مِنْ أَحْكَامِ الصِّيَامِ
നോമ്പിന്‍റെ വിധിവിലക്കുകളിൽ നിന്ന്
اللَّجْنَةُ العِلْمِيَّةُ
بِرِئَاسَةِ الشُّؤُونِ الدِّينِيَّةِ بِالمَسْجِدِ الحَرَامِ وَالمَسْجِدِ النَّبَوِيِّ
മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും മതകാര്യ വിഭാഗത്തിന്റെ അധ്യക്ഷതയിലുള്ള വൈജ്ഞാനിക സമിതി
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
നോമ്പിന്റെ വിധിവിലക്കുകളിൽ നിന്ന്:
അദ്ധ്യായം: ഒന്ന്
നോമ്പിൻ്റെ
അർത്ഥവും, റമദാനിലെ നിർബന്ധമായ നോമ്പും
ഒന്നാമതായി: നോമ്പിന്റെ അര്‍ത്ഥം:
നോമ്പെന്നാൽ, അല്ലാഹുവിനുള്ള ആരാധന എന്ന നിയ്യത്തിൽ, പുലരി ഉദിച്ചതു മുതൽ സൂര്യൻ അസ്തമിക്കുന്നതു വരെ, നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലാണ്.
രണ്ടാമതായി: റമദാൻ മാസത്തിലെ നിർബന്ധമായ നോമ്പ്.
റമദാനിലെ നോമ്പ് ഇസ്ലാമിന്റെ സ്തംഭങ്ങളിൽ ഒന്നാണ്; അതില്ലാതെ ഒരു മുസ്ലിമിന്റെ ദീൻ നിലനിൽക്കുകയില്ല. നോമ്പ് എല്ലാ പൂർവ്വകാല സമൂഹങ്ങൾക്കും അതിന്റെ രൂപവും സമയവും വ്യത്യസ്തമായിരുന്നെങ്കിലും നിർബന്ധമായിരുന്നു.
അല്ലാഹു പറഞ്ഞതു പോലെ:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ 183﴾
{ഈമാനുള്ളവരേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ തഖ്‌വയുള്ളവരാകാൻ വേണ്ടിയത്രെ അത്.} (അൽ ബഖറ: 183) ഈ ആയത്തിൽ വന്നിട്ടുള്ള 'കുതിബ' എന്ന പദത്തിനർഥം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നാണ്.
നോമ്പ് നിർബന്ധമാണ് എന്നത് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും ഇജ്മാഅ് കൊണ്ടും തെളിഞ്ഞ കാര്യമാണ്.
ഖുർആനിൽ വന്ന തെളിവുകളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ 183 أَيَّامٗا مَّعۡدُودَٰتٖ...﴾
{ഈമാനുള്ളവരേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു.നിങ്ങള്‍ തഖ്‌വയുള്ളവരാകാൻ വേണ്ടിയത്രെ അത്.}
{എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം.} (അൽ ബഖറ: 183-184)
സുന്നത്തിൽ നിന്നുള്ള തെളിവ് കാണുക: നബി -ﷺ- പറഞ്ഞു:
«بُنِيَ الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَـهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَحَجِّ الْبَيْتِ».
{ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ പോയി ഹജ്ജ് നിർവ്വഹിക്കൽ.}
ഇജ്മാഇന്റെ കാര്യമെടുത്താൽ മുസ്ലിം സമൂഹം ഒന്നടങ്കം റമദാൻ മാസത്തിലെ നോമ്പ് നിർബന്ധമാണെന്ന കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു. അത് നിർബന്ധമാണെന്ന കാര്യം ആരെങ്കിലും നിഷേധിച്ചാൽ അതോടെ അവൻ കാഫിറായിത്തീരും.
അദ്ധ്യായം: രണ്ട്
റമദാൻ മാസത്തിൻ്റെ ശ്രേഷ്ഠതകൾ
ഈ മഹത്തായ മാസത്തിന് മറ്റു മാസങ്ങളെ അപേക്ഷിച്ച് സവിശേഷമായ ചില ശ്രേഷ്ഠതകളും പ്രത്യേകതകളും ഉണ്ട്. അവയിൽ പെട്ടതാണ്:
1) ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿شَهۡرُ رَمَضَانَ ٱلَّذِيٓ أُنزِلَ فِيهِ ٱلۡقُرۡءَانُ...﴾
{വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.} (അൽ ബഖറ: 185)
2- സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുന്ന മാസമാണ് റമദാൻ. ആ മാസത്തെ സൽകർമ്മങ്ങളുടെ ആധിക്യം കാരണത്താലാണത്.
3) ഈ മാസത്തിൽ നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുന്നു; റമദാനിൽ പാപങ്ങൾ കുറവായതിനാലാണി ത്.
നബി (ﷺ) അപ്രകാരം പറഞ്ഞതായി ഹദീസിൽ വന്നിരിക്കുന്നു:
«إِذَا جَاءَ رَمَضَانُ، فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ».
{റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും.}2
4) റമദാനിൻ്റെ ശ്രേഷ്ഠതകൾ അറിയിക്കുന്ന മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞതായി കാണാം:
«مَا مِنْ حَسَنَةٍ يَعْمَلُهَا ابْنُ آدَمَ إِلَّا كُتِبَ لَهُ عَشْرُ حَسَنَاتٍ إِلَى سَبْعِمِائَةِ ضِعْفٍ، قَالَ اللَّهُ: إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي، الصِّيَامُ جُنَّةٌ، وَلِلصَّائِمِ فَرْحَتَانِ: فَرْحَةٌ عِنْدَ فِطْرِهِ، وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ، وَلَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ مِنْ رِيحِ الْمِسْكِ» .
{ആദമിൻ്റെ സന്തതികൾ ചെയ്യുന്ന സൽപ്രവർത്തനങ്ങൾക്ക് പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയായി പ്രതിഫലം നൽകപ്പെടും; അല്ലാഹു പറഞ്ഞു: 'നോമ്പ് ഒഴികെ. തീർച്ചയായും അതെനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. നോമ്പുകാരൻ തൻ്റെ ദേഹേച്ഛയും ഭക്ഷണവും എനിക്ക് വേണ്ടി ഉപേക്ഷിക്കുന്നു. നോമ്പ് ഒരു പരിചയാണ്. നോമ്പുകാരന് രണ്ട് സന്തോഷവേളകളുണ്ട്. നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷമാണ് ഒന്ന്. തൻ്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷമാണ് രണ്ടാമത്തേത്. നോമ്പുകാരൻ്റെ വായിലെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്.'}3 നോമ്പിൻ്റെ പ്രതിഫലത്തിൻ്റെ വർദ്ധനവ് കണക്കിൽ ഒതുങ്ങുന്നതല്ല.
5) നോമ്പിൽ മറ്റുള്ള ആരാധനാകർമങ്ങളിലേതിനേക്കാൾ ഇഖ്ലാസ്വ് നിറഞ്ഞുനിൽക്കും.
ഹദീഥിലെ വാചകം അക്കാര്യം സൂചിപ്പിക്കുന്നു:
«تَرَكَ شَهْوَتَهُ وَطَعَامَهُ وَشَرَابَهُ مِنْ أَجْلِي».
{നോമ്പുകാരൻ തൻ്റെ ദേഹേച്ഛയും ഭക്ഷണവും പാനീയവും എനിക്കുവേണ്ടി ഉപേക്ഷിച്ചിരിക്കുന്നു."4
6) അല്ലാഹു നോമ്പുകാർക്കായി സ്വർഗത്തിൽ ' റയ്യാൻ ' എന്ന ഒരു പ്രത്യേക കവാടം നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ അവരൊഴികെ മറ്റാരും പ്രവേശിക്കുകയില്ല.
7) നോമ്പുകാരന് സ്വീകരിക്കപ്പെടുന്ന പ്രാർത്ഥനയുണ്ട്; നബി -ﷺ- പറഞ്ഞിരിക്കുന്നു:
«لِلصَّائِمِ عِنْدَ فِطْرِهِ دَعْوَةٌ لَا تُرَدُّ».
{നോമ്പുകാരന് നോമ്പ് തുറക്കുമ്പോൾ ഒരു പ്രാർത്ഥനയുണ്ട്, അത് തള്ളപ്പെടുന്നതല്ല.}5
8) നബി(ﷺ) പറഞ്ഞു:
«مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».
{ആരെങ്കിലും ഈമാനോടെയും പ്രതിഫലേഛയോടെയും റമദാനിൽ നോമ്പനുഷ്ഠിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.}6
അതുകൊണ്ട് ഒരു മുസ്‌ലിം തൻ്റെ നോമ്പ് ഈമാനോടെയും പ്രതിഫലേഛയോടെയും ആയിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതാണ്. അപ്പോഴാണ് അതുവഴി പ്രതിഫലവും പാപമോചനവും അവന് ലഭിക്കുക.
അദ്ധ്യായം: മൂന്ന്
റമദാൻ മാസാരംഭം സ്ഥിരീകരിക്കാനുള്ള വഴി
റമദാൻ മാസാരംഭം ഉറപ്പാക്കുന്നത് രണ്ട് കാര്യങ്ങളിലൊന്നിലൂടെയാണ്:
1) മാസപ്പിറവി കാണൽ; നബി ﷺ പറഞ്ഞു:
«إِذَا رَأَيْتُمُ الْهِلَالَ فَصُومُوا، وَإِذَا رَأَيْتُمُوهُ فَأَفْطِرُوا، فَإِنْ غُمَّ عَلَيْكُمْ فَاقْدُرُوا لَهُ».
{നിങ്ങൾ (മാസപ്പിറവി) കണ്ടാൽ നോമ്പെടുക്കുക; നിങ്ങൾ (മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)."7 നബിയുടെ -ﷺ- മറ്റൊരു ഹദീഥ് ഇങ്ങനെയാണ്:
«لَا تَصُومُوا حَتَّى تَرَوُا الْهِلَالَ، وَلَا تُفْطِرُوا حَتَّى تَرَوْهُ».
{നിങ്ങൾ ഹിലാൽ കണ്ടാൽ മാത്രമേ നോമ്പ് നോക്കാവൂ; നിങ്ങൾ അത് കണ്ടാൽ മാത്രമേ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യാവൂ.}8
2) മാസപ്പിറവി കാണാൻ സാധിക്കാത്ത പക്ഷം, നബിയുടെ -ﷺ- ഈ വാക്കുകൾ പ്രകാരം, ശഅ്ബാൻ മുപ്പത് ദിവസമായി പൂർത്തീകരിക്കണം;
«الشَّهْرُ تِسْعٌ وَعِشْرُونَ لَيْلَةً، فَلَا تَصُومُوا حَتَّى تَرَوْهُ، فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ».
{മാസം ഇരുപത്തിയൊൻപത് രാത്രികളാണ്, അതിനാൽ നിങ്ങൾ അതിനെ കാണുന്നതുവരെ നോമ്പ് നോക്കരുത്; നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ എണ്ണം മുപ്പതാക്കി പൂർത്തിയാക്കുക.}9
അദ്ധ്യായം: നാല്
നോമ്പിന്റെ നിയ്യത്ത്
ഏതൊരു പ്രവർത്തനത്തനവും സ്വീകാര്യയോഗ്യമാവാനുള്ള നിബന്ധനയാണ് നിയ്യത്ത്. റമദാനിലെ നോമ്പിന് തലേന്ന് രാത്രിയിൽ തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം; നബി (ﷺ) പറഞ്ഞു:
«مَنْ لَمْ يُبَيِّتِ الصِّيَامَ قَبْلَ الْفَجْرِ، فَلَا صِيَامَ لَهُ».
{ഫജ്റിന് മുൻപ് നോമ്പെടുക്കാൻ നിശ്ചയിക്കാത്തവന് നോമ്പില്ല.}10
ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യഃ (رحمه الله) പറഞ്ഞു: "നാളെ റമദാൻ മാസം ആരംഭിക്കും എന്ന് അറിയുകയും നോമ്പെടുക്കാൻ ഉദ്ദേശിക്കുകയും ചെയ്ത ഏതൊരാളും നോമ്പ് നിയ്യത്താക്കിയിരിക്കുന്നു. നിയ്യത്ത് അവൻ ചൊല്ലിപ്പറഞ്ഞാലും ഇല്ലെങ്കിലും ശരി. മുസ്‌ലിംകളുടെയെല്ലാം പൊതു രീതി ഇതാണ്. അവരെല്ലാം നോമ്പ് ഇപ്രകാരം നിയ്യത്ത് ചെയ്യുന്നു."11
അദ്ധ്യായം: അഞ്ച്:
ആർക്കൊക്കെയാണ് നോമ്പ് നിർബന്ധമാകുക?
പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, ഓരോ മുസ്‌ലിമിനും നോമ്പ് നിർബന്ധമാണ്.
ആരോഗ്യവാനും നാട്ടിൽ താമസക്കാരനുമായിരുന്നാൽ റമദാനിൽ തദവസരത്തിൽ തന്നെ നോമ്പ് നിർവഹിക്കേണ്ടതാണ്. രോഗിയാണെങ്കിൽ പിന്നീട് നോറ്റു വീട്ടൽ അനിവാര്യമാകും.
ആരോഗ്യവാനായ യാത്രക്കാരനാണെങ്കിൽ: നോമ്പ് നോക്കാനോ ഒഴിവാക്കാനോ സ്വാതന്ത്ര്യമുണ്ട്. നോമ്പ് ഒഴിവാക്കുന്നതാണ് ഉത്തമം.
കാഫിറിന് നോമ്പ് നിർബന്ധമല്ല. അവൻ അത് നിർവഹിക്കുകയാണെങ്കിൽ അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയുമില്ല. എന്നാൽ, റമദാൻ മാസത്തിനിടയിൽ അവൻ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ ശേഷിക്കുന്ന ദിവസങ്ങൾ നോമ്പ് നോക്കണം. കാഫിറായിരുന്ന കാലത്തെ നഷ്ടപ്പെട്ട നോമ്പുകൾ അവൻ നോറ്റു വീട്ടേണ്ടതില്ല.
പ്രായപൂർത്തിയെത്താത്ത കുട്ടികൾക്ക് നോമ്പ് നിർബന്ധമല്ല; എന്നാൽ വകതിരിവുള്ള കുട്ടികൾ നോമ്പ് നോറ്റാൽ അത് സ്വഹീഹാണ്. അത് അവൻ നിർവഹിക്കുന്ന ഒരു സുന്നത്തായ കർമ്മമായി പരിഗണിക്കപ്പെടും.
ഭ്രാന്തനായി കഴിയുന്ന ഒരാൾക്ക് നോമ്പ് നിർബന്ധമല്ല. ഭ്രാന്തൻ നോമ്പ് നോറ്റാലും അത് ശരിയാവുകയില്ല; കാരണം ഭ്രാന്തുള്ളവർക്ക് നിയ്യത്ത് ഉണ്ടാവുകയില്ല.
അദ്ധ്യായം: ആറ്
ആർക്കെല്ലാമാണ് നോമ്പ് ഒഴിവാക്കാൻ ഇളവുള്ളത്?
താഴെപ്പറയുന്ന ആളുകൾക്ക് റമദാൻ മാസത്തിലെ നോമ്പ് ഒഴിവാക്കാൻ ഇളവുണ്ട്:
1) അസുഖബാധിതൻ.
രോഗിയായ ഒരാൾക്ക് നോമ്പ് പ്രയാസകരമാകുന്നുവെങ്കിൽ നോമ്പ് എടുക്കാതിരിക്കലാണ് നല്ലത്.
2) യാത്രയിലായിരിക്കെ റമദാൻ മാസം കടന്നു വരികയോ, റമദാൻ ആരംഭിച്ച ശേഷം യാത്ര തുടങ്ങുകയോ ചെയ്ത യാത്രക്കാരൻ.
യാത്ര 80 കിലോമീറ്ററോ അതിലധികമോ ഉണ്ടെങ്കിൽ അയാൾക്ക് നോമ്പ് എടുക്കാതിരിക്കാൻ ഇളവുണ്ട്.
3) ആർത്തവമോ പ്രസവരക്തമോ ഉള്ള സ്ത്രീകൾക്ക് പ്രസ്തുത കാലയളവിൽ നോമ്പെടുക്കൽ ഹറാമാണ്. ആയിഷ (رَضِيَ اللَّهُ عَنْها) പറഞ്ഞതായി കാണാം: {ഞങ്ങൾ ഋതുമതികളാകാറുണ്ട്. തദവസരത്തിലെ നോമ്പ് നോറ്റ് വീട്ടാൻ ഞങ്ങൾ കൽപിക്കപ്പെട്ടിരുന്നു. എന്നാൽ ആ സമയത്തെ നിസ്കാരം നിർവഹിച്ചു വീട്ടാൻ കൽപിക്കപ്പെട്ടിരുന്നില്ല.}12
4) രോഗം ഭേദമാകാൻ സാധ്യതയില്ലാത്ത വിധം ദീർഘകാല രോഗിയാവുകയും, നോമ്പ് നോക്കാൻ തുടർച്ചയായി കഴിയാതാവുകയും ചെയ്യുന്നവൻ ഓരോ ദിവസത്തിനും ഒരു പാവപ്പെട്ടവന് ഭക്ഷണം നൽകണം. അര സ്വാഅ് (ഏതാണ്ട് ഒന്നര കിലോ) ഗോതമ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും, ധാന്യമോ നൽകിയാൽ മതിയാകും. അങ്ങനെയുള്ളവർ നോമ്പ് നോറ്റു വീട്ടേണ്ടതില്ല.
5) നോമ്പ് എടുക്കാൻ സാധിക്കാത്ത വിധം അവശവാർദ്ധക്യത്തിൽ എത്തിയ ആൾ.
അങ്ങനെയുള്ളവർ നോമ്പെടുക്കേണ്ടതില്ല. ഓരോ നോമ്പിനും പകരം ഒരു സാധുവിന് ഭക്ഷണം നൽകിയാൽ മതി. നോമ്പ് നോറ്റു വീട്ടേണ്ടതുമില്ല.
6) ഗർഭിണികളും മുലയൂട്ടുന്നവരും നോമ്പ് കാരണം, തങ്ങൾക്കോ അല്ലെങ്കിൽ കുട്ടികൾക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാകുമെന്ന ഭയം ഉണ്ടെങ്കിൽ അവർക്ക് നോമ്പ് ഒഴിവാക്കാം. പിന്നീട് അത് അവർ നോറ്റുവീട്ടണം. എന്നാൽ നോമ്പ് ഒഴിവാക്കിയത് കുട്ടികളുടെ കാര്യത്തിൽ മാത്രമുള്ള ഭയം കൊണ്ടാണ് എങ്കിൽ അവർ പിന്നീട് നോറ്റുവീട്ടുകയും ഓരോ ദിവസത്തെ നോമ്പിനും പകരം ഓരോ സാധുവിന് ഭക്ഷണം നൽകുകയും വേണം.
അദ്ധ്യായം: ഏഴ്
നോമ്പ് മുറിക്കുന്ന കാര്യങ്ങൾ
1- ലൈംഗിക ബന്ധം.
റമദാൻ മാസത്തിലെ പകൽ സമയത്ത് സംയോഗം ചെയ്താൽ അവന്റെ നോമ്പ് അസാധുവായിത്തീരും. അവൻ ആ ദിവസത്തെ ശേഷിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാതെ തുടരണം. ഈ ഗുരുതരമായ തെറ്റ് ചെയ്തതിന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പാപമോചനം തേടുകയും വേണം. ലൈംഗിക ബന്ധത്തിലൂടെ മുറിച്ചു കളഞ്ഞ ആ ദിവസത്തെ നോമ്പ് നോറ്റു വീട്ടണം. അത് കൂടാതെ, അവൻ്റെ മേൽ പ്രായശ്ചിത്തവും നിർബന്ധമാണ്. അതായത്, ഒരു അടിമയെ മോചിപ്പിക്കുക. അത് സാധ്യമല്ലെങ്കിൽ തുടർച്ചയായി രണ്ട് മാസം നോമ്പെടുക്കുക. തുടർച്ചയായി രണ്ട് മാസം നോമ്പെടുക്കാൻ കഴിയാത്ത പക്ഷം, ആ നാട്ടിലെ ഭക്ഷണമായ ഗോതമ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും ഭക്ഷണം, അറുപത് ദരിദ്രർക്ക് ഓരോരുത്തർക്കും അര സ്വാഅ് വീതം നൽകുക.
2- ചുംബനം, മറ്റുള്ള ബാഹ്യ കേളികൾ, സ്വയംഭോഗം, അല്ലെങ്കിൽ ആവർത്തിച്ചുള്ള വൈകാരികമായ നോട്ടം തുടങ്ങിയവയിൽ ഏതെങ്കിലും കാരണം കൊണ്ട് സ്ഖലനം സംഭവിക്കുക.
നോമ്പുകാരൻ ഇതിലേതെങ്കിലും കാര്യം ചെയ്തത് മൂലം സ്ഖലനം സംഭവിച്ചാൽ അവൻ്റെ നോമ്പ് അസാധുവാകും. എന്നാൽ അവൻ ആ ദിവസം ഭക്ഷണം ഒഴിവാക്കി തുടരുകയും, പിന്നീടത് നോറ്റുവീട്ടുകയും വേണം. പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. പക്ഷേ, ചെയ്തുപോയ തെറ്റിൽ അവൻ ഖേദിക്കുകയും, അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുകയും പാപമോചനത്തിന് തേടുകയും വേണം. ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ അങ്ങേയറ്റം പരിശ്രമിക്കണം. കാരണം, അത്രയും മഹത്വമേറിയ ആരാധനാ കർമ്മങ്ങളിലൊന്നാണ് നോമ്പ്.
3- മനപ്പൂർവ്വം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക.
4- ഹിജാമയുടെ (കൊമ്പ് ചികിത്സ) ഭാഗമായോ, ദാനം ചെയ്യാനോ, മറ്റുള്ള ആവശ്യങ്ങൾക്കോ നോമ്പുകാരന്റെ ശരീരത്തിൽ നിന്ന് രക്തമെടുക്കുക.
നബി(ﷺ) ഹിജാമയെ കുറിച്ച് പറഞ്ഞ ഹദീഥ് ഈ വിഷയത്തിലെ അടിസ്ഥാന പാഠമാണ്:
«أَفْطَرَ الْحَاجِمُ وَالْمَحْجُومُ».
"ഹിജാമ ചെയ്തയാളുടെയും ചെയ്തു കൊടുത്തയാളുടെയും നോമ്പ് മുറിഞ്ഞിരിക്കുന്നു."13
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ (رحمه الله) പറഞ്ഞിരിക്കുന്നു: "ഭൂരിപക്ഷം ഹദീഥ് പണ്ഡിതന്മാരുടെയും, അഹ്മദ് ബ്നു ഹമ്പൽ, ഇസ്ഹാഖ് ബ്നു റാഹവയ്ഹി, ഇബ്നു ഖുസൈമ, ഇബ്നുൽ മുന്ദിർ തുടങ്ങിയവരുടെയുമൊക്കെ അഭിപ്രായം ഹിജാമ കൊണ്ട് നോമ്പ് മുറിയും എന്നാണ്."14
എന്നാൽ, മൂക്കിൽ നിന്നുള്ള രക്തസ്രാവം, മുറിവിൽ നിന്നുള്ള രക്തം, പല്ലെടുത്തത് കാരണത്താൽ വരുന്ന രക്തം തുടങ്ങി, നോമ്പുകാരന്റെ ശരീരത്തിൽ നിന്ന് മനപ്പൂർവമല്ലാതെ രക്തസ്രാവം ഉണ്ടായാൽ അത് മുഖേന നോമ്പ് മുറിയുകയില്ല.
5- കരുതിക്കൂട്ടി ഛർദ്ദിക്കുക.
ആമാശയത്തിലുള്ള ഭക്ഷണമോ പാനീയമോ വായിലൂടെ പുറത്തുവരുന്ന രൂപത്തിൽ മനപ്പൂർവ്വം എന്തെങ്കിലും ചെയ്താൽ നോമ്പ് മുറിയും. എന്നാൽ ഒരാൾ മനപ്പൂർവ്വം ഒന്നും പ്രവർത്തിക്കാതെ ചർദ്ദി ഉണ്ടായാൽ അത് മുഖേന നോമ്പ് മുറിയുകയില്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ، وَمَنْ اسْتَقَاءَ فَلْيَقْضِ».
"ആർക്കെങ്കിലും ഛർദ്ദി വന്നാൽ അവൻ നോമ്പ് രണ്ടാമത് നോറ്റു വീട്ടേണ്ടതില്ല. എന്നാൽ ആരെങ്കിലും കരുതിക്കൂട്ടി ഛർദിച്ചാൽ അവൻ നോമ്പ് നോറ്റു വീട്ടുക."
15 ഹദീഥിൽ വന്നിട്ടുള്ള 'ദറഅഹു' എന്ന പദത്തിന്റെ അർത്ഥം ഒരാൾക്ക് തടയാൻ സാധിക്കാത്ത രൂപത്തിൽ സ്വാഭാവികമായി ചർദ്ദി വന്നു എന്നാണ്.
അദ്ധ്യായം: എട്ട്
നോമ്പുകാരന് പുണ്യകരമായ കാര്യങ്ങൾ
1) അത്താഴം; അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«تَسَحَّرُوا، فَإِنَّ فِي السُّحُورِ بَرَكَةً».
"നിങ്ങൾ അത്താഴം കഴിക്കുക; തീർച്ചയായും അത്താഴത്തിൽ ബറകത് (അനുഗ്രഹം) ഉണ്ട്."16.
2- അത്താഴം വൈകിപ്പിക്കുക; സുബ്ഹിൻ്റെ സമയമായി എന്ന് ഭയപ്പെടാത്തിടത്തോളം.
3) സൂര്യൻ അസ്തമിച്ചുവെന്ന് ഉറപ്പായാൽ നോമ്പ് തുറക്കാൻ ധൃതികൂട്ടുക. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«لَا تَـزَالُ أُمَّتِي بِخَيْرٍ، مَا أَخَّرُوا السُّحُورَ، وَعَجَّلُوا الْفِطْرَ».
"എന്റെ സമുദായം അത്താഴം വൈകിപ്പിക്കുകയും നോമ്പ് തുറക്കാൻ ധൃതി കൂട്ടുകയും ചെയ്യുന്നിടത്തോളം അവർ നന്മയിലായിരിക്കും."17.
4- നോമ്പ് തുറക്കാൻ ഈത്തപ്പഴമാണ് ഏറ്റവും നല്ലത്. അതില്ലെങ്കിൽ കാരക്ക, അതുമില്ലെങ്കിൽ വെള്ളം കുടിച്ചു കൊണ്ട് നോമ്പ് തുറക്കുക. അനസ് (رضي الله عنه) പറഞ്ഞു:
«كَانَ رَسُولُ اللَّهِ ﷺ يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّيَ، فَإِنْ لَمْ تَكُنْ رُطَبَاتٌ، فَعَلَى تَمَرَاتٍ، فَإِنْ لَمْ تَكُنْ، حَسَا حَسَوَاتٍ مِنْ مَاءٍ».
"നബി -ﷺ- നിസ്കാരത്തിന് മുൻപ് കുറച്ച് ഈത്തപ്പഴം കഴിച്ചുകൊണ്ടാണ് നോമ്പ് തുറക്കാറുണ്ടായിരുന്നത്. അത് ലഭിച്ചില്ലെങ്കിൽ ഏതാനും കാരക്കകൾ കൊണ്ട്. അതും ഇല്ലെങ്കിൽ കുറച്ചു വെള്ളം കുടിച്ചിറക്കിക്കൊണ്ട്."18
5) നോമ്പ്കാരൻ താനാഗ്രഹിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് തേടിക്കൊണ്ട് നോമ്പ് തുറക്കൽ പുണ്യകരമാണ്. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«إِنَّ لِلصَّائِمِ عِنْدَ فِطْرِهِ دَعْوَةً لَا تُرَدُّ».
"നോമ്പുകാരന് നോമ്പ് മുറിക്കുമ്പോൾ ഒരു പ്രാർത്ഥനയുണ്ട്, അത് തള്ളപ്പെടുന്നതല്ല."19
6) വ്യത്യസ്തയിനം ഇബാദത്തുകൾ വർധിപ്പിക്കുക. ഖുർആൻ പാരായണം, ദിക്റുകൾ, രാത്രി നിസ്കാരം, തറാവീഹ് നിസ്കാരം,
റവാത്തിബ് സുന്നത്തുകൾ, ദാനധർമ്മങ്ങൾ,സുകൃതങ്ങളുടെ വഴിയിലുള്ള
വിനിയോഗം തുടങ്ങിയ നന്മകൾ ധാരാളമായി ചെയ്യുക.തീർച്ചയായും
നന്മകൾ തിന്മകളെ ഇല്ലാതാക്കുന്നതാണ്.
അദ്ധ്യായം: ഒൻപത്
പ്രത്യേകം
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
നോമ്പുകാരൻ കളവും പരദൂഷണവും വഴക്കും വക്കാണവുമെല്ലാം ഉപേക്ഷിക്കേണ്ടതാണ്. തന്നെ ആരെങ്കിലും ചീത്ത പറഞ്ഞാൽ "ഞാൻ നോമ്പുകാരനാണ്" എന്നാണ് അവൻ മറുപടി പറയേണ്ടത്.
നബി -ﷺ- പറഞ്ഞു:
«الصِّيَامُ جُنَّةٌ، فَلَا يَرْفُثْ وَلَا يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ، فَلْيَقُلْ: إِنِّي صَائِمٌ، إِنِّي صَائِمٌ».
"നോമ്പ് ഒരു പരിചയാണ്; അതിനാൽ നോമ്പുകാരൻ മ്ലേഛത പ്രവർത്തിക്കുകയോ അവിവേകം കാണിക്കുകയോ ചെയ്യരുത്. ആരെങ്കിലും അവനോട് വഴക്കുണ്ടാക്കുകയോ അവനെ ചീത്ത പറയുകയോ ചെയ്താൽ, 'ഞാൻ നോമ്പുകാരനാണ്' എന്ന് രണ്ട് തവണ അവൻ പറയട്ടെ."20
നോമ്പുകാരൻ വായിൽ വെള്ളം കൊപ്ലിക്കുമ്പോഴും മൂക്കിൽ വെള്ളം കയറ്റി ചീറ്റുമ്പോഴും പരിധിവിടാതെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ വെള്ളം ഉള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ട്.
നബി -ﷺ- പറഞ്ഞു:
«وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا».
"മൂക്കിൽ നീ നന്നായി വെള്ളം കയറ്റി ചീറ്റുക; നോമ്പുകാരനായിരിക്കുമ്പോൾ ഒഴികെ"21
ദന്തശുദ്ധീകരണം കൊണ്ട് നോമ്പിന് യാതൊരു തകരാറും സംഭവിക്കുകയില്ല. മറിച്ച്, നോമ്പുകാരന് പല്ല്തേക്കൽ ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട പുണ്യകർമ്മം തന്നെയാണ്. അത് പകലിന്റെ ആരംഭത്തിലായാലും അവസാനത്തിലായാലും ഒരുപോലെ തന്നെയാണ്.
അദ്ധ്യായം: പത്ത്
റമദാനിലെ നോമ്പ് ഖദാഅ്
വീട്ടൽ
റമദാനിലെ നോമ്പ് ഒഴിവാക്കിയവർ അത് പിന്നീട് നോറ്റു വീട്ടൽ നിർബന്ധമാണ്. ദീനിൽ അനുവദിക്കപ്പെട്ട കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവരായാലും, ലൈംഗിക ബന്ധം പോലെ ഹറാമായ കാരണങ്ങളാൽ നോമ്പ് ഒഴിവാക്കിയവരായാലും നോറ്റു വീട്ടുക നിർബന്ധം തന്നെ. അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿...فَعِدَّةٞ مِّنۡ أَيَّامٍ أُخَرَ...﴾
{രോഗമോ, യാത്രയോ കാരണത്താൽ നോമ്പ് ഒഴിവാക്കിയവർ) മറ്റുള്ള ദിവസങ്ങളിൽ തുല്യമായ എണ്ണം (നോമ്പെടുത്തു വീട്ടുക)} (അൽ ബഖറ: 183) നോമ്പ് നോറ്റു വീട്ടാനുണ്ടെങ്കിൽ അത് വേഗം പൂർത്തിയാക്കലാണ് പുണ്യകരം. കാരണം തന്റെ ബാധ്യത വേഗത്തിൽ നിർവഹിച്ചു തീർക്കുകയാണല്ലോ നല്ലത്. വീട്ടാനുള്ള നോമ്പുകൾ തുടർച്ചയായി എടുക്കലും നല്ലതാണ്. കാരണം, റമദാനിലെ നോമ്പുകളുടെ രീതി അങ്ങനെയാണല്ലോ. എന്നാൽ, കടമുള്ള നോമ്പുകൾ എടുത്തു വീട്ടുക പിന്നീട് ഒരു സമയത്തേക്ക് നീട്ടി വെച്ചാൽ കുറ്റമില്ല. കാരണം, അതിനുള്ള സമയം (അടുത്ത റമദാൻ വരെ) വിശാലമാണ്. ഇത്ര ദിവസത്തിനുള്ളിൽ അത് നിർവഹിക്കണം എന്ന നിബന്ധനയില്ല.
ഇടവിട്ട് നോമ്പ് നോറ്റു വീട്ടലും അനുവദനീയം തന്നെ. എന്നാൽ ശഅ്ബാൻ മാസമാവുകയും അടുത്ത റമദാനിനു മുൻപ് തനിക്ക് കടമുള്ള നോമ്പുകളുടെ എണ്ണം മാത്രം ദിവസങ്ങൾ ബാക്കിയാവുകയും ചെയ്താൽ തുടർച്ചയായി തന്നെ നോമ്പ് എടുക്കുക നിർബന്ധമായി തീരും. കാരണം ആ സന്ദർഭത്തിൽ ഇടവിട്ട് നോമ്പെടുക്കാനുള്ള സമയമില്ല. അകാരണമായി തൊട്ടടുത്ത റമദാനിന് അപ്പുറത്തേക്ക് കടമുള്ള നോമ്പ് വീട്ടാതെ കൊണ്ടുപോവുക പാടുള്ളതല്ല.
കടമുള്ള നോമ്പുകൾ തൊട്ടടുത്ത റമദാനിന് അപ്പുറത്തേക്ക് നോറ്റു വീട്ടാതെ കൊണ്ടുപോകുന്നവർ രണ്ടാലൊരു അവസ്ഥയിൽ ആയിരിക്കും:
ഒന്ന്: ദീനിൽ അനുവദിക്കപ്പെട്ട കാരണങ്ങൾ കൊണ്ട് വൈകിപ്പിക്കുക എന്നത്. ഉദാഹരണത്തിന് ഒരാളുടെ രോഗം അടുത്ത റമദാൻ വരേക്കും നീണ്ടുപോവുക. ഇങ്ങനെയുള്ളവർ കടമുള്ള നോമ്പുകൾ നോറ്റു വീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ.
രണ്ട്: അകാരണമായി വൈകിപ്പിക്കുക എന്നത്. ഇങ്ങനെയുള്ളവർ കടമുള്ള നോമ്പുകൾ നോറ്റുവീട്ടിയാൽ മാത്രം പോരാ. അതുകൂടാതെ ഓരോ നോമ്പിനും പകരമായി ഒരു സാധുവിന് ഭക്ഷണം നൽകേണ്ടതുണ്ട്. നാട്ടിലെ ഭക്ഷ്യധാന്യമെന്തോ അത് അര സ്വാഅ് വീതമാണ് നൽകേണ്ടത്.
നിർബന്ധ നോമ്പ് നോറ്റു വീട്ടാൻ ബാക്കിയുള്ളവർ സുന്നത്തായ നോമ്പുകൾ എടുക്കുന്നതിനു മുൻപായി നിർബന്ധമായവ എടുത്തു തീർക്കലാണ് ഏറ്റവും നല്ലത്. എന്നാൽ സുന്നത്തായ നോമ്പുകളുടെ സമയം നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്നാൽ ആദ്യം സുന്നത്ത് എടുക്കുന്നതിന് വിരോധമില്ല. അറഫാ നോമ്പ്, ആശൂറാഅ് നോമ്പ് തുടങ്ങിയവ ഉദാഹരണം. കാരണം അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാവില്ല. എന്നാൽ നിർബന്ധ നോമ്പുകൾ നോറ്റു വീട്ടാൻ വിശാലമായ സമയമുണ്ട്. പക്ഷേ, ശവ്വാലിലെ ആറ് നോമ്പുകൾ റമദാൻ മുഴുവനായി നോറ്റുവീട്ടിയതിനുശേഷം മാത്രമേ എടുക്കാവൂ.
ഇത്രയുമാണ് ഈ വിഷയത്തിൽ ലളിതമായി സമാഹരിച്ച കാര്യങ്ങൾ.
നമ്മുടെ റസൂലായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ധാരാളമായി വർഷിക്കുമാറാകട്ടെ.
***
ഉള്ളടക്കം
അദ്ധ്യായം: ഒന്ന് 2
നോമ്പിൻ്റെ 2
അർത്ഥവും, റമദാനിലെ നിർബന്ധമായ നോമ്പും. 2
അദ്ധ്യായം: രണ്ട് 5
റമദാൻ മാസത്തിൻ്റെ ശ്രേഷ്ഠതകൾ. 5
അദ്ധ്യായം: മൂന്ന് 8
റമദാൻ മാസാരംഭം സ്ഥിരീകരിക്കാനുള്ള വഴി. 8
അദ്ധ്യായം: നാല് 10
നോമ്പിന്റെ നിയ്യത്ത്. 10
അദ്ധ്യായം: അഞ്ച്: 11
ആർക്കൊക്കെയാണ് നോമ്പ് നിർബന്ധമാകുക? 11
അദ്ധ്യായം: ആറ് 12
ആർക്കെല്ലാമാണ് നോമ്പ് ഒഴിവാക്കാൻ ഇളവുള്ളത്? 12
അദ്ധ്യായം: ഏഴ് 14
നോമ്പ് മുറിക്കുന്ന കാര്യങ്ങൾ. 14
അദ്ധ്യായം: എട്ട് 17
നോമ്പുകാരന് പുണ്യകരമായ കാര്യങ്ങൾ 17
അദ്ധ്യായം: ഒൻപത് 19
പ്രത്യേകം 19
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. 19
അദ്ധ്യായം: പത്ത് 21
റമദാനിലെ നോമ്പ് ഖദാഅ് 21
വീട്ടൽ. 21
***
ml419v1.0 - 17/02/2026
മുത്തഫഖുൻ അലൈഹി. ബുഖാരി: 1898, മുസ്ലിം: 1079.
നസാഈ (സുനനുൽ കുബ്റാ: 2536)
മുൻപ് നൽകിയ ഹദീഥ് കാണുക.
(ഇബ്നു മാജ: 1753)
മുത്തഫഖുൻ അലൈഹി.ബുഖാരി: 38 (1/16), മുസ്ലിം: 760 (1/523)
ഇമാം അഹ്മദ് (മുസ്നദ്) 6323 (10/402), നസാഈ (അൽ കുബ്റ) 2446 (3/102).
മുത്തഫഖുൻ അലൈഹി. ബുഖാരി: 1906, മുസ്‌ലിം: 1080
മുത്തഫഖുൻ അലൈഹി.ബുഖാരി:1907, മുസ്ലിം: 1081
നസാഈ/അൽ കുബ്‌റാ: 2652 (3/170)
(الفتاوى الكبرى: 2/469)
മുസ്‌ലിം: 335 (1/265)
ബുഖാരി: 1937, (3/33)മുസ്‌നദു അഹ്‌മദ്: 26217 (43/278)
മജ്മൂഉൽ ഫതാവാ: (25/252.)
(ഇമാം അഹ്മദ്: 10463 (16/283), തിർമിദി: 720 (2/91))
മുത്തഫഖുൻ അലൈഹി.ബുഖാരി: 1923(3/29), മുസ്ലിം: 1095 (2/770)
(അഹ്മദ്: 12507, 35/399)
അബൂദാവൂദ്: 2356 (2/306).
(ഇബ്നു മാജ: 1753)[1/775]
ബുഖാരി: 1894.[3/24]
അബൂദാവൂദ്: 2366 (2/308), തിർമിദി: 788 (2/147).
മുത്തഫഖുൻ അലൈഹി.ബുഖാരി: 8 (1/11), മുസ്ലിം: 16 (1/34).