശേഷം, കഅ്ബ ഇടത് ഭാഗത്ത് വരുന്ന വിധത്തിൽ ത്വവാഫ് തുടരുക. ത്വവാഫിൻ്റെ ആദ്യത്തെ മൂന്ന് ചുറ്റലുകളിൽ 'റമൽ' ചെയ്യൽ സുന്നത്താണ്. 'റമൽ' എന്നാൽ ചെറിയ ചുവടുകൾ വെച്ചു കൊണ്ട് വേഗത്തിൽ നടക്കലാണ്.
കഅ്ബയുടെ നാലാമത്തെ മൂലയായ റുക്നുൽ യമാനിയുടെ അടുത്തുകൂടി കടന്നുപോകുമ്പോൾ വലതുകൈ കൊണ്ട് അതിനെ തൊടാൻ സാധിക്കുമെങ്കിൽ അവിടെ തൊടുക; അപ്പോൾ തക്ബീർ ചൊല്ലുകയോ അവിടം ചുംബിക്കുകയോ ചെയ്യരുത്. അതിന് സാധിക്കാതെ വന്നാൽ ത്വവാഫ് തുടരുക; റുക്ന് സ്പർശിക്കുന്നതിന് പകരമായി ആംഗ്യം കാണിക്കുകയോ തക്ബീർ ചൊല്ലുകയോ ചെയ്യരുത്. റുക്നുൽ യമാനിക്കും ഹജറുൽ അസ്വദിനും ഇടയിലുള്ള ഭാഗത്തുകൂടി നടക്കുമ്പോൾ ഈ ദുആ ചൊല്ലുക:
﴿...رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا حَسَنَةٗ وَفِي ٱلۡأٓخِرَةِ حَسَنَةٗ وَقِنَا عَذَابَ ٱلنَّارِ﴾
"ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ." (ബഖറ: 201)
ത്വവാഫ് പൂർത്തിയാക്കിയാൽ, മഖാമു ഇബ്റാഹീമിൻ്റെ പിറകിൽ നിന്നു കൊണ്ട് രണ്ട് റക്അത്ത് നിസ്കരിക്കുക. അതിന് സൗകര്യപ്പെട്ടില്ലെങ്കിൽ ഹറം പള്ളിയിൽ എവിടെയും നിസ്‌കരിക്കാവുന്നതാണ്. ഈ രണ്ട് റക്അത്തുകളിൽ, ആദ്യത്തേതിൽ ഫാത്തിഹക്ക് ശേഷം സൂറത്തുൽ കാഫിറൂനും, രണ്ടാമത്തേതിൽ ഫാത്തിഹക്ക് ശേഷം സൂറത്തുൽ ഇഖ്ലാസും ഓതുന്നത് സുന്നത്താണ്. തുടർന്ന്, 'മസ്‌ആ'യിലേക്ക് നീങ്ങുകയും, സ്വഫാ-മർവാ കുന്നുകൾക്കിടയിൽ ഏഴ് തവണ സഅ്യ് നിർവ്വഹിക്കുകയും ചെയ്യുക. സ്വഫയിൽ നിന്ന് മർവയിലേക്കുള്ള നടത്തം ഒരു സഅ്യായും, മർവയിൽ നിന്ന് സഫയിലേക്കുള്ള മടക്കയാത്ര മറ്റൊരു സഅ്യായും കണക്കാക്കി കൊണ്ടാണ് ഏഴ് സഅ്യുകൾ പൂർത്തീകരിക്കേണ്ടത്.
സ്വഫയിൽ നിന്നാണ് സഅ്യ് ആരംഭിക്കേണ്ടത്; സ്വഫയുടെ മുകളിൽ കയറുകയോ അതിൻ്റെ ആരംഭത്തിലായി നിൽക്കുകയോ ചെയ്യാം; മുകളിൽ കയറുന്നതാണ് കൂടുതൽ ഉത്തമം. അവിടെവെച്ച് ഈ ഖുർആൻ വചനം പാരായണം ചെയ്യുക:
﴿إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِ...﴾
"തീര്ച്ചയായും സഫായും മര്വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു." (ബഖറ: 158)
തുടർന്ന്, ഖിബ്ലയുടെ നേരെ തിരിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുകയും തക്ബീർ ചൊല്ലുകയും ചെയ്തുകൊണ്ട് ഇപ്രകാരം പറയുക:
«لَا إِلٰهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَا إِلٰهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا إِلٰهَ إِلَّا اللَّهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ».
"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് സർവസ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ തന്റെ വാഗ്ദാനം നിറവേറ്റുകയും, തന്റെ ദാസനെ സഹായിക്കുകയും, അവൻ ഒറ്റക്ക് നിഷേധികളുടെ സഖ്യസൈന്യങ്ങളെ തോല്പിക്കുകയും ചെയ്തിരിക്കുന്നു."59 ശേഷം, കൈകളുയർത്തി ദുആ ചെയ്യുക. മേൽ പറഞ്ഞ ദിക്റും ദുആയും മൂന്ന് തവണ ആവർത്തിക്കുകയും ചെയ്യുക. അതിനുശേഷം സ്വഫായിൽ നിന്ന് ഇറങ്ങി മർവയിലേക്ക് നടക്കുക. പച്ചനിറത്തിലുള്ള ആദ്യത്തെ അടയാളം കാണുമ്പോൾ പുരുഷന്മാർ രണ്ടാമത്തെ അടയാളത്തിൻ്റെ അടുത്തെത്തുന്നത് വരെ ഓടണം. എന്നാൽ സ്ത്രീകൾക്ക് ഈ രണ്ട് അടയാളങ്ങൾക്കുമിടയിൽ ഓടുക എന്നത് നിശ്ചയിക്കപ്പെട്ടിട്ടില്ല. അവർക്ക് സഅ്-യ് മുഴുവനായും നടന്നാൽ മതി. ശേഷം നടത്തം തുടരുകയും, മർവയുടെ മുകളിൽ കയറുകയോ അതിൻ്റെ ആരംഭത്തിലായി നിൽക്കുകയോ ചെയ്യുക. മുകളിൽ കയറാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക തന്നെയാണ് ശ്രേഷ്ഠം. സ്വഫയിൽ പറഞ്ഞതും ചെയ്തതും അതേ പോലെ, മർവയിലും ചെയ്യണം. പക്ഷേ, "ഇന്നസ്സഫാ വൽമർവത മിൻ ശആഇരില്ലാഹ്" എന്ന ആയത്ത് മർവയിൽ വെച്ച് ഓതേണ്ടതില്ല.
﴿إِنَّ ٱلصَّفَا وَٱلۡمَرۡوَةَ مِن شَعَآئِرِ ٱللَّهِ...﴾
- ഇത് ആദ്യതവണ സഫയുടെ മുകളിൽ കയറുമ്പോൾ മാത്രം ചൊല്ലേണ്ടതാണ്.
ശേഷം മർവയിൽ നിന്ന് ഇറങ്ങി നടക്കുകയും, വേഗത കൂട്ടേണ്ട സ്ഥലത്ത് വേഗത കൂട്ടുകയും ചെയ്ത് സ്വഫയിൽ തിരിച്ചെത്തുക. ഇപ്രകാരം ഏഴ് സഅ്യുകൾ നിർവ്വഹിക്കുക; സഫയിൽ നിന്ന് മർവയിലേക്ക് ഒരു സഅ്യായും മർവയിൽ നിന്ന് സഫയിലേക്ക് ഒരു സഅ്യുമായാണ് കണക്കാക്കേണ്ടത്. സഅ്യ് ചെയ്യുന്നതിനിടയിൽ കഴിയുന്നത്ര ദിക്റും ദുആയും വർദ്ധിപ്പിക്കുന്നത് ഉത്തമമാണ്. ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയുള്ളവനായി കൊണ്ട് സഅ്യ് നിർവ്വഹിക്കുക എന്നതും സുന്നത്ത് തന്നെ. ഒരാൾ ശുദ്ധിയില്ലാത്ത സ്ഥിതിയിൽ സഅ്യ് ചെയ്താലും അത് സാധുവാകുന്നതാണ്. അതുപോലെ, സ്ത്രീകൾക്ക് ത്വവാഫിന് ശേഷം ആർത്തവമോ പ്രസവരക്തമോ കണ്ടാൽ സഅ്യ് ചെയ്യുന്നതിൽ തെറ്റില്ല. കാരണം, സഅ്യിന് ശുദ്ധി നിർബന്ധമല്ല; സുന്നത്താണ്.
സഅ്യ് പൂർത്തിയാക്കിയാൽ, മുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്യുക. പുരുഷൻമാർക്ക് മുടി കളയുന്നതാണ് ഉത്തമം.
ഇതോടെ ഉംറയിലെ കർമ്മങ്ങൾ പൂർത്തിയാകും.
ഹജ്ജ്
1- ഹജ്ജിന്റെ സ്തംഭങ്ങൾ
1- ഇഹ്റാം.
2- അറഫയിൽ നിൽക്കൽ.
3- ത്വവാഫുൽ ഇഫാദ്വ.
4- സഅ്യ്.
ഹജ്ജിന്റെ വാജിബുകൾ:
1- മീഖാത്തിൽ നിന്ന് ഇഹ്റാമിൽ പ്രവേശിക്കൽ.
2- ദുൽഹിജ്ജ ഒൻപതാം ദിവസം പകൽ മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ അറഫയിൽ നിൽക്കൽ. പകലിൽ അറഫയിൽ നിൽക്കുന്നവരുടെ സമയമാണിത്
3- ദുൽഹിജ്ജ പത്താം രാവിൽ മുസ്ദലിഫയിൽ രാത്രിയുടെ പകുതി വരെ താമസിക്കൽ.
4- അയ്യാമുത്തശ്രീഖിൻ്റെ രാവുകളിൽ മിനായിൽ രാപ്പാർക്കൽ.
5- ജംറകളിൽ കല്ലെറിയൽ.
6- മുടി വടിക്കുകയോ ചെറുതാക്കുകയോ ചെയ്യൽ.
7- ത്വവാഫുൽ വദാഅ്.
ഹജ്ജിൻ്റെ രൂപം:
ഹജ്ജിൻ്റെ സമയം ആരംഭിക്കാൻ കുറഞ്ഞ നേരമേ ബാക്കിയുള്ളൂവെങ്കിൽ മീഖാത്തിൽ എത്തുമ്പോൾ ഹജ്ജിന് മാത്രമായി (ഇഫ്റാദ്) നിയ്യത്ത് ചെയ്യണം. മക്കയിലെത്തിയാൽ ആദ്യം ത്വവാഫും സഅ്യും ചെയ്യണം. പിന്നീട് അറഫാ ദിനമായ ദുൽഹജ്ജ് ഒമ്പതിന് അറഫാ മൈതാനത്തേക്ക് പോകുന്നത് വരെ ഇഹ്റാമിൽത്തന്നെ തുടരണം. അറഫയിൽ സൂര്യൻ അസ്തമിക്കുന്നതുവരെ നിൽക്കുകയും ചെയ്യണം.
ശേഷം, തൽബിയത്ത് ചൊല്ലിക്കൊണ്ട് അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുക. അവിടെ സുബ്ഹ് നമസ്കരിക്കുന്നത് വരെ തങ്ങുക. ശേഷം, വെളിച്ചം വരുന്നത് വരെ ദിക്റുകൾ ചൊല്ലിക്കൊണ്ടും തൽബിയ്യത്ത് ചൊല്ലിക്കൊണ്ടും മുസ്ദലിഫയിൽ തന്നെ തങ്ങുക.
വെളിച്ചം വന്നതിനുശേഷം സൂര്യനുദിക്കുന്നതിനു മുൻപായി മിനായിലേക്ക് പുറപ്പെടുകയും, ജംറത്തുൽ അഖബയിൽ ഏഴ് കല്ലുകൾ എറിയുകയും ചെയ്യുക. അതിനുശേഷം മുടി വടിക്കുകയോ വെട്ടിചെറുതാക്കുകയോ ചെയ്യുക. മുടി മുഴുവനായി മുണ്ഡനം ചെയ്യുന്നതാണ് കൂടുതൽ ഉത്തമം.
പിന്നീട് ത്വവാഫുൽ ഇഫാദ ചെയ്യുക; ആദ്യം സഅ്യ് ചെയ്തിട്ടുള്ളവർക്ക് അത് മതിയാകുന്നതാണ്; വീണ്ടും അയാൾ സഅ്യ് നിർവ്വഹിക്കേണ്ടതില്ല. അതോടെ അയാളുടെ ഹജ്ജ് പൂർത്തിയാവുകയും ഇഹ്റാമിൽനിന്ന് അയാൾ പൂർണ്ണമായി വിരമിക്കുകയും ചെയ്യുന്നതാണ്.
ഹജ്ജിൽ നിന്ന് വിരമിക്കാൻ ധൃതിയുള്ളവരാണെങ്കിൽ ദുൽഹജ്ജ് 11-നും 12-നും കല്ലെറിയുക എന്നത് കൂടി അയാളുടെ മേൽ ഇനി ബാക്കിയുണ്ടാകും; ഈ രണ്ട് ദിവസങ്ങളിലും ജംറകളിൽ കല്ലെറിയണം; മൂന്ന് ജംറകളിലും ഏഴ് കല്ലുകൾ വീതമാണ് എറിയേണ്ടത്. ഓരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലണം. ആദ്യം ജംറത്തുസ്സുഗ്റാ (മസ്ജിദുൽ ഖൈഫിന് അടുത്തുള്ളത്), പിന്നെ ജംറത്തുൽ വുസ്ത്വാ, തുടർന്ന് ജംറത്തുൽ അഖബ എന്നീ ക്രമത്തിലാണ് ജംറകളിൽ കല്ലെറിയേണ്ടത്. ദുൽഹജ്ജ് 12-ന് ശേഷവും തങ്ങാൻ ഉദ്ദേശിക്കുന്നവർ 13-നും ജംറകളിൽ കല്ലെറിയണം. 11-നും 12-നും കല്ലെറിഞ്ഞ അതേപോലെയാണ് 13-നും എറിയേണ്ടത്.
കല്ലെറിയുന്ന സമയം: മൂന്നുദിവസങ്ങളിലും ദ്വുഹ്റിൻ്റെ സമയം ആരംഭിച്ചത് മുതലാണ് കല്ലെറിയേണ്ടത്.
ദുൽഹജ്ജ് 12-ന് സൂര്യാസ്തമയത്തിന് മുമ്പ് മിനായിൽ നിന്ന് മടങ്ങിയാൽ അയാളുടെ മേൽ തെറ്റില്ല; എന്നാൽ, 13-ന് ദ്വുഹ്റിന് ശേഷം കല്ലെറിയുകയും, അതിന് ശേഷം മടങ്ങുകയും ചെയ്യുന്നതാണ് ഉത്തമം. കാരണം, അല്ലാഹു പറയുന്നു:
﴿...فَمَن تَعَجَّلَ فِي يَوۡمَيۡنِ فَلَآ إِثۡمَ عَلَيۡهِ وَمَن تَأَخَّرَ فَلَآ إِثۡمَ عَلَيۡهِۖ لِمَنِ ٱتَّقَىٰ...﴾
"അവയില്‍ രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. ഒരു ദിവസവും കൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല; സൂക്ഷ്മത പാലിക്കുന്നവന്ന്."
(ബഖറ: 203)
മക്കയിൽ നിന്ന് മടക്കയാത്ര ഉദ്ദേശിച്ചാൽ വിടവാങ്ങൽ ത്വവാഫ് (ത്വവാഫുൽ വദാഅ്) നിർവ്വഹിക്കണം; ഏഴ് തവണയാണ് ഈ ത്വവാഫ് ചെയ്യേണ്ടത്. ഇവിടെ സഅ്യ് ചെയ്യേണ്ടതില്ല.
ബലിയറുക്കാൻ ഹദിയ് (ഹജ്ജ് നിർവ്വഹിക്കുന്നവർ അല്ലാഹുവിനായി അറുക്കേണ്ട ബലിമൃഗം) യാത്രയിൽ കൂടെ കൊണ്ടുവന്നിട്ടില്ലാത്തവർക്ക് ഏറ്റവും ഉത്തമം ഉംറക്ക് ഇഹ്റാം ചെയ്യുകയും, ഉംറ നിർവഹിച്ച ശേഷം ദുൽഹിജ്ജ എട്ടിന് ഹജ്ജിനായി നിയ്യത്ത് ചെയ്ത് തമത്തുഇൻ്റെ രൂപത്തിൽ ഹജ്ജ് നിർവ്വഹിക്കുകയും ചെയ്യലാണ്. ശേഷം ഹജ്ജിന്റെ കർമ്മങ്ങൾ മേലെ വിവരിച്ച വിധത്തിൽ പൂർത്തിയാക്കുകയും വേണം. ഒരാൾ ഉംറയ്ക്കും ഹജ്ജിനും ഒന്നിച്ച് നിയ്യത്ത് വെച്ചാലും തെറ്റില്ല; 'ഖിറാൻ' എന്ന രൂപമാണ് അത്. ഉംറയും ഹജ്ജും ഒരൊറ്റ ത്വവാഫും സഅ്യും കൊണ്ട് ഒരുമിച്ച് നിർവഹിക്കലാണ് ഖിറാൻ.
അദ്ധ്യായം മൂന്ന്:
ഇടപാടുകൾ
നിർബന്ധമായും ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങളെക്കുറിച്ച് ഇസ്ലാമിക പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ഓരോ മുസ്ലിമും നിർബന്ധമായും അറിഞ്ഞിരിക്കുകയും പഠിച്ചിരിക്കുകയും ചെയ്യേണ്ട വിഷയങ്ങളും അവർ വിവരിച്ചിട്ടുണ്ട്. അതിൽ അവർ എടുത്തുപറഞ്ഞ വിഷയങ്ങളിലൊന്നാണ്: വ്യാപാരത്തിൽ ഏർപ്പെടുന്നവർ കച്ചവട നിയമങ്ങളെക്കുറിച്ചുള്ള അറിവ് നേടിയിരിക്കണം എന്നത്. ഒരാൾ അവൻ അറിയാതെ ഹറാമിലോ പലിശയിലോ വീണുപോകാതിരിക്കാൻ ഇത് അനിവാര്യമാണ്. ഈ പറഞ്ഞത് ബലപ്പെടുത്തുന്ന വിധത്തിലുള്ള ചില നിവേദനങ്ങൾ സ്വഹാബികളിൽ നിന്ന് വന്നിട്ടുണ്ട്.
ഉമർ ബിൻ ഖത്താബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: "നമ്മുടെ അങ്ങാടിയിൽ, മതപരമായ അറിവുള്ളവർ അല്ലാതെ കച്ചവടം ചെയ്യരുത്."60
അലിയ്യുബ്നു അബീത്വാലിബ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: "മതപരമായ അറിവ് നേടുന്നതിനുമുമ്പ് കച്ചവടത്തിൽ ഏർപ്പെടുന്നവൻ പലിശയിൽ അകപ്പെട്ടിരിക്കും. വീണ്ടും വീണ്ടും അവൻ പലിശയിൽ വീഴുക തന്നെ ചെയ്യും."61
ഇബ്നു ആബിദീൻ, അല്ലാമിയിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് പറയുന്നു: "ഓരോ പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും അവരുടെ മതപരമായ അറിവും സന്മാർഗവും പഠിച്ചതിന് ശേഷം, വുദ്വു, ജനാബത്ത് കുളി, നിസ്കാരം, നോമ്പ് എന്നിവയെക്കുറിച്ചുള്ള പഠിക്കണം. സകാത്തിൻ്റെ നിസ്വാബ് എത്തിയ സമ്പത്ത് കൈവശം ഉള്ളവർ സകാത്തിൻ്റെ നിയമങ്ങളും, ഹജ്ജ് നിർബന്ധമായ സാഹചര്യത്തിലുള്ളവർ ഹജ്ജിൻ്റെ നിയമങ്ങളും നിർബന്ധമായും പഠിക്കണം. അതുപോലെ, കച്ചവടക്കാർ കച്ചവട നിയമങ്ങളും നിർബന്ധമായും പഠിക്കണം. എല്ലാ ഇടപാടുകളിലും സംശയാസ്പദമായ കാര്യങ്ങളിൽ നിന്നും വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്നും അവർക്ക് അകന്നുനിൽക്കാൻ അപ്പോൾ മാത്രമേ സാധിക്കുകയുള്ളൂ. അതുപോലെ, തൊഴിൽ ചെയ്യുന്നവരും അവർ ഏർപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള മതപരമായ അറിവ് നേടുക എന്നത് നിർബന്ധമാണ്; അവയിലെല്ലാം ബാധിച്ചേക്കാവുന്ന ഹറാമുകളിൽ നിന്ന് വിട്ടുനിൽക്കാൻ അത് അനിവാര്യമാണ്."62
നവവി (رحمه الله) പറയുന്നു: "വിവാഹം, കച്ചവടം പോലെയുള്ള കാര്യങ്ങൾ അടിസ്ഥാനപരമായി നിർബന്ധമായ കാര്യമല്ല; അതിനാൽ അവയുടെ നിർബന്ധനകളും വിധിവിലക്കുകളും അറിയാതെ അതിലേക്ക് പ്രവേശിക്കുന്നത് ഹറാമാണ്."63
ഇസ്ലാമിക ശരീഅത്തിൽ സാമ്പത്തിക ഇടപാടുകളുടെ വിഷയത്തിൽ പഠിപ്പിക്കപ്പെട്ട ചില അടിസ്ഥാന നിയമങ്ങൾ താഴെ കൊടുക്കുന്നു:
1- പൂർണ്ണമായോ അല്ലെങ്കിൽ വലിയ തോതിലോ ഗുണകരമായ എല്ലാ കാര്യങ്ങളും അനുവദനീയമാണ്; അനുവദനീയമായ സാധനങ്ങളുടെ വിൽപ്പനയും വാങ്ങലും, അവ വാടകക്ക് നൽകലും വാങ്ങലും ശുഫ്അഃ നടത്തലുമെല്ലാം അനുവദനീയമാണ്.64
2- ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും നിലനിർത്തുന്നതുമായ എല്ലാ കാര്യങ്ങൾക്കും നിയമസാധുതയുണ്ട്; ഉദാഹരണത്തിന്, പണയം വെക്കലും സാക്ഷിയെ നിർത്തലും.
3- കരാറിൽ ഏർപ്പെടുന്നവർക്ക് പ്രയോജനകരമായ എല്ലാ കാര്യങ്ങൾക്കും നിയമസാധുതയുണ്ട്; ഉദാഹരണത്തിന്, കരാർ റദ്ദാക്കൽ, കച്ചവടത്തിൽ നിന്ന് പിന്മാറാനുള്ള സ്വാതന്ത്ര്യം, കച്ചവടത്തിൽ നിബന്ധനകൾ വെക്കൽ തുടങ്ങിയവ.
4- ജനങ്ങളെ അക്രമിക്കുകയും അവരുടെ സ്വത്ത് അന്യായമായി കൈക്കലാക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, പലിശ, ബലംപ്രയോഗിച്ച് പിടിച്ചെടുക്കൽ, പൂഴ്ത്തിവെപ്പ്.
5- നന്മയിൽ പരസ്പരം സഹകരിക്കുന്ന എല്ലാ കാര്യങ്ങൾക്കും നിയമസാധുതയുണ്ട്; ഉദാഹരണത്തിന്, വായ്പ, കടം നൽകൽ, സൂക്ഷിക്കാൻ ഏൽപ്പിക്കൽ.
6- അധ്വാനമോ പ്രയോജനമോ ഇല്ലാതെ ധനം സമ്പാദിക്കുന്ന എല്ലാ കാര്യങ്ങളും നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, ചൂതാട്ടം, പലിശ.
7- അറിവില്ലായ്മയും അവ്യക്തതയും അധികരിക്കുന്ന എല്ലാ ഇടപാടുകളും നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, സ്വന്തമല്ലാത്ത വസ്തു വിൽക്കുക, വ്യക്തതയില്ലാത്ത വസ്തു വിൽക്കുക.
8- ഹറാമിന് കാരണമാകുന്ന തന്ത്രങ്ങൾ ഉപയോഗിക്കുന്നതെല്ലാം നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, ബൈഉൽ-ഈന65.
9- അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ശ്രദ്ധ മാറ്റുന്ന എല്ലാ കാര്യങ്ങളും നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, വെള്ളിയാഴ്ചയിലെ രണ്ടാമത്തെ ബാങ്കിന് ശേഷമുള്ള കച്ചവടം.
10- ദോഷം വരുത്തുന്നതോ, മുസ്ലിംങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതോ ആയ എല്ലാ കാര്യങ്ങളും നിരോധിച്ചിരിക്കുന്നു; ഉദാഹരണത്തിന്, നിഷിദ്ധമായ വസ്തുക്കളുടെ കച്ചവടം, ഒരു വ്യക്തിയുടെ കച്ചവടത്തിനു മുകളിൽ മറ്റൊരാൾ കച്ചവടം ചെയ്യുക എന്നിങ്ങനെയുള്ളവ.
കച്ചവടവും ഇടപാടുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൻ്റെ വിധിയെന്താണെന്ന് സംശയമുണ്ടായാൽ, അതിനെക്കുറിച്ച് പണ്ഡിതന്മാരോട് ചോദിച്ചറിയേണ്ടതാണ്. അതിൻ്റെ ഇസ്ലാമിക വിധി അറിഞ്ഞതിന് ശേഷം മാത്രമേ അതിലേക്ക് ഇറങ്ങാവൂ. അല്ലാഹു പറയുന്നു:
﴿...فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ﴾
"നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക." (നഹ്ൽ: 43)
ഇത്രയുമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്താൻ സൗകര്യപ്പെട്ടത്. ഉപകാരപ്രദമായ അറിവും സൽകർമ്മവും നൽകി നമ്മെ അനുഗ്രഹിക്കാൻ അല്ലാഹുവോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു; അവൻ അത്യുദാരനും അതീവമായി കരുണ ചൊരിയുന്നവനുമാണ്.
وصلى الله وسلم على نبينا محمد وآله وصحبه وسلم تسليمًا كثيرًا
***
ഉള്ളടക്കം
ആമുഖം 2
അദ്ധ്യായം ഒന്ന്: 3
വിശ്വാസകാര്യങ്ങള് 3
പാഠം ഒന്ന്: ഇസ്ലാമിൻ്റെ അർത്ഥവും സ്തംഭങ്ങളും: 3
തൗഹീദിൻ്റെ പ്രാധാന്യം: 4
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന സാക്ഷ്യത്തിന്റെ അർത്ഥം: 6
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനത്തിന്റെ നിബന്ധനകൾ: 7
'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം 10
പാഠം രണ്ട്: ഈമാനിന്റെ അർത്ഥവും അതിന്റെ സ്തംഭങ്ങളും: 12
(1) അല്ലാഹുവിലുള്ള വിശ്വാസം മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളുന്നു: 14
1. അല്ലാഹുവിന്റെ റുബൂബിയ്യത്തിലുള്ള (അവനാണ് സ്രഷ്ടാവും സംരക്ഷകനും നിയന്താവും എന്ന) വിശ്വാസം. 14
2. അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലുള്ള (ആരാധനക്ക് അർഹതയുള്ളവൻ അല്ലാഹു മാത്രമാണ്) എന്ന വിശ്വാസം. 17
3- അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കൽ: 21
2) മലക്കുകളിലുള്ള വിശ്വാസം: 32
3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം: 35
4) അല്ലാഹുവിന്റെ ദൂതന്മാരിലുള്ള വിശ്വാസം: 36
5) അന്ത്യനാളിലുള്ള വിശ്വാസം: 38
ഒന്ന്- ഉയിർത്തെഴുന്നേൽപ്പിലുള്ള (പുനരുത്ഥാനം) വിശ്വാസം: 39
രണ്ട്- പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുകയും അവക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നതാണെന്നുള്ള വിശ്വാസം: 39
മൂന്ന്- സ്വർഗ്ഗത്തിലും നരകത്തിലുമുള്ള വിശ്വാസം: 40
6- ഖദാ ഖദറിലും (അല്ലാഹുവിന്റെ വിധിയിലുള്ള) അതിന്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം. 41
പാഠം മൂന്ന്: ഇഹ്സാൻ. 43
പാഠം നാല്: അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടിസ്ഥാനങ്ങൾ; ഒരു സംക്ഷിപ്ത വിവരണം. 45
അദ്ധ്യായം 2: ആരാധനകളുമായി (ഇബാദത്തുകളുമായി) ബന്ധപ്പെട്ട കാര്യങ്ങൾ: 47
പാഠം ഒന്ന്: ശുദ്ധീകരണം (ത്വഹാറത്ത്). 47
1- വെള്ളത്തിന്റെ ഇനങ്ങൾ. 48
2- നജസ്. 48
3- അശുദ്ധിയുള്ളവർക്ക് വിലക്കപ്പെട്ട കാര്യങ്ങൾ. 53
4- മലമൂത്ര വിസർജ്ജന മര്യാദകൾ. 55
5- ഇസ്തിൻജാഇന്റെയും ഇസ്തിജ്മാറിന്റെയും നിയമങ്ങൾ: 57
6- വുദൂഅിൻ്റെ വിധി വിലക്കുകൾ: 58
7- ഖുഫ്ഫകളിലും സോക്സുകളിലും തടവുന്നതിൻ്റെ നിയമങ്ങൾ 62
8- തയമ്മുമിന്റെ നിയമങ്ങൾ 65
9- ആർത്തവത്തിന്റെയും പ്രസവരക്തത്തിന്റെയും വിധിവിലക്കുകൾ 69
രണ്ട്: നിസ്കാരം. 72
1- ബാങ്കിന്റെയും ഇഖാമത്തിന്റെയും നിയമങ്ങൾ. 72
രണ്ട്: നിസ്കാരത്തിന്റെ സ്ഥാനവും ശ്രേഷ്ഠതയും. 78
മൂന്ന്: നിസ്കാരത്തിന്റെ നിബന്ധനകൾ. 80
4- നിസ്കാരത്തിന്റെ റുക്നുകൾ (അവിഭാജ്യ ഘടകങ്ങൾ) 83
5- നിസ്കാരത്തിലെ നിർബന്ധ കാര്യങ്ങൾ (വാജിബാത്ത്): 90
6- നിസ്കാരത്തിലെ സുന്നത്തുകൾ: 92
ഏഴ്: നിസ്കാരത്തിന്റെ രൂപം. 95
നിസ്കാരത്തിലെ കറാഹത്തുകൾ (വെറുക്കപ്പെട്ട കാര്യങ്ങൾ) 103
9- നിസ്കാരം അസാധുവാക്കുന്ന കാര്യങ്ങൾ. 104
10- മറവിയുടെ സുജൂദ് (സഹ്വിന്റെ സുജൂദ്) 105
11- നിസ്കാരം വിലക്കപ്പെട്ട സമയങ്ങൾ 109
12- ജമാഅത്ത് നിസ്കാരം 110
ഭയത്തിൻ്റെ വേളയിലെ നിസ്കാരം 114
ഭയപ്പാടിലുള്ള നിസ്കാരത്തിന്റെ രൂപം: 115
14- ജുമുഅ നിസ്കാരം 117
അഞ്ച്: ജുമുഅ ദിവസത്തെ സുന്നത്തുകൾ. 120
ജുമുഅഃ ഒരാൾക്ക് ലഭിച്ചുവെന്ന് ഗണിക്കണമെങ്കിൽ: 121
15- ഒഴിവുകഴിവുകളുള്ളവരുടെ നിസ്കാരം. 122
16- രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ 127
17- ഗ്രഹണ നിസ്കാരം. 131
18- മഴക്ക് വേണ്ടിയുള്ള നിസ്കാരം (സ്വലാത്തുൽ ഇസ്തിസ്ഖാഅ്). 134
19- ജനാസഃയുടെ വിധിവിലക്കുകൾ 136
അദ്ധ്യായം മൂന്ന്: സകാത്ത് 142
1. സകാത്തിന്റെ നിർവചനവും സ്ഥാനവും. 142
2. സകാത്ത് നിർബന്ധമാകുന്നതിനുള്ള നിബന്ധനകൾ. 143
3- സകാത്ത് നിർബന്ധമാകുന്ന സ്വത്തുക്കൾ: 145
അദ്ധ്യായം നാല്: നോമ്പ് 163
റമദാനിലെ നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനകൾ: 164
അദ്ധ്യായം അഞ്ച്: ഹജ്ജും ഉംറയും 177
ഹജ്ജും ഉംറയും നിർബന്ധമാകാനുള്ള നിബന്ധനകൾ: 178
ഇഹ്റാമിൻ്റെ സമയവും സ്ഥലവും 181
ഇഹ്റാം 183
ഉംറ 190
ഹജ്ജ് 196
അദ്ധ്യായം മൂന്ന്: 200
ഇടപാടുകൾ 200
***
അഹ്മദ് 6072, തിർമിദി: 1535.
അദബുൽ മുഫ്റദ്: 716, മുസ്നദ് അഹ്മദ്: 19606, അഹാദീഥുൽ മുഖ്താറ / ദ്വിയാഅ്: 1/150, ശൈഖ് അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്. (സ്വഹീഹുൽ ജാമിഅ്: 3731)
മുസ്ലിം: 121, അഹ്മദ്: 10434.
മദ്യ്: ലൈംഗികാവയവത്തിൽ നിന്ന് പുറപ്പെടുന്ന, കനം കുറഞ്ഞതും നിറമില്ലാത്തതുമായ ദ്രാവകം; ബാഹ്യകേളികളിൽ ഏർപ്പെടുകയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുകയോ അതിനായി ആഗ്രഹിക്കുകയോ ചെയ്യുമ്പോഴാണ് മദ്യ് പുറത്തുവരുക. തീർത്തും കുറച്ചു മാത്രം പുറത്തു വരുന്നതുകൊണ്ട് ചിലപ്പോൾ മദ്യ് വന്നത് അറിയാൻ കഴിഞ്ഞെന്ന് വരില്ല.വദ്യ്: മൂത്രം ഒഴിച്ചതിന് ശേഷം പുറത്തുവന്നേക്കാവുന്ന കട്ടിയുള്ള വെളുത്ത ദ്രാവകമാണ് വദ്യ്. ചിലർക്ക് ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴും വദ്യ് പുറത്തുവന്നേക്കാം.
മുസ്ലിം: 224.
മുവത്വ / ഇമാം മാലിക്ക്: 680, 219, ദാരിമി: 312, മുസ്വന്നഫ് അബ്ദുറസാഖ്: 1328, ശൈഖ് അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.
നസാഈ: 12808, അഹ്മദ്: 15423, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി, (ഇർവാഉൽ ഗലീൽ: 121).
ഇബ്നുമാജ: 594, ഇബ്നു ഹിബ്ബാൻ: 799, ശൈഖ് അൽബാനി ഹദീഥ് ദുർബലമാണെന്ന് വിലയിരുത്തിയിട്ടുണ്ട്: (ദ്വയീഫ് സുനൻ തിർമിദി: 146)
ബുഖാരി: 142, മുസ്ലിം: 122.
ബുഖാരി: 7288, മുസ്ലിം: 6066.
ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് (റഹിമഹുല്ലാഹ്) അദ്ദേഹത്തിൻ്റെ ഫത്വകളുടെ സമാഹാരത്തിൽ (29/141) പറയുന്നു: "ബൈഹഖി, ജാബിർ (رضي الله عنه) വിൽ നിന്ന് പരിഗണനീയമായ പരമ്പരയോടുകൂടി ഉദ്ധരിച്ച ഹദീഥിൽ «الَّذِي وَعَدْتَهُ» എന്നതിന് ശേഷം «إِنَّكَ لَا تُخْلِفُ الْمِيعَادَ» എന്ന് കൂടി വന്നിട്ടുണ്ട്."
തിർമിദി: 2635.
മുസ്ലിം: 82.
തിർമിദി: 265, തിർമിദി, അൽബാനി എന്നിവർ ഹദീഥ് സ്വീകാര്യമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
ബുഖാരി: 1117.
ബുഖാരി: 6251, മുസ്ലിം: 884.
ബുഖാരി: 756, മുസ്ലിം: 872.
ബുഖാരി: 793, മുസ്ലിം: 398.
ബുഖാരി: 812, മുസ്ലിം: 490.
മുസ്ലിം: 498.
ബുഖാരി: 724, മുസ്ലിം: 398.
ബുഖാരി: 797, മുസ്ലിം: 402.
തിർമിദി: 839.
ബുഖാരി: 6008.
ബുഖാരി: 1110.
ബുഖാരി: 835.
ബുഖാരി: 743, മുസ്ലിം: 399.
മുസ്ലിം: 588.
അബൂദാവൂദ്: 5168.
തിർമിദി: 284.
മുസ്ലിം: 1484.
ബുഖാരി: 609, മുസ്ലിം: 602.
ബുഖാരി: 4130, മുസ്ലിം: 842.
മുസ്ലിം: 865.
ബുഖാരി: 934, മുസ്ലിം: 851.
ബുഖാരി: 1081, മുസ്ലിം: 693.
ബുഖാരി: 1012, മുസ്ലിം: 894.
അബൂദാവൂദ്: 3201, തിർമിദി: 1024 (തിർമിദി ഈ ഹദീസിനെ കുറിച്ച് ഹസനുൻ സ്വഹീഹ് എന്ന് പറഞ്ഞിരിക്കുന്നു)
മുസ്ലിം: 962.
ബുഖാരി: 8, മുസ്ലിം: 111.
ഇബ്നു മാജ: 1792, തിർമിദി: 63, 631.
ബുഖാരി: 1402, മുസ്ലിം: 2287.
ബുഖാരി: 1432, മുസ്ലിം: 984.
അബൂദാവൂദ്: 1609, ഇബ്നുമാജ: 1827, അൽബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് രേഖപ്പെടുത്തി: സ്വഹീഹ് അബൂദാവൂദ് 1609.
ബുഖാരി: 1, മുസ്ലിം: 1907.
ബുഖാരി: 1810, മുസ്ലിം: 1086.
ബുഖാരി: 1909.
അഹ്മദ്: 26457, അബൂദാവൂദ്: 2454, നസാഈ: 2331, ഹദീഥിൻ്റെ പദങ്ങൾ നസാഇയിൽ നിന്നുള്ളതാണ്.
ബുഖാരി: 6669, മുസ്ലിം: 2709.
അബൂദാവൂദ് (2380), തിർമിദി (719), ഇബ്നു മാജ (676) എന്നിവർ ഉദ്ധരിച്ചത്.
ബുഖാരി: 1849, മുസ്ലിം: 1846.
മുസ്ലിം: 1134.
അഹ്മദ് 25198, നസാഈ 2627, ഇബ്നു മാജ 2901.
ബുഖാരി: 1862, മുസ്ലിം: 1341.
ബുഖാരി: 1531.
മുസ്ലിം: 1211.
ബുഖാരി: 1549.
മുസ്ലിം: 1218.
തിർമിദി (487) ഈ ഹദീഥ് സ്വീകാര്യമാണെന്ന് അദ്ദേഹവും, ശൈഖ് അൽബാനിയും വിലയിരുത്തിയിട്ടുണ്ട്.
മുഗ്നി അൽമുഹ്താജ്: 2/22.
ഹാശിയത്തു ഇബ്നു ആബിദീൻ: 1/42.
മജ്മൂഅ്: 1/50.
ശുഫ്അഃ: ഒരു മുതലിൻ്റെ മേലുള്ള ഉടമസ്ഥതയിൽ പങ്കാളിയായ ഒരാൾക്ക്, തൻ്റെ പങ്കാളി വിറ്റ ഓഹരി, പകരം പണം നൽകി മൂന്നാമതൊരാളിൽ നിന്ന് തിരിച്ചെടുക്കാനുള്ള അവകാശമാണിത്.(ശുഫ്അയുടെ ഉദാഹരണം: സൈദും അംറും ഒരു ഭൂമിയിൽ പങ്കാളികളാണെന്ന് സങ്കൽപ്പിക്കുക. സൈദ് തൻ്റെ ഓഹരി ഖാലിദ് എന്ന മൂന്നാമതൊരാൾക്ക് വിറ്റു. ഈ സാഹചര്യത്തിൽ, അംറിന് തൻ്റെ പങ്കാളിയായ സൈദ് ഖാലിദിന് വിറ്റ ഓഹരി തിരികെ വാങ്ങാൻ അവകാശമുണ്ട്. ഖാലിദ് കൊടുത്ത അതേ വില നൽകി അംറിന് ആ ഓഹരി സ്വന്തമാക്കാം.)
ബൈഉൽ ഈനഃ: ഒരു വ്യക്തി മറ്റൊരാൾക്ക് ഒരു സാധനം ഒരു നിശ്ചിത സമയത്തേക്ക് (അഥവാ കടമായി) വിൽക്കുകയും, അത് അയാൾക്ക് കൈമാറുകയും ചെയ്യുന്നു. അതിനുശേഷം, ആ വില വാങ്ങുന്നതിനുമുമ്പ്, അയാൾ ആ സാധനം അതിനേക്കാൾ കുറഞ്ഞ വിലക്ക് പണമായി തിരിച്ചുവാങ്ങുന്നു; ഇതാണ് ഈനത്തിൻ്റെ കച്ചവടം.
ബുഖാരി: 8.