PHPWord

 

رِسَالَةٌ

فِي الدِّمَاءِ الطَّبِيعِيَّةِ لِلنِّسَاءِ

 

ഋതുമതിയാകുമ്പോൾ

 

بِقَلَمِ فَضِيلَةِ الشَّيْخِ العَلَّامَةِ

مُحَمَّدِ بْنِ صَالِحٍ العُثَيْمِينِ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِلمُسْلِمِينَ

 

ഗ്രന്ഥകാരൻ: ബഹുമാന്യ പണ്ഡിതൻ:

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് ഉസൈമീൻ

അദ്ദേഹത്തിനും അദ്ദേഹത്തിൻറെ മാതാപിതാക്കൾക്കും മുഴുവൻ മുസ്ലിങ്ങൾക്കും അല്ലാഹു പൊറുത്തു നൽകുമാറാകട്ടെ

 

بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ഋതുമതിയാകുമ്പോൾ

പരമകാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻറെ നാമത്തിൽ

ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ സ്തുതിയും, നാം അവനെ വാഴ്ത്തുന്നു, അവനോട് സഹായം തേടുന്നു, അവനോട് പാപമോചനം തേടുന്നു, അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു. നമ്മുടെ നഫ്സിന്റെ തിന്മകളിൽ നിന്നും നമ്മുടെ മോശം പ്രവൃത്തികളിൽ നിന്നും നാം അല്ലാഹുവിനോട് അഭയം തേടുന്നു. ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലാക്കിയാൽ അവനെ വഴികേടിലാക്കുന്ന ആരുമില്ല. ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിക്ക് നയിക്കാനും ആരുമില്ല. അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാകുന്നു എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു, തീർച്ചയായും മുഹമ്മദ് () അല്ലാഹുവിൻറെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു നബിയിലും അവിടുത്തെ അനുചരന്മാരിലും ലോകാവസാനം വരെ നബിയെ പിൻപറ്റിയവരിലും അല്ലാഹു സമാധാനവും അനുഗ്രഹവും നല്കുമാറാകട്ടെ.

സ്ത്രീകളിൽ പ്രത്യേകമായി കാണപ്പെടുന്ന രക്ത സാന്നിധ്യം മൂന്നു വിധമാണ്. 1. ആർത്തവം. 2. രക്തസ്രാവം 3) പ്രസവരക്തം. ഇവയുമായി ബന്ധപ്പെട്ട മതവിധികൾ ഗ്രഹിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. പണ്ഡിതൻമാർ രേഖപ്പെടുത്തിയ ഭിന്നാഭിപ്രായങ്ങളിൽ തെറ്റും ശരിയും വേർതിരിച്ചു നാം മനസ്സിലാക്കേണ്ടതുണ്ട്. വിഷയത്തിൽ പ്രബലമായ അഭിപ്രായവും ദുർബലമായ അഭിപ്രായവും തമ്മിൽ വേർതിരിക്കുന്ന വിഷയത്തിൽ അവലംബമാക്കേണ്ടതാകട്ടെ; ഖുർആനും സുന്നത്തുമാണ്.

കാരണം. 1) അല്ലാഹുവിന്റെ വിധി വിലക്കുകളുടെ അടിസ്ഥാന സ്രോതസുകൾ അവ രണ്ടുമാണ്. അവയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് മനുഷ്യൻ അല്ലാഹുവെ ആരാധിക്കേണ്ടത്. അങ്ങനെ ചെയ്യാനാണ് അവൻ കൽപിക്കപ്പെട്ടത്.

2) ഖുർആനും സുന്നത്തും അവലംബിക്കുമ്പോഴാണ് മനസിന് ആശ്വാസം ലഭിക്കുക. തുറന്ന ഹൃദയവും നല്ല മനസും അതിലൂടെയാണ് കിട്ടുക. മനുഷ്യന് തന്റെ ബാധ്യത നിറവേറ്റുകയും കുറ്റത്തിൽ നിന്ന് ഒഴിവാകുകയും ചെയ്യാൻ അത് കൂടിയേ തീരൂ.

ഖുർആനും സുന്നത്തുമാണ് തെളിവുകൾ. അത് രണ്ടുമല്ലാത്ത മറ്റൊന്നും തെളിവല്ല. മറിച്ച് അതിനൊക്കെയും ഖുർആനിന്റെയും സുന്നത്തിന്റെയും തെളിവ് ആവശ്യമാണ്.

കാരണം, അല്ലാഹുവിന്റെ വചനവും റസൂലിന്റെ ചര്യയുമല്ലാത്ത മറ്റൊന്നും മതത്തിൽ പ്രമാണങ്ങളല്ല. അതുപോലെ സ്വഹാബത്തിലെ ഉലമാക്കളുടെ വാക്കുകൾ ദീനിൽ തെളിവാണ് എന്നതാണ് ശരിയായ അഭിപ്രായംപക്ഷെ അതിന് നിബന്ധനകളുണ്ട്. 1) അത് ഖുർആനിനും സുന്നത്തിനും എതിരാകരുത്. 2) മറ്റൊരു സ്വഹാബി ഏതിരഭിപ്രായം പ്രകടിപ്പിക്കരുത്. ഖുർആനിലും സുന്നത്തിലും ഉള്ളതിനോട് എതിരാണ് സ്വഹാബിയുടെ വാക്കെങ്കിൽ ഖുർആനിലും സുന്നത്തിലും ഉള്ളതാണ് സ്വീകരിക്കേണ്ടത്. മറ്റൊരു സ്വഹാബി വിയോജിപ്പ് പ്രകടിപ്പിച്ചാലാകട്ടെ രണ്ടാഭിപ്രായങ്ങളിൽ ഖുർആനിനോടും സുന്നത്തിനോടും കൂടുതൽ യോജിക്കുന്നത് മാത്രം സ്വീകരിക്കപ്പെടും; അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿...فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا﴾

"ഇനി വല്ല കാര്യത്തിലും നിങ്ങള്ക്കിടയില്ഭിന്നിപ്പുണ്ടാകുകയാണെങ്കില്നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്നല്ല പര്യവസാനമുള്ളതും." [നിസാഅ്: 59]

സ്ത്രീകളുടെ വിവിധ രക്ത സാന്നിധ്യവും അതിന്റെ വിധിവിലക്കുകളും വിശദീകരിക്കുന്ന ഒരു ലഘുപുസ്തകമാണിത്. അതിൽ ഇനിപ്പറയുന്ന അധ്യായങ്ങൾ ഉൾപ്പെടുന്നു.

1. ഹൈളിന്റെ അർത്ഥവും ഹിക്മത്തും.

2. ആർത്തവ പ്രായവും കാലയളവും

3. ആർത്തവത്തിന്റെ അവസ്ഥാഭേദങ്ങൾ

4. ആർത്തവസംബന്ധമായ വിധി വിലക്കുകൾ

5. ഇസ്തിഹാദത്തും വിധികളും

6. നിഫാസും വിധിവിലക്കുകളും

7. ആർത്തവ ചക്രത്തിൽ കൃത്രിമമായി മാറ്റമുണ്ടാക്കാമോ? ഗർഭധാരണം തടയാൻ പാടുണ്ടോ? ഗർഭം അലസിപ്പിക്കാമോ?

അധ്യായം ഒന്ന്: ആർത്തവത്തിൻ്റെ അർത്ഥവും ഹിക്മത്തും

'ഹയ്ദ്' എന്ന അറബി പദത്തിന്റെ മലയാള വിവർത്തനമാണ് ആർത്തവം. ഒഴുകുക എന്നത്രെ 'ഹയ്ദ്'ന്റെ ഭാഷാർത്ഥം.

പ്രകൃതി താൽപര്യമെന്നോണം പ്രത്യേകിച്ചൊരു കാരണവും കൂടാതെ സമയബന്ധിതമായി സ്ത്രീകളിൽ കാണപ്പെടുന്ന സ്വാഭാവിക രക്ത സാന്നിദ്ധ്യമെന്നാണ് അതിന്റെ മതപരമായ വിവക്ഷ. അതിനാൽ രോഗം മൂലമോ മുറിവിനാലോ, ഗർഭഛിദ്രം വഴിയോ, പ്രസവം നിമിത്തമോ ഉണ്ടാകുന്ന രക്തസാന്നിധ്യം ഇതിൽ പെടുകയില്ല. സ്വാഭാവികമായ രക്തസാന്നിദ്ധ്യമായതുകൊണ്ട് സ്ത്രീയുടെ ശരീരപ്രകൃതി, ജീവിത മേഖല, പരിതസ്ഥിതി എന്നിവക്കനുസരിച്ച് ആർത്തവത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാകും

മറ്റുള്ളവരെപ്പോലെ പോഷക ദ്രവ്യങ്ങൾ സ്വീകരിക്കാൻ ഗർഭാശയത്തിലുള്ള കുഞ്ഞിന് നിവൃത്തിയില്ല. അതെത്തിച്ചു കൊടുക്കാൻ മാതാവിനും കഴിയില്ല. അതിനാൽ അല്ലാഹു മാതാവിന്റെ ഗർഭാശയത്തിൽ പ്രത്യേക രീതിയിൽ രക്തപാളികളൊരുക്കുകയും, ശിശുവിന്റെ പോഷണത്തിനാവശ്യമായ ദ്രവ്യങ്ങൾ പൊക്കിൾക്കൊടി വഴി കുഞ്ഞിന്റെ ധമനികളിൽ എത്തിക്കുകയും ചെയ്യുന്നു. അതിനാൽ തിന്നുക, ദഹിക്കുക എന്ന പ്രശ്നമുദിക്കുന്നില്ല. ഇതത്രെ ആർത്തവത്തിലെ യുക്തി - ഏറ്റവും നല്ല ഘടന നല്കുന്നവനായ അല്ലാഹു അനുഗ്രഹപൂർണനത്രെ.

ഇതാണ് ആർത്തവത്തിനു പിന്നിലെ ഹിക്മത്. അതിനാൽ ഗർഭിണിയാകുന്നതോടെ സാധാരണ ഗതിയിൽ ആർത്തവം നിലക്കുന്നു. വിരളമായി മാത്രമെ ഇതിന് അപവാദമുണ്ടാകാറുള്ളൂ. അതുപോലെ മുലയൂട്ടുന്ന മാതാക്കളിലും പ്രത്യേകിച്ച് ആദ്യനാളുകളിൽ ആർത്തവ സാന്നിധ്യം കുറയാറുണ്ട്

 

അധ്യായം രണ്ട്. ആർത്തവ പ്രായവും അതിന്റെ കാലയളവും.

അധ്യായത്തിൽ രണ്ട് വിഷയങ്ങളുണ്ട്.

ഒന്ന്: ആർത്തവം വരുന്ന പ്രായം.

രണ്ട്: ആർത്തവത്തിന്റെ കാലയളവ്.

പന്ത്രണ്ട് വയസ്സിന്റെയും അൻപത് വയസ്സിന്റെയും ഇടയിലുള്ള കാലമാണ് സാധാരണ ഗതിയിൽ സ്ത്രീയുടെ ആർത്തവകാലം. അവളുടെ ശരീര പ്രകൃതി, ജീവിത മേഖല, പരിതസ്ഥിതി എന്നിവക്കനുസരിച്ച് പന്ത്രണ്ട് വയസ്സിന് മുമ്പും അൻപത് വയസ്സിന് ശേഷവും ആർത്തവം ഉണ്ടായിക്കുടെന്നില്ല.

ഒരു നിശ്ചിത പ്രായം മുതൽ മറ്റൊരു പ്രായം വരെ എന്ന് നിർണ്ണയിക്കാവുന്ന വല്ല പരിധിയും ആർത്തവത്തിനുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ പ്രായത്തിന് മുമ്പോ പിമ്പോ കാണപ്പെടുന്ന രക്തസാന്നിധ്യം ഏതിനത്തിൽ പെടും? അതൊരു വെറും രക്തമാണോ?

പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള വിഷയമാണിത്. എന്നാൽ എല്ലാ പണ്ഡിതാഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം ഇമാം ദാരിമി(رحمه الله) രേഖപ്പെടുത്തിയതിങ്ങനെയാണ്. അഭിപ്രായങ്ങളെല്ലാം തെറ്റാണ്. രക്ത സാന്നിദ്ധ്യമുണ്ടോ ഇല്ലേ എന്നതാണ് യഥാർത്ഥ മാനദണ്ഡം. ഉണ്ടെങ്കിൽ അതെത്രയായാലും ഏത് പ്രായത്തിലായാലും ആർത്തവം തന്നെയാണ്. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.1

ഇമാം ദാരിമി(رحمه الله) പറഞ്ഞതാണ് ശരി. ഇതേ അഭിപ്രായം തന്നെയാണ് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയും അംഗീകരിച്ചത്. സ്ത്രീയിൽ എപ്പോൾ രക്തം കാണുന്നുവോ അപ്പോൾ അവൾ ഋതുമതിയായി കണക്കാക്കപ്പെടും അത് ഒൻപത് വയസ്സിന് മുമ്പായാലും ശരി അൻപത് വയസ്സിന് ശേഷമായാലും ശരി.2 കാരണം, അല്ലാഹുവും അവന്റെ ദൂതനും ആർത്തവ സംബന്ധമായ വിധി വിലക്കുകളെ രക്ത സാന്നിധ്യത്തോടാണ് ബന്ധപ്പെടുത്തിയത്. അതിന് പ്രത്യേക പ്രായപരിധി നിർണ്ണയിച്ചു തന്നിട്ടില്ല . അതിനാൽ രക്ത സാന്നിധ്യം തന്നെയാണ് മാനദണ്ഡമായി ഗണിക്കേണ്ടത്. അതിനപ്പുറം പ്രത്യേകമായ പ്രായപരിധി നിശ്ചയിക്കാൻ ഖുർആനിലോ ഹദീസിലോ രേഖ വേണം. അത്തരം യാതൊരു രേഖയും ഇവ്വിഷയകമായി സ്ഥിരപ്പെട്ടിട്ടില്ല.

രണ്ടാമത്തെ വിഷയം ആർത്തവത്തിന്റെ കാലയളവാണ്. അതായത് എത്ര ദിവസങ്ങളാണ് ആർത്തവമുണ്ടാവുക?

എത്രയാണ് ആർത്തവ കാലം? അഥവാ ആർത്തവം എത്ര ദിവസം നീണ്ടു നിൽക്കും? ഇവ്വിഷയകമായി ആറോ ഏഴോ അഭിപ്രായങ്ങൾ പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നുൽ മുൻദിർ (رحمه الله) പറഞ്ഞു: "ഒരു വിഭാഗം പണ്ഡിതന്മാർ പറഞ്ഞതിങ്ങനെയാണ്. ചുരുങ്ങിയത് ഇത്ര സമയമാണ് എന്നോ കൂടിയാൽ ഇത്ര ദിവസമാണ് എന്നോ പറയാവുന്ന രൂപത്തിൽ ആർത്തവത്തിന് പരിധിയില്ല."3

ഞാൻ പറയട്ടെ: നേരത്തെ ഇമാം ദാരിമി(رحمه الله) പറഞ്ഞതിന് സമാനമാണിത്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സ്വീകരിച്ചത് അഭിപ്രായമാണ്. ഇതാണ് ശരി. കാരണം ഖുർആനിനോടും സുന്നത്തിനോടും യോജിക്കുന്ന അഭിപ്രായം ഇതാണ്. തെളിവുകൾ ശരിയായ രൂപത്തിൽ വിലയിരുത്തിയാൽ അതിനോട് യോജിക്കുന്നതും അഭിപ്രായമാണ്.

1. ഒന്നാമത്തെ തെളിവ്: അല്ലാഹുവിൻ്റെ വാക്കാണ്:

﴿وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَۖ...﴾

"ആര്ത്തവത്തെപ്പറ്റി അവര്നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്ആര്ത്തവഘട്ടത്തില്നിങ്ങള്സ്ത്രീകളുമായി (ലൈംഗിക ബന്ധത്തിൽ നിന്ന്) അകന്നു നില്ക്കേണ്ടതാണ്‌. അവര്ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്പാടില്ല..." (ബഖറ: 222) 'അവർ ശുദ്ധിയാകുന്നത് വരെ' എന്നാണ് അല്ലാഹു നിശ്ചയിച്ച പരിധി. അല്ലാതെ ഒരു ദിവസമെന്നോ, മൂന്ന് ദിവസമെന്നോ, പതിനഞ്ച് ദിവസമെന്നോ അല്ല. ഇതിൽ നിന്നും ആർത്തവരക്തത്തിന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ് ആർത്തവത്തിന്റെ വിധിവിലക്കുകളുടെ ഹേതുവെന്ന് വ്യക്തമാകുന്നു. അതിനാൽ എപ്പോൾ ആർത്തവമുണ്ടാകുന്നുവോ അപ്പോൾ വിധിവിലക്കുകൾ പ്രാബല്യത്തിൽ വരും. എപ്പോൾ ശുദ്ധി പ്രാപിക്കുന്നുവോ അപ്പോൾ ആർത്തവത്തിന്റെ നിയമം നീങ്ങുകയും ചെയ്യും.

രണ്ടാമത്തെ തെളിവ് കാണുക: ഇമാം മുസ്ലിമിന്റെ സ്വഹീഹിൽ കാണാം: ആഇശ (رَضِيَ اللَّهُ عَنْها) ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിച്ച ശേഷം അവർക്ക് ആർത്തവമുണ്ടായി. അപ്പോൾ നബി () പറഞ്ഞു:

«افْعَلِي مَا يَفْعَلُ الْحَاجُّ، غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي». قَالَتْ: فَلَمَّا كَانَ يَوْمُ النَّحْرِ طَهُرَتْ، فَأَفَاضَتْ.

"ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതെല്ലാം നീയും ചെയ്യുക; എന്നാൽ ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുത്." ആഇശ പറഞ്ഞു: ബലിദിനത്തിന്റെയന്ന് ഞാൻ ശുദ്ധി പ്രാപിച്ചു; തുടർന്ന് ത്വവാഫുൽ ഇഫാദ നിർവഹിച്ചു. ഹദീഥ്4.

നബി () ആഇശ(رضي الله عنها)യോട് ഇങ്ങനെ പറഞ്ഞതായി ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുണ്ട്:

«انتَظِرِي فَإِذَا طَهُرْتِ فَاخْرُجِي إِلَى التَّنْعِيمِ».

"കാത്തിരിക്കുക; ശുദ്ധിയാകുമ്പോൾ തൻഅീമിലേക്കു പുറപ്പെടുക."5 ശുദ്ധി കൈവരുന്നത് വരെയാണ് നബി() വിലക്കിയത്. അല്ലാതെ നിശ്ചിത കാലം വരെ അല്ല. ഇതിൽ നിന്നും വിധി ആർത്തവമുണ്ടോ ഇല്ലയോ എന്നതോടാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായി.

മൂന്നാമത്തെ തെളിവ്: കർമ്മശാസ്ത്ര പണ്ഡിതൻമാർ ഇവ്വിഷയകമായി പറഞ്ഞ കണക്കുകളും വിശദാംശങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥത്തിലോ നബിചര്യയിലോ കാണാൻ കഴിയില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഖുർആനിലും സുന്നത്തിലും അത് വരണമായിരുന്നു. കാരണം അങ്ങേയറ്റം ആവശ്യമുള്ള വിവരങ്ങളാണത്. അവയെല്ലാം മനുഷ്യൻ നിർബന്ധമായി ഗ്രഹിക്കേണ്ടതും ആരാധനാകർമ്മങ്ങളിൽ പരിഗണിക്കേണ്ടതും ആയിരുന്നെങ്കിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അല്ലാഹുവും തിരുദൂതരും വിശദീകരിക്കുമായിരുന്നു. കാരണം, നമസ്കാരം, നോമ്പ്, ഹജ്ജ്, വിവാഹം, വിവാഹമോചനം അനന്തരാവകാശം തുടങ്ങി നിരവധി മൗലിക പ്രശ്നങ്ങളുടെ മതവിധി ആർത്തവവുമായി ബന്ധപ്പെടുന്നുണ്ട്. അതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണത്. നമസ്കാരത്തിന്റെ എണ്ണം, സമയം, റുകൂഅ്, സൂജൂദ് എന്നിവയൊക്കെ അല്ലാഹുവും അവന്റെ റസൂലും വിശദീകരിച്ചതുപോലെ. സകാത്തിന്റെ തോത്, പരിധി, നിർബന്ധമാകുന്ന സമ്പത്ത്, വിനിയോഗ രീതി, നോമ്പിന്റെ സമയം, കാലം, ഹജ്ജിന്റെ രൂപം തുടങ്ങിയവയും വിശദീകരിച്ചതുപോലെ. തിന്നുക, കുടിക്കുക, ഉറങ്ങുക, ലൈംഗിക ബന്ധത്തിലേർപെടുക, ഇരിക്കുക, വീട്ടിൽ പ്രവേശിക്കുക, അവിടെനിന്ന് പുറത്തുപോവുക എന്നീ സന്ദർഭങ്ങളിലെല്ലാമുള്ള മര്യാദകളും, മലമൂത്രവിസർജനം നടത്തുന്നതിനുള്ള മര്യാദകളും, ശുദ്ധീകരിക്കുമ്പോൾ ഉപയോഗിക്കേണ്ട കല്ലുകളുടെ എണ്ണവും മുതൽ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം അല്ലാഹുവും തിരുദൂതരും വിശദീകരിച്ചു തന്നിട്ടുണ്ട്. അതുവഴി അല്ലാഹുവിന്റെ മതം പൂർത്തീകരിക്കുകയും സത്യവിശ്വാസികൾക്ക് അവന്റെ അനുഗ്രഹം സമ്പൂർണമാക്കി തരികയുമാണ് അവൻ ചെയ്തത്. അല്ലാഹു പറഞ്ഞതുപോലെ:

﴿...وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ...﴾

എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (നഹ്ല്: 89) അല്ലാഹു പറയുന്നു:

﴿...مَا كَانَ حَدِيثًا يُفْتَرَى وَلَـكِن تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ كُلَّ شَيْءٍ...﴾

"അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്ത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും..." (യൂസുഫ്: 111)

രീതിയിൽ കാര്യങ്ങൾ വിശദീകരിച്ച അല്ലാഹുവിന്റെ ഗ്രന്ഥത്തിലും തിരുദൂതരുടെ ചര്യയിലും ആർത്തവ സംബന്ധമായി കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞ കണക്കുകളും വിശദീകരണങ്ങളും കാണുന്നില്ലെങ്കിൽ അവയൊന്നും അവലംബിക്കേണ്ടതില്ല എന്നാണ് വ്യക്തമാവുന്നത്. മാത്രമല്ല വിധി വിലക്കുകൾക്ക് ആർത്തവരക്തത്തിന്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമാണ് നിദാനമെന്നും, അവ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നുകൂടി അതിൽനിന്നു മനസ്സിലാക്കാം. വിശുദ്ധ ഖുർആനിലും സ്ഥിരപ്പെട്ട ഹദീസിലും ഇല്ലാത്തതിനാൽ തന്നെ ഒരു കാര്യം മതവിധിയായി പരിഗണിക്കേണ്ടതില്ല എന്ന തത്വം വിഷയത്തിലെന്നല്ല ധാരാളം പ്രശ്നങ്ങളിൽ വായനക്കാരന് ഉപയോഗപ്പെടും. കാരണം മതത്തിന്റെ മൂലപ്രമാണങ്ങൾ ഖുർആനും നബിചര്യയുമാണ്. അവ മുഖേനയല്ലാതെ മത നിയമങ്ങൾ സ്ഥിരപ്പെടുകയില്ല. അല്ലെങ്കിൽ സുവിദിതമായ ഇജ്മാഓ ശരിയായ ഖിയാസോ വേണം. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ ഒരു തത്വം വിശദീകരിക്കവെ പറഞ്ഞു. "ഇതിൽ പെട്ടതാണ് ആർത്തവം. ഖുർആനിലും ഹദീസിലുമുള്ള ധാരാളം വിധിവിലക്കുകളെ ഇതുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും മനസ്സിലാക്കേണ്ടതും സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്നതുമാണ് വിഷയം. എന്നിട്ടും അതിന്റെ ചുരുങ്ങിയ സമയം, കൂടിയസമയം, രണ്ട് ആർത്തവങ്ങൾക്കിടയിലെ ശുദ്ധികാലം എന്നിവയൊന്നും എത്രയാണെന്ന് അല്ലാഹു നിർണയിച്ചുതന്നിട്ടില്ല. ഭാഷാപ്രയോഗം മുഖേനയും അവ ലഭ്യമല്ല. അതിനാൽ ആർത്തവത്തിന് കാലപരിധി നിശ്ചയിക്കുന്നവർ ഖുർആനിനും സുന്നത്തിനും യോജിക്കാത്ത രീതിയാണ് സ്വീകരിച്ചിരിക്കുന്നത്".6

ശരിയായ ഖിയാസ് പ്രകാരവും പരിധി നിർണയിക്കുന്നതിൽ അർത്ഥമില്ല. കാരണം ഒരു ബുദ്ധിമുട്ട് എന്നാണ് ഋതു രക്തത്തെ അല്ലാഹു വിശേഷിപ്പിച്ചത്. ഋതുരക്തം ഉണ്ടാവുമ്പോഴൊക്കെ ബുദ്ധിമുട്ട് ഉണ്ടാവുമല്ലോ. അതിൽ ഒന്നാം ദിവസമെന്നോ രണ്ടാം ദിവസമെന്നോ മൂന്നാം ദിവസമെന്നോ നാലാം ദിവസമെന്നോ വ്യത്യാസമില്ല. പതിനാറെന്നോ പതിനഞ്ചെന്നോ പതിനെട്ടെന്നോ പതിനേഴെന്നോ വ്യത്യാസമില്ല. ആർത്തവം എപ്പോഴും ആർത്തവം തന്നെ. ബുദ്ധിമുട്ട് എപ്പോഴും ബുദ്ധിമുട്ട് തന്നെ. വിധിവിലക്കുകൾക്കാധാരമായ ഹേതു (അശുദ്ധാവസ്ഥ) എല്ലാ ദിവസവും നിലനിൽക്കുന്നു എന്നർത്ഥം. അതിനാൽ എന്തടിസ്ഥാനത്തിലാണ് ദിവസങ്ങൾക്കിടയിൽ വ്യത്യാസം കൽപിക്കുക? അത് ശരിയായ ഖിയാസിന് വിരുദ്ധമല്ലേ? വാസ്തവത്തിൽ ഹേതു എല്ലായ്പ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ അപ്പോഴൊക്കെ വിധിവിലക്കുകളും ബാധകമാകണം. ഇതല്ലെ ശരിയായ ഖിയാസ്?

5. കാലപരിധി നിർണ്ണയിച്ചവർക്കിടയിൽ കാണപ്പെടുന്ന രൂക്ഷമായ ഭിന്നതയും പരസ്പര വൈരുദ്ധ്യവും വ്യക്തമാക്കുന്നത് അവർക്കൊന്നും അവലംബനീയമായ രേഖയില്ലയെന്നാണ്. തെറ്റാനും ശരിയാവാനും സാധ്യതയുള്ള ഗവേഷണങ്ങൾ മാത്രമാണ് അവരുടെ അഭിപ്രായങ്ങൾക്കുള്ള നിദാനം. അതിൽ ഒന്ന് മറ്റൊന്നിനേക്കാൾ പിൻപറ്റാൻ മെച്ചമെന്ന് പറയാനാവില്ല. ഇത്തരം അഭിപ്രായ ഭിന്നതയുണ്ടാവുമ്പോൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുകയാണ് കരണീയം.

മേൽപറഞ്ഞ തെളിവുകളിൽ നിന്നെല്ലാം ആർത്തവത്തിന് ചുരുങ്ങിയതെന്നും കൂടിയതെന്നും നിർണ്ണയിക്കാവുന്ന കാലപരിധിയില്ല എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലവും പ്രാമാണികവെന്ന് മനസ്സിലായി. അതിനാൽ ശ്രദ്ധിക്കുക. രോഗം, മുറിവ് പോലെയുള്ള പ്രത്യേക കാരണങ്ങൾ മൂലമല്ലാതെ സ്ത്രീകളിൽ പ്രകൃത്യാ കാണപ്പെടുന്ന രക്തസാന്നിദ്ധ്യം എത്ര ദിവസമായാലും, ഏത് പ്രായത്തിലായാലും അത് ആർത്തവരക്തം തന്നെയാണ്. പരിധിയില്ലാതെ തുടരുകയോ അല്ലെങ്കിൽ മാസാന്തം ഒന്നോ രണ്ടോ ദിവസം മാത്രം ശുദ്ധിയായി വീണ്ടും അവിരാമമായി തുടരുകയോ ചെയ്യുന്ന പ്രത്യേക അവസ്ഥയിൽ ഒഴികെ. അത്തരം സന്ദർഭങ്ങളി അത് ആർത്തവമല്ല, മറിച്ച്,  'ഇസ്തിഹാദത്' (രക്തസ്രാവം) ആയി ഗണിക്കപ്പെടും. (അതിനെപ്പറ്റി വഴിയെ വിശദീകരിക്കുന്നുണ്ട്)

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ പറയുന്നു. "ഗർഭ പാത്രത്തിൽ നിന്നുണ്ടാവുന്ന രക്തം മൗലികമായി ആർത്തവരക്തം തന്നെയാണ്. രക്തസ്രാവമായി ഗണിക്കണമെങ്കിൽ അതിന് തെളിവ് വേണം."7

അദ്ദേഹം തന്നെ പറഞ്ഞു: "രോഗം മൂലമോ മുറിവ് നിമിത്തമോ ആണെന്ന് അറിയപ്പെടാത്ത അവസ്ഥയിലെല്ലാം അത് ആർത്തവരക്തമായി ഗണിക്കണം."8

അഭിപ്രായം പ്രമാണങ്ങളുടെ വെളിച്ചത്തിൽ പ്രബലമാണെന്ന് മാത്രമല്ല, പരിധി നിർണ്ണയിക്കുന്നവർ പറയുന്നതിനേക്കാൾ ഗ്രാഹ്യവും പ്രാവർത്തികമാക്കാൻ എളുപ്പവുമാണ്. അതിനാൽ അഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. കാരണം ഇസ്ലാമിന്റെ ചൈതന്യത്തോടും സരളത, ലാളിത്യം എന്നീ മൗലിക തത്വങ്ങളോടും അനുയോജ്യമാണവ. അല്ലാഹു പറയുന്നു:

﴿...وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ...﴾

"മതകാര്യത്തില്യാതൊരു പ്രയാസവും നിങ്ങളുടെ മേല്അവന്ചുമത്തിയിട്ടില്ല." (ഹജ്ജ്: 78) നബി പറഞ്ഞു:

«إِنَّ الدِّينَ يُسْرٌ وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ فَسَدِّدُوا وَقَارِبُوا وَأَبْشِرُوا».

"തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക. നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക." (ബുഖാരി)9

പ്രവാചകൻ () യുടെ സൽസ്വഭാവങ്ങളിൽ പെട്ടതായിരുന്നു ഇക്കാര്യമെന്ന് ഹദീഥുകളിൽ കാണാം:

«أَنَّهُ مَا خُيِّرَ بَيْنَ أَمْرَيْنِ إِلَّا اخْتَارَ أَيْسَرَهُمَا مَا لَمْ يَكُنْ إِثْمًا».

"രണ്ട് കാര്യങ്ങളിൽ ഇഷ്ടമുള്ളത് സ്വീകരിക്കാൻ അവസരം ലഭിച്ചാൽ ഏറ്റവും എളുപ്പമുള്ളതാണ് നബി () സ്വീകരിച്ചിരുന്നത്. അത് പാപമല്ലെങ്കിൽ."10

ഗർഭാവസ്ഥയും ആർത്തവവും

സാധാരണ ഗതിയിൽ ഗർഭിണിയായാൽ ആർത്തവം നിലയ്ക്കുന്നു. ഇമാം അഹ്മദ് പറയുന്നു: ആർത്തവം നിലയ്ക്കുന്നത് മുഖേനയാണ് സ്ത്രീ ഗർഭിണിയാണെന്ന് മനസ്സിലാക്കാറുള്ളത്.11

ഗർഭിണിയായിരിക്കെ രക്തം കാണുകയാണെങ്കിൽ, അത് പ്രസവം നടക്കുന്നതിന്റെ അൽപകാലംഏതാണ്ട് രണ്ടോ മൂന്നോ ദിവസങ്ങൾമുമ്പ് ഉണ്ടായതും അതിനോടൊപ്പം പ്രസവവേദന വരികയുമാണെങ്കിൽ, അത് നിഫാസ് തന്നെയാണ്. പ്രസവവേദനയില്ലാതെയോ പ്രസവനാൾ എത്തുന്നതിന്റെ വളരെ മുമ്പോ കാണുന്ന രക്തം നിഫാസായി ഗണിക്കുകയില്ല. പിന്നെ ഏതിനത്തിലാണത് ഉൾപ്പെടുക? ആർത്തവരക്തത്തിന്റെ ഗണത്തിലോ അതോ കേവല രക്തസ്രാവത്തിന്റെ ഗണത്തിലോ

വിഷയത്തിൽ പണ്ഡിതൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അതിൽ ഏറ്റവും ശരിയായ അഭിപ്രായം, സാധാരണ മാസമുറ പോലെയാണെങ്കിൽ ഇത് ആർത്തവമായി ഗണിക്കാമെന്നതാണ്. കാരണം ആർത്തവത്തിന് തടസമില്ലെങ്കിൽ സ്ത്രീകളിൽ കാണുന്ന രക്തം ആർത്തവരക്തമാണ് എന്നതാണ് അടിസ്ഥാന നിയമം. ഗർഭിണിക്ക് ഒരിക്കലും ആർത്തവമുണ്ടാവില്ലെന്ന് ഖുർആനിലോ സുന്നത്തിലോ വന്നിട്ടില്ല.

ഇതാണ് ഇമാം മാലികിന്റെയും12 ഇമാം ഷാഫിഈയുടെയും13 അഭിപ്രായം. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ സ്വീകരിച്ച അഭിപ്രായവും ഇതു തന്നെയാണ്. അദ്ദേഹം പറയുന്നു: "ഇമാം അഹ്മദിന് അഭിപ്രായമാണെന്ന ഒരു റിപ്പോർട്ട് ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്. അല്ല, അദ്ദേഹം തന്റെ മുൻകാല വീക്ഷണത്തിൽ നിന്ന് അഭിപ്രായത്തിലേക്ക് മടങ്ങി എന്നുതന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്." (ഇഖ്തിയാറാത്ത്: പേ: 30)

അതിനാൽ ഗർഭാവസ്ഥയിലെ രക്തസാന്നിദ്ധ്യവും സാധാരണ മാസമുറയും തമ്മിൽ വിധിവിലക്കുകളിൽ വ്യത്യാസമില്ല. രണ്ട് പ്രശ്നങ്ങളിൽ ഒഴികെ.

ഒന്ന്: വിവാഹ മോചനം. ഇദ്ദ ആചരിക്കേണ്ട സ്ത്രീ ഗർഭിണിയല്ലെങ്കിൽ ആർത്തവ സമയത്ത് വിവാഹമോചനം ചെയ്യാൻ പാടില്ല. (ലൈംഗിക ബന്ധത്തിലേർപെടാത്ത ശുദ്ധി കാലത്ത് മാത്രമേ അവളെ ത്വലാഖ് ചൊല്ലാൻ പാടുള്ളു.) ഗർഭിണിയാണെങ്കിൽ നിബന്ധന പാലിക്കേണ്ടതില്ല. കാരണം ഗർഭിണിയല്ലാതിരിക്കെ ആർത്തവ ഘട്ടത്തിൽ വിവാഹ മോചനം നടത്തുന്നത് ഖുർആനിലെ കൽപനക്ക് വിരുദ്ധമാണ്:

﴿...فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾

"അവരെ നിങ്ങള്അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുക." (ത്വലാഖ്: 1) എന്നാൽ ഗർഭിണിയാണെങ്കിൽ ആർത്തവം ഉണ്ടെങ്കിലും ത്വലാഖ് ചൊല്ലാം. അത് അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമല്ല. കാരണം ഇദ്ദ ആചരിക്കാൻ തക്കവണ്ണം തന്നെയാണ് അവളെ ത്വലാഖ് ചൊല്ലിയിരിക്കുന്നത്. അവൾക്ക് ആർത്തവമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി. അത് അവളുടെ ഇദ്ദയെ ബാധിക്കുകയില്ല. കാരണം അവളുടെ ഇദ്ദകാലം എന്നത് ഗർഭകാലമാണ്. പ്രസവത്തോടെ അവളുടെ ഇദ്ദ അവസാനിക്കും. അതിനാൽ ലൈംഗികബന്ധം നടന്ന ശേഷം അവളെ ത്വലാഖ് ചൊല്ലുന്നതിനും വിരോധമില്ല. ഗർഭിണിയല്ലെങ്കിൽ അത് പാടില്ലാത്തതാണ്.

രണ്ട്: ഗർഭിണിയുടെ ആർത്തവം കൊണ്ട് ഇദ്ദ അവസാനിക്കുകയില്ല; എന്നാൽ, ഗർഭിണിയല്ലാത്തവളുടെ ആർത്തവം കൊണ്ട് അത് അവസാനിക്കും. ഗർഭിണിയുടെ ഇദ്ദ പ്രസവിക്കുന്നത് മുഖേനയല്ലാതെ അവസാനിക്കുകയില്ല. ഗർഭകാലത്ത് അവൾക്ക് ആർത്തവമുണ്ടാകുന്നോ ഇല്ലേ എന്നത് പ്രശ്നമല്ല. അല്ലാഹു പറയുന്നു:

﴿...وَأُوْلَاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ...﴾

"ഗര്ഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്തങ്ങളുടെ ഗര്ഭം പ്രസവിക്കലാകുന്നു." (ത്വലാഖ്: 4)

അധ്യായം ആർത്തവത്തിന്റെ അവസ്ഥാഭേദങ്ങൾ

പല രീതിയിലുള്ള അവസ്ഥാ ഭേദങ്ങൾ ആർത്തവത്തിൽ കാണപ്പെടാറുണ്ട്.

1. സാധാരണ അവസ്ഥയെക്കാൾ നീണ്ടു നിൽക്കുകയോ ചുരുങ്ങുകയോ ചെയ്യുക. ഉദാഹരണമായി സാധാരണ ആറ് ദിവസമുണ്ടാകാറുളള മാസമുറ ഏഴാം ദിവസവും തുടരുക. അല്ലെങ്കിൽ സാധാരണ ഏഴ് ദിവസമുണ്ടാകുന്നത് ആറാം ദിവസം തന്നെ അവസാനിക്കുക.

2. സാധാരണ മാസമുറ ഉണ്ടാകാറുള്ള സമയത്തിന് മുമ്പോ ശേഷമോ ആവുക. ഉദാഹരണമായി സാധാരണ മാസാവസാനം കാണപ്പെടുന്ന രക്തസാന്നിധ്യം മാസത്തിന്റെ ആദ്യത്തിൽ കാണുക. അല്ലെങ്കിൽ മാസാരംഭത്തിൽ കാണുന്നത് മാസാവസാനം കാണുക.

രണ്ട് അവസ്ഥകളിലും സ്വീകരിക്കേണ്ട ഇസ്ലാമിക വിധി സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. എപ്പോൾ രക്തം കാണുന്നുവോ അപ്പോൾ ആർത്തവമായും എപ്പോൾ ശുദ്ധി കൈവരുന്നുവോ അപ്പോൾ ശുദ്ധിയുളളവളായും ഗണിക്കുക എന്നതത്രെ ശരിയായ കാഴ്ചപ്പാട്. സാധാരണ ഉണ്ടാകാറുള്ളതിനെക്കാൾ കൂടുതൽ സമയം നീണ്ടുനിന്നുവോ അല്ലെങ്കിൽ അതിനെക്കാൾ കുറവാണോ നേരത്തെയാണോ വൈകിയിട്ടുണ്ടോ എന്നൊന്നും പരിഗണിക്കേണ്ടതില്ല ഇതിനു മുൻപത്തെ അധ്യായത്തിൽ നാം ഉദ്ധരിച്ച തെളിവുകളിൽ നിന്ന് ആർത്തവത്തിന്റെ സാന്നിധ്യത്തോടാണ് അത് സംബന്ധമായ വിധിവിലക്കുകളെ അല്ലാഹു ബന്ധപ്പെടുത്തിയതെന്ന് വ്യക്തമാണ്.

ഇമാം ശാഫിഈയും ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയും അഭിപ്രായമാണ് ശരിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഹമ്പലീ പണ്ഡിതനായ ഇമാം ഇബ്നു ബുദാമ പ്രബലമെന്ന് വിധിയെഴുതിയതും കാഴ്ചപ്പാട് തന്നെയാണ്. അദ്ദേഹം പറഞ്ഞു (ഹമ്പലീ) മദ്ഹബിൽ പറയുന്ന പോലെസാധാരണാവസ്ഥപരിഗണിക്കൽ അനിവാര്യമായിരുന്നെങ്കിൽ നബി () തന്റെ സമുദായത്തെ അക്കാര്യം ഉണർത്തുമായിരുന്നു. അത് വിശദീകരിക്കാതെ നീട്ടി വെക്കുമായിരുന്നില്ല.1415 കാരണം, ഒരു കാര്യം ഉണർത്തേണ്ട സമയത്ത് ഉണർത്താതിരിക്കുന്നത് ശരിയല്ല. അവിടുത്തെ പത്നിമാർക്കും ഇതര വനിതകൾക്കും ഏതുകാലത്തും വിശദീകരണം ആവശ്യമായ ഒരു പ്രശ്നമാണിത്. എന്നിട്ടും തിരുനബി അത് വിശദീകരിക്കാതിരുന്നത് ശ്രദ്ധയിൽപെടാത്തത് കൊണ്ടല്ല. ഇസ്തിഹാദത് അഥവാ രക്തസ്രാവമുണ്ടാകുന്നവളെ സംബന്ധിച്ചല്ലാതെ സാധാരണാവസ്ഥ എന്ന പരാമർശം തന്നെ അവിടുന്ന് നടത്തിയിട്ടില്ല. സന്ദർഭത്തിലൊഴികെ അതേക്കുറിച്ച് വിശദീകരിച്ചിട്ടുമില്ല.16

3. വർണ വ്യത്യാസം. അതായത് 'സുഫ്റ'യോ 'കുദ്റ'യോ പോലെ. അഥവാ മുറിവുകളിൽ കാണപ്പെടുന്നതുപോലുള്ള മഞ്ഞ നിറത്തിലായോ, അല്ലെങ്കിൽ മഞ്ഞയും കറുപ്പും ഇടയ്ക്കുള്ള അഴുക്കുനിറത്തിലായോ രക്തം കാണപ്പെടുക. ഇത്തരം സ്രാവം ആർത്തവ വേളയിലോ അതിനോട് ചേർന്നുള്ള ദിവസങ്ങളിലോ ആണെങ്കിൽ അത് ആർത്തവത്തിന്റെ വിധിവിലക്കുകൾക്ക് വിധേയമാണ്. ശുദ്ധിപ്രാപിച്ച ശേഷമാണെങ്കിൽ അത് ആർത്തവമായി പരിഗണിക്കേണ്ടതില്ല. ഉമ്മു അതിയ്യ (رضي الله عنها)യുടെ വാക്ക് പ്രകാരം: "ആർത്തവം ശുദ്ധിയായതിന് ശേഷം കാണപ്പെടുന്ന അഴുക്ക്നിറമോ മഞ്ഞ നിറമോ ഞങ്ങൾ യാതൊന്നുമായി പരിഗണിക്കാറില്ലായിരുന്നു." (അബൂദാവൂദ് സ്വഹീഹായ സനദോടെ ഉദ്ധരിച്ചത്17). ഇമാം ബുഖാരിയുടെ റിപ്പോർട്ടിൽ "ശുദ്ധി കൈവരിച്ച ശേഷം" എന്ന പരാമർശം ഇല്ല. പക്ഷെ 'ആർത്തവേതര ദിവസങ്ങളിൽ കാണുന്ന 'സുഫ്റയും കുദ്റയും' എന്ന് തന്നെയാണ് ഹദീസിന് അദ്ദേഹം നൽകിയ തലക്കെട്ട്.18

ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ ഇങ്ങനെ കാണാം. "'വെളുത്തഖസ്സ്വകാണുന്നത് വരെ ആർത്തവമായി ഗണിക്കണം എന്ന് ആയിശ (رَضِيَ اللَّهُ عَنْها)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഹദീഥും ഹദീഥും തമ്മിൽ എങ്ങനെ യോജിപ്പിക്കാം എന്നതിലേക്ക് സൂചന നല്കുകയാണിവിടെ ഇമാം ബുഖാരി ചെയ്യുന്നത്. മുകളിൽ പറഞ്ഞ ഉമ്മു അത്വിയ്യ(رَضِيَ اللَّهُ عَنْها)യുടെ പ്രസ്താവനയുമായുള്ള യോജിപ്പ് ഇങ്ങനെ: അതായത് ആഇശാ (رَضِيَ اللَّهُ عَنْها)യുടെ പ്രസ്താവന ആർത്തവ ദിവസങ്ങളിൽ കാണുന്ന 'സുഫ്റ'യും 'കുദ്റ'യും സംബന്ധിച്ചതാണ്; ആർത്തവ സമയത്തല്ലാതെ കാണുന്നതിനെക്കുറിച്ചാണെങ്കിൽ ഉമ്മു അത്വിയ്യ(رَضِيَ اللَّهُ عَنْها) പറഞ്ഞതുപോലെയാണ്.19

ഇമാം ബുഖാരി പരമ്പര പറയാതെ ഉദ്ധരിച്ച പ്രബലമായ റിപ്പോർട്ടാണ് മുകളിൽ സൂചിപ്പിച്ച ആയിശ(رَضِيَ اللَّهُ عَنْها)യുടെ ഹദീസ്. അത് ഇപ്രകാരമാണ്. (ചില സ്ത്രീകൾ) മഞ്ഞ നിറത്തിലുളള സ്രവം പുരണ്ട പരുത്തി ആയിശാ (رَضِيَ اللَّهُ عَنْها)യുടെ അടുത്ത് കൊടുത്തയക്കാറുണ്ടായിരുന്നു. അപ്പോൾ അവർ പറയും:20 നിങ്ങൾ വെളുത്തഖസ്സ്വകാണുന്നത് വരെ ധൃതി കാണിക്കരുത്."21

ആർത്തവം അവസാനിച്ചതിന്റെ ലക്ഷണമായി ഗർഭാശയം പുറന്തള്ളുന്ന വെളുത്ത ദ്രാവകമാണ് 'വെളുത്ത ഖസ്സ്വ'

4. ആർത്തവം മുറിഞ്ഞു പോവുക. അതായത് ഒരു ദിവസം രക്തമുണ്ടെങ്കിൽ പിറ്റേന്ന് വൃത്തിയായിരിക്കും. അല്ലെങ്കിൽ സമാനമായ സ്ഥിതി! ഇത്തരം അവസ്ഥ രണ്ട് രീതിയിലാകാം.

ഒന്ന്: എന്നെന്നും നിരന്തരമായി അവസ്ഥ തുടരുക. ഘട്ടത്തിൽ അത് ആർത്തവമല്ല. മറിച്ച് രക്തസ്രാവമായി ഗണിക്കുകയും അതിന്റെ വിധിവിലക്കുകൾ പാലിക്കുകയും വേണം.

രണ്ട്: എപ്പോഴും അവസ്ഥ തുടരുന്നില്ല. മറിച്ചു കൃത്യമായ ശുദ്ധികാലമുള്ളവളായിരിക്കെ ചില സന്ദർഭങ്ങിൽ അവസ്ഥ ഉണ്ടാകുന്നു. ഇത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വൃത്തിയോടെ കാണുന്ന ദിവസം ശുദ്ധിയായി ഗണിക്കുമോ? അതോ അതും ആർത്തവദിനങ്ങളിൽ ഉൾപ്പെടുമോ? ഇതിൽ പണ്ഡിതന്മാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്.

ഇമാം ശാഫിയുടെ പ്രബലമായ വീക്ഷണ പ്രകാരം അതിന് ആർത്തവത്തിന്റെ വിധിവിലക്കുകൾ ബാധകമാണ്; അതിനാൽ അത് ആർത്തവം തന്നെയാണ്. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയയുംഅൽ ഫാഇഖ്എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇബ്നു ഖാദീ അൽ ജബലും വീക്ഷണമാണ് സ്വീകരിച്ചത്ഹനഫീ മദ്ഹബിലും അഭിപ്രായമാണുള്ളത്.222324 കാരണം, ഇവിടെ ആർത്തവം അവസാനിക്കുന്നതിന്റെ ലക്ഷണമായ വെളുത്ത ഖസ്സ്വ ഇവിടെ ഉണ്ടാകുന്നില്ല. മാത്രമല്ല, ഇടക്കിടെ കാണുന്ന വൃത്തിയുള്ള നാളുകൾ ശുദ്ധിയായി ഗണിച്ചാൽ അവയുടെ മുമ്പും ശേഷവും കാണുന്ന രക്തസാന്നിധ്യമുള്ള ദിവസങ്ങൾ ആർത്തവമായി ഗണിക്കേണ്ടിവരും. അപ്പോൾ ഒരുമാസം തന്നെ നിരവധി പ്രാവശ്യം ആർത്തവമുണ്ടായതായി വരും. അത് ശരിയാണെന്ന് ഒരാളും വാദിക്കുന്നില്ല. അവ ശുദ്ധിയായി ഗണിക്കുമ്പോൾ മൂന്ന് മാസമുറ അവസാനിക്കുന്നത് വരെ ആചരിക്കേണ്ട വിവാഹ മോചിതയുടെ ഇദ്ദ നാലഞ്ചു ദിവസം കൊണ്ടു തന്നെ അവസാനിച്ചേക്കും. അതുപോലെ, ഇന്ന് കുളിക്കുക നാളെ ശുദ്ധിയിലാവുക മറ്റന്നാൾ വീണ്ടും കുളിക്കുക. പിന്നെയും അശുദ്ധിയിലാവുക ഇങ്ങനെ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായ ഒരവസ്ഥ ഇതുവഴി ഉണ്ടായിത്തീരുന്നു. അത്തരം പ്രയാസമൊന്നും മതത്തിന്റെ നിയമങ്ങളിൽ ഇല്ല. അല്ലാഹുവിന് സ്തുതി.

ഹമ്പലി മദ്ഹബിലെ പ്രസിദ്ധ വീക്ഷണം രക്തം കാണുന്ന ദിവസം ആർത്തവവും വൃത്തിയുള്ള ദിവസം ശുദ്ധിയുമായി ഗണിക്കുക എന്നാണ്. എന്നാൽ ആർത്തവത്തിന്റെയും ശുദ്ധിയുടെയും ദിവസങ്ങൾ കൂട്ടിയാലുള്ള എണ്ണം പരമാവധി ആർത്തവ ദിനങ്ങളുടെ എണ്ണത്തേക്കാൾ കൂടാൻ പാടില്ല എന്ന നിബന്ധനയോടെയാണിത്. അങ്ങനെയുണ്ടെങ്കിൽ പിന്നീടുകാണുന്ന രക്തം 'ഇസ്തിഹാദത്' ആയിട്ടാണ് പരിഗണിക്കപ്പെടുക.25

പ്രസിദ്ധ ഹമ്പലീ പണ്ഡിതനായ ഇബ്നു ഖുദാമ തന്റെ 'മുഗ്നി'യിൽ പറയുന്നതിങ്ങനെയാണ്: "വൃത്തിയുള്ള അവസ്ഥ ഒരു ദിവസത്തിന് താഴെയാണെങ്കിൽ അത് ശുദ്ധിയായി ഗണിക്കേണ്ടതില്ല. നിഫാസ് ഒരു ദിവസത്തിൽ കുറഞ്ഞ സമയം കാണപ്പെട്ടാൽ അത് പരിഗണിക്കേണ്ടതില്ല എന്ന മദ്ഹബിലെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. അതുതന്നെയാണ് ശരിയായ അഭിപ്രായവും. കാരണം ആർത്തവരക്തം ചിലപ്പോൾ സ്രവിക്കുകയും പിന്നീട് നിലയ്ക്കുകയും ചെയ്യാറുണ്ട്. അതിനനുസൃതമായി ഓരോ മണിക്കൂറിലും കുളിക്കണമെന്ന് വരുന്നത് ശരിയാവുകയില്ല; അല്ലാഹു തഅാലാ പറഞ്ഞിരിക്കുന്നതുപോലെ:

﴿...وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ...﴾

"മതകാര്യത്തില്യാതൊരു പ്രയാസവും നിങ്ങളുടെ മേല്അവന്ചുമത്തിയിട്ടില്ല." (ഹജ്ജ്: 78) അദ്ദേഹം പറയുന്നു : "അതിനാൽ ഒരു ദിവസമെങ്കിലും രക്തമില്ലാത്ത അവസ്ഥ നീണ്ടു നിൽക്കുന്നില്ലെങ്കിൽ അത് ശുദ്ധിയായി ഗണിക്കേണ്ടതില്ല. അല്ലെങ്കിൽ സാധാരണ ശുദ്ധിപ്രാപിക്കുമ്പോൾ ഉണ്ടാകാറുള്ള ലക്ഷണങ്ങളുണ്ടാവണം. ഉദാഹരണത്തിന് രക്തം നിലച്ചത് സാധാരണ ആർത്തവം അവസാനിക്കാറുള്ള സമയത്താവുകയോ അല്ലെങ്കിൽ വെളുത്ത ഖസ്സ കാണപ്പെടുകയോ ചെയ്യുക. അങ്ങനെയാണെങ്കിൽ ശുദ്ധി പ്രാപിച്ചതായി കണക്കാക്കാം."26

മൂന്നാമത് പറഞ്ഞ ഇബ്നു ഖുദാമയുടെ അഭിപ്രായം രണ്ട് വീക്ഷണങ്ങൾക്കും മദ്ധ്യേയുള്ള ഒരു വീക്ഷണമാണ്. الله أعلم

5. രക്ത വരൾച്ചയുണ്ടാവുക. അതായത് രക്തത്തിനു പകരം കേവലം നനവ് മാത്രം അവശേഷിക്കുക. നേരത്തെ പറഞ്ഞ വർണ്ണ വ്യത്യാസത്തോടെ കാണുന്ന സ്രവത്തെപ്പോലെയാണിത്. അഥവാ അർത്തവ കാലത്തോ അതിനോട് ചേർന്നോ ആണെങ്കിൽ ഇതിനെ ആർത്തവത്തിലുൾപെടുത്താം. ശുദ്ധി കൈവന്ന ശേഷമാണെങ്കിൽ അത് പ്രശ്നമാക്കാതെ സാധാരണ പോലെ കണക്കാക്കുകയും ചെയ്യും. നേരത്തെ പറഞ്ഞ വർണ്ണ വ്യത്യാസത്തോടെ കാണുന്ന സ്രവത്തെ (സുഫ്റ, കുദ്റ എന്നിവയെ) പോലെയാണിത്

അധ്യായം ആർത്തവസംബന്ധമായ വിധി വിലക്കുകൾ

മാസമുറയുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധികൾ ഇരുപത്തിലധികമുണ്ട്. അവയിൽ ഏറ്റവും ആവശ്യമുള്ളതെന്ന് നാം മനസിലാക്കുന്നവ വിശദീകരിക്കാം. അവ കാണുക:

1. നമസ്കാരം. ആർത്തവകാരി നമസ്കരിക്കൽ ഹറാമാകുന്നു. നിർബന്ധമായതോ ഐഛികമായതോ ആകട്ടെ നിസ്കരിക്കാൻ പാടില്ല. നമസ്കരിച്ചാൽ അത് സ്വീകാര്യവുമല്ല. അതുപോലെ നമസ്കാര സമയത്തിൽ നിന്ന് ഒരു റക്അത്ത് പൂർണ്ണമായി നിർവ്വഹിക്കാനുള്ള സാവകാശം ലഭിക്കുമ്പോൾ മാത്രമേ അവൾ നമസ്കരിക്കേണ്ടതുള്ളൂ. അപ്പോൾ നിസ്കാരം വാജിബാണ്. അങ്ങനെ ലഭിക്കുന്നത് നിസ്കാരത്തിന്റെ നിർണ്ണിത സമയത്തിന്റെ ആദ്യത്തിലായാലും അവസാനത്തിലായാലും അവൾ നമസ്കരിച്ചേ തീരൂ.

ഉദാഹരണമായി, സൂര്യൻ അസ്തമിച്ചു മഗ്രിബിന്റെ സമയമായി. ഒരു റക്അത്ത് നമസ്കരിക്കാനാവശ്യമുള്ള സമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ആർത്തവകാരിയായി എന്നു വെക്കുക. എങ്കിൽ പ്രസ്തുത മഗ്'രിബ് നമസ്കാരം അവളുടെമേൽ ബാദ്ധ്യതയായി. ശുദ്ധിയായ ശേഷം നമസ്കാരം അവൾ 'ഖദാഅ്' വീട്ടണം. കാരണം ആർത്തവകാരിയാകും മുമ്പ് ഒരു റക്അത്ത് നമസ്കരിക്കാനുള്ള സമയം അവൾക്ക് ലഭിച്ചിട്ടുണ്ട്. നിസ്കാരസമയത്തിന്റെ ആദ്യഭാഗത്ത് സമയം ലഭിക്കുന്നതിന്റെ ഉദാഹരണമാണിത്.

നിസ്കാരസമയത്തിന്റെ അവസാന ഭാഗത്ത് സമയം ലഭിക്കുന്നതിന്റെ ഉദാഹരണം കാണുക: ഒരു സ്ത്രീ ശുദ്ധിയായി ഒരു റക്അത്ത് നമസ്കരിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് സൂര്യൻ ഉദിച്ചത്. എങ്കിൽ പ്രസ്തുത സുബ്ഹ് നമസ്കാരം നിസ്കരിക്കൽ അവൾക്ക് നിർബന്ധമാണ്. കാരണം അവൾക്ക് ഒരു റക്അത്ത് പൂർണമായി നമസ്കരിക്കാനുള്ള സമയം കിട്ടിയ ശേഷമാണ് സുബ്ഹിന്റെ സമയം അവസാനിച്ചത്.

സൂര്യൻ അസ്തമിച്ചു ഒരു റക്അത്ത് നമസ്കരിക്കാനുള്ള സമയം ആയിട്ടില്ല. അപ്പോഴേക്കും ഒരു സ്ത്രീക്ക് ആർത്തവമുണ്ടായി എന്നു കരുതുക. എന്നാൽ പ്രസ്തുത മഗ്'രിബ് നമസ്കാരം അവൾ നിർവ്വഹിക്കേണ്ടതില്ല. ഒരു സ്ത്രീ ശുദ്ധി പ്രാപിച്ചു. ഒരു റക്അത്ത് നമസ്കരിക്കാനുള്ള സമയമാകുന്നതിനു മുമ്പ് സൂര്യൻ ഉദിച്ചു. എന്നാൽ അവൾ സുബ്ഹി നമസ്കാരം നിർവ്വഹിക്കേണ്ടതില്ല. എന്നാൽ അവൾ സുബ്ഹ് നമസ്കാരം നിർവ്വഹിക്കേണ്ടതില്ല. മേൽ പറഞ്ഞ കാര്യങ്ങൾക്കുള്ള തെളിവ് നബി()യുടെ വചനമാണ്:

«مَنْ أَدْرَكَ رَكْعَةً مِنَ الصَّلَاةِ فَقَدْ أَدْرَكَ الصَّلَاةَ».

"ആർക്കെങ്കിലും നിസ്കാരത്തിൽ നിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് പ്രസ്തുത നിസ്കാരം ലഭിച്ചിരിക്കുന്നു."27 ബുഖാരി, മുസ്ലിം ഇതിൽ നിന്നും ഒരു റക്അത്തിൽ കുറഞ്ഞതേ ലഭിച്ചുള്ളൂ എങ്കിൽ നമസ്കാരം ലഭിക്കുകയില്ല എന്നും ഗ്രഹിക്കാമല്ലോ.

അസ്റിന്റെ സമയത്തിൽ നിന്ന് ഒരു റക്അത്ത് നമസ്കരിക്കാനുള്ള സമയം ലഭിച്ചവൾ അസ്റിനോടൊപ്പം ദുഹ്ർ നമസ്കാരംകൂടി നമസ്കരിക്കേണ്ടതുണ്ടോ? അതുപോലെ ഇശാഅ് നമസ്കാരത്തിന്റെ സമയത്തിൽ നിന്നു ഒരു റക്അത്തു ലഭിച്ചവൾ ഇശായോടൊപ്പം മഗ്'രിബ് നമസ്കാരം കൂടി നിർവ്വഹിക്കേണ്ടതുണ്ടോ?

വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ ഏതിന്റെ സമയമാണോ ലഭിച്ചത്, നമസ്കാരം മാത്രമേ നിർവ്വഹിക്കേണ്ടതുള്ളു എന്ന അഭിപ്രായമാണ് ശരി. അഥവാ അസ്റും ഇശായും മാത്രം നമസ്കരിച്ചാൽ മതി; കാരണം നബി -- ഇപ്രകാരം പറഞ്ഞിരിക്കുന്നു:

«مَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ».

"ആരെങ്കിലും സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അസ്വർ നിസ്കാരത്തിൻ്റെ ഒരു റക്അത്തെങ്കിലും നേടിയാൽ അവൻ അസ്വർ നേടിയിരിക്കുന്നു."28 ബുഖാരി, മുസ്ലിം അസ്റും ദുഹ്റും ലഭിച്ചുവെന്ന് നബി തിരുമേനി പറഞ്ഞില്ല.

ദുഹ്ർ നിർബന്ധമാണെന്ന കാര്യവും പരാമർശിച്ചില്ല. കൽപനയില്ലാത്ത കാലത്തോളം മനുഷ്യന്റെ മേൽ യാതൊരു ബാദ്ധ്യതയും വരുന്നില്ല എന്നതാണ് അടിസ്ഥാന നിയമം. ഇമാം അബു ഹനീഫയും ഇമാം മാലിക്കും സ്വീകരിച്ച വീക്ഷണമിതാണ്. ശർഹുൽ മുഹദ്ദബിൽ അവരുടെ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.29

അല്ലാഹൂ അക്ബർ, സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ് എന്നിങ്ങനെയുള്ള ദിക്റുകളും പ്രാർത്ഥനകളും, ഭക്ഷണം കഴിക്കുമ്പോഴും മറ്റും ബിസ്മി ചൊല്ലുന്നതും, ആമീൻ പറയുന്നതും, ഹദീസ് വായിക്കുന്നതും മതഗ്രന്ഥങ്ങൾ പഠിക്കുന്നതും ഖുർആൻ പാരായണം ശ്രവിക്കുന്നതും തുടങ്ങി യാതൊന്നും അവൾക്ക് നിഷിദ്ധമല്ല. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു:

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَتَّكِئُ فِي حِجْرِ عَائِشَةَ رَضِيَ اللهُ عَنْهَا وَهِيَ حَائِضٌ فَيَقْرَأُ الْقُرْآنَ».

ആയിഷ(رَضِيَ اللَّهُ عَنْها) ആർത്തവകാരിയായിരിക്കെ നബി() അവരുടെ മടിയിൽ കിടന്ന് ഖുർആൻ ഓതാറുണ്ടായിരുന്നു.30

അതുപോലെ ഉമ്മു അത്വിയ്യ (رَضِيَ اللَّهُ عَنْها) പറഞ്ഞതായി ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു: നബി () പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:

«يَخْرُجُ الْعَوَاتِقُ وَذَوَاتُ الْخُدُورِ وَالْحُيَّضُ -يَعْنِي: إِلَى صَلَاةِ الْعِيدَيْنِ- وَلْيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُؤْمِنِينَ، وَيَعْتَزِلُ الْحُيَّضُ الْمُصَلَّى».

"പ്രായപൂർത്തിയായ സ്ത്രീകളും വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത കന്യകകളും ആർത്തവകാരികളും രണ്ട് പെരുന്നാൾ നമസ്കാരങ്ങൾക്ക് പുറപ്പെടട്ടെ. നന്മയിലും സത്യവിശ്വാസികളുടെ പ്രാർത്ഥനയിലും അവരൊക്കെ പങ്കുകൊള്ളട്ടെ. ആർത്തവമുള്ളവർ നമസ്കാര സ്ഥലത്തു നിന്ന് മാറിനിൽക്കുക."31.

ആർത്തവകാരിക്ക് ഖുർആൻ ഓതാമോ? നാവ് കൊണ്ട് ഉരുവിടാതെ, മൗനമായി ഖുർആൻ നോക്കി വായിക്കുന്നതിനും ഹൃദിസ്ഥമാക്കിയത് മനസ്സുകൊണ്ട് ഓതുന്നതിനും വിരോധമില്ല. മുസ്ഹഫ് ഒരു സ്ഥലത്ത് വെച്ച് അതിൽ നോക്കി ഹൃദയം കൊണ്ട് പാരായണം ചെയ്യാമെന്നർത്ഥം. ഇക്കാര്യം അനുവദനീയമാണെന്നതിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ഇമാം നവവി ശറഹുൽ മുഹദ്ദബിൽ പറഞ്ഞിട്ടുണ്ട്.32

എന്നാൽ നാവുകൊണ്ട് ഉരുവിട്ട് പാരായണം ചെയ്യുന്നത് അനുവദനീയമല്ല എന്നത്രെ ഭൂരിപക്ഷ പണ്ഡിതൻമാരും പറഞ്ഞത്. പക്ഷെ ഇമാം ബുഖാരി33, ഇബ്നു ജരീർ അത്വബ്'രി34, ഇബ്നുൽ മുൻദിർ35, എന്നീ മഹാൻമാർ അത് അനുവദനീയമാണ് എന്ന പക്ഷക്കാരാണ്.

ഇമാം മാലിക്കിന്റെ അഭിപ്രായവും ഇമാം ഷാഫിഈയുടെ ആദ്യകാല അഭിപ്രായവും ഇതാണെന്ന്36 ഉദ്ധരിക്കപ്പെട്ടത് ഫത്ഹുൽ ബാരിയിൽ37 കാണാം.

ഖുർആൻ സൂക്തം ഓതുന്നതിന് വിരോധമില്ല എന്ന് ഇബ്രാഹീം നഖഈ (رحمه الله) പറഞ്ഞതായി ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്38.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ തന്റെ മജ്മൂഉ ഫതാവയിൽ പറയുന്നത് കാണുക: അവളെ ഖുർആൻ പാരായണത്തിൽ നിന്ന് വിലക്കണമെന്നതിന് സുന്നത്തിൽ യാതൊരു അടിസ്ഥാനവും തന്നെ ഇല്ല. എന്നാൽ ഇങ്ങനെയൊരു ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്:

«لَا تَقْرَأُ الحَاِئُض وَلَا الجُنُبُ شَيْئًا مِنَ الْقُرْآنِ».

"ആർത്തവസ്ഥയിലുള്ള സ്ത്രീയും ജനാബത്തുകാരനും ഖുർആനിൽ നിന്ന് ഒന്നും പാരായണം ചെയ്യരുത്."39 ഇതാകട്ടെ ദഈഫ് ആണെന്ന കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ച അഭിപ്രായമുണ്ട്.40.

നബി()യുടെ കാലത്തും സ്ത്രീകൾ ആർത്തവകാരികൾ ആകാറുണ്ടായിരുന്നല്ലോ. നമസ്കാരം പോലെ ഖുർആൻ പാരായണവും അവൾക്ക് നിഷിദ്ധമായിരുന്നെങ്കിൽ മുസ്ലിം സമുദായത്തിന് അവിടുന്ന് വിവരിച്ചു കൊടുത്ത കാര്യങ്ങളിൽ അതും ഉൾപെടുമായിരുന്നു. നബിയുടെ പത്നിമാർ അത് മനസ്സിലാക്കുമായിരുന്നു. ജനങ്ങൾ കാര്യം റിപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാൽ അത്തരം യാതൊരു വിലക്കും ഒരാളും നബി()യിൽ നിന്നും റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിക്ക്, അഥവാ വിരോധിച്ചില്ലെന്ന് വ്യക്തമായി മനസ്സിലാകുന്ന സ്ഥിതിക്ക് അവൾ ഖുർആൻ ഓതുന്നത് നിഷിദ്ധമാക്കുവാൻ പാടില്ല. തന്റെ കാലത്ത് ധാരാളം ആർത്തവകാരികൾ ഉണ്ടായിരിക്കെ അവർ ഖുർആൻ ഓതിയത് നബി() വിരോധിച്ചില്ലെങ്കിൽ അത് ഹറാമല്ല എന്നു തന്നെയാണ് മനസിലാക്കേണ്ടത്.41

പണ്ഡിതൻമാർക്കിടയിലെ അഭിപ്രായ ഭിന്നത കണക്കിലെടുത്ത് നമുക്ക് പറയാനുള്ളത് ഇതാണ്. ക്ലാസ്സെടുക്കുന്ന അദ്ധ്യാപിക, പരീക്ഷക്ക് വായിക്കുന്ന വിദ്യാർത്ഥിനി എന്നിവരെപ്പോലെ പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ ആർത്തവകാരി നാവ് കൊണ്ട് ഉരുവിട്ട് ഖുർആൻ ഓതാതിരിക്കുകയാണ് അഭികാമ്യം.

2. നോമ്പ്: ആർത്തവകാരി നോമ്പ് നോൽക്കൽ ഹറാമാകുന്നു. നിർബന്ധമായതോ ഐച്ഛികമായതോ ആകട്ടെ; നോമ്പെടുക്കാൻ പാടില്ല. നോറ്റാൽ സ്വീകാര്യവുമല്ല. എന്നാൽ നിർബന്ധ നോമ്പ് മറ്റൊരവസരത്തിൽ നോട്ട് വീട്ടണം. കാരണം ആയിഷ (رَضِيَ اللَّهُ عَنْها) പറയുന്നു:

"كَانَ يُصِيبُنَا ذَلِكَ -تَعْنِي: الْحَيْضَ- فَنُؤْمَرُ بِقَضَاءِ الصَّوْمِ وَلَا نُؤْمَرُ بِقَضَاءِ الصَّلَاةِ".

ഞങ്ങൾക്ക് ആർത്തവമുണ്ടാകാറുണ്ട്. തദവസരത്തിലെ നോമ്പ് നോറ്റ് വീട്ടാൻ കൽപിക്കപ്പെട്ടിരുന്നു. എന്നാൽ നമസ്കാരം 'ഖദാ' വീട്ടാൻ കൽപിക്കപ്പെട്ടിരുന്നില്ല. (ബുഖാരി, മുസ്ലിം)424344

നോമ്പ് നോറ്റവളായിരിക്കെ ആർത്തവമുണ്ടായാൽ അവളുടെ നോമ്പ് അസാധുവായിത്തീരും. അത് സൂര്യാസ്തമയത്തിന്റെ തൊട്ട് മുമ്പാണെങ്കിലും ശരി. നിർബന്ധമായ നോമ്പായിരുന്നു അതെങ്കിൽ പിന്നീടത് നോറ്റ് വീട്ടണം. എന്നാൽ സൂര്യാസ്തമയത്തിന്റെ മുമ്പ് തന്നെ ഋതുമതിയാകുന്ന ലക്ഷണങ്ങൾ ആന്തരികമായി അനുഭവപ്പെട്ടെങ്കിലും അസ്തമയത്തിന് ശേഷമാണ് രക്തം പുറത്ത് വന്നത് എന്ന് കരുതുക. എങ്കിൽ അവളുടെ നോമ്പ് അസാധുവല്ല. പൂർണമായും ശരിയാണ്. കാരണം, ശരീരത്തിനുളളിലെ രക്തവുമായി വിധിവിലക്കുകൾ ബന്ധപ്പെടുന്നില്ല. ഇതാണ് വിഷയത്തിലെ ശരിയായ അഭിപ്രായം.

കാരണം, പുരുഷൻമാർക്ക് സ്വപ്ന സ്ഖലനമുണ്ടാകുന്നതിന് സമാനമായ അവസ്ഥ സ്ത്രീകൾക്കുണ്ടായാൽ അവൾ കുളിക്കേണ്ടതുണ്ടോ എന്ന് നബി() യോട് ചോദിക്കപ്പെട്ടു.

قال: «نَعَمْ إِذَا هِيَ رَأَتِ الْمَاءَ».

തിരുമേനി പറഞ്ഞു: "അതെ, അവൾ ദ്രാവകം കണ്ടുവെങ്കിൽ."45 വിധി ബാഹ്യമായി കാണുന്ന ദ്രാവകത്തോടാണ് ബന്ധപ്പെടുത്തിയത്; ആന്തരികമായി അത് പുറപ്പെടുന്നതിനോടല്ല. ആർത്തവവും ഇത് പോലെതന്നെയാണ്. രക്തം ബാഹ്യമായി കാണുമ്പോൾ മാത്രമേ വിധി വിലക്കുകൾ പാലിക്കേണ്ടതുള്ളൂ. ആന്തരികമായ അനുഭവം പ്രശ്നമല്ല.

ഋതുമതിയായിക്കൊണ്ട് പ്രഭാതം പ്രാപിക്കുന്നവൾ നോമ്പ് നോൽക്കാൻ പാടില്ല. നിമിഷങ്ങൾക്ക് ശേഷം ശുദ്ധി കൈവന്നാൽ പോലും.

അതുപോലെ പ്രഭാതമാകുന്നതിന്റെ അൽപം മുമ്പ് ശുദ്ധിയായവൾ നേരം പുലർന്ന ശേഷമാണ് കുളിക്കുന്നതെങ്കിലും അവളുടെ നോമ്പ് ശരിയാകും. രാത്രിയിൽ ജനാബത്തുകാരനായവൻ കുളിക്കുന്നത് പ്രഭാതം (സുബ്ഹ്) ആയതിന് ശേഷമാണെങ്കിലും നോമ്പ് നിയ്യത്തുണ്ടെങ്കിൽ അവന്റെ നോമ്പ് ശരിയാകുന്നത് പോലെ. ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്ത ഹദീഥ്: അവർ പറഞ്ഞു:

"كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصْبِحُ جُنُبًا مِنْ جِمَاعٍ غَيْرِ احْتِلَامٍ ثُمَّ يَصُومُ فِي رَمَضَانَ".

നബി -- റമദാൻ മാസത്തിൽ ജനാബത്തുകാരനായിരിക്കെ പ്രഭാതം പ്രാപിക്കാറുണ്ട്. സ്വപ്നസ്ഖലനം മൂലമല്ല, ലൈംഗിക വേഴ്ചയാൽ തന്നെ. എന്നിട്ട് നോമ്പനുഷ്ഠിക്കുകയും ചെയ്യും. (ബുഖാരി, മുസ്ലിം)

3. കഅ്ബാലയം ത്വവാഫ് ചെയ്യൽ: ഋതുമതി കഅ്ബ ത്വവാഫ് ചെയ്യാൻ പാടില്ല. നിർബന്ധമായ ത്വവാഫോ ഐച്ഛികമായ ത്വവാഫോ അവൾ ചെയ്യരുത്. ത്വവാഫ് ചെയ്താൽ അത് സ്വീകാര്യവുമല്ല. സ്വഫാ-മർവക്കിടയിലെ സഅ്യ്, അറഫയിൽ നിൽക്കൽ, മുസ്ദലിഫയിൽ രാത്രി കഴിച്ചു കൂട്ടൽ, മിനായിൽ താമസിക്കൽ, കല്ലേറ് നടത്തൽ തുടങ്ങി ഹജ്ജിലെയും ഉംറയിലെയും ത്വവാഫല്ലാത്ത എല്ലാ കർമ്മങ്ങളും അവൾക്ക് നിർവ്വഹിക്കാം. അവയൊന്നും നിഷിദ്ധമല്ല. കാരണം ആയിഷ(رَضِيَ اللَّهُ عَنْها) ഋതുമതിയായപ്പോൾ നബി () അവരോട് പറഞ്ഞു:

«افْعَلِي مَا يَفْعَلُ الْحَاجُّ غَيْرَ أَلَّا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي».

ഹജ്ജ് ചെയ്യുന്നവർ ചെയ്യുന്നതെല്ലാം നീ ചെയ്യുക; എന്നാൽ ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുതെന്ന് മാത്രം."46

അതിനാൽ ത്വവാഫ് കഴിഞ്ഞയുടനെ ഒരു സ്ത്രീക്ക് ആർത്തവമുണ്ടായി എന്നു കരുതുക. അല്ലെങ്കിൽ സഅ്യിനിടയിൽ ആർത്തവമുണ്ടായി. എങ്കിൽ അതവൾ പ്രശ്നമാക്കേണ്ടതില്ല. (അവൾക്ക് തുടർന്നുള്ള കർമ്മങ്ങളെല്ലാം നിർവ്വഹിക്കാം)

4. ആർത്തവകാരി ത്വവാഫുൽ വദാഅ് നിർവഹിക്കണമെന്നില്ല. ഹജ്ജും ഉംറയും പൂർത്തിയാക്കിയ സ്ത്രീ മക്കയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ് ആർത്തവകാരിയായാൽ ത്വവാഫുൽ വദാഅ് ചെയ്യാതെ തന്നെ അവൾക്ക് നാട്ടിലേക്ക് മടങ്ങാം. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:

"أُمِرَ النَّاسُ أَنْ يَكُونَ آخِرُ عَهْدِهِمْ بِالْبَيْتِ، إِلَّا أَنَّهُ خُفِّفَ عَنِ الْمَرْأَةِ الْحَائِضِ".

"(ഹജ്ജ് ചെയ്ത) ജനങ്ങളുടെ അവസാനത്തെ പ്രവർത്തനം കഅ്ബയുമായി ബന്ധപ്പെട്ടതായിരിക്കണം എന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു; എന്നാൽ ഇക്കാര്യത്തിൽ ആർത്തവകാരികളായ സ്ത്രീകൾക്ക് ഇളവ് നൽകപ്പെട്ടിരിക്കുന്നു." (ബുഖാരി, മുസ്'ലിം)4748

ആർത്തവകാരിയാണെങ്കിൽ മക്ക വിട്ടു പോകുന്ന സമയത്ത് മസ്ജിദുൽ ഹറാമിന്റെ കവാടത്തിൽ വന്ന് പ്രാർത്ഥിച്ച് യാത്ര തിരിക്കുന്ന ഒരു സമ്പ്രദായം കാണപ്പെടുന്നുണ്ട്. അത് തെറ്റാണ്. അതിൽ യാതൊരു പുണ്യവുമില്ല. കാരണം നബി()യിൽ നിന്നത് സ്ഥിരപ്പെട്ടിട്ടില്ല. ആരാധനാ കർമ്മങ്ങളെല്ലാം നബി()യിൽ നിന്നു ലഭിച്ച പ്രമാണങ്ങളിൽ അധിഷ്ഠിതമായിരിക്കണം. ഇവിടെയാകട്ടെ മേൽ സമ്പ്രദായത്തിനെതിരെയാണ് നബി()യിൽ നിന്ന് സ്ഥിരപ്പെട്ട പ്രമാണങ്ങൾ വിരൽ ചൂണ്ടുന്നത്. അവിടുത്തെ പത്നി സ്വഫിയ്യ(رَضِيَ اللَّهُ عَنْها)ക്ക് ത്വവാഫുൽ ഇഫാദക്ക് ശേഷം ആർത്തവം ഉണ്ടായപ്പോൾ നബി() അവരോട് പറഞ്ഞു:

«فَلْتَنْفِرْ إِذَنْ».

"എങ്കിൽ പുറപ്പെട്ടു കൊള്ളുക." (ബുഖാരി, മുസ്ലിം)

അവരോട് മസ്ജിദിന്റെ കവാടത്തിൽ ചെല്ലാൻ നബി () അനുശാസിച്ചില്ല. അതൊരു പുണ്യകർമ്മമായിരുന്നെങ്കിൽ അവിടുന്നത് വ്യക്തമാക്കുമായിരുന്നു. എന്നാൽ ഹജ്ജിന്റെയും ഉംറയുടെയും അനിവാര്യ ഘടകങ്ങളായ ത്വവാഫുകൾ അവളും നിർവ്വഹിക്കണം. അത് പക്ഷെ ശുദ്ധി പ്രാപിച്ച ശേഷം മാത്രമായിരിക്കണം.

5. മസ്ജിദിൽ കഴിച്ചുകൂട്ടൽ: ആർത്തവമുള്ളവൾ മസ്ജിദിൽ കഴിഞ്ഞുകൂടാൻ പാടില്ല. ഈദ്ഗാഹിൽ പോലും നമസ്കാരസ്ഥലത്തു നിന്ന് ഒഴിഞ്ഞു നിൽക്കാനാണല്ലോ അവൾ കൽപിക്കപ്പെട്ടത്. ഉമ്മു അത്വിയ്യ (رَضِيَ اللَّهُ عَنْها) നിവേദനം: അവർ നബി () പറയുന്നത് കേട്ടു:

«يَخْرُجُ الْعَوَاتِقُ وَذَوَاتُ الْخُدُورِ وَالْحُيَّضُ».

"പ്രായപൂർത്തിയായ സ്ത്രീകളും വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത (അവിവാഹിതകളായ) സ്ത്രീകളും ആർത്തവകാരികളും പുറപ്പെടട്ടെ." ഹദീഥിൽ ഇങ്ങനെ വന്നത് കാണാം:

«يَعْتَزِلُ الْحُيَّضُ الْمُصَلَّى».

"ആർത്തവമുള്ളവർ നമസ്കാര സ്ഥലത്തു നിന്ന് മാറി നിന്നാൽ മതി." (ബുഖാരി, മുസ്ലിം)49

6. ലൈംഗിക വേഴ്ച: ഋതുമതിയുമായി ലൈംഗിക വേഴ്ചയിലേർപ്പെടുന്നത് ഭർത്താവിന് നിഷിദ്ധമാണ്. അതിന് വഴങ്ങിക്കൊടുക്കൽ അവൾക്കും ഹറാമാണ്. അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളതിനാൽ:

﴿وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى فَٱعۡتَزِلُواْ ٱلنِّسَآءَ فِي ٱلۡمَحِيضِ وَلَا تَقۡرَبُوهُنَّ حَتَّىٰ يَطۡهُرۡنَۖ...﴾

"ആര്ത്തവത്തെപ്പറ്റി അവര്നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്ആര്ത്തവഘട്ടത്തില്നിങ്ങള്സ്ത്രീകളുമായി (ലൈംഗിക ബന്ധത്തിൽ നിന്ന്) അകന്നു നില്ക്കേണ്ടതാണ്‌. അവര്ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്പാടില്ല..." (ബഖറ: 222) ഇവിടെ ആർത്തവ ഘട്ടം എന്നതിന് 'മഹീദ്' എന്നാണ് ഖുർആൻ പ്രയോഗിച്ചത്. 'മഹീദ്' എന്ന പദത്തിന് ആർത്തവകാലം എന്ന പോലെ ആർത്തവസ്ഥാനം എന്നും അർത്ഥം പറയാം. അതിനാൽ വെടിഞ്ഞു നിൽക്കേണ്ടത് ജനനേന്ദ്രിയത്തെയാണെന്ന് മനസ്സിലാക്കാം. നബി -- പറഞ്ഞു:

«اصْنَعُوا كُلَّ شَيْءٍ إِلَّا النِّكَاحَ».

"ലൈംഗികാവയവം ലൈംഗികാവയവത്തിൽ പ്രവേശിപ്പിക്കുക ഒഴികെ എല്ലാം നിങ്ങൾ ചെയ്തോളൂ." മുസ്ലിം50 ആർത്തവ ഘട്ടത്തിൽ ലൈംഗിക വേഴ്ച നിഷിദ്ധമാണെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതർക്ക് ഏകാഭിപ്രായമുണ്ട്. (ഇജ്മാഅ്)

അതിനാൽ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാൾക്കും വിശുദ്ധ ഖുർആനും തിരുസുന്നത്തും ഇജ്മാഉം വിലക്കിയ നിഷിദ്ധ വൃത്തിയിലേർപ്പെടാൻ പാടില്ല. അതിന് തുനിയുന്നവൻ അല്ലാഹുവോടും തിരുദൂതരോടും ധിക്കാരം പ്രവർത്തിക്കുകയാണ്. സത്യവിശ്വാസം സ്വീകരിച്ചവരുടേതല്ലാത്ത മറ്റൊരു സരണി പിൻപറ്റിയിരിക്കുന്നു. മജ്മൂഉ ശർഹിൽ മുഹദ്ദബിൽ ഇമാം നവവി പറയുന്നു: ഇമാം ശാഫിഈ (رحمه الله) പറഞ്ഞിരിക്കുന്നു: "ആർത്തവഘട്ടത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടവൻ കൊടുംപാപം പ്രവർത്തിച്ചിരിക്കുന്നു." നമ്മുടെ മദ്ഹബിലെ പണ്ഡിതന്മാരും അല്ലാത്തവരും പ്രസ്താവിച്ചിരിക്കുന്നു: "അത് അനുവദനീയമാണെന്ന് വാദിച്ചവന്റെ വിധി അവൻ കാഫിറായിരിക്കുന്നു എന്നതാകുന്നു"

അല്ലാഹുവിന് സ്തുതി. ലൈംഗിക വേഴ്ച പാടില്ലെങ്കിലും അവളുടെ ജനനേന്ദ്രിയമൊഴികെ ഏത് ഭാഗവും സ്പർശിക്കാം. ചുംബനം, ആലിംഗനം തുടങ്ങി വൈകാരിക താൽപര്യങ്ങളെ തൃപ്തിപ്പെടുത്താവുന്നതൊക്കെ അവർക്ക് പരസ്പരം പങ്കുവെക്കാം. എങ്കിലും അവളുടെ മുട്ട് - പൊക്കിളിന്നിടയിലുളള ഭാഗം നേരിട്ട് സ്പർശിക്കാതിരിക്കുന്നതാണുത്തമം. ആഇശ -رَضِيَ اللَّهُ عَنْهَا-യുടെ വചനപ്രകാരം:

"كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُنِي فَأَتَّزِرُ فَيُبَاشِرُنِي وَأَنَا حَائِضٌ".

നബി -- എന്നോട് 'ഇസാർ' (അരക്ക് താഴെയുള്ളത് മറക്കുന്ന വസ്ത്രം) ധരിക്കാൻ കൽപ്പിക്കുകയും ഞാനത് ധരിക്കുകയും ചെയ്യും; ശേഷം -എനിക്ക് ആർത്തവമുള്ള സന്ദർഭങ്ങളിൽ- അവിടുന്ന് ബാഹ്യകേളികളിൽ ഏർപ്പെടുമായിരുന്നു. (ബുഖാരി, മുസ്'ലിം)

7. വിവാഹമോചനം. ആർത്തവ ഘട്ടത്തിൽ ഭാര്യയെ ത്വലാഖ് ചൊല്ലൽ ഹറാമാകുന്നു; ഖുർആനിലെ കൽപന പ്രകാരം:

﴿يَاأَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾

"നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്അവരെ നിങ്ങള്അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുക." (ത്വലാഖ്: 1) അതായത് ത്വലാഖ് ചൊല്ലപ്പെടുമ്പോൾ മുതൽ നിശ്ചിത ഇദ്ദ ആരംഭിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകണമെന്നർത്ഥം. ഗർഭിണിയായിരിക്കുമ്പോഴും ലൈംഗിക ബന്ധം നടക്കാത്ത ശുദ്ധിഘട്ടത്തിലുമാണ് അവസ്ഥയുണ്ടാവുക കാരണം ആർത്തവഘട്ടത്തിൽ വിവാഹ മോചിതയായാൽ നാളുകൾ ഇദ്ദയിൽ എണ്ണുകയില്ല. അതിനാൽ ഇദ്ദകാലം ആരംഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവരും. ശുദ്ധി ഘട്ടത്തിൽ ലൈംഗിക ബന്ധമുണ്ടായ ശേഷമാണ് ത്വലാഖ് എങ്കിൽ പ്രസ്തുത ബന്ധത്തിൽ ഗർഭമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദീക്ഷാകാലം ഏത് രീതിയിലാണെന്ന് തിട്ടപ്പെടുത്താനാവില്ല. അഥവാ മൂന്ന് ആർത്തവചക്രമാണോ അതോ ഗർഭം പ്രസവിക്കുന്നത് വരെയാണോ ഇദ്ദ ആചരിക്കേണ്ടത് എന്ന കാര്യത്തിൽ കണിശമായ ഒരവസ്ഥയുണ്ടാകുന്നില്ല എന്നർത്ഥം. ഇത്തരത്തിൽ ഇദ്ദയുടെ ഇനം ഏതായിരിക്കണമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ കാര്യം വ്യക്തമാകാത്ത ഘട്ടത്തിൽ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാക്കപ്പെട്ടു.

അപ്പോൾ ഉപര്യുക്ത ഖുർആൻ സൂക്ത പ്രകാരം ആർത്തവ ഘട്ടത്തിൽ ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാണെന്ന് വ്യക്തമായി. കൂടാതെ ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക. ഉമർ ഖത്താബിന്റെ മകൻ അബ്ദുല്ല (رَضِيَ اللَّهُ عَنْه) തന്റെ ഭാര്യയെ ആർത്തവ ഘട്ടത്തിൽ ത്വലാഖ് ചൊല്ലി. കാര്യം ഉമർ(رَضِيَ اللَّهُ عَنْه) നബി()യോട് പറഞ്ഞു. അപ്പോൾ തിരുമേനി കോപാകുലനായി ഇങ്ങനെ പ്രതികരിച്ചു:

«مُرْهُ فَلْيُرَاجِعْهَا ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ، ثُمَّ تَحِيضَ، ثُمَّ تَطْهُرَ، ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ، وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ، فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ».

"അവനോട് വീണ്ടും അവളെ ഭാര്യയായി സ്വീകരിക്കാൻ പറയൂ. അവൾ ശുദ്ധിയായ ശേഷം വീണ്ടും മാസമുറയുണ്ടായി ശുദ്ധിയാവട്ടെ. എന്നിട്ട് വേണമെങ്കിൽ അവൻ വിവാഹമോചനം നടത്തട്ടെ. അത് പക്ഷെ, ബന്ധപ്പെടുന്നതിന് മുമ്പാകണം. ഇതത്രെഇദ്ദ കാലത്തിന് കണക്കാക്കി വേണം സ്ത്രീകളെ ത്വലാഖ് ചൊല്ലാൻഎന്ന അല്ലാഹുവിന്റെ കൽപന."51

അതിനാൽ ഋതുമതിയായിരിക്കെ തന്റെ ഭാര്യയെ ഒരാൾ ത്വലാഖ് ചൊല്ലിയാൽ അവൻ കുറ്റക്കാരനാണ്. വന്നുപോയ തെറ്റിന് പശ്ചാത്തപിക്കുന്നതോടൊപ്പം അവളെ വീണ്ടും ഭാര്യയായി തിരിച്ചെടുക്കണം. പിന്നീട് മുറപ്രകാരം അല്ലാഹുവും തിരുദൂതരും അനുശാസിച്ചപോലെ ത്വലാഖ് ചൊല്ലണം. അഥവാ അവൾ ശുദ്ധിപ്രാപിച്ച് വീണ്ടും മാസമുറയുണ്ടായി ശുദ്ധികൈവരുന്നത് വരെ കാത്തിരിക്കണം. ശേഷം വേണമെങ്കിൽ ത്വലാഖ് ചൊല്ലാം. അത് പക്ഷെ, ബന്ധപ്പെടുന്നതിന് മുമ്പാകണം.

മൂന്നു സന്ദർഭങ്ങളിൽ നിയമം ബാധകമല്ല.

1. വിവാഹം കഴിഞ്ഞു. പക്ഷെ അവളുമായി ഒറ്റക്കാവുകയോ അവളെ സ്പർശിക്കുകയോ ചെയ്യുന്നതിനു മുൻപാണ് ത്വലാഖ് സംഭവിച്ചത് എങ്കിൽ. സന്ദർഭത്തിൽ അവൾ ആർത്തവകാരിയാണോ അല്ലേ എന്ന് ശ്രദ്ധിക്കേണ്ടതില്ല. കാരണം അപ്പോൾ അവൾ ഇദ്ദയാചരിക്കേണ്ടതില്ല; അതിനാൽ അവളെ വിവാഹ മോചനം നടത്തുന്നത് അല്ലാഹുവിന്റെ ആയത്തിന് എതിരെ പ്രവർത്തിക്കൽ ആവുകയില്ല.

﴿...فَطَلِّقُوهُنَّ لِعِدَّتِهِنَّ...﴾

"അവരെ നിങ്ങള്അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുക." (ത്വലാഖ്: 1)

2. ഗർഭിണിയെ ത്വലാഖ് ചൊല്ലുമ്പോൾ വിരളമായെങ്കിലും കാണാറുള്ള ആർത്തവം ഉണ്ടോ ഇല്ലേ എന്ന് ഗൗനിക്കേണ്ടതില്ല. കാരണം ഗർഭിണിയുടെ ദീക്ഷാകാലം ആർത്തവ ചക്രവുമായി ബന്ധപ്പെട്ടതല്ല. (ഇക്കാര്യം നേരത്തെ വിശദീകരിച്ചിട്ടുണ്ട്)

3. സ്ത്രീയുടെ ആവശ്യ പ്രകാരം അവളിൽ നിന്ന് ത്വലാഖിന് പകരമായി വല്ലതും സ്വീകരിച്ചുകൊണ്ടാണ് ത്വലാഖ് എങ്കിൽ ആർത്തവ ഘട്ടത്തിൽ ത്വലാഖ് ചൊല്ലുന്നതിന് വിരോധമില്ല.

ഉദാഹരണമായി ദമ്പതികൾക്കിടയിൽ പരസ്പരം ഒരുമിച്ചു പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. തദ്ഫലമായി ബന്ധം വിഛേദിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. പകരമായി ഭർത്താവിന് നൽകേണ്ടത് നൽകാമെന്ന് ഭാര്യ അംഗീകരിക്കുകയും ചെയ്തു. സന്ദർഭത്തിൽ അവൾ ആർത്തവകാരിയാണെങ്കിലും ത്വലാഖ് ചൊല്ലാം. ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْه) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം. സാബിത് ബിൻ ഖൈസിന്റെ ഭാര്യ നബി() യുടെ അരികിൽ വന്നു. അവൾ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ! അദ്ദേഹത്തിന്റെ സ്വഭാവത്തിലോ, മതനിഷ്ഠയിലോ എനിക്ക് പരാതിയില്ല. പക്ഷെ ഇസ്ലാമിൽ നിന്നുകൊണ്ട് നന്ദികേട് കാണിക്കുന്നത് ഞാൻ വെറുക്കുന്നു. നബി() ചോദിച്ചു:

«أَتَرُدِّينَ عَلَيْهِ حَدِيقَتَهُ؟»

"നീ അയാളുടെ തോട്ടം അയാൾക്ക് തിരികെ നൽകുമോ?" അവർ പറഞ്ഞു: "അതെ." അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ() പറഞ്ഞു:

«اقْبَلِ الْحَدِيقَةَ وَطَلِّقْهَا تَطْلِيقَةً».

"നീ തോട്ടം സ്വീകരിക്കുക; അവളെ ഒരു ത്വലാഖ് ചൊല്ലുക." (ബുഖാരി)52

ഇവിടെ അവൾ ഋതുമതിയാണോ അല്ലേ എന്ന് നബി() അന്വേഷിച്ചിട്ടില്ല. കാരണം അവളുടെ ആവശ്യ പ്രകാരമാണ് വിവാഹ മോചനം നടന്നത്. അപ്പോൾ അതിന് ആവശ്യം വന്നാൽ ഏതുസന്ദർഭത്തിലും അത് അനുവദനീയമാണ്. (ഇങ്ങനെ ഭാര്യയുടെ ആവശ്യപ്രകാരം നടക്കുന്ന ത്വലാഖിന് സാങ്കേതികമായി ഖുൽഅ് എന്നു പറയുന്നു. വിവ.)

ഖുൽഇന്റെ സന്ദർഭത്തിൽ ആർത്തവകാരിയാണോ അല്ലേ എന്ന് നോക്കേണ്ടതില്ല എന്നു പറഞ്ഞുവല്ലോ. എന്താണതിന്റെ കാരണം? ഇമാം ഇബ്നു ഖുദാമ തന്റെ 'മുഗ്നി'യിൽ പറയുന്നത് കാണുക. ആർത്തവ ഘട്ടത്തിൽ ത്വലാഖ് നടന്നാൽ അവളുടെ ദീക്ഷാകാലം ദീർഘിക്കും. അവൾക്കത് പ്രയാസകരമാണ്. എന്നാൽ അതിനെക്കാൾ ദുഷ്കരമാണ് താൻ വെറുക്കുകയും, സഹവാസം ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു പുരുഷനോടൊപ്പം കഴിച്ചുകൂട്ടൽ. അതിനാൽ കൂടുതൽ ദുഷ്കരമായതിനെ ഒഴിവാക്കാൻ വേണ്ടി അൽപം പ്രയാസകരമായത് മതം അനുവദിച്ചിരിക്കുകയാണ്. അതത്രെ നബി() ബന്ധവിഛേദം ആവശ്യപ്പെട്ട സ്ത്രീയോട് അവളുടെ ശാരീരികാവസ്ഥ അന്വേഷിക്കാത്തതിന്റെ പൊരുൾ.

വിവാഹം ചെയ്യാമോ? ആർത്തവ ഘട്ടത്തിൽ വിവാഹം ചെയ്യുന്നതിന് വിരോധമുണ്ടോ? ഇല്ല. യാതൊരു വിരോധവുമില്ല. കാരണം കാര്യം വിലക്കുന്ന ഒരു പ്രമാണവുമില്ല. പക്ഷെ സഹശയനം ശ്രദ്ധിക്കണം. ആത്മനിയന്ത്രണം കൈകൊള്ളാൻ സാധിക്കുമെന്ന് ഉറപ്പുള്ളവന് സഹശയനമാകാം. അങ്ങനെയുള്ളവരെ അതിന് അനുവദിക്കാം. എന്നാൽ ലൈംഗിക വേഴ്ചയിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളവൻ നിഷിദ്ധ വൃത്തിയിൽ അകപ്പെടാതിരിക്കാൻ വേണ്ടി ശുദ്ധികാലം വരെ സഹശയനം ഒഴിവാക്കണം.

8. ദീക്ഷാകാലം: ലൈംഗിക വേഴ്ച നടക്കുകയോ, അല്ലെങ്കിൽ അവളുമായി ഭർത്താവ് ഒറ്റക്കാവുകയോ ചെയ്ത ശേഷം വിവാഹ മോചിതയാകുന്ന സ്ത്രീ, ആർത്തവമുള്ളവളായിരിക്കയും ഗർഭിണിയല്ലാതിരിക്കുകയും ചെയ്യുന്ന പക്ഷം, മൂന്ന് പൂർണമായ ആർത്തവചക്രം വരെ ഇദ്ദയാചരിക്കണം; കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿وَٱلۡمُطَلَّقَٰتُ يَتَرَبَّصۡنَ بِأَنفُسِهِنَّ ثَلَٰثَةَ قُرُوٓءٖۚ...﴾

"വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്തങ്ങളുടെ സ്വന്തം കാര്യത്തില്മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌." (ബഖറ: 228) മൂന്ന് 'ഖുറൂഅ്' കാത്തിരിക്കണം എന്നാണ് അല്ലാഹു പറഞ്ഞത്. മൂന്ന് ആർത്തവം എന്നാണ് അതിന്റെ അർത്ഥം. ഗർഭിണിയാണെങ്കിൽ ഗർഭം പ്രസവിക്കുന്നത് വരെയാണ് ഇദ്ദ കാലം. ഗർഭകാലം അൽപം മാത്രമോ അല്ലെങ്കിൽ ദീർഘിച്ചതോ ആണെങ്കിലും ഒരേ വിധി തന്നെയാണ്. കാരണം, അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿...وَأُوْلَاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ...﴾

"ഗർഭിണികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവര്തങ്ങളുടെ ഗര്ഭം പ്രസവിക്കലാകുന്നു." (ത്വലാഖ്: 4) ആർത്തവമുണ്ടായിട്ടില്ലാത്ത ബാലികയോ, ആർത്തവ വിരാമം പ്രാപിച്ച പ്രായം ചെന്നവളോ, ഗർഭാശയം നീക്കം ചെയ്യപ്പെട്ടവളോ, മറ്റെന്തെങ്കിലും കാരണത്താൽ ആർത്തവമുണ്ടാകാൻ സാദ്ധ്യതയില്ലാത്തവളോ ആണെങ്കിൽ മൂന്നുമാസമാണ് ഇദ്ദ ആചരിക്കേണ്ടത്. അല്ലാഹു പറഞ്ഞിരിക്കുന്നതു:

﴿وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ...﴾

"നിങ്ങളുടെ സ്ത്രീകളില്നിന്നും ആര്ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്അവരുടെ ഇദ്ദഃയുടെ കാര്യത്തില്സംശയത്തിലാണെങ്കില്അത് മൂന്ന് മാസമാകുന്നു. ആര്ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ..." (ത്വലാഖ്: 4) പതിവായി ആർത്തവമുണ്ടാകുന്ന ഒരു സ്ത്രീക്ക്, മുലയൂട്ടുക, രോഗിയാവുക തുടങ്ങിയ കാരണത്താൽ ആർത്തവമുണ്ടാകാൻ താമസം നേരിട്ടാൽ അതുണ്ടാകുന്നത് വരെ കാത്തിരിക്കണം. ആർത്തവം തന്നെയാണ് അവർ ഇദ്ദക്ക് അടിസ്ഥാനമാക്കേണ്ടത്. ആർത്തവം ഉണ്ടാകാതിരിക്കാനുള്ള കാരണം നീങ്ങി. അഥവാ രോഗം മാറി. അല്ലെങ്കിൽ മുലയൂട്ടൽ നിർത്തി. എന്നിട്ടും ആർത്തവമുണ്ടാകുന്നില്ല. എങ്കിൽ തടസം നീങ്ങിയത് മുതൽ ഒരു വർഷമാണ് അവൾ ഇദ്ദയാചരിക്കേണ്ടത് അഭിപ്രായമാണ് ഏറ്റവും ശരിയായത്. മത തത്വങ്ങളോട് കൂടുതൽ യോജിക്കുന്നത് ഇതാണ്. കാരണം ഇത്തരം സന്ദർഭത്തിൽ പ്രത്യേക കാരണമില്ലാതെ ആർത്തവം അപ്രത്യക്ഷമാകുന്ന സ്ത്രീകളുടെ ഗണത്തിലാണ് അവൾ ഉൾപ്പെടുന്നത്. അത്തരം സ്ത്രീകൾ ഒരു വർഷം ഇദ്ദയാചരിക്കേണ്ടതാണ്. ഒമ്പത് മാസത്തെ ഇദ്ദ, ഗർഭിണിയായിരിക്കാനുള്ള സാധ്യത പരിഗണിച്ചു കൊണ്ടുള്ള സൂക്ഷ്മതക്ക് വേണ്ടിയാണ്. ബാക്കി മൂന്ന് മാസം ആർത്തവമില്ലാത്തവൾക്ക് നിശ്ചയിക്കപ്പെട്ട ഇദ്ദ കാലവും.

വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവുമായി ഒറ്റക്കാവലോ ലൈംഗിക വേഴ്ചയോ ഉണ്ടാകുന്നതിന് മുമ്പ് വിവാഹമോചനം ചെയ്യപ്പെട്ടവൾ ഇദ്ദയാചരിക്കേണ്ടതില്ല. ആർത്തവമോ മറ്റോ അതിനുവേണ്ടി പരിഗണിക്കേണ്ടതില്ല; ഖുർആനിലെ കൽപനപ്രകാരം:

﴿يَاأَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا...﴾

"സത്യവിശ്വാസികളേ, നിങ്ങള്സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്നിങ്ങള്എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്ക്കു നിങ്ങളോടില്ല." (അഹ്സാബ്: 49)

9. ഗർഭമില്ലെന്ന് സ്ഥിരീകരിക്കൽ. സ്ത്രീ ഗർഭിണിയാണോ അല്ലേ എന്ന് സ്ഥിരീകരിക്കേണ്ട ഘട്ടങ്ങൾ പല പ്രശ്നങ്ങളിലും ഉണ്ടാകാറുണ്ട്.

ഉദാഹരണമായി ഒരു സ്ത്രീയുടെ ഗർഭസ്ഥശിശു അനന്തരാവകാശിയാകുന്ന അവസ്ഥയിൽ ഒരാൾ മരിച്ചു എന്ന് കരുതുക. എങ്കിൽ അവൾ ഗർഭിണിയാണോ അല്ലേ എന്ന് വ്യക്തമാകുകയോ അവൾക്ക് ആർത്തവമുണ്ടാവുകയോ ചെയ്യുന്നത് വരെ അവളുമായി ഭർത്താവ് ലൈംഗിക ബന്ധം പുലർത്താൻ പാടില്ല. ഗർഭമുണ്ട് എന്ന് വ്യക്തമായാൽ ഗർഭസ്ഥശിശുവിന് അനന്തരാവകാശം ലഭിക്കും. കാരണം അയാൾ മരണപ്പെടുമ്പോൾ ശിശു ഉണ്ടായിരുന്നതായി കണക്കാക്കപ്പെടും. ആർത്തവമുണ്ടായാൽ ഗർഭാവസ്ഥയിലുള്ള അനന്തരാവകാശി ഇല്ല എന്ന് മനസ്സിലാക്കാം അഥവാ ആർത്തവം നിമിത്തമാണ് ഗർഭമില്ലെന്ന് സ്ഥിരീകരിക്കുക എന്നർത്ഥം.

10. കുളിക്കൽ: ശുദ്ധി പ്രാപിച്ചു കഴിഞ്ഞാൽ നിർബന്ധമായും ശരീരം മുഴുവൻ നനയുന്ന രൂപത്തിൽ അവൾ കുളിക്കേണ്ടതാണ്. കാരണം ഫാത്വിമ ബിൻത് അബീ ഹുബൈഷിനോട് നബി() പറഞ്ഞു:

«فَإِذَا أَقْبَلَتِ الْحَيْضَةُ فَدَعِي الصَّلَاةَ، وَإِذَا أَدْبَرَتْ فَاغْتَسِلِي وَصَلِّي».

"ആർത്തവമുണ്ടായാൽ നീ നമസ്കാരം ഉപേക്ഷിക്കുക, ആർത്തവം കഴിഞ്ഞാൽ കുളിക്കുകയും നമസ്കരിക്കുകയും ചെയ്യുക." (ബുഖാരി)53

മുടിയുടെ അടിഭാഗമടക്കം ശരീരം മുഴുവൻ കഴുകുന്നതോടെ കുളിയുടെ അനിവാര്യ രൂപം നിർവ്വഹിച്ചു എന്നു പറയാം. എന്നാൽ ഏറ്റവും അഭികാമ്യമായ കുളിയുടെ രൂപം ഹദീസിൽ വന്നിട്ടുണ്ട്. അസ്മാഅ് ബിൻത് ശക്ൽ എന്ന സ്വഹാബി വനിത നബി()യോട് ചോദിച്ചു: ഋതുമതി കുളിക്കേണ്ടത് എങ്ങനെയാണ്? അവിടുന്ന് പറഞ്ഞു:

«تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا فَتَطَهَّرُ فَتُحْسِنُ الطُّهُورَ، ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ دَلْكًا شَدِيدًا، حَتَّى تَبْلُغَ شُؤُونَ رَأْسِهَا، ثُمَّ تَصُبُّ عَلَيْهَا الْمَاءَ، ثُمَّ تَأْخُذُ فِرْصَةً مُمَسَّكَةً -أَيْ: قِطْعَةَ قُمَاشٍ فِيهَا مِسْكٌ- فَتَطَهَّرُ بِهَا»،

"താളിയും വെള്ളവും എടുക്കുക. നന്നായി വൃത്തിയാക്കുക. ശേഷം വെള്ളം തലയിലൊഴിച്ച് ശരിക്കും തേച്ചു വൃത്തിയാക്കുക. തലയുടെ തൊലിയിലെത്തുവോളം കഴുകുക. ശേഷം കസ്തൂരി പുരട്ടിയ പരുത്തി കൊണ്ട് വൃത്തിയാക്കുക." അസ്മാഅ് ചോദിച്ചു: അതുപയോഗിച്ച് എങ്ങനെ വൃത്തിയാക്കണം? അപ്പോൾ അവിടുന്ന് പറഞ്ഞു:

«سُبْحَانَ اللَّهِ!»

"അല്ലാഹു എത്ര പരിശുദ്ധൻ!", ആഇശ അവളോടു പറഞ്ഞു: "നീ രക്തത്തിന്റെ അടയാളമുള്ള ഭാഗമെല്ലാം വൃത്തിയാക്കുക."  (മുസ്'ലിം)54

മെടഞ്ഞ മുടി അഴിക്കേണ്ടതില്ല. മുടിയുടെ താഴെ വെള്ളമെത്താത്ത വിധം ശക്തമായി കെട്ടിയിട്ടുണ്ട് എങ്കിൽ മാത്രമേ അഴിക്കേണ്ടതുള്ളൂ. ഉമ്മു സലമ (رَضِيَ اللَّهُ عَنْها) നബിയോട് പറഞ്ഞു. ഞാൻ മുടി കൂട്ടിക്കെട്ടാറുണ്ട്. അശുദ്ധി നിമിത്തം കുളിക്കുമ്പോൾ ഞാൻ അത് അഴിച്ച് കഴുകേണ്ടതുണ്ടോ? മറ്റൊരു രിവായത്തിൽ: ആർത്തവത്തിന്റെയും ജനാബത്തിൻ്റെയും കുളിക്ക്? അപ്പോൾ നബി() പറഞ്ഞു:

«لَا، إِنَّمَا يَكْفِيكِ أَنْ تَحْثِيَ عَلَى رَأْسِكِ ثَلَاثَ حَثَيَاتٍ ثُمَّ تُفِيضِينَ عَلَيْكِ الْمَاءَ فَتَطْهُرِينَ».

"വേണ്ട; നീ മൂന്നു പ്രാവശ്യം തലയിൽ വെള്ളമൊഴിക്കുക. പിന്നെ ശരീരത്തിലാകെ വെള്ളമൊഴിച്ച് വൃത്തിയാകുക; അതുമതി."55

ശുദ്ധി പ്രാപിക്കുമ്പോൾ നമസ്കാര സമയമാെണങ്കിൽ എത്രയും പെട്ടെന്ന് കുളിച്ച് നിർണ്ണിത സമയത്ത് തന്നെ നമസ്കരിക്കണം. യാത്രയിലോ മറ്റോ പോലെ വെള്ളം ലഭ്യമല്ലാത്ത അവസ്ഥയിലും വെള്ളമുപയോഗിക്കുന്നത് ദോഷകരമാണെന്നോ രോഗം മുർഛിക്കാനിടവരുമെന്നോ ഭയപ്പെടുന്ന അവസ്ഥയിലും കുളിക്കുന്നതിന് പകരം തയമ്മും ചെയ്താൽ മതി. വെള്ളമുപയോഗിക്കാനാവുമ്പോൾ കുളിക്കുകയും ചെയ്യുക.

നമസ്കാരസമയം കഴിയുന്നതിന് മുമ്പ് ശുദ്ധി പ്രാപിച്ചാലും ചില സ്ത്രീകൾ കുളിക്കുന്നത് നീട്ടിവെക്കാറുണ്ട്. ഇപ്പോൾ വിശദമായി കുളിക്കാൻ നേരമില്ല എന്നാണവർ പറയാറുള്ളത്. ഇത്തൊരു ശരിയായ ന്യായമല്ല. അങ്ങനെ കുളി നീട്ടിവെക്കാൻ ഒഴിവുകഴിവൊന്നും തന്നെയില്ല. കാരണം നമസ്ക്കാരം നിശ്ചിത സമയത്ത് തന്നെ നിർവ്വഹിക്കൽ നിർബന്ധമാണ്. അതിനാൽ നിർബന്ധ ബാധ്യത വീടുന്ന രൂപത്തിൽ ചുരുങ്ങിയ നിലക്ക് പെട്ടെന്ന് കുളിച്ച് നമസ്കാരം നിർവ്വഹിക്കണം. പൂർണമായും സുന്നത്തുകൾ പാലിച്ചുള്ള കുളി പിന്നീട് കുളിക്കാവുന്നതാണ്.

ഇസ്തിഹാദത്തും വിധികളും

ഒരിക്കലും രക്ത സാന്നിധ്യം നിലയ്ക്കാതിരിക്കുക, അല്ലെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസം അഥവാ വളരെ ചുരുങ്ങിയ സമയം മാത്രം നിലയ്ക്കുക. ഇത്തരം അവസ്ഥയാണ് 'ഇസ്തിഹാദത്ത്' അഥവാ (രക്തസ്രാവം)

മേൽ പറഞ്ഞ രണ്ടവസ്ഥയും നബി()യുടെ കാലത്ത് കാണപ്പെട്ടിരുന്നു. ഒന്നാമത്തേതിനുള്ള തെളിവ് കാണുക: ആയിശാ(رَضِيَ اللَّهُ عَنْها) പറയുന്നതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു:. ഫാത്വിമ ബിൻത് അബീ ഹുബൈശ് നബി() യോട് പറഞ്ഞു:

"يَا رَسُولَ اللَّهِ إِنِّي لَا أَطْهُرُ".

"അല്ലാഹുവിന്റെ റസൂലേ! ഞാൻ ശുദ്ധി പ്രാപിക്കുന്നേയില്ല." മറ്റൊരു റിപ്പോർട്ടിൽ

"أَسْتَحَاضُ فَلَا أَطْهُرُ".

"എനിക്കെപ്പോഴും രക്തം സ്രവിക്കുന്നു. ശുദ്ധി വരുന്നേയില്ല."56

രണ്ടാമത്തെ അവസ്ഥ അഥവാ വളരെ കുറഞ്ഞ ദിവസങ്ങളിൽ മാത്രം രക്തം നിലക്കുന്ന അവസ്ഥക്കുള്ള തെളിവ് ഇതാണ്: ജഹ്ശിന്റെ മകൾ ഹംന(رَضِيَ اللَّهُ عَنْها)യുടെ ഹദീസിൽ കാണാം. അവൾ നബി()യുടെ അടുക്കൽ വന്നു പറഞ്ഞു:

"يَا رَسُولَ اللَّهِ إِنِّي أَسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً".

"അല്ലാഹുവിന്റെ റസൂലേ! എനിക്ക് ശക്തമായ രക്തസ്രാവം ധാരാളമായുണ്ടാകുന്നു."  അഹ്മദ്, അബൂദാവൂദ്, തിർമിദി.5758

ഇസ്തിഹാദത്തിന്റെ അവസ്ഥാഭേദങ്ങൾ

ഇസ്തിഹാദത് (നിരന്തര രക്തസ്രാവം) ഉണ്ടാകുന്ന സ്ത്രീകളെ മൂന്നായി തരം തിരിക്കാം.

(ഒന്ന്) രക്തസ്രാവമുണ്ടാകുന്നതിന് മുമ്പ് കൃത്യമായി മാസമുറ ഉണ്ടായിരുന്നവൾ. ഇത്തരം സ്ത്രീകൾ നേരത്തെ സാധാരണ മാസമുറയുണ്ടായിരുന്നന് ദിവസങ്ങൾ തന്നെ ആർത്തവ ദിനങ്ങളായി കണക്കാക്കി ബാക്കി ദിവസങ്ങൾ ഇസ്തിഹാദത്തായി ഗണിക്കണം.

ഉദാഹരണമായി എല്ലാ മാസവും ആദ്യത്തെ ആറ് ദിവസം ആർത്തവമുണ്ടായിരുന്ന ഒരു സ്ത്രീക്ക് അതിനു ശേഷം ഇസ്തിഹാദത് പ്രത്യക്ഷപ്പെട്ടു. പിന്നെ രക്തസ്രാവം നിലക്കാതായി. എങ്കിൽ എല്ലാ മാസവും ആദ്യത്തെ ആറ് ദിവസം ആർത്തവമായും ബാക്കി ദിവസങ്ങൾ ഇസ്തിഹാദതായും ഗണിക്കണം കാരണം ആയിഷാ (رَضِيَ اللَّهُ عَنْها) പറയുന്നു. അബൂ ഹുബൈഷിന്റെ മകൾ ഫാത്വിമ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എനിക്ക് രക്തസ്രാവമുണ്ടാകുന്നു. ശുദ്ധി പ്രാപിക്കുന്നേ ഇല്ല. ഞാൻ നമസ്കാരം ഉപേക്ഷിക്കാൻ പാടുണ്ടോ?" നബി () പറഞ്ഞു:

«لَا، إِنَّ ذَلِكَ عِرْقٌ، وَلَكِنْ دَعِي الصَّلَاةَ قَدْرَ الْأَيَّامِ الَّتِي كُنْتِ تَحِيضِينَ فِيهَا ثُمَّ اغْتَسِلِي وَصَلِّي».

"പാടില്ല. അതൊരു ഞരമ്പാണ്. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നമസ്കാരം ഉപേക്ഷിക്കുക. തുടർന്ന് കുളിച്ച് നമസ്കരിക്കുക." (ബുഖാരി)59

സ്വഹീഹു മുസ്ലിമിൽ കാണാം: നബി -- ജഹ്ഷിന്റെ മകൾ ഉമ്മു ഹബീബയോടു പറഞ്ഞു:

«امْكُثِي قَدْرَ مَا كَانَتْ تَحْبِسُكِ حَيْضَتُكِ ثُمَّ اغْتَسِلِي وَصَلِّي».

"എത്ര ദിവസാണോ നിനക്ക് ആർത്തവമുണ്ടാകാറുള്ളത് അത്രയും ദിവസം (നിസ്കരിക്കാതെ) കഴിച്ചുകൂട്ടുക. പിന്നീട് കുളിക്കുകയും നമസ്കരിക്കുകയും ചെയ്യുക."60

അപ്പോൾ കൃത്യമായി മാസമുറയുണ്ടാകുന്നവൾ ഇസ്തിഹാദത് ഉള്ളവളായാൽ മാസമുറയുടെ അത്രയും ദിവസങ്ങൾ ആർത്തവമായി കണക്കാക്കി അത് കഴിയുന്നതോടെ കുളിച്ച് നമസ്കാരം തുടങ്ങണം. രക്തസാന്നിദ്ധ്യം പ്രശ്നമാക്കേണ്ടതില്ല.

(രണ്ട്) നേരത്തെ കൃത്യമായ ഒരു മാസമുറ ഇല്ലാതിരുന്നവൾ. അതായത് ഋതുമതിയാകാൻ തുടങ്ങിയത് മുതൽ തന്നെ രക്തസ്രാവമുള്ളവളായി മാറി. അതിനാൽ എത്ര ദിവസമാണ് മാസമുറ എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ രക്തത്തിന്റെ വർണ്ണ വ്യത്യാസവും കട്ടിയും ഗന്ധവും മറ്റും പരിശോധിച്ച് ആർത്തവ രക്തവും അല്ലാത്തതും വേർതിരിക്കുകയും തദനുസരിച്ചുള്ള വിധിവിലക്കുകൾ പാലിക്കുകയുമാണ് ചെയ്യേണ്ടത്. ആർത്തവ രക്തം അതിന്റെ കറുപ്പ് നിറവും കട്ടിയും ഗന്ധവും മുഖേന വേർതിരിച്ചറിയാം.

ഉദാഹരണം: ഋതുമതിയായത് മുതൽ തന്നെ രക്തം നിലയ്ക്കാതെ തുടരുന്ന ഒരു സ്ത്രീ ആദ്യത്തെ പത്ത് ദിവസം രക്തത്തിന്റെ നിറം കറുപ്പും പിന്നീട് ചുവപ്പുമായി കണ്ടു. അല്ലെങ്കിൽ പത്ത് ദിവസം കട്ടിയുള്ളതും പിന്നീട് നേർത്തതുമായാണ് കണ്ടത്. അതുമല്ലെങ്കിൽ പത്ത് ദിവസം ആർത്തവ ഗന്ധത്തോടെയും പിന്നീട് അതില്ലാതെയുമാണ്. എങ്കിൽ കറുപ്പു നിറമോ കട്ടിയോ ആർത്തവ ഗന്ധമോ കണ്ട ആദ്യത്തെ പത്ത് ദിവസം ഋതുരക്തമായും ബാക്കി ദിവസങ്ങൾ ഇസ്തിഹാദത്തായും വിധിയെഴുതണം. കാരണം ഫാത്വിമ ബിൻത് അബീ ഹുബൈഷിനോട് നബി() പറഞ്ഞു:

«إِذَا كَانَ دَمُ الْحَيْضَةِ فَإِنَّهُ أَسْوَدُ يُعْرَفُ، فَإِذَا كَانَ ذَلِكَ فَأَمْسِكِي عَنِ الصَّلَاةِ فَإِذَا كَانَ الْآخَرُ فَتَوَضَّئِي وَصَلِّي؛ فَإِنَّمَا هُوَ عِرْقٌ».

"ഋതുരക്തം തിരിച്ചറിയാൻ പറ്റും. കറുത്ത നിറമായിരിക്കും. അത് കണ്ടാൽ നീ നമസ്കാരം ഉപേക്ഷിക്കുക. അല്ലാത്ത അവസ്ഥയിൽ അംഗശുദ്ധി വരുത്തി നീ നമസ്കരിക്കുക. കാരണം അതൊരു ഞരമ്പാണ്."61 അബൂദാവൂദ്, നസാഈ. ഇബ്നു ഹിബ്ബാനും ഹാകിമും ഹദീഥ് സ്വഹീഹാണെന്ന് വിലയിരുത്തി.

ഹദീസിന്റെ പരമ്പരയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ചില ചർച്ചകളുണ്ട്. എങ്കിലും പ്രയോഗത്തിൽ പണ്ഡിതൻമാർ ഇതംഗീകരിക്കുന്നു. ഭൂരിഭാഗം സ്ത്രീകളുടെ മാസമുറയുടെ പതിവ് എങ്ങനെയാണെന്ന് നോക്കി അതിനെ അവലംബിക്കുന്നതിനേക്കാൾ നല്ലത് ഹദീഥിലെ വിധി സ്വീകരിക്കുക എന്നതാണ്.

(മൂന്ന്) കൃത്യമായ മാസമുറ നേരത്തെ ഉണ്ടായിരുന്നില്ല. എപ്പോഴും ഒരേ പോലെയായതിനാൽ രക്തത്തിന്റെ നിറമോ സ്വഭാവമോ നോക്കി നിർണ്ണയിക്കാൻ സാധിക്കുന്നുമില്ല. അല്ലെങ്കിൽ അടിക്കടി രക്തത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. എങ്കിൽ മറ്റു സ്ത്രീകൾക്കെല്ലാം സാധാരണ എത്ര ദിവസമാണ് മാസമുറയുണ്ടാവാറുള്ളത് എന്ന് നോക്കുക. അതിന്റെ അടിസ്ഥാനത്തിൽ രക്ത സാന്നിധ്യം കണ്ടത് മുതൽ ഓരോ മാസവും ആദ്യത്തെ ആറോ ഏഴോ ദിവസങ്ങൾ ആർത്തവമായും ബാക്കി ഇസ്തിഹാദത്തായും ഗണിക്കണം

ഉദാഹരണം അഞ്ചാം തിയ്യതിയാണ് ആദ്യമായി രക്ത സാന്നിദ്ധ്യമുണ്ടാകുന്നത് എന്ന് വെക്കുക. പിന്നീടത് തുടർന്നു കൊണ്ടിരുന്നു. അവസാനിക്കുന്നില്ല. നിറം കൊണ്ടോ മറ്റു ബാഹ്യ ലക്ഷണങ്ങൾ കൊണ്ടോ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുന്നുമില്ല. എങ്കിൽ എല്ലാ മാസവും അഞ്ചാം തിയ്യതി മുതൽ ആറോ ഏഴോ ദിവസം അവൾ ഋതുമതിയായി കണക്കാക്കണം. കാരണം ജഹ്ഷിന്റെ മകൾ ഹംന(رَضِيَ اللَّهُ عَنْها) നബി() യോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ! എനിക്ക് കടുത്ത രക്തസ്രാവം ധാരാളമായുണ്ടാവുന്നു. നമസ്കാരവും നോമ്പും നിർവ്വഹിക്കാൻ കഴിയുന്നില്ല. ഞാൻ എന്ത് ചെയ്യണം? അവിടുന്ന് പറഞ്ഞു.

«أَنْعَتُ لَكِ (أَصِفُ لَكِ اسْتِعْـمَال) الْكُرْسُفَ (وهُـوَ القُطْنُ) تَضَعِينَهُ عَلَى الْفَرْجِ، فَإِنَّهُ يُذْهِبُ الدَّمَ»،

"പഞ്ഞി ഉപയോഗിക്കുന്ന രീതി ഞാൻ നിനക്ക് പറഞ്ഞു തരാം. അത് ലൈംഗികാവയവത്തിൽ വെക്കുക. അത് രക്തത്തെ തടഞ്ഞുകൊള്ളും." അവൾ പറഞ്ഞു: "അത് അതിനേക്കാൾ (അങ്ങനെ വെച്ചാൽ നിലയ്ക്കാത്തത്ര) കൂടുതലാണ്." അതേക്കുറിച്ച് നബി () പറഞ്ഞു:

«إِنَّمَا هَذَا رَكْضَةٌ مِنْ رَكَضَاتِ الشَّيْطَانِ، فَتَحَيَّضِي سِتَّةَ أَيَّامٍ أَوْ سَبْعَةً فِي عِلْمِ اللَّهِ تَعَالَى، ثُمَّ اغْتَسِلِي حَتَّى إِذَا رَأَيْتِ أَنَّكِ قَدْ طَهُرْتِ وَاسْتَنْقَيْتِ فَصَلِّي أَرْبَعًا وَعِشْرِينَ أَوْ ثَلَاثًا وَعِشْرِينَ لَيْلَةً وَأَيَّامَهَا وَصُومِي».

"ഇത് ശൈതാന്റെ പ്രഹരങ്ങളിലൊന്നുമാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അറിവിൽ ആറ് ദിവസമോ അല്ലെങ്കിൽ ഏഴ് ദിവസമോ ആർത്തവമായി കണക്കാക്കുക. ശേഷം കുളിക്കുക; പിന്നെ നീ ശുദ്ധിയും പൂർണ്ണമായ വൃത്തിയും കൈവരിച്ചതായി കണ്ടാൽ, ഇരുപത്തിനാലോ അല്ലെങ്കിൽ ഇരുപത്തിമൂന്നോ രാത്രികളും അവയുടെ ദിവസങ്ങളിലുമെല്ലാം നമസ്കരിക്കുകയും നോമ്പ് പാലിക്കുകയും ചെയ്യുക." അഹ്മദ്, അബുദാവൂദ്, തിർമിദി,62 അഹ്മദ് ഇത് സ്വഹീഹ് ആണെന്നും ബുഖാരി ഇത് ഹസൻ ആണെന്നും വിലയിരുത്തിയതായി ഇമാം തിർമിദി ഉദ്ധരിക്കുന്നു.63

നബി () "ആറോ ഏഴോ ദിവസം" എന്നു പറഞ്ഞത് രണ്ടിൽ ഇഷ്ടമുള്ള ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം എന്ന അർത്ഥത്തിലല്ല. മറിച്ച് തന്റെ പ്രായവും പ്രകൃതിയും കുടുംബ ബന്ധവുമുള്ള മറ്റു സ്ത്രീകളുടെ മാസമുറയും, ആർത്തവ രക്തവുമായുള്ള മറ്റും നോക്കി ഏറ്റവും ശരിയായ ദിവസം നിർണയിക്കാൻ പരിശ്രമിക്കണം എന്നർത്ഥം. ആറ് ദിവസമോ ഏഴ് ദിവസമോ ഏതാണ് തനിക്ക് ഏറ്റവും അനുയോജ്യമെന്ന് മനസിലായത് എങ്കിൽ അതിനനുസരിച്ചാണ് കാര്യം നടപ്പിലാക്കേണ്ടത്.

രക്തസ്രാവത്തോട് സാദൃശ്യമുള്ള ചില അവസ്ഥകൾ

ഗർഭാശയ സംബന്ധമായ ശസ്ത്രക്രിയ മൂലവും മറ്റും ചിലപ്പോൾ നേരിയ തോതിൽ രക്തമൊലിക്കുന്ന അവസ്ഥയുണ്ടാവാം. ഇത്തരം സ്ത്രീകളെ രണ്ടായി വിഭജിക്കാം.

) ഗർഭാശയം പൂർണ്ണമായി നീക്കം ചെയ്തത് കൊണ്ടോ ഗർഭാശയ മുഖം അടച്ചു കളഞ്ഞതുകൊണ്ടോ ഇനി ആർത്തവമുണ്ടാവാൻ സാദ്ധ്യതയില്ല എന്ന് ബോദ്ധ്യമായ സ്ത്രീ. ഇത്തരം സ്ത്രീകൾ ഇസ്തിഹാദത്തിന്റെ വിധിയല്ല, പ്രത്യുത, ശുദ്ധിയായ ശേഷം വർണ്ണവ്യത്യാസമുള്ള സ്രവമോ ഈർപ്പമോ കാണുമ്പോഴുള്ള വിധിവിലക്കുകളാണ് പാലിക്കേണ്ടത്. അഥവാ അവൾ നമസ്കാരമോ നോമ്പോ ഉപേക്ഷിക്കാൻ പാടില്ല. അവളുമായി ലൈംഗിക വേഴ്ച നടത്തുന്നതിന് വിരോധമില്ല. അവൾക്ക് രക്തം കാരണം നിർബന്ധമായ കുളിയില്ല. എന്നാൽ നമസ്കരിക്കാൻ വേണ്ടി രക്തം കഴുകി വൃത്തിയാക്കണം. രക്തം കിനിയുന്നത് തടയാൻ ജനനേന്ദ്രിയത്തിൽ തുണിയോ മറ്റോ വെക്കണം. പിന്നീട് അംഗ ശുദ്ധി വരുത്തി നമസ്കരിക്കണം. സമയബന്ധിതമായ നിർബന്ധ നമസ്കാരങ്ങൾക്കും മറ്റും സമയമായ ശേഷം മാത്രം അംഗശുദ്ധി വരുത്തുക. പ്രത്യേക സമയമൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ അംഗശുദ്ധി  വരുത്തേണ്ടത് നിസ്കാരം ആരംഭിക്കാൻ ഉദ്ദേശിച്ചാൽ ആണ്.

ബി) ആർത്തവമുണ്ടാകുന്നതിന് തടസ്സം നേരിടാത്ത രീതിയിലുള്ള ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീ. ഇത്തരം സ്ത്രീകളിൽ കാണുന്ന രക്ത സാന്നിധ്യം ഇസ്തിഹാദത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുക. നബി () ഫാത്വിമ ബിൻത് അബീ ഹുബൈഷിനോട് പറഞ്ഞ ഹദീഥിൽ നിന്നും ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്.

«إِنَّمَا ذَلِكَ عِرْقٌ وَلَيْسَ بِالْحَيْضَةِ، فَإِذَا أَقْبَلَتِ الْحَيْضَةُ فَاتْرُكِي الصَّلَاةَ».

"അത് ആർത്തവമല്ല; ഒരു ഞരമ്പാണ്. അതിനാൽ ആർത്തവ സമയമെത്തിയാൽ നീ നമസ്കാരം ഉപേക്ഷിക്കുക"64.

ഹദീഥിലെ പദപ്രയോഗം ശ്രദ്ധിക്കുക:

«فَإِذَا أَقْبَلَتِ الْحَيْضَةُ».

"ആർത്തവ സമയമെത്തിയാൽ" ഇത് ഇസ്തിഹാദത്തിന്റെ വിധിവിലക്കുകൾ ബാധകമാകുന്നത് ആർത്തവ സാദ്ധ്യതയുള്ള സ്ത്രീകൾക്കാണെന്ന് മനസ്സിലാക്കി തരുന്നു. എന്നാൽ ആർത്തവ സാദ്ധ്യത ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം എന്നും ഒരു ഞരമ്പിന്റെ രക്തമായി തന്നെ അത് നിലനിൽക്കും.

ഇസ്തിഹാദത്തുള്ള സ്ത്രീകൾ പാലിക്കേണ്ട വിധി വിലക്കുകൾ

സ്ത്രീകളിൽ കാണപ്പെടുന്ന രക്തസാന്നിദ്ധ്യം ആർത്തവമായി ഗണിക്കേണ്ടതെപ്പോഴാണ് എന്നും ഇസ്തിഹാദത്തായി ഗണിക്കേണ്ടതെപ്പോഴാണ് എന്നും മുൻപ് വിവരിച്ച കാര്യങ്ങളിൽ നിന്നും നാം മനസിലാക്കി. ആർത്തവമാണെങ്കിൽ അതിന്റെ വിധിവിലക്കുകളും, ഇസ്തിഹാദത്താണെങ്കിൽ അതിന്റെ വിധിവിലക്കുകളും ബാധകമാകും.

അതുപോലെ ആർത്തവമുള്ളവൾക്ക് ബാധകമാവുന്ന പ്രത്യേക വിധിവിലക്കുകൾ എന്തെല്ലാമാണ് എന്നതും നാം വിവരിച്ചു കഴിഞ്ഞു.

ഇനി ഇസ്തിഹാദത്തിന്റെ വിധിവിലക്കുകളാകട്ടെ ശുദ്ധിയുള്ള അവസ്ഥയിലെ വിധിവിലക്കുകൾ തന്നെയാണ്. അശുദ്ധിയില്ലാത്ത സാധാരണ അവസ്ഥയും ഇസ്തിഹാദത്തുള്ള പ്രത്യേക അവസ്ഥയും മത ദൃഷ്ട്യാ ഒരുപോലെയാണ്. രണ്ട് പേരും ഏതാനും കാര്യങ്ങളിലല്ലാതെ വ്യത്യാസമില്ല. അവ താഴെ വിവരിക്കാം.

1. രക്തസ്രാവമുള്ളവൾ ഓരോ നമസ്കാരത്തിനും വെവ്വേറെ അംഗശുദ്ധി വരുത്തണം. കാരണം നബി() ഫാത്വിമ ബിൻത് അബീ ഹുബൈഷ് (رَضِيَ اللَّهُ عَنْها)യോട് പറഞ്ഞു:

«ثُمَّ تَوَضَّئِي لِكُلِّ صَلَاةٍ».

"നീ ഓരോ നമസ്കാരത്തിനും വുദൂഅ് എടുക്കുക." (ബുഖാരി) അഥവാ സമയ നിർണ്ണിതമായ നമസ്കാരങ്ങൾക്ക് സമയമായ ശേഷം മാത്രമേ വുദൂഅ് ചെയ്യാവൂ എന്നർത്ഥം. സമയ ബന്ധിതമല്ലാത്ത നിസ്കാരമാണെങ്കിൽ അത് നിർവഹിക്കാൻ ഉദ്ദേശിച്ചാലാണ് വുദൂഅ് ചെയ്യേണ്ടത്.

2. വുദൂഅ് എടുക്കും മുമ്പ് രക്താവശിഷ്ടങ്ങൾ കഴുകി വൃത്തിയാക്കണം. ജനനേന്ദ്രിയ ഭാഗത്ത് രക്തമൊഴുകി വരാതിരിക്കാൻ പരുത്തിയോ മറ്റോ വെക്കണം. കാരണം നബി() ഹംനയോട് പറഞ്ഞത്:

«أَنْعَتُ لَكِ الْكُرْسُفَ فَإِنَّهُ يُذْهِبُ الدَّمَ». قَالَتْ: فَإِنَّهُ أَكْثَرُ مِنْ ذَلِكَ. قَالَ: «فَاتَّخِذِي ثَوْبًا». قَالَتْ: هُوَ أَكْثَرُ مِنْ ذَلِكَ. قَالَ: «فَتَلَجَّمِي».

"പരുത്തി ഉപയോഗിക്കുന്ന രീതി ഞാൻ പറഞ്ഞു തരാം. അത് രക്തത്തെ തടഞ്ഞു കൊള്ളും." അവൾ പറഞ്ഞു: "എന്റെ അവസ്ഥ അതിനെല്ലാം അതീതമാണ്." അവിടുന്ന് പറഞ്ഞു: "എന്നാൽ നീ അതിന് ഒരു വസ്ത്രം ഉടുത്തു നോക്കുക." അവൾ പറഞ്ഞു: "അതിനും അതീതമാണ് എന്റെ സ്ഥിതി." അവിടുന്ന് പറഞ്ഞു: "എങ്കിൽ നീ ശീല കെട്ടിവെച്ചു നോക്കുക. ... തടയാനുള്ള മുൻകരുതൽ ചെയ്തിട്ടും രക്തം പുറത്ത് വരുന്നുണ്ടെങ്കിൽ അത് പ്രശ്നമാക്കേണ്ടതില്ല. കാരണം നബി() ഫാത്വിമ ബിൻത് അബീ ഹുബൈഷ് (رَضِيَ اللَّهُ عَنْها)യോട് പറഞ്ഞു:

«اجْتَنِبِي الصَّلَاةَ أَيَّامَ حَيْضِكِ، ثُمَّ اغْتَسِلِي وَتَوَضَّئِي لِكُلِّ صَلَاةٍ، ثُمَّ صَلِّي، وَإِنْ قَطَرَ الدَّمُ عَلَى الْحَصِيرِ».

"ആർത്തവ സമയമെത്തിയാൽ നീ നമസ്കാരം ഉപേക്ഷിക്കുക. അത് കഴിഞ്ഞാൽ കുളിച്ച് വൃത്തിയാവുക. പിന്നെ ഓരോ നമസ്കാരത്തിനും അംഗശുദ്ധി വരുത്തി നമസ്കരിക്കുക. നമസ്കാരപ്പായയിൽ രക്തം ഇറ്റി വീണാലും ശരി." (അഹ്മദ്, ഇബ്നു മാജ)65

ലൈംഗിക വേഴ്ച: തെറ്റായ വഴിയിലേക്ക് പൊയ്പോകുമെന്ന ഭയമില്ലെങ്കിൽ ഇസ്തിഹാദത്തിന്റെ സമയത്ത് ലൈംഗിക വേഴ്ച അനുവദനീയമല്ല എന്ന അഭിപ്രായമുള്ള പണ്ഡിതൻമാരുമുണ്ട്. എന്നാൽ അത് ശരിയല്ല. നിരുപാധികം അനുവദനീയമാണത്. കാരണം നബി ()യുടെ കാലത്ത് രക്തസ്രാവമുണ്ടായ പത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു. അല്ലാഹുവോ റസൂലോ അവരുമായി ലൈംഗിക ബന്ധം നടത്തുന്നത് അവരുടെ ഭർത്താക്കന്മാരെ വിലക്കിയിട്ടില്ല. അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക:

﴿...فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ...﴾

"ആര്ത്തവഘട്ടത്തില്നിങ്ങള്സ്ത്രീകളുമായി (ലൈംഗിക ബന്ധത്തിൽ നിന്ന്) അകന്നു നില്ക്കേണ്ടതാണ്‌." (ബഖറ: 222) അല്ലാത്ത സന്ദർഭങ്ങളിൽ വെടിയേണ്ടതില്ല എന്നതിന്റെ രേഖയാണിത്. മറ്റൊരു കാരണം അവൾക്ക് നമസ്കരിക്കാമെന്നതാണ്. രക്തസ്രാവമുള്ള അവസ്ഥയിൽ നമസ്കാരം നിർവ്വഹിക്കാമെങ്കിൽ അതിനെക്കാൾ നിസ്സാരമാണ് ലൈംഗികവേഴ്ച. ആർത്തവം ഉള്ളവളുമായി ലൈംഗിക വേഴ്ച നടത്തുന്നതിനോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. കാരണം ലൈംഗിക വേഴ്ച പാടില്ലെന്ന് വാദിക്കുന്നവർ പോലും രണ്ട് പേരും തുല്യമാണെന്ന് പറയുന്നില്ല. രണ്ടും വ്യത്യാസമുണ്ടായിരിക്കെ പരസ്പരം താരതമ്യപ്പെടുത്തുന്നതിൽ (ഖിയാസാക്കുന്നതിൽ) അർത്ഥവുമില്ല.

അധ്യായം 6: നിഫാസും വിധിവിലക്കുകളും

പ്രസവം നിമിത്തം ഗർഭാശയത്തിൽ നിന്ന് പുറത്ത് വരുന്ന രക്തമാണ് 'നിഫാസ്'. അത് പ്രസവത്തോടൊപ്പമാകാം. അതിന് ശേഷമാകാം, രണ്ടോ മൂന്നോ ദിവസം മുമ്പുമാകാം. അതിനോടൊപ്പം പ്രസവ വേദനയുണ്ടാകും.

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ പറഞ്ഞു: "പ്രസവ വേദന തുടങ്ങുമ്പോൾ ഉണ്ടാവുന്ന രക്തമേതോ അതാണ് നിഫാസ്." രണ്ടോ മൂന്നോ ദിവസമെന്ന പരിധിയൊന്നും ഉള്ളതായി അദ്ദേഹം പറഞ്ഞില്ല. വേദനയുണ്ടാവുകയും അതിനെ തുടർന്ന് പ്രസവം നടക്കുകയും ചെയ്താൽ  മാത്രമേ അതിനെ നിഫാസായി ഗണിക്കാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ അത് നിഫാസാവുകയില്ല. നിഫാസിന്റെ ചുരുങ്ങിയ കാലയളവ് ഇത്രയാണ്, പരമാവധി ഇത്രയാണ് എന്നിങ്ങനെ പരിധിയുണ്ടോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ശൈഖുൽ ഇസ്ലാം പറയുന്നു. "അങ്ങനെയൊരു പരിധിയൊന്നും ഇതിനില്ല. നാൽപതോ അറുപതോ എഴുപതോ ദിവസം അശുദ്ധിയുണ്ടായ ശേഷമാണ് അവസാനിച്ചതെങ്കിലും അതൊക്കെ നിഫാസ് തന്നെയാണ്.എന്നാൽ അവിരാമം തുടരുന്നവരെ സംബന്ധിച്ചേടത്തോളം നാൽപത് ദിവസമെന്ന് പരിധി നിശ്ചയിക്കാമെന്നാണ് ഇവ്വിഷയകമായി നബി()യുടെ അനുചരൻമാരിൽ നിന്നും വന്ന റിപ്പോർട്ടുകൾ മനസ്സിലാക്കി തരുന്നത്."

നാൽപത് ദിവസത്തിൽ കൂടുതൽ രക്തം കാണപ്പെട്ടാൽ, ശുദ്ധി നീങ്ങാനടുത്ത ലക്ഷണം കാണുകയോ ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ശുദ്ധി പ്രാപിക്കുകയാണ് സാധാരണ പതിവ് എന്ന് മനസ്സിലാവുകയോ ചെയ്താൽ രക്തം നിലക്കുന്നതുവരെ അവൾക്ക് കാത്തിരിക്കാം. പ്രശ്നമില്ല. ഇതൊന്നുമില്ലെങ്കിൽ പിന്നെ നാൽപത് ദിവസം കഴിയുന്നതോടെ കുളിച്ച് സാധാരണ പോലെ നമസ്കാരവും മറ്റും ആരംഭിക്കണം. കാരണം അതാണ് പൊതുവെയുള്ള നിഫാസിന്റെ കാലയളവ്. എന്നാൽ തനിക്ക് ആർത്തവമുണ്ടാകാറുള്ള ദിവസങ്ങളിലാണ് നാൽപത് തികയുന്നതെങ്കിൽ അത്രയും ദിവസങ്ങൾ കൂടി കാത്തിരിക്കണം. അതിൽ ശുദ്ധി പ്രാപിച്ചാൽ ഭാവിയിൽ അതനുസരിച്ചവൾക്ക് പ്രവർത്തിക്കാം. എന്നാൽ ശുദ്ധിവരാതെ പിന്നെയും അശുദ്ധി തുടരുന്നുവെങ്കിൽ ഇസ്തിഹാദത്തായി കണക്കാക്കി അതിനനുസരിച്ചുവേണം അവൾ പ്രവർത്തിക്കാൻ. രക്തം നിലച്ചാൽ -അത് നാൽപത് ദിവസത്തിന് മുൻപാണെങ്കിലും ശരി- അവൾ ശുദ്ധിയായിരിക്കുന്നു. അതോടെ കുളിച്ച് നമസ്കാരവും നോമ്പും ആരംഭിക്കണം. ഭർത്താവിന് അവളുമായി ലൈംഗിക ബന്ധവുമാവാം. എന്നാൽ ഒരു ദിവസത്തിൽ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് രക്തം നിലച്ചതെങ്കിൽ അത് പരിഗണിക്കരുത്. 'മുഗ്നി'യിൽ അപ്രകാരം കാണാം.66

അവയവങ്ങൾ രൂപപ്പെട്ടുതുടങ്ങിയ ഗർഭം പ്രസവിക്കുന്നത് മൂലം മാത്രമേ 'നിഫാസ്' ആയി പരിഗണിക്കപ്പെടുകയുള്ളൂ. മനുഷ്യരൂപം പ്രാപിച്ചിട്ടില്ലാത്ത അവസ്ഥയിൽ ഗർഭം അലസിയാൽ അത് അസുഖം നിമിത്തമുണ്ടായതും ഇസ്തിഹാദത്തിന്റെ വിധിവിലക്കുകൾക്ക് വിധേയവുമാണ്. മനുഷ്യാവയവങ്ങൾ രൂപപ്പെട്ടുവരുന്നത്, ചുരുങ്ങിയത് എൺപത് ദിവസവും പൊതുവിൽ തൊണ്ണൂറു ദിവസവും ഗർഭത്തിന് പ്രായമാകുമ്പോഴാണ്.

മജ്ദ് ഇബ്നു തൈമിയ്യ പറയുന്നു. "പ്രസവവേദനയും തുടർന്നു രക്തവും കണ്ടാൽ നമസ്കാരവും നോമ്പും ഉപേക്ഷിക്കാവുന്നതാണ്. പിന്നീടത് നിഫാസ് അല്ലായിരുന്നു എന്ന് ഉറപ്പായാൽ സാധാരണ അവസ്ഥയിലേക്ക് മടങ്ങുകയും നഷ്ടപ്പെട്ട ആരാധനാ കർമ്മങ്ങൾ വീണ്ടെടുക്കുകയും ചെയ്യുക. ഉറപ്പു വരുന്നില്ലെങ്കിൽ സാധാരണ അവസ്ഥയിലേക്ക് മടങ്ങേണ്ടതില്ല. പ്രത്യക്ഷത്തിൽ മനസ്സിലാക്കിയ നിഗമനത്തിൽ തുടർന്നാൽ മതി.67

നിഫാസുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ

പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയും ആർത്തവം മൂലമുണ്ടാകുന്ന അശുദ്ധിയും തമ്മിൽ വിധിവിലക്കുകളിൽ തികച്ചും ഒരുപോലെയാണ്. ഏതാനും പ്രശ്നങ്ങളിൽ മാത്രമേ വ്യത്യാസമുള്ളു. അവ താഴെ പറയുന്നവയാണ്.

1. ദീക്ഷാകാലം: ദീക്ഷാകാലം കണക്കാക്കുന്നതിന് 'നിഫാസു'മായി യാതൊരു ബന്ധവുമില്ല. ത്വലാഖ് നടന്നതെപ്പോഴാണെന്നു മാത്രമാണ് നോക്കേണ്ടത്. ഗർഭാവസ്ഥയിലാണെങ്കിൽ പ്രസവിക്കുന്നതോടെ ഇദ്ദ കാലം കഴിഞ്ഞു. പ്രസവത്തിന് ശേഷമാണെങ്കിൽ മൂന്ന് മാസമുറ കഴിയുന്നതോടെയും. നിഫാസ് നീങ്ങിയോ ഇല്ലയോ എന്നത് ഇവിടെയൊന്നും പ്രശ്നമാകുന്നില്ല.

2. 'ഈലാ'ഇന്റെ' സമയ പരിധി: 'ഈലാ'ഇന്റെ കാലപരിധിയിൽ ആർത്തവകാലം ഉൾപ്പെടും. നിഫാസ് എണ്ണുകയില്ല.

ഒരാൾ തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്നെന്നേക്കും അല്ലെങ്കിൽ നാലു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന സമയത്തേക്ക് സ്വയം നിഷിദ്ധമാക്കി ശപഥം ചെയ്യുന്നതിനാണ് 'ഈലാഅ്' എന്നു പറയുന്നത്. അത്തരം ശപഥം ചെയ്ത ഒരാളോട് തന്റെ ഭാര്യ ലൈംഗികാവശ്യം നിർവ്വഹിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചാൽ അവൻ അതിന് വഴങ്ങണം. ഇല്ലെങ്കിൽ നാലു മാസം വരെ അവന് സമയം അനുവദിക്കണം. എന്നിട്ടും ശപഥത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അവളുമായുള്ള ശാരീരിക ബന്ധത്തിനോ അതിന് തയ്യാറല്ലെങ്കിൽ വിവാഹ ബന്ധം വേർപെടുത്താനോ ഖാദി അവനെ നിർബന്ധിക്കണം. ഇതാണ് 'ഈലാ' ന്റെ ഇസ്ലാമിക വിധി. പ്രസ്തുത നാലു മാസം കണക്കാക്കുന്നതിന് 'നിഫാസ്' എണ്ണുകയില്ല. ആർത്തവ കാലം ഉൾപ്പെടുകയും ചെയ്യും. അഥവാ ശപഥ കാലത്താണ് ഭാര്യ പ്രസവിച്ചതെങ്കിൽ നിഫാസിന്റെ ദിവസങ്ങൾ കഴിച്ച് നാല് മാസം വരെ ഭർത്താവിന് സമയം നൽകണമെന്നർത്ഥം. ആർത്തവ കാലം സാധാരണ ദിവസങ്ങളെപ്പോലെ എണ്ണുകയും ചെയ്യും.

3. പ്രായപൂർത്തി: ഋതുമതിയാകുന്നതോടെയാണ് സ്ത്രീ പ്രായപൂർത്തിയാവുന്നത്. പ്രസവിക്കുന്നതോടെയല്ല. കാരണം സ്ത്രീയുടെ ഇന്ദ്രിയ സ്ഖലനം സംഭവിക്കാതെ അവൾ ഗർഭിണിയാവുകയില്ല. അപ്പോൾ ഗർഭത്തിനു മുൻപേ സംഭവിച്ച ഇന്ദ്രിയ സ്ഖലനം കൊണ്ടുതന്നെ പെണ്ണിന് പ്രായപൂർത്തിയാവുന്നു.

4. ഇടയ്ക്ക് നിന്നാൽ? ആർത്തവം ഇടയ്ക്ക് നിന്ന് വീണ്ടും സാധാരണ പോലെ ഉണ്ടായാൽ അത് ഋതുരക്തം തന്നെയാണ്. ഉദാഹരണം സാധാരണ നിലയിൽ എട്ടു ദിവസം ആർത്തവകാരി ആകാറുള്ള സ്ത്രീക്ക് നാലു ദിവസം കഴിഞ്ഞപ്പോൾ രക്തസാന്നിധ്യം ഇല്ലാതായി, രണ്ട് ദിവസം കഴിഞ്ഞ് ഏഴും എട്ടും ദിവസങ്ങളിൽ വീണ്ടും ഉണ്ടായി. എന്നാൽ രണ്ടാമത് ഉണ്ടായതും ഋതുരക്തമായി തന്നെയാണ് കണക്കാക്കുക. എന്നാൽ നാൽപത് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് 'നിഫാസ്' നിൽക്കുകയും നാൽപത് ദിവസങ്ങൾക്കുള്ളിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു എന്നു കരുതുക. രണ്ടാമത് ഉണ്ടായത് ഏത് ഇനത്തിൽ പെടും എന്ന കാര്യം സംശയാസ്പദമാണ്. അതിനാൽ അവൾ നിർബന്ധ നമസ്കാരങ്ങളും നോമ്പും നിർണ്ണിത സമയത്ത് തന്നെ നിർവ്വഹിക്കണം. നിർബന്ധമല്ലാത്ത കർമ്മങ്ങളിലെല്ലാം ആർത്തവകാരിയെ പോലെ വിലക്കുകൾ പാലിക്കണം. പിന്നീട് ശുദ്ധി കൈവരിച്ച ശേഷം നോമ്പു പോലെയുള്ള കർമ്മങ്ങൾ വീണ്ടും നിർവ്വഹിച്ച് 'ഖദാ' വീട്ടുകയും വേണം. ഇതാണ് ഹമ്പലീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം.68

എന്നാൽ അഭിപ്രായം ശരിയല്ല. നിഫാസായി ഗണിക്കാവുന്ന കാലയളവിനുള്ളിൽ ഉണ്ടാവുന്നതൊക്കെ 'നിഫാസാ'യി തന്നെ ഗണിക്കാം. അതിന് ശേഷമാണെങ്കിൽ ആർത്തവമായും. അവിരാമമായി തുടരുമ്പോഴാകട്ടെ, ഇസ്തിഹാദത്തായാണ് കണക്കാക്കേണ്ടത്.

ഏകദേശം അഭിപ്രായമാണ് ഇമാം മാലിക്ക് പറഞ്ഞതായി ഇബ്നു ഖുദാമ 'മുഗ്നി'യിൽ69 രേഖപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു: ഇമാം മാലിക് പറഞ്ഞിരിക്കുന്നു: "രക്തം നിൽക്കുകയും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വീണ്ടും കാണുകയും ചെയ്താൽ അത് 'നിഫാസ്' തന്നെയാണ്. അല്ലെങ്കിൽ അത് ആർത്തവമാണ്." ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സ്വീകരിച്ച വീക്ഷണത്തിന്റെ താൽപര്യവുമതാണ്.

വാസ്തവത്തിൽ സംശയാസ്പദമായ ഒരവസ്ഥയൊന്നും രക്തത്തിന്റെ കാര്യത്തിൽ ഇല്ല. സംശയമെന്നത് ആപേക്ഷികമാണ്. ആളുകളുടെ അറിവും പരിചയവുമനുസരിച്ച് അതിൽ വ്യത്യാസം കാണും. എന്നാൽ ഖുർആനിലും ഹദീസിലും എല്ലാ കാര്യങ്ങളുടെയും വ്യക്തമായ വിശദീകരണമുണ്ട്. ഒരേ നോമ്പ് അല്ലെങ്കിൽ ഒരേ ത്വവാഫ് രണ്ട് പ്രാവശ്യം നിർവ്വഹിക്കാൻ അല്ലാഹു കൽപിച്ചിട്ടില്ല. വീണ്ടും ചെയ്തെങ്കിലല്ലാതെ പരിഹരിക്കപ്പെടാത്ത വല്ല വീഴ്ചയും ആദ്യത്തേതിൽ വന്നെങ്കിലൊഴികെ. താൻ കൽപിക്കപ്പെട്ട കാര്യം കഴിവിന്റെ പരമാവധി നിർവ്വഹിച്ചതോടെ തൻ്റെ ബാദ്ധ്യതയിൽ നിന്നും ഏതൊരാളും ഒഴിവാകുന്നു. അല്ലാഹു അരുളിച്ചെയ്തതുപോലെ:

﴿لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ...﴾

"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്പെട്ടതല്ലാതെ ചെയ്യാന്നിര്ബന്ധിക്കുകയില്ല." (ബഖറ: 286) അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു:

﴿فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ...﴾

"നിങ്ങള്ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്സൂക്ഷിക്കുക..." (തഗാബുൻ: 16)

ലൈംഗിക വേഴ്ച: സാധാരണ ആർത്തവം അവസാനിക്കുന്ന സമയമാകുന്നതിന് മുമ്പ് തന്നെ ആർത്തവമുള്ളവൾ ശുദ്ധി പ്രാപിച്ചാൽ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് യാതൊരു വിരോധവുമില്ല. എന്നാൽ പ്രസവിച്ചവൾ നാൽപത് ദിവസം കഴിയുന്നതിന് മുമ്പ് ശുദ്ധി പ്രാപിച്ചാൽ അവളുമായി ലൈംഗികബന്ധം അഭികാമ്യമാണോ?

അത് കറാഹത്താണ് എന്നാണ് ഹമ്പലീ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം. എന്നാൽ കറാഹത്തല്ല എന്ന അഭിപ്രായമാണ് ശരി. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതുതന്നെയാണ്. കാരണം ഒരു കാര്യം കറാഹത്താണ് എന്നു പറയാൻ പ്രമാണം വേണം. ഇവിടെ അത്തരം പ്രമാണങ്ങളൊന്നുമില്ല. ഇമാം അഹ്മദ് ബിൻ ഹമ്പൽ ഉസ്മാൻ ബിൻ ആസ്(رَضِيَ اللَّهُ عَنْه) നിന്നും ഉദ്ധരിക്കുന്ന ഒരു സംഭവം മാത്രമാണ് വിഷയത്തിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ച് നാൽപത് ദിവസം കഴിയുന്നതിന് മുമ്പ് അദ്ദേഹത്തെ സമീപിക്കുകയുണ്ടായി. അപ്പോൾ അവളുടെ ആവശ്യത്തിന് അദ്ദേഹം വഴങ്ങിയില്ല. മാറി നിൽക്കാൻ പറഞ്ഞു.70.

സംഭവത്തിന്റെ വെളിച്ചത്തിൽ ലൈംഗിക ബന്ധം കറാഹത്താണെന്ന് പറയാൻ പറ്റില്ല. കാരണം ഉസ്മാൻ(رَضِيَ اللَّهُ عَنْه) അവൾ ശുദ്ധി പ്രാപിച്ചു എന്ന് തീർത്തും ഉറപ്പാക്കാതെയാണ് വന്നിട്ടുള്ളത് എന്ന് ധരിക്കുകയും അതുകൊണ്ട് സൂക്ഷ്മത പാലിക്കുകയും ചെയ്തതാവാം. അല്ലെങ്കിൽ ബന്ധപ്പെടുന്നത് വീണ്ടും രക്തസാന്നിദ്ധ്യത്തിന് ഇടവരുത്തുമെന്ന് ഭയപ്പെട്ടത് കൊണ്ടാവാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം.

 

ആർത്തവ ചക്രത്തിൽ കൃത്രിമമായി മാറ്റമുണ്ടാക്കാമോ? ഗർഭധാരണം തടയാൻ പാടുണ്ടോ? ഗർഭം അലസിപ്പിക്കാമോ?

) ആർത്തവം തടയാനുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് രണ്ട് നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാണ്.

1. അത് മൂലം ശാരീരികമായി യാതൊരു ദോഷവും ഉണ്ടാകാൻ പാടില്ല. അതിൽനിന്ന് ദോഷം ഭയപ്പെടുന്നുവെങ്കിൽ അത് ഹറാമാണ്; അല്ലാഹു  പറഞ്ഞിരിക്കുന്നതിനാൽ:

﴿...وَلَا تُلۡقُواْ بِأَيۡدِيكُمۡ إِلَى ٱلتَّهۡلُكَةِ...﴾

"...നിങ്ങളുടെ കൈകളെ നിങ്ങള്തന്നെ നാശത്തില്തള്ളിക്കളയരുത്‌..." (ബഖറ: 195)

﴿...وَلَا تَقۡتُلُوٓاْ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِيمٗا﴾

"നിങ്ങള്നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു." (നിസാഅ്: 29)

2. ഭർത്താവിന്റെ അവകാശങ്ങളുമായി ആർത്തവം ഏതെങ്കിലും നിലയ്ക്ക് ബന്ധപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സമ്മതം അനിവാര്യമാണ്. ഉദാ. വിവാഹമോചിതയാണെങ്കിൽ മൂന്നു മാസമുറ കഴിയുന്നത് വരെയാണ് ഇദ്ദ ആചരിക്കേണ്ടത്. ഇദ്ദ കാലത്ത് അവൾക്ക് ജീവനാംശം നൽകാൻ കടപ്പെട്ടവൻ ഭർത്താവാണ്. ആർത്തവമുണ്ടാകുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമ്പോൾ അവളുടെ ഇദ്ദകാലം സ്വാഭാവികമായും നീണ്ടു പോകും. അതോടൊപ്പം ഭർത്താവിന്റെ ബാദ്ധ്യതയും. അതിനാൽ അദ്ദേഹത്തിന്റെ സമ്മതത്തോടെയല്ലാതെ അവൾ ആർത്തവം തടയാനുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കാൻ പാടില്ല. അതുപോലെ ആർത്തവം ഇല്ലാതാക്കുന്നത് മുഖേന ഗർഭധാരണം തടയപ്പെടുമ്പോഴും ഭർത്താവിന്റെ സമ്മതം അനിവാര്യമായിത്തീരും, അനുവദനീയമാണെങ്കിലും അനിവാര്യഘട്ടങ്ങളിലല്ലാതെ ഇത്തരം കൃത്രിമ മാർഗങ്ങൾ അവലംബിക്കരുത്. കാരണം പ്രകൃതിയെ അതേ നിലക്ക് നിലനിർത്തുന്നതാണ് ഏത് നിലക്കും സുരക്ഷിതവും ആരോഗ്യവും.

ബി ). ആർത്തവം നേരത്തെ ഉണ്ടാകുന്നതിനുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നതും നിബന്ധനകൾക്ക് വിധേയമാണ്.

(1) നിർബന്ധ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ നിന്നും രക്ഷപ്പെടാനുളള ഒരു സൂത്രമാകാൻ പാടില്ല. റമദാൻ മാസമടുക്കുമ്പോൾ നോമ്പ് നോൽക്കാതിരിക്കാൻ വേണ്ടി കൃത്രിമമായി ആർത്തവമുണ്ടാക്കുക. അല്ലെങ്കിൽ നമസ്കാരം ഉപേക്ഷിക്കാനുള്ള ഒരു മാർഗമെന്ന നിലക്ക് ഉപയോഗപ്പെടുത്തുക മുതലായവ ഉദാഹരണങ്ങൾ.

(2) ഇവിടെയും ഭർത്താവിന്റെ സമ്മതം വേണം. കാരണം തനിക്ക് അനുവദിക്കപ്പെട്ട ലൈംഗിക വേഴ്ചയിൽ നിന്ന് അയാൾ തടയപ്പെടുകയാണിവിടെ. അയാളുടെ അവകാശം തടയുന്ന ഒരു കാര്യം അയാളുടെ തൃപ്തിയോടെയല്ലാതെ ചെയ്യാൻ പാടുള്ളതല്ല. വിവാഹ മോചിതയാണെങ്കിൽ മൂന്ന് മാസമുറയുണ്ടാകുന്നതിന് മുമ്പ് അവളെ വീണ്ടും ഭാര്യയായി സ്വീകരിക്കാനുള്ള അവകാശം ഭർത്താവിനുണ്ട്. ആർത്തവം വരുത്തിത്തീർക്കുമ്പോൾ അവകാശകാലം ചുരുക്കുകയാണ് ചെയ്യുന്നത്.

ഗർഭ ധാരണം തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കാമോ? ഇത് രണ്ട് രീതിയിലുണ്ടാവാം.

ഒന്ന്: വന്ധ്യംകരണം അഥവാ താൽക്കാലികമല്ലാതെ എന്നെന്നേയ്ക്കുമായി ഗർഭധാരണം തടയുക. ഇത് അനിസ്ലാമികമാണ്. ചെയ്യാൻ പാടില്ല. കാരണം ഇസ്ലാമിക സമൂഹം വർദ്ധിക്കണമെന്ന മത താൽപര്യത്തിന് വിരുദ്ധമായി സന്താനങ്ങൾ കുറഞ്ഞു പോകുകയാണ് ഇതിന്റെ ഫലം. മാത്രമല്ല, ഒരുപക്ഷെ അവളുടെ നിലവിലുള്ള സന്താനങ്ങൾ മരിച്ചുപോയേക്കാം. അങ്ങനെ മക്കളില്ലാത്ത വിധവയായി കഴിയേണ്ടി വന്നേക്കാം.

 

രണ്ട്: താൽക്കാലിക ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുക. ഉദാഹരണമായി വർദ്ധിച്ച പ്രസവവും ഗർഭധാരണവും വഴി അങ്ങേയറ്റം ക്ഷീണിച്ചു ദുർബലയായിത്തീർന്ന സ്ത്രീ പ്രസവം രണ്ടു വർഷത്തിലൊരിക്കൽ എന്ന രീതിയിലോ മറ്റോ വ്യവസ്ഥാപിതമാക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത്തരം സന്ദർഭത്തിൽ ഭർത്താവിന്റെ കൂടി അനുമതിയോടെ -ആരോഗ്യത്തിന് ഹാനികരമല്ലെങ്കിൽ- താൽക്കാലിക ഗർഭ നിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. കാരണം നബി()യുടെ കാലത്ത് അവിടുത്തെ അനുചരൻമാർ ഗർഭ ധാരണം ഉണ്ടാകാതിരിക്കാൻ 'അസ്ൽ' ചെയ്യാറുണ്ടായിരുന്നു.71 എന്നാൽ നബി തിരുമേനി അവരെ അതിൽ നിന്ന് വിലക്കുകയുണ്ടായില്ല. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ഖലനം സംഭവിക്കുന്നതിനു മുൻപ് ലിംഗം പുറത്തെടുക്കുകയും എന്നിട്ട് യോനിക്കു പുറത്ത് സ്രവിക്കുകയും ചെയ്യുന്നതിനാണ് 'അസ്ൽ' എന്നുപറയുന്നത്.

ഗർഭം ഒഴിവാക്കാമോ? പൊതുവിൽ ഇത് രണ്ടു തരത്തിലാകാം.

1. റൂഹ് (ആത്മാവ്) ഊതപ്പെട്ടതിനു ശേഷമാണ് ഗർഭച്ഛിദ്രം നടത്തുന്നത് എങ്കിൽ അത് ഹറാമാണെന്നതിൽ സംശയമില്ല. കാരണം പവിത്രമായ ജീവൻ അനർഹമായി കൊല ചെയ്യപ്പെടുകയാണവിടെ. ഖുർആനും ഹദീസും മുസ്ലിംകളുടെ ഇജ്മാഉം കൊലപാതകം നിഷിദ്ധമാണെന്ന് പഠിപ്പിക്കുന്നു എന്നാൽ റൂഹ് (ആത്മാവ്) ഊതപ്പെടുന്നതിന്റെ മുമ്പാണെങ്കിലോ? ഇവ്വിഷയകമായി പണ്ഡിതൻമാർക്ക് ഏകാഭിപ്രായമല്ല. ചിലർ നിഷിദ്ധമാണെന്ന് പറയുമ്പോൾ മറ്റു ചിലർ വിരോധമില്ലെന്ന് പറയുന്നുണ്ട്. 'അലഖ' എന്ന അവസ്ഥയിലെത്തുന്നതിന് മുൻപാണെങ്കിൽ അനുവദനീയമാണ് എന്ന് പറഞ്ഞവരുമുണ്ട്. അഥവാ നാൽപതു ദിവസം കഴിയുന്നതിനു മുൻപാണെങ്കിൽ കുഴപ്പമില്ല എന്ന്. മനുഷ്യരൂപം ആയിട്ടില്ലെങ്കിൽ അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

എന്നാൽ അനിവാര്യ ഘട്ടങ്ങളിലല്ലാതെ ഗർഭച്ഛിദ്രം നടത്താതിരിക്കുകയാണ് ഏറ്റവും സൂക്ഷ്മമായ നിലപാട്. ഉദാഹരണമായി രോഗം നിമിത്തം ഗർഭം ധരിക്കാൻ പാടില്ലാത്ത ഒരു സ്ത്രീ ഗർഭിണിയായി എന്നുവെക്കുക. ഇത്തരം സങ്കീർണ ഘട്ടങ്ങളിൽ ഭ്രൂണത്തിന് മനുഷ്യരൂപം കൈവരുന്നതിന് മുമ്പ് ഗർഭഛിദ്രം അനുവദനീയമാണ്.

2. ഗർഭം പ്രസവിപ്പിക്കുക: പ്രസവിക്കേണ്ട അവധി എത്തിയ ശേഷമോ എത്താറാകുമ്പോഴോ ബോധപൂർവ്വം പ്രസവം നടത്തുന്നതിന് വിരോധമില്ല. അത് വഴി മാതാവിനോ ശിശുവിനോ ദോഷമില്ലെന്ന് ഉറപ്പുണ്ടാകണം. ശസ്ത്രക്രിയയിലൂടെ ആകാനും പാടില്ല. ശസ്ത്രക്രിയ നടത്താമോ? ഗർഭം പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തുന്നതിനും നാല് അവസ്ഥകളുണ്ട്.

1. മാതാവും ഗർഭസ്ഥ ശിശുവും ജീവനോടിരിക്കുന്ന സാധാരണ അവസ്ഥ: സ്വാഭാവിക പ്രസവം അസാദ്ധ്യമാകുമ്പോൾ മാത്രമേ ശസ്ത്രക്രിയ നടത്താവൂ. കാരണം ശരീരം ഒരു അമാനത്താണ്. ശരീരത്തിന്റെ സ്വാഭാവികാവസ്ഥക്ക് ഭംഗമുണ്ടാകുമെന്ന് പേടിക്കുന്ന രീതിയിൽ ശരീരത്തിൽ കൈക്രിയ നടത്തൽ അതിനേക്കാൾ വലിയ നേട്ടത്തിന് വേണ്ടി മാത്രമേ പാടുള്ളൂ. ശസ്ത്രക്രിയ ദോഷകരമല്ലെന്ന് ധരിക്കപ്പെടുമ്പോൾ തന്നെ അത് ദോഷകരമായി ഭവിക്കാറുണ്ട് എന്നത് പ്രത്യേക പ്രസ്താവ്യമാണ്.

2) മാതാവും ഗർഭസ്ഥ ശിശുവും മൃതിയടഞ്ഞ അവസ്ഥ: ഇത്തരം സന്ദർഭത്തിൽ ശസ്ത്രക്രിയ നടത്താൻ പാടില്ല. കാരണം അത് കൊണ്ട് യാതൊരു നേട്ടവും ലഭിക്കുന്നില്ല.

3) മാതാവ് ജീവനോടെയിരിക്കുന്നു. ഗർഭസ്ഥ ശിശു മൃതിയടഞ്ഞിരിക്കുന്നു: സന്ദർഭത്തിൽ കുഞ്ഞിനെ പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തണം. പ്രത്യേക ഘട്ടത്തിലെത്തിയ ശേഷം മൃതിയടയുന്ന ഗർഭസ്ഥ ശിശു ശസ്ത്രക്രിയ കൂടാതെ പുറത്ത് വരില്ല എന്നാണ് പ്രത്യക്ഷത്തിൽ മനസിലാകുന്നത് (അല്ലാഹുവിന്നറിയാം). അപ്പോൾ അത് ഗർഭ പാത്രത്തിൽ അവശേഷിച്ചാൽ തുടർന്നുള്ള ഗർഭസാദ്ധ്യത ഇല്ലാതാകുമെന്ന് മാത്രമല്ല, മാതാവിന് ഏറെ ദോഷകരവുമാണത്. ഗർഭാവസ്ഥയിൽ ഇദ്ദ ഇരിക്കുന്നവളാണെങ്കിൽ പ്രസവം നടക്കാത്തതിനാൽ പുനർ വിവാഹം ചെയ്യപ്പെടാതെ അവളുടെ ദീക്ഷാകാലം നീണ്ടു പോവുകയും ചെയ്യും.

4. മാതാവ് മൃതിയടയുകയും ഗർഭസ്ഥ ശിശു ജീവിച്ചിരിക്കുകയും ചെയ്യുന്നു: ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷയില്ലെങ്കിൽ ശസ്ത്രക്രിയ പാടില്ല.

കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷയുണ്ട്. കുഞ്ഞിന്റെ ഒരു ഭാഗം പുറത്തുവന്നിട്ടുമുണ്ട്. എങ്കിൽ കീറി ബാക്കിഭാഗം പുറത്തിറക്കാം. ഒട്ടും പുറത്തുവന്നിട്ടില്ലാത്ത അവസ്ഥയിലാണെങ്കിൽ ഹമ്പലീ മദ്ഹബിലെ പല പ്രമുഖ പണ്ഡിതൻമാരും മൃതശരീരത്തിൽ പരുക്കേൽപ്പിക്കുന്നത് വിരോധിക്കപ്പെട്ടതിനാൽ വയർ കീറി കുഞ്ഞിനെ പുറത്തെടുക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അഭിപ്രായം ശരിയല്ല. പുറത്തെടുക്കാൻ വേറെ വഴിയില്ലെങ്കിൽ വയർ കീറാമെന്നതാണ് ശരിയായ അഭിപ്രായം. പ്രമുഖ ഹമ്പലി പണ്ഡിതൻ ഇബ്നു ഹുബൈറ പറഞ്ഞത് അതാണ് കൂടുതൽ നല്ലത് എന്നാണ്.72

ശസ്ത്രക്രിയ നടത്തുന്നത് വഴി മൃതശരീരം വെട്ടി മുറിക്കുകയാണെന്ന് പറയുന്നത് ശരിയല്ല. പ്രത്യേകിച്ച് യുഗത്തിൽ. കാരണം വയർ കീറി മുറിച്ചിടുകയല്ല. പിന്നീടത് തുന്നി ശരിപ്പെടുത്തുകയും കൂടി ചെയ്യാറുണ്ട്. സർവ്വോപരി മൃതശരീരത്തിന് നൽകുന്നതിനേക്കാൾ കൂടുതൽ പവിത്രത നൽകേണ്ടത് ജീവനുള്ള മനുഷ്യനാണ്. അതു പോലെ നിരപരാധിയായ കുഞ്ഞിനെ നാശത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നത് നിർബന്ധ ബാധ്യത കൂടിയാണ്. അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ

 

ശ്രദ്ധിക്കുക: മുമ്പ് പ്രസ്താവിച്ച പ്രകാരം ഗർഭച്ഛിദ്രം അനുവദനീയമാകുന്ന സന്ദർഭങ്ങളിൽ, ഭർത്താവിനെപ്പോലെ, ശിശുവിന്റെ അവകാശമുള്ളവരുടെ അനുവാദം അതിന് അനിവാര്യമാണ്.

ഏറെ പ്രാധാന്യമുള്ള ഇവ്വിഷയകമായി നാം ഉദ്ദേശിച്ച കാര്യങ്ങൾ വിവരിച്ചു കഴിഞ്ഞു. കർമ്മശാസ്ത്രപരമായ പ്രശ്നങ്ങളിൽ അവലംബിക്കാവുന്ന മൗലിക തത്വങ്ങളും മാനദണ്ഡങ്ങളും മാത്രമേ നാം ഇവിടെ പരാമർശിച്ചിട്ടുള്ളു. അതിലെ ശാഖാപരമായ പ്രശ്നങ്ങളിലേക്കും സ്ത്രീകൾക്കുണ്ടാവുന്ന ഓരോ കാര്യങ്ങളിലേക്കും പ്രവേശിച്ചാൽ കരകാണാക്കടൽ പോലെ വിഷയം നീണ്ടുപോകും. എന്നാൽ കാര്യം ഗ്രഹിക്കാൻ കഴിയുന്നവന് തത്വങ്ങളും, അടിസ്ഥാന നിയമങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ച് ശാഖാപരമായ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും.

മതവിധി നൽകുന്നവരോട് പ്രത്യേകം: ദൂതൻമാർ മുഖേന അല്ലാഹു നൽകിയ സന്ദേശം സൃഷ്ടികൾക്ക് എത്തിച്ചുകൊടുക്കുന്നവരാണ് മതവിധി നൽകുന്നവർ. അതിനാൽ അവർ മനസ്സിലാക്കണം. ഖുർആനിലും സുന്നത്തിലുമുള്ളതെന്തോ അതേക്കുറിച്ചാണ് അവർ ചോദ്യം ചെയ്യപ്പെടുക. കാരണം അവ രണ്ടുമാണ് മതത്തിന്റെ മൂല പ്രമാണങ്ങൾ. അവ രണ്ടും ഗ്രഹിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമാണ് മനുഷ്യൻ കൽപിക്കപ്പെട്ടത്. അവ രണ്ടിനും വിരുദ്ധമായതെല്ലാം തെറ്റാണ്. ആരാണോ തെറ്റു പറഞ്ഞത് അവരിലേക്കു തന്നെയത് തിരിച്ചുവിടുക നിർബന്ധമാണ്. നാം അതനുസരിച്ച് പ്രവർത്തിക്കാൻ പാടില്ല. അബദ്ധം പിണഞ്ഞ വ്യക്തി എപ്പോഴും കുറ്റക്കാരനാവണം എന്നില്ല. ആത്മാർത്ഥമായി അദ്ദേഹം നടത്തിയ ഗവേഷണത്തിന്റെ ഫലമായിരിക്കും അഭിപ്രായം. അതിനാൽ അദ്ദേഹം അല്ലാഹുവിങ്കൽ പ്രതിഫലാർഹനാണ്. എന്നാൽ അത് തെറ്റാണെന്ന് മനസ്സിലാക്കുന്ന മറ്റു വ്യക്തികൾ അത് സ്വീകരിക്കുന്നതാകട്ടെ പാടില്ലാത്ത കാര്യമാണ്.

മതവിധി നൽകുന്നവൻ അല്ലാഹുവിനോട് ആത്മാർത്ഥത പുലർത്തുന്നവനാകണം. തന്നോട് ചോദിക്കപ്പെടുന്ന പ്രശ്നത്തിൽ ശരിയുത്തരം നൽകാൻ തൗഫീഖും സ്ഥൈര്യവും ലഭിക്കാൻ വേണ്ടി അല്ലാഹുവോട് സഹായം തേടണം.

അവൻ പരിഗണിക്കേണ്ടത് ഖുർആനിലും സുന്നത്തിലും വന്ന കാര്യങ്ങളാണ്. അവ രണ്ടിലുമാണവൻ പ്രശ്ന പരിഹാരം അന്വേഷിക്കേണ്ടതും ചിന്തിക്കേണ്ടതും. അവ ഗ്രഹിക്കാനാവശ്യമായ രീതിയിൽ പണ്ഡിത വാക്യങ്ങളുടെ സഹായവും തേടുക. അവരുടെ വാക്കുകൾ ഗവേഷണവിധേയമാക്കുക.

പലപ്പോഴും ചില മസ്അലകളുടെ വിധി കണ്ടെത്താൻ പണ്ഡിതന്മാരുടെ വാചകങ്ങളിൽ സാധ്യമായ രൂപത്തിലെല്ലാം ഗവേഷണം നടത്തിയാലും തൃപ്തികരമായ ഒരു വിധി കാണാൻ കഴിഞ്ഞെന്ന് വരില്ല. ചിലപ്പോൾ അത്തരമൊരു വിഷയത്തെക്കുറിച്ച് ഒരു പരാമർശവും കാണുകയില്ല. എന്നാൽ അവൻ നിഷ്കളങ്ക മനസ്സോടെ ആത്മാർത്ഥമായി ഖുർആനിലേക്കും ഹദീസിലേക്കും മടങ്ങിയാൽ പ്രശ്നത്തിന്റെ യഥാർത്ഥ മതവിധി സുവ്യക്തവും സുഗ്രാഹ്യവുമായി അവന് ലഭിക്കുന്നത് കാണാം. ഇഖ്ലാസും അറിവും ഗ്രാഹ്യശേഷിയും എത്രയുണ്ടോ അതിനനുസരിച്ചായിരിക്കുമത്.

മതവിധി നൽകുന്നവൻ സാവകാശം കൈകൊള്ളൽ അനിവാര്യമാണ്. ധൃതി കാണിക്കരുത്. ധൃതിപ്പെട്ട് നൽകിയ എത്രയെത്ര മതവിധികളാണ് പുനഃപരിശോധന നടത്തുമ്പോൾ തെറ്റായിരുന്നുവെന്ന് ബോധ്യമാവുക! അത്തരം സന്ദർഭങ്ങളിൽ ഖേദിക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ താൻ നൽകിയ വിധി തിരുത്താൻ പോലും കഴിഞ്ഞെന്ന് വരില്ല.

ഉറപ്പു വരുത്തി സാവകാശത്തോടെ മാത്രമേ മതവിധി നൽകുകയുളളൂ എന്ന് ഒരാളെപ്പറ്റി ജനങ്ങൾ മനസ്സിലാക്കുമ്പോഴാണ് അവന്റെ വാക്കുകൾ അവർ പരിഗണിക്കുക. ധൃതികാണിക്കുന്നവന് ധാരാളം തെറ്റുപറ്റും. അങ്ങനെയുള്ളവനാണെന്ന് ഒരാളെപ്പറ്റി മനസ്സിലാക്കിയാൽ പിന്നെ അവന്റെ മത വിധിയിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവില്ല. അങ്ങനെ അയാളുടെ ധൃതിയും അബന്ധങ്ങളും കാരണം തന്റെ കൈവശമുള്ള ശരിയായ അറിവ് പോലും അയാൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടാതെ പോകുന്നു.

നമ്മെയും നമ്മുടെ സഹോദരങ്ങളെയും നേർവഴിക്ക് നടത്തണേ എന്ന് അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. തന്റെ പ്രത്യേക സംരക്ഷണവും  പരിഗണനയാലും വീഴ്ചകൾ ഉണ്ടാകുന്നതിൽ നിന്നും നമ്മെ അവൻ കാത്തുരക്ഷിക്കട്ടെ. അവൻ ഉദാരനും മാന്യനുമാണ്. നമ്മുടെ നബിയായ മുഹമ്മദിന്റെ മേൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും അവൻ വർഷിക്കുമാറാകട്ടെ. ഏതൊരുവന്റെ അനുഗ്രഹത്താലാണോ അനുഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടുന്നത് അങ്ങനെയുള്ള അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.

അല്ലാഹുവിനു വേണ്ടി വിനീതൻ ഇവിടെ അവസാനിപ്പിക്കുന്നു

മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ

വെള്ളി, മദ്ധ്യാഹ്നം

1392 ശഅബാൻ 14

 

 

***

ഉള്ളടക്കം

 

അധ്യായം ഒന്ന്: ആർത്തവത്തിൻ്റെ അർത്ഥവും ഹിക്മത്തും 5

അധ്യായം രണ്ട്. ആർത്തവ പ്രായവും അതിന്റെ കാലയളവും. 7

അധ്യായം 3. ആർത്തവത്തിന്റെ അവസ്ഥാഭേദങ്ങൾ 22

അധ്യായം 4. ആർത്തവസംബന്ധമായ വിധി വിലക്കുകൾ 30

5. ഇസ്തിഹാദത്തും വിധികളും 60

ഇസ്തിഹാദത്തിന്റെ അവസ്ഥാഭേദങ്ങൾ 61

രക്തസ്രാവത്തോട് സാദൃശ്യമുള്ള ചില അവസ്ഥകൾ 68

ഇസ്തിഹാദത്തുള്ള സ്ത്രീകൾ പാലിക്കേണ്ട വിധി വിലക്കുകൾ 70

അധ്യായം 6: നിഫാസും വിധിവിലക്കുകളും 73

നിഫാസുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ 76

7. ആർത്തവ ചക്രത്തിൽ കൃത്രിമമായി മാറ്റമുണ്ടാക്കാമോ? ഗർഭധാരണം തടയാൻ പാടുണ്ടോ? ഗർഭം അലസിപ്പിക്കാമോ? 82

 

***


ബുഖാരി: 305, മുസ്ലിം: 1211

ബുഖാരി: 1662, മുസ്ലിം: 1211.

رسالة الأسماء التي علق الشارع الأحكام بها ص:35

നേരത്തെ സൂചിപ്പിച്ച അതേ ഗ്രന്ഥം, പേജ്: 36.

നേരത്തെ സൂചിപ്പിച്ച അതേ ഗ്രന്ഥം, പേജ്: 38.

ബുഖാരി അബൂ ഹുറൈറ(رضي الله عنه)യിൽ നിന്ന് ഉദ്ധരിച്ചത്: 39

ബുഖാരി ഉദ്ധരിച്ചത്: കിതാബുൽ മനാഖിബ്, ബാബു സിഫത്തിന്നബിയ്യ് , ഹദീസ് നമ്പർ (3560). മുസ്ലിം: കിതാബുൽ ഫദാഇൽ, ബാബു മുബാഅദതിഹി ലിൽ ആഥാം, ഹദീസ് നമ്പർ (77/2327).

മജ്മൂഉൽ ഫതാവാ: 19/238-239.

അൽ ഔസത്വ്: 2/356.

അൽമുഗ്നി: 1/405.

അൽമുദവ്വന: 1/155, അന്നവാദിർ വസ്സിയാദാത്: 1/136.

മർവസിയുടെ ഇഖ്തിലാഫുൽ ഫുഖഹാ: 193, അൽ ഔസത്: 2/239.

മജ്മൂഉൽ ഫതാവാ: 19/238-239.

അല്-ഉമ്മ് (82/1).

മുഗ്നി (396/1)

അബൂദാവൂദ് റിപ്പോർട്ട് ചെയ്തത്: കിതാബുത്ത്വഹാറ, ശുദ്ധിക്ക് ശേഷം കലങ്ങിയതും മഞ്ഞനിറമുള്ളതും കാണുന്ന സ്ത്രീയെക്കുറിച്ചുള്ള അധ്യായം, ഹദീസ് നമ്പർ (307).

ഇത് ബുഖാരി കിതാബുൽ ഹൈദിൽ, ഹൈദല്ലാത്ത ദിവസങ്ങളിലെ സുഫ്റയും കുദ്റയും എന്ന അദ്ധ്യായത്തിൽ, (326) നമ്പർ ഹദീസായി ഉദ്ധരിച്ചിരിക്കുന്നു.

ഫത്ഹുൽ ബാരീ:1/426.

ബുഖാരി: 1/71.

ബുഖാരിയിൽ തഅ്ലീഖായി: കിതാബുൽ ഹൈദ്, ബാബ്: ഹൈദിന്റെ ആരംഭവും അവസാനവും, ഹദീസ് നമ്പർ 320-ന് മുൻപ്.

അൽ അസ്ൽ (2/-19-20)

അൽഇൻസാഫിൽ അവരിൽ നിന്നുള്ളതായി ഉദ്ധരിച്ചിരിക്കുന്നു.

അൽ-ഉമ്മ് (1/ 83-84).

മുഗ്നി (226/1).

മുഗ്നി (257/1)

ബുഖാരി: കിതാബ് മവാഖീതുസ്സ്വലാത്ത്, ബാബ് മൻ അദ്റക മിനസ്സ്വലാത്തി റക്അത്തൻ, ഹദീസ് നമ്പർ (580). മുസ്ലിം: കിതാബുൽ മസാജിദി മവാദിഇ സ്സ്വലാത്ത്, ബാബ് മൻ അദ്റക റക്അത്തൻ മിനസ്സ്വലാത്തി ഫഖദ് അദ്റക തിൽകസ്സ്വലാത്ത്, ഹദീസ് നമ്പർ (607), അബൂഹുറൈറ(رضي الله عنه.) നിവേദനം ചെയ്ത ഹദീസിൽ നിന്ന്.

ബുഖാരി ഉദ്ധരിച്ചത്: കിതാബ് മവാഖീതുസ്സ്വലാത്ത്, ബാബ്: മൻ അദ്റക മിനൽ ഫജ്ർ റക്അ, നമ്പർ (579). മുസ്ലിം: കിതാബുൽ മസാജിദ് മവാളിഉസ്സ്വലാത്ത്, ബാബ്: മൻ അദ്റക റക്അത്തൻ ഫഖദ് അദ്റക തിൽകസ്സ്വലാത്ത്, നമ്പർ (608), അബൂ ഹുറൈറ(رضي الله عنه) വിൽ നിന്ന്.

അൽമജ്മൂഅ് ശർഹുൽ മുഹദ്ദബ്: 3/70.

ഇത് ബുഖാരി/കിതാബുൽ ഹൈദ്, ഹൈദിലുള്ള ഭാര്യയുടെ മടിയിൽ ഇരിക്കെ ഭർത്താവ് പാരായണം ചെയ്യൽ എന്ന അധ്യായത്തിൽ (297) ഹദീസ് നമ്പറായി ഉദ്ധരിച്ചിരിക്കുന്നു. മുസ്ലിം/കിതാബുൽ ഹൈദ്, ഹൈദിലുള്ള ഭാര്യയുടെ മടിയിൽ ഭർത്താവ് ചാരുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യൽ എന്ന അധ്യായത്തിൽ (301) ഹദീസ് നമ്പറായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഇശ(رضي الله عنها)യാണ് ഹദീഥ് രിവായത് ചെയ്തത്.

ബുഖാരി: 324, മുസ്ലിം: 890.

അൽ-മജ്മൂഅ്: (2/357).

صحيح البخاري: كتاب الحيض، باب تقضي الحائض المناسك كلها إلا الطواف بالبيت، وفتح الباري 1/ 407-408

ഫത്ഹുൽ ബാരി: 1/408.

ഔസത്വ്: 223/2.

അൽമജ്മൂഅ്: 2/356.

ഫത്ഹുൽ ബാരീ:1/408.

علقه البخاري: كتاب الحيض، باب تقضي الحائض المناسك كلها إلا الطواف بالبيت، قبل حديث رقم 305

തിർമിദി: 131.

: العلل للترمذي ص: 69/ ترتيبه، والسنن الكبرى للبيهقي 1/ 309، والأحكام الشرعية لابن عبد الحق 1/ 504، ونصب الراية للزيلعي 1/ 195

മജ്മൂഉൽ ഫതാവാ: 26/191.

ബുഖാരി: 1757, മുസ്ലിം: 1211

ബുഖാരി ഉദ്ധരിച്ചത്: കിതാബുസ്സൗം, അദ്ധ്യായം: നോമ്പുകാരൻ കുളിക്കുന്നത്, ഹദീസ് (1931). മുസ്ലിം: കിതാബുസ്സിയാം, അദ്ധ്യായം: ജനാബത്തുകാരനായി പ്രഭാതമായാൽ നോമ്പിന്റെ സാധുത, ഹദീസ് (1109).

ഇത് ബുഖാരി ഉദ്ധരിച്ചതാണ്: കിതാബുൽ ഹൈദ്, ബാബു ലാ തഖ്ദിൽ ഹാഇദു സ്വലാത്ത, ഹദീസ് നമ്പർ (321). മുസ്ലിം ഉദ്ധരിച്ചത്: കിതാബുൽ ഹൈദ്, ബാബു വുജൂബി ഖളാഇ സ്സൗമി അലൽ ഹാഇദി ദൂന സ്വലാത്ത, ഹദീസ് നമ്പർ (335). ഹദീസിന്റെ പദങ്ങൾ മുസ്ലിമിൽ വന്നതാണ്.

ബുഖാരി റിപ്പോർട്ട് ചെയ്തത്: കിതാബുൽ ഇൽമ്, ബാബുൽ ഹയാഇ ഫിൽ ഇൽമ് ഹദീഥ് നമ്പർ: 130. മുസ്ലിം: കിതാബുൽ ഹൈദ്, ബാബു വുജൂബിൽ ഗുസ്ലി അലൽ മർഅ, ഹദീഥ് നമ്പർ: 313.

ബുഖാരി: 305, മുസ്ലിം: 1211

ബുഖാരി: 301, മുസ്ലിം: 293

ബുഖാരി:1755, മുസ്ലിം: 1328

ബുഖാരി: 324, മുസ്ലിം: 890.

മുസ്ലിം: 302 

ബുഖാരി: 5251, മുസ്ലിം: 1471. (ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീഥ്)

ബുഖാരി: 5273, ഇബ്നു അബ്ബാസ്رضي الله عنهما- ഉദ്ധരിച്ച ഹദീഥ്.

ബുഖാരി: 320, മുസ്ലിം: 333

ബുഖാരി: 315,  മുസ്ലിം: 332

മുസ്ലിം: 330, ഉമ്മുസലമ(رضي الله عنها) യിൽ നിന്ന് ഉദ്ദരിച്ചത്.

ബുഖാരി: 228, മുസ്ലിം: 333, ആയിഷ (رضي الله عنها) യുടെ ഹദീഥിൽ നിന്ന്.

തിർമിദി: 128-ാം ഹദീഥിന് ശേഷം.

അഹ്മദ്: 6/349, അബൂദാവൂദ്: 287, തിർമിദി: 128, ഹംന ബിൻതു ജഹ്ഷ് (رضي الله عنها) വിൻ്റെ ഹദീഥിൽ നിന്ന്.

ബുഖാരി: 325, ആയിഷ(رضي الله عنها)യിൽ നിന്ന്.

മുസ്ലിം: 334, ആയിഷ(رضي الله عنها)യിൽ നിന്ന്.

അബൂദാവൂദ്: 286, നസാഈ: 211, ഇബ്നു മാജ: 620,  ഇബ്നു ഹിബ്ബാൻ: 1348, ഹാകിം: 618 (ആയിഷ -رَضِيَ اللَّهُ عَنْهَا- നിവേദനം.)

അഹ്മദ്: 6/439, അബൂദാവൂദ്: 287, തിർമിദി: 128, (ഹമ്ന ബിൻത് ജഹ്ഷ് (رضي الله عنهاവിൽ എന്ന് ഉദ്ധരിച്ചത്)

തിർമിദി: ഹദീസ് 128-നു ശേഷം.

ബുഖാരി: 228, മുസ്ലിം: 333, ആയിഷ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥിൽ നിന്ന്.

അഹ്മദ്: 6/204. ഇബ്നു മാജ: 624, ആയിഷ(رضي الله عنها)യിൽ  നിന്ന് ഉദ്ദരിച്ചത്.

മുഗ്നി: 1/252-253.

കശ്ശാഫുൽ ഖനാഅ്: 1/219

മുഗ്നി (253/1).

മുഗ്നി (253/1).

അൽ മുഗ്നി: 2/252, ഉസ്മാൻ ഇബ്നു അബീൽആസിന്റെ സംഭവം: അബ്ദുറസാഖ്/അൽ മുസന്നഫ്: 1202, ഇബ്നു അബീ ശൈബ/അൽ മുസന്നഫ്: 17450, ദാരിമി/സുനൻ: 990, ഇബ്നുൽ ജാറൂദ്/അൽ മുൻതഖാ: 118.

ബുഖാരി: 5209, മുസ്ലിം: 1440, ജാബിർ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്.

അൽഇൻസാഫ്: 556/2.

أحكام المتحيرة في الحيض، للدارمي ص:17