حُكْمُ السِّحْرِ وَالكِهَانَةِ
وَمَا يَتَعَلَّقُ بِهَا
സിഹ്ർ, ജോത്സ്യം തുടങ്ങിയവയുടെ വിധി
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം ഒൻപത്:
സിഹ്ർ, ജോത്സ്യം തുടങ്ങിയവയുടെ വിധി1
സർവ്വസ്തുതിയും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്നാകുന്നു. അവൻ്റെ അന്തിമ ദൂതനായ മുഹമ്മദ് നബിയുടെ മേൽ അല്ലാഹുവിൽ നിന്നുള്ള രക്ഷയും സമാധാനവും വർഷിക്കട്ടെ.
സിഹ്റിലൂടെയും (മാരണം) ജോത്സ്യത്തിലൂടെയും അസുഖങ്ങൾ മാറ്റിത്തരാമെന്ന വാഗ്ദാനം നൽകി, ചികിത്സയുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്ന മാരണക്കാരും മന്ത്രവാദികളും അധികരിച്ചിരിക്കുന്നു. പല നാടുകളിലും ഇവരെ കൊണ്ടുള്ള ശല്യമുണ്ട്. ജനങ്ങളിൽ വിവരമില്ലാത്ത പാമരജനങ്ങളെ ഇക്കൂട്ടർ നിരന്തരമായി വഴിതെറ്റിക്കുന്ന വാർത്തകൾ അധികരിക്കുന്ന ഈ സന്ദർഭത്തിൽ അല്ലാഹുവിനോടും അവൻ്റെ ദാസന്മാരോടുമുള്ള ഗുണകാംക്ഷയുടെ ഭാഗമായി ഈ വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്താനും, ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും ഇത് സൃഷ്ടിക്കുന്ന പ്രശ്നത്തിൻ്റെ വ്യാപ്തി വിവരിക്കാനും വേണ്ടി ഒരു വിശദീകരണം നൽകേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവല്ലാത്തവരോടുള്ള ഭരമേൽപ്പിക്കലിൻ്റെ ഭാഗമാണ് ഇത്തരം പ്രവൃത്തികൾ എന്നും, അതിലൂടെ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിന്റെയും കൽപ്പനകൾക്ക് വിരുദ്ധം പ്രവർത്തിക്കുകയാണ് തങ്ങളെന്നും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
അല്ലാഹുവിൻ്റെ സഹായം തേടിക്കൊണ്ട് ഞാൻ ആരംഭിക്കട്ടെ: ചികിത്സ തേടുക എന്നത് ഇസ്ലാമിൽ അനുവദനീയമാണ്. ശരീരവുമായി ബന്ധപ്പെട്ട മുറിവുകളോ മറ്റോ പരിശോധിക്കുന്ന ഡോക്ടർമാരെ സമീപിക്കാൻ മുസ്ലിമിന് അനുവാദമുണ്ട്. തൻ്റെ രോഗം പരിശോധിക്കാനും, ഇസ്ലാമിൽ അനുവദിക്കപ്പെട്ട ചികിത്സാ മാർഗങ്ങൾ കൊണ്ട് അവന് വേണ്ട ചികിത്സ നൽകാനും വൈദ്യം പഠിച്ച ഡോക്ടർമാർക്ക് സാധിക്കും. ഭൗതികമായ ഇത്തരം കാരണങ്ങൾ സ്വീകരിക്കുക എന്നത് ഒരിക്കലും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന് എതിരല്ല. മറിച്ച് അല്ലാഹു തന്നെയാണ് രോഗവും അതിനുള്ള മരുന്നും ഇറക്കിയിട്ടുള്ളത് എന്ന് അവൻ അറിയിച്ചിട്ടുണ്ട്. ജനങ്ങളിൽ ചിലർക്ക് ഈ മരുന്നുകൾ മനസ്സിലാകുമെങ്കിൽ മറ്റു ചിലർക്ക് അത് അജ്ഞമായിരിക്കും; (അറിവുള്ള വൈദ്യന്മാരോട് അത് ചോദിച്ചറിയുന്നതിൽ തെറ്റില്ല). എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യത്തിലും അവൻ യാതൊരു രോഗത്തിനുമുള്ള ശമനമോ മരുന്നോ നിശ്ചയിച്ചിട്ടില്ല.
തങ്ങൾക്ക് ഭാവി അറിയാം എന്ന് വാദിക്കുന്ന ജോത്സ്യന്മാരുടെ അരികിൽ ചെല്ലുകയും, തൻ്റെ രോഗം അറിയാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക എന്നത് ഇതിനാൽ തന്നെ ഒരു മുസ്ലിമിന് അനുവദനീയമല്ല. അവർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ വിശ്വസിക്കുവാനും പാടില്ല. കാരണം ഊഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം മന്ത്രവാദികൾ സംസാരിക്കുന്നത്. അതുമല്ലെങ്കിൽ ജിന്നുകളുടെ സഹായത്തോടെയാണ് ഇവർ തങ്ങളുടെ ചില ഉദ്ദേശ്യങ്ങൾ നടത്തിയെടുക്കുന്നത്. തങ്ങൾക്ക് അദൃശ്യം അറിയാം എന്ന് വാദിക്കുന്നുണ്ട് എങ്കിൽ ഇക്കൂട്ടർ തനിച്ച നിഷേധികളായ കാഫിറുകളും, അങ്ങേയറ്റം വഴികേടിലായവരുമാണ് എന്നതിൽ സംശയമില്ല.
ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഒരു ഹദീഥ് ഇപ്രകാരമാണ്:
«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَوْمًا».
"ആരെങ്കിലും ഒരു ജോത്സ്യനെ സമീപിക്കുകയും അവനോട് എന്തെങ്കിലും ചോദിച്ചറിയുകയും ചെയ്താൽ അവൻ്റെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."
അബൂഹുറയ്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
«مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».
"ആരെങ്കിലും, ഒരു ജ്യോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം, അയാൾ മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു." (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, ഹദീഥ് സ്വഹീഹ് ആണെന്ന് ഇമാം ഹാകിം വിലയിരുത്തിയിരിക്കുന്നു. പ്രസ്തുത ഹദീഥിലെ പദങ്ങൾ ഇപ്രകാരമാണ്):
«مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».
"ആരെങ്കിലും വല്ല ഭാവി പ്രവചിക്കുന്നവനേയോ അല്ലെങ്കിൽ ജ്യോത്സ്യനേയോ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ അവൻ മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു."
ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
«لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ أَوْ سَحَرَ أَوْ سُحِرَ لَهُ وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».
"ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിക്കുന്നവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല.ആരെങ്കിലും ഒരു ജ്യോത്സ്യൻ്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബിയുടെ ﷺ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു." (ബസ്സാർ 'ജയ്യിദ്' ആയ സനദോടുകൂടി നിവേദനം ചെയ്തിരിക്കുന്നു)
ജോത്സ്യന്മാർ, മാരണക്കാർ, മന്ത്രവാദികൾ തുടങ്ങിയവരെ സമീപിക്കുകയോ അവരോട് കാര്യങ്ങൾ ചോദിച്ചറിയുകയോ അവരെ സത്യപ്പെടുത്തുകയോ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും താക്കീത് നൽകുകയും ചെയ്യുന്ന ഹദീഥുകളാണ് ഇവയെല്ലാം.
ജോത്സ്യന്മാർ പറയുന്ന കാര്യങ്ങൾ ചിലപ്പോഴെല്ലാം സത്യമായി വരുന്നുണ്ട് എന്നതാണ് ഇവരെ വിശ്വസിക്കാൻ ജനങ്ങളിൽ ചിലർ പറയാറുള്ള ന്യായം. അതല്ലെങ്കിൽ ജനങ്ങൾ ധാരാളം പേർ ഇവരുടെയെല്ലാം അടുത്തു വരുന്നുണ്ടല്ലോ എന്നതായിരിക്കും പലർക്കും ഇവരെ ന്യായീകരിക്കാനുള്ള തെളിവ്. എന്നാൽ ഇതൊന്നും ഒരാളെ വഞ്ചനയിൽ പെടുത്തരുത്. കാരണം നബി ﷺ ഇത്തരക്കാരുടെ അരികിൽ പോകുന്നതും അവരോട് ചോദിക്കുന്നതും അവരെ വിശ്വസിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ട്. ഈ തിന്മ വളരെ അപകടകരമാണെന്നതിനാലും, അതു കൊണ്ട് സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണെന്നതിനാലുമാണ് അവിടുന്ന് അപ്രകാരം ചെയ്തത്. അതോടൊപ്പം ഈ മാരണക്കാർ മഹാമ്ലേഛരും കൊടുംകള്ളന്മാരുമാണ്.
മാരണക്കാരനും ജോത്സ്യനും കാഫിറാണ് എന്നതിനുള്ള തെളിവും മേലെ പറഞ്ഞ ഹദീഥുകളിലുണ്ട്. കാരണം ഇവർ രണ്ടു പേരും തങ്ങൾക്ക് അദൃശ്യങ്ങൾ അറിയുമെന്ന് വാദിക്കുന്നവരാണ്; അതാകട്ടെ അല്ലാഹുവിലുള്ള നിഷേധവുമാണ്. ജിന്നുകളെ സേവിച്ചു കൊണ്ടും, അവരെ ആരാധിച്ചു കൊണ്ടുമല്ലാതെ ജിന്നുകളിൽ നിന്നുള്ള സഹായങ്ങൾ നേടിയെടുക്കാൻ അവർക്ക് സാധ്യവുമല്ല. അതും അല്ലാഹുവിലുള്ള നിഷേധവും ബഹുദൈവാരാധനയും (ശിർക്) ആണ്. അദൃശ്യം അറിയാമെന്ന് വാദിക്കുന്നവരെ സത്യപ്പെടുത്തുന്നവരുടെ അവസ്ഥ ജോത്സ്യന്മാരുടേതിന് സമാനം തന്നെ. ചുരുക്കത്തിൽ, ഈ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുന്നവരിൽ നിന്നെല്ലാം അല്ലാഹുവിൻ്റെ റസൂൽ ﷺ ബന്ധവിഛേദനം പ്രഖ്യാപിച്ചിരിക്കുന്നു.
മാരണക്കാർ ചികിത്സയായി പറയുന്ന കാര്യങ്ങൾ അംഗീകരിക്കുക എന്നത് ഒരു മുസ്ലിമിന് അനുവദനീയമല്ല. ചില മന്ത്രങ്ങൾ പിറുപിറുക്കുകയോ, ഈയം ഉരുക്കി ഒഴിക്കുകയോ മറ്റെന്തെങ്കിലും അന്തവിശ്വാസങ്ങൾ ചെയ്യാൻ പറയുകയോ ആണ് ഇത്തരക്കാർ പൊതുവെ ചെയ്യാറുള്ളത്. ഇതെല്ലാം തന്നെ ജോത്സ്യത്തിൻ്റെ ഭാഗവും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലുമാണ്. ആരെങ്കിലും ഈ കാര്യങ്ങളിൽ അവരെ തൃപ്തിപ്പെടുന്നു എങ്കിൽ അവരുടെ നിഷേധവും (കുഫ്ർ) നിരർത്ഥകതയും നിറവേറ്റാൻ അക്കൂട്ടരെ സഹായിക്കുകയാണ് അവർ ചെയ്യുന്നത്.
മാരണക്കാരുടെ അരികിലേക്ക് പോവുകയോ, അവരോട് തൻ്റെ മകനെയോ ബന്ധുവിനെയോ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ കുറിച്ച് ചോദിച്ചറിയുകയോ, ദാമ്പത്യബന്ധം സുഖകരമായിരിക്കുമോ ബന്ധം പിരിയുമോ എന്നിങ്ങനെയെല്ലാമുള്ള ഭാവികാര്യങ്ങളെ പറ്റി ചോദിക്കുകയോ ജാതകം വെക്കുകയോ ചെയ്യാനും ഒരു മുസ്ലിമിന് അനുവാദമില്ല. ഈ പറഞ്ഞതെല്ലാം അല്ലാഹുവല്ലാത്ത മറ്റാർക്കും അറിയാത്ത ഗൈബിയ്യായ (അദൃശ്യകാരങ്ങളിൽ) പെട്ടതാണ്.
അതിനാൽ, ഇസ്‌ലാമിക ഭരണാധികാരികളും നിയമപാലകരും സ്വാധീനവും അധികാരവുമുള്ള ജനനേതാക്കളുമെല്ലാം ഇത്തരം മാരണക്കാരെയോ ജോത്സ്യന്മാരെയോ സമീപിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുകയും, അങ്ങാടികളിലും മറ്റും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ശക്തമായി താക്കീത് ചെയ്യുകയും അവരെ അതിൽ നിന്ന് വിലക്കുകയും, അവരുടെ അടുത്തേക്ക് വരുന്നവരെ തിരുത്തുകയും ചെയ്യണമെന്നത് നിർബന്ധമാണ് (എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം).
ഇതു പോലെയാണ് മാരണം എന്ന പ്രവർത്തിയും; അത് തനിച്ച കുഫ്റൻ പ്രവർത്തിയാണ്. അല്ലാഹു വിശുദ്ധ ഖുർആനിൽ രണ്ട് മലക്കുകളുടെ ചരിത്രം വിവരിച്ചു കൊണ്ട് പറഞ്ഞതു നോക്കൂ:
﴿...وَمَا يُعَلِّمَانِ مِنۡ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحۡنُ فِتۡنَةٞ فَلَا تَكۡفُرۡۖ فَيَتَعَلَّمُونَ مِنۡهُمَا مَا يُفَرِّقُونَ بِهِۦ بَيۡنَ ٱلۡمَرۡءِ وَزَوۡجِهِۦۚ وَمَا هُم بِضَآرِّينَ بِهِۦ مِنۡ أَحَدٍ إِلَّا بِإِذۡنِ ٱللَّهِۚ وَيَتَعَلَّمُونَ مَا يَضُرُّهُمۡ وَلَا يَنفَعُهُمۡۚ وَلَقَدۡ عَلِمُواْ لَمَنِ ٱشۡتَرَىٰهُ مَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖۚ وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ﴾
"...എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, 'ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ ഏർപ്പെടരുത്' എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ആളുകൾ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിച്ചു കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിൻ്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങിയോ (കൈവശപ്പെടുത്തിയോ) അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!" (അൽ ബഖറ: 102)
സിഹ്ർ (മാരണം) ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന കുഫ്റാണെന്നും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ മാരണക്കാർ ബന്ധം പിരിക്കുമെന്നും ഈ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം. അതോടൊപ്പം, മാരണത്തിന് സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്നും, അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനപ്രകാരം മാത്രമേ അതിന് സ്വാധീനം ചെലുത്താൻ സാധിക്കുകയുള്ളൂ എന്നും അതോടൊപ്പം ഈ വചനങ്ങൾ മനസ്സിലാക്കിത്തരുന്നു. കാരണം അല്ലാഹുവാകുന്നു നന്മയെയും തിന്മയെയും സൃഷ്ടിച്ചത്.
സിഹ്ർ പഠിച്ചെടുക്കുന്നവർ തങ്ങൾക്ക് ഉപദ്രവകരമായ, ഒരു ഉപകാരവും നൽകാത്ത കാര്യം മാത്രമാണ് പഠിച്ചെടുക്കുന്നത് എന്നതിനുള്ള തെളിവ് കൂടിയാണ് മേൽ വചനം. അല്ലാഹുവിങ്കൽ ഇക്കൂട്ടർക്ക് യാതൊരു സ്ഥാനമോ പദവിയോ ഉണ്ടായിരിക്കുന്നതല്ല. മാരണം പഠിച്ചവർക്ക് ഉണ്ടാകുന്ന ഇഹപര ലോകങ്ങളിലെ നഷ്ടത്തിൻ്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്ന വാക്കുകളാണതെല്ലാം. തങ്ങളുടെ ആത്മാക്കളെ ഏറ്റവും കുറഞ്ഞ വിലക്ക് അവർ വിറ്റു കളഞ്ഞിരിക്കുന്നു. അല്ലാഹു അവരെ ആക്ഷേപിച്ചു കൊണ്ട് പറയുന്നു:
﴿...وَلَبِئۡسَ مَا شَرَوۡاْ بِهِۦٓ أَنفُسَهُمۡۚ لَوۡ كَانُواْ يَعۡلَمُونَ﴾
"...അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!" (അൽ ബഖറ: 102) ഇവിടെ വാങ്ങുക എന്നർത്ഥമുള്ള ശിറാഅ് (شراء) എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത് എങ്കിലും ഉദ്ദേശ്യം കച്ചവടം എന്നതാണ്.
ബഹുദൈവാരാധകരിൽ നിന്ന് തലമുറയായി കൈമാറി വന്ന മാരണവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പം ഏറെ വലുതാണ്. ജനങ്ങളിൽ ബുദ്ധിശേഷി കുറഞ്ഞവരെ ഇതു കൊണ്ട് വഞ്ചിക്കാൻ എളുപ്പം സാധിക്കും. ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ. അല്ലാഹുവിൽ നാം ഭരമേൽപ്പിച്ചിരിക്കുന്നു; കാര്യങ്ങൾ ഭരമേൽപ്പിക്കാൻ അവൻ എത്ര നല്ലവനാണ്.
മാരണക്കാരുടെയും ജോത്സ്യന്മാരുടെയും എല്ലാ മന്ത്രവാദികളുടെയും ഉപദ്രവങ്ങളിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കാൻ അല്ലാഹുവിനോട് നാം തേടുന്നു. ഇക്കൂട്ടരുടെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു മുസ്ലിംകളെ കാത്തുരക്ഷിക്കട്ടെ! മുസ്ലിം ഭരണാധികാരികൾക്ക് ഇവരിൽ നിന്ന് താക്കീത് നൽകാനും അല്ലാഹുവിൻ്റെ വിധി അവരുടെ കാര്യത്തിൽ നടപ്പിലാക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഇത്തരക്കാരുടെ ഉപദ്രവങ്ങളിൽ നിന്നും മ്ലേഛ വൃത്തികളിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ അതല്ലാതെ വഴിയില്ല. അവൻ അതീവ ഉദാരനും അങ്ങേയറ്റം നന്മകൾ ചെയ്യുന്നവനുമാണ്.
സിഹ്ർ ബാധിക്കുന്നതിന് മുൻപ് അതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനുള്ള വഴിയും, സിഹ്ർ ബാധിച്ചവർക്ക് അതിൻ്റെ പ്രയാസം നീക്കാനുള്ള ചികിത്സാ വിധികളും അല്ലാഹു വിവരിച്ചു തന്നിട്ടുണ്ട്. തൻ്റെ അടിമകളോടുള്ള അവൻ്റെ കാരുണ്യവും നന്മയും, അവർക്ക് തൻ്റെ അനുഗ്രഹം അവൻ പൂർത്തീകരിച്ചു നൽകിയ വഴിയുമാണത്.
സിഹ്റിൻ്റെ ഉപദ്രവം തടുക്കാൻ സഹായകമാകുന്ന കാര്യങ്ങളും, സിഹ്ർ ബാധിച്ചാൽ അത് ഒഴിവാക്കാൻ സഹായകമായ കാര്യങ്ങളും താഴെ വിവരിക്കാം.
ഒന്നാമതായി: സിഹ്റിൻ്റെ അപകടം സംഭവിക്കുന്നതിന് മുൻപ് അത് തടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്; അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനകരവുമായത് ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും മന്ത്രങ്ങളും സ്ഥിരമായി ചൊല്ലിക്കൊണ്ട് സുരക്ഷ തേടുക എന്നതാണ്. എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷമുള്ള ദിക്റുകൾ ചൊല്ലുക. വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തായ വചനമായ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക എന്നത് അതിൽ പെട്ടതാണ്. പ്രസ്തുത ആയത്ത് ഇപ്രകാരമാണ്:
﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ255﴾
"അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ." (ബഖറ: 255) ഉറക്കത്തിന് മുൻപ് ഈ ആയത്ത് പാരായണം ചെയ്യുക എന്നതും അതിൽ പെട്ടതാണ്. നബി ﷺ പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:
«مَنْ قَرَأَ آيَةَ الْكُرْسِيِّ فِي لَيْلَةٍ لَمْ يَزَلْ عَلَيْهِ مِنَ اللَّهِ حَافِظٌ وَلَا يَقْرَبُهُ شَيْطَانٌ حَتَّى يُصْبِحَ».
"ആരെങ്കിലും രാത്രിയിൽ ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ നേരം പുലരുന്നത് വരെ അല്ലാഹുവിൽ നിന്നുള്ള ഒരു സംരക്ഷകൻ അവൻ്റെ മേൽ ഉണ്ടായിരിക്കും; ഒരു പിശാചും അവനെ സമീപിക്കുകയുമില്ല."
അതിൽ പെട്ടതാണ്:
﴿قُلۡ هُوَ ٱللَّهُ أَحَدٌ1﴾
ഖുൽ ഹുവല്ലാഹു അഹദ്
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾
ഖുൽ അഊദു ബി റബ്ബിൽ ഫലഖ്
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾
ഖുൽ അഊദു ബി റബ്ബിന്നാസ് അഥവാ, സൂറത്തുന്നാസും പാരായണം ചെയ്യുക എന്നത്. എന്നിവ എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷവും പാരായണം ചെയ്യുക എന്നത്. സുബ്ഹി നിസ്കാരത്തിന് ശേഷം പ്രഭാതത്തിൻ്റെ ആരംഭത്തിലും, മഗ്‌രിബ് നിസ്കാരത്തിന് ശേഷം രാത്രിയുടെ ആരംഭത്തിലും മൂന്ന് തവണ വീതവും ഈ സൂറത്തുകൾ പാരായണം ചെയ്യുക.
രാത്രിയുടെ ആരംഭത്തിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്യുക എന്നതും അതിൽ പെട്ടത് തന്നെ. ഖുർആനിലെ ആ രണ്ട് ആയത്തുകൾ ഇപ്രകാരമാണ്:
﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ285﴾
"തന്‍റെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) വിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ കിതാബുകളിലും, അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളിൽ ആര്‍ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." ഈ ആയത്തിന് ശേഷം സൂറത്തുൽ ബഖറ അവസാനിക്കുന്നത് വരെ പാരായണം ചെയ്യുക.
നബി ﷺ പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:
«مَنْ قَرَأَ الآيَتَيْنِ مِنْ آخِرِ سُورَةِ البَقَرَةِ فِي لَيْلَةٍ كَفَتَاهُ».
"ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്." "അവന് അവ മതിയാകുന്നതാണ്" എന്നതിൻ്റെ അർത്ഥം എല്ലാ ഉപദ്രവങ്ങളിൽ നിന്നും അവനത് മതിയാകും എന്നാണ്; അല്ലാഹുവിനാണ് കൂടുതൽ അറിയുക. രാത്രിയും പകലും അധികരിപ്പിക്കേണ്ട മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്: "(സാരം) അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ച സർവ്വതിൻ്റെയും ഉപദ്രവങ്ങളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു." ഏതെങ്കിലും ഭവനത്തിലോ വിജനപ്രദേശത്തോ സമുദ്രത്തിലോ വിമാനത്തിലോ എവിടെയിറങ്ങിയാലും ഈ പ്രാർത്ഥന അധികരിപ്പിക്കാം. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:
«مَن نَزَلَ مَنْزِلًا فَقالَ: أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِن شَرِّ ما خَلَقَ لَمْ يَضُرَّهُ شَيءٌ حتَّى يَرْتَحِلَ مِن مَنْزِلِهِ ذَلِكَ».
"ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങുകയും (അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ മുഖേന, അവൻ സൃഷ്ടിച്ചവയുടെ തിന്മയിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്ന് പറയുകയും ചെയ്താൽ, ആ സ്ഥലത്ത് നിന്ന് അവൻ യാത്രയാകുന്നത് വരെ യാതൊന്നും അവനെ ഉപദ്രവിക്കുകയില്ല."
രാത്രിയും പകലും മൂന്നു തവണ ചൊല്ലേണ്ട മറ്റൊരു ദിക്ർ ഇപ്രകാരമാണ്:
«بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ العَلِيمُ».
"അല്ലാഹുവിൻ്റെ നാമത്തിൽ (ഞാൻ രക്ഷതേടുന്നു). ഭൂമിയിലോ ആകാശത്തിലോ ഉള്ള യാതൊന്നും തന്നെ അവൻ്റെ നാമത്തോടൊപ്പം ഉപദ്രവിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു."
എല്ലാ ഉപദ്രവങ്ങളിൽ നിന്നും രക്ഷ നൽകുന്ന പ്രാർത്ഥനയാണിത് എന്നാണ് നബി -ﷺ- ഈ ദിക്ർ ചൊല്ലാൻ പ്രേരിപ്പിച്ചു കൊണ്ട് നമ്മെ ഉണർത്തിയത്.
രണ്ടാമത്തേത്: സിഹ്ർ ബാധിച്ചാൽ അതിന് ശമനം നൽകാൻ വേണ്ട കാര്യങ്ങളാണ്. അവ താഴെ പറയും പ്രകാരമാണ്:
ഒന്നാമത്: അല്ലാഹുവിനോട് ധാരാളമായി പ്രാർത്ഥിക്കുകയും, ദുരിതം നീക്കുകയും, കഷ്ടതകൾ ഇല്ലാതാക്കുകയും ചെയ്യാൻ അവനോട് അപേക്ഷിക്കുകയും ചെയ്യുക.
രണ്ടാമത്തേത്: സിഹ്ർ ചെയ്ത വസ്തു വെച്ച സ്ഥലം ഏതാണെന്ന് തിരിച്ചറിയാൻ പരമാവധി ശ്രമിക്കലാണ്; അത് മനസ്സിലാക്കിയാൽ സിഹ്ർ പുറത്തെടുക്കുകയും അത് നശിപ്പിച്ചു കളയുകയും ചെയ്താൽ അതോടെ സിഹ്ർ നിഷ്ഫലമാകും. സിഹ്റിൻ്റെ ചികിത്സയിൽ ഏറ്റവും പ്രയോജനകരമായ രീതിയാണിത്.
മൂന്നാമത്തേത്: ദീനിൽ സ്ഥിരപ്പെട്ട ശരിയായ ദിക്റുകളും പ്രാർത്ഥനകളും ഉപയോഗിച്ച് മന്ത്രിക്കൽ. അവ ധാരാളമുണ്ട്; ചിലത് താഴെ നൽകാം:
നബി -ﷺ- പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു:
«اللَّهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا».
"അല്ലാഹുവേ, ജനങ്ങളുടെ റബ്ബേ, നീ പ്രയാസം നീക്കേണമേ. രോഗത്തിന് ശമനം നൽകുകയും ചെയ്യേണമേ. നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ല. ഒരു പ്രയാസവും ബാക്കിയാക്കാത്ത ശമനം നൽകേണമേ." ഈ പ്രാർത്ഥന മൂന്ന് തവണ ചൊല്ലുക.
ജിബ്രീൽ -عَلَيْهِ السَّلَامُ- നബിയെ -ﷺ- മന്ത്രിച്ചപ്പോൾ ചൊല്ലിയ പ്രാർത്ഥനയും ഈ പറഞ്ഞതിൽ ഉൾപ്പെടും. അദ്ദേഹം പറഞ്ഞു:
«بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِسْمِ اللَّهِ أَرْقِيكَ».
"അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ ഉപദ്രവിക്കുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിൻ്റെയും ദോഷത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും.അല്ലാഹു താങ്കളെ സുഖപ്പെടുത്തട്ടെ. അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു." ഈ പ്രാർത്ഥയും മൂന്നു തവണ ആവർത്തിക്കട്ടെ.
ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് തടയപ്പെടുന്ന വിധത്തിൽ സിഹ്ർ ബാധിച്ച പുരുഷന് ഉപയോഗപ്പെടുത്താവുന്ന ചികിത്സയാണ് ഇനി പറയുന്നത്. പച്ചപ്പുള്ള സിദ്റിൻ്റെ ഏഴ് ഇലകൾ എടുക്കുകയും, അവ കല്ലു കൊണ്ടോ മറ്റോ ചതച്ചതിന് ശേഷം ഒരു പാത്രത്തിൽ വെക്കുകയും, അതിന് മേൽ അവന് കുളിക്കാൻ ആവശ്യമായത്ര വെള്ളം ഒഴിക്കുകയും, ആ വെള്ളത്തിൽ താഴെ പറയുന്നവ പാരായണം നടത്തുകയും ചെയ്യുക.
ആയത്തുൽ കുർസിയ്യും
﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ1﴾
ഖുൽ യാ അയ്യുഹൽ കാഫിറൂൻ അഥവാ സൂറത്തുൽ കാഫിറൂനും.
﴿قُلۡ هُوَ ٱللَّهُ أَحَدٌ1﴾
ഖുൽ ഹുവല്ലാഹു അഹദ് അഥവാ സൂറത്തുൽ ഇഖ്‌ലാസ്.
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ1﴾
ഖുൽ അഊദു ബി റബ്ബിൽ ഫലഖ് അഥവാ സൂറത്തുൽ ഫലഖ്.
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ1﴾
ഖുൽ അഊദു ബി റബ്ബിന്നാസ് അഥവാ സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്യുക.
സൂറത്തുൽ അഅ്റാഫിലെ സിഹ്റുമായി ബന്ധപ്പെട്ട വചനങ്ങൾ എന്നിവ പാരായണം ചെയ്യുക. സൂറത്തുൽ അഅ്റാഫിലെ ആയത്തുകൾ താഴെ പറയുന്നതാണ്:
﴿وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ117 فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ118 فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ119﴾
"മൂസാക്ക് നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്. അപ്പോള്‍ അത് അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ അതാ വിഴുങ്ങുന്നു.
അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.
അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു." (അഅ്റാഫ്: 117-119)
സൂറത്തുൽ യൂനുസിലുള്ള ആയത്തുകളും അതോടൊപ്പം പാരായണം ചെയ്യുക. ഇവയാണ് ആ വചനങ്ങൾ:
﴿وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ79 فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ80 فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ81 وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ82﴾
"ഫിര്‍ഔന്‍ പറഞ്ഞു: എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ട് വരൂ.
അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളതല്ലാം ഇട്ടേക്കൂ.
അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച.
സത്യത്തെ അവന്‍റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതാണ്. കുറ്റവാളികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി." (യൂനുസ്: 79-82)
സൂറത്തു ത്വാഹായിലെ ഈ വചനങ്ങളും അതോടൊപ്പം പാരായണം ചെയ്യുക:
﴿قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ65 قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ66 فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ67 قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ68 وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ69﴾
"അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ടു കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.
അപ്പോള്‍ മൂസായ്ക്ക് തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.
നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ് കൂടുതല്‍ ഔന്നിത്യം നേടുന്നവന്‍.
നിന്‍റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല." (ത്വാഹാ: 65-69)
ഈ പറഞ്ഞ ദിക്റുകൾ ചൊല്ലിയ ശേഷം വെള്ളത്തിൽ ഊതുകയും, അതിൽ നിന്ന് മൂന്നു കോരൽ കുടിക്കുകയും ബാക്കിയുള്ള വെള്ളം കൊണ്ട് കുളിക്കുകയും ചെയ്താൽ രോഗം -അല്ലാഹുവിൻ്റെ അനുമതിയോടെ- നീങ്ങുന്നതാണ്. ഒന്നിലധികം തവണ ഈ ചികിത്സ സ്വീകരിക്കണം എന്ന് ഒരാൾക്ക് തോന്നുകയാണെങ്കിൽ -രോഗം നീങ്ങുന്നത് വരെ- അപ്രകാരം ചെയ്യുന്നതിൽ തെറ്റില്ല.
ഈ ദിക്റുകളും മന്ത്രങ്ങളും മാർഗ്ഗങ്ങളും സിഹ്റിൻ്റെയും മറ്റും ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ്. സിഹ്ർ സംഭവിച്ചാൽ അതിനെ നീക്കാൻ ഏറ്റവും ശക്തമായ ആയുധം കൂടിയാണ്. എന്നാൽ ഈ ദിക്റുകൾ സ്ഥിരമാക്കുകയും, ഉറച്ച വിശ്വാസത്തോടെയും അല്ലാഹുവിലുള്ള ദൃഢബോധ്യത്തോടെയും അവൻ്റെ മേൽ ഭരമേൽപ്പിച്ചു കൊണ്ടും അതിൻ്റെ ആശയം ഹൃദയവിശാലതയോടെ ഉൾക്കൊണ്ടു കൊണ്ടുമാകാൻ പ്രത്യേകം ശ്രദ്ധിക്കണം.
സിഹ്ർ ചികിത്സിക്കാനും അതിൽ നിന്ന് പ്രതിരോധം സ്വീകരിക്കാനും സഹായകമായ ചില വഴികളാണ് ഇത്രയും പറഞ്ഞത്. അല്ലാഹുവാണ് എല്ലാ നന്മകളിലേക്കും വഴി കാണിക്കുന്നവൻ.
ഇവിടെ പ്രധാനപ്പെട്ട മറ്റൊരു വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്; സിഹ്റിനുള്ള പരിഹാരമായി മാരണക്കാർ പറയുന്ന ചില വഴികളെ ശ്രദ്ധിക്കുക എന്നതാണത്; ഉദാഹരണത്തിന് ജിന്നിന് വേണ്ടി ബലിയർപ്പിക്കുകയോ മറ്റെന്തെങ്കിലും പ്രവർത്തികൾ ചെയ്യുകയോ വേണമെന്ന് അവർ പറഞ്ഞേക്കാം. ഇതൊന്നും അനുവദനീയമല്ല. കാരണം ഇതെല്ലാം പൈശാചികമായ പ്രവർത്തികളിലാണ് പെടുക. അല്ല! ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർകിലാണ് ഇത്തരം പ്രവർത്തനങ്ങൾ എണ്ണപ്പെടുക. മാരണക്കാരോടോ മന്ത്രവാദികളോടോ മാരണത്തിൻ്റെ ചികിത്സയെ കുറിച്ച് ചോദിച്ചറിയുക എന്നത് തന്നെ അനുവദനീയമല്ല. അവർ പറയുന്ന ഒരു പ്രവൃത്തിയും ചെയ്യരുത്; കാരണം ഇത്തരക്കാരെ വിശ്വസിക്കാൻ കഴിയില്ല. തങ്ങൾക്ക് മറഞ്ഞ കാര്യങ്ങൾ അറിയാം എന്ന് വാദിക്കുകയും, ജനങ്ങളെ ആശയക്കുഴപ്പങ്ങളിൽ വീഴ്ത്തുകയും ചെയ്യുകയാണ് ഇവരുടെ പ്രധാന തൊഴിൽ. അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഇത്തരക്കാരുടെ അടുത്ത് പോവുകയോ അവരോട് ചോദിക്കുകയോ അവർ പറയുന്നത് വിശ്വസിക്കുകയോ ചെയ്യുന്നത് ശക്തമായി വിലക്കിയിട്ടുണ്ട്. ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ അക്കാര്യം നാം വിവരിച്ചിട്ടുണ്ട്. അതിൽ നിന്ന് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്, 'നുശ്റയെ' കുറിച്ച് നബിയോട് ﷺ ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു:
«هِيَ مِنْ عَمَلِ الشَّيْطَانِ».
"അത് പിശാചിൻ്റെ പ്രവൃത്തികളിൽപ്പെട്ടതാണ്." (അഹ്മദ്, അബൂദാവൂദ്)
മാരണം ബാധിച്ച വ്യക്തിയിൽ നിന്ന് അത് നീക്കം ചെയ്യുന്ന പ്രവൃത്തിക്കാണ് നുശ്റഃ എന്ന് പറയുക. ജാഹിലിയ്യഃ കാലഘട്ടത്തിൽ ജനങ്ങൾ ചെയ്തു വരാറുണ്ടായിരുന്ന ചികിത്സാ രീതികളെയാണ് നബി -ﷺ- നുശ്റഃ എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. മാരണം നീക്കം ചെയ്യാൻ മാരണക്കാരനോട് തന്നെ വഴി ചോദിക്കുകയോ, തനിക്കെതിരെ ചെയ്യപ്പെട്ട മാരണത്തിന് തുല്യമായ മാരണത്തിലൂടെ അതിനെ തടുക്കാൻ ശ്രമിക്കുകയോ ചെയ്യുക എന്നതായിരുന്നു ജാഹിലിയ്യത്തിലെ രീതി.
എന്നാൽ ദീനിൽ അനുവദിക്കപ്പെട്ട, ഇസ്‌ലാമികമായ മന്ത്രങ്ങളിലൂടെയും 'തഅവ്വുദാത്തു'കളിലൂടെയും (ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടുള്ള പ്രാർത്ഥനകൾ) സിഹ്ർ (മാരണം) നിഷ്ഫലമാക്കുന്നത് അനുവദനീയമാണ്. മുൻപ് വിവരിച്ചത് പോലെ, അതിൽ യാതൊരു തെറ്റുമില്ല. ഇക്കാര്യം ഇബ്നുൽ ഖയ്യിം, ശൈഖ് അബ്ദുൽ റഹ്മാൻ ബ്നു ഹസൻ (ഫത്ഹുൽ മജീദ്) തുടങ്ങിയവർ ഖണ്ഡിതമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവരല്ലാത്ത പണ്ഡിതന്മാരും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
അല്ലാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും മുസ്ലിംകളെ കാത്തുരക്ഷിക്കട്ടെ. അവരുടെ ദീനിനെ കൈവിടാതിരിക്കാൻ അവർക്ക് സംരക്ഷണം നൽകുകയും, മതവിഷയങ്ങളിൽ അവർക്ക് അവഗാഹം നൽകുകയും ചെയ്യട്ടെ. അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമാകുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവരെ അവൻ കാത്തുരക്ഷിക്കട്ടെ.
***
ml397v4.0 - 16/02/2026
ഹിജ്റ വർഷം 1402 ൽ സഊദി മതകാര്യ വകുപ്പ് പുറത്തിറക്കിയ 17-ാം ലക്കം രേഖയിൽ ഈ വസിയ്യത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.