PHPWord

 

 

التَّحْذِيرُ مِنَ البِدَعِ

 

 

ബിദ്അത്തുകളിൽ നിന്ന് മുന്നറിയിപ്പ്

 

 

 

لِسَمَاحَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ

رَحِمَهُ اللهُ

 

ഗ്രന്ഥകർത്താവ് ശൈഖ്

അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം അഞ്ച്:

നബിദിനവും ജന്മദിനാഘോഷവും; ഇസ്‌ലാമിക വിധി

നബിയുടെ ﷺ  ജന്മദിനം ആഘോഷിക്കുക, അതിൻ്റെ പരിപാടികൾ സംഘടിപ്പിക്കുക, അവിടുത്തേക്ക് അന്നേ ദിവസം പ്രത്യേകം സലാം അറിയിക്കുക തുടങ്ങി നബിദിനത്തിൽ നടത്തപ്പെടാറുള്ള ചടങ്ങുകളെ കുറിച്ച് ധാരാളം പേർ ആവർത്തിച്ചു ചോദിച്ചിട്ടുണ്ട്.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ: നബിയുടെയോ ﷺ  മറ്റാരുടെയെങ്കിലുമോ ജന്മദിനം ആഘോഷിക്കുക എന്നത് അനുവദനീയമല്ല. കാരണം ദീനിൽ പിൽക്കാലഘട്ടത്തിൽ പുതുതായി കടത്തിക്കൂട്ടപ്പെട്ട ബിദ്അത്തുകളിൽ പെട്ട കാര്യമാണത്. നബി ﷺ നബിദിനം ആഘോഷിച്ചിട്ടില്ല; അവിടുത്തേക്ക് ശേഷം വന്ന നാല് ഖലീഫമാരും, അവരല്ലാത്ത അവിടുത്തെ സ്വഹാബികളിൽ പെട്ട ഒരാളും അത് ആഘോഷിച്ചിട്ടില്ല. സ്വഹാബികൾക്ക് ശേഷം വന്ന താബിഈങ്ങളോ, ആദ്യത്തെ മൂന്ന് തലമുറകളിൽ പെട്ട ഉത്തമനൂറ്റാണ്ടുകളിലെ ആരെങ്കിലുമോ അത് ആഘോഷിച്ചിട്ടില്ല. ഈ പറഞ്ഞവരെല്ലാം നബിയുടെ ﷺ  സുന്നത്തിനെ കുറിച്ച് ഏറ്റവും അറിവുള്ളവരും, അല്ലാഹുവിൻ്റെ റസൂലിനോട് ﷺ  ഏറ്റവും പൂർണ്ണമായ സ്നേഹമുള്ളവരും, അവിടുത്തെ ദീനിൻ്റെ വിധിവിലക്കുകൾ ശക്തമായി പിൻപറ്റിയവരുമായിരുന്നു. ഖുർആനിൽ അല്ലാഹു പറഞ്ഞു:

﴿...وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْ...﴾

"...നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്യുക..."

(ഹശ്ർ: 7) അല്ലാഹു പറയുന്നു:

﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ﴾

"...ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ." (നൂർ: 63) അല്ലാഹു തന്നെ പറയുന്നു:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا21﴾

"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌." (അഹ്സാബ്: 21) അല്ലാഹു പറയുന്നു:

﴿وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ100﴾

"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം." (തൗബ: 100) അല്ലാഹു പറയുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നൽകുകയും ചെയ്തിരിക്കുന്നു..." (മാഇദഃ: 3) ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്. നബി -ﷺ- പറഞ്ഞതായി ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنهُ فَهُوَ رَدٌّ».

"നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്." അതായത്, പുതുതായി നിർമ്മിക്കപ്പെട്ട ആ പ്രവർത്തി അവനിൽ നിന്ന് തള്ളപ്പെടുന്നതാണ് (സ്വീകരിക്കപ്പെടുന്നതല്ല എന്നർത്ഥം). മറ്റൊരു ഹദീഥിൽ റസൂൽ ( -ﷺ- ) പറഞ്ഞു

«عَلَيكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيَّينَ مِنْ بَعدِي تَمَسَّكُوا بِهَا وَعَضُّوا عَلَيهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالةٌ».

"നിങ്ങൾ എൻ്റെ ചര്യയെയും, എനിക്ക് ശേഷം നേർമാർഗത്തിൽ ചരിക്കുന്ന സന്മാർഗചിത്തരായ ഖലീഫമാരുടെ(സ്വഹാബികളുടെ) ചര്യയെയും മുറുകെ പിടിക്കുക. അതിനെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുക. പുത്തനാചാരങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളാകുന്നു, എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു." ഈ രണ്ട് ഹദീഥുകളിലും ബിദ്അത്തുകൾ നിർമ്മിക്കുകയും പുത്തനാചാരങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള ശക്തമായ താക്കീത് ഉണ്ട്.

അല്ലാഹുവിൻ്റെ ദീൻ പൂർണ്ണമായിട്ടില്ലെന്ന് ജനങ്ങൾ ധരിക്കാൻ കാരണമാകുമെന്നത് ഇത്തരം ജന്മദിനാഘോഷങ്ങൾ പുതുതായി നിർമ്മിച്ചുണ്ടാക്കുന്നതിൻ്റെ അപകടത്തിൽ പെട്ടതാണ്. തൻ്റെ ഉമ്മത്തിന് പ്രവർത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ നബി ﷺ വേണ്ടവിധത്തിൽ അറിയിച്ചു കൊടുത്തില്ല എന്നും, ശേഷം അല്ലാഹുവിലേക്ക് അടുപ്പിക്കാൻ ആവശ്യമായ ഇത്തരം പ്രവൃത്തികൾ നിർമ്മിക്കാനും ജനങ്ങളെ അറിയിക്കാനും പിൽക്കാലഘട്ടത്തിൽ ചിലർ വരേണ്ടി വന്നു എന്നുമുള്ള ദുസ്സൂചന അതിലുണ്ട്. ഈ ചിന്ത ഉടലെടുക്കുക എന്നത് അതീവ അപകടകരമായ കാര്യമാണെന്ന് പറയേണ്ടതില്ല. അല്ലാഹുവിനും അവൻ്റെ റസൂലിനും ﷺ എതിര് പ്രവർത്തിക്കുകയാണ് ഒരാൾ ഇതിലൂടെ ചെയ്യുന്നത്. അല്ലാഹു അവൻ്റെ ദാസന്മാർക്ക് വേണ്ടി ദീൻ പൂർത്തീകരിച്ചിരിക്കുന്നു എന്നും, തൻ്റെ അനുഗ്രഹം അവർക്ക് പൂർണ്ണമാക്കി നൽകിയിരിക്കുന്നു എന്നും, നബി ﷺ അക്കാര്യം ഏറ്റവും വ്യക്തമായ വിധത്തിൽ എത്തിച്ചു നൽകിയിരിക്കുന്നു എന്നും, സ്വർഗത്തിലേക്കുള്ള ഒരു വഴിയും നരകത്തിലേക്കുള്ള ഒരു പാതയും അവിടുന്ന് വ്യക്തമാക്കാതെ വിട്ടിട്ടില്ല എന്നതുമൊക്കെ സ്ഥിരപ്പെട്ടിരിക്കെ. അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:

«مَا بَعَثَ اللَّهُ مِن نَبِيٍ إِلَّا كَانَ حَقًّا عَلَيهِ أَن يَدُلَّ أُمَّتَهُ عَلَى خَيرِ مَا يَعْلَمُهُ لَهُم وَيُنْذِرَهُمْ شَرَّ مَا يَعْلَمُهُ لَهُمْ».

"അല്ലാഹു നിയോഗിച്ച ഏതൊരു നബിയുടെ മേലും അദ്ദേഹം അറിയുന്ന എല്ലാ നന്മകളും തൻ്റെ ജനതയെ അറിയിക്കുക എന്നതും, അദ്ദേഹം അറിയുന്ന എല്ലാ തിന്മകളിൽ നിന്നും അവരെ താക്കീത് ചെയ്യുക എന്നതും ബാധ്യതയായിട്ടില്ലാതെയില്ല." (മുസ്‌ലിം)

നബിമാരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അവരിൽ അന്തിമനുമാണ് നമ്മുടെ റസൂൽ ﷺ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഏറ്റവും സമ്പൂർണ്ണമായ വിധത്തിൽ ദീൻ എത്തിച്ചു നൽകുകയും, തൻ്റെ ജനതയോട് ഗുണകാംക്ഷ പുലർത്തുകയും ചെയ്തവരായിരുന്നു അവിടുന്ന്. നബിയുടെ ﷺ  ജന്മദിനം ആഘോഷിക്കുക എന്നത് അല്ലാഹുവിന് തൃപ്തികരമായ ഒരു കാര്യമായിരുന്നെങ്കിൽ അവിടുന്ന് തൻ്റെ ജനതക്ക് അത് വിവരിച്ചു നൽകാതിരിക്കുമായിരുന്നില്ല. തൻ്റെ ജീവിതത്തിൽ അത് അവിടുന്ന് പ്രവർത്തിച്ചു കാണിക്കുകയോ, അവിടുത്തെ സ്വഹാബികൾ അത് നിർവ്വഹിക്കുകയോ ചെയ്യുമായിരുന്നു. എന്നാൽ ഈ പറഞ്ഞതൊന്നും ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല എന്നത് നബിദിനം ഇസ്‌ലാമിൻ്റെ വഴിയിൽ പെട്ട ഒരു കാര്യമേയല്ല എന്നതിനുള്ള തെളിവാണ്. മറിച്ച്, -തൊട്ടുമുൻപ് നാം വായിച്ച ഹദീഥുകളിലൂടെ- നബി ﷺ തൻ്റെ ഉമ്മത്തിന് താക്കീത് നൽകിയ പുതുനിർമ്മിതികളിൽ പെട്ട കാര്യമാണത്. ഈ വിഷയത്തിൽ ഉൾപ്പെടുന്ന ആയത്തുകളും ഹദീഥുകളും അതിനുമാത്രം ധാരാളമുണ്ട്.

നബിദിനാഘോഷത്തെ എതിർക്കുകയും അതിൽ നിന്ന് വ്യക്തമായി താക്കീത് നൽകുകയും ചെയ്ത പണ്ഡിതന്മാരുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്. മേലെ നാം നൽകിയ തെളിവുകളാണ് അതിന് അവർ അവലംബമാക്കിയത്. എന്നാൽ, പിൽക്കാലഘട്ടത്തിലുള്ള ചിലർ നബിദിനാഘോഷം മറ്റു തിന്മകളൊന്നും കലർന്നതല്ലെങ്കിൽ അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നബിയുടെ ﷺ  കാര്യത്തിൽ അതിരുകവിയലും, സ്ത്രീ പുരുഷന്മാരുടെ കൂടിക്കലരലും, സംഗീതോപകരണങ്ങളുടെ ഉപയോഗവും പോലുള്ള തിന്മകൾ ഇല്ലായെങ്കിൽ അത് നല്ല ബിദ്അത്തുകളിലാണ് ഉൾപ്പെടുക എന്നാണ് അവർ അഭിപ്രായപ്പെട്ടത്.

എന്നാൽ ഇസ്‌ലാമിലെ അടിസ്ഥാന നിയമം ഈ സന്ദർഭത്തിൽ നാം ഓർക്കേണ്ടതായുണ്ട്; ജനങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്ന ഏതൊരു വിഷയവും അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആനിലേക്കും നബിയുടെ ﷺ  ചര്യയായ ഹദീഥുകളിലേക്കുമാണ് മടക്കേണ്ടത് എന്നതാണ് ആ അടിത്തറ. അല്ലാഹു പറഞ്ഞതു പോലെ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59﴾

"ഈമാനുള്ളവരെ,നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) റസൂലിനേയും. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും." (നിസാഅ്: 59) അല്ലാഹു പറയുന്നു:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ ...﴾

"നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു..." (ശൂറാ: 10)

നബിദിനാഘോഷത്തിൻ്റെ വിഷയവും ഇതു പോലെ ഖുർആനിലേക്ക് നമുക്ക് മടക്കാം. ഖുർആൻ നമ്മോട് കൽപ്പിക്കുന്നത് നബി ﷺ കൊണ്ടുവന്നതെല്ലാം സ്വീകരിച്ചു കൊണ്ട് അവിടുത്തെ പിൻപറ്റാനും, അവിടുന്ന് വിലക്കിയതെല്ലാം കരുതിയിരിക്കാനുമാണ്. ഈ ഉമ്മത്തിന് അവരുടെ ദീൻ അല്ലാഹു പൂർത്തീകരിച്ചു നൽകിയതായാണ് ഖുർആൻ നമ്മെ അറിയിക്കുന്നത്. ഈ പറയപ്പെട്ട ആഘോഷം അല്ലാഹു നമുക്ക് പൂർത്തീകരിച്ചു നൽകിയ ദീനിലോ, നബിയെ ﷺ  പിൻപറ്റാനായി നിർദേശിക്കപ്പെട്ട കാര്യങ്ങളിലോ നമുക്ക് കണ്ടെത്താൻ കഴിയുന്നുമില്ല.

ഇനി നബിയുടെ ﷺ  സുന്നത്തിലേക്ക് ഇക്കാര്യം നമുക്ക് മടക്കാം; നബി ﷺ ഒരിക്കലെങ്കിലും നബിദിനം ആഘോഷിച്ചതായി നാം കാണുന്നില്ല. അവിടുന്ന് ഒരിക്കലെങ്കിലും അത് കൽപ്പിക്കുകയും ചെയ്തിട്ടില്ല. അവിടുത്തെ സ്വഹാബികളിൽ ഒരാൾ പോലും അത് പ്രവൃത്തിയിൽ കൊണ്ടുവരികയുമുണ്ടായിട്ടില്ല. അതിനാൽ, ഈ ആഘോഷം ദീനിൽ പെട്ടതല്ല എന്നും, പിൽക്കാലത്ത് നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തുകളിൽ പെട്ടതാണെന്നുമാണ് നമുക്ക് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. അതോടൊപ്പം, യഹൂദരുടെയും നസ്വാറാക്കളുടെയും വഴിയോട് സദൃശ്യമാവുക എന്ന തിന്മയും അതിലുണ്ട്.

സത്യം തിരിച്ചറിയാനുള്ള ആഗ്രഹവും, അത് അന്വേഷിച്ചു കണ്ടെത്തുന്നതിലുള്ള അർഹമായ പരിശ്രമവും, ലളിതസാധാരണമായ ഉൾക്കാഴ്ച്ചയുമുള്ള ഏതൊരാൾക്കും ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്‌ലാം ദീനിൻ്റെ ഭാഗമല്ല നബിദിനാഘോഷം എന്ന് മനസ്സിലാകേണ്ടതാണ്. മറിച്ച്, പിൽക്കാലത്ത് നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തുകളുടെ കൂട്ടത്തിലും, അല്ലാഹുവും അവൻ്റെ റസൂലും ﷺ ഉപേക്ഷിക്കാനും അകറ്റി നിറുത്താനും കൽപ്പിച്ച പുത്തനാചാരങ്ങളിലുമാണ് അതിൻ്റെ സ്ഥാനം എന്ന് അവർക്ക് ബോധ്യമാകുന്നതാണ്. 'എല്ലാ നാടുകളിലും ധാരാളം പേർ നബിദിനം ആഘോഷിക്കുന്നുണ്ടല്ലോ' എന്നത് പോലുള്ള അർത്ഥശൂന്യമായ ന്യായങ്ങൾ ബുദ്ധിയുള്ള ഒരാൾക്ക് പിൻപറ്റാൻ അനുയോജ്യമല്ല എന്നും ഓർക്കുക. കാരണം സത്യമാർഗം തിരിച്ചറിയാനുള്ള മാനദണ്ഡം ചെയ്യുന്നവരുടെ എണ്ണത്തിലെ ആധിക്യമല്ല. സത്യവും ശരിയും തിരിച്ചറിയേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങൾ കൊണ്ടും തെളിവുകളാലുമാണ്. യഹൂദ നസ്വാറാക്കളെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:

﴿وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ111﴾

"(ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ നസ്വാറാക്കളോ ആകാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; 'നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ' എന്ന്‌." (ബഖറ: 111) അല്ലാഹു പറയുന്നു:

﴿وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ...﴾

"ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌..." (അൻആം: 116)

ഇതിനെല്ലാം പുറമെ, ഇന്ന് നടക്കുന്ന നബിദിനാഘോഷങ്ങൾ -അവ ബിദ്അത്തുകളാണെന്നതിനോടൊപ്പം- അനേകം തിന്മകൾ കൂടെ ഒരുമിപ്പിച്ചിരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുകയും, സംഗീതവും മ്യൂസിക്കും നിറഞ്ഞു നിൽക്കുന്ന പരിപാടികളും, ലഹരി ഉപയോഗവും മദ്യപാനവുമെല്ലാം അതിനോടൊപ്പം ഇന്ന് ചേർന്നു വന്നിരിക്കുന്നു. ഈ പറഞ്ഞതിനെക്കാളെല്ലാം വലിയ തിന്മ -ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർക്കും- ചിലപ്പോൾ നബിദിനത്തിൻ്റെ ഭാഗമായി സംഭവിക്കുന്നുണ്ട്. നബിയുടെയും ﷺ  ഔലിയാക്കളുടെയും കാര്യത്തിൽ അതിരുകവിയുകയും, അവരോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും, അവർക്ക് ഗയ്ബ് അറിയാമെന്ന വിശ്വാസവും, സമാനമായ മറ്റനേകം കുഫ്റൻ പ്രവർത്തനങ്ങളും നബിദിനത്തോടൊപ്പം ഇന്ന് കൂടികലർന്നിരിക്കുന്നു. നബിയുടെ ﷺ  ജന്മദിനം ആഘോഷിക്കുന്നു എന്ന പേരിലും, ഔലിയാക്കൾ എന്ന് അവർ പേരിട്ടു വിളിക്കുന്ന ചിലരുടെ ജന്മദിനങ്ങളിലും ഇത്തരം പ്രവർത്തനങ്ങളിൽ ധാരാളം ജനങ്ങൾ അകപ്പെടുന്നു എന്നതാണ് വാസ്തവം. നബി ﷺ പറഞ്ഞിരിക്കുന്നു:

«إِيَّاكُم وَالغُلُوُّ فِي الدِّينِ فَإِنَّمَا أَهْلَكَ مَن كَانَ قَبْلَكُم الغُلُوَّ فِي الدِّينِ».

"ദീനിൽ അതിര് കവിയുന്നത് നിങ്ങൾ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത് ദീനിലെ അതിരുകവിയൽ ആണ്." നബി -ﷺ- പറഞ്ഞു:

«لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ إِنَّمَا أَنَا عَبدٌ فَقُولُوا: عَبدُ اللَّهِ وَرَسُولُه».

"നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. തീർച്ചയായും ഞാൻ ഒരു അടിമ മാത്രമാണ്. അതുകൊണ്ട് നിങ്ങൾ 'അല്ലാഹുവിൻ്റെ അടിമയും അവൻ്റെ റസൂലും' എന്ന് (എന്നെപ്പറ്റി) പറഞ്ഞു കൊള്ളുക." (ബുഖാരി, ഇബ്നു ഉമറിൻ്റെ ഹദീഥിൽ നിന്ന്)

അത്ഭുതകരവും വിചിത്രവുമായ മറ്റൊരു കാര്യം എന്താണെന്നാൽ, ജനങ്ങളിൽ ധാരാളമാളുകൾ ഇത്തരം ബിദ്അത്തിൻ്റെ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുകയും പരിശ്രമിക്കുകയും ചെയ്യുമെങ്കിലും അല്ലാഹു നിർബന്ധമാക്കിയ ജുമുഅഃ ജമാഅത്തുകളിൽ നിന്ന് ഇതേയാളുകൾ പിന്തിനിൽക്കുകയും ചെയ്യും. അവരിൽ പലരും അതിന് യാതൊരു പരിഗണനയും നൽകില്ല. താൻ ഒരു ഗുരുതരമായ തിന്മ ചെയ്തു എന്ന ചിന്ത പോലും അവരിൽ ചിലർക്കുണ്ടാവുകയില്ല. ഈമാൻ ദുർബലമായതിൻ്റെയും, തിന്മകളുടെയും പാപങ്ങളുടെയും ആധിക്യം ഹൃദയത്തിന് മേൽ മറയിട്ടതിൻ്റെയും അടയാളമാണ് ഇതെല്ലാം എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും കാത്തുരക്ഷിക്കുമാറാകട്ടെ!

മൗലീദാഘോഷങ്ങളിലും നബിദിന പരിപാടികളിലും അല്ലാഹുവിൻ്റെ റസൂൽ ﷺ സന്നിഹിതരാകുന്നുണ്ട് എന്ന് ധരിച്ചു വെച്ചിരിക്കുന്ന ചിലരും പാമര ജനങ്ങൾക്കിടയിലുണ്ട്. ഈ ധാരണയാൽ ഇത്തരം പരിപാടികൾ സജീവമാക്കാനും അതിന് എല്ലാ സൗകര്യങ്ങളുമൊരുക്കാനും അവർ തയ്യാറാകുന്നു. എന്നാൽ തീർത്തും നിരർത്ഥകമായ വിശ്വാസവും, കടുത്ത അജ്ഞതയും മാത്രമാണ് ഇതെല്ലാം. അല്ലാഹുവിൻ്റെ റസൂൽ ﷺ അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് അവിടുത്തെ ഖബ്റിൽ നിന്ന് പുറത്തു വരുന്നതല്ല. അതിന് മുൻപ് അവിടുന്ന് ജനങ്ങളിൽ ആരെങ്കിലുമായും ബന്ധം സ്ഥാപിക്കുകയോ ജനങ്ങളുടെ സദസ്സുകളിൽ സന്നിഹിതരാവുകയോ ഇല്ല. തൻ്റെ ഖബ്റിൽ അന്ത്യനാൾ വരെ അവിടുന്ന് കഴിയുന്നതാണ്. അതു വരെ അവിടുത്തെ പരിശുദ്ധമായ ആത്മാവ് അല്ലാഹുവിങ്കലുള്ള ആദരവിൻ്റെ ഗേഹമായ 'ഇല്ലിയ്യീനി'ൻ്റെ ഉന്നതിയിൽ തുടരുന്നതാണ്. അല്ലാഹു പറഞ്ഞതു പോലെ:

﴿ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16﴾

"പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേൽപ്പിക്കപ്പെടുന്നതാണ്." (മുഅ്മിനൂൻ: 15-16)

നബി ﷺ പറഞ്ഞു:

«أَنَا أَوَّلُ مَنْ يَنْشَقُّ عَنْهُ القَبْرُ يَومَ القِيَامَةِ وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ».

"ഖിയാമത്ത് നാളിൽ ഖബ്റുകളിൽ നിന്ന്നിന്ന് ആദ്യം ഉയിർത്തെഴുന്നേൽക്കുന്നത് ഞാനായിരിക്കും; ആദ്യ ശുപാർശ ചെയ്യുന്നത് ഞാനായിരിക്കും. ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നത് എൻ്റേതായിരിക്കും." അല്ലാഹു അവിടുത്തെ മേൽ ഏറ്റവും ശ്രേഷ്ഠമായ സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ.

മുകളിൽ വായിച്ച രണ്ട് ആയത്തുകളും ഹദീഥും ഈ ആശയത്തിൽ വന്നിട്ടുള്ള മറ്റു ആയത്തുകളും ഹദീഥുകളുമെല്ലാം നബിയും ﷺ  അവിടുത്തേക്ക് പുറമെയുള്ള സർവ്വ സൃഷ്ടികളും മരണപ്പെടുന്നവരാണ് എന്ന് അറിയിക്കുന്നു. അന്ത്യനാളിൽ മാത്രമാണ് അവർ തങ്ങളുടെ ഖബ്റുകളിൽ നിന്ന് പുറത്തു വരുക. ഇക്കാര്യം യാതൊരു അഭിപ്രായവ്യത്യാസവുമില്ലാത്ത വിധത്തിൽ, മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണ്. അതിനാൽ വിവരദോഷികൾ നിർമ്മിച്ചുണ്ടാക്കിയ ഇതു പോലുള്ള ബിദ്അത്തുകളെയും പുത്തനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഓരോ മുസ്‌ലിമും ശ്രദ്ധയോടെ കരുതിയിരിക്കേണ്ടതുണ്ട്. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. അല്ലാഹുവിൽ അഭയം.

ഇനി നബിയുടെ ﷺ മേൽ സ്വലാത്തും സലാമും ചൊല്ലുന്നതിൻ്റെ വിഷയമാണ്; അത് മഹനീയമായ നന്മകളിൽ പെട്ടതാണെന്നതിലും സൽകർമ്മമാണെന്നതിലും സംശയമില്ല. അല്ലാഹു പറഞ്ഞതു പോലെ:

﴿إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا56﴾

"തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്കു മേൽ സ്വലാത്ത് നിർവഹിക്കുന്നു.ഈമാനുള്ളവരെ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ സ്വലാത്ത് നിർവഹിക്കുക.(അല്ലാഹുവിന്‍റെ കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.)" (അഹ്സാബ്: 56) നബി ﷺ പറഞ്ഞു:

«مَنْ صَلَّى عَلَيَّ وَاحِدَةً صَلَّى اللَّهُ عَلَيهِ بِهَا عَشْرًا».

"ആരെങ്കിലും എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്." നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നത് എല്ലാ സന്ദർഭത്തിലും പുണ്യകരമാണ്. എന്നാൽ എല്ലാ നിസ്കാരത്തിൻ്റെയും അവസാനത്തിൽ സ്വലാത്ത് ചൊല്ലുക എന്നതാകട്ടെ, കൂടുതൽ പ്രബലമായ സുന്നത്തുമാണ്. ചില പണ്ഡിതന്മാരുടെ വീക്ഷണപ്രകാരം എല്ലാ നിസ്കാരത്തിലും തശഹ്ഹുദിൻ്റെ സന്ദർഭത്തിൽ സ്വലാത്ത് ചൊല്ലുക എന്നത് നിർബന്ധമാണ്. നബി ﷺ യുടെ മേലുള്ള സ്വലാത്ത് ചൊല്ലുന്നത് പ്രത്യേകം ഊന്നിപ്പറയപ്പെട്ട സുന്നത്തായ സന്ദർഭങ്ങൾ വേറെയുമുണ്ട്; നിസ്കാരത്തിൻ്റെ അദാനിന് (ബാങ്ക്‌വിളി) ശേഷവും, നബി ﷺ യുടെ പേര് സ്മരിക്കപ്പെട്ടതിന് ശേഷവും, വെള്ളിയാഴ്ച്ച രാവും പകലുമെല്ലാം അതിൽ പെട്ട സമയങ്ങളാണ്. ഇവയെല്ലാം ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

അല്ലാഹു നമ്മെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും ദീനിൽ അവഗാഹം നേടുന്നവരാക്കുകയും, സുന്നത്ത് മുറുകെ പിടിക്കാഉം ബിദ്അത്തുകളിൽ നിന്ന് അകന്നു നിൽക്കാനും ഏവർക്കും തൗഫീഖ് നൽകുകയും ചെയ്യട്ടെ. അവൻ ഏറെ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം അ:

ഇസ്റാഅ് മിഅ്റാജ് രാവിലെ ആഘോഷത്തിൻ്റെ വിധി

അല്ലാഹുവിൻ്റെ റസൂലിൻ്റെ ﷺ നുബുവ്വത്തിൻ്റെ സത്യസന്ധതയും, അല്ലാഹുവിങ്കൽ അവിടുത്തേക്കുള്ള സ്ഥാനവും ബോധ്യപ്പെടുത്തുന്ന അതിമഹത്തായ തെളിവുകളിൽ പെട്ടതാണ് ഇസ്റാഉം മിഅ്റാജും എന്നതിൽ യാതൊരു സംശയവുമില്ല. അതോടൊപ്പം അല്ലാഹുവിൻ്റെ അതിവിശാലമായ ശക്തിയെയും സർവ്വ സൃഷ്ടികൾക്ക് മേലുമുള്ള അവൻ്റെ ഔന്നത്യത്തെയും അറിയിക്കുന്ന കാര്യങ്ങളിലൊന്നുമാണത്. അല്ലാഹു പറഞ്ഞു:

﴿سُبۡحَٰنَ ٱلَّذِيٓ أَسۡرَىٰ بِعَبۡدِهِۦ لَيۡلٗا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِي بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ1﴾

"തന്‍റെ അടിമയെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ." (ഇസ്റാഅ്: 1)

നബി ﷺ മിഅ്റാജ് (ആകാശയാത്ര) നടത്തിയിട്ടുണ്ട് എന്ന് അറിയിക്കുന്ന ഹദീഥുകൾ നിഷേധിക്കാൻ സാധിക്കാത്ത വിധം ഖണ്ഡിതമായി സ്ഥിരപ്പെട്ട കാര്യമാണ്. അവിടുത്തേക്കായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയും, അവിടുന്ന് ഏഴാം ആകാശം കടന്നു പോവുകയും, അല്ലാഹു അവൻ ഉദ്ദേശിച്ച കാര്യങ്ങൾ അവിടുത്തോട് സംസാരിക്കുകയും, അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർബന്ധമാക്കുകയും ചെയ്തു. ആദ്യം അല്ലാഹു അൻപത് നിസ്കാരങ്ങളാണ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ നമ്മുടെ നബി മുഹമ്മദ് ﷺ ഇളവ് ചോദിച്ചുകൊണ്ട് അല്ലാഹുവിനെ സമീപിച്ചുകൊണ്ടേയിരുന്നു; അങ്ങനെ അല്ലാഹു അത് അഞ്ചായി നിശ്ചയിച്ചു. അതിനാൽ അത് നിർബന്ധത്തിൽ അഞ്ചും, പ്രതിഫലത്തിൽ അമ്പതുമാണ്. കാരണം ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമുണ്ട്. എല്ലാ അനുഗ്രഹങ്ങൾക്കും അല്ലാഹുവിനാണ് സർവ്വസ്തുതിയും നന്ദിയും.

ഇസ്റാഉം മിഅ്റാജും സംഭവിച്ച രാത്രി എപ്പോഴാണെന്നോ അത് റജബിലോ മറ്റേതെങ്കിലും മാസത്തിലോ ആണെന്നോ പ്രത്യേകം വിവരിക്കുന്ന സ്വഹീഹായ ഹദീഥുകൾ യാതൊന്നും വന്നിട്ടില്ല. ഈ വിഷയത്തിൽ വന്നിട്ടുള്ള എല്ലാ ഹദീഥുകളും പണ്ഡിതന്മാർ ദുർബലമായി കാണുന്ന ഹദീഥുകൾ മാത്രമാണ്. ഏതു രാത്രിയിലാണ് ഇസ്റാഉം മിഅ്റാജും നടന്നത് എന്ന കാര്യം ജനങ്ങൾ മറന്നു പോയതിൽ അല്ലാഹുവിന് മഹത്തായ യുക്തിയുണ്ട് എന്നതിൽ സംശയമില്ല. ഇനി ആ രാത്രി ഏതാണെന്നത് കൃത്യമായി സ്ഥിരപ്പെട്ടു വന്നാൽ തന്നെയും അന്നേ ദിവസം എന്തെങ്കിലും ആരാധനകൾ പ്രത്യേകമായി നിർവ്വഹിക്കാനും മുസ്‌ലിംകൾക്ക് അനുവാദമില്ല. ഈ ദിവസം പ്രത്യേകം ആഘോഷമാക്കാനും അവർക്ക് പാടില്ല. കാരണം നബിയോ ﷺ  സ്വഹാബികളോ ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിയിൽ എന്തെങ്കിലും ആഘോഷങ്ങൾ നടത്തിയതായോ, അന്ന് എന്തെങ്കിലും ആരാധനകൾ പ്രത്യേകമായി നിർവ്വഹിച്ചതായോ ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടില്ല. ഇത് ആഘോഷിക്കുന്നത് ദീനിൽ അനുവദനീയമായ കാര്യമായിരുന്നുവെങ്കിൽ, നബി ﷺ അത് തൻ്റെ ഉമ്മത്തിന് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വിവരിച്ചു നൽകുമായിരുന്നു. അങ്ങനെയെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അത് അറിയപ്പെടുകയും പ്രശസ്തമാവുകയും, സ്വഹാബികൾ -رضي الله عنهم- അത് നമുക്ക് എത്തിച്ചു നൽകുകയും ചെയ്യുമായിരുന്നു. കാരണം, ഉമ്മത്തിന് ആവശ്യമായതെല്ലാം തങ്ങളുടെ നബിയിൽ ﷺ നിന്ന് അവർ നമുക്ക് പകർന്നു നൽകിയിട്ടുണ്ട്. ദീനിന്റെ കാര്യത്തിൽ യാതൊരു വീഴ്ചയും അവർ വരുത്തിയിട്ടില്ല; മറിച്ച്, എല്ലാ നന്മകളിലേക്കും മുന്നിട്ട് ചെന്നവരായിരുന്നു അവർ. അതിനാൽ ഈ രാത്രി ആഘോഷിക്കുന്നത് അനുവദനീയമായിരുന്നുവെങ്കിൽ, അതിന് ആദ്യമായി മുന്നിട്ടിറങ്ങുന്നവർ അവരാകുമായിരുന്നു. മുഹമ്മദ് നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ല ഉപദേശകനായിരുന്നു. അല്ലാഹുവിൻ്റെ സന്ദേശം പൂർണ്ണമായി അവിടുന്ന് പ്രചരിപ്പിക്കുകയും, വിശ്വാസ്യതയോടെ ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്തു. ഈ രാത്രിയെ മഹത്വപ്പെടുത്തലും, ആഘോഷിക്കലും അല്ലാഹുവിൻ്റെ ദീനിൽ പെട്ടതായിരുന്നെങ്കിൽ, നബി -ﷺ- അതിനെ അവഗണിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുമായിരുന്നില്ല. അതിനാൽ, അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ അത് ആഘോഷിക്കലും ആ രാവിനെ മഹത്വപ്പെടുത്തലും ഇസ്ലാമിൽ ഒന്നുമല്ലെന്ന് മനസിലാക്കാം. അല്ലാഹു ഈ ഉമ്മത്തിന് അവരുടെ ദീൻ പൂർണ്ണമാക്കി, അവർക്ക് നന്മ പൂർണ്ണമാക്കി, അല്ലാഹു അനുമതി നൽകാത്തതിനെ ദീനിൽ ഉൾപ്പെടുത്തുന്നവരെ അല്ലാഹു വിലക്കി. അല്ലാഹു തൻ്റെ സുവ്യക്തമായ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു:

 

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നു..." (മാഇദ: 3) അല്ലാഹു പറയുന്നു:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ21﴾

"അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌." (ശൂറാ: 21)

ബിദ്അത്തുകളിൽ നിന്ന് താക്കീത് ചെയ്യുകയും, അതിൻ്റെ ഗൗരവം മുസ്‌ലിം ഉമ്മത്തിനെ ഓർമ്മപ്പെടുത്തുകയും, പുതുനിർമ്മിതികൾ ഉണ്ടാക്കുന്നതിൽ നിന്ന് അവരെ അകറ്റുകയും ചെയ്യുന്ന അനേകം സ്വഹീഹായ ഹദീഥുകൾ നബിയിൽ ﷺ  നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറഞ്ഞു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرَنَا فَهُوَ رَدٌّ».

"നമ്മുടെ മതകാര്യത്തിലില്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്." ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വെള്ളിയാഴ്ച ഖുതുബയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:

«أَمَا بَعْدَ فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ ﷺ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ بِدْعَةٍ ضَلَالَةٌ».

"തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും ഉത്തമം അല്ലാഹുവിൻ്റെ ഗ്രന്ഥമാകുന്നു. മാർഗങ്ങളിൽ ഏറ്റവും ഉത്തമമായ മാർഗം മുഹമ്മദ് നബിﷺയുടേതുമാകുന്നു. കാര്യങ്ങളിൽ ഏറ്റവും മോശം പുതുനിർമ്മിതികളാകുന്നു.എല്ലാ ബിദ്അത്തുകളും വഴികേടുമാകുന്നു." നസാഇയുടെ -നേരായ പരമ്പരയോടെ വന്നിട്ടുള്ള- നിവേദനത്തിൽ ഇത്രകൂടെയുണ്ട്:

«وَكُلَّ ضَلَالَةٍ فِي النَّارِ».

"എല്ലാ വഴികേടും നരകത്തിലാകുന്നു." ഇർബാദു ബ്നു സാരിയഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ ഞങ്ങൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. ഹൃദയങ്ങൾ അത് കേട്ട് വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇതൊരു വിടവാങ്ങൽ സംസാരം പോലെയുണ്ടല്ലോ?! അതിനാൽ ഞങ്ങൾക്ക് വസ്വിയ്യത്ത് (ഉപദേശം) നൽകിയാലും. നബി ﷺ പറഞ്ഞു:

«أُوصِيكُم بِتَقْوَى اللَّهِ وَالسَّمعِ وَالطَّاعَةِ وَإِنْ تَأَمَّرَ عَلَيكُم عَبدٌ فَإِنَّهُ مَنْ يَعِشْ مِنْكُم فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيكُم بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ مِنْ بَعْدِي تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُم وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٍ وَكُلَّ بِدْعَةٍ ضَلَالَةٌ».

"നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, ഭരണാധികാരിയെ -അതൊരു അടിമയാണെങ്കിലും- കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിങ്ങളിൽ എൻ്റെ കാലശേഷം ജീവിക്കുന്നവർ ഒരുപാട് അഭിപ്രായവ്യത്യാസങ്ങൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ എൻ്റെ ചര്യയെയും, എനിക്ക് ശേഷമുള്ള ഖുലഫാഉർറാശിദുകളുടെ ചര്യയെയും സ്വീകരിക്കുക. നിങ്ങൾ അതിനെ മുറുകെ പിടിക്കുകയും, നിങ്ങളുടെ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുക. പുതുനിർമ്മിതികളെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും എല്ലാ പുതുനിർമ്മിതികളും ബിദ്അത്തുകളാകുന്നു.എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു." ഈ അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.

നബിയുടെ ﷺ സ്വഹാബികളും അവർക്ക് ശേഷം വന്ന സച്ചരിതരായ മുൻഗാമികളും ബിദ്അത്തുകളിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും അവയെ ആക്ഷേപിക്കുകയും ചെയ്തത് ഗ്രന്ഥങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. കാരണം ബിദ്അത്തുകൾ ദീനിൽ നിർമ്മിക്കുന്ന അധികപ്പറ്റുകളാണ്. അല്ലാഹു അനുമതി നൽകാതെ നിർമ്മിക്കപ്പെട്ട നിയമങ്ങളാണവ. അല്ലാഹുവിൻ്റെ ദീനിൽ പലതും കടത്തിക്കൂട്ടിയ, അവൻ്റെ ശത്രുക്കളായ യഹൂദ നസ്വാറാക്കളോട് സാദൃശ്യപ്പെടുകയാണ് ബിദ്അത്തുകൾ നിർമ്മിക്കുന്നവൻ ചെയ്യുന്നത്. അല്ലാഹുവിൻ്റെ ദീനിൽ കുറവുണ്ടെന്നും അത് പൂർണ്ണമല്ലെന്നുമുള്ള ആക്ഷേപവും ആരോപണവുമാണ് ബിദ്അത്തുകൾ ചെയ്യുന്നവൻ ദീനിൻ്റെ മേൽ -അറിഞ്ഞു കൊണ്ടല്ലെങ്കിലും- പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതെല്ലാം എത്രമാത്രം ഗുരുതരമായ വിഷയവും ഗൗരവമുള്ള തിന്മയുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അല്ലാഹുവിൻ്റെ ഈ വചനത്തോട് നേർക്കുനേരെ എതിരാവുകയാണ് ഇതിലൂടെ സംഭവിക്കുന്നത്; അവൻ പറഞ്ഞിരിക്കുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു..." (മാഇദ: 3) അതോടൊപ്പം ബിദ്അത്തുകളിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും, അകറ്റിനിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നബിയുടെ ﷺ  സുവ്യക്തമായ ഹദീഥുകളോട് എതിരാവലുമാണ് ബിദ്അത്തുകൾ പ്രവർത്തിക്കുന്നതിലൂടെ സംഭവിക്കുന്നത്.

ഇത്രയും നാം വിവരിച്ച തെളിവുകളും പ്രമാണങ്ങളും തന്നെ സത്യം അന്വേഷിക്കുന്നവർക്ക് മതിയാകുന്ന വിധത്തിലുണ്ടെന്ന് ഞാാൻ പ്രതീക്ഷിക്കുന്നു. ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രി ആഘോഷിക്കുന്നത് ബിദ്അത്താണെന്നും, അത് ആക്ഷേപിക്കപ്പെടേണ്ട തിന്മയാണെന്നും, ഇസ്‌ലാമിൽ അതിന് യാതൊരു സ്ഥാനവുമില്ലെന്നും ഇത്രയും പറഞ്ഞതിൽ നിന്ന് ബോധ്യപ്പെടേണ്ടതാണ്.

മുസ്‌ലിംകളോട് ഗുണകാംക്ഷ പുലർത്തുകയും, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ വിവരിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട് എന്നതും, ദീനീവിജ്ഞാനങ്ങൾ മറച്ചു വെക്കുന്നത് നിഷിദ്ധമാണ് എന്നതും പരിഗണിച്ചു കൊണ്ടാണ് ഈ ബിദ്അത്തിൽ നിന്ന് എൻ്റെ മുസ്‌ലിം സഹോദരങ്ങളെ താക്കീത് ചെയ്യേണ്ടത് ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കിയത്. ഈ ദുരാചാരം ധാരാളക്കണക്കിന് നാടുകളിൽ പ്രചാരം നേടുകയും, ജനങ്ങളിൽ പലരും ഇത് ദീനിൻ്റെ ഭാഗമാണെന്ന് ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു.

അല്ലാഹു എല്ലാ മുസ്‌ലിംകളുടെ അവസ്ഥ നന്മയിലാക്കുമാറാകട്ടെ. അല്ലാഹുവിൻ്റെ ദീനിൽ അവർക്ക് അവൻ അവഗാഹം നൽകുകയും, നമ്മെയും അവരെയും സത്യം മുറുകെ പിടിക്കുന്നതിലേക്കും അതിൽ ഉറച്ചു നിലകൊള്ളുന്നതിലേക്കും അതിന് വിരുദ്ധമാകുന്നതിനെ ഉപേക്ഷിക്കുന്നതിലേക്കും അവൻ നയിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാഹുവാണ് അക്കാര്യം ഏറ്റെടുക്കാനുള്ളത്; അവൻ അത് നടപ്പിലാക്കാൻ ശക്തിയുള്ളവനത്രെ.

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം ഏഴ്:

(ശഅ്ബാൻ 15) ബറാഅത്ത് രാവ് ആഘോഷത്തിൻ്റെ വിധി

അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു..." (മാഇദ: 3) അല്ലാഹു പറയുന്നു:

﴿أَمۡ لَهُمۡ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُ...﴾

"അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ?..." (ശൂറാ: 21) ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വെള്ളിയാഴ്ച ഖുതുബയിൽ ഇപ്രകാരം പറയുമായിരുന്നു:

«أَمَّا بَعْدُ: فَإِنَّ خَيرَ الحَدِيثِ كِتَابُ اللَّهِ وَخَيرَ الهَدْيِ هَدْيُ مُحَمَّدٍ صَلَّى اللَّهُ عَلَيهِ وَسَلَّمَ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ بِدْعَةٍ ضَلَالَةٌ».

"തീർച്ചയായും സംസാരങ്ങളിൽ ഏറ്റവും ഉത്തമം അല്ലാഹുവിൻ്റെ ഗ്രന്ഥമാകുന്നു. മാർഗങ്ങളിൽ ഏറ്റവും ഉത്തമമായ മാർഗം മുഹമ്മദ് നബിയുടേതുമാകുന്നു ﷺ . കാര്യങ്ങളിൽ ഏറ്റവും മോശം പുതുനിർമ്മിതികളാകുന്നു. എല്ലാ ബിദ്അത്തുകളും വഴികേടുകളുമാകുന്നു." ഈ അർത്ഥത്തിൽ ഉള്ള ആയത്തുകളും ഹദീസുകളും അനേകം ഉണ്ട്. അവ വ്യക്തമായി സൂചിപ്പിക്കുന്നത് അല്ലാഹു ഈ ഉമ്മത്തിന് അവരുടെ ദീൻ പൂർത്തീകരിച്ചു നൽകിയിരിക്കുന്നു എന്നും, അവർക്ക് തൻ്റെ അനുഗ്രഹം പൂർണ്ണമാക്കിയിരിക്കുന്നു എന്നും, നബി ﷺ തൻ്റെ ദൗത്യം പൂർണ്ണമായി നിർവഹിച്ച ശേഷം മാത്രമാണ് നമ്മോട് വിടപറഞ്ഞത് എന്നുമാണ്. അല്ലാഹു ഈ ഉമ്മത്തിന് നിയമമാക്കിയിട്ടുള്ള എല്ലാ വാക്കുകളും പ്രവൃത്തികളും അവിടുന്ന് വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. തനിക്ക് ശേഷം ജനങ്ങൾ ദീനിൻ്റെ കാര്യത്തിൽ നിർമ്മിച്ചുണ്ടാക്കുകയും ഇസ്‌ലാമിലേക്ക് ചേർത്തി പറയുകയും ചെയ്യുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും തിരസ്കരിക്കപ്പെടേണ്ട ബിദ്അത്തുകളിലാണ് ഉൾപ്പെടുക എന്നും, അവയെല്ലാം നിർമ്മിച്ച വ്യക്തികളിലേക്ക് തന്നെ തള്ളപ്പെടേണ്ടതാണെന്നും, നല്ല ഉദ്ദേശ്യത്തിൽ നിർമ്മിച്ചു എന്നത് കൊണ്ട് അത് അനുവദിക്കപ്പെടുകയില്ലെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സ്വഹാബികൾ ശരിയാംവിധം മനസ്സിലാക്കിയിരുന്നു; അവർക്ക് ശേഷമുള്ള ഇസ്‌ലാമിക പണ്ഡിതന്മാരും അക്കാര്യം തിരിച്ചറിഞ്ഞവരായിരുന്നു. അതിനാൽ തന്നെ, അവർ ബിദ്അത്തുകളെ ശക്തമായി എതിർക്കുകയും, അവയിൽ നിന്ന് ജനങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. നബിയുടെ ﷺ  ചര്യയെ ആദരിക്കുകയും ബിദ്അത്തുകളെ എതിർക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിനായി ഗ്രന്ഥങ്ങൾ രചിച്ച മുൻകാല പണ്ഡിതന്മാരെല്ലാം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു വദ്വാഹ്, ത്വർത്വൂശീ, അബൂശാമഃ തുടങ്ങിയ പണ്ഡിതന്മാർ അവരിൽ ചിലർ മാതമാണ്.

ജനങ്ങളിൽ ചിലർ പിൽക്കാലഘട്ടത്തിൽ നിർമ്മിച്ചുണ്ടാക്കിയ ബിദ്അത്തുകളിൽ പെട്ടതാണ് ശഅ്ബാൻ പതിനഞ്ചാം രാവ് (ബറാഅത്ത് രാവ്) ആഘോഷമായി കൊണ്ടാടുകയും, ആ ദിവസം പ്രത്യേകമായി നോമ്പെടുക്കുകയും ചെയ്യുക എന്നത്. ഈ പറഞ്ഞതിനൊന്നും അവലംബിക്കാവുന്ന ഒരു തെളിവ് പോലുമില്ല. ശഅ്ബാൻ പതിനഞ്ചാം രാവിൻ്റെ ശ്രേഷ്ഠത വിവരിക്കുന്നതായ ഹദീഥുകളെല്ലാം -അവലംബിക്കാൻ സാധ്യമല്ലാത്ത വിധത്തിൽ- ദുർബലമായ ഹദീഥുകളാണ്.

ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ ചിലർ നിർമ്മിച്ചുണ്ടാക്കിയ ഒരു നിസ്കാരം കൂടെയുണ്ട്; ആ വിഷയത്തിൽ വന്ന എല്ലാ ഹദീഥുകളും കെട്ടിയുണ്ടാക്കപ്പെട്ട കള്ളഹദീഥുകളാണ്. അക്കാര്യം ധാരാളക്കണക്കിന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അവരിൽ ചിലരുടെ വാക്കുകൾ വഴിയെ നമുക്ക് വായിക്കാം.

ശാമുകാരിൽ പെട്ട ചില മുൻഗാമികളിൽ നിന്നും മറ്റുമായി നിവേദനം ചെയ്യപ്പെട്ട ചില ആഥാറുകളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്.

എന്നാൽ ഈ രാത്രിയിലെ ആഘോഷം ബിദ്അത്താണ് എന്നതിൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു. ഈ രാത്രിയുടെ ശ്രേഷ്ഠത വിവരിക്കുന്ന ഹദീഥുകളെല്ലാം ദുർബലമാണെന്നും, അവയിൽ ചില ഹദീഥുകൾ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണെന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിദ് ഇബ്നു റജബ് -رَحِمَهُ اللَّهُ- ഇക്കാര്യം 'ലത്വാഇഫുൽ മആരിഫ്' എന്ന തൻ്റെ ഗ്രന്ഥത്തിൽ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. അടിസ്ഥാനപരമായി സ്ഥിരപ്പെട്ട, സ്വഹീഹായ ഹദീഥുകളുടെ പിൻബലമുള്ള ഇബാദത്തുകളുടെ കാര്യത്തിൽ മാത്രമേ ദുർബലമായ ഹദീഥുകൾ സ്വീകരിക്കാവൂ എന്നതാകട്ടെ, പണ്ഡിതന്മാർക്കിടയിൽ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യവുമാണ്. ശഅ്ബാൻ പതിനഞ്ചാം രാവിൻ്റെ ആഘോഷം എന്നതാകട്ടെ, ഒരു അടിത്തറയും സ്ഥിരപ്പെട്ടിട്ടില്ലാത്ത കർമ്മമാണ്. അങ്ങനെയാണെങ്കിൽ മാത്രമല്ലേ, ദുർബലമായ ഹദീഥുകൾ അന്നേ ദിവസത്തെ കാര്യത്തിൽ പരിഗണിക്കാനെങ്കിലും സാധ്യമാവൂ. ഈ അടിസ്ഥാനം ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യഃ -رَحِمَهُ اللَّهُ- ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിൽ മുൻഗാമികളായ പണ്ഡിതന്മാരുടെ ചില വാക്കുകൾ ഞാൻ ഇവിടെ നൽകാം; ഈ വിഷയത്തിൽ വ്യക്തമായ ഉൾക്കാഴ്ച്ചയോടെ മുന്നോട്ടു പോകാൻ നിന്നെ അത് സഹായിക്കുന്നതാണ്.

ജനങ്ങൾ അഭിപ്രായവ്യത്യാസത്തിലായ ഏതു വിഷയത്തിലും ഖുർആനിലേക്കും സുന്നത്തിലേക്കുമാണ് മടക്കേണ്ടത് എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ട്. ഖുർആനും സുന്നത്തും ഒരു കാര്യം വിധിച്ചാൽ, അതാണ് നിർബന്ധമായും പിൻപറ്റപ്പെടേണ്ട ദീൻ. അവ രണ്ടിനോടും എതിരാകുന്നതെല്ലാം ഉപേക്ഷിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത എല്ലാ ആരാധനകളും ഉപേക്ഷിക്കപ്പെടേണ്ടതാണ്; അവ പ്രവർത്തിയിൽ കൊണ്ടുവരിക എന്നത് ഒരിക്കലും അനുവദനീയമല്ല. അപ്പോൾ പിന്നെ അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിൻ്റെ വിധി പ്രത്യേകം പറയേണ്ടതില്ലല്ലോ?! അല്ലാഹു പറയുന്നത് നോക്കൂ:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا59﴾

"ഈമാനുള്ളവരെ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) റസൂലിനെയും. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും." (നിസാഅ്: 59) അല്ലാഹു പറയുന്നു:

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِ...﴾

"നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീർപ്പ് കൽപ്പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു..." (ശൂറാ: 10) അല്ലാഹു പറയുന്നു:

﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡ...﴾

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക.എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌..." (ആലു ഇംറാൻ: 31) അല്ലാഹു പറയുന്നു:

﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا65﴾

"ഇല്ല, നിന്‍റെ റബ്ബിനെ തന്നെയാണെ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ പൂർണ്ണ ഈമാനുള്ളവരാകുകയില്ല." (നിസാഅ്: 65) ഈ ആശയത്തിൽ ധാരാളം ആയത്തുകൾ കാണാവുന്നതാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കലും, ആ വിധിയിൽ തൃപ്തിപ്പെടലും നിർബന്ധമാണെന്നതിനുള്ള ഖണ്ഡിതമായ തെളിവുകളാണ് ഇവയെല്ലാം. അത് ഈമാനിൻ്റെ തേട്ടമാണെന്നും, ഇഹലോകത്തും പരലോകത്തും മനുഷ്യർക്ക് അതാണ് ഉത്തമമായിട്ടുള്ളത് എന്നും, ഏറ്റവും നല്ല പര്യവസാനത്തിന് ഉതകുന്നത് എന്നും അവ നമ്മെ ബോധ്യപ്പെടുത്തുന്നു.

ഈ പറഞ്ഞതെല്ലാം ഓർമ്മപ്പെടുത്തിയതിന് ശേഷം, ഹാഫിദ് ഇബ്നു റജബ് -رَحِمَهُ اللَّهُ- 'ലത്വാഇഫുൽ മആരിഫിൽ' ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം:

ശാമിലെ താബിഉകളിൽ പെട്ട ഖാലിദ് ബിൻ മഅദാൻ, മഖ്ഹൂൽ, ലുക്മാൻ ബിൻ ആമിർ പോലെയുള്ള ചിലർ ശഅബാൻ പതിനഞ്ചാം രാത്രി മഹത്വവത്കരിക്കുകയും, അതിൽ പ്രത്യേകമായ ആരാധനങ്ങൾ ചെയ്യാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ജനങ്ങൾ ഈ രാത്രിക്ക് ശ്രേഷ്ഠതയും മഹത്വവും കൽപ്പിച്ചു നൽകാൻ ആരംഭിച്ചത്. ഇസ്റാഈല്യരുടെ കഥകളായിരുന്നു ഇക്കാര്യത്തിൽ അവർക്കുണ്ടായിരുന്ന അവലംബം എന്ന് പറയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്ന് ശഅ്ബാൻ പതിനഞ്ചിനുള്ള ആഘോഷം ജനങ്ങൾ ഏറ്റെടുക്കുകയും അത് നാടുകളിൽ പ്രചരിക്കുകയും ചെയ്തപ്പോൾ ജനങ്ങൾ രണ്ട് അഭിപ്രായത്തിലായി. അവരിൽ ഒരു വിഭാഗം ഈ ആഘോഷത്തിൽ പങ്കുചേരുകയും അവരോട് യോജിക്കുകയും ചെയ്തു; ബസ്വറക്കാരിൽ പെട്ട ചില സൽകർമ്മികളായ സാധാരണജനങ്ങളും മറ്റും അതിലുണ്ടായിരുന്നു. എന്നാൽ ഹിജാസിലെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഈ ആഘോഷത്തെ എതിർക്കുകയാണ് ചെയ്തത്. അത്വാഅ്, ഇബ്നു അബീ മുലൈകഃ തുടങ്ങിയവർ അവരിൽ പെട്ടവരാണ്. മദീനയിലെ പണ്ഡിതന്മാരും ഈ ആഘോഷത്തിന് എതിരായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ബ്നു സയ്ദ് ബ്നു അസ്ലം വിവരിച്ചിട്ടുണ്ട്. ഇമാം മാലികിൻ്റെ അനുചരന്മാരും മറ്റും ഇതേ വീക്ഷണക്കാരായിരുന്നു. ഇതെല്ലാം ബിദ്അത്തുകളിൽ പെട്ടതാണ് എന്നാണ് അവർ വ്യക്തമാക്കിയത്.

ശാമിലെ പണ്ഡിതന്മാർ ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്:

ഒന്നാമത്തെ അഭിപ്രായം: അത് പള്ളികളിൽ ജമാഅത്തായി നടത്തുന്നത് നല്ല കാര്യമാണ്. ഖാലിദ് ബിൻ മഅദാൻ, ലുക്മാൻ ബിൻ ആമിർ എന്നിങ്ങനെ ചിലർ അന്നേ ദിവസം അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കുകയും, സുഗന്ധം ഉപയോഗിക്കുകയും, കണ്ണിൽ സുറുമ ഇടുകയും, അന്നേ രാത്രി പള്ളിയിൽ നിസ്കാരവുമായി കഴിച്ചു കൂട്ടുകയും ചെയ്യും. ഇസ്ഹാഖ് ബിൻ റാഹ്വൈഹി ഈ വീക്ഷണത്തോട് യോജിപ്പുള്ളവരായിരുന്നു. മസ്ജിദുകളിൽ അവർ ജമാഅത്തായി നിസ്കരിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അത് ബിദ്അത്തല്ല. (മസാഇലു ഹർബ് അൽകിർമാനീ)

രണ്ടാമത്തെ അഭിപ്രായം: ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ നിസ്കാരത്തിനും ഉപദേശപ്രഭാഷണങ്ങൾക്കും പ്രാർത്ഥനക്കും വേണ്ടി മസ്ജിദുകളിൽ ഒത്തുകൂടുന്നത് വെറുക്കപ്പെട്ട കാര്യമാണെന്നതാണ്. എന്നാൽ ഒരാൾ ഒറ്റക്ക് നിസ്കാരം നിർവ്വഹിക്കുന്നത് തെറ്റല്ല. ശാമുകാരുടെ ഇമാമായിരുന്ന ഔസാഇയുടെ വീക്ഷണം ഇതായിരുന്നു. ഈ വീക്ഷണമാണ് ശരിയോട് ഏറ്റവും അടുത്തത്. ഇൻശാ അല്ലാഹ്." ഇത്രയും പറഞ്ഞ ശേഷം ഇബ്നു റജബ് -رَحِمَهُ اللَّهُ- പറയുന്നു: "ശഅ്ബാൻ പതിനഞ്ചിൻ്റെ രാത്രിയുടെ കാര്യത്തിൽ ഇമാം അഹ്മദിൻ്റേതായി എന്തെങ്കിലുമൊരു വീക്ഷണം വന്നിട്ടില്ല. പെരുന്നാളിൻ്റെ രാത്രിയിൽ നിസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്ന് വന്നിട്ടുള്ള രണ്ട് വീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് അഭിപ്രായങ്ങൾ അതിൽ നിന്ന് താരതമ്യം ചെയ്തെടുക്കാമെന്നല്ലാതെ. പെരുന്നാൾ രാത്രിയിൽ ജമാഅത്തായി നിസ്കാരം നിർവ്വഹിക്കുന്നത് പുണ്യകരമല്ല; കാരണം നബിയിൽ ﷺ നിന്നോ സ്വഹാബത്തിൽ നിന്നോ അത് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് അദ്ദേഹത്തിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു വീക്ഷണം. രണ്ടാമത്തെ വീക്ഷണം അത് പുണ്യകരമാണ് എന്നതാണ്; താബിഈങ്ങളിൽ പെട്ട അബ്ദുൽ റഹ്മാൻ ബ്നു യസീദ് ബ്നു അസ്‌വദ് അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട് എന്നതാണ് ഈ വീക്ഷണത്തിനുള്ള അവലംബം. ഇതേ രീതി ശഅ്ബാൻ പതിനഞ്ചിൻ്റെ കാര്യത്തിലും പരിഗണിക്കാം. നബിയിൽ ﷺ നിന്നോ സ്വഹാബത്തിൽ നിന്നോ ഈ രാത്രിയിൽ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ അത് പുണ്യകരമല്ല എന്ന് പറയാം. എന്നാൽ താബിഈങ്ങളിൽ പെട്ട ഒരു വിഭാഗം, വിശിഷ്യാ ശാമിലെ പണ്ഡിതന്മാർ, അന്ന് ആരാധനകൾ അനുഷ്ഠിച്ചത് സ്ഥിരപ്പെട്ടതിനാൽ അത് പുണ്യകരമാണെന്നും പറയാം.

ഹാഫിദ് ഇബ്നു റജബിൻ്റെ-رَحِمَهُ اللَّهُ-  വാക്കുകൾ ഇവിടെ അവസാനിക്കുന്നു. ശഅ്ബാൻ പതിനഞ്ചാം രാവിൽ നബിയോ -ﷺ-  അവിടുത്തെ സ്വഹാബത്തോ എന്തെങ്കിലും പ്രത്യേകമായി ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല എന്നത് ഇത്രയും പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.

ഒരു വ്യക്തി തൻ്റെ സ്വന്തം നിലക്ക് ഈ രാത്രിയിൽ നിസ്കാരം നിർവ്വഹിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുക്കുന്നത് പുണ്യകരമാണെന്ന ഇമാം ഔസാഇയുടെ നിലപാടും, അതാണ് ശരിയെന്നുള്ള ഇബ്നു റജബിൻ്റെ -رَحِمَهُ اللَّهُ- വീക്ഷണവും ദുർബലവും ഒറ്റപ്പെട്ടതുമാണ്. കാരണം ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒരു കാര്യം ദീനിൻ്റെ ഭാഗമായി സ്ഥിരപ്പെടാത്തിടത്തോളം അല്ലാഹുവിൻ്റെ ദീനിൽ എന്തെങ്കിലുമൊന്ന് പുതുതായി നിർമ്മിച്ചുണ്ടാക്കുന്നത് ഒരു മുസ്‌ലിമിന് അനുവദനീയമല്ല. അത് ഒരാൾ ഒറ്റക്ക് ചെയ്താലും, കൂട്ടമായി ചെയ്താലും, രഹസ്യമായോ പരസ്യമായോ ചെയ്താലും ഒരു പോലെയാണ്. കാരണം നബിയുടെﷺ  വാക്ക് ഈ പറഞ്ഞതിനെയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ പൊതുവായതാണ്:

«مَنْ عَمِلَ عَمَلًا لَيْسَ عَلَيهِ أَمْرُنَا فَهُوَ رَدٌّ».

"നമ്മുടെ (മത)കാര്യത്തിലില്ലാത്ത വല്ല കർമങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്." ബിദ്അത്തുകളെ എതിർക്കുകയും അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്ന ഇതല്ലാത്ത എല്ലാ തെളിവുകളും ഈ പറഞ്ഞതിനോടൊപ്പം പരിഗണിക്കേണ്ടവയാണ്.

ഇമാം അബൂബക്ർ അത്വർത്വൂശീ -رَحِمَهُ اللَّهُ- തൻ്റെ 'അൽഹവാദിഥു വൽ ബിദഅ്' എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് നോക്കൂ:

"സയ്ദ് ബ്നു അസ്ലം പറഞ്ഞതായി ഇബ്നു വദാഹ് നിവേദനം ചെയ്തിരിക്കുന്നു: "ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിന് എന്തെങ്കിലുമൊരു പ്രത്യേകത നമ്മുടെ ശൈഖന്മാരോ പണ്ഡിതന്മാരോ കൽപ്പിക്കാറുള്ളതായി ഞങ്ങൾ കണ്ടിട്ടില്ല. ഈ വിഷയത്തിൽ വന്ന മക്ഹൂലിൻ്റെ ഹദീഥിനെയും അവർ പരിഗണിച്ചിട്ടില്ല. ഈ രാവിന് മറ്റു രാവുകളേക്കാൾ എന്തെങ്കിലുമൊരു പ്രത്യേകതയുള്ളതായും അവർ മനസ്സിലാക്കിയിരുന്നില്ല."

ഇബ്നു അബീ മുലൈക -رَحِمَهُ اللَّهُ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "സിയാദ് നുമൈരി (എന്ന വ്യക്തി ഇപ്രകാരം) പറയുന്നു: "ശഅബാനിലെ പതിനഞ്ചാം രാവിൻ്റെ പ്രതിഫലം ലൈലതുൽ ഖദ്ർ രാത്രിയുടെ പ്രതിഫലത്തിന് സമാനമാണ്." ഇബ്നു അബീ മുലൈക പറഞ്ഞു: "അവൻ അത് പറയുന്നത് കേൾക്കുമ്പോൾ എൻ്റെ കയ്യിൽ വല്ല വടിയുമുണ്ടായിരുന്നെങ്കിൽ ഞാൻ അത് കൊണ്ട് അവനെ അടിച്ചേനേ!" സിയാദ് ഒരു പ്രഭാഷകനായിരുന്നു."

അല്ലാമാ ശൗകാനീ -رَحِمَهُ اللَّهُ- തൻ്റെ 'അൽഫവാഇദുൽ മജ്മൂഅഃ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

"ഹേ അലി! ആരെങ്കിലും ശഅബാൻ മാസത്തിലെ പതിനഞ്ചാം രാവിൽ നൂറു റക്അത്ത് നിസ്കരിക്കുകയും, ഓരോ റക്അത്തിലും സൂറ. ഫാതിഹഃയും സൂറ. ഇഖ്ലാസും പത്ത് തവണ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ, അല്ലാഹു അവൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതാണ്." എന്ന ഹദീഥ് കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥാണ്. ഈ ഹദീഥിൽ പറയപ്പെട്ട വിധത്തിലുള്ള ശ്രേഷ്ഠതകൾ വിവരിക്കുന്ന വാക്കുകളിൽ തന്നെ വകതിരിവുള്ള ഒരാൾക്ക് ഇത് കെട്ടിച്ചമക്കപ്പെട്ട ഹദീഥാണ് എന്ന് മനസ്സിലാക്കാനുള്ള അടയാളങ്ങളെല്ലാമുണ്ട്. അതിൻ്റെ നിവേദകന്മാരെല്ലാം അജ്ഞാതരാണ്. രണ്ടോ മൂന്നോ പരമ്പരകളിലൂടെ ഈ ഹദീഥ് വേറെയും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും അവയെല്ലാം കെട്ടിച്ചമക്കപ്പെട്ടതും, അവയിലെ നിവേദകന്മാർ അജ്ഞാതരുമാണ്." ശൗകാനീ തൻ്റെ അൽ-മുഖ്തസർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ശഅബാൻ പതിനഞ്ചിൻ്റെ (ബറാത്ത് രാവിലെ) നിസ്കാരത്തെ കുറിച്ചുള്ള ഹദീഥ് അടിസ്ഥാനരഹിതമാണ്." ഇബ്നു ഹിബ്ബാൻ അലി -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്തതായി ഉദ്ധരിച്ച ഹദീഥ് -'ശഅ്ബാൻ പതിനഞ്ചിൻ്റെ രാവായാൽ നിങ്ങൾ അതിലെ രാത്രിയിൽ നിസ്കരിക്കുകയും പകലിൽ നോമ്പെടുക്കുകയും ചെയ്യുക' എന്ന ഹദീഥ്- ദുർബലമാണ്." ശൗകാനീ -رَحِمَهُ اللَّهُ- തൻ്റെ 'അല്ലആലീ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ പത്ത് തവണ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്തു കൊണ്ട് നൂറ് റക്അത്തുകൾ നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത സുദീർഘമായി വിവരിക്കുന്ന, ദയ്‌ലമിയും മറ്റും നിവേദനം ചെയ്ത ഹദീഥ് കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥാണ്. ഈ ഹദീഥിൻ്റെ പരമ്പരയിൽ മൂന്നാം ഘട്ടം മുതലുള്ളവർ ദുർബലരും അജ്ഞാതരുമാണ്." ശൗകാനീ പറയുന്നു: "മുപ്പത് തവണ സൂറ. ഇഖ്ലാസ് പാരായണം ചെയ്തു കൊണ്ട് പന്ത്രണ്ട് റക്അത്തുകൾ നിസ്കരിക്കണം' എന്നും, പതിനാല് റക്അത്തുകൾ നിസ്കരിക്കണം എന്നും വിവരിക്കുന്ന ഹദീഥുകൾ രണ്ടും കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ്.

കർമ്മശാസ്ത്ര പണ്ഡിതരിൽ പെട്ട ചിലർ ഈ ഹദീഥുകളിൽ വഞ്ചിതരായിട്ടുണ്ട്; ഇഹ്‌യാഇൻ്റെ ഗ്രന്ഥകർത്താവായ ഗസാലി അതിന് ഉദാഹരണമാണ്. ഖുർആൻ വ്യാഖ്യാതാക്കളായ മുഫസ്സിറുകളിൽ ചിലർക്കും ഇതേ അബദ്ധം പിണഞ്ഞിട്ടുണ്ട്. ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിലെ ഈ നിസ്കാരം നിവേദനം ചെയ്യുന്ന ഹദീഥ് വേറെ പലരൂപങ്ങളിലും വന്നിട്ടുണ്ട്; അവയെല്ലാം അടിസ്ഥാനരഹിതവും കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളുമാണ്. എന്നാൽ ഈ പറഞ്ഞതൊന്നും ഇമാം തിർമിദി ഉദ്ധരിച്ച, ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത ഹദീഥിന് എതിരാകുന്നില്ല. നബി ﷺ ബഖീഇലേക്ക് (മദീനയിലെ ഖബർസ്ഥാൻ) പുറപ്പെട്ടതായും, ശഅ്ബാൻ പതിനഞ്ചിൻ്റെ രാത്രിയുടെ പകുതിയായാൽ അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുമെന്നും, ബനൂ കൽബിൻ്റെ (ഒരു ഗോത്രം) ആടുകളുടെ രോമത്തേക്കാൾ അധികമാളുകൾക്ക് പൊറുത്തു നൽകുമെന്നും പ്രസ്തുത ഹദീഥിൽ വന്നിട്ടുണ്ട്. ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ നിശ്ചിതരൂപത്തിൽ നിസ്കാരം നിർവ്വഹിക്കുന്നതിൻ്റെ പുണ്യം വിവരിക്കുന്ന ഹദീഥുകൾ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ് എന്ന് നാം വിവരിച്ചത് ഈ പറയപ്പെട്ട ഹദീഥിന് എതിരാകുന്നില്ല എന്നർത്ഥം. എന്നാൽ -സാന്ദർഭികമായി പറയട്ടെ- ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ ഈ ഹദീഥും ദുർബലവും പരമ്പര മുറിഞ്ഞതുമാണ്. 'ശഅ്ബാൻ രാത്രിയിൽ നിസ്കരിക്കൂ' എന്ന് മാത്രം പറയുന്ന അലി -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥും ദുർബലമാണ്; പക്ഷേ മേലെ ചില ഹദീഥുകളിൽ നിശ്ചിതമായ രൂപങ്ങളോടെ വിവരിക്കപ്പെട്ട നിസ്കാരത്തിൻ്റെ ഹദീഥുകൾ (കേവലം ദുർബലം മാത്രമല്ല; മറിച്ച്) കെട്ടിച്ചമക്കപ്പെട്ട കള്ളഹദീഥുകളാണ്."

ഹാഫിദ് ഇറാഖീ -رَحِمَهُ اللَّهُ- പറയുന്നു: "ശഅ്ബാൻ പതിനഞ്ചിൻ്റെ രാത്രിയിൽ നിസ്കരിക്കുന്ന വിഷയത്തിൽ വന്ന ഹദീഥ് നബിയുടെ ﷺ  മേൽ കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട കള്ളഹദീഥും, അവിടുത്തെ മേൽ നുണ പറഞ്ഞുണ്ടാക്കിയതുമാണ്. ഇമാം നവവി 'അൽമജ്മൂഅ്' എന്ന തൻ്റെ ഗ്രന്ഥത്തിൽ പറയുന്നു: "റഗാഇബ് നിസ്കാരം എന്ന പേരിൽ അറിയപ്പെടുന്ന, റജബ് ആദ്യത്തിലെ ജുമുഅഃയുടെ രാവിൽ, മഗ്‌രിബ് ഇശാ നിസ്കാരങ്ങൾക്കിടയിൽ നിർവ്വഹിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരവും, ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിൽ നിർവ്വഹിക്കുന്ന നൂറ് റക്അത്ത് നിസ്കാരവും; ഇവ രണ്ടും പിൽക്കാലഘട്ടത്തിൽ നിർമ്മിച്ചുണ്ടാക്കപ്പെട്ട ബിദ്അത്തായ രണ്ട് നിസ്കാരങ്ങളാണ്. ഖൂതുൽ ഖുലൂബ്, ഇഹ്‌യാഅ് എന്നീ ഗ്രന്ഥങ്ങളിൽ ഗസാലി ഈ രണ്ട് നിസ്കാരങ്ങളും എടുത്തു പറഞ്ഞിട്ടുണ്ട് എന്നതും, ഈ വിഷയത്തിൽ ചില ഹദീഥുകൾ ഉദ്ധരിച്ചിട്ടുണ്ട് എന്നതും ആരെയും വഞ്ചിതരാക്കേണ്ട. ആ പറഞ്ഞതെല്ലാം അടിസ്ഥാനരഹിതമാണ്. ഈ രണ്ട് നിസ്കാരങ്ങളുടെയും വിധി വ്യക്തമാകാതെ പോയ ചില പണ്ഡിതന്മാർ ഇവയുടെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് രചിച്ച ചില കുറിപ്പുകൾ വായിക്കുന്നവരും തെറ്റിദ്ധരിക്കേണ്ടതില്ല; അവർക്ക് ഈ വിഷയത്തിൽ അബദ്ധം പിണഞ്ഞിരിക്കുന്നു."

ഇമാം അബ്ദുൽ റഹ്മാൻ ബ്നു ഇസ്മാഈൽ അൽമഖ്ദിസി -رَحِمَهُ اللَّهُ- ഈ രണ്ട് ആഘോഷങ്ങളും അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമാക്കുന്ന മനോഹരമായ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള പണ്ഡിതന്മാരുടെ ധാരാളക്കണക്കിന് വാക്കുകൾ വേറെയുമുണ്ട്. അവയെല്ലാം ഇവിടെ നാം നൽകുകയാണെങ്കിൽ ഈ ചെറിയ കുറിപ്പ് ഏറെ ദീർഘിച്ചു പോകും. ഇത്രയും നാം വായിച്ചതിൽ തന്നെ സത്യമന്വേഷിക്കുന്നവർക്ക് തൃപ്തിയേകുന്നത്ര വിവരണം ഉൾക്കൊണ്ടിട്ടുണ്ട്.

ഇതു വരെ നാം വായിച്ച ആയത്തുകളുടെയും ഹദീഥുകളുടെയും പണ്ഡിതന്മാരുടെ വാക്കുകളുടെയും വെളിച്ചത്തിൽ സത്യാന്വേഷിയായ ഏതൊരാൾക്കും ബറാഅത്ത് രാവിൻ്റെ ആഘോഷവും ആ രാവിൽ പ്രത്യേകമായി പറയപ്പെടുന്ന നിസ്കാരവും പകലിൽ അനുഷ്ഠിക്കാനുള്ള നോമ്പുമെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിലാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും എണ്ണിയിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും. പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ അതിന് യാതൊരു അടിസ്ഥാനവുമില്ല. സ്വഹാബികളുടെ കാലഘട്ടത്തിന് ശേഷം ഉടലെടുത്ത പുതിയ കാര്യങ്ങളിൽ പെട്ടതാണ് ഇവയെല്ലാം. ഈ വിഷയത്തിലും സമാനമായ മറ്റു വിഷയങ്ങളിലും സത്യമന്വേഷിക്കുന്ന ഏതൊരാൾക്കും അല്ലാഹുവിൻ്റെ ഈ വചനം തന്നെ മതിയാകുന്നതാണ്:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു..." (മാഇദഃ: 3) ഈ ആശയത്തിൽ വന്ന മറ്റു ആയത്തുകളും ഇതേ കാര്യം അറിയിക്കുന്നുണ്ട്. നബി ﷺ പറഞ്ഞിരിക്കുന്നു:

«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».

''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്‌ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' സമാനമായ മറ്റു ഹദീഥുകളും ഇതു പോലെത്തന്നെ.

അബൂഹുറൈറ (رَضِيَ اللَّهُ عَنْهُ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:

«لَا تَخُصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي وَلَا تَخُصُّوا يَوْمَهَا بِالصِّيَامِ مِنْ بَيْنِ الْأَيَّامِ إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ».

"വെള്ളിയാഴ്ച്ച രാവിനെ മറ്റു രാവുകളിൽ നിന്ന് നിസ്കാരത്തിനായി നിങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കരുത്. വെള്ളിയാഴ്ച്ച ദിവസത്തെ മറ്റു ദിവസങ്ങളിൽ നിന്ന് പ്രത്യേകമായി നോമ്പ് നോക്കുന്നതിനും നിങ്ങൾ തിരഞ്ഞെടുക്കരുത്; ഒരാൾ സ്ഥിരമായി നോക്കാറുള്ള വല്ല നോമ്പും അന്ന് യോജിച്ചു വന്നാലല്ലാതെ." ഏതെങ്കിലും രാത്രികൾക്ക് പ്രത്യേകത കൽപ്പിക്കുന്നതോ, അന്ന് പ്രത്യേകമായി ആരാധനകൾ നിർവ്വഹിക്കുന്നതോ മറ്റോ അനുവദനീയമായിരുന്നെങ്കിൽ വെള്ളിയാഴ്ച്ച ദിവസമായിരുന്നു അതിന് ഏറ്റവും അനുയോജ്യമാകേണ്ടിയിരുന്നത്. കാരണം സൂര്യൻ ഉദിച്ചുയർന്ന ദിവസങ്ങളിൽ ഏറ്റവും ഉത്തമമായ ദിവസമാണ് വെള്ളിയാഴ്ച്ച എന്നാണ് നബി ﷺ അറിയിച്ചിട്ടുള്ളത്. പക്ഷേ, എന്നിട്ടും പ്രത്യേകമായി രാത്രി നിസ്കാരം നിർവ്വഹിക്കാൻ വെള്ളിയാഴ്ച്ച രാവ് തിരഞ്ഞെടുക്കുന്നത് നബി ﷺ വിലക്കിയിരിക്കുന്നു; അതിൽ നിന്ന് മറ്റെല്ലാ രാവുകൾക്കും ഈ നിയമം എന്തുകൊണ്ടും ബാധകമായിരിക്കണം എന്ന് മനസ്സിലാക്കാം. നിശ്ചിത ഇബാദത്തുകളും ആരാധനകളും നിശ്ചയിച്ചു കൊണ്ട് ഒരു രാവിനെയും -വ്യക്തമായ തെളിവില്ലാതെ- പ്രത്യേകമാക്കരുത് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാം.

ലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിലും റമദാനിലെ രാത്രികളിലും ആരാധനകളും ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് ശക്തമായി പരിശ്രമിക്കണം എന്നത് ദീനിൻ്റെ ഭാഗമാണ് എന്നതിനാൽ നബി ﷺ അക്കാര്യം പ്രത്യേകം ഉണർത്തുകയുണ്ടായി. ആ രാത്രിയിൽ നിസ്കാരം നിർവ്വഹിക്കാൻ നബി ﷺ പ്രത്യേകം പ്രോത്സാഹനം നൽകി. നബി ﷺ പറഞ്ഞു:

«مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».

"ആരെങ്കിലും ഈമാനോടെയും പ്രതിഫലേഛയോടെയും റമദാനിലെ രാത്രികളിൽ നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്, ആരെങ്കിലും ഈമാനോടെയും പ്രതിഫലേഛയോടെയും ലൈലതുൽ ഖദ്റിൽ നിസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്." ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിനോ, റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചക്കോ ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രിക്കോ എന്തെങ്കിലുമൊരു പ്രത്യേകതയോ അന്നേ ദിവസം ഏതെങ്കിലും ആരാധനകൾക്ക് പ്രത്യേകമായ പുണ്യമോ ഉണ്ടായിരുന്നെങ്കിൽ നബി ﷺ തൻ്റെ ഉമ്മത്തിന് അത് വിവരിച്ചു നൽകുകയോ, അവിടുന്ന് സ്വയം തന്നെ അത് പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നു. സ്വഹാബികൾ അത് പിൽക്കാലഘട്ടത്തിലുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുമായിരുന്നു. അവർ ജനങ്ങളിൽ ഏറ്റവും ഉത്തമരായിരുന്നു എന്നതിനാൽ ഒരു നന്മയും അവർ മറച്ചു വെക്കുകയില്ല. നബിമാർ കഴിഞ്ഞാൽ ജനങ്ങളോട് ഏറ്റവും ഗുണകാംക്ഷയുള്ളവരും അവർ തന്നെയായിരുന്നു. നബിയുടെ ﷺ  സ്വഹാബിമാരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നും, അല്ലാഹുവിനെ അവർ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും ഖുർആനിൽ അവൻ നമ്മെ അറിയിക്കുകയും ചെയ്തിരിക്കുന്നു.

എന്നാൽ റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച ദിവസത്തിനോ ശഅ്ബാൻ പതിനഞ്ചിൻ്റെ രാവിനോ എന്തെങ്കിലുമൊരു പ്രത്യേകതയോ ശ്രേഷ്ഠതയോ കൽപ്പിക്കപ്പെട്ടതായി നബിയിൽ ﷺ  നിന്നോ സ്വഹാബത്തിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല എന്ന് പണ്ഡിതന്മാരുടെ ഉദ്ധരണികളിൽ നിന്ന് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ രണ്ട് ദിവസങ്ങൾ ആഘോഷമായി സ്വീകരിക്കുക എന്നത് ഇസ്‌ലാമിൽ പിൽക്കാലഘട്ടത്തിൽ കടത്തി കൂട്ടപ്പെട്ട കാര്യമാണെന്നും, അവയിൽ പ്രത്യേകം ആരാധനകൾ നിർവ്വഹിക്കുക എന്നത് ബിദ്അത്താണെന്നും അതോടൊപ്പം നിനക്ക് മനസ്സിലാക്കാം. ഇതു പോലെത്തന്നെയാണ്, റജബ് ഇരുപത്തിയേഴാം രാവിൻ്റെ കാര്യവും. ചിലർ ഇസ്റാഅ് മിഅ്റാജിൻ്റെ രാത്രി അന്നാണെന്നാണ് ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ ഈ രാത്രിയിലും എന്തെങ്കിലും ഇബാദത്തുകൾ പ്രത്യേകമായി നിർവ്വഹിക്കാനോ ആഘോഷദിനമായി കൊണ്ടാടാനോ പാടില്ല. മുൻപ് രേഖപ്പെടുത്തിയ തെളിവുകൾ തന്നെയാണ് അതിനുള്ള അവലംബവും. റജബ് ഇരുപത്തിഏഴിനാണ് ഇസ്റാഉം മിഅ്റാജും നടന്നത് എന്ന കാര്യം സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിലുള്ള വിധിയാണ് ഈ പറഞ്ഞത്; എന്നാൽ ഏത് ദിവസമാണ് അത് നടന്നത് എന്ന കാര്യം അറിവില്ല എന്നതാണ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ നിന്ന് ശരിയായിട്ടുള്ളത് എന്നിരിക്കെ അതിൻ്റെ വിധി എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കൂ! ഇസ്റാഉം മിഅ്റാജും നടന്നത് റജബിലെ ഇരുപത്തിഏഴാം രാത്രിയിലാണ് എന്ന് അഭിപ്രായപ്പെട്ടവരുടെ വാദം അടിസ്ഥാനരഹിതവും സ്വഹീഹായ ഹദീഥുകളുടെ പിൻബലമില്ലാത്തതുമാണ്. മുൻകാലക്കാരിൽ ചിലർ പറഞ്ഞ ഈ വാക്ക് എത്ര മനോഹരമാണ്:

കാര്യങ്ങളിൽ ഏറ്റവും ഉത്തമം സന്മാർഗത്തിൽ മുൻപേ നടന്നവരുടെ മാർഗമാണ്; കാര്യങ്ങളിൽ ഏറ്റവും മോശം പിൽക്കാലക്കാരുടെ പുതുനിർമ്മിതികളും.

അല്ലാഹു നമുക്കും മറ്റെല്ലാ മുസ്ലിംകൾക്കും സുന്നത്തിൽ ഉറച്ചു നിൽക്കാനും, അതിന് വിരുദ്ധമായ കാര്യങ്ങളിൽ നിന്നും ജാഗ്രത പുലർത്താനും തൗഫീഖ് ചെയ്യട്ടെ; അവൻ അതീവ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.

 

 

***

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ലേഖനം എട്ട്:

പ്രചരിക്കപ്പെട്ട ഒരു വ്യാജ വസ്വിയ്യത്തിനെ പറ്റിയുള്ള ഉണർത്തൽ

മസ്ജിദുന്നബവിയുടെ സേവകൻ ശൈഖ് അഹ്മദിൻ്റെ പേരിലാണ് പ്രസ്തുത വസ്വിയ്യത്ത്

ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ് മുസ്‌ലിംകൾക്ക് നൽകുന്ന സന്ദേശം: അല്ലാഹു എല്ലാ മുസ്‌ലിംകളെയും ഇസ്‌ലാമിൻ്റെ മാർഗത്തിൽ സംരക്ഷിക്കുമാറാകട്ടെ. അക്രമികളും വിവരദോഷികളുമായവർ കെട്ടിച്ചമക്കുന്ന കള്ളങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് അല്ലാഹു നമ്മെയും അവരെയും കാത്തുരക്ഷിക്കുമാറാകട്ടെ.

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്

മസ്ജിദുന്നബവിയുടെ പരിപാലകൻ ശൈഖ് അഹ്മദ് നൽകുന്ന സുപ്രധാനമായ ഉപദേശം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഒരു സന്ദേശം എൻ്റെ ശ്രദ്ധയിൽ പെട്ടു. അതിൽ വന്ന ചില ഭാഗങ്ങൾ ഇപ്രകാരമാണ്:

ഒരു ജുമുഅഃ ദിവസം രാത്രിയിൽ ഞാൻ ഖുർആൻ പാരായണം ചെയ്തു കൊണ്ട് ഉറങ്ങാതിരിക്കുകയായിരുന്നു. അങ്ങനെ അല്ലാഹുവിൻ്റെ ഉത്തമ നാമങ്ങളായ അസ്മാഉൽ ഹുസ്നാ പാരായണം ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്തു. അപ്പോൾ അല്ലാഹുവിൻ്റെ ഖുർആനിലെ ആയത്തുകളും പവിത്രമായ വിധിവിലക്കുകളും നമുക്കെത്തിച്ചു തന്ന അല്ലാഹുവിൻ്റെ റസൂലിനെ ﷺ  ഞാൻ ദർശിച്ചു. അവിടുന്ന് എന്നോട് പറഞ്ഞു: "ഹേ ശൈഖ് അഹ്മദ്!" ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സൃഷ്ടികളിൽ ആദരണീയരായവരേ! അങ്ങയുടെ വിളിക്ക് ഞാൻ ഉത്തരം നൽകിയിരിക്കുന്നു. അവിടുന്ന് എന്നോട് പറഞ്ഞു: "ജനങ്ങളുടെ മോശം പ്രവർത്തികൾ കണ്ട് എനിക്ക് ലജ്ജ തോന്നിയിരിക്കുന്നു. എൻ്റെ റബ്ബിനെയോ മലക്കുകളെയോ അഭിമുഖീകരിക്കാൻ എനിക്ക് സാധിക്കാതെ വന്നിരിക്കുന്നു. കാരണം കഴിഞ്ഞ ജുമുഅഃ മുതൽ ഈ ജുമുഅഃ വരെയായി ഒരുലക്ഷത്തി അറുപതിനായിരം പേർ ഇസ്‌ലാമിലല്ലാതെ മരണപ്പെട്ടിരിക്കുന്നു." ശേഷം ജനങ്ങൾ അകപ്പെട്ടിരിക്കുന്ന മറ്റു ചില തിന്മകളെ കുറിച്ച് കൂടെ നബി ﷺ വിവരിച്ചു! അതിന് ശേഷം അവിടുന്ന് പറഞ്ഞു: "ഇനി പറയുന്ന ഉപദേശനിർദേശങ്ങൾ പ്രതാപവാനും സർവ്വാധിരാജനുമായ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്കുള്ള കാരുണ്യമാണ്." അതിന് ശേഷം അവിടുന്ന് അന്ത്യനാളിൻ്റെ ചില അടയാളങ്ങൾ പറഞ്ഞു തരികയും ഇപ്രകാരം പറയുകയും ചെയ്തു: "എൻ്റെ ഈ ഉപദേശം അവരെ അറിയിക്കൂ, ശൈഖ് അഹ്മദ്! കാരണം ഇത് ലൗഹുൽ മഹ്ഫൂദ്വിൽ നിന്ന് വിധിയുടെ പേനയാൽ പകർന്നെടുത്തതാണ്. ഇത് എഴുതിയെടുക്കുകയും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കും, ഒരു മഹല്ലിൽ നിന്ന് മറ്റൊരു മഹല്ലിലേക്ക് അയക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിൽ ഒരു കൊട്ടാരം നിർമ്മിക്കപ്പെടുന്നതാണ്. ആരെങ്കിലും ഇത് എഴുതിയെടുക്കാതിരിക്കുകയോ, മറ്റുള്ളവർക്ക് അയച്ചു നൽകാതിരിക്കുകയോ ചെയ്താൽ അന്ത്യനാളിൽ എൻ്റെ ശുപാർശ അവന് തടയപ്പെടുന്നതാണ്. ആരെങ്കിലും ഇത് എഴുതിയെടുത്താൽ -അവൻ ദരിദ്രനാണെങ്കിൽ- അല്ലാഹു അവനെ ധനികനാക്കും. കടമുള്ളവനാണെങ്കിൽ അവൻ്റെ കടം നികത്തും. അവൻ്റെ മേലോ അവൻ്റെ മാതാപിതാക്കളുടെ മേലോ എന്തെങ്കിലും പാപമുണ്ടെങ്കിൽ ഈ ഉപദേശത്തിൻ്റെ ബറകത്ത് കൊണ്ട് അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും. എന്നാൽ ഈ ഉപദേശം എഴുതിയെടുക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവൻ്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുന്നതാണ്." ശേഷം അദ്ദേഹം എഴുതുന്നു: "അല്ലാഹു തന്നെ സത്യം! ഇത് യാഥാർഥ്യമാണ്. ഞാൻ ഈ പറയുന്നത് കളവാണെങ്കിൽ ഞാൻ മരിക്കുന്നത് മുസ്‌ലിമല്ലാതെയായിരിക്കും. ആരെങ്കിലും ഈ പറഞ്ഞത് സത്യപ്പെടുത്തുന്നെങ്കിൽ അവൻ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതാണ്. ആരെങ്കിലും ഇതിനെ നിഷേധിച്ചാൽ അവൻ കാഫിറാകുന്നതാണ്!"

നബിയുടെ ﷺ  മേൽ കെട്ടിച്ചമച്ചുണ്ടാക്കിയ ഈ കള്ള വസ്വിയത്തിൻ്റെ ചുരുക്കമാണ് ഇത്രയും നിങ്ങൾ വായിച്ചത്. കാലങ്ങളായി ഈ കെട്ടിച്ചമക്കപ്പെട്ട വസ്വിയ്യത്തിൻ്റെ കഥ ജനങ്ങൾക്കിടയിൽ ഓരോ സമയങ്ങളിലായി പ്രചരിപ്പിക്കപ്പെടുന്നത് കേൾക്കാൻ തുടങ്ങിയിട്ട്. വ്യത്യസ്തമായ വാക്കുകളോടെ സാധാരണക്കാരായ മുസ്‌ലിംകൾക്കിടയിൽ ഇതിന് പലപ്പോഴും പ്രചാരം ലഭിക്കുകയും ചെയ്യാറുണ്ട്. നബിയെ ﷺ  സ്വപ്നത്തിൽ കണ്ടപ്പോഴാണ് ഈ വസ്വിയ്യത്ത് അദ്ദേഹം നൽകിയതെന്നും ഇത് പ്രചരിപ്പിക്കാൻ കൽപ്പിച്ചത് എന്നുമാണ് ചിലപ്പോൾ കേൾക്കാറുള്ളത്. എന്നാൽ ഈ വസ്വിയ്യത്തിൻ്റെ 'അവസാനത്തെ പതിപ്പിൽ' -മേലെ നാം വായിച്ചത് പോലെ- നബിയെ ﷺ  ഉണർച്ചയിൽ തന്നെ നേർക്കുനേരെ താൻ കണ്ടു എന്നാണ് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുള്ളത്.

ഈ വസ്വിയ്യത്ത് കെട്ടിച്ചമച്ചുണ്ടാക്കിയവൻ ഇതിൽ അവകാശപ്പെട്ടിട്ടുള്ള പല കാര്യങ്ങളും തനിച്ച കളവും അസത്യങ്ങളുമാണെന്നതിൽ സംശയമില്ല. ഈ കുറിപ്പിൽ അതിനെ കുറിച്ച് ഞാൻ വഴിയെ വിവരിക്കാം. മുൻപുള്ള വർഷങ്ങളിലും ഇതിനെ കുറിച്ച് ഞാൻ ഉണർത്തിയിരുന്നു. ഇത് വ്യക്തമായ കളവാണെന്ന് അന്നും ഞാൻ ഓർമ്മപ്പെടുത്തിയിരുന്നു. എന്നാൽ ഈ വസ്വിയ്യത്തിൻ്റെ 'അവസാനം പുറത്തിറങ്ങിയ ഈ പതിപ്പിനെ' കുറിച്ച് അറിഞ്ഞപ്പോൾ വീണ്ടും ഇക്കാര്യം ഓർമ്മപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ എനിക്ക് സംശയമുണ്ടായിരുന്നു. കാരണം ഇതെല്ലാം കളവാണെന്നതും, ഇത് കെട്ടിയുണ്ടാക്കിയവൻ അല്ലാഹുവിനെ തരിമ്പും ഭയമില്ലാത്തവനാണെന്നും അതിലെ വരികളിൽ നിന്ന് വ്യക്തമായിരുന്നു. ഇതു പോലൊരു കളവ് കുറച്ചെങ്കിലും ബോധമുള്ള, നേരായ പ്രകൃതമുള്ള ഒരാളുടെ അടുത്തും പരിഗണിക്കപ്പെടുക പോലുമില്ല എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ജനങ്ങൾക്കിടയിൽ ഇതിന് വ്യാപക പ്രചാരം ലഭിച്ചിട്ടുണ്ട് എന്നാണ് ചില സഹോദരങ്ങൾ എന്നെ ഉണർത്തിയത്. അവരിൽ പലരും അത് പരസ്പരം കൈമാറുകയും, അതിലുള്ള കാര്യങ്ങൾ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഈ അവസ്ഥയിൽ ഇതിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തി കൊണ്ടും നബിയുടെ ﷺ മേൽ  കെട്ടിച്ചമക്കപ്പെട്ടതാണ് ഇത് എന്ന് വിവരിച്ചു കൊണ്ടും ഒരു കുറിപ്പ് എഴുതുക എന്നത് എന്നെ പോലുള്ളവരുടെ മേൽ ബാധ്യതയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അറിവും ഈമാനുമുള്ള -അല്ലെങ്കിൽ ശുദ്ധപ്രകൃതവും നേരായ ബുദ്ധിയുമുള്ള- ഏതൊരാൾക്കും നബി ﷺ യുടെ വസ്വിയ്യത്ത് എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന ഈ സന്ദേശം കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളമാണെന്ന് ബോധ്യപ്പെടാൻ ഒന്നിലധികം കാരണങ്ങളുണ്ട്.

ശൈഖ് അഹ്‌മദിൻ്റെ കുടുംബത്തിൽ പെട്ട ചിലരോട് തന്നെ ഞാൻ ഈ പറഞ്ഞ കാര്യത്തിൻ്റെ സത്യാവസ്ഥ അന്വേഷിച്ചറിയാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞത് ശൈഖ് അഹ്മദിൻ്റെ മേൽ കെട്ടിച്ചമച്ച കളവാണ് ഇതെന്നും, അദ്ദേഹം ഇതു പോലെ യാതൊന്നും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല എന്നുമാണ്. മേലെ പരാമർശിക്കപ്പെട്ട ശൈഖ് അഹ്മദ് മരണപ്പെട്ടിട്ട് കുറച്ചു കാലമായി; ശൈഖ് അഹ്മദോ അദ്ദേഹത്തേക്കാൾ വലിയ ഒരാളോ നബിയെ ﷺ  ഉറക്കത്തിലോ ഉണർച്ചയിലോ കണ്ടു എന്നും, ഈ രൂപത്തിൽ ഒരു വസ്വിയ്യത്ത് നൽകുകയും ചെയ്തു എന്ന അവകാശവാദം സത്യമാണെന്ന് സ്ഥിരപ്പെട്ടാൽ പോലും ഈ പറഞ്ഞതെല്ലാം കളവാണെന്നും, അദ്ദേഹത്തോട് ഇതെല്ലാം പറഞ്ഞത് പിശാചാണ് എന്നും നാം പറയുമായിരുന്നു; നബിയല്ല ﷺ  അദ്ദേഹത്തോട് ഇതെല്ലാം പറഞ്ഞത് എന്ന് പറയാൻ ധാരാളം കാരണങ്ങളുണ്ട്.

ഒന്നാമതായി: നബി -ﷺ- വഫാത്തായതിന് ശേഷം അവിടുത്തെ ഉണർച്ചയിൽ കാണുക എന്നത് സാധ്യമല്ല. സ്വൂഫികളിൽ പെട്ട ഏതെങ്കിലും വിവരദോഷികൾ അപ്രകാരം നബിയെ ﷺ  ഞാൻ ഉണർച്ചയിൽ കണ്ടിരിക്കുന്നു എന്നോ, അവിടുന്ന് മൗലിദാഘോഷങ്ങളിൽ സന്നിഹിതരാകാറുണ്ടെന്നോ മറ്റോ അവകാശപ്പെടുന്നുവെങ്കിൽ കടുത്ത അബദ്ധത്തിൽ തന്നെയാണ് അവർ അകപ്പെട്ടിരിക്കുന്നു. വളരെ വലിയ തെറ്റിദ്ധാരണയിലാണ് അവർ വീണുപോയിരിക്കുന്നത്. ഖുർആനിനോടും സുന്നത്തിനോടും മുസ്‌ലിം പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായത്തിനും വിരുദ്ധമാണ് അവരുടെ ഈ അവകാശവാദം. കാരണം മരണപ്പെട്ടവർ തങ്ങളുടെ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മാത്രമേ പുറത്തു വരുകയുള്ളൂ; ഇഹലോകത്ത് അവരൊരിക്കലും തിരിച്ചു വരുന്നതല്ല. അതിന് വിരുദ്ധമായി ആരെങ്കിലും പറയുന്നുണ്ട് എങ്കിൽ അവൻ വ്യക്തമായ കളവ് തന്നെയാണ് പറയുന്നത്; അല്ലെങ്കിൽ അതീവ ഗുരുതരമായ തെറ്റിദ്ധാരണയിലും ആശയക്കുഴപ്പത്തിലുമാണ് അവൻ അകപ്പെട്ടിരിക്കുന്നത്. സച്ചരിതരായ മുൻഗാമികൾ മനസ്സിലാക്കിയതും,നബിയുടെ ﷺ  സ്വഹാബികൾ സ്വീകരിച്ചതുമായ സത്യമാർഗം അവൻ തിരിച്ചറിഞ്ഞിട്ടില്ല. അല്ലാഹു പറഞ്ഞു:

﴿ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ15 ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ16﴾

"പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.

പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ (ഖബ്റുകളിൽ നിന്ന്) എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌." (മുഅ്മിനൂൻ: 15, 16) നബി ﷺ പറഞ്ഞു:

«أَنَا أَوَّلُ مَنْ تَنْشَقُّ عَنْهُ الْأَرْضُ يَوْمَ الْقِيَامَةِ وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ».

"ഖിയാമത്ത് നാളിൽ ഭൂമി ആദ്യമായി പിളർന്നു മാറുക എൻ്റെ മുകളിൽ നിന്നായിരിക്കും. ഞാനായിരിക്കും ആദ്യമായി ശുപാർശ പറയുന്നവനും, ഞാനായിരിക്കും ആദ്യമായി ശുപാർശ സ്വീകരിക്കപ്പെടുന്നവനും." ഈ ആശയത്തിൽ ധാരാളം ആയത്തുകളും ഹദീഥുകളും ഉണ്ട്.

രണ്ടാമതായി: നബി -ﷺ- തൻ്റെ ജീവിത കാലത്തും മരണശേഷവും സത്യത്തിന് വിരുദ്ധമായി യാതൊന്നും പറയുകയില്ല. ഈ പറയപ്പെട്ട വസ്വിയ്യത്താകട്ടെ, ഇസ്‌ലാമിക വിധിവിലക്കുകളോട് നേർക്കുനേരെ എതിരാകുന്നതാണ്. അക്കാര്യം പല രൂപത്തിൽ വായനക്കാർക്ക് വഴിയെ ബോധ്യപ്പെടുന്നതാണ്. നബിയെ ﷺ  ഉറക്കത്തിൽ സ്വപ്നത്തിൽ കാണാൻ സാധ്യതയുണ്ട് എന്നത് ശരി തന്നെയാണ്. ആരെങ്കിലും നബിയുടെ ﷺ  ശരിയായ രൂപത്തിൽ അവിടുത്തെ കാണുകയാണെങ്കിൽ അയാൾ കണ്ടത് അവിടുത്തെ തന്നെയാണ്. കാരണം പിശാചിന് ഒരിക്കലും നബിയുടെ ﷺ  രൂപം സ്വീകരിക്കാൻ സാധിക്കുകയില്ല. അക്കാര്യം സ്വഹീഹായ ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. പക്ഷേ, സ്വപ്നം കാണുന്ന വ്യക്തിയുടെ വിശ്വാസവും സത്യസന്ധതയും നീതിബോധവും കാര്യങ്ങൾ ഗ്രഹിക്കുന്നതിലുള്ള കൃത്യതയും മതനിഷ്ഠയും വിശ്വസ്തതയും അതിനേക്കാളെല്ലാം പ്രധാനപ്പെട്ടതാണ്. നബിയുടെ ﷺ  ശരിയായ രൂപത്തിൽ തന്നെയാണോ അയാൾ സ്വപ്നം കണ്ടത് എന്നത് പ്രത്യേകം ഉറപ്പു വരുത്തേണ്ടതുണ്ട്.

നബി ﷺ തൻ്റെ ജീവിതകാലത്ത് പറഞ്ഞതായ ഒരു ഹദീഥാണെങ്കിൽ പോലും, സ്ഥിരപ്പെട്ടതല്ലാത്ത പരമ്പരയിലൂടെയാണ് അത് വന്നെത്തുന്നത് എങ്കിൽ അതൊരിക്കലും സ്വീകാര്യമാവുകയില്ല. ദീനിൻ്റെ എന്തെങ്കിലുമൊരു കാര്യത്തിൽ അത് അവലംബമാക്കപ്പെടുകയോ തെളിവായി സ്വീകരിക്കപ്പെടുകയോ ഇല്ല. ഇനി വിശ്വസ്തരായ നിവേദകരുടെ പരമ്പരയിലൂടെ ഒരു ഹദീഥ് വന്നെത്തിയാൽ പോലും -ആ പരമ്പരയിലുള്ള നിവേദകരേക്കാൾ വിശ്വസ്തരായ മറ്റു നിവേദകർ ഉദ്ധരിച്ച ഹദീഥിന് വിരുദ്ധമാണ് അതിലെ ആശയമെങ്കിൽ- അവക്കിടയിൽ പരസ്പരം യോജിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവയിൽ ഒരു ഹദീഥിൽ വന്ന കാര്യം ദുർബലമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും. അതിനും സാധിക്കുന്നില്ലെങ്കിൽ കൂടുതൽ വിശ്വസ്തരായ നിവേദകരുടെ ഹദീഥ് സ്വീകരിക്കുകയും, അതിൽ താഴെയുള്ളവരുടെ ഹദീഥ് ഒറ്റപ്പെട്ടതും ശാദ്ദായതുമാണെന്ന് വിലയിരുത്തുകയും, അത് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കാതിരിക്കുകയുമാണ് വേണ്ടത്.

ഇതാണ് ഹദീഥുകളുടെ കാര്യം എന്നിരിക്കെ ആരാണെന്ന് പോലും അറിയാത്ത ഒരു വ്യക്തി നബിയിൽ ﷺ  നിന്ന് കേട്ടതെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു വസ്വിയ്യത്ത് പ്രചരിപ്പിച്ചാൽ -അയാളുടെ വിശ്വസ്തതയെ കുറിച്ചോ സത്യസന്ധതയെ കുറിച്ചോ ഒരു പരിശോധനയും നടത്താതെ- എങ്ങനെയാണ് അത് സ്വീകരിക്കാൻ സാധിക്കുക?! യഥാർത്ഥത്തിൽ, ഇത്തരം പ്രചാരണങ്ങളെ ഒരു പരിഗണനയും നൽകാതെ ചവറ്റുകൊട്ടയിലേക്ക് എറിയുകയും, അവക്ക് ഒട്ടും പരിഗണന നൽകാതിരിക്കുകയുമാണ് വേണ്ടത്. ദീനിന് വിരുദ്ധമായ ഒരു കാര്യവും ആ വസ്വിയ്യത്തിൽ ഉൾക്കൊള്ളുന്നില്ലെങ്കിലുള്ള കാര്യമാണ് ഇത്രയും പറഞ്ഞത്. എങ്കിൽ, അനേകം നിരർത്ഥകമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന, നബിയുടെ ﷺ മേൽ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നതിന് സൂചനകൾ പലതും ഉൾക്കൊള്ളുന്ന, അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവൻ്റെ ദീനിൽ കൈകടത്താൻ ശ്രമിക്കുന്ന ഒരു വസ്വിയ്യത്തിനെ പിന്നെങ്ങനെയാണ് സ്വീകരിക്കാനാവുക.!?

നബി ﷺ പറഞ്ഞു:

«مَنْ قَالَ عَلَيَّ مَا لَمْ أَقُلْ فَلْيَتَـبَوَّأْ مَقْعَدَهُ مِنَ النَّارِ».

"ആരെങ്കിലും ഞാൻ പറയാത്തത് എൻ്റെ മേൽ പറഞ്ഞാൽ അവൻ നരകത്തിലെ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ." നബി ﷺ പറയാത്ത കാര്യമാണ് അവിടുത്തെ മേൽ ഈ 'വസ്വിയ്യത്തുകാരൻ' കെട്ടിച്ചമച്ചുണ്ടാക്കിയിരിക്കുന്നത്. അവിടുത്തെ മേൽ അപകടകരമായ തനി കളവാണ് അയാൾ നിർമ്മിച്ചിരിക്കുന്നത്. 'നരകത്തിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ' എന്ന നബിയുടെ ﷺ  താക്കീത് ഇയാൾക്ക് എത്രമാത്രം അർഹമാണ്! ഇത് നിർമ്മിച്ചുണ്ടാക്കിയവൻ എത്രയും വേഗം തൗബ ചെയ്തു കൊണ്ട്, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നത് എത്രയും അനിവാര്യമാണ്! നബിയുടെ ﷺ  മേൽ താൻ നിർമ്മിച്ചുണ്ടാക്കിയ ഈ വസ്വിയ്യത്ത് കളവാണെന്ന് അവൻ ജനങ്ങൾക്കിടയിൽ വ്യക്തമാക്കുകയും ചെയ്യട്ടെ. കാരണം ഒരാൾ ജനങ്ങൾക്കിടയിൽ അസത്യമായ എന്തെങ്കിലും കാര്യം പ്രചരിപ്പിക്കുകയും അത് ദീനിൻ്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്താൽ തൻ്റെ കളവ് ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവൻ കളവ് പറഞ്ഞതാണെന്ന് ആളുകൾ തിരിച്ചറിയുകയും ചെയ്യുന്നത് വരെ അവൻ്റെ തൗബ (പശ്ചാത്താപം) ശരിയാവുകയില്ല. അല്ലാഹു പറഞ്ഞത് കാണുക:

﴿إِنَّ ٱلَّذِينَ يَكۡتُمُونَ مَآ أَنزَلۡنَا مِنَ ٱلۡبَيِّنَٰتِ وَٱلۡهُدَىٰ مِنۢ بَعۡدِ مَا بَيَّنَّٰهُ لِلنَّاسِ فِي ٱلۡكِتَٰبِ أُوْلَٰٓئِكَ يَلۡعَنُهُمُ ٱللَّهُ وَيَلۡعَنُهُمُ ٱللَّٰعِنُونَ159 إِلَّا ٱلَّذِينَ تَابُواْ وَأَصۡلَحُواْ وَبَيَّنُواْ فَأُوْلَٰٓئِكَ أَتُوبُ عَلَيۡهِمۡ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ160﴾

"നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌.

എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണചൊരിയുന്നവനുമാകുന്നു." (ബഖറ: 159, 160) ആരെങ്കിലും സത്യം മറച്ചു വെക്കുകയാണെങ്കിൽ അവൻ സ്വന്തം നിലപാട് നന്നാക്കുകയും, ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്താലല്ലാതെ അവൻ്റെ പശ്ചാത്താപം ശരിയാവുകയില്ല എന്ന് ഈ ആയത്തുകളിലൂടെ അല്ലാഹു അറിയിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ ദീൻ തൻ്റെ ദാസന്മാർക്കായി പൂർത്തീകരിച്ചു നൽകുകയും, മുഹമ്മദ് നബിയെ ﷺ  നിയോഗിക്കുകയും അവിടുത്തേക്ക് പരിപൂർണ്ണമായ വിധിവിലക്കുകൾ സന്ദേശമായി നൽകുകയും ചെയ്തു കൊണ്ട് അവൻ്റെ അനുഗ്രഹം സമ്പൂർണ്ണമാക്കുകയും, ദീൻ പൂർണ്ണമായി വിവരിച്ചു നൽകിയതിന് ശേഷം അവിടുത്തെ മരിപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞതു പോലെ:

﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗا...﴾

"...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നു." (മാഇദഃ: 3)

എന്നാൽ ഉപരിസൂചിത വസ്വിയ്യത്ത് കെട്ടിച്ചമച്ചവൻ ഈ പതിനാലാം നൂറ്റാണ്ടിലാണ് പുറപ്പെട്ടിരിക്കുന്നത്; തൻ്റെ പുതിയ ദീനിലൂടെ അവൻ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. അവൻ്റെ ഈ വസ്വിയ്യത്തിലെ വിധികൾ സ്വീകരിച്ചവർക്ക് മാത്രം സ്വർഗവും, അവൻ്റെ പുതിയനിയമം സ്വീകരിക്കാത്തവർക്ക് നരകവുമുണ്ടെന്നാണ് അവൻ അവകാശപ്പെടുന്നത്! വിശുദ്ധ ഖുർആനിനേക്കാളും മഹത്വവും ശ്രേഷ്ഠതയുമാണ് അവൻ തൻ്റെ ഈ കെട്ടിച്ചമച്ച വസ്വിയ്യത്തിന് കൽപ്പിച്ചു നൽകിയിരിക്കുന്നത്. കാരണം ഈ വസ്വിയ്യത്ത് എഴുതി രേഖപ്പെടുത്തുകയും മറ്റു നാടുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിൽ ഒരു കൊട്ടാരം തന്നെ പണിയപ്പെടുന്നതാണ് എന്നും, ഇത് എഴുതിയെടുത്ത് ജനങ്ങൾക്ക് അയച്ചു നൽകാത്തവർക്ക് നബിയുടെ ﷺ ശുപാർശ തടയപ്പെടുന്നതാണ് എന്നുമാണ് അവൻ അവകാശപ്പെട്ടിരിക്കുന്നത്. ഇതെല്ലാം ഏറ്റവും നിന്ദ്യമായ കളവ് തന്നെ! ഈ പ്രചരിപ്പിക്കപ്പെടുന്ന വസ്വിയ്യത്ത് ഏറ്റവും വ്യക്തമായ കളവാണെന്നതിനുള്ള തെളിവാണ് ഇതെല്ലാം. ഇത് കെട്ടിച്ചമച്ചവന് ലജ്ജയുടെ ഒരു കണിക പോലും ബാക്കിയില്ലെന്നതിലും, കളവ് പറയാൻ അസാമാന്യ ധൈര്യവുമുണ്ടെന്നതിലും സംശയമില്ല. കാരണം ചിന്തിച്ചു നോക്കൂ! അല്ലാഹുവിൻ്റെ ഖുർആൻ ഒരാൾ എഴുതിയെടുക്കുകയും, അത് ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്താൽ പോലും ഇവൻ്റെ വസ്വിയ്യത്തിൽ പറയപ്പെട്ട പ്രതിഫലമോ ശ്രേഷ്ഠതയോ അയാൾക്ക് വാഗ്ദാനം നൽകപ്പെട്ടിട്ടില്ല. എന്നിരിക്കെ, ഈ കളവ് എഴുതിയെടുത്ത് പ്രചരിപ്പിക്കുന്നവന് എന്തു ലഭിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?! ഒരാൾ ഖുർആൻ എഴുതിയെടുക്കുകയോ, ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് അയച്ചു കൊടുക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും അവന് നബിയുടെ ﷺ ശുപാർശ തടയപ്പെടുകയില്ല; അവിടുത്തെ ശുപാർശ ലഭിക്കാൻ ഒരാൾ മുഅ്മിനാവുകയും നബിയുടെ ﷺ  ദീൻ പിൻപറ്റുകയും ചെയ്താൽ മാത്രം മതി. ഈ ഒരൊറ്റ കളവ് മാത്രം മതി ജനങ്ങൾക്കിടയിൽ പ്രചരിച്ച ഈ വസ്വിയ്യത്ത് കളവാണെന്നും അത് പ്രചരിപ്പിക്കുന്നവർ കള്ളന്മാരാണെന്നതിനുമുള്ള തെളിവായി! അല്ലാഹുവിൻ്റെ റസൂൽ ﷺ എത്തിച്ചു നൽകിയ ഇസ്‌ലാം ദീനിൽ നിന്ന് എത്രമാത്രം ഇവർ അകലെയാണെന്നതിനും, ഇവർ എത്ര വലിയ ബുദ്ധിശൂന്യരും മ്ലേഛരുമാണെന്നതിനും ഇത് തന്നെ മതിയായ തെളിവാണ്.

ഈ വസ്വിയ്യത്തിൽ ഇത്രയും പറയപ്പെട്ടതല്ലാത്ത അനേകം വഴികേടുകൾ വേറെയുമുണ്ട്; അവയെല്ലാം ഇത് കള്ളമാണെന്നും അടിസ്ഥാനരഹിതമാണെന്നും ബോധ്യപ്പെടുത്തുന്നതാണ്. ഇത് കെട്ടിച്ചമച്ചവൻ ആയിരം തവണയോ അതിലധികമോ ശപഥം ചെയ്തു കൊണ്ട് ഈ വസ്വിയ്യത്ത് സത്യമാണെന്ന് വാദിച്ചാലും, ഇത് കളവാണെങ്കിൽ തൻ്റെ മേൽ കഠിനമായ ശിക്ഷയും അല്ലാഹുവിൻ്റെ കോപവും വന്നുഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചാലും ഇതൊരിക്കലും സ്വീകരിക്കുക സാധ്യമല്ല. അല്ലാഹു തന്നെ സത്യം! വീണ്ടും അല്ലാഹു തന്നെ സത്യം! ഇത് ഏറ്റവും വ്യക്തമായ കളവും കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളവുമാണ്. അല്ലാഹുവിനെയും നമ്മോട് ചുറ്റുമുള്ള മലക്കുകളെയും സാക്ഷി നിർത്തി കൊണ്ട് നാം പറയട്ടെ: ഈ കുറിപ്പ് വായിക്കുന്ന എല്ലാ മുസ്‌ലിം സഹോദരങ്ങളെയും സാക്ഷിയാക്കി -അല്ലാഹുവിൻ്റെ മുൻപിൽ ഈ സാക്ഷ്യത്തെ കുറിച്ച് ഞാൻ ചോദ്യം ചെയ്യപ്പെടുന്നതാണെന്ന ഉത്തമബോധ്യത്തോടെ- പറയട്ടെ: നബിയുടെ ﷺ  പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ തനി കള്ളം മാത്രമാണ് ഈ വസ്വിയ്യത്ത്; അത് കെട്ടിച്ചമച്ചവനെ അല്ലാഹു നിന്ദ്യനാക്കുകയും അവന് അർഹമായത് അല്ലാഹു നൽകുകയും ചെയ്യട്ടെ.

ഈ വസ്വിയ്യത്ത് കളവാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങൾ കൂടി അതിൻ്റെ ഉള്ളടക്കത്തിൽ നിന്ന് ഇവിടെ വിവരിക്കട്ടെ;

ഒന്ന്: 'കഴിഞ്ഞ ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരെ ഒരു ലക്ഷത്തി അറുപതിനായിരം പേർ മുസ്‌ലിംകളായിട്ടല്ലാതെ മരണപ്പെട്ടിരിക്കുന്നു' എന്ന് നബി ﷺ പറഞ്ഞിരിക്കുന്നു എന്നാണ് അതിൽ അവകാശപ്പെടുന്നത്. നബിയുടെ ﷺ  വഫാത്തിന് ശേഷം അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം ലഭിക്കുന്നില്ല; ഈ വിവരമാകട്ടെ അദൃശ്യകാര്യങ്ങളിൽ പെട്ടതുമാണ്. നബിക്ക് ﷺ  തൻ്റെ ജീവിതകാലത്ത് പോലും അദൃശ്യകാര്യങ്ങൾ അറിയാൻ സാധിക്കുമായിരുന്നില്ല എന്നിരിക്കെ എങ്ങനെയാണ് അവിടുത്തെ വഫാത്തിന് ശേഷം അവിടുത്തേക്ക് അത് അറിയാൻ സാധിക്കുക?! അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿قُل لَّآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ...﴾

"പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല..." (അൻആം: 50) അല്ലാഹു പറഞ്ഞു:

﴿قُل لَّا يَعۡلَمُ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلۡغَيۡبَ إِلَّا ٱللَّهُ...﴾

"(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ..." (നംല്: 65) നബി -ﷺ- പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:

«يُذَادُ رِجَالٌ عَنْ حَوْضِي يَوْمَ القِيَامَةِ فَأَقُولُ: يَا رَبِّ! أَصْحَابِي أَصْحَابِي فَيُقَالُ لِي: إِنَّكَ لَا تَدْرِي مَا أَحْدَثُوا بَعْدَكَ فَأَقُولُ كَمَا قَالَ العَبْدُ الصَّالِحُ: ﴿وَكُنتُ عَلَيۡهِمۡ شَهِيدٗا مَّا دُمۡتُ فِيهِمۡۖ فَلَمَّا تَوَفَّيۡتَنِي كُنتَ أَنتَ ٱلرَّقِيبَ عَلَيۡهِمۡۚ وَأَنتَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ﴾ [المائدة: 117]».

"ഖിയാമത്ത് നാളിൽ എൻ്റെ ഹൗദിൽ നിന്ന് ചിലർ തടയപ്പെടും. അപ്പോൾ ഞാൻ പറയും: "എൻ്റെ റബ്ബേ! എൻ്റെ സഹചാരികൾ, എൻ്റെ സഹചാരികൾ." അപ്പോൾ എന്നോട് പറയപ്പെടും: "താങ്കൾക്ക് ശേഷം അവർ എന്ത് ചെയ്തുവെന്ന് താങ്കൾക്ക് അറിയില്ല." അപ്പോൾ ഞാൻ സൽകർമ്മിയായ ആ ദാസൻ (ഈസാ -عَلَيْهِ السَّلَامُ-) പറഞ്ഞതുപോലെ പറയും: "ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു." (മാഇദ: 117)

രണ്ട്: "ആരെങ്കിലും ഈ വസ്വിയ്യത്ത് എഴുതിയെടുത്താൽ -അവൻ ദരിദ്രനാണെങ്കിൽ- അല്ലാഹു അവനെ ധനികനാക്കും. കടമുള്ളവനാണെങ്കിൽ അവൻ്റെ കടം നികത്തും. അവൻ്റെ മേലോ അവൻ്റെ മാതാപിതാക്കളുടെ മേലോ എന്തെങ്കിലും പാപമുണ്ടെങ്കിൽ ഈ ഉപദേശത്തിൻ്റെ ബറകത്ത് കൊണ്ട് അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും." - ഇപ്രകാരമാണ് ആ വസ്വിയ്യത്തിലുള്ളത്. ഈ വസ്വിയ്യത്ത് കളവാണെന്നതിനുള്ള ഏറ്റവും വലിയ തെളിവുകളിലൊന്നും, ഇതിലെ ഏറ്റവും ഗുരുതരമായ കളവുകളിലൊന്നുമാണ് ഈ പറഞ്ഞത്. ഇത് എഴുതിയുണ്ടാക്കിയവന് അല്ലാഹുവിൻ്റെ മുൻപിലും അവൻ്റെ സൃഷ്ടികളുടെ മുൻപിലും ലജ്ജയുടെ ഒരു കണിക പോലുമില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കാരണം ഈ പറയപ്പെട്ട മൂന്ന് കാര്യങ്ങളും വിശുദ്ധ ഖുർആൻ ഒരാൾ എഴുതിയെടുത്താൽ പോലും ലഭിക്കുന്നതല്ല; എന്നിരിക്കെ ഈ അടിസ്ഥാനരഹിതമായ വസ്വിയ്യത്തിന് എങ്ങനെയാണ് ഈ പറഞ്ഞ ശ്രേഷ്ഠതയെല്ലാമുണ്ടാവുക?! യഥാർത്ഥത്തിൽ ഈ ദുഷ്ടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, അവരെ ഈ വ്യാജ വസ്വിയ്യത്തിലേക്ക് ബന്ധിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ജനങ്ങൾ ഇത് എഴുതിയെടുക്കുകയും, അതിന് പകരമായി ലഭിക്കുമെന്ന് ജൽപ്പിക്കപ്പെടുന്ന ഈ പ്രതിഫലം പ്രതീക്ഷിച്ചിരിക്കുകയും, അല്ലാഹു അവൻ്റെ ദാസന്മാർക്ക് ധന്യത നേടിയെടുക്കാനും കടം തീർക്കാനും നിശ്ചയിച്ചു നൽകിയ വഴികൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിനാണ് ഇത് കാരണമാവുക. നാശത്തിൻ്റെ വഴികളിൽ നിന്നും ദേഹേഛയെയും പിശാചിനെയും അനുസരിക്കുന്ന സ്ഥിതി വന്നെത്തുന്നതിൽ നിന്നും അല്ലാഹുവിനോട് നാം കാവൽ തേടുന്നു.

മൂന്ന്: ഈ വസ്വിയ്യത്ത് കള്ളമാണെന്ന് ബോധ്യപ്പെടുത്തുന്ന അതിലുള്ള മറ്റൊരു പരാമർശം "ഈ ഉപദേശം എഴുതിയെടുക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവൻ്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുന്നതാണ്" എന്ന അവകാശവാദമാണ്. ഈ പറഞ്ഞതും ഏറ്റവും വികൃതമായ കളവുകളിൽ പെട്ടത് തന്നെ. ഈ വസ്വിയ്യത്ത് കള്ളമാണെന്നതിനുള്ള വ്യക്തമായ തെളിവ് കൂടിയാണിത്. പതിനാലാം നൂറ്റാണ്ടിൽ പുറപ്പെട്ട, അജ്ഞാതനായ ഏതോ ഒരാൾ എഴുതിയുണ്ടാക്കിയ ഇത്തരമൊരു വസ്വിയ്യത്ത് എഴുതി പ്രചരിപ്പിക്കാൻ ബുദ്ധിയുള്ള ഏതൊരാൾക്കാണ് സാധിക്കുക?! അതിൽ തന്നെ നബിയുടെ ﷺ  മേൽ കളവ് കെട്ടിച്ചമക്കാനും, ഇത് എഴുതിയെടുക്കാത്തവൻ്റെ മുഖം ഇഹലോകത്തും പരലോകത്തും കറുത്തിരുളുമെന്നും മറ്റുമുള്ള അവകാശവാദങ്ങൾ ഉന്നയിക്കാനും എങ്ങനെയാണ് ഒരാൾക്ക് ധൈര്യം വരുന്നത്? എഴുതിയവർക്ക് സമ്പത്ത് വർധിക്കുകയും കടങ്ങൾ വീടുകയും തിന്മകൾ പൊറുക്കപ്പെടുകയും ചെയ്യുമത്രെ!!

അല്ലാഹു എത്രയോ പരിശുദ്ധൻ! ഇത് മഹാപരാധം തന്നെയായിരിക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളും അനുഭവങ്ങളും ഈ അവകാശവാദത്തിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നുണ്ട്. ഇത് പടച്ചുണ്ടാക്കിയവന് അല്ലാഹുവിനോടോ അവൻ്റെ ദാസന്മാരോടോ തരിമ്പു പോലും ലജ്ജയില്ലെന്നും, അല്ലാഹുവിനെ തീർത്തും ഭയമില്ലെന്നും ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഈ വസ്വിയ്യത്ത് എഴുതിയെടുക്കാത്ത എത്രയെത്ര മനുഷ്യരുണ്ട് ഈ ലോകത്ത്; അവരുടെ മുഖങ്ങളൊന്നും കറുത്തു പോയില്ലല്ലോ?! മറുഭാഗത്ത് ഇത് ധാരാളം തവണ പകർത്തിയെഴുതിയ വേറൊരു കൂട്ടരുമുണ്ട്; അവരുടെ കടങ്ങൾ വീടുകയോ അവരുടെ ദാരിദ്ര്യം അവസാനിക്കുകയോ ചെയ്തിട്ടുമില്ല! ഹൃദയങ്ങൾ തെറ്റിപ്പോവുകയും തിന്മകൾ കൊണ്ട് മൂടുകയും ചെയ്യുന്ന അവസ്ഥയിൽ നിന്ന് അല്ലാഹുവിനോട് നാം രക്ഷ തേടുന്നു! ഈ വസ്വിയ്യത്തിൽ പറയപ്പെട്ട വിശേഷണങ്ങളും പ്രതിഫലങ്ങളും അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നവർക്ക് പോലും പറയപ്പെട്ടിട്ടില്ല. എന്നിരിക്കെ എങ്ങനെയാണ് അനേകം കളവുകളും തനിച്ച നിഷേധത്തിൻ്റെയും കുഫ്റിൻ്റെയും വാചകങ്ങളും ഉൾക്കൊള്ളുന്ന ഈ വ്യാജവസ്വിയ്യത്തിന് ഇത്രയും പ്രതിഫലം നൽകപ്പെടുക?! അല്ലാഹു എത്ര പരിശുദ്ധൻ! അവൻ്റെ മേൽ കളവ് കെട്ടിച്ചമക്കുന്നവരോട് അവൻ എത്ര വലിയ ക്ഷമയാണ് പുലർത്തുന്നത്!

നാല്: "ആരെങ്കിലും ഈ വസ്വിയ്യത്ത് സത്യപ്പെടുത്തിയാൽ അവൻ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടും; ആരെങ്കിലും ഇതിനെ കളവാക്കിയാൽ അവൻ കാഫിറായിപ്പോകും" എന്നാണ് ഈ വ്യാജവസ്വിയ്യത്തിൽ അവകാശപ്പെട്ടിരിക്കുന്നത്. ഇത് കള്ളമാണെന്നും അടിസ്ഥാനരഹിതമാണെന്നുമുള്ളതിനുള്ള ഏറ്റവും വ്യക്തമായ തെളിവുകളിൽ പെട്ട മറ്റൊരു കാര്യമാണിത്. കളവ് പറയാൻ യാതൊരു ഭയവും ഇതുണ്ടാക്കിയവർക്ക് ഇല്ല തന്നെ! തൻ്റെ കള്ളം സത്യപ്പെടുത്താനും അതിലൂടെ നരകത്തിൽ നിന്ന് രക്ഷ നേടാമെന്നും, ആരെങ്കിലും ഇത് കളവാക്കിയാൽ അവൻ കാഫിറാകുമെന്നും വാദിക്കാൻ ഒരാൾക്ക് എങ്ങനെയാണ് ധൈര്യമുണ്ടാവുക?! അല്ലാഹുവിൻ്റെ മേൽ അതിഭീകരമായ ഒരു കളവ് തന്നെയാണ് ഇവൻ കെട്ടിച്ചമച്ചുണ്ടാക്കിയിരിക്കുന്നത്. അല്ലാഹു സത്യം! ഒരു അടിസ്ഥാനവുമില്ലാത്ത കാര്യമാണ് അവൻ അല്ലാഹുവിൻ്റെ മേൽ പറഞ്ഞുണ്ടാക്കിയിരിക്കുന്നത്. യഥാർത്ഥത്തിൽ, ഇത് സത്യപ്പെടുത്തുന്നവരാണ് കാഫിറാകാൻ എല്ലാ സാധ്യതയുമുള്ളത്; അല്ലാതെ ഇതിനെ കളവാക്കുന്നവരല്ല. കാരണം സത്യത്തിൻ്റെ ഒരു കണിക പോലുമില്ലാത്ത കളവും അസത്യവും മാത്രമാണ് ഇതിലുള്ളത്. അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് നാം ആവർത്തിക്കട്ടെ; ഇത് കളവാണ്. ഇതുണ്ടാക്കിയവൻ കള്ളനുമാണ്. അല്ലാഹുവിൻ്റെ അനുമതിയില്ലാതെ അവൻ്റെ ദീനിൽ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കാനാണ് ഇവൻ ഉദ്ദേശിക്കുന്നത്. ഇവൻ്റെ ഈ കളവ് കെട്ടിച്ചമക്കപ്പെടുന്നതിന് പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അല്ലാഹു അവൻ്റെ ദീൻ പൂർത്തീകരിക്കുകയും ഈ ഉമ്മത്തിനായി അത് സമ്പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ -പ്രിയപ്പെട്ട വായനക്കാരും എൻ്റെ സഹോദരങ്ങളും- ശ്രദ്ധിക്കുക! ഇത്തരം കളവുകൾ സത്യപ്പെടുത്തുന്നത് നിങ്ങൾ കരുതിരിയിരിക്കുക! ഇവക്ക് നിങ്ങളുടെ അടുത്ത് യാതൊരു പരിഗണനയും ലഭിക്കുന്ന സ്ഥിതിയുണ്ടാകരുത്. അല്ലാഹുവിൽ നിന്നുള്ള സത്യം അന്വേഷിക്കുന്നവർക്ക് യാതൊരു നിലക്കും അത് അവ്യക്തമാകാത്ത വിധം വ്യക്തമായ പ്രകാശവും വെളിച്ചവും അതിനുണ്ടായിരിക്കും. അതിനാൽ തെളിവുകൾ കൊണ്ട് നിങ്ങൾ സത്യം അന്വേഷിക്കുക! നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്ന വിഷയങ്ങൾ പണ്ഡിതന്മാരോട് നിങ്ങൾ ചോദിച്ചറിയുകയും ചെയ്യുക! കള്ളന്മാരുടെ ശപഥങ്ങളിൽ നിങ്ങൾ വഞ്ചിതരാകരുത്! ശപിക്കപ്പെട്ട ഇബ്‌ലീസ് നിങ്ങളുടെ ആദ്യപിതാവായ ആദമിനോടും ഹവ്വാഇനോടും സത്യം ചെയ്തു പറഞ്ഞുവല്ലോ; അവൻ അവരോട് അങ്ങേയറ്റം ഗുണകാംക്ഷയുള്ളവനാണെന്ന്. എന്നാൽ ഏറ്റവും വലിയ വഞ്ചകനും കള്ളനുമായിരുന്നു അവൻ. അല്ലാഹു അക്കാര്യം നമുക്ക് വിവരിച്ചു തന്നിട്ടുണ്ട്; അവൻ പറയുന്നു:

﴿وَقَاسَمَهُمَآ إِنِّي لَكُمَا لَمِنَ ٱلنَّٰصِحِينَ21﴾

"തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു." (അഅ്റാഫ്: 21) അതിനാൽ നിങ്ങൾ പിശാചിനെ കരുതിയിരിക്കുക! അവനെ പിൻപറ്റിയ മറ്റു കള്ളന്മാരെയും നിങ്ങൾ സൂക്ഷിക്കുക. ഇക്കൂട്ടർ കള്ളശപഥങ്ങളും വഞ്ചന നിറഞ്ഞ വാഗ്ദാനങ്ങളും മനോഹരമായി അലങ്കരിച്ച വാചകങ്ങളും കൊണ്ട് നിങ്ങളെ വഞ്ചനയിൽ അകപ്പെടുത്തുന്നതിനെ സൂക്ഷിക്കുക! ഈ വസ്വിയ്യത്ത് നിർമ്മിച്ചുണ്ടാക്കിയവൻ പറഞ്ഞതു പോലെ, ജനങ്ങൾക്കിടയിൽ തിന്മകളും പാപങ്ങളും വ്യാപിച്ചിരിക്കുന്നു എന്ന കാര്യം; അത് സത്യമാണ്. വിശുദ്ധ ഖുർആനും തിരുസുന്നത്തും അവയിൽ നിന്ന് ഏറ്റവും നല്ല വിധത്തിൽ താക്കീത് നൽകിയിട്ടുണ്ട്. മനുഷ്യർക്ക് വേണ്ട സന്മാർഗവും മതിയായ താക്കീതുകളും അവ രണ്ടിലുമുണ്ട്.

ഈ വസ്വിയ്യത്തിൽ പറയപ്പെട്ട ചില അന്ത്യനാളിൻ്റെ അടയാളങ്ങളുടെ കാര്യമാകട്ടെ; നബി ﷺ യുടെ ഹദീഥുകളിൽ അവ വ്യക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അവയിൽ ചിലതിലേക്കുള്ള സൂചനകളുണ്ട്. ആർക്കെങ്കിലും അവ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അവൻ ഹദീഥ് ഗ്രന്ഥങ്ങളിൽ ഈ വിഷയം വിവരിക്കുന്ന ഭാഗങ്ങളും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും പരിശോധിക്കേണ്ട കാര്യം മാത്രമേയുള്ളൂ. അതിനായി ഈ കള്ളൻ കെട്ടിച്ചമച്ചുണ്ടാക്കിയ വസ്വിയ്യത്തോ കുറിപ്പുകളോ വായിക്കേണ്ട കാര്യമില്ല. പിശാചുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും വഴിപിഴപ്പിക്കുന്നവർ നിർമ്മിച്ചുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്നും അല്ലാഹുവിൻ്റെ ശത്രുക്കളുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ നിന്നും എന്നെയും നിങ്ങളെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ! അല്ലാഹുവിൻ്റെ പ്രകാശം തങ്ങളുടെ വായ കൊണ്ട് ഊതിക്കെടുത്താനും, ജനങ്ങൾക്ക് അവരുടെ ദീനിൻ്റെ കാര്യം ആശയക്കുഴപ്പത്തിലാക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ അല്ലാഹു അവൻ്റെ പ്രകാശം പൂർത്തീകരിക്കുന്നതാണ്; അല്ലാഹുവിൻ്റെ ശത്രുക്കളായ പിശാചുക്കൾക്കും അവ്ചരെ പിൻപറ്റുന്ന നിഷേധികൾക്കും ധിക്കാരികൾക്കും അത് അനിഷ്ടകരമായിരുന്നാലും. മുസ്‌ലിംകളുടെ അവസ്ഥ അല്ലാഹു നന്നാക്കട്ടെ! അവർക്ക് സത്യം പിൻപറ്റാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ! അതിൽ ഉറച്ചു നിൽക്കാനും എല്ലാ തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനും അവൻ അവർക്ക് സൗഭാഗ്യം നൽകട്ടെ! അവൻ അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും അതീവ കാരുണ്യവാനും എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനുമാകുന്നു നമുക്ക് അല്ലാഹു മതി; ഭരമേൽപ്പിക്കാൻ അവൻ എത്ര നല്ലവനാണ്. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല.

 

***

 

ml397v4.0 - 16/02/2026