نُبْذَةٌ فِي العَقِيدَةِ الإِسْلَامِيَّة (شَرْحُ أُصُولِ الإِيمَانِ)
ഇസ്‌ലാമിക വിശ്വാസ സംഗ്രഹം
بِقَلَم فَضِيلَة الشَّيخ العَلَّامَة
مُحَمَّدِ بْنِ صَالِحٍ العُثَيمِين
غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِلْمُسْلِمِين
ഗ്രന്ഥകർത്താവ്
മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
ഇസ്ലാമിക വിശ്വാസ സംഗ്രഹം
ആമുഖം
إنَّ الحَمدَ لِلَّهِ نَحمَدُهُ، ونَستَعِينُهُ، ونَستَغفِرُهُ، ونَتُوبُ إليه، ونَعُوذُ باللَّهِ مِن شُرُورِ أنْفُسِنا، ومِن سَيِّئاتِ أعْمَالِنا، مَن يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، ومَن يُضْلِلْ فَلَا هَادِيَ لَهُ، وأَشهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، صَلَّى اللَّهُ عَلَيهِ، وَعَلَى آلِهِ، وَأَصْحَابِهِ، وَمَنْ تَبِعَهُمْ بِإِحْسَانٍ، وَسَلَّمَ تَسلِيمًا.
വിജ്ഞാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് തൗഹീദിനെ കുറിച്ചുള്ള അറിവാണ്. ഏറ്റവും മഹത്തരമായ സ്ഥാനവും, അന്വേഷിച്ചറിയേണ്ട വിജ്ഞാനങ്ങളിൽ ഏറ്റവും നിർബന്ധമായ വിജ്ഞാനവുമാണ് തൗഹീദിനെ കുറിച്ചുള്ളത്. കാരണം, തൗഹീദ് പഠിക്കുന്നവൻ അല്ലാഹുവിനെക്കുറിച്ചും അവന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചും, അവന്റെ അടിമകൾക്ക് അവനോടുള്ള ബാധ്യതകളെക്കുറിച്ചുമാണ് പഠിച്ചറിയുന്നത്. മാത്രമല്ല, അല്ലാഹുവിലേക്കുള്ള മാർഗത്തിൻ്റെ താക്കോലും അവന്റെ മതനിയമങ്ങളുടെ അടിത്തറയും തൗഹീദിന് മേലാണ് നിലകൊള്ളുന്നത്.
അതുകൊണ്ടാണ് നബിമാരെല്ലാം തൗഹീദിലേക്ക് ക്ഷണിക്കുക എന്ന അടിസ്ഥാനത്തിൽ ഒരു പോലെ നിലകൊണ്ടത്. അല്ലാഹു പറയുന്നു:
﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ 25﴾
"ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25)
അല്ലാഹുവിൻ്റെ ഏകത്വത്തിന് അല്ലാഹു തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു എന്നതിനോടൊപ്പം അവൻ്റെ മലക്കുകളും വിജ്ഞാനം നൽകപ്പെട്ട പണ്ഡിതന്മാരും അക്കാര്യം സാക്ഷ്യം വഹിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ 18﴾
"താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍." (ആലു ഇമ്രാൻ: 18)
തൗഹീദിന് ഇത്രയധികം പ്രാധാന്യമുണ്ട് എന്നതിൽ നിന്ന്, ഓരോ മുസ്‌ലിമും അത് പഠിച്ചും പഠിപ്പിച്ചും അതിനെ കുറിച്ച് നന്നായി ചിന്തിച്ചും അതിൽ ഉറച്ചു വിശ്വസിച്ചും തൗഹീദിന് തൻ്റെ ജീവിതത്തിൽ പരമപ്രധാനമായ സ്ഥാനം നൽകണം എന്ന് മനസ്സിലാക്കാവുന്നതാണ്. അതിലൂടെ, തൻ്റെ ദീനിനെ സുദൃഢമായ അടിത്തറയിലും, മനസ്സമാധാനത്തോടെയും, പൂർണ്ണമായ സമർപ്പണത്തോടെയും കെട്ടിപ്പടുക്കാൻ അവന് സാധിക്കുന്നതാണ്. തൗഹീദിൻ്റെ ഫലങ്ങളും പ്രയോജനങ്ങളും അപ്പോഴാണ് അവന് ആസ്വദിക്കാൻ സാധിക്കുക.
അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ.
ഗ്രന്ഥകാരൻ
ഇസ്‌ലാം മതം
അല്ലാഹു മുഹമ്മദ് നബി (ﷺ) യെ നിയോഗിച്ച ആദർശം ഏതാണോ, അതാണ് ഇസ്‌ലാം മതം. അതിലൂടെ മുൻകഴിഞ്ഞ എല്ലാ മതനിയമങ്ങൾക്കും വിധിവിലക്കുകൾക്കും അന്ത്യമായിരിക്കുന്നു. തൻ്റെ ദാസന്മാർക്ക് വേണ്ടി ഈ ദീൻ അവൻ പൂർത്തീകരിക്കുകയും, അവരുടെ മേലുള്ള തൻ്റെ അനുഗ്രഹം അവൻ പൂർണ്ണമാക്കുകയും, അവർക്കുള്ള മതമായി അതിനെ അവൻ തൃപ്തിപ്പെട്ടു നൽകുകയും ചെയ്തിരിക്കുന്നു. ഇനി ഇസ്‌ലാമിന് പുറമെ മറ്റൊരു മതവും ഒരാളിൽ നിന്നും അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا 40﴾
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." (അഹ്സാബ്: 40)
അല്ലാഹു തന്നെ പറയുന്നു:
﴿...ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ...﴾
"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു." (മാഇദഃ: 3)
അല്ലാഹു പറയുന്നു:
﴿إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُ...﴾
"തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു." (ആലു ഇംറാൻ: 19)
അല്ലാഹു പറയുന്നു:
﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ 85﴾
"ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (ആലു ഇംറാൻ: 85)
ഈ മതം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുക എന്നതാണ് സകലമനുഷ്യരുടെ മേലും അല്ലാഹു നിർബന്ധമാക്കിയിട്ടുള്ളത്. അല്ലാഹു അവന്റെ റസൂലിനെ (ﷺ) അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ 158﴾
"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍; നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം." (അഅ്റാഫ്: 158)
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
«وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ وَلَا نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلَّا كَانَ مِنْ أَصْحَابِ النَّارِ».
"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാളും -അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ-; എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്‌ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."1
നബി -ﷺ- യിൽ വിശ്വസിക്കുകയെന്നാൽ അവിടുന്ന് കൊണ്ടുവന്ന കാര്യം സ്വീകരിക്കുകയും അതിന് കീഴൊതുങ്ങുകയും ചെയ്തുകൊണ്ട് അതിനെ സത്യപ്പെടുത്തുക എന്നതാണ് അതിൻ്റെ അർത്ഥം. അല്ലാതെ കേവലമൊരു ശരിവെക്കൽ മാത്രം കൊണ്ട് കാര്യമില്ല. ഇതുകൊണ്ടാണ് അബൂ ത്വാലിബിനെ നബി -ﷺ- യിൽ വിശ്വസിച്ചവരുടെ കൂട്ടത്തിൽ എണ്ണാത്തത്; അദ്ദേഹം നബി -ﷺ- യുടെ മതത്തെ ശരിവെക്കുകയും, അതാണ് മതങ്ങളിൽ ഏറ്റവും നല്ല മതം എന്ന് സാക്ഷ്യം വഹിക്കുകയുമെല്ലാം ചെയ്തിരുന്നു.
മുൻകഴിഞ്ഞ മതസംഹിതകളിലെ സകല നന്മകളെയും ഇസ്‌ലാം ഉൾക്കൊണ്ടിരിക്കുന്നു. എന്നാൽ അവക്കൊന്നുമില്ലാത്ത പ്രത്യേകതകൾ ഇസ്‌ലാമിനുണ്ട്. അതിലൊന്ന്: ഇസ്‌ലാം ഏതുകാലത്തേക്കും ഏതു നാട്ടിലേക്കും ഏതു സമൂഹത്തിനും യോജിച്ചതാണ് എന്നതാകുന്നു. അല്ലാഹു അവന്റെ റസൂലിനെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:
﴿وَأَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلۡكِتَٰبِ وَمُهَيۡمِنًا عَلَيۡهِ...﴾
"(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം നാം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്." (മാഇദഃ: 48)
ഇസ്‌ലാം ഏതുകാലത്തേക്കും ഏതു നാട്ടിലേക്കും ഏതു സമൂഹത്തിനും യോജിച്ചതാണ് എന്നു പറഞ്ഞാൽ അതിനർത്ഥം: ഒരു കാലഘട്ടത്തിലും ഏതൊരു നാട്ടിലും മനുഷ്യനന്മക്ക് വിരുദ്ധമാവുന്ന യാതൊന്നും ഇസ്‌ലാം മുറുകെ പിടിക്കുന്നത് കൊണ്ട് ഒരാൾക്ക് പ്രവർത്തിക്കേണ്ടി വരികയില്ല എന്നാണ്. അല്ല! യഥാർത്ഥത്തിൽ ഇസ്‌ലാമാണ് ഏതു കാലത്തേയും നാടിനേയും നന്മയിലാക്കുന്നത്. ചിലർ ധരിക്കുന്നത് പോലെ, ഓരോ നാടിൻ്റെയും ഓരോ കാലഘട്ടത്തിൻ്റെയും അവസ്ഥകൾക്കനുസരിച്ച് ഇസ്‌ലാമിനെ വളച്ചു കൊണ്ടുപോകാം എന്നല്ല 'ഇസ്‌ലാം ഓരോ കാലഘട്ടത്തിനും നാടിനും യോജിച്ചതാണ്' എന്നു പറയുന്നതിൻ്റെ അർത്ഥം.
ഇസ്‌ലാമാണ് സത്യമതം; അത് യഥാവിധി മുറുകെപ്പിടിക്കുന്നവർക്ക് അല്ലാഹു അവന്റെ സഹായം ഉറപ്പ് നൽകിയിരിക്കുന്നു. ഇസ്‌ലാമിന് മറ്റ് ആദർശങ്ങൾക്ക് മേൽ വിജയം നൽകുന്നതാണ് എന്നതും അല്ലാഹു ഉറപ്പു നൽകിയിട്ടുള്ള കാര്യമാണ്. അല്ലാഹു പറയുന്നു:
﴿هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ 9﴾
"അവനാണ് സന്മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും ശരി." (സ്വഫ്ഫ്: 9)
അല്ലാഹു പറയുന്നു:
﴿وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ 55﴾
"നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍." (നൂർ: 55)
ഇസ്‌ലാം ദീൻ എന്നാൽ ഒരേ സമയം അഖീദയും ശരീഅത്തും ചേർന്നതാണ്. അഖീദയെന്നാൽ വിശ്വാസകാര്യങ്ങളും ശരീഅത്തെന്നാൽ നിയമസംഹിതയുമാണ്. ഇസ്‌ലാമിന്റെ അഖീദയും ശരീഅത്തും സമ്പൂർണമാകുന്നു.
1- ഇസ്‌ലാം തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക) കൽപിക്കുന്നു. ശിർക്ക് (അല്ലാഹുവിനോട് അവനല്ലാത്തവയെ പങ്കുചേർക്കുക) വിലക്കുന്നു.
2) സത്യസന്ധത പാലിക്കുവാൻ കൽപിക്കുന്നു. കളവ് വിലക്കുന്നു.
3) നീതി പാലിക്കാൻ കൽപിക്കുന്നു. അനീതി വിലക്കുന്നു. നീതിയെന്നാൽ സമാനമായ കാര്യങ്ങളെ ഒരുപോലെ പരിഗണിക്കുകയും ഭിന്നമായ കാര്യങ്ങളെ വേർതിരിച്ചു കാണുകയും ചെയ്യലാണ്. നിരുപാധികം എല്ലാത്തിനെയും ഒരുപോലെ കാണുക എന്നതല്ല നീതി. അങ്ങനെയാണ് ചിലർ തെറ്റിധരിച്ചിട്ടുള്ളത്. ഇസ്‌ലാം സമത്വത്തിന്റെ മതമാണ് എന്ന് അവർ ഒരു ഉപാധിയുമില്ലാതെ പറഞ്ഞുകളയും. അത് ശരിയല്ല; ഭിന്നമായ കാര്യങ്ങളെ സമഭാവനയോടെ കാണുക നീതിയല്ല. മറിച്ച്, അനീതിയാണ്. ഇസ്‌ലാം അത് പഠിപ്പിച്ചിട്ടില്ല. അതൊരിക്കലും പ്രശംസനീയമായ സംഗതിയേയല്ല.
4) ഇസ്‌ലാം വിശ്വസ്തത പാലിക്കാൻ കൽപിക്കുന്നു. വഞ്ചനയെ വിലക്കുന്നു.
5) കരാറുകൾ പൂർണമായി പാലിക്കാൻ കൽപിക്കുന്നു. ചതിയിൽ നിന്ന് വിലക്കുന്നു.
6) മാതാപിതാക്കൾക്ക് നന്മ ചെയ്യാൻ കൽപിക്കുന്നു. അവരെ ദ്രോഹിക്കുന്നത് വിലക്കുന്നു.
7) കുടുംബബന്ധങ്ങൾ ചേർക്കാൻ കൽപിക്കുന്നു. അത് വിച്ഛേദിക്കാൻ പാടില്ലെന്ന് പഠിപ്പിക്കുന്നു.
8) നല്ല അയൽവാസിയായിരിക്കാൻ കൽപിക്കുന്നു. അയൽവാസിയോട് മോശമായി പെരുമാറുന്നത് വിലക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഇസ്‌ലാം എല്ലാ ശ്രേഷ്ഠമായ സ്വഭാവഗുണങ്ങളും പാലിക്കാൻ കൽപിക്കുന്നു. നിലവാരമില്ലാത്തതും മോശവുമായ ഏതൊരു സ്വഭാവവും ഇസ്‌ലാം വിലക്കുന്നു. എല്ലാ സൽകർമ്മവും പഠിപ്പിക്കുന്നു. എല്ലാ ചീത്ത പ്രവർത്തനങ്ങളും നിരോധിക്കുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു:
﴿إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ 90﴾
"തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ് . അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു." (നഹ്‌ൽ: 90)
അർകാനുൽ ഇസ്‌ലാം
അർകാനുൽ ഇസ്‌ലാം എന്നാൽ ഇസ്‌ലാമിന്റെ അടിത്തറകളായ പഞ്ചസ്തംഭങ്ങളാണ്. ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അവക്ക് മേലാണ്. അവ അഞ്ചു കാര്യങ്ങളാണ്. അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
«بُنِيَ الْإِسْلَامُ عَلَى خَمْسَةٍ: عَلَى أَنْ يُوَحِّدَ اللَّه - وَفِي رِوَايَةٍ عَلَى خَمْسٍ -: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ وَصِيَامِ رَمَضَانَ وَالْحَجِّ».
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്; അല്ലാഹുവിനെ ഏകനാക്കൽ, -മറ്റൊരു നിവേദനത്തിനുള്ളത് ഇപ്രകാരമാണ്: 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ-, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസത്തിൽ നോമ്പെടുക്കൽ, ഹജ്ജ് നിർവ്വഹിക്കൽ." അപ്പോൾ ഒരാൾ ചോദിച്ചു: "ഹജ്ജും ശേഷം റമദാൻ മാസത്തിലെ നോമ്പുമെന്നല്ലേ?" ഇബ്നു ഉമർ പറഞ്ഞു:
«لَا، صِيَامُ رَمَضَانَ وَالْحَجُّ».
"അല്ല! റമദാൻ മാസത്തിൽ നോമ്പെടുക്കലും ഹജ്ജും." ഇപ്രകാരം തന്നെയാണ് ഞാൻ നബി -ﷺ- യിൽ നിന്ന് കേട്ടത്.2.
1- ഇസ്‌ലാമിൻ്റെ ഒന്നാമത്തെ സ്തംഭമായ ശഹാദത്ത് കലിമഃ; അതായത് അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്നും സാക്ഷ്യം വഹിക്കുക എന്ന കാര്യം; ഈ സാക്ഷ്യവചനത്തിൽ പറയുന്ന കാര്യം അടിയുറച്ചു വിശ്വസിക്കുകയും നാവ് കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യണം. സാക്ഷ്യം പറയുന്ന ഒരാൾ തൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കണ്ടകാര്യം ഉറപ്പിച്ചു പറയുന്നത് പോലെ, ഈ സാക്ഷ്യവചനത്തിലെ ആശയവും ഉറപ്പിച്ചു പറയണം.
ശഹാദത്ത് കലിമയിൽ രണ്ട് കാര്യങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും നബി (ﷺ) അവ രണ്ടും ഒരു സ്തംഭമായാണ് എണ്ണിയത്;
അല്ലാഹുവിൽ നിന്ന് ഈ സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകുന്നവർ മുഹമ്മദ് നബി (ﷺ) യാണ്. മുഹമ്മദ് നബി (ﷺ) അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണെന്ന് സാക്ഷ്യം വഹിക്കൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്ന ആദ്യഭാഗം സാക്ഷ്യം വഹിക്കുന്നതിൻ്റെ പൂർത്തീകരണത്തിൽ പെട്ടതാണ് എന്നതായിരിക്കാം ഇപ്രകാരം ഒരുമിച്ചു പറഞ്ഞതിൻ്റെ പിന്നിലെ കാരണം.
അതല്ലെങ്കിൽ: ഇഖ്ലാസും ഇത്തിബാഉം (അല്ലാഹുവിന് പ്രവർത്തനങ്ങൾ നിഷ്കളങ്കമാക്കലും, നബി (ﷺ) യെ മാതൃകയാക്കി കൊണ്ട് ആരാധനകൾ നിർവ്വഹിക്കലും) ഇല്ലാതെ ഒരു പ്രവർത്തനവും ഇസ്‌ലാമിൽ സാധുവാകില്ല എന്നതും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടില്ല എന്നതും പരിഗണിച്ചു കൊണ്ടായിരിക്കാം അവ രണ്ടും ഒരുമിച്ചു പറഞ്ഞത്.
ഇഖ്‌ലാസിലൂടെ, അഥവാ, കർമങ്ങളെല്ലാം അല്ലാഹുവിനു വേണ്ടി മാത്രം നിഷ്കളങ്കമാക്കുന്നതിലൂടെയാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ശഹാദത്ത് സാക്ഷാത്ക്കരിക്കപ്പെടുന്നത്. മുഹമ്മദ് നബിﷺയെ പിൻപറ്റിക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് 'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ഈ സാക്ഷ്യം മുഖേന ലഭിക്കുന്ന ശ്രേഷ്ഠമായ ചില ഗുണഫലങ്ങളുണ്ട്: ഹൃദയത്തെയും ശരീരത്തെയും സൃഷ്ടികളോടുള്ള അടിമത്തത്തിൽ നിന്നും മോചിപ്പിക്കുകയും, അല്ലാഹുവിന്റെ ദൂതന്മാരല്ലാത്തവരോടുള്ള വിധേയത്വത്തിൽ നിന്നും സ്വതന്ത്രമാക്കുകയും ചെയ്യുക എന്നത് അതിലൊന്നാണ്.
2- നിസ്കാരം നിലനിർത്തുക: അഥവാ അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് നിസ്കാരം അതിന്റെ സമയത്ത് നിശ്ചിത രൂപത്തിൽ സ്ഥിരമായി നിർവഹിക്കുക.
നിസ്കാരം മുഖേന ലഭിക്കുന്ന സൽഫലങ്ങൾ അനേകമാണ്. ഹൃദയവിശാലതയും കൺകുളിർമയും അതുമുഖേന ലഭിക്കും. നീചവും മോശവുമായ കാര്യങ്ങളിലേക്ക് വീണുപോകുന്നതിൽ നിന്ന് നിസ്കാരം അതിൻ്റെ ആളുകളെ തടയുന്നതാണ്.
3- സകാത്ത് കൊടുത്തുവീട്ടുക: അഥവാ അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക്, സകാത്ത് ബാധകമാകുന്ന സമ്പത്തിന്റെ നിശ്ചിത ഓഹരി അവകാശപ്പെട്ടവർക്ക് നൽകുക.
ഏറെ പ്രയോജനങ്ങൾ സകാത്ത് മുഖേന ലഭിക്കും. പിശുക്കെന്ന തരംതാണ സ്വഭാവത്തിൽ നിന്ന് മനസിനെ ശുദ്ധീകരിക്കാൻ സകാത്ത് കൊണ്ട് കഴിയുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ആവശ്യങ്ങൾ അത് മുഖേന നിറവേറ്റാനും സാധിക്കുന്നു.
4- റമദാനിലെ നോമ്പ്: അല്ലാഹുവിനുള്ള ആരാധന എന്ന നിലക്ക് റമദാനിന്റെ പകൽ മുഴുവൻ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
മനുഷ്യ മനസ്സിന് പ്രിയങ്കരമായ കാര്യങ്ങൾ അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ത്യജിക്കാൻ സ്വന്തത്തെ പരിശീലിപ്പിക്കുകയെന്നത് നോമ്പിന്റെ സൽഫലങ്ങളിലൊന്നാകുന്നു.
5- ഹജ്ജ്: അല്ലാഹുവിനുള്ള ഇബാദത് എന്ന നിലക്ക് ഹജ്ജിന്റെ നിശ്ചിതകർമങ്ങൾ നിർവഹിക്കുവാൻ വേണ്ടി മസ്ജിദുൽ ഹറാം ലക്ഷ്യമാക്കി യാത്ര ചെയ്യൽ.
അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിൽ സമ്പത്ത് ചെലവഴിക്കുകയും സ്വദേഹം കൊണ്ട് അധ്വാനിക്കുകയും ചെയ്യാൻ മനസിനെ പരിശീലിപ്പിക്കുകയെന്നത് ഹജ്ജിന്റെ പ്രയോജനങ്ങളിലൊന്നാണ്. അതുകൊണ്ടാണ് ഹജ്ജ് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിന്റെ ഇനങ്ങളിലൊന്നായി എണ്ണപ്പെട്ടിട്ടുള്ളത്.
ഇസ്‌ലാമിന്റെ അടിത്തറയാകുന്ന ഈ കാര്യങ്ങൾക്ക് നാമീ വിവരിച്ചതും അല്ലാത്തതുമായ ധാരാളം ഫലങ്ങളുണ്ട്. അവ ജനങ്ങൾക്കിടയിൽ ഇസ്‌ലാമിക സമൂഹത്തെ പരിശുദ്ധമായ ഒരു സമൂഹമാക്കിത്തീർക്കുന്നു. അല്ലാഹുവിന് ശരിയായ ദീൻ മുഖേന വിധേയരാകുന്ന ഒരു സമൂഹം! ലോകരോട് നീതിയുടെയും സത്യസന്ധതയോടെയും മാത്രം ഇടപെടുന്ന ഉത്തമസമുദായം! കാരണം ഈ അടിത്തറകൾ നേരെയായാൽ അതുമുഖേന ഇസ്‌ലാമിന്റെ ബാക്കിയുള്ള അടയാളങ്ങളെല്ലാം നേരെയാകുന്നതാണ്. ഉമ്മത്തിന്റെ അവസ്ഥാവിശേഷങ്ങൾ നന്നാവുക അവരുടെ മതകാര്യങ്ങൾ നന്നാവുന്നതിലൂടെയാണ്. ദീനിന്റെ കാര്യങ്ങളിൽ എത്രമാത്രം വീഴ്ച വരുന്നുവോ അതിന്റെ തോതനുസരിച്ച് സമുദായത്തിന്റെ അവസ്ഥ മോശമാകും.
അക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ അല്ലാഹുവിന്റെ ഈ വചനം വായിക്കുക:
﴿وَلَوۡ أَنَّ أَهۡلَ ٱلۡقُرَىٰٓ ءَامَنُواْ وَٱتَّقَوۡاْ لَفَتَحۡنَا عَلَيۡهِم بَرَكَٰتٖ مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ وَلَٰكِن كَذَّبُواْ فَأَخَذۡنَٰهُم بِمَا كَانُواْ يَكۡسِبُونَ 96 أَفَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا بَيَٰتٗا وَهُمۡ نَآئِمُونَ 97 أَوَأَمِنَ أَهۡلُ ٱلۡقُرَىٰٓ أَن يَأۡتِيَهُم بَأۡسُنَا ضُحٗى وَهُمۡ يَلۡعَبُونَ 98 أَفَأَمِنُواْ مَكۡرَ ٱللَّهِۚ فَلَا يَأۡمَنُ مَكۡرَ ٱللَّهِ إِلَّا ٱلۡقَوۡمُ ٱلۡخَٰسِرُونَ 99﴾
"ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
എന്നാല്‍ ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ രാത്രിയില്‍ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
ആ നാടുകളിലുള്ളവര്‍ക്ക് അവര്‍ പകല്‍ സമയത്ത് കളിച്ചു നടക്കുന്നതിനിടയില്‍ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ? എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരായിരിക്കുകയില്ല." (അഅ്റാഫ്: 96-99)
ചരിത്രത്തിലേക്ക് കണ്ണോടിക്കുക! ബുദ്ധിയുള്ളവർക്ക് ചരിത്രത്തിൽ ഗുണപാഠമുണ്ട്. ഹൃദയം മറക്കുള്ളിലായി ചിന്താശേഷി നഷ്ടപ്പെടാത്തവർക്ക് അതിൽ കണ്ണുതുറപ്പിക്കുന്ന അധ്യാപനങ്ങളുണ്ട്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറകൾ
നാം നേരത്തെ വിശദീകരിച്ചതുപോലെ ഇസ്‌ലാം എന്നത് അഖീദയും ശരീഅത്തുമാണ്. ശരീഅത്തിലെ ചില കാര്യങ്ങളും അതിന്റെ അടിത്തറകളാകുന്ന സംഗതികളും നാം സൂചിപ്പിച്ചുകഴിഞ്ഞു.
ഇസ്‌ലാമിക അഖീദയുടെ അടിത്തറകൾ താഴെ പറയുന്നു: അല്ലാഹുവിലുള്ള വിശ്വാസം, അവന്റെ മലക്കുകളിലുള്ള വിശ്വാസം, അവന്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം, അവന്റെ ദൂതന്മാരിലുള്ള വിശ്വാസം, അന്ത്യദിനത്തിലുള്ള വിശ്വാസം, നന്മയും തിന്മയുമാകുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ വിധിയാൽ സംഭവിക്കുന്നതാണെന്ന വിശ്വാസം.
ഖുർആനിലും സുന്നത്തിലും ഈ അടിത്തറകൾക്ക് തെളിവുകൾ വന്നിട്ടുണ്ട്.
ഖുർആനിൽ വന്നത് കാണുക:
﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...﴾
"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും (സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നതിലാണ്) പുണ്യമുള്ളത്." (ബഖറഃ: 177) ഖദറിനെ (അല്ലാഹുവിന്റെ വിധിയെ) കുറിച്ച് അല്ലാഹു പറയുന്നു:
﴿إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ 49 وَمَآ أَمۡرُنَآ إِلَّا وَٰحِدَةٞ كَلَمۡحِۭ بِٱلۡبَصَرِ 50﴾
"തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ (ഖദ്ർ) പ്രകാരമാകുന്നു.
നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ." (ഖമർ: 49-50)
ഈ വിശ്വാസ കാര്യങ്ങൾ നബിﷺയുടെ സുന്നത്തിലും പരാമർശിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ ജിബ്‌രീൽ നബിﷺയുടെ അരികിൽ വരികയും ഈമാൻ എന്താണെന്ന് നബിﷺയോട് ചോദിക്കുകയും ചെയ്തു. അതിന് അവിടുന്ന് ഇപ്രകാരം മറുപടി പറയുകയുണ്ടായി:
«الْإِيمَانُ: أَنْ تُؤْمِنَ بِاللَّهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ: خَيْرِهِ وَشَرِّهِ».
"ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, ഖദ്റിലും; അതിൻ്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്."3
അല്ലാഹുവിലുള്ള വിശ്വാസം
അല്ലാഹുവിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നു.
ഒന്ന്: അല്ലാഹു ഉണ്ട് എന്ന വിശ്വാസം.
അല്ലാഹു ഉണ്ട് എന്നതിന് എണ്ണിയാലൊടുങ്ങാത്ത തെളിവുകളുണ്ട്. മനുഷ്യന്റെ ശുദ്ധപ്രകൃതിയും ബുദ്ധിയും മതപ്രമാണങ്ങളും പഞ്ചേന്ദ്രിയങ്ങളും അല്ലാഹു ഉണ്ടെന്നറിയിക്കുന്നു.
1- ഫിത്വ്‌റത്തിൽ (മനുഷ്യന്റെ ശുദ്ധപ്രകൃതിയിൽ) തന്നെയുള്ള തെളിവ്: ഓരോ പടപ്പും സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത് തന്റെ സ്രഷ്ടാവിൽ വിശ്വാസമുള്ള അവസ്ഥയിലാണ്. ആലോചിച്ചു കണ്ടെത്തുകയോ പഠിപ്പിച്ചു നൽകുകയോ വേണ്ടതില്ലാത്ത വിധം അക്കാര്യം മനുഷ്യപ്രകൃതത്തിൽ രൂഢമൂലമായിട്ടുണ്ട്. ഈ ശുദ്ധപ്രകൃതിയിൽ നിന്ന് തെറ്റിച്ചു കളയുന്ന കാര്യങ്ങൾ ഹൃദയത്തെ ബാധിക്കാത്തിടത്തോളം ഈ വിശ്വാസം മനുഷ്യരുടെ മനസ്സിൽ നിലകൊള്ളുന്നതാണ്. നബി ﷺ പറഞ്ഞു:
«مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ».
"ഓരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദിയോ നസ്രാനിയോ അഗ്നിയാരാധകനോ ആക്കിത്തീർക്കുന്നത്."4
2- ബുദ്ധി കൊണ്ടുള്ള തെളിവ്; മനുഷ്യരുടെ കേവലബുദ്ധി സ്രഷ്ടാവായ അല്ലാഹു ഉണ്ടെന്നറിയിക്കുന്നതാണ്. കാരണം, ഈ കാണുന്ന സൃഷ്ടികളെല്ലാം -അതിൽ നിലവിലുള്ളതും കഴിഞ്ഞുപോയതുമെല്ലാം- ഒരു സ്രഷ്ടാവിലാതെ എങ്ങനെയുണ്ടാകാനാണ്?! അതിനെല്ലാം ഒരു സ്രഷ്ടാവ് കൂടിയേതീരൂ. കാരണം, അവയ്ക്കൊന്നും സ്വയം സൃഷ്ടിക്കുക സാധ്യമല്ല. യാദൃച്ഛികമായി അവ ഉണ്ടായിത്തീരുകയുമില്ല.
സൃഷ്ടികൾ സ്വയം സൃഷ്ടിച്ചതല്ല. കാരണം, ഒരു വസ്തുവിനും സ്വന്തത്തെ തന്നെ നിർമിക്കാൻ കഴിയില്ല. കാരണം സൃഷ്ടിക്കപ്പെടുന്നതിന് മുൻപ് അങ്ങനെയൊരു വസ്തുവിന് യാതൊരു അസ്തിത്വവും നിലവിലില്ല; എന്നിരിക്കെ ഇല്ലാത്ത ഒന്നിന് എങ്ങനെ സ്വന്തത്തെ സൃഷ്ടിക്കാൻ കഴിയും?!
സൃഷ്ടികൾ യാദൃച്ഛികമായി പൊടുന്നനെ ഉണ്ടാവുക എന്നതും സാധ്യമല്ല. കാരണം, നേരത്തെ ഇല്ലാതിരുന്ന, പിന്നീടുണ്ടായ ഏതൊരു കാര്യത്തിന് പിന്നിലും അതിനെ സംഭവ്യമാക്കിയ ഒരുവൻ ഉണ്ടായേ പറ്റൂ. ഇത്രയും കൃത്യമായ ഘടനയോടെ, പരസ്പരം പൊരുത്തപ്പെട്ട് പോകുന്ന യോജിപ്പോടെ ഈ സൃഷ്ടികൾ ഇവിടെ നിലനിൽക്കുന്നു എന്നതും അവക്കൊരു സ്രഷ്ടാവുണ്ട് എന്നതിനുള്ള തെളിവാണ്. അതിലെ കാര്യങ്ങളും അവയുടെ കാരണങ്ങളുമെല്ലാം പരസ്പര ബന്ധിതമായി നിലകൊള്ളുകയും, പരസ്പരം യോജിച്ചു നിലകൊള്ളുകയും ചെയ്യുന്നു; ഇതെല്ലാം യാദൃച്ഛികമായി സംഭവിക്കുകയെന്നത് തീർത്തും അസാധ്യമാണ്. ഒരു കാര്യം യാതൊരു കൃത്യതയുമില്ലാതെ തനിയെ ഉണ്ടായിത്തീരുക എന്നത് തന്നെ അസംഭവ്യമാണ് എന്നിരിക്കെ ഈകാണുന്ന കൃത്യതയോടെയും പരസ്പര യോജിപ്പോടെയും ഒരു പ്രപഞ്ചം തന്നെ നിലനിൽക്കുകയും വികസിക്കുകയും ചെയ്യുക എന്നത് എങ്ങനെ സാധ്യമാകും?
ഈ സൃഷ്ടികൾ സ്വയം സൃഷ്ടിച്ചതല്ല; അവ തനിയെ ഉണ്ടായതുമല്ല എന്ന് ഇത്രയും പറഞ്ഞതിൽ നിന്ന് വ്യക്തമായി. പിന്നെങ്ങനെയാണ് ഇവയെല്ലാം ഉണ്ടായത്?! ഒരു സ്രഷ്ടാവ് അവയെ സൃഷ്ടിച്ചു എന്നതല്ലാതെ മറ്റൊരു ഉത്തരവും ഈ ചോദ്യത്തിനില്ല. ഇവയെല്ലാം സൃഷ്ടിച്ചവനായ, സർവ ലോകരുടെയും രക്ഷിതാവായ അവനാണ് അല്ലാഹു!
ബുദ്ധിപരവും ഖണ്ഡിതവുമായ ഈ തെളിവ് പരിശുദ്ധ ഖുർആനിൽ സൂറത്തു ത്വൂറിൽ അല്ലാഹു വിവരിച്ചിട്ടുണ്ട്. അവൻ പറയുന്നു:
﴿أَمۡ خُلِقُواْ مِنۡ غَيۡرِ شَيۡءٍ أَمۡ هُمُ ٱلۡخَٰلِقُونَ 35﴾
"അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?" (ത്വൂർ: 35) അതായത് ഒരു സ്രഷ്ടാവില്ലാതെ അവർ തനിയെ ഉണ്ടായതല്ല. അവരെ സൃഷ്ടിച്ചത് അവർ തന്നെയുമല്ല. എങ്കിൽ അവരെ സൃഷ്ടിച്ചവൻ അല്ലാഹുവാണ് എന്നതല്ലാതെ മറ്റൊരു സാധ്യതയും ഇനി ബാക്കിയില്ല. ഇതു കൊണ്ടാണ് നബി ﷺ ഈ ആയത്തുകൾ പാരായണം ചെയ്യുന്നത് കേട്ടപ്പോൾ തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് ജുബൈർ ബ്നു മുത്വ്ഇം (رضي الله عنه) ഇപ്രകാരം പറഞ്ഞത്:
﴿أَمۡ خُلِقُواْ مِنۡ غَيۡرِ شَيۡءٍ أَمۡ هُمُ ٱلۡخَٰلِقُونَ 35 أَمۡ خَلَقُواْ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۚ بَل لَّا يُوقِنُونَ 36 أَمۡ عِندَهُمۡ خَزَآئِنُ رَبِّكَ أَمۡ هُمُ ٱلۡمُصَۜيۡطِرُونَ 37﴾
"അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?
അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല.
അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?" (ത്വൂർ: 35-37)
ജുബൈർ ബ്നു മുത്ഇം അന്ന് മുസ്‌ലിമായിരുന്നില്ല; ബഹുദൈവാരാധകനായിരുന്നു. (ഈ ആയത്തുകൾ കേട്ടതിനെ കുറിച്ച്) അദ്ദേഹം പറയുന്നു: "എന്റെ ഹൃദയം പാറിപ്പോകുമെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ ഹൃദയത്തിൽ ആദ്യമായി സത്യവിശ്വാസം സ്ഥാനം പിടിച്ചത് അന്നായിരുന്നു."5.
ഇത്രയും പറഞ്ഞത് കൂടുതൽ വ്യക്തമാകുന്നതിന് വേണ്ടി ഒരു ഉദാഹരണം പറയാം: ഒരു വലിയ കൊട്ടാരത്തെക്കുറിച്ച് ഒരാൾ നിന്നോട് പറഞ്ഞുവെന്ന് സങ്കല്പിക്കുക. അതിനുചുറ്റും മനോഹരമായ പൂന്തോട്ടങ്ങളുണ്ട്. അവയ്ക്കിടയിലൂടെ അരുവികളൊഴുകുന്നു. കൊട്ടാരത്തിൽ കട്ടിലുകളും മെത്തകളുമുണ്ട്. എല്ലാ വിധ ഉപകരണങ്ങളും സൗകര്യങ്ങളും അലങ്കാരങ്ങളും അതിൽ സംവിധാനിച്ചിട്ടുണ്ട്. എന്നിട്ടയാൾ പറയുകയാണ്. ഈ കൊട്ടാരവും അതിലുള്ള ഈ സൗന്ദ്യര്യങ്ങളും പൂർണ്ണതകളും സ്വയം അതിനെത്തന്നെ നിർമിക്കുകയാണ് ചെയ്തത്. അല്ലെങ്കിൽ അയാൾ ഇപ്രകാരം പറഞ്ഞുവെന്ന് കരുതുക: ഈ കാണുന്നവയെല്ലാം ഒരാളും നിർമ്മിച്ചതല്ല; അവയെല്ലാം തനിയെ അങ്ങുണ്ടായതാണ്! ഇത് കേട്ടാൽ
നീയെന്തു മറുപടി പറയും? അവന്റെ കഥ തള്ളിക്കളയാനും നിഷേധിക്കാനും ഒരു നിമിഷം പോലും നീ ശങ്കിച്ചു നിൽക്കുകയില്ല. വിഡ്ഢിത്തമെന്നാണ് നീയതിനെ വിലയിരുത്തുക. ശരി! എങ്കിൽ ഈ വിശാലമായ പ്രപഞ്ചവും അതിലെ ഭൂമിയും ആകാശവും ഗോളങ്ങളും അതിലെ അവസ്ഥാന്തരങ്ങളും അവയുടെയെല്ലാം മനോഹരമായ ഘടനയും നീ നോക്കുക. ഒരു സ്രഷ്ടാവിലാതെ അവ സ്വയം സൃഷ്ടിച്ചതാണെന്നോ തനിയെ ഉണ്ടായതാണെന്നോ പറയാൻ എങ്ങനെ ഒരാൾക്ക് സാധിക്കും?!
3- മതപ്രമാണങ്ങൾ അല്ലാഹു ഉണ്ടെന്നറിയിക്കുന്നു: അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളെല്ലാം അത് പഠിപ്പിക്കുന്നു. ആ ഗ്രന്ഥങ്ങളിൽ വന്നിട്ടുള്ള വിധവിലക്കുകളെല്ലാം നീതിപൂർവകവും സൃഷ്ടികൾക്കെല്ലാം നന്മയായി ഭവിക്കുന്നതുമാണ്. അങ്ങേയറ്റം യുക്തിമാനും പടപ്പുകൾക്ക് നന്മയാകുന്ന കാര്യമേതെന്ന് ഏറ്റവും നന്നായി അറിയുന്നവനുമായ റബ്ബിൽ നിന്ന് അവതീർണമായതാണ് ആ ഗ്രന്ഥങ്ങൾ എന്നതിന് അവയെല്ലാം തെളിവുകളാണ്. ആ ഗ്രന്ഥങ്ങളിൽ പ്രപഞ്ചത്തിലെ ധാരാളം കാര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ വന്നിട്ടുണ്ട്. അവയെല്ലാം സത്യമാണെന്നത് അനുഭവയാഥാർഥ്യമാണ്. താനറിയിച്ച കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരു റബ്ബിൽ നിന്ന് അവതീർണമായതാണ് അവ എന്നതിന് ഇതും തെളിവാണ്.
4- അല്ലാഹു ഉണ്ടെന്ന സത്യം അനുഭവങ്ങളും നമ്മെ അറിയിക്കുന്നുണ്ട്; ഇത് രണ്ട് നിലക്കാണ്:
ഒന്ന്: പ്രാർത്ഥിക്കുന്നവർക്ക് ഉത്തരം ലഭിക്കുന്നതും പ്രയാസമനുഭവിക്കുന്നവർക്ക് സഹായം ലഭിക്കുന്നതും നാം കേൾക്കുകയും കാണുകയും ചെയ്യുന്നു. അല്ലാഹു ഉണ്ടെന്നതിനുള്ള ഖണ്ഡിതമായ തെളിവാണിത്. അല്ലാഹു പറയുന്നു:
﴿وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ...﴾
"നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ചുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം. അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നല്‍കി." (അൻബിയാഅ്: 76) അല്ലാഹു പറഞ്ഞു:
﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ...﴾
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അപ്പോള്‍ നിങ്ങള്‍ക്കവൻ ഉത്തരം നല്‍കി." (അൻഫാൽ: 9)
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം:
«إنَّ أعرابيًّا دَخَلَ يَوْمَ الجُمُعَةِ -والنَّبِيُّ صلَّى اللَّهُ عليهِ وسلَّمَ يَخْطُبُ- فقالَ: يا رسُولَ اللَّهِ، هَلَكَ المَالُ، وجَاعَ العِيَالُ، فَادْعُ اللَّهَ لنَا؛ فَرَفَعَ يَدَيْهِ ودَعَا، فَثَارَ السَّحَابُ أمثَالَ الجِبَالِ، فَلَمْ يَنْزِلْ عَنْ مِنْبَرِهِ حتَّى رَأَيْتُ المَطَرَ يَتَحَادَرُ عَنْ لِحْيَتِهِ».
"ഒരു ഗ്രാമീണനായ അറബി ഒരിക്കൽ നബി ﷺ പ്രസംഗിച്ചുകൊണ്ടിരിക്കെ കയറിവന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! സമ്പത്തെല്ലാം നശിച്ചു! കുടുംബം പട്ടിണിയിലാണ്. അതിനാൽ അല്ലാഹുവിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചാലും. അപ്പോൾ അവിടുന്ന് ﷺ കരങ്ങളുയർത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. അതാ! പർവതസമാനമായ മേഘങ്ങൾ പാറിവരുന്നു. നബി ﷺ മിമ്പറിൽ നിന്ന് താഴെയിറങ്ങുമ്പോൾ അവിടുത്തെ താടി മഴയിൽ കുതിർന്നിരുന്നു."6
അടുത്ത ജുമുഅ ദിനം അതേ ഗ്രാമീണനായ അറബി -അല്ലെങ്കിൽ മറ്റൊരാൾ- എഴുന്നേറ്റുനിന്നു പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! കെട്ടിടങ്ങൾ തകർന്നു. സമ്പത്തെല്ലാം വെള്ളത്തിൽ മുങ്ങി. അല്ലാഹുവിനോട് ഞങ്ങൾക്കുവേണ്ടി തേടിയാലും. അപ്പോൾ അവിടുന്ന് ﷺ തന്റെ കരങ്ങളുയർത്തുകയും ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്തു:
«اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا».
"അല്ലാഹുവേ! ഞങ്ങളുടെ മേലല്ല! ഞങ്ങൾക്കു ചുറ്റും!" നബി (ﷺ) ഏതു ദിശയിലേക്ക് കൈ ചൂണ്ടുമ്പോഴും മേഘങ്ങൾ അങ്ങോട്ട് ചിതറിപ്പൊയ്ക്കൊണ്ടിരുന്നു.7
സത്യസന്ധമായി അല്ലാഹുവിനോട് തേടുകയും ഉത്തരം ലഭിക്കാൻ വേണ്ട നിബന്ധനകൾ പൂർത്തിയാക്കുകയും ചെയ്തവരുടെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുമെന്നത് ഇപ്പോഴും നാം കണ്ടുവരുന്ന യാഥാർഥ്യമാണ്.
രണ്ട്: നബിമാരുടെ മുഅ്ജിസത്തുകൾ എന്ന പേരിൽ അറിയപ്പെടുന്ന ദൃഷ്ടാന്തങ്ങൾ. എത്രയോ ജനങ്ങൾ അതിന് സാക്ഷികളായിട്ടുണ്ട്. മറ്റുള്ളവർ അതേക്കുറിച്ച് കേൾക്കുകയും ചെയ്തിട്ടുണ്ട്. അവരെ നിയോഗിച്ചവനായ ഒരുവൻ -അല്ലാഹു- ഉണ്ട് എന്നതിനുള്ള ഖണ്ഡിതമായ തെളിവാണത്. കാരണം, ആ ദൃഷ്ടാന്തങ്ങൾ മനുഷ്യന്റെ കഴിവിനപ്പുറത്തുള്ളതാണ്. അല്ലാഹുവാണ് അവന്റെ റസൂലുകളെ പിന്തുണയ്ക്കാനും അവരെ സഹായിക്കാനുമായി അത് സംഭവ്യമാക്കുന്നത്.
മൂസാ നബി(عليه السلام)യോട് തന്റെ വടി കൊണ്ട് കടലിൽ അടിക്കാൻ അല്ലാഹു കൽപിക്കുകയും, അദ്ദേഹം അപ്രകാരം ചെയ്തപ്പോൾ കടലിലെ വെള്ളം പർവതങ്ങൾ കണക്കെ മാറിനില്കുകയും, നനവില്ലാത്ത പന്ത്രണ്ട് പാതകൾ അവിടെ രൂപപ്പെടുകയും ചെയ്ത സംഭവം അതിലൊന്നാണ്. അല്ലാഹു പറയുന്നു:
﴿فَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنِ ٱضۡرِب بِّعَصَاكَ ٱلۡبَحۡرَۖ فَٱنفَلَقَ فَكَانَ كُلُّ فِرۡقٖ كَٱلطَّوۡدِ ٱلۡعَظِيمِ 63﴾
"അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു." (ശുഅറാഅ്: 63)
മറ്റൊന്ന് ഈസാ നബി(عليه السلام)യുടെ ദൃഷ്ടാന്തമാണ്. അല്ലാഹുവിൻ്റെ അനുമതിയോടെ അവിടുന്ന് മരിച്ചവരെ ജീവിപ്പിക്കുകയും ഖബ്റുകളിൽ നിന്ന് അവരെ പുറത്തുകൊണ്ടുവരികയും ചെയ്യുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:
﴿...وَأُحۡيِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ...﴾
"(ഈസാ പറഞ്ഞു) മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും." (ആലു ഇംറാൻ: 49) അല്ലാഹു പറയുന്നു:
﴿...وَإِذۡ تُخۡرِجُ ٱلۡمَوۡتَىٰ بِإِذۡنِيۖ...﴾
"(അല്ലയോ ഈസാ), എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വന്നിരുന്ന സന്ദർഭം." (മാഇദഃ: 110)
മുഹമ്മദ് നബിﷺയുടെ ദൃഷ്ടാന്തങ്ങളിലൊന്ന് ഇങ്ങനെയാണ്: അവിടുത്തോട് ഖുറൈശികൾ ഒരു തെളിവ് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ നബി ﷺ ചന്ദ്രനിലേക്ക് ചൂണ്ടിക്കാണിച്ചു. അതോടെ ചന്ദ്രൻ രണ്ടുകഷ്ണമായി പിളരുകയും, ജനങ്ങളെല്ലാം അത് നോക്കിക്കാണുകയും ചെയ്തു; അതേക്കുറിച്ചാണ് വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറഞ്ഞത്:
﴿ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ 1 وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ 2﴾
"ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവർ കണ്ടാലും, അവര്‍ മുഖം തിരിക്കുകയും 'ഇത് തുടർച്ചയായ മായാജാലം' തന്നെ എന്നു പറയുകയും ചെയ്യും." (ഖമർ: 1-2)
അല്ലാഹു അവൻ്റെ റസൂലുകളെ സഹായിക്കാനും അവരെ പിന്തുണക്കാനുമായി ആർക്കും കാണാവുന്ന തരത്തിൽ നടപ്പിലാക്കുന്ന, കണ്ണുകൊണ്ട് കണ്ടറിയുകയും മനസ്സിലാക്കുകയും ചെയ്യാവുന്ന ഈ അത്ഭുതകരമായ ദൃഷ്ടാന്തങ്ങളെല്ലാം അല്ലാഹു ഉണ്ട് എന്നതിനുള്ള സുവ്യക്തമായ തെളിവുകളാകുന്നു.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉൾക്കൊള്ളുന്ന രണ്ടാമത്തെ കാര്യം അല്ലാഹു മാത്രമാണ് റബ്ബ് എന്നതാണ്. അവനല്ലാതെ മറ്റൊരു രക്ഷിതാവില്ല. അവനൊരു പങ്കുകാരനോ സഹായിയോ ഇല്ല.
റബ്ബ് എന്നാൽ സ്രഷ്ടാവും ഉടമസ്ഥനും ശാസനാധികാരം ഉള്ളവനുമെന്നാണ് അർഥം. അല്ലാഹുവല്ലാതെ സ്രഷ്ടാവില്ല. അവനല്ലാതെ ഉടമസ്ഥനില്ല. കൽപിക്കാനുള്ള അവകാശം അവനു മാത്രമുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿...أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ...﴾
"അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്." (അഅ്റാഫ്: 54) നബി ﷺ പറഞ്ഞിരിക്കുന്നു:
﴿...ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ﴾
"അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല." (ഫാത്വിർ: 13)
അല്ലാഹുവാണ് ലോകങ്ങളുടെ രക്ഷിതാവ് എന്ന യാഥാർത്ഥ്യത്തെ നിഷേധിച്ച ജനങ്ങൾ ചരിത്രത്തിൽ ഉണ്ടായതായി കേട്ടുകേൾവിയില്ല; അഹങ്കാരം കൊണ്ട് നിഷേധിക്കുകയും, ഹൃദയത്തിലുള്ളതിന് വിരുദ്ധമായി നാവ് കൊണ്ടുച്ചരിക്കുകയും ചെയ്ത ചിലരൊഴികെ; ഫിർഔൻ അതിനൊരുദാഹരണമാണ്. തന്റെ ജനത്തോട് അവൻ പറഞ്ഞു:
﴿فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ 24﴾
"ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു." (നാസിആത്: 24) അവൻ പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:
﴿...يَٰٓأَيُّهَا ٱلۡمَلَأُ مَا عَلِمۡتُ لَكُم مِّنۡ إِلَٰهٍ غَيۡرِي...﴾
"പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി എനിക്കറിയില്ല." (ഖസ്വസ്: 38), എന്നാൽ ഇതൊന്നും യഥാർത്ഥ വിശ്വാസത്താൽ പറഞ്ഞതായിരുന്നില്ല. അല്ലാഹു പറയുന്നു:
﴿وَجَحَدُواْ بِهَا وَٱسۡتَيۡقَنَتۡهَآ أَنفُسُهُمۡ ظُلۡمٗا وَعُلُوّٗاۚ...﴾
"അവയെപ്പറ്റി (അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ പറ്റി) അവരുടെ മനസ്സുകള്‍ക്ക് ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു." (നംല്:14) മൂസാ (عليه السلام) ഫിർഔനോട് പറഞ്ഞതായി അല്ലാഹു നമ്മെ അറിയിക്കുന്നു:
﴿...لَقَدۡ عَلِمۡتَ مَآ أَنزَلَ هَٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا﴾
"കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട് ഇവ ഇറക്കിയത് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ് എന്ന കാര്യം തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്: ഹേ ഫിര്‍ഔൻ! തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്." (ഇസ്റാഅ്:102) ഇതു കൊണ്ടായിരുന്നു മക്കയിലെ മുശ്‌രിക്കുകൾ -അല്ലാഹുവിനുള്ള ആരാധനകളിൽ അവർ മറ്റുള്ളവരെ പങ്കുചേർത്തിരുന്നെങ്കിലും- അല്ലാഹുവാണ് തങ്ങളുടെ റബ്ബ് എന്ന കാര്യം അംഗീകരിച്ചിരുന്നത്; അല്ലാഹു പറയുന്നു:
﴿قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ 84 سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ 85 قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ 86 سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ 87 قُلۡ مَنۢ بِيَدِهِۦمَلَكُوتُ كُلِّ شَيۡءٖ وَهُوَ يُجِيرُ وَلَا يُجَارُ عَلَيۡهِ إِن كُنتُمۡ تَعۡلَمُونَ 88 سَيَقُولُونَ لِلَّهِۚ قُلۡ فَأَنَّىٰ تُسۡحَرُونَ89﴾
"(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?" (മുഅ്മിനൂൻ: 84-89)
അല്ലാഹു പറയുന്നു:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ 9﴾
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്." (സുഖ്‌റുഫ്: 9)
അല്ലാഹു തന്നെ പറയുന്നു:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ 87﴾
"ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്?" (സുഖ്‌റുഫ്: 87)
അല്ലാഹുവിൻ്റെ കല്പനയെന്നത് പ്രാപഞ്ചികമായ കാര്യങ്ങളെയും മതപരമായ കാര്യങ്ങളെയും ഒരുപോലെ ഉൾക്കൊള്ളുന്നതാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതും അതിലെ വിധി നടപ്പിലാക്കുന്നതും അല്ലാഹുവാണ്. അവൻ്റെ മഹത്തരമായ യുക്തിയനുസരിച്ചാണ് അവയെല്ലാം നടക്കുന്നത്. അതുപോലെ ആരാധനകൾ നിശ്ചയിക്കുന്നതും സൃഷ്ടികൾ തമ്മിലുള്ള ഇടപാടുകളുടെ കാര്യത്തിലുള്ള വിധിവിലക്കുകൾ നിശ്ചയിക്കുന്നതും അല്ലാഹുവാണ്. തൻ്റെ മഹത്തരമായ യുക്തിയനുസരിച്ച് അവിടെയും വിധികല്പിക്കുന്നവൻ അല്ലാഹുവാണ്. അല്ലാഹുവിന് പുറമെ ആരാധനാകർമ്മങ്ങൾ നിശ്ചയിക്കാനോ വിധിവിലക്കുകൾ നിർമ്മിക്കാനോ മറ്റാർക്കെങ്കിലും അവകാശമുണ്ട് എന്ന് ഒരാൾ വിശ്വസിച്ചാൽ അവൻ അല്ലാഹുവിൽ പങ്കുചേർത്തിരിക്കുന്നു; തൻ്റെ ഈമാൻ അവൻ സാക്ഷാത്കരിച്ചിട്ടില്ല.
അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉൾക്കൊള്ളുന്ന മൂന്നാമത്തെ കാര്യം അല്ലാഹു മാത്രമാണ് ഇലാഹ് എന്നതാണ്. അഥവാ, ആരാധനക്കർഹൻ അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കൽ. അവന് യാതൊരു പങ്കുകാരുമില്ല. ഇലാഹ് എന്ന പദത്തിൻ്റെ അർഥം ‘സ്നേഹത്തോടെയും ആദരവോടെയും ആരാധിക്കപ്പെടുന്നവൻ’ എന്നാകുന്നു.
അല്ലാഹു പറയുന്നു:
﴿وَإِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ لَّآ إِلَٰهَ إِلَّا هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ 163﴾
"നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." (ബഖറ:163) അല്ലാഹു പറയുന്നു:
﴿شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلۡمَلَٰٓئِكَةُ وَأُوْلُواْ ٱلۡعِلۡمِ قَآئِمَۢا بِٱلۡقِسۡطِۚ لَآ إِلَٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَكِيمُ 18﴾
"താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതിയോടെ നിലകൊള്ളുന്നവനത്രെ. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍." (ആലു ഇംറാൻ: 18) ആരെങ്കിലും അല്ലാഹുവിനു പുറമെ എന്തെങ്കിലുമൊന്നിനെ ആരാധിക്കുകയാണെങ്കിൽ അതെല്ലാം വ്യാജദൈവങ്ങളാകുന്നു. അവയ്‌ക്കൊന്നും ഇലാഹാകാൻ അർഹതയില്ല. അല്ലാഹു പറയുന്നു:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ 62﴾
"അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍." (ഹജ്ജ്: 62) അവയെ ആളുകൾ ദൈവങ്ങൾ എന്ന് വിശേഷിപ്പിച്ചത് കൊണ്ട് അവയ്ക്ക് ആരാധിക്കപ്പെടാനുള്ള അർഹതയുണ്ടാകില്ല. മുശ്‌രിക്കുകൾ ആരാധിച്ചിരുന്ന ലാത്, ഉസ്സ, മനാത് എന്നിവയെക്കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:
﴿إِنۡ هِيَ إِلَّآ أَسۡمَآءٞ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ...﴾
"നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ. അല്ലാഹു അവയെപ്പറ്റി യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല." (നജ്മ്: 23)
ഹൂദ് നബി (عليه السلام) അവിടുത്തെ ജനങ്ങളോട് പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:
﴿...أَتُجَٰدِلُونَنِي فِيٓ أَسۡمَآءٖ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّا نَزَّلَ ٱللَّهُ بِهَا مِن سُلۡطَٰنٖۚ...﴾
"നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്?" (അഅ്റാഫ്: 71)
യൂസുഫ് (عليه السلام) ജയിലിലെ രണ്ട് കൂട്ടുകാരോട് പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:
﴿يَٰصَٰحِبَيِ ٱلسِّجۡنِ ءَأَرۡبَابٞ مُّتَفَرِّقُونَ خَيۡرٌ أَمِ ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ 39 مَا تَعۡبُدُونَ مِن دُونِهِۦٓ إِلَّآ أَسۡمَآءٗ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ...﴾
"ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? അവന്നുപുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല." (യൂസുഫ്: 39-40)
ഇതുകൊണ്ടാണ് റസൂലുകൾ അവരുടെ ജനങ്ങളോട് ഇങ്ങനെ പറഞ്ഞിരുന്നത്:
﴿...ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُ...﴾
"നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല." (അഅ്റാഫ്: 59) എന്നാൽ മുശ്‌രിക്കുകൾ അത് വിസമ്മതിക്കുകയാണുണ്ടായത്. അവർ അല്ലാഹുവിനു പുറമെ ആരാധ്യരെ സ്വീകരിക്കുകയും, അവർക്ക് ആരാധനകളും ഇബാദത്തുകളും നൽകുകയും അവരോട് സഹായം തേടുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അവരോട് പ്രാർത്ഥിക്കുകയും ചെയ്തു.
അല്ലാഹുവിന് പുറമെ ഇലാഹുകളെ സ്വീകരിക്കാമെന്ന മുശ്‌രിക്കുകളുടെ ഈ വാദത്തിൻ്റെ നിരർത്ഥകത ബുദ്ധിപരമായ രണ്ട് തെളിവുകളിലൂടെ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഒന്ന്: ആരാധിക്കപ്പെടുന്നവനുണ്ടാകേണ്ട പ്രത്യേകതകളിലൊന്നും ഈ ഇലാഹുകൾക്കില്ല. അവ കേവലം സൃഷ്ടികളാണ്. അവക്ക് യാതൊന്നും സൃഷ്ടിക്കാൻ കഴിയില്ല. അതിനെ ആരാധിക്കുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്തുകൊടുക്കാനോ വല്ല ഉപദ്രവവും അവരിൽ നിന്ന് തട്ടിനീക്കാനോ ഈ ആരാധ്യർക്ക് സാധ്യമല്ല. ജീവിതമോ മരണമോ അവരുടെ ഉടമസ്ഥതയിലില്ല. ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും അവരുടെ നിയന്ത്രണത്തിലില്ല; അവയിൽ ഏതെങ്കിലുമൊന്നിൽ അവർക്ക് എന്തെങ്കിലുമൊരു പങ്കോ ഓഹരിയോ ഇല്ല.
അല്ലാഹു പറയുന്നു:
﴿وَٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗ لَّا يَخۡلُقُونَ شَيۡـٔٗا وَهُمۡ يُخۡلَقُونَ وَلَا يَمۡلِكُونَ لِأَنفُسِهِمۡ ضَرّٗا وَلَا نَفۡعٗا وَلَا يَمۡلِكُونَ مَوۡتٗا وَلَا حَيَوٰةٗ وَلَا نُشُورٗا 3﴾
"അവന്ന് പുറമെ പല ആരാധ്യരെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ (ആരാധ്യർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല." (ഫുർഖാൻ: 3)
അല്ലാഹു പറയുന്നു:
﴿قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِ ٱللَّهِ لَا يَمۡلِكُونَ مِثۡقَالَ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَمَا لَهُمۡ فِيهِمَا مِن شِرۡكٖ وَمَا لَهُۥ مِنۡهُم مِّن ظَهِيرٖ22 وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنۡ أَذِنَ لَهُۥ...﴾
"പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ചു നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്‍റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. അവന്റെ അടുത്ത് ശുപാര്‍ശ പ്രയോജനപ്പെടുകയില്ല, അവന്‍ അനുമതി നല്‍കിയവരെ ഒഴിച്ചാല്‍." (സബഅ്: 22-23)
وقال تعالى: ﴿أَيُشۡرِكُونَ مَا لَا يَخۡلُقُ شَيۡـٔٗا وَهُمۡ يُخۡلَقُونَ 191 وَلَا يَسۡتَطِيعُونَ لَهُمۡ نَصۡرٗا وَلَآ أَنفُسَهُمۡ يَنصُرُونَ 192﴾
അല്ലാഹു പറയുന്നു: "യാതൊന്നും സൃഷ്ടിക്കാത്തവരെ അവർ (അല്ലാഹുവോട്) പങ്കുചേർക്കുകയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവര്‍ക്ക് അവരെ സഹായിക്കാനോ, തങ്ങളെത്തന്നെ സഹായിക്കാനോ കഴിയില്ല." (അഅ്റാഫ്: 191-192)
ഇതാണ് ഈ ഇലാഹുകളുടെ സ്ഥിതിയെങ്കിൽ അവരെ ആരാധ്യരായി സ്വീകരിക്കുകയെന്നത് തികഞ്ഞ വിഡ്ഢിത്തവും ഏറ്റവും വലിയ അസത്യവുമാണ്.
രണ്ട്: ഈ മുശ്‌രിക്കുകൾ അല്ലാഹു മാത്രമാണ് സ്രഷ്ടാവെന്നും അവന്റെ കൈയിലാണ് സർവ വസ്തുക്കളുടെയും അധികാരമെന്നും അവനാണ് അഭയം നൽകുന്നവൻ എന്നും അവനെതിരിൽ അഭയം നൽകാൻ ഒരാൾക്കും സാധിക്കുകയില്ലെന്നും അംഗീകരിക്കുന്നവരാണ്. ഇക്കാര്യങ്ങളിലെല്ലാം അവൻ ഏകനാണെന്ന് അവർ വിശ്വസിക്കുന്നുവെങ്കിൽ ആരാധനകളും അവന് മാത്രമെ യഥാർത്ഥത്തിൽ അവർ നൽകാൻ പാടുള്ളൂ. അല്ലാഹു പറഞ്ഞത് പോലെ:
﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ 21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ 22﴾
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്കായി ഭൂമിയെ വിശ്രമസ്ഥലമാക്കുകയും ആകാശത്തെ മേൽക്കൂരയാക്കുകയും ആകാശത്തില്‍ നിന്ന് വെള്ളം ഇറക്കുകയും അതിലൂടെ നിങ്ങള്‍ക്ക് ഉപജീവനമായി ഫലങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്തവനാണ് അവൻ. അതിനാല്‍ നിങ്ങള്‍ അറിഞ്ഞുകൊണ്ടു തന്നെ അല്ലാഹുവിന് സമന്മാരെ സങ്കൽപ്പിച്ചുണ്ടാക്കരുത്." (ബഖറ: 21-22)
അല്ലാഹു പറയുന്നു:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ 87﴾
"ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്?" (സുഖ്‌റുഫ്: 87)
അല്ലാഹു പറഞ്ഞു:
﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ 31 فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلۡحَقُّۖ فَمَاذَا بَعۡدَ ٱلۡحَقِّ إِلَّا ٱلضَّلَٰلُۖ فَأَنَّىٰ تُصۡرَفُونَ 32﴾
"പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറത്തു കൊണ്ടുവരുന്നത് ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? അവനാകുന്നു നിങ്ങളുടെ യഥാർത്ഥ ആരാധ്യനായ അല്ലാഹു. സത്യത്തിന് ശേഷം അസത്യമല്ലാതെ മറ്റെന്താണുള്ളത്? എന്നിട്ടും എങ്ങനെയാണ് നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്?" (യൂനുസ്:31-32)
അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉൾപ്പെടുന്ന നാലാമത്തെ കാര്യം അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസമാണ്.
അഥവാ അല്ലാഹു അവന്റെ ഗ്രന്ഥത്തിലും റസൂൽ ﷺ അവിടുത്തെ സുന്നത്തിലും അല്ലാഹുവിനുണ്ടെന്ന് പറഞ്ഞ കാര്യങ്ങൾ മുഴുവൻ റബ്ബിന് യോജിച്ച രൂപത്തിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുക. അവയുടെ ബാഹ്യാർത്ഥത്തിൽ നിന്ന് മാറ്റിപ്പറയുകയോ, നിഷേധിക്കുകയോ, അവക്ക് രൂപം പറയുകയോ, സൃഷ്ടികളോട് സമപ്പെടുത്തുകയോ ചെയ്യാതെ വിശ്വസിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. അല്ലാഹു പറയുന്നു:
﴿وَلِلَّهِ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَاۖ وَذَرُواْ ٱلَّذِينَ يُلۡحِدُونَ فِيٓ أَسۡمَٰٓئِهِۦۚ سَيُجۡزَوۡنَ مَا كَانُواْ يَعۡمَلُونَ 180﴾
"അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്; അതിനാല്‍ ആ നാമങ്ങളിൽ അവനെ നിങ്ങള്‍ വിളിച്ചു പ്രാർത്ഥിച്ചു കൊള്ളുക. അവന്‍റെ നാമങ്ങളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും." (അഅ്റാഫ്: 180) അല്ലാഹു പറഞ്ഞു:
﴿...وَلَهُ ٱلۡمَثَلُ ٱلۡأَعۡلَىٰ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ﴾
"ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ വിശേഷണമുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ." (റൂം:27) അല്ലാഹു പറയുന്നു:
﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾
"അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." (ശൂറാ:11)
അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളുടെ വിഷയത്തിൽ വഴിപിഴച്ച രണ്ടു വിഭാഗങ്ങളുണ്ട്:
ഒന്ന്: മുഅത്വില (നിഷേധികൾ): അല്ലാഹുവിന്റെ പേരുകളെയും വിശേഷണങ്ങളെയും പൂർണമായോ ഭാഗികമായോ നിഷേധിച്ചവരാണ് ഇവർ. അവ അംഗീകരിച്ചാൽ അത് അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലായിപ്പോകും എന്ന് ജൽപിച്ചുകൊണ്ടാണ് അവർ ഈ നിഷേധത്തിലേർപ്പെട്ടത്. ഇത് തീർത്തും വ്യർത്ഥമായ വാദമാണ്. പല വീക്ഷണകോണുകളിലൂടെ ഇക്കാര്യം വ്യക്തമാകുന്നതാണ്. അതിൽ ചിലത് കാണുക:
ഒന്ന്: ഇവരുടെ വാദം ശരിയാണെന്ന് വന്നാൽ അത് മുഖേന ധാരാളം വ്യർത്ഥമായ വാദങ്ങൾ അംഗീകരിക്കേണ്ടി വരും. അല്ലാഹുവിന്റെ വാക്കുകളിൽ വൈരുധ്യമുണ്ട് എന്നതാവും അതിലൊന്ന്. കാരണം, അല്ലാഹുവാണ് ഈ നാമങ്ങളും വിശേഷണങ്ങളും അവനുണ്ട് എന്ന് പറഞ്ഞത്. അല്ലാഹു തന്നെ അവനെപ്പോലെ ഒന്നും തന്നെയില്ലെന്നും പറഞ്ഞിരിക്കുന്നു. റബ്ബിന്റെ നാമങ്ങളും വിശേഷണങ്ങളും സ്ഥിരീകരിച്ചാൽ അത് അവനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലാകുമെങ്കിൽ അല്ലാഹുവിന്റെ സംസാരത്തിൽ വൈരുധ്യമുണ്ടെന്ന് പറയേണ്ടിവരും! ഖുർആനിലെ ഒരു ഭാഗം മറ്റൊരു ഭാഗത്തെ തള്ളിക്കളയുന്നു എന്നായിത്തീരും!
രണ്ട്: ഏതെങ്കിലും രണ്ട് കാര്യങ്ങളുടെ പേരോ അവയെ വിശേഷിപ്പിക്കുന്ന പദമോ ഒന്നാണ് എന്നതുകൊണ്ട് അവ തമ്മിൽ സാദൃശ്യമുണ്ടായേ തീരൂ എന്നില്ല. ഒരു ഉദാഹരണം നോക്കുക: രണ്ടു പേരെ നീ കാണുന്നു. രണ്ടാളുകളും കേൾവിയും കാഴ്ചയും സംസാരശേഷിയുമുള്ള മനുഷ്യരാണ്. അതുകൊണ്ട് അവരുടെ കേൾവിയും കാഴ്ചയും സംസാരശേഷിയും മനുഷ്യനെന്ന നിലക്കുള്ള മറ്റു പ്രത്യേകതകളും ഒരേ തോതിലാകണമെന്നില്ല.
ധാരാളം മൃഗങ്ങളെ നീ കാണാറുണ്ട്. അവയിൽ പലതിനും കൈകാലുകളും കണ്ണുകളുമുണ്ട്. അതുകൊണ്ട് അവയുടെയെല്ലാം കൈകാലുകളും കണ്ണുകളും തീർത്തും ഒരുപോലെയാകണമെന്നുണ്ടോ? ഇല്ല.
ഇവയെല്ലാം സൃഷ്ടികൾ മാത്രമാണ്. അവയുടെ പേരുകളും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളും ഒന്നുതന്നെ. എന്നിട്ടും യഥാർത്ഥത്തിൽ അവ തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. എങ്കിൽ സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ടും വ്യക്തമാണ്. അത് ഒരു സാദൃശ്യവുമില്ലാത്ത വിധത്തിലുള്ള വ്യത്യാസം തന്നെയാണ്.
രണ്ട്: മുശബ്ബിഹഃ (സാദൃശ്യപ്പെടുത്തുന്നവർ) അഥവാ അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവർ. ഖുർആനിലും സുന്നത്തിലും അല്ലാഹുവിന്റെ വിശേഷണങ്ങളായി വന്ന കാര്യങ്ങളുടെ താല്പര്യം തങ്ങൾ സാദൃശ്യപ്പെടുത്തിയ വിധത്തിലാണ്; കാരണം അല്ലാഹു അവൻ്റെ അടിമകളോട് സംസാരിച്ചത് അവർക്ക് മനസിലാകുന്ന രൂപത്തിലാണ് എന്നതാണ് അവരുടെ ന്യായം. യഥാർത്ഥത്തിൽ ഈ വാദം തീർത്തും നിരർത്ഥകമാണ്. പല നിലക്ക് അക്കാര്യം നമുക്ക് ബോധ്യപ്പെടുന്നതാണ്. അതിൽ ചിലത് കാണുക:
ഒന്ന്: അല്ലാഹു അവന്റെ പടപ്പുകളോട് സാദൃശ്യപ്പെടുക എന്ന കാര്യം ദീനിലെ തെളിവുകളോടോ സാമാന്യ ബുദ്ധിയോടോ യോജിക്കുന്നതല്ല. ദീനീ പ്രമാണങ്ങളും നേർബുദ്ധിയും ആ വാദം തെറ്റാണെന്ന് പറയുന്നു. ഖുർആനിൻ്റെയും സുന്നത്തിൻ്റെയും തെളിവുകൾ നിരർത്ഥകമായ ഒരു കാര്യം അറിയിക്കുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല.
രണ്ട്: അടിസ്ഥാനപരമായ അർത്ഥം മനസ്സിലാക്കാവുന്ന പദങ്ങൾ മാത്രമാണ് അല്ലാഹു ഖുർആനിൽ പ്രയോഗിച്ചിട്ടുള്ളത്. എന്നാൽ അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട ആ പദങ്ങളുടെയും അവയുടെ അർത്ഥത്തിൻ്റെയും പിറകിലുള്ള യാഥാർത്ഥ്യവും രൂപവും അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ.
ഉദാഹരണത്തിന് അല്ലാഹു അവന് 'സംഅ്' എന്ന വിശേഷണം ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു. സംഅ് എന്നതിന്റെ അർഥം കേൾവി എന്നാണ്; ശബ്‌ദം അറിയുകയും മനസിലാക്കുകയും ചെയ്യലാണ് കേൾവി എന്നതിൻ്റെ അടിസ്ഥാനപരമായ അർത്ഥം. എന്നാൽ കേൾവി എന്നത് അല്ലാഹുവിലേക്ക് ചേർത്തു പറയുമ്പോൾ, അവൻ്റെ കേൾവിയുടെ രൂപവും അതിന്റെ യാഥാർഥ്യവും നമുക്കറിയില്ല. കാരണം, സൃഷ്ടികളുടെ എല്ലാവരുടെയും കേൾവി പോലും ഒരുപോലെയല്ല. അവയുടെയെല്ലാം യഥാർത്ഥ രൂപം സമാനമല്ല. എങ്കിൽ സൃഷ്ടികളുടെയും സ്രഷ്ടാവിന്റെയും വിശേഷണം തമ്മിലുള്ള അന്തരം എന്തുകൊണ്ടും വലുതും വ്യക്തവുമാണ്.
മറ്റൊരുദാഹരണം: അല്ലാഹു അവന്റെ അർശിന് (സിംഹാസനം) മുകളിൽ 'ഇസ്‌തിവാഅ്' ചെയ്തിരിക്കുന്നു എന്ന് അവൻ നമ്മെ അറിയിച്ചിരിക്കുന്നു. ഇസ്‌തിവാഅ് എന്നാൽ അർത്ഥമെന്താണെന്ന കാര്യം എല്ലാവർക്കുമറിയാം. ആരോഹണം ചെയ്തു / മുകളിലായിത്തീർന്നു എന്നാണ് അതിന്റെ അർഥം. അഥവാ അല്ലാഹു അവന്റെ അർശിനുമേൽ ആരോഹണം ചെയ്തിരിക്കുന്നു. എന്നാൽ അല്ലാഹുവിന്റെ ഇസ്തിവാഇന്റെ രൂപം നമുക്കറിയില്ല. കാരണം ഇസ്തിവാഇന്റെ രൂപം സൃഷ്ടികൾ ചെയ്യുന്നതിൽ തന്നെ വ്യത്യാസമുണ്ട്. ഒരാൾ ഉറപ്പുള്ള ഒരു കസേരക്ക് മുകളിൽ കയറിയിരിക്കുന്നതും, ഇണക്കമില്ലാത്ത ഒരു ഒട്ടകത്തിന്റെ പുറത്ത് ആയാസപ്പെട്ട് കയറുന്നതും ഒരുപോലെയല്ല. ഒരു സൃഷ്ടിയുടെ കാര്യത്തിൽ തന്നെ ഒരേ പ്രവർത്തിയിൽ ഇപ്രകാരം വ്യത്യാസമുണ്ടാകാമെങ്കിൽ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള വ്യത്യാസം എത്ര മാത്രം വലുതായിരിക്കും! എത്ര വ്യക്തമായ അന്തരമായിരിക്കുമത്!
ഇത്രയും നാം പറഞ്ഞത് അല്ലാഹുവിൽ വിശ്വസിക്കേണ്ട രൂപമാണ്; ഇപ്രകാരം അല്ലാഹുവിൽ വിശ്വസിക്കുന്ന മുഅ്മിനുകൾക്ക് അതുമുഖേന ലഭിക്കുന്ന മഹത്തരമായ ധാരാളം ഫലങ്ങളുണ്ട്. അവയിൽ ചിലത് സൂചിപ്പിക്കട്ടെ:
ഒന്ന്: തൗഹീദിന്റെ സാക്ഷാത്ക്കാരം. അല്ലാഹുവിലല്ലാതെ മറ്റൊരാളിലും പ്രതീക്ഷയർപ്പിക്കുകയോ, അവനെയല്ലാതെ മറ്റാരെയും ഭയപ്പെടുകയോ, അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധനകൾ സമർപ്പിക്കുകയോ ചെയ്യാത്ത വിധത്തിൽ അവൻ അല്ലാഹുവിനോട് ഹൃദയബന്ധമുള്ളവനായിത്തീരും.
രണ്ട്: അല്ലാഹുവിനോടുള്ള പരിപൂർണമായ സ്നേഹവും ആദരവും. അല്ലാഹുവിന്റെ അത്യുത്തമമായ പേരുകളുടെയും ഉന്നതമായ വിശേഷണങ്ങളുടെയും താല്പര്യം തന്നെയാണത്.
മൂന്ന്: അല്ലാഹു കൽപിച്ചത് പ്രവർത്തിച്ചുകൊണ്ടും അവൻ വിലക്കിയത് വെടിഞ്ഞു കൊണ്ടും അവനുള്ള ആരാധന സാക്ഷാത്കരിക്കുക.
മലക്കുകളിലുള്ള വിശ്വാസം
മലക്കുകൾ എന്നത് അദൃശ്യമായ ഒരു ലോകമാണ്. അവർ അല്ലാഹുവിൻ്റെ സൃഷ്ടികളും, അവനെ മാത്രം ആരാധിക്കുന്നവരുമാണ്. അവർക്ക് റുബൂബിയ്യത്തിൻ്റെയോ (സ്രഷ്ടാവായ രക്ഷകർത്താവിൻ്റെ കഴിവുകൾ) ഉലൂഹിയ്യത്തിൻ്റെയോ (ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ്റെ സവിശേഷതകൾ) വിശേഷണങ്ങൾ ഒന്നുമില്ല. അല്ലാഹു അവരെ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിച്ചത്. അവൻ്റെ കൽപ്പനകൾ പൂർണ്ണമായി അനുസരിക്കാനും അവ നടപ്പിലാക്കാനുമുള്ള ശക്തി അവൻ അവർക്ക് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿...وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ 19 يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ 20﴾
"അവന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) അവനെ ആരാധിക്കുന്നത് വിട്ട് അഹങ്കരിക്കുകയില്ല. അവര്‍ക്ക് ക്ഷീണം തോന്നുകയുമില്ല. അവർ രാപ്പകൽ അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവരെ മടുപ്പ് ബാധിക്കുകയില്ല." (അമ്പിയാഅ്: 19-20)
മലക്കുകൾ ധാരാളമുണ്ട്. അല്ലാഹുവിന് മാത്രമാണ് അവരുടെ എണ്ണം അറിയുക. അനസ് (رضي الله عنه) നിവേദനം ചെയ്ത, മിഅ്റാജിൻ്റെ ഹദീഥിൽ "നബി (ﷺ)ക്ക് ആകാശത്ത് 'ബൈത്തുൽ മഅ്മൂർ' ഉയർത്തി കാണിക്കപ്പെട്ടതായി വന്നിട്ടുണ്ട്; അവിടെ എല്ലാ ദിവസവും എഴുപതിനായിരം മലക്കുകൾ നിസ്കരിക്കുന്നു. ഒരിക്കൽ അവിടെ നിസ്കരിച്ചവർ അവിടെ നിന്ന് പുറപ്പെട്ടാൽ പിന്നീട് ഒരിക്കലും അവിടെക്ക് അവർ തിരിച്ചു വരികയില്ല." (ബുഖാരി, മുസ്‌ലിം)
മലക്കുകളിലുള്ള വിശ്വാസം നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നു:
ഒന്ന്: മലക്കുകൾ ഉണ്ട് എന്ന വിശ്വസിക്കുക
രണ്ട്: അല്ലാഹു നമുക്ക് പേര് അറിയിച്ചു തന്ന മലക്കുകളിൽ അവരുടെ പേരോടു കൂടെ വിശ്വസിക്കുക; ജിബ്‌രീൽ ഈ പറഞ്ഞതിന് ഒരുദാഹരണമാണ്. പേരറിയാത്തവരിൽ മൊത്തത്തിൽ വിശ്വസിക്കുകയും വേണം.
മൂന്ന്: മലക്കുകളുടെ സ്വഭാവഗുണ വിശേഷണങ്ങളായി അല്ലാഹു നമുക്ക് അറിയിച്ചു തന്ന കാര്യങ്ങളിൽ വിശ്വസിക്കുക. ഉദാഹരണത്തിന്, ജിബ്‌രീലിൻ്റെ രൂപം; അദ്ദേഹം സൃഷ്ടിക്കപ്പെട്ട രൂപത്തിൽ നബി (ﷺ) ജിബ്‌രീലിനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ചക്രവാളം മുഴുവൻ മറക്കുന്ന വിധത്ത് നിൽക്കുന്ന അറുനൂറ് ചിറകുകൾ ഉണ്ടായിരുന്നു എന്നും അവിടുന്ന് അറിയിച്ചിട്ടുണ്ട്.
അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മലക്കുകൾ ചില സന്ദർഭങ്ങളിൽ മനുഷ്യരൂപത്തിലേക്ക് മാറുന്നതാണ്. ജിബ്‌രീലിൻ്റെ കാര്യത്തിൽ സംഭവിച്ചതുപോലെ; അല്ലാഹു അദ്ദേഹത്തെ മർയമിൻ്റെ അടുത്തേക്ക് അയച്ചപ്പോൾ അദ്ദേഹം ഒരു പൂർണ്ണനായ മനുഷ്യൻ്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
അതുപോലെ, നബി (ﷺ) സ്വഹാബികളുടെ കൂടെ ഇരിക്കുമ്പോൾ ജിബ്‌രീൽ മനുഷ്യരൂപത്തിൽ വന്നതും ഈ പറഞ്ഞതിന് ഉദാഹരണമാണ്. തൂവെള്ളവസ്ത്രവും കറുകറുത്ത മുടിയുമുള്ള ഒരു മനുഷ്യൻ്റെ രൂപത്തിലാണ് ജിബ്‌രീൽ അന്ന് വന്നത്. യാത്ര ചെയ്തതിൻ്റെ യാതൊരു അടയാളവും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല; സ്വഹാബികളിൽ ആർക്കും അറിയുന്ന ഒരാളുടെ രൂപത്തിലുമായിരുന്നില്ല അദ്ദേഹം.
നബി (ﷺ) യുടെ അടുത്ത് വന്നിരുന്ന് തൻ്റെ കാൽമുട്ടുകൾ നബി (ﷺ) യുടെ കാൽമുട്ടുകളോട് ചേർക്കുകയും കൈപ്പത്തികൾ തുടയിൽ വെക്കുകയും ചെയ്ത ശേഷം അദ്ദേഹം നബി (ﷺ) യോട് ഇസ്‌ലാം, ഈമാൻ, ഇഹ്‌സാൻ, അന്ത്യനാൾ, അതിൻ്റെ അടയാളങ്ങൾ എന്നിവയെക്കുറിച്ച് ചോദിച്ചു. നബി (ﷺ) അദ്ദേഹത്തിന് മറുപടി നൽകുകയും, അദ്ദേഹം അവിടെ നിന്ന് പോവുകയും ചെയ്ത ശേഷം നബി (ﷺ) പറഞ്ഞു:
«هَذَا جِبْرِيلُ؛ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ».
"അത് ജിബ്‌രീലായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ ദീൻ പഠിപ്പിച്ചുതരാനാണ് അദ്ദേഹം വന്നത്."8
അതുപോലെ, ഇബ്‌റാഹീം (عليه السلام), ലൂഥ് (عليه السلام) എന്നിവരുടെ അടുത്തേക്ക് അല്ലാഹു അയച്ച മലക്കുകളും മനുഷ്യരൂപത്തിലായിരുന്നു.
നാല്: മലക്കുകളുടെ ദൗത്യങ്ങളായി അല്ലാഹു അറിയിച്ചു തന്ന കാര്യങ്ങളിൽ വിശ്വസിക്കുക. രാത്രിയും പകലും മടുപ്പോ ക്ഷീണമോ ഇല്ലാതെ അവർ അല്ലാഹുവിനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരുദാഹരണം.
മലക്കുകളിൽ ചിലർക്ക് പ്രത്യേകമായ ചില ജോലികളുമുണ്ട്.
ജിബ്‌രീൽ: അല്ലാഹുവിൻ്റെ വഹ്‌യ് (ദിവ്യബോധനം) ൻ്റെ കാര്യം വിശ്വസിച്ചേൽപ്പിക്കപ്പെട്ട മലക്കാണ് അദ്ദേഹം. അല്ലാഹു അദ്ദേഹത്തെ നബിമാരുടെയും റസൂലുകളുടെയും അടുത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
മീക്കാഈൽ: മഴയുടെയും സസ്യങ്ങളുടെയും കാര്യം ചുമതലപ്പെടുത്തപ്പെട്ട മലക്കാണ് അദ്ദേഹം.
ഇസ്‌റാഫീൽ: അന്ത്യനാൾ വരുമ്പോഴും സൃഷ്ടികളെ ഉയിർത്തെഴുന്നേൽപ്പിക്കുമ്പോഴും കാഹളത്തിൽ ഊതാൻ ചുമതലപ്പെടുത്തപ്പെട്ട മലക്കാണ് അദ്ദേഹം.
മലക്കുൽ മൗത്ത്: മരണം സംഭവിക്കുമ്പോൾ ആത്മാവുകളെ പിടിക്കാൻ ചുമതലപ്പെടുത്തപ്പെട്ട മലക്കാണ് അദ്ദേഹം.
മാലിക്: നരകത്തിൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട, നരകത്തിൻ്റെ സൂക്ഷിപ്പുകാരനാണ് അദ്ദേഹം.
ഇതുപോലെ: ഗർഭപാത്രത്തിലെ ഭ്രൂണങ്ങളുടെ കാര്യം ചുമതലപ്പെടുത്തപ്പെട്ട മലക്കുകളുണ്ട്. ഒരു മനുഷ്യൻ ഉമ്മയുടെ വയറ്റിൽ നാല് മാസം പൂർത്തിയാകുമ്പോൾ, അല്ലാഹു ഒരു മലക്കിനെ അവന്റെ അടുത്തേക്ക് നിയോഗിക്കും. അവന്റെ ഉപജീവനവും, ആയുസ്സും, കർമങ്ങളും, അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്താൻ ഈ മലക്ക് കൽപ്പിക്കപ്പെടുന്നതാണ്.
മനുഷ്യൻ്റെ കർമ്മങ്ങൾ സംരക്ഷിക്കാനും എഴുതാനും ചുമതലപ്പെടുത്തപ്പെട്ട മലക്കുകളുമുണ്ട്; ഇക്കാര്യത്തിൽ ഓരോ മനുഷ്യനും രണ്ട് മലക്കുകളുണ്ട്; ഒരാൾ വലത് ഭാഗത്തും മറ്റൊരാൾ ഇടത് ഭാഗത്തുമായാണ് ഉണ്ടാവുക.
അതുപോലെ: മയ്യിത്തിനെ ഖബറിൽ വെച്ചാൽ ചോദ്യം ചെയ്യാൻ ചുമതലപ്പെടുത്തപ്പെട്ട മലക്കുകളുണ്ട്; രണ്ട് മലക്കുകൾ വന്ന് അവൻ്റെ റബ്ബിനെക്കുറിച്ചും, ദീനിനെക്കുറിച്ചും, നബിയെക്കുറിച്ചും ചോദിക്കുന്നതാണ്.
മലക്കുകളിലുള്ള വിശ്വാസം ഉൽകൃഷ്ടമായ അനേകം ഫലങ്ങളും ഉപകാരങ്ങളും ഒരാളുടെ ജീവിതത്തിൽ നൽകുന്നുണ്ട്. അതിൽ ചിലത് താഴെ പറയാം:
1- അല്ലാഹുവിൻ്റെ മഹത്വവും, ശക്തിയും, ആധിപത്യവും അറിയാൻ സഹായിക്കുന്ന വിഷയമാണിത്. കാരണം, അല്ലാഹുവിൻ്റെ സൃഷ്ടിയുടെ മഹത്വം സ്രഷ്ടാവായ അവൻ്റെ മഹത്വം സൂചിപ്പിക്കുന്നുണ്ട്.
2- മനുഷ്യർക്ക് അല്ലാഹു നൽകുന്ന പരിഗണന മനസ്സിലാക്കാനും, അതിന് അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ; കാരണം, അല്ലാഹു മലക്കുകളിൽ നിന്ന് ചിലരെ മനുഷ്യരെ സംരക്ഷിക്കാനും, അവരുടെ കർമ്മങ്ങൾ രേഖപ്പെടുത്താനും, മറ്റ് ആവശ്യങ്ങൾ നിർവഹിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നു.
3- അല്ലാഹുവിനെ നിരന്തരമായി മലക്കുകൾ ആരാധിക്കുന്നു എന്നതിനാൽ മലക്കുകളെ സ്നേഹിക്കുക.
പിഴച്ച കക്ഷികളിൽ പെട്ട ചിലർ മലക്കുകൾ ഭൗതിക രൂപമുള്ളവരല്ല എന്ന് വാദിച്ചിട്ടുണ്ട്. മലക്കുകൾ എന്നത് സൃഷ്ടികളിൽ ഒളിച്ചിരിക്കുന്ന നന്മയുടെ ശക്തിയാണെന്നാണ് അവർ വാദിച്ചത്. അല്ലാഹുവിൻ്റെ ഗ്രന്ഥത്തെയും, നബി ﷺ യുടെ സുന്നത്തിനെയും, മുസ്‌ലിംകളുടെ ഇജ്മാഇനെയും കളവാക്കുന്ന വാദമാണത്.
അല്ലാഹു പറയുന്നു:
﴿ٱلۡحَمۡدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ جَاعِلِ ٱلۡمَلَٰٓئِكَةِ رُسُلًا أُوْلِيٓ أَجۡنِحَةٖ مَّثۡنَىٰ وَثُلَٰثَ وَرُبَٰعَۚ...﴾
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി." (ഫാത്വിർ: 1)
അല്ലാഹു പറയുന്നു:
﴿وَلَوۡ تَرَىٰٓ إِذۡ يَتَوَفَّى ٱلَّذِينَ كَفَرُواْ ٱلۡمَلَٰٓئِكَةُ يَضۡرِبُونَ وُجُوهَهُمۡ وَأَدۡبَٰرَهُم...﴾
"സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍!" (അൻഫാൽ:50)
അല്ലാഹു പറയുന്നു:
﴿...وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ...﴾
"ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്." (അൻആം: 93)
അല്ലാഹു പറയുന്നു:
﴿...حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمۡ قَالُواْ مَاذَا قَالَ رَبُّكُمۡۖ قَالُواْ ٱلۡحَقَّۖ وَهُوَ ٱلۡعَلِيُّ ٱلۡكَبِيرُ﴾
"അങ്ങനെ അവരുടെ (മലക്കുകളുടെ) ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ റബ്ബ് എന്താണു പറഞ്ഞതെന്ന്. അവര്‍ പറയും: സത്യമാണ് (അവന്‍ പറഞ്ഞത്.) അവന്‍ ഉന്നതനും മഹാനുമാകുന്നു." (സബഅ്: 23)
സ്വർഗ്ഗവാസികളെ സംബന്ധിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു:
﴿...وَٱلۡمَلَٰٓئِكَةُ يَدۡخُلُونَ عَلَيۡهِم مِّن كُلِّ بَابٖ 23 سَلَٰمٌ عَلَيۡكُم بِمَا صَبَرۡتُمۡۚ فَنِعۡمَ عُقۡبَى ٱلدَّارِ 24﴾
"മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവരും (എന്നിട്ടവർ പറയും:) നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സലാം! അപ്പോള്‍ ആ അന്ത്യഗേഹം എത്ര നല്ലത്!" (റഅ്ദ്: 23-24)
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
«إِذَا أَحَبَّ اللَّهُ الْعَبْدَ نَادَى جِبْرِيلَ: إِنَّ اللَّهَ يُحِبُّ فُلَانًا فَأَحْبِبْهُ، فَيُحِبُّهُ جِبْرِيلُ، فَيُنَادِي جِبْرِيلُ فِي أَهْلِ السَّمَاءِ: إِنَّ اللَّهَ يُحِبُّ فُلَانًا فَأَحِبُّوهُ، فَيُحِبُّهُ أَهْلُ السَّمَاءِ، ثُمَّ يُوضَعُ لَهُ الْقَبُولُ فِي الْأَرْضِ».
"അല്ലാഹു ഒരു അടിമയെ സ്‌നേഹിച്ചാൽ അവൻ ജിബ്‌രീലിനെ വിളിച്ചുകൊണ്ട് പറയും: അല്ലാഹു ഇന്നയാളെ സ്നേഹിക്കുന്നു. അതുകൊണ്ട് നീയും അദ്ദേഹത്തെ സ്നേഹിക്കുക. അപ്പോൾ ജിബ്‌രീലും അദ്ദേഹത്തെ സ്നേഹിക്കുന്നു. എന്നിട്ട് ജിബ്‌രീൽ ആകാശവാസികൾക്കിടയിൽ വിളിച്ചുപറയും: അല്ലാഹു ഇന്നയാളെ സ്നേഹിക്കുന്നു. അതിനാൽ നിങ്ങളും അദ്ദേഹത്തെ സ്നേഹിക്കുക. അങ്ങനെ ആകാശവാസികളും അദ്ദേഹത്തെ സ്നേഹിക്കുന്നു. പിന്നീട് ഭൂമിയിൽ അദ്ദേഹത്തിന് സ്വീകാര്യത നൽകപ്പെടുന്നു."9
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ الْمَلَائِكَةُ يَكْتُبُونَ الْأَوَّلَ فَالْأَوَّلَ، فَإِذَا جَلَسَ الْإِمَامُ طَوَوْا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ».
"വെള്ളിയാഴ്ച ദിവസമായാൽ മസ്ജിദിന്റെ ഓരോ വാതിൽക്കലും മലക്കുകളുണ്ടാവും. വരുന്നവരെ ഓരോരുത്തരെയും ക്രമപ്രകാരം അവർ രേഖപ്പെടുത്തുന്നതാണ്. ഇമാം വന്നിരുന്നാൽ അവർ ഏടുകൾ അടച്ചുവെക്കുകയും ഉൽബോധനം ശ്രദ്ധിച്ചുകേൾക്കാനായി ഇരിക്കുകയും ചെയ്യും."10
ഈ തെളിവുകളെല്ലാം മലക്കുകൾ കേവലം അമൂർത്തമായ ശക്തികളല്ല, മറിച്ച് ഭൗതിക രൂപങ്ങളുള്ളവരാണ് എന്ന് വ്യക്തമാക്കുന്നു. വഴിപിഴച്ച കക്ഷികളുടെ വാദങ്ങൾ അബദ്ധമാണെന്നും അവ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ ഖണ്ഡിതമായ തെളിവുകൾ അറിയിക്കുന്ന കാര്യത്തിൽ മുസ്‌ലിംകൾ ഏകോപിക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം
കുതുബ് (الكُتُب): (കിതാബ് - كِتابٌ) എന്നതിൻ്റെ ബഹുവചനമാണ്, 'എഴുതപ്പെട്ടത്' എന്നാണ് അതിൻ്റെ അർത്ഥം.
കിതാബുകളിലുള്ള വിശ്വാസം എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്: അല്ലാഹു തൻ്റെ ദാസന്മാർക്ക് കാരുണ്യമായിക്കൊണ്ടും, മാർഗ്ഗദർശനമായിക്കൊണ്ടും അവൻ്റെ ദൂതന്മാർക്ക് ഇറക്കിക്കൊടുത്ത ഗ്രന്ഥങ്ങളെയാണ്. ഇഹത്തിലും പരത്തിലും സൗഭാഗ്യം നേടാൻ മനുഷ്യർക്കുള്ള വഴി ഈ ഗ്രന്ഥങ്ങൾ പിൻപറ്റുക എന്നതാണ്.
ഗ്രന്ഥങ്ങളിലുള്ള വിശ്വാസം നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നു:
ഒന്ന്: അവ യാഥാർഥ്യമായും അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കൽ.
രണ്ട്: അല്ലാഹു നമുക്ക് പേരുകൾ അറിയിച്ചു തന്ന ഗ്രന്ഥങ്ങളിൽ അവയുടെ പേരോട് കൂടെ വിശ്വസിക്കൽ. മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിച്ച ഖുർആൻ, മൂസാ നബി (عليه السلام) ക്ക് അവതരിപ്പിച്ച തൗറാത്ത്, ഈസാ നബി (عليه السلام) ക്ക് അവതരിപ്പിച്ച ഇഞ്ചീൽ, ദാവൂദ് നബി (عليه السلام) ക്ക് നൽകിയ സബൂർ എന്നിവ ഈ പറഞ്ഞതിന് ഉദാഹരണം. ഇതോടൊപ്പം നമുക്ക് പേര് അറിയിച്ചു തന്നിട്ടില്ലാത്ത അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളിൽ പൊതുവായി വിശ്വസിക്കുകയും വേണം.
മൂന്ന്: അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളിൽ നിന്ന് സ്ഥിരപ്പെട്ട വിവരങ്ങൾ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും വേണം. ഖുർആനിലെ വിവരങ്ങൾ, അതുപോലെ മുൻവേദഗ്രന്ഥങ്ങളിൽ നിന്ന് മാറ്റം വരുത്തപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടില്ലാത്ത വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നാല്: ദുർബ്ബലപ്പെടുത്തപ്പെടാത്ത (മൻസൂഖ് അല്ലാത്ത) മതനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും, അതിൽ തൃപ്തിപ്പെടുകയും അവക്ക് കീഴൊതുങ്ങുകയും ചെയ്യുക; അവയിൽ ഏതെങ്കിലുമൊരു വിധിവിലക്കിൻ്റെ പിറകിലെ യുക്തി നമുക്ക് മനസ്സിലായാലും ഇല്ലെങ്കിലും (അവ അനുസരിക്കണം). ഖുർആനിനു മുൻപ് അവതരിപ്പിക്കപ്പെട്ട മുഴുവൻ ഗ്രന്ഥങ്ങളും ഖുർആൻ മുഖേന അല്ലാഹു ദുർബലപ്പെടുത്തിയിരിക്കുന്നു. അല്ലാഹു പറഞ്ഞു:
﴿وَأَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ مِنَ ٱلۡكِتَٰبِ وَمُهَيۡمِنًا عَلَيۡهِۖ...﴾
"(നബിയേ,) താങ്കൾക്കിതാ നാം സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവക്കു മേൽ 'മുഹൈമിനു'മാണ് അത്." (മാഇദഃ: 48) അതായത്: മുൻഗ്രന്ഥങ്ങൾക്ക് മേൽ വിധികർത്താവായിക്കൊണ്ട് അവതരിപ്പിച്ചു തന്നിരിക്കുന്നു എന്നർത്ഥം.
അതുകൊണ്ട് തന്നെ, ഖുർആൻ സ്ഥിരപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്ത നിയമങ്ങളൊഴികെ, മുൻവേദഗ്രന്ഥങ്ങളിലെ യാതൊരു നിയമമനുസരിച്ചും പ്രവർത്തിക്കാൻ പാടില്ല.
അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം ചില മഹത്തായ ഫലങ്ങൾ നൽകുന്നു. അതിൽ ചിലത് താഴെ പറയാം:
ഒന്നാമത്തേത്: അല്ലാഹു തൻ്റെ അടിമകളോട് കാണിക്കുന്ന പരിഗണനയെക്കുറിച്ച് മനസ്സിലാക്കാൻ അത് സഹായിക്കുന്നു. കാരണം, ഓരോ ജനതയേയും നേർവഴിയിലേക്ക് നയിക്കുന്നതിനായി അല്ലാഹു അവരിലേക്ക് ഗ്രന്ഥങ്ങൾ ഇറക്കിയിരിക്കുന്നു.
രണ്ടാമത്തേത്: അല്ലാഹുവിൻ്റെ മതവിധികളിലെ യുക്തിയെക്കുറിച്ച് അറിയാൻ സഹായിക്കുന്ന വിജ്ഞാനമാണിത്. കാരണം, ഓരോ സമൂഹത്തിനും അവരുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ നിയമങ്ങളാണ് അവൻ നിശ്ചയിച്ചു നൽകിയത്. അല്ലാഹു പറഞ്ഞതുപോലെ:
﴿...لِكُلّٖ جَعَلۡنَا مِنكُمۡ شِرۡعَةٗ وَمِنۡهَاجٗاۚ...﴾
"നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു." (മാഇദഃ: 48)
മൂന്നാമത്തേത്: വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചു നൽകി എന്ന അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദിയുള്ളവരാവുക.
റസൂലുകളിലുള്ള വിശ്വാസം
റസൂലുകൾ (ദൂതന്മാർ): 'റസൂൽ' (ദൂതൻ) എന്നതിൻ്റെ ബഹുവചനമാണ് 'റസൂലുകൾ'. ഒരു കാര്യം എത്തിക്കാൻ വേണ്ടി നിയോഗിക്കപ്പെട്ടവർ എന്നാണ് ഇതിൻ്റെ അർത്ഥം.
അല്ലാഹുവിൽ നിന്ന് ഒരു ശരീഅത്ത് (നിയമവ്യവസ്ഥ) സന്ദേശമായി നൽകപ്പെടുകയും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെടുകയും ചെയ്ത റസൂലുകളിൽ വിശ്വസിക്കണം എന്നതാണ് റസൂലുകളിലും നബിമാരിലുമുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആദ്യത്തെ റസൂൽ നൂഹ് നബി (عليهِ السَّلامُ) ആണ്. അവസാനത്തെ റസൂൽ മുഹമ്മദ് നബി ﷺ യും.
അല്ലാഹു പറയുന്നു:
﴿ إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِ...﴾
"(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ താങ്കൾക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു." (നിസാഅ്:163)
ശഫാഅത്തിനെ കുറിച്ച് വിവരിക്കുന്ന, അനസ് ബ്നു മാലിക് (رضي الله عنه) നിവേദനം ചെയ്ത ഹദീഥിൽ നബി (ﷺ) പറയുന്നു:
«ذُكِرَ أَنَّ النَّاسَ يَأْتُونَ إِلَى آدَمَ؛ لِيَشْفَعَ لَهُمْ، فَيَعْتَذِرُ إِلَيْهِمْ وَيَقُولُ: ائْتُوا نُوحًا أَوَّلَ رَسُولٍ بَعَثَهُ اللَّهُ» وذكر تمام الحديث.
"ജനങ്ങള്‍ ശുപാർശക്ക് വേണ്ടി ആദം നബിയുടെ അടുക്കൽ വരുമ്പോൾ, അദ്ദേഹം ഒഴികഴിവ് ബോധിപ്പിക്കുകയും ഇപ്രകാരം പറയുകയും ചെയ്യും: "നിങ്ങൾ നൂഹിന്റെ അടുത്തേക്ക് പോവുക, അല്ലാഹു അയച്ച ആദ്യത്തെ ദൂതനാണ് അദ്ദേഹം."11
മുഹമ്മദ് നബി ﷺ യെക്കുറിച്ച് അല്ലാഹു പറയുന്നു:
﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ...﴾
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു." (അഹ്സാബ്)
സ്വതന്ത്രമായ ഒരു ശരീഅത്തുമായി ഒരു റസൂൽ അയക്കപ്പെടുകയോ, അല്ലെങ്കിൽ തൻ്റെ മുൻഗാമിയായ ഒരു നബിയുടെ മതവിധികളിൽ വ്യക്തത വരുത്തുന്നതിനായി സന്ദേശം നൽകപ്പെട്ട ഒരു നബി അയക്കപ്പെടുകയോ ചെയ്യാത്ത ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല. അല്ലാഹു പറയുന്നു:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَۖ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, (അവന് പുറമെ ആരാധിക്കപ്പെടുന്ന) ദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)." (നഹ്ൽ: 36)
അല്ലാഹു പറയുന്നു:
﴿...وَإِن مِّنۡ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٞ﴾
"ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല." (ഫാത്വിർ: 24)
അല്ലാഹു പറയുന്നു:
﴿إِنَّآ أَنزَلۡنَا ٱلتَّوۡرَىٰةَ فِيهَا هُدٗى وَنُورٞۚ يَحۡكُمُ بِهَا ٱلنَّبِيُّونَ ٱلَّذِينَ أَسۡلَمُواْ لِلَّذِينَ هَادُواْ...﴾
"തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട നബിമാർ യഹൂദികൾക്ക് അതിനനുസരിച്ച് വിധികല്‍പിച്ചുപോന്നു." (മാഇദ: 44)
റസൂലുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട മനുഷ്യരാണ്. സ്രഷ്ടാവും രക്ഷകർത്താവുമായ പ്രപഞ്ചനാഥൻ്റെയോ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ഇലാഹിൻ്റെയോ യാതൊരു പ്രത്യേകതയും അവർക്കില്ല. റസൂലുകളുടെ നേതാവും അല്ലാഹുവിൻ്റെ അടുക്കൽ ഏറ്റവും വലിയ സ്ഥാനമുള്ളവരുമായ മുഹമ്മദ് നബി ﷺ യെക്കുറിച്ച് അല്ലാഹു പറയുന്നു:
﴿قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ 188﴾
"(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്." (അഅ്റാഫ്: 188) .
അല്ലാഹു പറയുന്നു:
﴿قُلۡ إِنِّي لَآ أَمۡلِكُ لَكُمۡ ضَرّٗا وَلَا رَشَدٗا 21 قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا 22﴾
"പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്‍റെ ശിക്ഷയി)ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല." (ജിന്ന്: 21-22)
മനുഷ്യൻ്റെ പ്രത്യേകതകളിൽ പെട്ട രോഗം, മരണം, ഭക്ഷണപാനീയങ്ങൾ ആവശ്യമായി വരുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അവർക്കും ബാധകമാകും. ഇബ്റാഹീം നബി (عليه السلام) തൻ്റെ രക്ഷിതാവിനെ വർണ്ണിച്ചുകൊണ്ട് പറഞ്ഞത് അല്ലാഹു അറിയിച്ചത് നോക്കൂ:
﴿وَٱلَّذِي هُوَ يُطۡعِمُنِي وَيَسۡقِينِ 79 وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ 80 وَٱلَّذِي يُمِيتُنِي ثُمَّ يُحۡيِينِ 81﴾
"എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍, ഞാൻ രോഗിയായാൽ എനിക്ക് സുഖം തരികയും, എന്നെ മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍; (അവനാണ് എൻ്റെ രക്ഷിതാവ്)." (ശുഅറാഅ്: 79-81)
നബി (ﷺ) പറഞ്ഞു:
«إِنَّمَا أَنَا بَشَرٌ مِثْلُكُمْ، أَنْسَى كَمَا تَنْسَوْنَ، فَإِذَا نَسِيتُ فَذَكِّرُونِي».
"ഞാൻ നിങ്ങളെപ്പോലൊരു മനുഷ്യൻ മാത്രമാണ്. നിങ്ങൾക്ക് മറവി സംഭവിക്കുന്നതുപോലെ എനിക്കും മറവി സംഭവിക്കും. അതുകൊണ്ട് ഞാൻ മറന്നുപോയാൽ നിങ്ങളെന്നെ ഓർമപ്പെടുത്തുക."12
അവരുടെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളെ കുറിച്ച് വിവരിച്ചു കൊണ്ട് അല്ലാഹു അവരെ പുകഴ്ത്തുന്ന സന്ദർഭങ്ങളിലും അല്ലാഹുവിൻ്റെ അടിമകളാണ് അവർ എന്നാണ് അല്ലാഹു അവരെ വിശേഷിപ്പിച്ചത്. നൂഹ് (عليه السلام) നെക്കുറിച്ച് അല്ലാഹു പറയുന്നു:
﴿...إِنَّهُۥ كَانَ عَبۡدٗا شَكُورٗا﴾
"തീര്‍ച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു." (ഇസ്റാഅ്: 3) മുഹമ്മദ് നബിﷺയെക്കുറിച്ച് അല്ലാഹു പറഞ്ഞു:
﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا 1﴾
"തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്." (ഫുർഖാൻ: 1)
ഇബ്‌റാഹീം, ഇസ്‌ഹാഖ്, യഅ്ഖൂബ് എന്നീ നബിമാരെക്കുറിച്ച് അല്ലാഹു പറയുന്നു:
﴿وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ 45 إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ 46 وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ 47﴾
"കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്." (സ്വാദ്: 45-47)
ഈസാ ഇബ്നു മർയം (عليه السلام) നെക്കുറിച്ച് അല്ലാഹു പറയുന്നു:
﴿إِنۡ هُوَ إِلَّا عَبۡدٌ أَنۡعَمۡنَا عَلَيۡهِ وَجَعَلۡنَٰهُ مَثَلٗا لِّبَنِيٓ إِسۡرَٰٓءِيلَ 59﴾
"അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് നാം അനുഗ്രഹം നല്‍കുകയും അദ്ദേഹത്തെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഒരു മാതൃകയാക്കുകയും ചെയ്തു." (സുഖ്‌റുഫ്: 59)
റസൂലുകളിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾപ്പെടുന്നു:
ഒന്ന്: അവർ അല്ലാഹുവിൻ്റെ യഥാർത്ഥ റസൂലുകളാണെന്ന് വിശ്വസിക്കുക. അവരിൽ ആരുടെയെങ്കിലും പ്രവാചകത്വത്തെ ഒരാൾ നിഷേധിച്ചാൽ അവൻ അല്ലാഹുവിൻ്റെ മുഴുവൻ റസൂലുകളെയും അവിശ്വസിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿كَذَّبَتۡ قَوۡمُ نُوحٍ ٱلۡمُرۡسَلِينَ 105﴾
"നൂഹിന്‍റെ ജനത (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചുതള്ളി." (ശുഅറാഅ്: 105) നൂഹ് (عليه السلام) നെ അദ്ദേഹത്തിൻ്റെ ജനത നിഷേധിച്ച കാലഘട്ടത്തിൽ നൂഹ് (عليه السلام) അല്ലാതെ മറ്റൊരു ദൂതൻ ഉണ്ടായിരുന്നില്ലെങ്കിലും, അല്ലാഹു അവരെ എല്ലാ ദൂതന്മാരെയും നിഷേധിച്ചവരായാണ് പരിഗണിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ, മുഹമ്മദ് നബി ﷺ യെ നിഷേധിക്കുകയും പിന്തുടരാതിരിക്കുകയും ചെയ്ത ക്രിസ്ത്യാനികൾ, ഈസാ (عليه السلام) നെയും നിഷേധിച്ചവരും, അദ്ദേഹത്തെ പിന്തുടരാത്തവരുമാണ്. കാരണം, ഈസാ (عليه السلام) മുഹമ്മദ് നബി ﷺ യെക്കുറിച്ച് അവർക്ക് സന്തോഷവാർത്ത നൽകിയിട്ടുണ്ട്. മുഹമ്മദ് നബി (ﷺ) അവരിലേക്കുള്ള ദൂതനും, അവരെ വഴികേടിൽ നിന്ന് രക്ഷപ്പെടുത്തുന്നവരും, നേർമാർഗത്തിലേക്ക് നയിക്കുന്നവരുമാണ് എന്നതാണ് ആ സന്തോഷവാർത്തയുടെ പിന്നിലെ ഉദ്ദേശ്യം.
രണ്ട്: അല്ലാഹു നമുക്ക് പേര് അറിയിച്ചു തന്ന റസൂലുകളിൽ അവരുടെ പേരുൾപ്പടെ വിശ്വസിക്കുക. മുഹമ്മദ് (ﷺ), ഇബ്റാഹീം (عليه السلام), മൂസാ (عليه السلام), ഈസാ (عليه السلام), നൂഹ് (عليه السلام) എന്നിവർ പേര് അറിയിക്കപ്പെട്ട നബിമാർക്ക് ഉദാഹരണമാണ്. മേൽ പറഞ്ഞ ഈ അഞ്ച് പേരാണ് 'ഉലുൽ അസ്മി'ൽ പെട്ട റസൂലുകൾ. ഖുർആനിൽ രണ്ട് സ്ഥലങ്ങളിൽ അല്ലാഹു അവരെക്കുറിച്ച് അറിയിച്ചിട്ടുണ്ട്:
﴿وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا 7﴾
"പ്രവാചകന്‍മാരില്‍ നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്.) താങ്കളുടെ പക്കല്‍ നിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം.) ഗൗരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്." (അഹ്സാബ്: 7) അല്ലാഹു പറഞ്ഞു:
﴿شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ 13﴾
"നൂഹിനോട് കല്‍പിച്ചതും താങ്കൾക്ക് നാം ബോധനം നല്‍കിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്‍പിച്ചതുമായ കാര്യം - നിങ്ങള്‍ മതത്തെ നേരാംവണ്ണം നിലനിര്‍ത്തുക, അതില്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവന്‍ നിങ്ങള്‍ക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അത് അവര്‍ക്ക് വലിയ ഭാരമായി തോന്നിയിരിക്കുന്നു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തന്‍റെ അടുക്കലേക്ക് തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നയിക്കുകയും ചെയ്യുന്നു." (ശൂറാ: 13)
നബിമാരുടെ കൂട്ടത്തിൽ അല്ലാഹു നമുക്ക് പേരറിയിച്ചു തരാത്ത നബിമാരും റസൂലുകളുമുണ്ട്. അവരിൽ മൊത്തത്തിൽ വിശ്വസിക്കണം. അല്ലാഹു പറഞ്ഞത് നോക്കൂ:
﴿وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ...﴾
"നിനക്ക് മുമ്പ് നാം പല ദൂതന്‍മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല." (ഗാഫിർ: 78)
മൂന്ന്: നബിമാർ പറഞ്ഞതാണെന്ന് സ്ഥിരപ്പെട്ട എല്ലാ വാക്കുകളും സത്യപ്പെടുത്തുക.
നാല്: അല്ലാഹുവിൻ്റെ നബിമാരിൽ നമ്മിലേക്ക് നിയോഗിക്കപ്പെട്ട റസൂലിൻ്റെ ശരീഅത്ത് അനുസരിച്ച് പ്രവർത്തിക്കുക. സകല ജനങ്ങൾക്കും അയക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ ആകുന്നു അത്. അല്ലാഹു പറയുന്നു:
﴿فَلَا وَرَبِّكَ لَا يُؤۡمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيۡنَهُمۡ ثُمَّ لَا يَجِدُواْ فِيٓ أَنفُسِهِمۡ حَرَجٗا مِّمَّا قَضَيۡتَ وَيُسَلِّمُواْ تَسۡلِيمٗا 65﴾
"ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല." (നിസാഅ്: 65)
റസൂലുകളിലുള്ള വിശ്വാസത്തിൻ്റെ മഹത്തായ ഫലങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്:
ഒന്നാമത്തേത്: അല്ലാഹുവിൻ്റെ കാരുണ്യത്തെക്കുറിച്ചും അവന് തൻ്റെ അടിമകളോടുള്ള അനുകമ്പയെ കുറിച്ചും മനസ്സിലാക്കാൻ സഹായകമാണ് നബിമാരിലുള്ള വിശ്വാസം. കാരണം, അല്ലാഹുവിൻ്റെ നേർവഴിയിലേക്ക് മനുഷ്യരെ നയിക്കാനും, അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്ന് അവർക്ക് വ്യക്തമാക്കാനും വേണ്ടിയാണ് അവൻ റസൂലുകളെ അയച്ചത്. കാരണം, മനുഷ്യർക്ക് അവരുടെ ബുദ്ധി കൊണ്ട് മാത്രം ഇവയൊന്നും മനസ്സിലാക്കാൻ കഴിയില്ല.
രണ്ടാമത്തേത്: ഈ മഹത്തായ അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി കാണിക്കുക.
മൂന്നാമത്തേത്: അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരെയും റസൂലുകളെയും സ്നേഹിക്കുകയും ആദരിക്കുകയും അവരെ കുറിച്ച് നല്ലത് പറയുകയും ചെയ്യുക. കാരണം, അവർ അല്ലാഹുവിൻ്റെ ദൂതന്മാരാണ്; അല്ലാഹുവിനെ ആരാധിക്കുകയും അവൻ്റെ സന്ദേശം ജനങ്ങൾക്ക് എത്തിക്കുകയും അല്ലാഹുവിൻ്റെ ദാസന്മാരോട് ഗുണകാംക്ഷ പുലർത്തുകയും ഉപദേശം നൽകുകയും ചെയ്തവരാണവർ.
അല്ലാഹുവിൻ്റെ ദൂതന്മാർ മനുഷ്യരിൽ നിന്നല്ല വന്നെത്തുക എന്ന് വാദിച്ചുകൊണ്ട് ധിക്കാരികളായ നിഷേധികൾ കഴിഞ്ഞ കാലങ്ങളിൽ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ചിട്ടുണ്ട്. അല്ലാഹു അവരുടെ ഈ വാദത്തെക്കുറിച്ച് എടുത്തു പറയുകയും അതിനെ ഖണ്ഡിക്കുകയും ചെയ്തത് ഇപ്രകാരമാണ്:
﴿وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰٓ إِلَّآ أَن قَالُوٓاْ أَبَعَثَ ٱللَّهُ بَشَرٗا رَّسُولٗا 94 قُل لَّوۡ كَانَ فِي ٱلۡأَرۡضِ مَلَٰٓئِكَةٞ يَمۡشُونَ مُطۡمَئِنِّينَ لَنَزَّلۡنَا عَلَيۡهِم مِّنَ ٱلسَّمَآءِ مَلَكٗا رَّسُولٗا 95﴾
"ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു." (ഇസ്റാഅ്: 94-95)
അല്ലാഹുവിൽ നിന്നുള്ള ദൂതന്മാർ മനുഷ്യരിൽ നിന്നായിരിക്കണം; കാരണം അദ്ദേഹം ഭൂമിയിലുള്ള മനുഷ്യരിലേക്ക് അയക്കപ്പെട്ട വ്യക്തിയാണ്. ഭൂമിയിലുള്ളവർ മലക്കുകളായിരുന്നുവെങ്കിൽ, അല്ലാഹു ആകാശത്ത് നിന്ന് ഒരു മലക്കിനെ ദൂതനായി നിയോഗിക്കുമായിരുന്നു; കാരണം ദൂതനായി നിയോഗിക്കപ്പെടുന്ന വ്യക്തി നിയോഗിക്കപ്പെടുന്ന ജനങ്ങളെ പോലെയായിരിക്കണം. ഇതുപോലെ, റസൂലുകളെ നിഷേധിച്ചവർ പറഞ്ഞ കാര്യം അല്ലാഹു പറയുന്നു:
﴿...إِنۡ أَنتُمۡ إِلَّا بَشَرٞ مِّثۡلُنَا تُرِيدُونَ أَن تَصُدُّونَا عَمَّا كَانَ يَعۡبُدُ ءَابَآؤُنَا فَأۡتُونَا بِسُلۡطَٰنٖ مُّبِينٖ 10 قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرٞ مِّثۡلُكُمۡ وَلَٰكِنَّ ٱللَّهَ يَمُنُّ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ وَمَا كَانَ لَنَآ أَن نَّأۡتِيَكُم بِسُلۡطَٰنٍ إِلَّا بِإِذۡنِ ٱللَّهِۚ...﴾
"അവര്‍ (ജനങ്ങള്‍) പറഞ്ഞു: നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ച് വരുന്നതില്‍ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ വ്യക്തമായ വല്ല രേഖയും നിങ്ങള്‍ ഞങ്ങള്‍ക്ക് കൊണ്ട് വന്നുതരൂ. അവരോട് അവരിലേക്കുള്ള ദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല." (ഇബ്രാഹീം: 10-11)
അന്ത്യനാളിലുള്ള വിശ്വാസം
അന്ത്യനാൾ (യൗമുൽ ആഖിർ): വിചാരണക്കും പ്രതിഫലത്തിനുമായി മനുഷ്യർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസമാണ് അന്ത്യനാൾ.
അന്ത്യനാളിന് ഈ പേര് വരാൻ കാരണം, അതിനുശേഷം മറ്റൊരു ദിവസമില്ല എന്നത് കൊണ്ടാണ്. കാരണം, സ്വർഗ്ഗക്കാർ അവരുടെ വാസസ്ഥലങ്ങളിലും നരകക്കാർ അവരുടെ വാസസ്ഥലങ്ങളിലും സ്ഥിരമായി എത്തിച്ചേരുന്ന ദിവസമാണത്.
അന്ത്യനാളിലുള്ള വിശ്വാസത്തിൽ മൂന്ന് കാര്യങ്ങൾ ഉൾപ്പെടുന്നു:
1. പുനരുത്ഥാനത്തിലുള്ള (ബഅ്ഥ്) വിശ്വാസം; രണ്ടാം തവണ കാഹളത്തിൽ ഊതുമ്പോൾ മരിച്ചവരെ അല്ലാഹു ജീവിപ്പിക്കുന്നതാണ് എന്നതാണ് ബഅ്ഥ് എന്നത് കൊണ്ട് ഉദ്ദേശ്യം. അപ്പോൾ ജനങ്ങൾ ലോകരക്ഷിതാവായ അല്ലാഹുവിലേക്ക് എഴുന്നേറ്റു ചെല്ലുന്നതാണ്. നഗ്നപാദരും വിവസ്ത്രരും, ചേലാകർമ്മം ചെയ്യപ്പെടാത്തവരുമായാണ് അവർ എഴുന്നേറ്റു വരുക. അല്ലാഹു പറയുന്നു:
﴿...كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ﴾
"ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്." (അൻബിയാഅ്: 104)
പുനരുത്ഥാനം സത്യമായും പുലരാനിരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ഖുർആനും സുന്നത്തും മുസ്‌ലിംകളുടെ ഏകോപിച്ച അഭിപ്രായവും ഈ പറഞ്ഞതിനുള്ള തെളിവുകളാണ്.
അല്ലാഹു പറയുന്നു:
﴿ثُمَّ إِنَّكُم بَعۡدَ ذَٰلِكَ لَمَيِّتُونَ 15 ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ تُبۡعَثُونَ 16﴾
"പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായിരിക്കും." (മുഅ്മിനൂൻ:15-16)
നബി (ﷺ) പറഞ്ഞു:
«يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُرَاةً غُرْلًا».
"അന്ത്യനാളിൽ ജനങ്ങൾ നഗ്നപാദരും വിവസ്ത്രരും ചേലാകർമം ചെയ്യപ്പെടാത്തവരുമായ നിലയിൽ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്."13 (ബുഖാരി, മുസ്‌ലിം)
പുനരുത്ഥാനം എന്നത് തീർച്ചയായും സംഭവിക്കാനിരിക്കുന്ന ഒരു യാഥാർത്ഥ്യമാണെന്നതിൽ മുസ്‌ലിംകളെല്ലാം ഏകോപിച്ചിരിക്കുന്നു. ശരിയായ യുക്തിയുടെ തേട്ടം കൂടിയാണ് ഈ പറഞ്ഞ കാര്യം; കാരണം, ഈ സൃഷ്ടികൾക്കെല്ലാം അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാനുള്ള ഒരു ലോകം അല്ലാഹു നിശ്ചയിക്കണമെന്ന് മനുഷ്യരുടെ ശരിയായ യുക്തി ആവശ്യപ്പെടുന്നുണ്ട്. അവൻ തന്റെ ദൂതന്മാരെ അയച്ച സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യർക്ക് അർഹമായ പ്രതിഫലം അന്ത്യനാളിൽ നൽകപ്പെടുന്നതാണ്. അല്ലാഹു പറയുന്നു:
﴿أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ 115﴾
"അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?" (മുഅ്മിനൂൻ: 115) അല്ലാഹു തൻ്റെ നബിﷺയോട് പറഞ്ഞിരിക്കുന്നു:
﴿إِنَّ ٱلَّذِي فَرَضَ عَلَيۡكَ ٱلۡقُرۡءَانَ لَرَآدُّكَ إِلَىٰ مَعَادٖۚ...﴾
"തീര്‍ച്ചയായും നിനക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്‍കിയവന്‍ തിരിച്ചെത്തേണ്ട സ്ഥാനത്തേക്ക് നിന്നെ തിരിച്ചു കൊണ്ടു വരിക തന്നെ ചെയ്യും." (ഖസ്വസ്: 85)
2. വിചാരണ (ഹിസാബ്), പ്രതിഫലം (ജസാഅ്) എന്നിവയിലുള്ള വിശ്വാസം;
ഓരോ വ്യക്തിയും അവന്റെ കർമ്മങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെടുകയും അവക്കുള്ള പ്രതിഫലം അവന് നൽകപ്പെടുകയും ചെയ്യും എന്നുള്ള വിശ്വാസമാണ് ഇത് കൊണ്ട് ഉദ്ദേശ്യം. ഖുർആനും സുന്നത്തും, മുസ്‌ലിംകളുടെ ഈ വിഷയത്തിലുള്ള ഏകോപിച്ച അഭിപ്രായവും ഈ പറഞ്ഞതിനുള്ള തെളിവാണ്.
അല്ലാഹു പറയുന്നു:
﴿إِنَّ إِلَيۡنَآ إِيَابَهُمۡ 25 ثُمَّ إِنَّ عَلَيۡنَا حِسَابَهُم 26﴾
"തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ." (ഗാശിയഃ: 25-26) അല്ലാഹു പറഞ്ഞു:
﴿مَن جَآءَ بِٱلۡحَسَنَةِ فَلَهُۥ عَشۡرُ أَمۡثَالِهَاۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَا وَهُمۡ لَا يُظۡلَمُونَ 160﴾
"വല്ലവനും ഒരു നന്മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല." (അൻആം: 160) അല്ലാഹു പറഞ്ഞു:
﴿وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ 47﴾
"ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ടുവരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി." (അമ്പിയാഅ്: 47)
ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
«إِنَّ اللَّهَ يُدْنِي الْمُؤْمِنَ، فَيَضَعُ عَلَيْهِ كَنَفَهُ - أَيْ سَتْرَهُ - وَيَسْتُرُهُ: فَيَقُولُ: أَتَعْرِفُ ذَنْبَ كَذَا؟ أَتَعْرِفُ ذَنْبَ كَذَا؟ فَيَقُولُ: نَعَمْ أَيْ رَبِّ، حَتَّى إِذَا قَرَّرَهُ بِذُنُوبِهِ، وَرَأَى فِي نَفْسِهِ أَنَّهُ هَلَكَ قَالَ: سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ، فَيُعْطَى كِتَابَ حَسَنَاتِهِ، وَأَمَّا الْكُفَّارُ وَالْمُنَافِقُونَ فَيُنَادَى بِهِمْ عَلَى رُؤُوسِ الْخَلَائِقِ: هَؤُلَاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ، أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ».
"അല്ലാഹു മുഅ്മിനിനെ അടുപ്പിക്കുകയും തൻ്റെ മറ അവനുമേൽ ഏർപ്പെടുത്തുകയും അവനെ മറച്ചു പിടിക്കുകയും ചെയ്യും. പിന്നെ അവനോട് ചോദിക്കും: 'ഇന്ന ഒരു തിന്മ നീ ഓർക്കുന്നുണ്ടോ? ഇന്ന ഒരു തിന്മ നീ ഓർക്കുന്നുണ്ടോ?' അവൻ പറയും: 'ഉണ്ട്, എൻ്റെ റബ്ബേ.' അങ്ങനെ അവൻ്റെ തിന്മകളെല്ലാം അവനെക്കൊണ്ട് ബോധ്യപ്പെടുത്തുകയും, താൻ നശിച്ചതുതന്നെയെന്ന് അയാൾ മനസ്സിൽ വിചാരിക്കുകയും ചെയ്‌താൽ അല്ലാഹു പറയും: 'ദുനിയാവിൽ ഞാൻ അവയെല്ലാം നിനക്കായി മറച്ചു വെച്ചു. ഇന്നിതാ ഞാൻ അവയെല്ലാം നിനക്ക് പൊറുത്തുതരുന്നു.' അങ്ങനെ അവൻ്റെ നന്മയുടെ രേഖ അവന് നൽകപ്പെടും. എന്നാൽ കാഫിറുകളുടെയും മുനാഫിഖുകളുടെയും സ്ഥിതിയാകട്ടെ ഇങ്ങനെയാണ്: സൃഷ്ടികളെല്ലാം കേൾക്കുമാറ് വിളിച്ചുപറയപ്പെടും: 'ഇവർ തന്നെയാണ് തങ്ങളുടെ റബ്ബിന്റെ പേരിൽ കളവുപറഞ്ഞവർ.' അക്രമികളുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ."14 (ബുഖാരി, മുസ്‌ലിം)
നബി ﷺ പറഞ്ഞു:
«أَنَّ مَنْ هَمَّ بِحَسَنَةٍ فَعَمِلَهَا؛ كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِئَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ، وَأَنَّ مَنْ هَمَّ بِسَيِّئَةٍ فَعَمِلَهَا؛ كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً».
"ആരാണോ ഒരു നന്മ ചെയ്യാനുദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്തത്; അല്ലാഹു അവൻ്റെയരികിൽ അത് പത്ത് നന്മകൾ മുതൽ എഴുനൂറ് ഇരട്ടിവരെയും അതിലുമധികം എത്രയോ ഇരട്ടിയായും രേഖപ്പെടുത്തുന്നതാണ്. ആരാണോ ഒരു തിന്മ ചെയ്യാനുദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്തത്; അല്ലാഹു അത് ഒരു തിന്മയായി മാത്രം രേഖപ്പെടുത്തുന്നതാണ്."15
കർമ്മങ്ങൾക്കനുസരിച്ചുള്ള വിചാരണയും പ്രതിഫലവും ഉറപ്പായും സംഭവിക്കുന്നതാണെന്നതിൽ മുസ്‌ലിംകളെല്ലാം ഏകോപിച്ചിരിക്കുന്നു. ഇത് യുക്തിയുടെ തേട്ടം കൂടിയാണ്; കാരണം, അല്ലാഹു ഗ്രന്ഥങ്ങൾ ഇറക്കുകയും ദൂതന്മാരെ അയക്കുകയും ചെയ്തു; ദൂതന്മാർ കൊണ്ടുവന്നത് സ്വീകരിക്കാനും, അതിൽ കൽപ്പിക്കപ്പെട്ടത് പ്രവർത്തിക്കാനും അല്ലാഹു അടിമകളോട് കൽപ്പിക്കുകയും, അത് അവരുടെ മേൽ നിർബന്ധമാക്കുകയും ചെയ്തു. അതിനെ എതിർക്കുന്നവരോട് യുദ്ധം ചെയ്യുക നിർബന്ധമാക്കുകയും അവരുടെ രക്തവും സന്താനങ്ങളും ഇണകളും സമ്പത്തും ഈ പോരാട്ടത്തിൽ അനുവദനീയമാക്കുകയും ചെയ്തു. വിചാരണയും പ്രതിഫലവും ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ വെറുതെയാകുമായിരുന്നു. അല്ലാഹുവാകട്ടെ, നിരർത്ഥകമായ ഒരു കാര്യവും അവൻ പ്രവർത്തിക്കുകയില്ല. അല്ലാഹു അക്കാര്യം അറിയിച്ചു കൊണ്ട് പറയുന്നു:
﴿فَلَنَسۡـَٔلَنَّ ٱلَّذِينَ أُرۡسِلَ إِلَيۡهِمۡ وَلَنَسۡـَٔلَنَّ ٱلۡمُرۡسَلِينَ 6 فَلَنَقُصَّنَّ عَلَيۡهِم بِعِلۡمٖۖ وَمَا كُنَّا غَآئِبِينَ 7﴾
"എന്നാല്‍ (നമ്മുടെ ദൂതന്‍മാര്‍) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. പിന്നെ അവരോട് നാം അറിവോടെ വിവരിക്കും. നാം അസന്നിഹിതനായിരുന്നില്ല." (അഅ്റാഫ്: 6-7)
3. സ്വർഗ്ഗം, നരകം എന്നിവയിലുള്ള വിശ്വാസം; സ്വർഗ്ഗവും നരകവുമാണ് സൃഷ്ടികൾക്കുള്ള ശാശ്വതമായ അന്തിമ ലക്ഷ്യം എന്നതിലുള്ള വിശ്വാസമാണിത്.
സ്വർഗ്ഗം എന്നത്: അല്ലാഹു മുഅ്മിനീങ്ങളായ മുത്തഖീങ്ങൾക്ക് വേണ്ടി ഒരുക്കിവെച്ച അനുഗ്രഹത്തിൻ്റെ ഭവനമാണ്. അല്ലാഹു വിശ്വസിക്കാൻ കൽപ്പിച്ച കാര്യങ്ങളിൽ വിശ്വസിക്കുകയും, അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ഇഖ്‌ലാസോടെ (ആത്മാർത്ഥതയോടെ) അനുസരിക്കുകയും ചെയ്തവർക്കുള്ള പ്രതിഫലമാണത്.
«مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ».
അവിടെ ഒരു കണ്ണും കാണാത്തതും, ഒരു കാതും കേൾക്കാത്തതും, ഒരു മനുഷ്യൻ്റെ മനസ്സിലും മിന്നിമറഞ്ഞിട്ടില്ലാത്തതുമായ എല്ലാതരം അനുഗ്രഹങ്ങളുമുണ്ട്.16 അല്ലാഹു പറയുന്നു:
﴿إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ 7 جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِيَ رَبَّهُۥ 8﴾
"തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്." (ബയ്യിന: 7-8) അല്ലാഹു പറയുന്നു:
﴿فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ17﴾
"എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല." (സജ്ദ:17)
നരകമാകട്ടെ ശിക്ഷയുടെ ലോകമാണ്. അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ റസൂലുകളെ ധിക്കരിക്കുകയും ചെയ്ത അവിശ്വാസികളാകുന്ന അക്രമികൾക്കായി അല്ലാഹു ഒരുക്കിവെച്ചതാണത്. സങ്കല്പിക്കാൻ പോലും സാധിക്കാത്ത പലതരം ശിക്ഷകളും ദണ്ഡനങ്ങളും അവിടെയുണ്ട്. അല്ലാഹു പറയുന്നു:
﴿وَٱتَّقُواْ ٱلنَّارَ ٱلَّتِيٓ أُعِدَّتۡ لِلۡكَٰفِرِينَ 131﴾
"സത്യനിഷേധികള്‍ക്ക് ഒരുക്കിവെക്കപ്പെട്ട നരകാഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക." (ആലു ഇംറാൻ: 131) അല്ലാഹു പറയുന്നു:
﴿وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ وَإِن يَسۡتَغِيثُواْ يُغَاثُواْ بِمَآءٖ كَٱلۡمُهۡلِ يَشۡوِي ٱلۡوُجُوهَۚ بِئۡسَ ٱلشَّرَابُ وَسَآءَتۡ مُرۡتَفَقًا 29﴾
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ." (കഹ്ഫ്: 29) അല്ലാഹു പറയുന്നു:
﴿إِنَّ ٱللَّهَ لَعَنَ ٱلۡكَٰفِرِينَ وَأَعَدَّ لَهُمۡ سَعِيرًا 64 خَٰلِدِينَ فِيهَآ أَبَدٗاۖ لَّا يَجِدُونَ وَلِيّٗا وَلَا نَصِيرٗا 65 يَوۡمَ تُقَلَّبُ وُجُوهُهُمۡ فِي ٱلنَّارِ يَقُولُونَ يَٰلَيۡتَنَآ أَطَعۡنَا ٱللَّهَ وَأَطَعۡنَا ٱلرَّسُولَا۠ 66﴾
"തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. അവര്‍ അതില്‍ എന്നേക്കും വസിക്കും; അവര്‍ക്ക് ഒരു രക്ഷകനെയും സഹായകനെയും കണ്ടെത്താനാവില്ല. അവരുടെ മുഖങ്ങള്‍ നരകത്തില്‍ മറിച്ചിടപ്പെടുന്ന ദിവസം, 'അല്ലാഹുവിനെയും ദൂതനെയും ഞങ്ങൾ അനുസരിച്ചിരുന്നെങ്കില്‍' എന്ന് അവര്‍ പറയും." (അഹ്സാബ്: 64-66)
അന്ത്യദിനത്തിലുള്ള വിശ്വാസം മുഖേന ലഭിക്കുന്ന ധാരാളം പ്രയോജനങ്ങളും പാഠങ്ങളുമുണ്ട്: അവയിൽ ചിലത് താഴെ പറയാം:
1- പരലോകമുണ്ട് എന്ന വിശ്വാസം ആ ദിവസത്തെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് നന്മകൾ ചെയ്യാനും പരിശ്രമിക്കാനും മനുഷ്യരിൽ ആഗ്രഹം ജനിപ്പിക്കുന്നു.
2- ആ ദിവസത്തെ ശിക്ഷയെക്കുറിച്ചുള്ള ഭയം തിന്മകൾ ചെയ്യുന്നതിൽ നിന്നും അതിൽ തൃപ്തിപ്പെടുന്നതിൽ നിന്നുമുള്ള പേടി സൃഷ്ടിക്കുന്നു.
3- ദുനിയാവിൽ നഷ്ടമാകുന്ന കാര്യങ്ങൾ പരലോകത്ത് ലഭിക്കുമെന്ന പ്രതീക്ഷയിൽ സമാധാനം കണ്ടെത്തൽ. ആഖിറത്തിലെ അനുഗ്രഹങ്ങളെയും പ്രതിഫലത്തെയും കുറിച്ചുള്ള പ്രതീക്ഷ അതിലേക്ക് നയിക്കുന്നതാണ്.
മരണാനന്തരമുള്ള ഉയിർത്തെഴുന്നേൽപ്പിനെ കാഫിറുകൾ നിഷേധിച്ചിരിക്കുന്നു. അത് അസാധ്യമാണെന്നാണ് അവരുടെ വാദം.
ഈ ജൽപനം തീർത്തും അബദ്ധമാണ്. മതപ്രമാണങ്ങളും അനുഭവങ്ങളും ബുദ്ധിയും ഈ വാദം അബദ്ധജടിലമാണെന്ന് തെളിയിക്കുന്നു.
ദീനിൻ്റെ തെളിവുകളിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം:
﴿زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّي لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٰلِكَ عَلَى ٱللَّهِ يَسِيرٞ 7﴾
"തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു. (നബിയേ,) പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണെ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു." (തഗാബുൻ: 7) വേദഗ്രന്ഥങ്ങൾ മുഴുവൻ ഇക്കാര്യം ഏകസ്വരത്തിൽ പറയുന്നു.
അനുഭവങ്ങൾ മുഖേനയും ഇക്കാര്യം സുവ്യക്തമായി തെളിഞ്ഞിരിക്കുന്നു. മരണമടഞ്ഞവരെ അല്ലാഹു ജീവിപ്പിക്കുക എന്നത് ദുനിയാവിൽ തന്നെ സംഭവിച്ചിട്ടുണ്ട്. സൂറത്തുൽ ബഖറയിൽ അത്തരത്തിലുള്ള അഞ്ച് സംഭവങ്ങളുണ്ട്.
ഒന്ന്: മൂസാ നബിയുടെ ജനതയുടെ സംഭവം. അവർ അദ്ദേഹത്തോട് പറഞ്ഞു:
﴿...لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ ...﴾
"ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല." [ബഖറ: 55] അപ്പോൾ അല്ലാഹു അവരെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്തു. അക്കാര്യം ഇസ്‌റാഈൽ സന്തതികളെ അഭിസംബോധന ചെയ്തു കൊണ്ട് അല്ലാഹു ഇങ്ങനെ ഓർമപ്പെടുത്തുന്നു:
﴿وَإِذۡ قُلۡتُمۡ يَٰمُوسَىٰ لَن نُّؤۡمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهۡرَةٗ فَأَخَذَتۡكُمُ ٱلصَّٰعِقَةُ وَأَنتُمۡ تَنظُرُونَ 55 ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ 56﴾
"ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത് വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല' എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നെ നിങ്ങളുടെ മരണത്തിനു ശേഷം നിങ്ങളെ നാം പുനരുജ്ജീവിപ്പിച്ചു; നിങ്ങൾ നന്ദിയുള്ളവരാകുന്നതിന് വേണ്ടി." (ബഖറ:55-56)
രണ്ട്: ഇസ്രാഈല്യരിൽ നിന്ന് കൊല്ലപ്പെട്ടയാളുടെ സംഭവം മറ്റൊരു ഉദാഹരണമാണ്. അവർ ആരാണ് അയാളെ കൊന്നത് എന്ന കാര്യത്തിൽ തർക്കത്തിലായിത്തീർന്നു. അങ്ങനെ അല്ലാഹു അവരോട് ഒരു പശുവിനെ അറുക്കാനും, അതിൻ്റെ ശരീരഭാഗം കൊണ്ട് കൊല്ലപ്പെട്ടയാളുടെ ദേഹത്ത് അടിക്കാനും കൽപ്പിച്ചു. അയാൾ അതോടെ എഴുന്നേറ്റുവരികയും തൻ്റെ ഘാതകൻ ആരാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. അതേക്കുറിച്ച് അല്ലാഹു പറയുന്നു:
﴿وَإِذۡ قَتَلۡتُمۡ نَفۡسٗا فَٱدَّٰرَٰءۡتُمۡ فِيهَاۖ وَٱللَّهُ مُخۡرِجٞ مَّا كُنتُمۡ تَكۡتُمُونَ 72 فَقُلۡنَا ٱضۡرِبُوهُ بِبَعۡضِهَاۚ كَذَٰلِكَ يُحۡيِ ٱللَّهُ ٱلۡمَوۡتَىٰ وَيُرِيكُمۡ ءَايَٰتِهِۦ لَعَلَّكُمۡ تَعۡقِلُونَ 73﴾
"(ഇസ്രായീല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും, അന്യോന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു." (ബഖറ: 72-73)
മൂന്ന്: ആയിരക്കണക്കിനാളുകൾ മരണഭയത്താൽ തങ്ങളുടെ നാടുവിട്ടോടിയ സംഭവത്തിലും മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടതായി കാണാം. അല്ലാഹു അവരെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:
﴿أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ 243﴾
"ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചു കൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല." (ബഖറ:243)
നാല്: നിർജ്ജീവമായ ഒരു നാട്ടിലൂടെ കടന്നുപോയ വ്യക്തിയുടെ സംഭവത്തിലും ഇതുണ്ട്; എങ്ങനെയാണ് ഈ നാടിനെ അല്ലാഹു വീണ്ടും ജീവിപ്പിക്കുകയെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. അല്ലാഹു അദ്ദേഹത്തെ നൂറുവർഷത്തേക്ക് മരിപ്പിക്കുകയും ശേഷം ജീവൻ നൽകുകയും ചെയ്തു. ആ സംഭവം ഇപ്രകാരം ഖുർആനിൽ കാണാം:
﴿أَوۡ كَٱلَّذِي مَرَّ عَلَىٰ قَرۡيَةٖ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحۡيِۦ هَٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِاْئَةَ عَامٖ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ يَوۡمًا أَوۡ بَعۡضَ يَوۡمٖۖ قَالَ بَل لَّبِثۡتَ مِاْئَةَ عَامٖ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ يَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَايَةٗ لِّلنَّاسِۖ وَٱنظُرۡ إِلَى ٱلۡعِظَامِ كَيۡفَ نُنشِزُهَا ثُمَّ نَكۡسُوهَا لَحۡمٗاۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ 259﴾
"അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നു വെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു." (ബഖറ: 259)
അഞ്ച്: അല്ലാഹുവിന്റെ ഖലീലായ ഇബ്‌റാഹീം നബിയുടെ സംഭവം; അവിടുന്ന് അല്ലാഹുവിനോട് ഒരിക്കൽ ചോദിച്ചു; എങ്ങനെയാണ് അവൻ മരിച്ചവരെ ജീവിപ്പിക്കുക? അപ്പോൾ അല്ലാഹു അദ്ദേഹത്തോട് നാല് പക്ഷികളെ അറുക്കാനും, അവയെ പലതായി വേർതിരിക്കാനും അതെല്ലാം ചുറ്റുമുള്ള പർവതങ്ങളിൽ കൊണ്ടുവെക്കാനും ശേഷം അവയെ വിളിക്കാനും കൽപ്പിച്ചു. അപ്പോൾ അവയെല്ലാമതാ പരസ്പരം കൂടിച്ചേരുകയും ഇബ്‌റാഹീം നബിയുടെ അരികിലേക്ക് കുതിച്ചുവരികയും ചെയ്തു. ഈ സംഭവം ഖുർആനിൽ അല്ലാഹു ഇങ്ങനെ വിവരിച്ചിരിക്കുന്നു:
﴿وَإِذۡ قَالَ إِبۡرَٰهِـۧمُ رَبِّ أَرِنِي كَيۡفَ تُحۡيِ ٱلۡمَوۡتَىٰۖ قَالَ أَوَلَمۡ تُؤۡمِنۖ قَالَ بَلَىٰ وَلَٰكِن لِّيَطۡمَئِنَّ قَلۡبِيۖ قَالَ فَخُذۡ أَرۡبَعَةٗ مِّنَ ٱلطَّيۡرِ فَصُرۡهُنَّ إِلَيۡكَ ثُمَّ ٱجۡعَلۡ عَلَىٰ كُلِّ جَبَلٖ مِّنۡهُنَّ جُزۡءٗا ثُمَّ ٱدۡعُهُنَّ يَأۡتِينَكَ سَعۡيٗاۚ وَٱعۡلَمۡ أَنَّ ٱللَّهَ عَزِيزٌ حَكِيمٞ 260﴾
"എൻ്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക." (ബഖറ: 260)
മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുമെന്നതിന് തെളിവാണ് ഈ അഞ്ച് അനുഭവപരമായ സംഭവങ്ങൾ. അല്ലാഹുവിൻ്റെ അനുമതിയോടെ ഈസാ നബി (عليه السلام) മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ഖബ്റുകളിൽ നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്ത ദൃഷ്ടാന്തങ്ങളെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചതും ഇവിടെ സ്മരണീയമാണ്.
മരണാനന്തര ജീവിതമുണ്ടെന്ന സത്യം മനുഷ്യബുദ്ധിയും അറിയിക്കുന്നു. അത് രണ്ട് രൂപത്തിലാണ്.
ഒന്ന്: അല്ലാഹുവാണ് ആകാശഭൂമികളെയും അവയിലുള്ളവയെയും ആദ്യം സൃഷ്ടിച്ചവൻ. സൃഷ്ടികർമം ആരംഭിക്കാൻ കഴിവുള്ളവന് അത് ആവർത്തിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അല്ലാഹു പറയുന്നു:
﴿وَهُوَ ٱلَّذِي يَبۡدَؤُاْ ٱلۡخَلۡقَ ثُمَّ يُعِيدُهُۥ وَهُوَ أَهۡوَنُ عَلَيۡهِۚ...﴾
"അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പമുള്ളതാകുന്നു." (റൂം: 27) അല്ലാഹു പറഞ്ഞു:
﴿...كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ﴾
"ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്." (അൻബിയാഅ്: 104) എല്ലുകൾ നുരുമ്പിപ്പോയതിനു ശേഷം അതിന് ജീവൻ നൽകുന്നവനാര് എന്ന് നിഷേധഭാവത്തിൽ ചോദിച്ചവന് ഇങ്ങനെ മറുപടി നൽകാൻ അല്ലാഹു കൽപിക്കുന്നു:
﴿قُلۡ يُحۡيِيهَا ٱلَّذِيٓ أَنشَأَهَآ أَوَّلَ مَرَّةٖۖ وَهُوَ بِكُلِّ خَلۡقٍ عَلِيمٌ 79﴾
"പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ." (യാസീൻ: 79)
രണ്ട്: ഭൂമി വരണ്ടുണങ്ങി നിർജീവമായ നിലയിലാവുകയും, ഒരു പച്ചപ്പ് പോലും ബാക്കിയില്ലാതെ വരികയും ചെയ്ത ശേഷം മഴ പെയ്യുന്നതോടെ ഭൂമി ഇളകുകയും ഹരിതാഭവും സജീവവുമായിത്തീരുകയും ചെയ്യുന്നു എന്നത്; കൗതുകമുണർത്തുന്ന വിവിധതരം സസ്യലതാദികൾ അതിൽ മുളച്ചുപൊങ്ങുന്നു. നിർജീവമായതിനു ശേഷം അതിനെ ജീവിപ്പിക്കാൻ കഴിവുള്ളവനാരോ അവൻ മരിച്ചു മൺമറഞ്ഞവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്. അല്ലാഹു പറയുന്നു:
﴿وَمِنۡ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلۡأَرۡضَ خَٰشِعَةٗ فَإِذَآ أَنزَلۡنَا عَلَيۡهَا ٱلۡمَآءَ ٱهۡتَزَّتۡ وَرَبَتۡۚ إِنَّ ٱلَّذِيٓ أَحۡيَاهَا لَمُحۡيِ ٱلۡمَوۡتَىٰٓۚ إِنَّهُۥ عَلَىٰ كُلِّ شَيۡءٖ قَدِيرٌ 39﴾
"നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് ഉയരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു." (ഫുസ്സ്വിലത്: 39) അല്ലാഹു പറയുന്നു:
﴿وَنَزَّلۡنَا مِنَ ٱلسَّمَآءِ مَآءٗ مُّبَٰرَكٗا فَأَنۢبَتۡنَا بِهِۦ جَنَّٰتٖ وَحَبَّ ٱلۡحَصِيدِ 9 وَٱلنَّخۡلَ بَاسِقَٰتٖ لَّهَا طَلۡعٞ نَّضِيدٞ 10 رِّزۡقٗا لِّلۡعِبَادِۖ وَأَحۡيَيۡنَا بِهِۦ بَلۡدَةٗ مَّيۡتٗاۚ كَذَٰلِكَ ٱلۡخُرُوجُ 11﴾
"ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. (നമ്മുടെ) ദാസന്‍മാര്‍ക്ക് ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത് മൂലം നാം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്." (ഖാഫ്: 9-11)
മരണശേഷം സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളിലുമുള്ള വിശ്വാസം പരലോകവിശ്വാസത്തിന്റെ ഭാഗമാണ്. അവയിൽ പ്രധാനപ്പെട്ട വിഷയങ്ങൾ താഴെ പറയുന്നവയാണ്:
1) ഖബ്‌റിലെ പരീക്ഷണം. ഒരു വ്യക്തി മരണപ്പെട്ട ശേഷം ഖബറടക്കപ്പെട്ടാൽ തൻ്റെ റബ്ബിനെക്കുറിച്ചും ദീനിനെക്കുറിച്ചും നബിയെക്കുറിച്ചും അയാൾ ഖബ്റിൽ ചോദ്യം ചെയ്യപ്പെടുന്നതാണ്. അവിടെ വിശ്വാസികളെ അല്ലാഹു സ്ഥിരതയാർന്ന വാക്കുകൾ മുഖേന ഉറപ്പിച്ചുനിർത്തുന്നതാണ്. അവരിലുൾപ്പെടുന്നവർ പറയും: എൻ്റെ റബ്ബ് അല്ലാഹുവാണ്. എൻ്റെ ദീൻ ഇസ്‌ലാമാണ്. എൻ്റെ നബി മുഹമ്മദ് നബിﷺയാണ്. എന്നാൽ അക്രമികളെ അല്ലാഹു വഴിതെറ്റിക്കും. കാഫിറായവൻ ഈ ചോദ്യങ്ങൾ കേട്ടാൽ പറയും: 'ഹാഹ്! ഹാഹ്! എനിക്കറിയില്ല.' മുനാഫിഖുകളും വിശ്വാസത്തിൽ സംശയങ്ങളുമായി ജീവിച്ചവരും പറയും: 'എനിക്കറിയില്ല. ആളുകൾ എന്തോ പറയുന്നത് കേട്ടപ്പോൾ ഞാനും അതുപോലെ പറഞ്ഞു.'
2) ഖബ്‌റിലെ രക്ഷാ-ശിക്ഷകൾ. കാഫിറുകളും മുനാഫിഖുകളുമാകുന്ന അക്രമികൾക്ക് ഖബ്‌റിൽ ശിക്ഷയുണ്ടാകും. അല്ലാഹു പറയുന്നു:
﴿...وَلَوۡ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِي غَمَرَٰتِ ٱلۡمَوۡتِ وَٱلۡمَلَٰٓئِكَةُ بَاسِطُوٓاْ أَيۡدِيهِمۡ أَخۡرِجُوٓاْ أَنفُسَكُمُۖ ٱلۡيَوۡمَ تُجۡزَوۡنَ عَذَابَ ٱلۡهُونِ بِمَا كُنتُمۡ تَقُولُونَ عَلَى ٱللَّهِ غَيۡرَ ٱلۡحَقِّ وَكُنتُمۡ عَنۡ ءَايَٰتِهِۦ تَسۡتَكۡبِرُونَ﴾
"ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.)" (അൻആം: 93)
ഫിർഔന്റെ ആളുകളെ കുറിച്ച് അല്ലാഹു പറയുന്നു:
﴿ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ 46﴾
"നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും.)" (ഗാഫിർ: 46)
സൈദ് ബ്നു ഥാബിത് (رَضِيَ اللَّهُ عنهُ) നിവേദനം: നബി -ﷺ- പറഞ്ഞു:
«فَلَوْلَا أَنْ لَا تَدَافَنُوا لَدَعَوْتُ اللَّهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ الَّذِي أَسْمَعُ مِنْهُ».
"നിങ്ങൾ പരസ്പരം ഖബറടക്കാതിരിക്കില്ലായിരുന്നെങ്കിൽ ഞാൻ കേൾക്കുന്ന ഖബ്ർ ശിക്ഷയുടെ ശബ്ദം നിങ്ങളെയും കേൾപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു." ശേഷം തൻ്റെ സ്വഹാബികളെ അഭിസംബോധന ചെയ്തു കൊണ്ട് നബി -ﷺ- പറഞ്ഞു:
«تَعَوَّذُوا بِاللَّهِ مِنْ عَذَابِ النَّارِ».
"നരകത്തിന്റെ ശിക്ഷയിൽ നിന്നും നിങ്ങൾ അല്ലാഹുവിനോട് രക്ഷ തേടുക." അവർ പറഞ്ഞു: "ഞങ്ങൾ നരകശിക്ഷയിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുന്നു." നബി (ﷺ) പറഞ്ഞു:
«تَعَوَّذُوا بِاللَّهِ مِنْ عَذَابِ الْقَبْرِ».
"ഖബ്റിന്റെ ശിക്ഷയിൽ നിന്നും അല്ലാഹുവിനോട് നിങ്ങൾ കാവലിനെ ചോദിക്കുക." അവർ പറഞ്ഞു: "ഖബ്ർശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിൽ അഭയം തേടുന്നു." നബി (ﷺ) പറഞ്ഞു:
«تَعَوَّذُوا بِاللَّهِ مِنَ الْفِتَنِ، مَا ظَهَرَ مِنْهَا وَمَا بَطَنَ».
"നിങ്ങൾ പ്രത്യക്ഷവും പരോക്ഷവുമായ ഫിത്നകളിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുക." "അവര്‍ പറഞ്ഞു: പ്രത്യക്ഷമായതും പരോക്ഷവുമായ ഫിത്നകളില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവിനോട് രക്ഷതേടുന്നു." നബി (ﷺ) പറഞ്ഞു:
«تَعَوَّذُوا بِاللَّهِ مِنْ فِتْنَةِ الدَّجَّالِ».
"ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക." അവർ പറഞ്ഞു: "ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്ന് അല്ലാഹുവിനോട് ഞങ്ങൾ രക്ഷ തേടുന്നു."17
ഖബ്‌റിലെ അനുഗ്രഹങ്ങളാകട്ടെ, സത്യസന്ധരായ വിശ്വാസികൾക്കുള്ളതാണ്. അല്ലാഹു പറയുന്നു:
﴿إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ تَتَنَزَّلُ عَلَيۡهِمُ ٱلۡمَلَٰٓئِكَةُ أَلَّا تَخَافُواْ وَلَا تَحۡزَنُواْ وَأَبۡشِرُواْ بِٱلۡجَنَّةِ ٱلَّتِي كُنتُمۡ تُوعَدُونَ 30﴾
"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞു കൊള്ളുക." (ഫുസ്സ്വിലത്: 30)
അല്ലാഹു പറഞ്ഞു:
﴿فَلَوۡلَآ إِذَا بَلَغَتِ ٱلۡحُلۡقُومَ 83 وَأَنتُمۡ حِينَئِذٖ تَنظُرُونَ 84 وَنَحۡنُ أَقۡرَبُ إِلَيۡهِ مِنكُمۡ وَلَٰكِن لَّا تُبۡصِرُونَ 85 فَلَوۡلَآ إِن كُنتُمۡ غَيۡرَ مَدِينِينَ 86 تَرۡجِعُونَهَآ إِن كُنتُمۡ صَٰدِقِينَ 87 فَأَمَّآ إِن كَانَ مِنَ ٱلۡمُقَرَّبِينَ 88 فَرَوۡحٞ وَرَيۡحَانٞ وَجَنَّتُ نَعِيمٖ 89﴾
"എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ (അല്ലാഹുവിൻ്റെ നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍- (അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും." (വാഖിഅ: 83-89)
ബറാഅ് ബ്നു ആസിബ് (رَضِيَ اللَّهُ عنهُ) ഉദ്ധരിച്ച ഹദീഥിൽ, ഖബ്‌റിൽ വെച്ച് ഒരു മുഅ്മിൻ മലക്കുകളുടെ ചോദ്യത്തിന് ഉത്തരം നൽകിയാൽ എന്തു സംഭവിക്കുമെന്ന് വിവരിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു:
«يُنَادِي مُنَادٍ مِنَ السَّمَاءِ: أَنْ صَدَقَ عَبْدِي، فَافْرِشُوهُ مِنَ الْجَنَّةِ، وَأَلْبِسُوهُ مِنَ الْجَنَّةِ، وَافْتَحُوا لَهُ بَابًا إِلَى الْجَنَّةِ، قَالَ: فَيَأْتِيهِ مِنْ رَوْحِهَا وَطِيبِهَا، وَيُفْسَحُ لَهُ فِي قَبْرِهِ مَدَّ بَصَرِهِ».
"അപ്പോൾ ആകാശത്തുനിന്നും ഇങ്ങനെ വിളിച്ചുപറയുന്നതാണ്: "എൻ്റെ അടിമ സത്യമാണ് പറഞ്ഞത്. അതുകൊണ്ട് അവനു നിങ്ങൾ സ്വർഗത്തിൽ നിന്നുള്ള വിരിപ്പ് വിരിച്ചുകൊടുക്കുക. സ്വർഗത്തിൽ നിന്നുള്ള വസ്ത്രം അവനെ ധരിപ്പിക്കുക. സ്വർഗത്തിലേക്ക് ഒരു കവാടം അവന് തുറന്നുവെക്കുക." അങ്ങനെ സ്വർഗത്തിന്റെ പരിമളവും നന്മകളും അവിടേക്കെത്തുന്നതാണ്. അവൻ്റെ ഖബ്ർ കണ്ണെത്താദൂരം വിശാലമാക്കപ്പെടുന്നതാണ്."18
ചില പിഴച്ച കക്ഷികൾ ഈ വിഷയത്തിൽ വഴിതെറ്റുകയും ഖബ്‌റിലെ രക്ഷാ-ശിക്ഷകളെ നിഷേധിക്കുകയും അത് സംഭവ്യമല്ലെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഖബ്ർ തുറന്നുനോക്കിയാൽ മയ്യിത്തിന് ഒന്നും സംഭവിക്കുന്നതായി കാണുന്നില്ല എന്നും, ഖബ്ർ ഇടുങ്ങിയതായോ വിശാലത കൈവരിച്ചതായോ കാണുന്നില്ല എന്നുമാണ് അതിനുള്ള ന്യായമായി അവർ പറഞ്ഞത്.
ഇത് തീർത്തും വ്യർത്ഥമായ വാദമാണ്. മതപ്രമാണങ്ങളും മനുഷ്യബുദ്ധിയും പഞ്ചേന്ദ്രിയങ്ങളും ഇത് തെറ്റാണെന്ന് തെളിയിക്കുന്നു.
മതപ്രമാണങ്ങളിൽ ഖബ്റിലെ രക്ഷാശിക്ഷകൾ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന അനേകം തെളിവുകളുണ്ട്. അവ നേരത്തെ സൂചിപ്പിച്ചുകഴിഞ്ഞു.
ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُمَا) നിവേദനം: "നബി ﷺ ഒരിക്കൽ മദീനയിലെ ഒരു തോട്ടത്തിലൂടെ കടന്നുപോയി. അപ്പോൾ അവിടുന്ന് ഖബ്‌റുകളിൽ ശിക്ഷിക്കപ്പെടുന്ന രണ്ടുപേരുടെ ശബ്ദം കേട്ടു." പ്രസ്തുത ഹദീഥിൽ നബി (ﷺ) പറഞ്ഞു:
«أَنَّ أَحَدَهُمَا كَانَ لَا يَسْتَتِرُ مِنَ الْبَوْلِ».
"അവരിൽ ഒരുവൻ മൂത്രത്തിൽ നിന്നും ശുദ്ധി സ്വീകരിച്ചിരുന്നില്ല." മറ്റൊരു റിപ്പോർട്ടിൽ
«مِنْ بَوْلِهِ».
"അവന്റെ മൂത്രത്തിൽ നിന്ന്" എന്നാണുള്ളത്.
«وَأَنَّ الْآخَرَ كَانَ يَمْشِي بِالنَّمِيمَةِ».
"അപരൻ ഏഷണിയുമായി നടക്കുന്നവനായിരുന്നു." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്:
«لَا يَسْتَنْزِهُ مِنَ الْبَوْلِ».
"അവൻ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്തിയിരുന്നില്ല."19
പഞ്ചേന്ദ്രിയങ്ങൾ മുഖേന മനസ്സിലാക്കാവുന്ന തെളിവിൽ പെട്ടതാണ് സ്വപ്നങ്ങൾ. ഒരാൾ ഉറങ്ങുമ്പോൾ താൻ അതിവിശാലവും മനോഹരവുമായ ഒരു സ്ഥലത്ത് ആസ്വദിച്ചു കഴിയുന്നതായി സ്വപ്നം കാണാറുണ്ട്; അല്ലെങ്കിൽ ഇടുങ്ങിയ ഒരു സ്ഥലത്ത് ഒറ്റപ്പെടുകയും വേദനയനുഭവിക്കുകയും ചെയ്യുന്നതായും സ്വപ്നം കണ്ടേക്കാം. താൻ കാണുന്ന സ്വപ്നം കാരണത്താൽ ഉറക്കത്തിൽ നിന്ന് ചിലപ്പോൾ ഒരാൾ ഞെട്ടിയുണരുക വരെ ചെയ്യാറുമുണ്ട്. എന്നാൽ ഇതെല്ലാം സംഭവിക്കുമ്പോഴും അവൻ തൻ്റെ മുറിയിലെ വിരിപ്പിൽ തന്നെയാണുണ്ടാകാറുള്ളത്. ഉറക്കമാകട്ടെ, മരണത്തിൻ്റെ കൂടെപ്പിറപ്പാണ്. അതുകൊണ്ടാണ് അല്ലാഹു ഉറക്കത്തെ വഫാത്ത് (മരണം) എന്ന് വിശേഷിപ്പിച്ചത്. അല്ലാഹു പറഞ്ഞത് കാണുക:
﴿ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّى...﴾
"ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു..." (സുമർ: 42)
ബുദ്ധിപരമായ തെളിവുകളിൽ പെട്ടതാണ്: ഉറങ്ങുന്നവൻ തൻ്റെ ഉറക്കത്തിൽ യാഥാർത്ഥ്യവുമായി ഒത്തുപോകുന്ന സത്യസന്ധമായ സ്വപ്നം കാണാറുണ്ട് എന്നത്. ചിലപ്പോൾ നബി ﷺ യെ അവിടുത്തെ യഥാർത്ഥ രൂപത്തിൽ കണ്ടെന്നും വരാം. ഒരാൾ നബിയുടെ യഥാർത്ഥ രൂപത്തിൽ കണ്ടാൽ, അവൻ നബിയെ കണ്ടത് സത്യമാണ്. എന്നിട്ടും, ഉറങ്ങുന്നയാൾ താൻ കണ്ട കാഴ്ചയിൽ നിന്ന് വളരെ അകലെ, തൻ്റെ മുറിയിലെ കട്ടിലിൽ തന്നെയാണ്. ഇഹലോകത്ത് ഇത് സാധ്യമാണെങ്കിൽ പരലോകത്തും അത് സാധ്യമാണ്.
ഖബ്ർ തുറന്നാൽ അവിടെ യാതൊരു മാറ്റവുമില്ലാതെ കാണുന്നു എന്നും, മരിച്ച വ്യക്തിക്ക് അവൻ്റെ അവസ്ഥയിൽ മാറ്റമൊന്നും കാണില്ലെന്നും, ഖബ്റിന് വലുപ്പത്തിലോ ഇടുക്കത്തിലോ മാറ്റം വന്നിട്ടില്ലെന്നുമുള്ള ആശയക്കുഴപ്പത്തിനുള്ള മറുപടി പല നിലക്ക് പറയാം:
ഒന്നാമതായി: ശരീഅത്ത് കൊണ്ടുവന്ന കാര്യങ്ങളെ, ഇത്തരം ദുർബലമായ സംശയങ്ങൾ കൊണ്ട് എതിർക്കാൻ പാടില്ല. എതിർക്കുന്നയാൾ ഈ കാര്യങ്ങളെ കുറിച്ച് ശരിയായ രീതിയിൽ ചിന്തിച്ചാൽ, ഈ സംശയങ്ങളുടെ വ്യർഥത അവനറിയാൻ കഴിയും. പണ്ട് പറയപ്പെട്ട ഒരു കവിതയുണ്ട്:
നേരായ വാക്കിൽ കുറ്റം കാണുന്ന എത്രയെത്ര പേരുണ്ട്!
പ്രശ്നം യഥാർത്ഥത്തിൽ അവൻ്റെ കേടു വന്ന ഗ്രാഹ്യശേഷിയിലത്രേ!
രണ്ടാമതായി: ബർസഖിലെ (മരണാനന്തര ജീവിതത്തിലെ) അവസ്ഥകൾ അദൃശ്യമായ കാര്യങ്ങളിൽ പെട്ടതാണ്. മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അവ അറിയാൻ സാധിക്കുകയില്ല. അങ്ങനെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നതിൻ്റെ പ്രയോജനം നഷ്ടപ്പെടുകയും, അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവരും നിഷേധിക്കുന്നവരും തുല്യരാകുകയും ചെയ്യുമായിരുന്നു.
മൂന്നാമതായി: ഖബ്റിലെ ശിക്ഷയും, സുഖവും, വിശാലതയും, ഇടുക്കവും മരണപ്പെട്ടയാൾക്ക് മാത്രമേ അറിയാൻ കഴിയൂ, മറ്റാർക്കും അറിയില്ല. ഉറങ്ങുന്ന ഒരാൾ താൻ ഇടുങ്ങിയ, ഭീതിജനകമായ ഒരു സ്ഥലത്താണെന്നോ, അല്ലെങ്കിൽ വിശാലമായ, മനോഹരമായ ഒരിടത്താണെന്നോ സ്വപ്നം കാണുന്നത് പോലെയാണിത്. എന്നാൽ, അവൻ്റെ ചുറ്റുമുള്ളവർ അതൊന്നും കാണുകയോ അറിയുകയോ ചെയ്യുന്നില്ല. നബി ﷺ തൻ്റെ അനുചരന്മാരുടെ അടുത്തിരിക്കുമ്പോൾ പോലും വഹ്‌യ് (ദിവ്യബോധനം) ലഭിക്കാറുണ്ടായിരുന്നു. അവിടുന്ന് വഹ്‌യ് കേൾക്കുമായിരുന്നു, എന്നാൽ സ്വഹാബികൾ അത് കേൾക്കുമായിരുന്നില്ല. ചിലപ്പോൾ മലക്ക് മനുഷ്യരൂപത്തിൽ വന്ന് അവിടുത്തോട് സംസാരിക്കുമായിരുന്നു, എന്നാൽ സ്വഹാബികൾ മലക്കിനെ കാണുകയോ കേൾക്കുകയോ ചെയ്യാറില്ലായിരുന്നു.
നാലാമതായി: സൃഷ്ടികളുടെ വിവരവും അറിവും ഏറെ പരിമിതമാണ്. അല്ലാഹു അവർക്ക് അറിയാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രമായി അത് പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രപഞ്ചത്തിൽ നിലവിലുള്ള എല്ലാറ്റിനെയും അവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും എല്ലാം അല്ലാഹുവിൻ്റെ സ്തുതിച്ചു കൊണ്ട് അവനെ പ്രകീർത്തിക്കുന്നുണ്ട്; ചിലപ്പോൾ അല്ലാഹു തൻ്റെ സൃഷ്ടികളിൽ നിന്ന് ഉദ്ദേശിക്കുന്നവരെ അത് കേൾപ്പിക്കാറുണ്ട്. എന്നിട്ടും അത് നമ്മിൽ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبۡعُ وَٱلۡأَرۡضُ وَمَن فِيهِنَّۚ وَإِن مِّن شَيۡءٍ إِلَّا يُسَبِّحُ بِحَمۡدِهِۦ وَلَٰكِن لَّا تَفۡقَهُونَ تَسۡبِيحَهُمۡۚ...﴾
"ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല." (ഇസ്റാഅ്: 44) ഇതുപോലെയാണ്, പിശാചുക്കളുടെയും ജിന്നുകളുടെയും കാര്യം. അവർ ഭൂമിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം സഞ്ചരിക്കുന്നുണ്ട്. ജിന്നുകൾ നബി ﷺ യുടെ അടുക്കൽ വന്ന് അവിടുത്തെ ഖുർആൻ പാരായണം ശ്രദ്ധിക്കുകയും നിശ്ശബ്ദരായി കേട്ടിരിക്കുകയും, എന്നിട്ട് തങ്ങളുടെ ജനതയിലേക്ക് പോയി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവർ നമ്മളിൽ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿يَٰبَنِيٓ ءَادَمَ لَا يَفۡتِنَنَّكُمُ ٱلشَّيۡطَٰنُ كَمَآ أَخۡرَجَ أَبَوَيۡكُم مِّنَ ٱلۡجَنَّةِ يَنزِعُ عَنۡهُمَا لِبَاسَهُمَا لِيُرِيَهُمَا سَوۡءَٰتِهِمَآۚ إِنَّهُۥ يَرَىٰكُمۡ هُوَ وَقَبِيلُهُۥ مِنۡ حَيۡثُ لَا تَرَوۡنَهُمۡۗ إِنَّا جَعَلۡنَا ٱلشَّيَٰطِينَ أَوۡلِيَآءَ لِلَّذِينَ لَا يُؤۡمِنُونَ 27﴾
"ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ സ്വർഗത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു." (അഅ്റാഫ്: 27) സൃഷ്ടികൾക്ക് നിലവിലുള്ള എല്ലാത്തിനെയും അറിയില്ല എന്നത് വ്യക്തമായ സ്ഥിതിക്ക്, അദൃശ്യ കാര്യങ്ങളായി ഖുർആനിലും ഹദീഥിലും സ്ഥിരപ്പെട്ട കാര്യങ്ങൾ നിഷേധിക്കാൻ പാടില്ല എന്ന് മനസ്സിലാക്കാം.
ഖദറിലുള്ള വിശ്വാസം
അല്ലാഹു പ്രപഞ്ചത്തിന് കണക്കാക്കിയ വിധിയെയാണ് ഖദർ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അല്ലാഹുവിൻ്റെ അനാദിയായ അറിവിലുള്ളതും, അവൻ്റെ ഹിക്മത്തിന് (യുക്തിക്ക്) യോജിച്ച രൂപത്തിലുമാണ് ഖദർ ഉണ്ടായിരിക്കുക.
ഖദറിലുള്ള വിശ്വാസത്തിൽ നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നു:
ഒന്ന്: അല്ലാഹു എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്ന വിശ്വാസം. കാര്യങ്ങളെല്ലാം പൊതുവായും സൂക്ഷ്മമായും അല്ലാഹു അറിഞ്ഞിരിക്കുന്നു. അവയുടെയെല്ലാം തുടക്കവും ഒടുക്കവും അല്ലാഹുവിനറിയാം. അവൻ്റെ അറിവിന് ആരംഭമോ അവസാനമോ ഇല്ല. അല്ലാഹുവിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും സൃഷ്ടികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും ഇപ്രകാരം തന്നെ അവനറിയാം.
രണ്ട്: അല്ലാഹു അതെല്ലാം ലൗഹുൽ മഹ്ഫൂദിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിശ്വാസം. ഈ രണ്ടുകാര്യങ്ങൾ അല്ലാഹു പറയുന്നത് കാണുക:
﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 70﴾
"ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ." (ഹജ്ജ്: 70)
അബ്ദുല്ലാഹി ബ്‌നു അമ്റ് ബ്‌നുൽആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു:
«كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ».
"അല്ലാഹു സൃഷ്ടികളുടെ വിധിനിർണയം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന് അൻപതിനായിരം വർഷങ്ങൾക്ക് മുൻപേ രേഖപ്പെടുത്തിയിരിക്കുന്നു."20
മൂന്ന്: ഏത് കാര്യവും സംഭവിക്കുക അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമാണ് എന്ന വിശ്വാസം. അവന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായാലും, അതല്ല, സൃഷ്ടികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായാലും അതെല്ലാം സംഭവിക്കുക അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച് മാത്രമാണ്. അല്ലാഹു അവൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത് ശ്രദ്ധിക്കുക:
﴿وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ...﴾
"നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു." (ഖസ്വസ്: 68) അല്ലാഹു പറയുന്നു:
﴿...وَيَفۡعَلُ ٱللَّهُ مَا يَشَآءُ﴾
"അല്ലാഹു അവൻ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു." (ഇബ്റാഹീം: 27) അല്ലാഹു പറയുന്നു:
﴿هُوَ ٱلَّذِي يُصَوِّرُكُمۡ فِي ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ...﴾
"ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ." (ആലു ഇംറാൻ: 6). പടപ്പുകളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോടെയല്ലാതെ സംഭവിക്കുകയില്ല എന്ന കാര്യത്തെ കുറിച്ച് അല്ലാഹു പറയുന്നു:
﴿...وَلَوۡ شَآءَ ٱللَّهُ لَسَلَّطَهُمۡ عَلَيۡكُمۡ فَلَقَٰتَلُوكُمۡۚ...﴾
"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു." (നിസാഅ്: 90) അല്ലാഹു പറയുന്നു:
﴿...وَلَوۡ شَآءَ رَبُّكَ مَا فَعَلُوهُۖ فَذَرۡهُمۡ وَمَا يَفۡتَرُون﴾
"നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക." (അൻആം: 112)
നാല്: സകല സൃഷ്ടികളും അവയുടെ അസ്തിത്വവും വിശേഷണങ്ങളും ചലനങ്ങളുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ് എന്ന വിശ്വാസം. അല്ലാഹു പറയുന്നു:
﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 62﴾
"അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു." (സുമർ: 62) അല്ലാഹു തന്നെ പറയുന്നു:
﴿...وَخَلَقَ كُلَّ شَيۡءٖ فَقَدَّرَهُۥ تَقۡدِيرٗا﴾
"ഒരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു." (ഫുർഖാൻ: 2) ഇബ്‌റാഹീം നബി (عليه السلام) അവിടുത്തെ ജനതയോട് പറഞ്ഞതായി അല്ലാഹു ഓർമപ്പെടുത്തുന്നു:
﴿وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ 96﴾
"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്." (സ്വാഫ്ഫാത്: 96)
എന്നാൽ മനുഷ്യന് അവൻ്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാനുള്ള ശേഷിയും ചെയ്യാനുള്ള ശക്തിയുമുണ്ട്. ഖദറിലുള്ള വിശ്വാസം ഇതിന് ഒരുനിലക്കും എതിരല്ല. കാരണം, മതപ്രമാണങ്ങളും അനുഭവ യാഥാർഥ്യങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
അല്ലാഹുവിൻ്റെ ദീനിൽ ഇക്കാര്യം വന്നിട്ടുള്ളത് കാണുക: അല്ലാഹു മനുഷ്യന്റെ ഉദ്ദേശശക്തിയെക്കുറിച്ച് പറയുന്നു:
﴿...فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا﴾
"വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ." (നബഅ്: 39) അല്ലാഹു പറയുന്നു:
﴿...فَأۡتُواْ حَرۡثَكُمۡ أَنَّىٰ شِئۡتُمۡۖ...﴾
"നിങ്ങള്‍ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്." (ബഖറ: 223) മനുഷ്യർക്ക് പ്രവർത്തിക്കാനുള്ള ശക്തിയുണ്ട് എന്നതിനെ കുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ...﴾
"അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." (തഗാബുൻ: 16) അല്ലാഹു പറയുന്നു:
﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ...﴾
"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്‍റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ." (ബഖറ: 286)
ഇത്രയും പറഞ്ഞ ഈ കാര്യം അനുഭവയാഥാർഥ്യം കൂടിയാണ്. കാരണം ഓരോ മനുഷ്യനും അവന് തന്റേതായ ഉദ്ദേശ്യവും കഴിവുമുണ്ടെന്ന കാര്യം അറിയാം. ഈ രണ്ട് കാര്യങ്ങൾ മുഖേനയാണ് മനുഷ്യൻ കാര്യങ്ങൾ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതുമെല്ലാം. അവൻ ഇച്ഛിച്ചു കൊണ്ട് പ്രവർത്തിക്കുന്ന കാര്യങ്ങളും അവൻ്റെ ഉദ്ദേശ്യത്തോടെയല്ലാതെ ചെയ്യുന്ന കാര്യങ്ങളും അവന് വേർതിരിച്ചു മനസിലാക്കാൻ കഴിയുന്നുണ്ട്; ഉദാഹരണത്തിന് അവൻ തൻ്റെ കാൽവെപ്പുകൾ മുന്നോട്ടു വെച്ചു കൊണ്ട് നടക്കുന്നത് അവൻ്റെ ഉദ്ദേശ്യപ്രകാരമാണ്. എന്നാൽ അവൻ ഭയം കൊണ്ടോ മറ്റോ വിറക്കുന്നുണ്ടെങ്കിൽ അത് അവൻ്റെ ഉദ്ദേശ്യപ്രകാരമല്ല.
അതോടൊപ്പം മനസ്സിലാക്കുക; അല്ലാഹുവിൻ്റെ ഉദ്ദേശ്യവും അവൻ്റെ ശക്തിയും മുഖേന മാത്രമാണ് മനുഷ്യന്റെ ഉദ്ദേശവും ശക്തിയും ഉണ്ടാവുക. അല്ലാഹു പറയുന്നു:
﴿لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ 28 وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ 29﴾
"അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (തക്വീർ: 28-29) കാരണം പ്രപഞ്ചം മുഴുവൻ അല്ലാഹുവിൻ്റെ അധീനതയിൽ പെട്ട അവൻ്റെ സാമ്രാജ്യമാണ്. അവൻ്റെ സാമ്രാജ്യത്തിൽ അല്ലാഹുവിൻ്റെ അറിവോടെയോ ഉദ്ദേശ്യത്തോടെയോ കൂടിയല്ലാതെ യാതൊന്നും സംഭവിക്കുകയില്ല.
ഖദറിലുള്ള വിശ്വാസം നിർബന്ധമായ കർമങ്ങൾ ചെയ്യാതിരിക്കാനോ തിന്മകൾ പ്രവർത്തിക്കാനോ ഒരാൾക്കും ന്യായമല്ല. ഒരാൾ തൻ്റെ കുറവുകൾക്കും തെറ്റുകൾക്കും ഖദ്റിനെ കൊണ്ട് ന്യായം പിടിക്കുന്നു എങ്കിൽ അത് പലനിലക്കും നിരർത്ഥകമാണ്:
ഒന്നാമതായി: അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿سَيَقُولُ ٱلَّذِينَ أَشۡرَكُواْ لَوۡ شَآءَ ٱللَّهُ مَآ أَشۡرَكۡنَا وَلَآ ءَابَآؤُنَا وَلَا حَرَّمۡنَا مِن شَيۡءٖۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ حَتَّىٰ ذَاقُواْ بَأۡسَنَاۗ قُلۡ هَلۡ عِندَكُم مِّنۡ عِلۡمٖ فَتُخۡرِجُوهُ لَنَآۖ إِن تَتَّبِعُونَ إِلَّا ٱلظَّنَّ وَإِنۡ أَنتُمۡ إِلَّا تَخۡرُصُونَ 148﴾
"ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത് വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ കളവു പറയുക മാത്രമാണ് ചെയ്യുന്നത്." (അൻആം: 148) തങ്ങളുടെ തിന്മക്കുള്ള ന്യായമായി അവർ ഖദ്റിനെ കൂട്ടുപിടിക്കുകയാണ് ചെയ്തത്; അതിൽ വല്ല ശരിയുമുണ്ടായിരുന്നെങ്കിൽ അല്ലാഹു അവരെ ശിക്ഷിക്കുകയില്ലായിരുന്നു.
രണ്ടാമതായി: അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا 165﴾
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു." (നിസാഅ്: 165) അല്ലാഹുവിനെ ധിക്കരിച്ചവർക്ക് അവരുടെ തെറ്റുകൾക്ക് ന്യായമായി ഖദ്ർ പറയാൻ അനുവാദമുണ്ടായിരുന്നെങ്കിൽ റസൂലുകൾ നിയോഗിക്കപ്പെട്ടത് കൊണ്ട് അത് ഇല്ലാതാകുമായിരുന്നില്ല. കാരണം, നബിമാർ നിയോഗിക്കപ്പെട്ടതിന് ശേഷം അവർ നബിമാരെ നിഷേധിച്ചു എന്നതും അല്ലാഹുവിൻ്റെ ഖദ്റിൻ്റെ ഭാഗം തന്നെയാണ്.
മൂന്നാമതായി: അലിയ്യു ബ്നു അബീ ത്വാലിബ് (رَضِيَ اللَّهُ عنهُ) നിവേദനം: നബി ﷺ പറഞ്ഞു:
«مَا مِنْكُمْ مِنْ أَحَدٍ إِلَّا قَدْ كُتِبَ مَقْعَدُهُ مِنَ النَّارِ أَوْ مِنَ الْجَنَّةِ».
"അല്ലാഹു സ്വർഗത്തിലെ ഇരിപ്പിടമോ നരകത്തിലെ ഇരിപ്പിടമോ രേഖപ്പെടുത്താത്ത ഒരാളും നിങ്ങളുടെ കൂട്ടത്തിലില്ല." അപ്പോൾ ജനങ്ങളിൽ നിന്നൊരാൾ പറഞ്ഞു: "എങ്കിൽ ഞങ്ങൾ ഖദ്റിനെ ഏൽപ്പിക്കട്ടെയോ നബിയേ?!" നബി (ﷺ) പറഞ്ഞു:
«لَا، اعْمَلُوا فَكُلٌّ مُيَسَّرٌ».
"ഇല്ല! നിങ്ങൾ പ്രവർത്തിക്കുക. എല്ലാവരും (അവർക്ക് നിശ്ചയിക്കപ്പെട്ടതിലേക്ക്) എളുപ്പം നൽകപ്പെടുന്നവരാണ്." ശേഷം നബി (ﷺ) ഖുർആനിലെ ഈ വചനം പാരായണം ചെയ്തു:
﴿فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ 5﴾
"എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ ... അവന് നാം എളുപ്പമുള്ളതിലേക്ക് സൗകര്യപ്പെടുത്തുന്നതാണ്." (അല്ലൈൽ: 5) മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരാണുള്ളത്:
«فَكُلٌّ مُيَسَّرٌ لِمَا خُلِقَ لَهُ».
"ഓരോരുത്തരും അവർ എവിടേക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിലേക്ക് എളുപ്പം നൽകപ്പെട്ടവരാകുന്നു."21 ചുരുക്കത്തിൽ, നബി ﷺ സൽകർമ്മങ്ങൾ പ്രവർത്തിക്കാനും നന്മകൾ ചെയ്യാനുമാണ് കൽപിച്ചത്. തൻ്റെ കുറവുകൾക്ക് ഖദ്റിൻ്റെ പേരിൽ ന്യായം പറയുന്നത് അവിടുന്ന് വിലക്കുകയാണ് ചെയ്തത്.
നാലാമതായി: അല്ലാഹു അവൻ്റെ അടിമകളോട് ധാരാളം കാര്യങ്ങൾ കൽപിക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഒരിക്കലും അവൻ്റെ അടിമകൾക്ക് മേൽ അവർക്ക് സാധിക്കാത്തത് ബാധ്യതയായി ഏൽപിക്കുകയില്ല. അല്ലാഹു പറയുന്നു:
﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ...﴾
"അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക." (തഗാബുൻ: 16) അല്ലാഹു പറയുന്നു:
﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ...﴾
"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല." (ബഖറ: 286) മനുഷ്യർ അവൻ്റെ പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ട നിലയിലാണ് ചെയ്തു കൊണ്ടിരിക്കുന്നത് എങ്കിൽ അവരോട് സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ പറയുന്നതും തിന്മകൾ ഉപേക്ഷിക്കാൻ പറയുന്നതുമെല്ലാം അവർക്ക് സാധ്യമാകാത്ത കാര്യം അവരോട് കൽപ്പിക്കലായിത്തീരും. അങ്ങനെയാണ് കാര്യമെന്നു പറയുന്നത് തീർത്തും അടിസ്ഥാനരഹിതവും! അതുകൊണ്ടാണ് അറിയാതെയോ മറന്നുകൊണ്ടോ നിർബന്ധിക്കപ്പെട്ടോ തിന്മകൾ പ്രവർത്തിച്ചവർക്ക് മേൽ കുറ്റമില്ല എന്ന് ഇസ്‌ലാമിൽ നിശ്ചയിക്കപ്പെട്ടത്. കാരണം അവൻ സ്വന്തം ഇഛപ്രകാരം ചെയ്തതല്ല അക്കാര്യം എന്ന ഒഴിവ്കഴിവ് അവനുണ്ട്.
അഞ്ചാമതായി: അല്ലാഹുവിന്റെ വിധിയെന്നത് മറച്ചുവെക്കപ്പെട്ട രഹസ്യമാണ്. ഒരു കാര്യം സംഭവിച്ചാൽ അത് അല്ലാഹു വിധിച്ച കാര്യമായിരുന്നു എന്ന് അറിയാൻ സാധിക്കുമെന്നല്ലാതെ, എന്താണ് അല്ലാഹുവിൻ്റെ വിധി എന്ന് മുൻകൂട്ടി അറിയാൻ ഒരാൾക്കും സാധ്യമല്ല. എന്നാൽ മനുഷ്യർ ഒരു പ്രവർത്തി ചെയ്യുന്നതിന് മുൻപ് അത് ചെയ്യണമെന്ന് അവൻ തീരുമാനിക്കുന്നുണ്ട്; അല്ലാഹുവിന്റെ ഖദർ ഇപ്രകാരമായിരുന്നു എന്ന് മുൻകൂട്ടി അറിഞ്ഞതിന് ശേഷം ഒരാൾ അതനുസരിച്ച് പ്രവർത്തിക്കുകയായിരുന്നെങ്കിൽ ഖദ്റാണ് അവനെ വഴിതെറ്റിച്ചത് എന്നു പറയാമായിരുന്നു; എന്നിരിക്കെ തന്റെ ചെയ്തികൾക്കുള്ള ന്യായം അല്ലാഹുവിൻ്റെ വിധിയാണെന്ന് എങ്ങനെ ഒരാൾക്ക് പറയാൻ സാധിക്കും? എപ്രകാരമാണ് വിധിക്കപ്പെട്ടിട്ടുള്ളത് എന്ന് അവന് വ്യക്തമായി അറിയാത്ത ഒരു കാര്യം എങ്ങനെയാണ് അവൻ തൻ്റെ ന്യായമായി എടുത്തു പറയുക?!
ആറാമതായി: മനുഷ്യൻ അവൻ്റെ ഭൗതികമായ കാര്യങ്ങളിൽ തനിക്കിഷ്ടമുള്ളത് നേടിയെടുക്കാൻ അതീവതാത്പര്യത്തോടെ പ്രയത്നിക്കുന്നത് നാം കാണുന്നു. അത് കിട്ടുന്നത് വരെ അവൻ പണിയെടുക്കുന്നു. ഇഷ്ടമുള്ളത് വിട്ട് ഇഷ്ടമില്ലാത്തതിന്റെ പിന്നാലെ അവൻ പോകുന്നില്ല. ഇക്കാര്യത്തിൽ ആരും അല്ലാഹുവിൻ്റെ വിധി കൊണ്ട് ന്യായം പറയാറില്ല. ഉപകാരമുള്ള കാര്യം ഉപേക്ഷിക്കുകയോ ഉപദ്രവകരമായത് പ്രവർത്തിക്കുകയോ ചെയ്തുകൊണ്ട് അതെല്ലാം വിധിയാണെന്ന് പറയാത്ത ഒരാൾക്ക് മതപരമായ കാര്യത്തിൽ മാത്രം എങ്ങനെ ഈ ന്യായം പറയാൻ സാധിക്കും?!
വിഷയം വ്യക്തമാകാൻ ഒരു ഉദാഹരണം കാണുക:
ഒരാൾക്ക് മുന്നിൽ രണ്ട് വഴികളുണ്ട്. ഒന്ന്: തീർത്തും കലാപകലുഷിതമായ ഒരു നാട്ടിലേക്കുള്ള മാർഗമാണ്. കൊലപാതകങ്ങളും കവർച്ചയും അഭിമാനക്ഷതങ്ങളും ഭയപ്പാടുകളും പട്ടിണിയുമെല്ലാം നിറഞ്ഞ ഒരു രാജ്യം. രണ്ട്: സമാധാനവും സുഭിക്ഷതയും നിറഞ്ഞ വ്യവസ്ഥാപിതമായ ഒരു നാട്ടിലേക്കുള്ള മാർഗമാണ്. രക്തവും സമ്പത്തും അഭിമാനവുമെല്ലാം ആ രാജ്യത്ത് സുരക്ഷിതമാണ്. ഏത് വഴിയായിരിക്കും അയാൾ സ്വീകരിക്കുക?
നിർഭയത്വം നിറഞ്ഞ വ്യവസ്ഥാപിതമായ നാട്ടിലേക്കുള്ള രണ്ടാമത്തെ മാർഗം മാത്രമെ അയാൾ സ്വീകരിക്കുകയുള്ളൂ. വിധിയാണെന്ന ന്യായം പറഞ്ഞുകൊണ്ട് കലാപങ്ങളുടെയും ഭയപ്പാടിന്റെയും നാട്ടിലേക്ക് ബുദ്ധിയുള്ള ഒരാളും പോവുകയില്ല. എന്നിരിക്കെ, പരലോകത്തിന്റെ കാര്യം വരുമ്പോൾ മാത്രം അത് വിധിയാണെന്ന ന്യായം പറഞ്ഞുകൊണ്ട് സ്വർഗവഴി ഉപേക്ഷിച്ച് നരകത്തിലേക്കുള്ള മാർഗം എങ്ങനെയാണ് ഒരാൾ സ്വീകരിക്കുക?!
മറ്റൊരു ഉദാഹരണം കാണുക: രോഗികൾ അവർക്കിഷ്ടമില്ലാഞ്ഞിട്ടു കൂടി കയ്‌പേറിയ മരുന്നുകൾ കഴിക്കുന്നത് കാണാം. അവർക്കിഷ്ടമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ പലതും ഉപേക്ഷിക്കുന്നതും കാണാം. രോഗം ഭേദപ്പെടണമെന്നും ആരോഗ്യം നഷ്ടമാകരുതെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്! രോഗം എൻ്റെ വിധിയാണെന്ന് പറഞ്ഞ് മരുന്ന് ഉപേക്ഷിക്കാനോ ഉപദ്രവകരമായ ഭക്ഷണങ്ങൾ കഴിക്കാനോ അവൻ ഒരിക്കലും മുതിരുന്നില്ല. പിന്നെന്തുകൊണ്ടാണ് മനുഷ്യൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും കൽപനകളും വിലക്കുകളും ഉപേക്ഷിക്കുകയും അതെല്ലാം അല്ലാഹു വിധിച്ചതിൻ്റെ പേരിൽ സംഭവിച്ചതാണെന്ന് ന്യായം പറയുകയും ചെയ്യുന്നത്?
ഏഴാമതായി: ഇങ്ങനെ വാജിബുകൾ ഉപേക്ഷിക്കാനും ഹറാമുകൾ പ്രവർത്തിക്കാനും ഖദറിന്റെ ന്യായം പറയുന്നവരെ ആരെങ്കിലും ഉപദ്രവിച്ചുവെന്ന് സങ്കൽപിക്കുക. അവരുടെ സമ്പത്ത് കവർന്നെടുക്കുകയോ അഭിമാനം വ്രണപ്പെടുത്തുകയോ മറ്റെന്തെകിലും പവിത്രതകൾ ലംഘിക്കുകയോ ചെയ്ത ശേഷം അതിക്രമി 'ഇതൊക്കെ അല്ലാഹുവിന്റെ വിധിയാണ്. അതുകൊണ്ട് ഇതിനൊന്നും എന്നെ ആക്ഷേപിക്കരുത്' എന്നു പറഞ്ഞാൽ അയാൾ ഈ ന്യായം സ്വീകരിക്കുകയില്ല. മറ്റുള്ളവർ അവനോട് അതിക്രമം പ്രവർത്തിക്കുകയും അതിന് ഖദറിനെ കൂട്ടുപിടിക്കുകയും ചെയ്‌താൽ അവനത് സ്വീകരിക്കുന്നില്ല എങ്കിൽ, അല്ലാഹുവിനോടുള്ള ബാധ്യതകളിൽ അതിക്രമം പ്രവർത്തിക്കുന്നതിന് ഖദറിനെ കൂട്ടുപിടിക്കാൻ എങ്ങനെയാണ് അവന് സാധിക്കുക?!
ഉമർ ബ്നുൽ ഖത്താൻ (رَضِيَ اللَّهُ عنهُ) വിൻ്റെ കാലത്ത് നടന്നതായി പറയപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്: ഒരു മോഷ്ടാവിനെ അദ്ദേഹത്തിൻ്റെ അടുത്ത് കൊണ്ടുവരപ്പെടുകയും, അയാളുടെ കൈഛേദിക്കാൻ ഉമർ (رَضِيَ اللَّهُ عنهُ) ഉത്തരവിടുകയും ചെയ്തപ്പോൾ ഈ മോഷ്ടാവ് പറഞ്ഞു: 'അമീറുൽ മുഅ്മിനീൻ! അരുത്! അല്ലാഹുവിന്റെ വിധി കൊണ്ട് മാത്രമാണ് ഞാൻ മോഷ്ടിച്ചത്.' അപ്പോൾ ഉമർ അയാളോട് പറഞ്ഞു: 'ഞങ്ങൾ നിൻ്റെ കൈ ഛേദിക്കുന്നതും അല്ലാഹുവിന്റെ വിധികൊണ്ട് തന്നെയാണ്.'
ഖദറിലുള്ള വിശ്വാസം മുഖേന ലഭിക്കുന്ന ധാരാളം പ്രയോജനങ്ങളും ഗുണപാഠങ്ങളുമുണ്ട്. അവയിൽ ചിലത് കാണുക:
ഒന്ന്: ഏത് ലക്ഷ്യത്തിനു വേണ്ടിയുള്ള കാരണങ്ങൾ പ്രവർത്തിക്കുമ്പോഴും അല്ലാഹുവിനെ അവലംബിക്കുക. അല്ലാതെ കേവലം ഭൗതികമായ കാരണങ്ങളിൽ അല്ല അവലംബമർപ്പിക്കേണ്ടത്. കാരണം, എല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ച് മാത്രമേ സംഭവിക്കുകയുള്ളൂ.
രണ്ട്: ലക്ഷ്യങ്ങൾ നിറവേറുമ്പോൾ സ്വന്തത്തെക്കുറിച്ച് താൻ കേമനാണെന്ന ചിന്ത ഉണ്ടാകാതിരിക്കുക. കാരണം, ലക്ഷ്യങ്ങൾ നിറവേറുകയെന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാണ് നന്മയുടെയും വിജയത്തിന്റെയും വഴികൾ ഒരുക്കിത്തന്നത്. അവനവന്റെ സാമർഥ്യത്തിൽ മതിമറന്നാൽ അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാൻ മറന്നുപോകും.
മൂന്ന്: തന്റെ എല്ലാകാര്യങ്ങളിലും അല്ലാഹുവിന്റെ വിധി പ്രകാരം മാത്രമേ എന്തും സംഭവിക്കുകയുള്ളൂ എന്ന് ഒരാൾ വിശ്വസിക്കുന്നതിലൂടെ അവന് മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കും. പ്രിയങ്കരമായവ വല്ലതും നഷ്ടപ്പെട്ടാലോ അനിഷ്ടകരമായത് സംഭവിച്ചാലോ ഖദറിൽ വിശ്വസിക്കുന്നവൻ വെപ്രാളപ്പെടുകയില്ല. കാരണം അതെല്ലാം ആകാശഭൂമികളുടെ ഉടമസ്ഥനായ അല്ലാഹുവിന്റെ വിധിയാൽ സംഭവിച്ചതാണ്. അത് സംഭവിക്കാതെ യാതൊരു തരവുമില്ല. അല്ലാഹു അതേക്കുറിച്ച് പറഞ്ഞത് കാണുക:
﴿مَآ أَصَابَ مِن مُّصِيبَةٖ فِي ٱلۡأَرۡضِ وَلَا فِيٓ أَنفُسِكُمۡ إِلَّا فِي كِتَٰبٖ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 22 لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمۡۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٍ 23﴾
"ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. നിങ്ങളെ വിട്ടുപോയതിനെക്കുറിച്ച് ദുഃഖിക്കാതിരിക്കാനും അല്ലാഹു നിങ്ങൾക്ക് നല്‍കിയതിൻ്റെ പേരിൽ അമിതമായി ആഹ്ലാദിക്കാതിരിക്കാനും വേണ്ടി. അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല." (ഹദീദ്: 22-23) നബി -ﷺ- പറയുന്നു:
«عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ».
"മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."22.
ഖദറിന്റെ വിഷയത്തിൽ വഴിപിഴച്ച രണ്ടു കക്ഷികളുണ്ട്:
ഒന്ന്: ജബരിയ്യത്ത് എന്നറിയപ്പെടുന്ന കക്ഷിയാണ്. ഇവർ പറഞ്ഞു: മനുഷ്യൻ അവന്റെ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കപ്പെടുന്നവനാണ്. അവന് അതിൽ സ്വന്തമായ എന്തെങ്കിലും തീരുമാനമോ ശേഷിയോ ഇല്ലതന്നെ!
രണ്ട്: ഖദരിയ്യത് എന്നറിയപ്പെടുന്ന കക്ഷി. മനുഷ്യൻ തീർത്തും സ്വതന്ത്രമായ ഉദ്ദേശവും ശേഷിയും ഉള്ളവനാണ് എന്നും, അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനോ ശക്തിക്കോ അതിൽ യാതൊരു സ്വാധീനവുമില്ല എന്നുമാണ് ഇവരുടെ വാദം.
ജബരിയ്യഃ വിഭാഗത്തിനുള്ള മറുപടി പ്രമാണങ്ങളിലും അനുഭവയാഥാർത്ഥ്യങ്ങളിലുമുണ്ട്.
പ്രമാണങ്ങളിലുള്ള മറുപടിയിൽ പെട്ടതാണ്: അല്ലാഹു മനുഷ്യന് അവന്റേതായ ഉദ്ദേശ്യവും തീരുമാനവും ഉണ്ടെന്ന് സ്ഥിരീകരിക്കുകയും പ്രവർത്തനങ്ങളെ മനുഷ്യനിലേക്ക് ചേർത്തിപ്പറയുകയും ചെയ്തിരിക്കുന്നു എന്നത്. അല്ലാഹു പറയുന്നു:
﴿...مِنكُم مَّن يُرِيدُ ٱلدُّنۡيَا وَمِنكُم مَّن يُرِيدُ ٱلۡأٓخِرَةَۚ...﴾
"നിങ്ങളില്‍ ഇഹലോകത്തെ ഉദ്ദേശിക്കുന്നവരുണ്ട്; പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്." (ആലു ഇംറാൻ: 152) അല്ലാഹു പറയുന്നു:
﴿وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ...﴾
"പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഉദ്ദേശിക്കുന്നവര്‍ വിശ്വസിക്കട്ടെ. ഉദ്ദേശിക്കുന്നവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു." (കഹ്ഫ്: 29) അല്ലാഹു പറയുന്നു:
﴿مَّنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۗ وَمَا رَبُّكَ بِظَلَّٰمٖ لِّلۡعَبِيدِ46﴾
"വല്ലവനും നല്ലത് പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്‍മ ചെയ്താല്‍ അതിന്‍റെ ദോഷവും അവന് തന്നെ. നിന്‍റെ രക്ഷിതാവ് (തന്‍റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല." (ഫുസ്സ്വിലത്: 46)
അനുഭവയാഥാർഥ്യങ്ങൾ തെളിവാണെന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം ഇതാണ്: മനുഷ്യൻ താനുദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളെയും തന്റെ ഉദ്ദേശമില്ലാതെ സംഭവിക്കുന്ന പ്രവർത്തനങ്ങളെയും തമ്മിൽ വ്യക്തമായി വേർതിരിക്കുന്നു. അവൻ അന്നപാനീയങ്ങൾ കഴിക്കുന്നതും വാങ്ങുന്നതും വിൽക്കുന്നതുമൊക്കെ തൻ്റെ ഉദ്ദേശ്യമനുസരിച്ചാണ്. എന്നാൽ പനി പിടിച്ച് വിറക്കുന്നതും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്നതുമൊക്കെ അവൻ്റെ ഉദ്ദേശമോ തീരുമാനമോ ഇല്ലാതെയാണ്.
പിഴച്ച കക്ഷികളിൽ പെട്ട ഖദരിയ്യത്തിനുള്ള മറുപടിയും പ്രമാണങ്ങളാലും ബുദ്ധിയാലും നൽകാൻ കഴിയും:
പ്രാമാണികമായ തെളിവുകളിൽ പെട്ടതാണ്: അല്ലാഹുവാണ് സകലതിന്റെയും സ്രഷ്ടാവ് എന്നും, എല്ലാം സംഭവിച്ചിട്ടുള്ളത് അവൻ്റെ ഉദ്ദേശ്യമനുസരിച്ച് മാത്രമാണ് എന്നും, അടിമകളുടെ പ്രവർത്തനങ്ങൾ സംഭവിക്കുന്നതും അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ് എന്നുമുള്ള കാര്യം അല്ലാഹു വ്യക്തമായി വിവരിച്ചിട്ടുണ്ട് എന്നത്. അല്ലാഹു പറയുന്നു:
﴿...وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلَ ٱلَّذِينَ مِنۢ بَعۡدِهِم مِّنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ وَلَٰكِنِ ٱخۡتَلَفُواْ فَمِنۡهُم مَّنۡ ءَامَنَ وَمِنۡهُم مَّن كَفَرَۚ وَلَوۡ شَآءَ ٱللَّهُ مَا ٱقۡتَتَلُواْ وَلَٰكِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ﴾
"അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ (ദൂതന്‍മാരുടെ) പിന്‍ഗാമികള്‍ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും (അന്യോന്യം) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ വിശ്വസിച്ചവരും നിഷേധിച്ചവരുമുണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു." (ബഖറ: 253) അല്ലാഹു പറയുന്നു:
﴿وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ 13﴾
"നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ 'ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും' എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു." (സജ്ദ: 13)
ബുദ്ധിപരമായ തെളിവിൻ്റെ രൂപം ഇപ്രകാരമാണ്: പ്രപഞ്ചമൊന്നാകെ അല്ലാഹുവിന്റെ സാമ്രാജ്യമാണ്. മനുഷ്യൻ ആ പ്രപഞ്ചത്തിന്റെ ഭാഗമാണ്. അവൻ അല്ലാഹുവിന്റെ അടിമയാണ്. അടിമക്ക് ഉടമസ്ഥന്റെ സാമ്രാജ്യത്തിൽ അവൻ്റെ അനുമതിയും ഉദ്ദേശ്യവും കൂടാതെ യാതൊന്നും ചെയ്യുക സാധ്യമല്ല.
ഇസ്‌ലാമിക വിശ്വാസത്തിന്റെ ലക്ഷ്യങ്ങൾ
എന്തൊക്കെയാണ് ഒരു കാര്യം മുഖേന ഉദ്ദേശിക്കപ്പെടുന്നത് എന്നതാണ് ലക്ഷ്യം എന്ന പദം മുഖേന ഉദ്ദേശിക്കപ്പെടുന്നത്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ ലക്ഷ്യങ്ങൾ എന്നാൽ അതിന്റെ ഉന്നതമായ ഉദ്ദേശ്യങ്ങളാണ്. അവ മുറുകെപ്പിടിച്ചാൽ ലഭിക്കുന്ന ശ്രേഷ്ഠമായ ഫലങ്ങളാണ്. അവ ഒട്ടനേകമുണ്ട്. അതിൽ ചിലത് കാണുക:
ഒന്ന്: നിയ്യത്തും (ഉദ്ദേശ്യം) ഇബാദത്തും (ആരാധന) കളങ്കരഹിതമായി അല്ലാഹുവിന് മാത്രമാക്കുക. കാരണം അവനാണ് സ്രഷ്ടാവ്. അവന് യാതൊരു പങ്കുകാരുമില്ല. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. അവന്റെ പ്രീതി മാത്രമേ ലക്ഷ്യമാക്കാവൂ.
രണ്ട്: ഹൃദയത്തിൽ യഥാർത്ഥ വിശ്വാസമില്ലെങ്കിൽ ബുദ്ധിയും ചിന്തയും ചെന്നുപതിക്കുന്ന കലുഷിതമായ അവസ്ഥയിൽ നിന്ന് അവയെ മോചിപ്പിക്കുക. കാരണം ശരിയായ വിശ്വാസമില്ലാത്ത ഹൃദയം ഒന്നുകിൽ ഒരു വിശ്വാസവും പിൻപറ്റാതെ കേവല ഭൗതികതയുടെ അടിമയായിത്തീരും. അല്ലെങ്കിൽ പിഴച്ച വിശ്വാസങ്ങളിലും കെട്ടുകഥകളിലും അഭിരമിക്കുന്ന അവസ്ഥയിലെത്തിച്ചേരും.
മൂന്ന്: മനസ്സിനും ചിന്തക്കും ആശ്വാസം പകരുക; ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച ഒരു മനുഷ്യൻ്റെ മനസ്സിൽ പിന്നെ വേവലാതികളോ പരിഭ്രാന്തികളോ ഇല്ല. കാരണം ഇസ്‌ലാമിക വിശ്വാസം മനുഷ്യനെ അവൻ്റെ റബ്ബുമായി ബന്ധിപ്പിക്കുന്നു. രക്ഷിതാവും നിയന്താവും വിധികർത്താവും നിയമനിർമാതാവുമായി അല്ലാഹുവിനെ അവൻ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ വിധിയിൽ അവൻ ശാന്തിയടയുന്നു. അവന്റെ ഹൃദയം ഇസ്‌ലാം ഉൾക്കൊള്ളാൻ വിശാലമായിരിക്കുന്നു. അതല്ലാത്ത മറ്റൊന്ന് അവൻ തേടിപ്പോവുകയേയില്ല.
നാല്: അല്ലാഹുവിനെ ആരാധിക്കുന്ന വിഷയത്തിലും സഹജീവികളുമായി ഇടപെടുന്ന വിഷയത്തിലും അവൻ്റെ ലക്ഷ്യമോ മാർഗമോ തെറ്റിപ്പോവുകയില്ല. കാരണം, റസൂലുകളിലുള്ള വിശ്വാസം ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറകളിലൊന്നാണ്. അവരുടെ മാർഗം പിൻപറ്റിയവന്റെ ലക്ഷ്യമോ മാർഗമോ ഒരിക്കലും പിഴക്കുകയില്ല.
അഞ്ച്: നിശ്ചയ ധാർഢ്യവും തികഞ്ഞ പ്രയത്നവും. ഒരു സൽപ്രവർത്തനം ചെയ്യാനുള്ള ഒരു അവസരവും മുഅ്മിനുകൾ പാഴാക്കിക്കളയുകയില്ല. കാരണം അല്ലാഹുവിന്റെ പ്രതിഫലം അവർ പ്രതീക്ഷിക്കുന്നു. തിന്മയുടെ വഴികൾ കണ്ടാൽ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ട് അവർ അതിൽ നിന്ന് ബഹുദൂരം മാറിപ്പോവാതിരിക്കുകയില്ല. കാരണം, ഈ വിശ്വാസസംഹിതയുടെ അടിത്തറകളിലൊന്ന് അന്ത്യനാളിലുള്ള വിശ്വാസമാണ്. പരലോകത്തിലും അവിടെ ലഭിക്കുന്ന രക്ഷാശിക്ഷകളിലും മുസ്‌ലിംകൾ അടിയുറച്ച് വിശ്വസിക്കുന്നു.
അല്ലാഹു പറയുന്നു:
﴿وَلِكُلّٖ دَرَجَٰتٞ مِّمَّا عَمِلُواْۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا يَعۡمَلُونَ 132﴾
"ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല." (അൻആം:132) നബി(ﷺ) ഈ ലക്ഷ്യത്തിന് ഏറെ പ്രോൽസാഹനം നൽകിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
«الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ، احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللَّهِ، وَلَا تَعْجِزْ، وَإِنْ أَصَابَكَ شَيْءٌ فَلَا تَقُلْ: لَوْ أَنِّي فَعَلْتُ كَذَا كَانَ كَذَا وَكَذَا، وَلَكِنْ قُلْ: قَدَّرَ اللَّهُ وَمَا شَاءَ فَعَلَ؛ فَإِنَّ (لَوْ) تَفْتَحُ عَمَلَ الشَّيْطَانِ».
"ശക്തനായ വിശ്വാസിയാണ് ദുർബലനായ വിശ്വാസിയേക്കാൾ ശ്രേഷ്ഠനും അല്ലാഹുവിന് പ്രിയപ്പെട്ടവനും. (വിശ്വാസികളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ നീ താത്പര്യം കാണിക്കുക; അല്ലാഹുവിനോട് സഹായം തേടുക; കഴിവുകെട്ടവനാകരുത്. നിനക്ക് വല്ലതും ബാധിച്ചാൽ 'ഞാൻ ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെ ഇങ്ങനെ ആയേനേ' എന്ന് നീ പറയരുത്; മറിച്ച്, 'അല്ലാഹുവിന്റെ വിധി; അവൻ ഉദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു' എന്നു പറയുക. കാരണം 'ഇങ്ങനെയായിരുന്നെങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."23
ആറ്: ദീൻ ഉറപ്പിക്കുന്നതിനും അതിൻ്റെ അടിത്തറകൾ ഭദ്രമാക്കുന്നതിനുമായി എല്ലാ വിധത്തിലും അധ്വാനിക്കുന്നവരും ആ വഴിയിൽ ബാധിക്കുന്ന പ്രയാസങ്ങളെ തൃണവൽഗണിക്കുന്നവരുമായ ശക്തമായ ഒരു ഉമ്മത്തിനെ രൂപപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:
﴿إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ 15﴾
"അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പോരാട്ടം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍." (ഹുജുറാത്: 15)
ഏഴ്: വ്യക്തികളും സമൂഹങ്ങളും നന്മകളിലേക്ക് പരിവർത്തിക്കപ്പെട്ടുകൊണ്ട് ഇഹപര സൗഭാഗ്യം നേടിയെടുക്കുക. അങ്ങനെ ഉന്നതമായ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും കരസ്ഥമാക്കുക. അല്ലാഹു അക്കാര്യം വിവരിക്കുന്നത് നോക്കൂ:
﴿مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ 97﴾
"ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും." (നഹ്ൽ: 97)
ഇസ്‌ലാമിക വിശ്വാസത്തിന്റെ ലക്ഷ്യങ്ങളിൽ ചിലതാണ് ഇവിടെ നാം വിവരിച്ചത്. അല്ലാഹു നമുക്കും എല്ലാ മുസ്‌ലിംകൾക്കും അവ പൂർത്തീകരിച്ചുനൽകുമാറാകട്ടെ. അവൻ അത്യുദാരനാകുന്നു. സർവലോകരക്ഷിതാവായ അല്ലാഹുവിനാകുന്നത് എല്ലാ സ്തുതികളും.
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
ഈ ഗ്രന്ഥം ഇവിടെ പൂർത്തിയാകുന്നു.
മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ
***
ഉള്ളടക്കം
ആമുഖം 2
ഇസ്ലാം മതം 4
അർകാനുൽ ഇസ്ലാം 13
ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറകൾ 19
അല്ലാഹുവിലുള്ള വിശ്വാസം 21
മലക്കുകളിലുള്ള വിശ്വാസം 51
അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം 61
റസൂലുകളിലുള്ള വിശ്വാസം 64
അന്ത്യനാളിലുള്ള വിശ്വാസം 77
ഖദറിലുള്ള വിശ്വാസം 111
ഇസ്ലാമിക വിശ്വാസത്തിന്റെ ലക്ഷ്യങ്ങൾ 132
***
ബുഖാരി: 8, മുസ്‌ലിം: 16.
മുസ്‌ലിം: 8, അബൂദാവൂദ് : 4695.
ബുഖാരി: 1292, മുസ്‌ലിം: 2658
ബുഖാരി: 4854.
ബുഖാരി: 891.
ബുഖാരി: 891, മുസ്‌ലിം: 897.
മുസ്‌ലിം: 8.
ബുഖാരി: 3037, മുസ്‌ലിം: 2637.
ബുഖാരി: 887, മുസ്‌ലിം: 850.
ബുഖാരി: 7410, മുസ്‌ലിം: 193.
ബുഖാരി: 392, മുസ്‌ലിം: 572.
മുസ്‌ലിം: 2859.
ബുഖാരി: 2309, മുസ്‌ലിം: 2768.
മുസ്‌ലിം: 131.
ബുഖാരി: 4501, മുസ്‌ലിം: 2824.
മുസ്‌ലിം: 2867.
അബൂദാവൂദ്: 4753, അഹ്മദ്: 18534,
ബുഖാരി: 215.
മുസ്‌ലിം: 2653.
ബുഖാരി: 6605, മുസ്‌ലിം: 2647.
മുസ്ലിം: 2999
മുസ്ലിം: 2664.
മുസ്‌ലിം: 153.