كيفية صلاة النبي ﷺ (مليالم)

كتاب كَيفِيَّةُ صَلَاةِ النَّبِيِّ ﷺ لخَّص فيه سماحة الشيخ عبد العزيز بن باز رحمه الله صفة صلاة النبي ﷺ، بأسلوب سهل ومنهج دقيق، مستندًا إلى النصوص الصحيحة، ليكون هاديًا للمسلم في صلاته، وقد بيَّن فيه أركان الصلاة وسننها وصفاتها من الوضوء إلى التسليم، جامعًا بين الدليل والبيان، داعيًا إلى الاقتداء الكامل بالنبي ﷺ في أعظم عبادة.

  • earth ഭാഷ
    (مليالم)
  • earth ഗ്രന്ഥകർത്താവ്:
    الشيخ عبد العزيز بن عبد الله بن باز

മറ്റ് വിവർത്തനങ്ങൾ 79

ce شيشاني- нохчийн мотт sq ألباني- Shqip pt برتغالي- português as آسامي- অসমীয়া ms ملايو- Melayu uz أوزبكي- Ўзбек ar عربي- العربية ps بشتو- بشتو ur أردو- اردو en إنجليزي- English bn بنغالي- বাংলা ru روسي- Русский zh صيني- 中文 fa فارسي- فارسي fr فرنسي- Français hi هندي- हिन्दी sw سواحيلي- Kiswahili id إندونيسي- Indonesia ha هوسا- Hausa tl فلبيني تجالوج- Tagalog tr تركي- Türkçe gu غوجاراتية- ગુજરાતી te تلغو- తెలుగు si سنهالي- සිංහල ta تاميلي- தமிழ் mk مقدوني- македонски pl بولندي- polski it إيطالي- italiano hu هنجاري مجري- magyar ka جورجي- ქართული es إسباني- español kn كنادي- ಕನ್ನಡ om أورومو- afaan oromoo sr صربي- Српски az أذري- azərbaycanca lo لاو- ພາສາລາວ ml مليالم- മലയാളം tg طاجيكي- тоҷикӣ hy أرميني- Հայերէն bs بوسني- bosanski vi فيتنامي- Tiếng Việt dv ديفهي- ދިވެހި ky قرغيزي- Кыргызча st سوتي- Sesotho th تايلندي- ไทย ne نيبالي- नेपाली cs تشيكي- čeština fi فنلندي- suomi bg بلغاري- български mos موري- Mõõré mg ملاغاشي- Malagasy kk كازاخي- қазақ тілі ig إيجبو- Igbo yo يوربا- Èdè Yorùbá uk أوكراني- українська ddn دندي- Dendi dje زارما- Zarmaciine mfe كريولي- créole ko كوري- 한국어 da دنماركي- dansk sn الشونا- Shona prs دري- فارسی دری af أفريقاني- Afrikaans dyo جوالا- Jóola so صومالي- Soomaali bem بيمبا- Bemba ja ياباني- 日本語 sl سلوفيني- slovenščina nl هولندي- Nederlands my بورمي- ဗမာ ki كيكويو- Gĩkũyũ lt ليتواني- lietuvių mnk مندنكا- Mandinka lv لاتفي- latviešu rn كيروندي- Ikirundi hr كرواتي- hrvatski ro روماني- română wo ولوف- Wollof zu زولو- isiZulu
PHPWord

 

 

 

كَيْفِيَّةُ صَلَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

 

നബിയുടെ നിസ്കാരം

 

 

لِفَضِيلَةِ الشَّيْخِ العَلَّامَةِ

عَبْدِ العَزِيزِ بْنِ عَبْدِ اللَّهِ بْنِ بَازٍ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِلْمُسْلِمِينَ

 

ശൈഖ്

ഇബ്നു ബാസ്

 


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

നബിയുടെ നിസ്കാരം

ശൈഖ്

ഇബ്നു ബാസ്

 

പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ.

الحمد لله وحده، والصلاة والسلام على عبده ورسوله نبينا محمد وآله وصحبه أما بعد

നബി ﷺ യുടെ നിസ്കാരത്തിൻ്റെ രൂപം വിവരിക്കുന്ന ഒരു സംക്ഷിപ്തവിവരണമാണ് ഈ ഗ്രന്ഥത്തിലുള്ളത്. അല്ലാഹുവിൻ്റെ റസൂൽ ﷺ യെ അനുധാവനം ചെയ്തു കൊണ്ട് നിസ്കാരം നിർവ്വഹിക്കാൻ ഓരോ മുസ്‌ലിമിനും സഹായകമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം ഞാൻ എഴുതിയിട്ടുള്ളത്. കാരണം അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു:

(صَلُّوا كَمَا رَأَيْتُمُونِي أُصَلِّي).

"ഞാൻ നിസ്കരിക്കുന്നത് എപ്രകാരമാണോ നിങ്ങൾ കണ്ടത്; അതു പോലെ നിങ്ങളും നിസ്കരിക്കുക."1 ഇനിയുള്ള പേജുകളിൽ നബി ﷺ യുടെ നിസ്കാരം വിശദമായി വായിച്ചറിയാം:

1- വുദ്വു പൂർണ്ണമായി നിർവ്വഹിക്കുക. അതായത് അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അറിയിച്ചത് പ്രാവർത്തികമാക്കി കൊണ്ട്, അവൻ കൽപ്പിച്ചതു പ്രകാരം വുദ്വു ചെയ്യുക. അല്ലാഹു പറയുന്നു:

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا قُمۡتُمۡ إِلَى ٱلصَّلَوٰةِ فَٱغۡسِلُواْ وُجُوهَكُمۡ وَأَيۡدِيَكُمۡ إِلَى ٱلۡمَرَافِقِ وَٱمۡسَحُواْ بِرُءُوسِكُمۡ وَأَرۡجُلَكُمۡ إِلَى ٱلۡكَعۡبَيۡنِ...﴾

"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ നിസ്കാരത്തിന് തുനിഞ്ഞാൽ നിങ്ങളുടെ മുഖങ്ങളും, കൈകൾ മുട്ടുകൾ ഉൾപ്പെടെയും കഴുകുക. നിങ്ങളുടെ തലകൾ തടവുകയും, നിങ്ങളുടെ കാലുകൾ നെരിയാണി ഉൾപ്പെടെ (കഴുകുകയും ചെയ്യുക)." (മാഇദ: 6) -

നബി ﷺ പറഞ്ഞിരിക്കുന്നു:

(لَا تُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ).

"ശുദ്ധിയില്ലാതെയുള്ള നിസ്കാരം സ്വീകരിക്കപ്പെടുന്നതല്ല."2

നിസ്കാരത്തിൽ അബദ്ധങ്ങൾ വരുത്തിയ ഒരു വ്യക്തിയോട് നബി ﷺ പറയുകയുണ്ടായി;

(‌إِذَا ‌قُمْتَ ‌إِلَى ‌الصَّلَاةِ ‌فَأَسْبِغِ ‌الْوُضُوءَ).

"നീ നിസ്കാരത്തിന് വേണ്ടി നിന്നാൽ വുദ്വു പൂർണ്ണമായി നിർവ്വഹിക്കുക."3

2- നിസ്കരിക്കുന്ന വ്യക്തി ഖിബ്‌ലയുടെ ദിശയിലേക്ക് തിരിഞ്ഞു നിൽക്കണം. ഭൂമിയിൽ എവിടെയായിരുന്നാലും (മക്കയിലുള്ള) കഅ്ബയാണ് നമ്മുടെ ഖിബ്‌ല (ദിശ). ശരീരം മുഴുവൻ ആ ദിശയിലേക്ക് വരുന്ന വിധത്തിലാണ് ഒരാൾ നിസ്കാരത്തിന് നിൽക്കേണ്ടത്.

അവൻ ഏതു നിസ്കാരമാണോ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നത് അത് ഹൃദയം കൊണ്ട് ഉദ്ദേശിക്കുകയും തീരുമാനിക്കുകയും വേണം. ഫർദ്വോ (നിർബന്ധ നിസ്കാരം) സുന്നത്തോ (ഐഛിക നിസ്കാരം) ആണെങ്കിൽ അത് മനസ്സിൽ പ്രത്യേകം നിശ്ചയിക്കണം.

എന്നാൽ നാവ് കൊണ്ട് നിയ്യത്ത് (മനസ്സിലെ ഉദ്ദേശ്യം) അവൻ ചൊല്ലിപ്പറയുക എന്നത് വേണ്ടതില്ല. കാരണം നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് ദീനിൽ പഠിപ്പിക്കപ്പെട്ടിട്ടില്ല. നബി ﷺ യോ സ്വഹാബത്തോ ഒരിക്കൽ പോലും നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിച്ചിട്ടില്ല എന്നതിനാൽ തന്നെ ദീനിൽ കടത്തി കൂട്ടപ്പെട്ട അനാചാരമാണ് (ബിദ്അത്ത്) നിയ്യത്ത് ചൊല്ലിപ്പറയൽ.

ഇമാമായി നിസ്കരിക്കുന്ന വ്യക്തിയും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിയും തൻ്റെ മുൻപിൽ ഒരു 'സുത്റഃ' വെച്ചു കൊണ്ട് അതിലേക്കാണ് നിസ്കരിക്കേണ്ടത്.

ഖിബ്‌ലഃയിലേക്ക് തിരിയുക എന്നത് നിസ്കാരം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണ്; പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ പ്രത്യേകം എടുത്തു പറയപ്പെട്ട ചില സന്ദർഭങ്ങളിൽ മാത്രമേ ഈ നിബന്ധന ഒഴിവാക്കാൻ പാടുള്ളൂ.

3- ശേഷം തക്ബീറതുൽ ഇഹ്റാം കെട്ടുക. 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട്, തൻ്റെ സുജൂദിൻ്റെ ഭാഗത്തേക്ക് നോക്കിക്കൊണ്ടാണ് അവൻ തക്ബീർ കെട്ടേണ്ടത്.

4- തക്ബീർ കെട്ടുമ്പോൾ നിസ്കരിക്കുന്ന വ്യക്തിയുടെ രണ്ട് കൈകളും അവൻ്റെ തോളുകളുടെ നേരെയോ ചെവികളുടെ നേരെയോ വരുന്ന വിധത്തിൽ ഉയർത്തുക.

5- തൻ്റെ രണ്ട് കൈകളും നെഞ്ചിന് മേൽ വെക്കുകയും, ഇടതുകയ്യിൻ്റെ കൈപ്പത്തിയുടെയും മണികൺഠത്തിൻ്റെയും കൈത്തണ്ടയുടെയും മേലെ വരുന്ന വിധത്തിൽ വലതു കൈ വെക്കുകയും ചെയ്യുക. നബി ﷺ അപ്രകാരമാണ് ചെയ്തിരുന്നത് എന്ന് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

6- പ്രാരംഭപ്രാർത്ഥന ചൊല്ലുക; ഇത് സുന്നത്താണ്. ഈ പ്രാർത്ഥനയുടെ രൂപം ഇപ്രകാരമാണ്:

(اللَّهُمَّ بَاعِدْ بَيْنِي وبيْنَ خَطَايَايَ كما بَاعَدْتَ بيْنَ المَشْرِقِ والمَغْرِبِ اللَّهُمَّ نَقِّنِي مِنَ الخَطَايَا كما يُنَقَّى الثَّوْبُ الأبْيَضُ مِنَ الدَّنَسِ اللَّهُمَّ اغْسِلْ خَطَايَايَ بالمَاءِ والثَّلْجِ والبَرَدِ).

(സാരം:) "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ളവസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"4

ഇതിന് പകരം പറയാവുന്ന മറ്റൊരു പ്രാർത്ഥന ഇപ്രകാരമാണ്:

(سُبْحَانَكَ اللَّهُمَّ وبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ ولَا إلَهَ غَيْرُكَ). 

"അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല."5 ഇതല്ലാതെയും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട മറ്റു പ്രാരംഭപ്രാർത്ഥനകളുണ്ട്. അവയിൽ ഏതെങ്കിലും പറയുന്നുവെങ്കിൽ അതും കുഴപ്പമില്ല. ഓരോ നിസ്കാരങ്ങളിലും അവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്തു കൊണ്ട് നിസ്കാരത്തിൽ വ്യത്യസ്ത പ്രാർത്ഥനകൾ സ്വീകരിക്കലാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്. കാരണം നബി ﷺ യെ പിൻപറ്റുന്നതിലെ പൂർണ്ണത അതിലൂടെയാണ് സാധ്യമാവുക.

ശേഷം 'അഊദു'വും 'ബിസ്മി'യും ചൊല്ലുക.

أَعُوذُ بِاللَّّهِ مِنَ الشَّيْطَانِ الرَّجِيمِ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

(സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു. പരമകാരുണികനും ധാരാളമായി കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻ്റെ നാമത്തിൽ (ഞാൻ ആരംഭിക്കുന്നു).

അതിന് ശേഷം സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുക. നബി ﷺ പറഞ്ഞിരിക്കുന്നു:

(لَا صَلَاةَ لِمَنْ لَمْ يَقْرَأْ بفَاتِحَةِ الكِتَابِ).

"(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."6 ഫാതിഹഃ പാരായണം ചെയ്തതിന് ശേഷം 'ആമീൻ' എന്ന് പറയുക. ഉറക്കെ ഓതുന്ന നിസ്കാരങ്ങളിൽ ആമീൻ ഉറക്കെ പറയണം; പതുക്കെ ഓതുന്ന നിസ്കാരങ്ങളിൽ പതുക്കെയും പറയണം.

അതിന് ശേഷം ഖുർആനിൽ നിന്ന് കുറച്ചു ഭാഗം പാരായണം ചെയ്യുക. ദ്വുഹർ, അസ്വർ, ഇശാഅ് നിസ്കാരങ്ങളിൽ ഫാതിഹഃക്ക് ശേഷം 'മുഫസ്സ്വലായ സൂറത്തുകളിലെ മദ്ധ്യമദൈർഘ്യമുള്ള അദ്ധ്യായങ്ങൾ' പാരായണം ചെയ്യുന്നതാണ് ശ്രേഷ്ഠം. ഫജ്ർ നിസ്കാരത്തിൽ 'മുഫസ്സ്വലായ സൂറത്തുകളിലെ ദൈർഘ്യമുള്ള അദ്ധ്യായങ്ങൾ' പാരായണം ചെയ്യാം. ചില സന്ദർഭങ്ങളിൽ മഗ്‌രിബ് നിസ്കാരങ്ങളിൽ മുഫസ്സ്വലുകളിലെ ദൈർഘ്യമുള്ളവയും മറ്റു ചില സന്ദർഭങ്ങളിൽ അവയിലെ ചെറിയ സൂറത്തുകളും പാരായണം ചെയ്യാം. ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥുകൾ പ്രകാരം പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നവർ ഈ മാർഗമാണ് സ്വീകരിക്കേണ്ടത്.

7- തക്ബീർ ചൊല്ലിക്കൊണ്ട് റുകൂഇൽ പോവുക; തോളുകൾക്ക് നേരെയോ ചെവികൾക്ക് നേരെയോ കൈപ്പത്തികൾ ആകുന്ന വിധത്തിൽ കൈകൾ ഉയർത്തിയ ശേഷമാണ് റുകൂഇൽ പോകേണ്ടത്. മുതുകിന് നേരെയാകുന്ന വിധത്തിൽ ശിരസ്സ് വെക്കുകയും, രണ്ട് കൈപ്പത്തികളും കാൽമുട്ടുകൾക്ക് മേലെ വെക്കുകയും, കൈവിരലുകൾ പരത്തിപ്പിടിക്കുകയും, റുകൂഇൽ അടക്കവും ഒതുക്കവും പാലിക്കുകയും വേണം.

سُبحَانَ رَبِّيَ العَظِيمِ (സാരം: മഹത്വമുടയവനായ എൻ്റെ രക്ഷിതാവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്നാണ് റുകൂഇൽ പറയേണ്ടത്. ഇത് മൂന്ന് തവണയോ അതിലധികമോ ആവർത്തിക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠകരം. അതിനോടൊപ്പം ഇപ്രകാരം കൂടി പറയുന്നതും പുണ്യകരം തന്നെ:

(‌سُبْحَانَكَ ‌اللَّهُمَّ ‌وَبِحَمْدِكَ ‌اللَّهُمَّ ‌اغْفِرْ ‌لِي).

"നമ്മുടെ റബ്ബായ അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ!"7

8- കൈകൾ തോളുകൾക്ക് നേരെയോ ചെവികൾക്ക് നേരെയോ ആകുന്ന വിധത്തിൽ ഉയർത്തി കൊണ്ട് റുകൂഇൽ നിന്ന് ഇപ്രകാരം പറഞ്ഞു കൊണ്ട് ഉയരുക: (سَمِعَ اللهُ لمَنْ حَمِدَه)

(സാരം:) അല്ലാഹുവിനെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു. ഇമാമോ ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിയോ ആണെങ്കിൽ റുകൂഇൽ നിന്ന് ഉയർന്ന ശേഷം ഇപ്രകാരം കൂടെ പറയുക:

(رَبَّنَا ولَكَ الحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مِلْءَ السَّمَواتِ ومِلْءَ الأرضِ ومِلْءَ ما شِئتَ مِن شيءٍ بَعدُ).

(സാരം: ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; അനേകവും പരിശുദ്ധവും അനുഗ്രഹീതവുമായ, ആകാശങ്ങളും ഭൂമിയും നിറയുന്ന, അതിന് ശേഷം നീ ഉദ്ദേശിക്കുന്നതെല്ലാം നിറയുന്ന സ്തുതി നിനക്ക് മാത്രമാകുന്നു."8

എന്നാൽ ഒരാൾ മഅ്മൂം (നിസ്കാരത്തിൽ ഇമാമിനെ പിന്തുടരുന്നവൻ) ആണെങ്കിൽ അവൻ റുകൂഇൽ നിന്ന് ഉയരുമ്പോൾ പറയേണ്ടത്: 'റബ്ബനാ വലകൽ ഹംദ്' എന്ന് തുടങ്ങുന്ന പ്രാർത്ഥനയാണ്. ഈ പ്രാർത്ഥനയോടൊപ്പം ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിക്കും ഇത്രകൂടി അധികമായി പറയാവുന്നതാണ്:

(أهْلَ الثَّنَاءِ والْمجْدِ أحَقُّ مَا قَالَ العَبْدُ وكُلُّنَا لَكَ عَبْدٌ: اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ ولَا مُعْطِيَ لِمَا مَنَعْتَ ولَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ).

"വാഴ്ത്തലുകൾക്കും കീർത്തികൾക്കും അർഹനായവനേ! അടിമ പറയാൻ ഏറ്റവും അർഹതപ്പെട്ടത് (ഇതാകുന്നു). ഞങ്ങളെല്ലാം നിന്റെ അടിമകളാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവന്റെ കഴിവ് നിന്റെ പക്കൽ പ്രയോജനപ്പെടുകയില്ല. (നിന്നിലുള്ള വിശ്വാസവും നിന്നോടുള്ള അനുസരണയും മാത്രമാണ് പ്രയോജനപ്പെടുക.)"9 ഈ പ്രാർത്ഥന സ്ഥിരപ്പെട്ടതാണ് എന്നതിനാൽ അത് കൂടെ ചൊല്ലുന്നത് നല്ലതാണ്.

റുകൂഇന് മുൻപ് നിൽക്കുന്ന വേളയിൽ ചെയ്തതു പോലെ, രണ്ട് കൈകളും നെഞ്ചിന് മേൽ വെക്കുക എന്നത് റുകൂഇന് ശേഷമുള്ള നിർത്തത്തിലും പുണ്യകരമാണ്. ഇമാമിനും മഅ്മൂമിനും ഒറ്റക്ക് നിസ്കരിക്കുന്ന വ്യക്തിക്കും ഇത് ബാധകമാണ്. വാഇൽ ബ്നു ഹുജ്റിൻ്റെയും -رَضِيَ اللَّهُ عَنْهُ- സഹ്ൽ ബ്നു സഅ്ദിൻ്റെയും -رَضِيَ اللَّهُ عَنْهُ- ഹദീഥുകളിൽ അക്കാര്യം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

7- തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിലേക്ക് പോവുക; സാധിക്കുമെങ്കിൽ രണ്ട് കൈകളും താഴെ വെക്കുന്നതിന് മുൻപ് കാൽമുട്ടുകൾ ഭൂപ്രതലത്തിൽ താഴെ വെക്കുകയാണ് വേണ്ടത്. അത് പ്രയാസകരമാണെങ്കിൽ കാൽമുട്ടുകൾക്ക് മുൻപ് കൈകൾ വെക്കാവുന്നതാണ്.

സുജൂദിലായിരിക്കുമ്പോൾ കൈവിരലുകളും കാൽവിരലുകളും ഖിബ്‌ലയുടെ ദിശയിലേക്കാവുന്ന വിധത്തിലായിരിക്കണം. കൈവിരലുകൾ അതോടൊപ്പം ചേർത്തുപിടിക്കുകയും കൈപ്പത്തി പരത്തി വെക്കുകയും വേണം.

സുജൂദ് നിർവ്വഹിക്കേണ്ടത് ഏഴ് അവയവങ്ങൾക്ക് മേലെയാണ്: നെറ്റിയും അതിനോടൊപ്പം മൂക്കും, രണ്ട് കൈകളും, രണ്ട് കാൽമുട്ടുകളും, കാൽവിരലുകളുടെ അടിഭാഗവുമാണ് ഈ ഏഴ് അവയവങ്ങൾ.

സുജൂദിൽ سُبْحَانَ رَبِّيَ الأَعْلَى (മഹോന്നതനായ എൻ്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നു) എന്ന് പറയണം. ഈ പ്രാർത്ഥന മൂന്ന് തവണയോ അതിലധികമോ ചൊല്ലുന്നത് സുന്നത്താണ്.

അതോടൊപ്പം ഇത്രകൂടെ പറയുന്നതും നല്ല കാര്യമാണ്:

(سُبْحانَكَ اللَّهُمَّ رَبَّنا وبِحَمْدِكَ اللَّهُمَّ اغْفِرْ لِي).

"നമ്മുടെ റബ്ബായ അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നതോടൊപ്പം നിന്നെ ഞാൻ സ്തുതിക്കുന്നു. അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ!" സുജൂദിൽ പ്രാർത്ഥനകൾ അധികരിപ്പിക്കുകയും വേണം. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:

(‌أَمَّا ‌الرُّكُوعُ ‌فَعَظِّمُوا ‌فِيهِ ‌الرَّبَّ وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ فَقَمِنٌ أَنْ يُسْتَجَابَ لَكُمْ).

"... റുകൂഇൽ നിങ്ങൾ അല്ലാഹുവിൻ്റെ മഹത്വം വാഴ്ത്തുക. എന്നാൽ സുജൂദിലാകട്ടെ, നിങ്ങൾ പ്രാർത്ഥന ശക്തമാക്കുക. (ആ സന്ദർഭത്തിൽ) നിങ്ങൾക്ക് ഉത്തരം നൽകപ്പെടാൻ വളരെ സാധ്യതയുള്ളതാണ്."10

ഇഹപരലോകങ്ങളിലെ നന്മകൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കാനുള്ള അവസരമാണിത്. ഫർദ്വ് നിസ്കാരങ്ങളിലും സുന്നത്ത് നിസ്കാരങ്ങളിലും ഇപ്രകാരം പ്രാർത്ഥിക്കാം.

സുജൂദിലായിരിക്കുമ്പോൾ രണ്ട് കൈമുട്ടുകളും ഇരുപാർശ്വങ്ങളിൽ നിന്നും അകറ്റിവെക്കണം. ഇരുതുടകളിൽ നിന്നും വയറും, കണങ്കാലുകളിൽ നിന്ന് തുടകളും അകറ്റിപ്പിടിക്കണം. കൈത്തണ്ടകൾ ഭൂപ്രതലത്തിൽ നിന്ന് ഉയർത്തി വെക്കുകയും വേണം. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:

(اعْتَدِلُوا في السُّجُودِ ولَا يَبْسُطْ أحَدُكُمْ ذِرَاعَيْهِ انْبِسَاطَ الكَلْبِ).

"നിങ്ങൾ സുജൂദ് നേരെയാക്കുക. നായ തൻ്റെ കൈത്തണ്ട കിടത്തി വെക്കുന്നത് പോലെ നിങ്ങൾ കൈത്തണ്ട കിടത്തിവെക്കരുത്."11

10- ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുക. തൻറെ ഇടത് കാൽപാദം മടക്കി വിരിച്ച് വെക്കുകയും അതിന് മുകളിൽ ഇരിപ്പുറപ്പിക്കുകയും, വലത് കാൽപാദം നാട്ടിവെക്കുകയും ചെയ്യുക. രണ്ട് കൈകളും ഇരുതുടകൾക്കും കാൽമുട്ടുകൾക്കും മേലെയാകുന്ന വിധത്തിൽ വെക്കുകയും, ഇപ്രകാരം പറയുകയും ചെയ്യുക:

(رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي وَعَافِنِي وَاجْبُرْنِي).

(സാരം:) "എൻ്റെ രക്ഷിതാവേ! എനിക്ക് നീ പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും ഉപജീവനം നൽകുകയും എൻ്റെ കുറവുകൾ നികത്തുകയും ചെയ്യേണമേ!"12 സുജൂദുകൾക്കിടയിലുള്ള ഈ ഇരുത്തത്തിൽ അടക്കവും ഒതുക്കവും കാത്തുസൂക്ഷിക്കണം.

11- ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് രണ്ടാം സുജൂദിലേക്ക് പോവുക. ഒന്നാമത്തെ സുജൂദിൽ ചെയ്തതു പോലെ ഇവിടെയും ചെയ്യുക.

12- 'അല്ലാഹു അക്ബർ' എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് ശിരസ്സുയർത്തുകയും, വളരെ കുറഞ്ഞ സമയത്തേക്ക് രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്ന അതേ രൂപത്തിലുള്ള ഇരുത്തം ഇരിക്കുകയും ചെയ്യുക. 'ജൽസതുൽ ഇസ്തിറാഹഃ' എന്ന് വിളിക്കപ്പെടുന്ന ഈ ഇരുത്തം സുന്നത്താണ്. അത് ഒരാൾ ഉപേക്ഷിച്ചാൽ യാതൊരു തെറ്റുമില്ല. ഈ ഇരുത്തത്തിൽ പ്രത്യേകം ദിക്റോ ദുആഓ ഇല്ല.

അതിന് ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുക. രണ്ട് കാൽമുട്ടുകളിലായി കൊണ്ട് എഴുന്നേൽക്കാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യുക. അത് പ്രയാസകരമാണെങ്കിൽ ഭൂമിയിൽ (കൈകൾ കൊണ്ട്) ഊന്നിക്കൊണ്ട് എഴുന്നേൽക്കുകയുമാകാം.

അതിന് ശേഷം സൂറത്തുൽ ഫാതിഹഃയും, ശേഷം ഖുർആനിൽ നിന്ന് എളുപ്പമുള്ളത് പാരായണം നടത്തുകയും ചെയ്യുക. അതിന് ശേഷം ഒന്നാമത്തെ റക്അത്തിൽ ചെയ്തതു പോലെത്തന്നെ വീണ്ടും ചെയ്യുക.

13- ഫജ്ർ (സുബ്ഹി) നിസ്കാരം, ജുമുഅഃ നിസ്കാരം, രണ്ട് പെരുന്നാൾ നിസ്കാരങ്ങൾ പോലെ രണ്ട് റക്അത്തുകളുള്ള നിസ്കാരമാണെങ്കിൽ രണ്ടാമത്തെ സുജൂദിൽ നിന്ന് ഉയർന്നതിന് ശേഷം തൻ്റെ വലതു കാൽ നാട്ടിവെക്കുകയും, ഇടതു കാൽ പരത്തി വെച്ചു കൊണ്ട് അതിന്മേൽ ഇരിക്കുകയും ചെയ്യുക. അതോടൊപ്പം വലതു കൈ വലതു തുടയുടെ മേൽ വെക്കുകയും, ചൂണ്ടുവിരൽ ഒഴികെയുള്ള വിരലുകൾ കൂട്ടിപ്പിടിക്കുകയും, ചൂണ്ടുവിരൽ കൊണ്ട് -അല്ലാഹുവിൻ്റെ ഏകത്വം സൂചിപ്പിക്കുന്ന രൂപത്തിൽ- ചൂണ്ടുകയുംചെയ്യുക. വലതു കയ്യിലെ ചെറുവിരലും മോതിരവിരലും കൂട്ടിപ്പിടിക്കുകയും, നടുവിരലും തള്ളവിരലും വൃത്താകൃതിയിൽ പിടിക്കുകയും, ചൂണ്ടുവിരൽ കൊണ്ട് നേരെചൂണ്ടുകയും ചെയ്താൽ അതും നല്ലതാണ്. ഈ രണ്ട് രൂപങ്ങളും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു രൂപം ചില സന്ദർഭങ്ങളിലും, അടുത്ത രൂപം മറ്റു ചില വേളകളിലും സ്വീകരിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇടതുകയ്യാകട്ടെ, ഇടതുതുടയുടെയും ഇടതുകാൽമുട്ടിൻ്റെയും മുകളിൽ വെക്കുക. ഈ ഇരുത്തത്തിൽ തശഹ്ഹുദിൻ്റെ പ്രാർത്ഥനയാണ് ചൊല്ലേണ്ടത്. അത് ഇപ്രകരമാണ്:

(التَّحِيَّاتُ للَّهِ والصَّلَوَاتُ والطَّيِّبَاتُ السَّلَامُ عَلَيْكَ أيُّها النبيُّ ورَحْمَةُ اللَّه وبَرَكَاتُهُ السَّلَامُ عَلَيْنَا وعلَى عِبَادِ اللَّه الصَّالِحِينَ أشْهَدُ أنْ لا إلَهَ إلَّا اللَّه وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ ورَسولُهُ).

 

(സാരം:) സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ശേഷം പറയുക:

(اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ كما صَلَّيْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ وَبَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ كما بَارَكْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ إنَّكَ حَمِيدٌ مَجِيدٌ).

അർത്ഥം: അല്ലാഹുവേ! മുഹമ്മദ് നബിക്കും അവിടുത്തെ കുടുംബത്തിനും അനുചരന്മാർക്കും നീ സ്വലാത്ത് 1 വർഷിക്കേണമേ. ഇബ്‌റാഹീം നബിക്കും കുടുംബത്തിനും അനുചരന്മാർക്കും നീ സ്വലാത്ത് വർഷിച്ചത് പോലെ. നീ സ്തുത്യർഹനും മഹത്വമുടയവനുമാകുന്നു. മുഹമ്മദ് നബിക്കും അവിടുത്തെ കുടുംബത്തിനും അനുചരന്മാർക്കും നീ അനുഗ്രഹം ചൊരിയേണമേ. ഇബ്‌റാഹീം നബിക്കും കുടുംബത്തിനും അനുചരന്മാർക്കും നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. നീ സ്തുത്യർഹനും മഹത്വമുടയവനുമാകുന്നു.13

അതിന് ശേഷം നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും വേണം:

( اللَّهُمَّ إنِّي أَعُوذُ بِكَ مِن عَذَابِ جَهَنَّمَ وَمِنْ عَذَابِ القَبْرِ وَمِنْ فِتْنَةِ المَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ المَسِيحِ الدَّجَّالِ).

(സാരം:) "അല്ലാഹുവേ! നരകശിക്ഷയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിലെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു."14

ശേഷം ഇഹ-പരലോകങ്ങളിലെ നന്മകൾക്കായി അവന് പ്രാർത്ഥിക്കാം. തൻ്റെ രക്ഷിതാക്കൾക്ക് വേണ്ടിയും മറ്റു മുസ്‌ലിംകൾക്ക് വേണ്ടിയുമെല്ലാം ഈ സന്ദർഭത്തിൽ പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല. ഇത് ഫർദ്വ് നിസ്കാരങ്ങളിലും സുന്നത്ത് നിസ്കാരങ്ങളിലും അനുവദനീയമാണ്. നബി ﷺ അബ്ദുല്ലാഹി ബ്നു മസ്ഊദിനോട് -رَضِيَ اللَّهُ عَنْهُ- തശഹ്ഹുദ് പഠിപ്പിച്ചു കൊടുത്ത ശേഷം പറഞ്ഞ വാക്കുകൾ അതിനുള്ള തെളിവാണ്. അവിടുന്ന് പറഞ്ഞു:

(ثُمَّ ‌لِيَتَخَيَّرْ ‌مِنَ ‌الدُّعَاءِ بَعْدُ أَعْجَبَهُ إِلَيْهِ فَيَدْعُو).

"(തശഹ്ഹുദിന്) ശേഷം അവന് ഇഷ്ടമുള്ള ദുആകൾ തിരഞ്ഞെടുക്കുകയും, അത് കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്യാം."15 മറ്റൊരു നിവേദനം ഇപ്രകാരമാണ്:

(‌ثُمَّ ‌لِيَخْتَرْ ‌مِنْ ‌الْمَسْأَلَةِ ‌مَا ‌شَاءَ).

"(തശഹ്ഹുദിന്) ശേഷം അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അല്ലാഹുവിനോട് ചോദിച്ചു കൊള്ളട്ടെ."16

ഈ പറഞ്ഞതിൽ ഇഹലോകത്തും പരലോകത്തും ഒരാൾക്ക് ഉപകരിക്കുന്ന എന്തു കാര്യവും ഉൾപ്പെടും. (അവയെല്ലാം അവന് അല്ലാഹുവിനോട് തേടാം.) അതിന് ശേഷം വലതു ഭാഗത്തേക്കും ഇടതുഭാഗത്തേക്കും (ശിരസ്സ് തിരിച്ചു കൊണ്ട്) അവൻ സലാം പറയുക. السلام عليكم ورحمة الله، السلام عليكم ورحمة اللّه (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.) എന്നാണ് സലാം വീട്ടുമ്പോൾ പറയേണ്ടത്.

14- മഗ്‌രിബ് പോലെ മൂന്ന് റക്അത്തുകളുള്ളതോ, ദ്വുഹറും അസ്വറും ഇശാഉം പോലെ നാല് റക്അത്തുകളുള്ളതോ ആയ നിസ്കാരമാണെങ്കിൽ തൊട്ടു മുൻപ് നാം വിവരിച്ച തശഹ്ഹുദും, നബി ﷺ യുടെ മേലുള്ള സ്വലാത്തും പാരായണം ചെയ്യുക. ഒന്നാമത്തെ തശഹ്ഹുദിന് ശേഷം നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നത് ഉപേക്ഷിച്ചാലും തെറ്റില്ല. കാരണം ആദ്യത്തെ തശഹ്ഹുദിൽ സ്വലാത്ത് ചൊല്ലുക എന്നത് സുന്നത്താണ്; നിർബന്ധമല്ല.

ശേഷം തൻ്റെ കാൽമുട്ടുകളിൽ ഊന്നിക്കൊണ്ട് എഴുന്നേൽക്കുക. തോളുകൾക്ക് നേരെയോ ചെവികൾക്ക് നേരെയോ കൈപ്പത്തികൾ വരുന്ന വിധത്തിൽ കൈകൾ ഉയർത്തി കൊണ്ട് 'അല്ലാഹു അക്ബർ' എന്നു പറയുക. ശേഷം മുൻപ് വിവരിച്ചതു പോലെ, രണ്ട് കൈകളും നെഞ്ചിന് മേൽ വെക്കുക. പിന്നീട് ഫാതിഹഃ മാത്രം പാരായണം ചെയ്യുക. ദ്വുഹർ അസ്വർ നിസ്കാരങ്ങളിൽ -ചില സന്ദർഭങ്ങളിൽ- ഫാതിഹഃക്ക് ശേഷം ഖുർആനിൽ നിന്ന് കുറച്ചു ഭാഗം പാരായണം ചെയ്താൽ തെറ്റില്ല; കാരണം അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നബി ﷺ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

മഗ്‌രിബ് നിസ്കാരമാണെങ്കിൽ മൂന്നാമത്തെ റക്അത്തിന് ശേഷവും, ദ്വുഹറോ അസ്വറോ ഇശാഓ ആണെങ്കിൽ നാലാമത്തെ റക്അത്തിന് ശേഷവും -മുൻപ് രണ്ട് റക്അത്തുള്ള നിസ്കാരങ്ങളിൽ- പഠിപ്പിക്കപ്പെട്ടതു പോലെ അവസാനത്തെ തശഹ്ഹുദ് നിർവ്വഹിക്കുക. ശേഷം വലതു ഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം വീട്ടുകയും.

നിസ്കാരം കഴിഞ്ഞാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (അസ്തഗ്ഫിറുല്ലാഹ് / പാപമോചനം) ചെയ്യണം. എന്നിട്ട് ഇപ്രകാരം പറയുക:

(اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكْتَ يا ذَا الجَلَالِ وَالإِكْرَامِ).

"അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."17 നിസ്കാരത്തിൽ ഇമാമായി നിന്ന വ്യക്തി തൻ്റെ സ്ഥാനത്ത് നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് ഇത്രയും പറഞ്ഞിരിക്കണം. ശേഷം ഈ പ്രാർത്ഥന ചൊല്ലുക:

(لَا إلَهَ إلَّا اللَّهُ وحْدَهُ لَا شَرِيكَ لَه لَهُ المُلْكُ ولَهُ الحَمْدُ وَهوَ عَلَى كُلِّ شيءٍ قَدِيرٌ لَا حَوْلَ وَلَا قُوَّةَ إلَّا باللَّه اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ ولَا مُعْطِيَ لِمَا مَنَعْتَ وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ لَا إلَهَ إلَّا اللَّه وَلَا نَعْبُدُ إلَّا إيَّاهُ لَهُ النِّعْمَةُ وَلَهُ الفَضْلُ وَلَهُ الثَّنَاءُ الحَسَنُ لَا إلَهَ إلَّا اللَّه مُخْلِصِينَ لَهُ الدِّينَ وَلَو كَرِهَ الكَافِرُونَ).

"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവന് മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും."18

അതിന് ശേഷം 33 തവണ സുബ്ഹാനല്ലാഹ് (ഞാൻ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്നു), 33 തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും), 33 തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നിങ്ങനെ പറയുക. നൂറ് എണ്ണം പൂർത്തീകരിച്ചു കൊണ്ട്

'لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു." എന്നിങ്ങനെ പറയുക.

പിന്നീട് ആയത്തുൽ കുർസിയ്യ്, സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവ പാരായണം ചെയ്യുക.

സുബ്ഹി നിസ്കാരത്തിനും, മഗ്‌രിബ് നിസ്കാരത്തിനും ശേഷമാണെങ്കിൽ ഈ മൂന്ന് സൂറത്തുകളും മൂന്ന് തവണ വീതം പാരായണം ചെയ്യുന്നത് സുന്നത്താണ്. കാരണം നബി ﷺ അപ്രകാരം ചെയ്തതായി ഹദീഥുകളിൽ വന്നിട്ടുണ്ട്. (നിസ്കാരത്തിന് ശേഷമുള്ള) ഈ ദിക്റുകളെല്ലാം സുന്നത്തുകളാണ്; നിർബന്ധമല്ല.

ഓരോ മുസ്‌ലിം പുരുഷനും സ്ത്രീയും നിർബന്ധ നിസ്കാരങ്ങളോടൊപ്പം ശ്രദ്ധ പുലർത്തേണ്ട സുന്നത്തായ ചില നിസ്കാരങ്ങൾ കൂടെയുണ്ട്.

ദ്വുഹർ നിസ്കാരത്തിന് മുൻപ് നാല് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്‌രിബ് നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകൾ, ഇശാ നിസ്കാരത്തിന് ശേഷം രണ്ട് റക്അത്തുകൾ, സുബ്ഹി നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണവ. എല്ലാംകൂടെ പത്ത് റക്അത്തുകൾ. റവാത്തിബ് നിസ്കാരങ്ങൾ എന്നാണ് ഇവക്ക് പറയുക. നബി ﷺ യാത്രകളിലല്ലാത്ത സമയങ്ങളിൽ സ്ഥിരമായി നിലനിർത്തിയിരുന്ന നിസ്കാരങ്ങളാണ് ഇവ. യാത്രകളിൽ നബി ﷺ ഈ നിസ്കാരങ്ങൾ ഒഴിവാക്കാറുണ്ടായിരുന്നു; സുബ്ഹിൻ്റെ മുൻപുള്ള രണ്ട് റക്അത്ത് സുന്നത്തുകളും, വിത്ർ നിസ്കാരവും ഒഴികെ. ഈ രണ്ട് നിസ്കാരങ്ങളും തൻ്റെ നാട്ടിലായിരിക്കുമ്പോഴും യാത്രകളിലായിരിക്കുമ്പോഴും നബി ﷺ സ്ഥിരമായി നിലനിർത്താറുണ്ടായിരുന്നു. റവാതിബ് സുന്നത്തുകളും വിത്ർ നിസ്കാരവും വീട്ടിൽ നിന്ന് നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠം; മസ്ജിദിൽ നിന്ന് അവ നിർവ്വഹിച്ചാലും തെറ്റില്ല. നബി ﷺ പറഞ്ഞിരിക്കുന്നു:

(أفْضَلُ صَلَاةِ المَرْءِ في بَيْتِهِ إلَّا الصَّلَاةَ المَكْتُوبَةَ) .

"ഒരാളുടെ നിസ്കാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് അവൻ്റെ വീട്ടിലുള്ള നിസ്കാരമാണ്; നിർബന്ധ നിസ്കാരങ്ങളൊഴികെ."19

മേൽപറയപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ ശ്രദ്ധയോടെ നിലനിർത്തുക എന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:

(مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَومٍ وَلَيْلَةٍ بُنِيَ لَه بِهِنَّ بَيْتٌ فِي الجَنَّةِ).

"ആരെങ്കിലും രാവിലെയും രാത്രിയുമായി പന്ത്രണ്ട് റക്അത്തുകൾ ഐഛികമായി നിസ്കരിച്ചാൽ അല്ലാഹു സ്വർഗത്തിൽ അവന് വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതാണ്."20

അസ്വർ നിസ്കാരത്തിന് മുൻപ് നാല് റക്അത്തുകളും, മഗ്‌രിബ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും, ഇശാ നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകളും ഒരാൾ നിസ്കരിച്ചാൽ അതും പുണ്യകരം തന്നെ. കാരണം ഈ നിസ്കാരങ്ങളും പുണ്യകരമാണെന്ന് അറിയിക്കുന്ന ഹദീഥുകൾ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഒരാൾ ദ്വുഹർ നിസ്കാരത്തിന് മുൻപും ശേഷവും നാല് റക്അത്തുകൾ നിസ്കരിച്ചാൽ അതും നല്ലത് തന്നെ. കാരണം നബി ﷺ പറഞ്ഞിരിക്കുന്നു:

(مَنْ ‌حَافَظَ ‌عَلَى ‌أَرْبَعِ ‌رَكَعَاتٍ ‌قَبْلَ ‌الظُّهْرِ وَأَرْبَعٍ بَعْدَهَا حَرَّمَهُ اللَّهُ عَلَى النَّارِ).

"ആരെങ്കിലും ദ്വുഹ്റിന് മുൻപുള്ള നാല് റക്അത്തുകളും ശേഷമുള്ള നാലു റക്അത്തുകളും (നഷ്ടമാകാതെ) സൂക്ഷിച്ചാൽ അല്ലാഹു അവന് നരകം ഹറാമാക്കുന്നതാണ്."21 ദ്വുഹറിന് ശേഷമുള്ള രണ്ട് റക്അത്ത് റവാതിബ് നിസ്കാരങ്ങൾക്ക് മേൽ രണ്ട് റക്അത്തുകൾ കൂടെ അധികരിപ്പിച്ചാൽ എന്നാണ് ഹദീഥിൻ്റെ ഉദ്ദേശ്യം. കാരണം ദ്വുഹർ നിസ്കാരത്തിൻ്റെ റവാതിബുകൾ നിസ്കാരത്തിന് മുൻപ് നാല് റക്അത്തുകളും ശേഷം രണ്ട് റക്അത്തുകളുമാണ്. ഈ പറഞ്ഞതിനൊപ്പം രണ്ട് റക്അത്തുകൾ കൂടെ ചേർത്താൽ -ഉമ്മു ഹബീബഃ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത- മേൽപറഞ്ഞ ഹദീഥിൻ്റെ പരിധിയിൽ അത് ഉൾപ്പെടും.

അല്ലാഹുവാണ് എല്ലാ നന്മകൾക്കും തൗഫീഖ് നൽകുന്നവൻ. നമ്മുടെ നബി മുഹമ്മദ്(ﷺ)യുടെ മേൽ എല്ലാ അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ. നബിയുടെ കുടുംബത്തിലും അനുചരിലും നബിയെ പിൻപറ്റിയവരിലും അവസാന നാൾ വരെ നന്മ സദാ വർഷിക്കട്ടെ.

 

 

***

 


മുസ്‌ലിം: 224.

ബുഖാരി: 5782.

ബുഖാരി: 744, മുസ്‌ലിം: 598.

മുസ്‌ലിം: 399.

ബുഖാരി: 756.

ബുഖാരി: 817, മുസ്‌ലിം: 484.

ബുഖാരി: 711, മുസ്‌ലിം: 598.

മുസ്‌ലിം: 477.

മുസ്‌ലിം: 479.

ബുഖാരി: 788, മുസ്‌ലിം: 493.

തിർമിദി: 284, അബൂദാവൂദ്: 850, ഇബ്നുമാജഃ: 898.

ബുഖാരി: 797, മുസ്‌ലിം: 402.

ബുഖാരി: 1311, മുസ്‌ലിം: 588.

നസാഈ: 1298.

മുസ്‌ലിം: 402.

മുസ്‌ലിം: 591.

മുസ്‌ലിം: 402.

ബുഖാരി: 6860.

മുസ്‌ലിം: 728.

അഹ്‌മദ്: 25547, തിർമിദി: 393, അബൂദാവൂദ്: 1077.

ബുഖാരി: 605.

(كيفية صلاة النبي ﷺ)

നബിയുടെ നിസ്കാരം