دَفْنُ المَوتَى فِي المَسَاجِدِ
മരിച്ചവരെ മസ്ജിദുകളിൽ മറവു ചെയ്യൽ
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം പതിനൊന്ന്:
മരിച്ചവരെ മസ്ജിദുകളിൽ മറവു ചെയ്യൽ
17/4/1445 (ഹിജ്റ വർഷം) തിയ്യതിയിൽ പുറത്തിറങ്ങിയ ഖുർത്വൂം പത്രത്തിൽ സയ്യിദ് മുഹമ്മദ് ഹസൻ ഇദ്‌രീസീ എന്ന വ്യക്തിയെ തൻ്റെ പിതാവിൻ്റെ അരികിൽ മസ്ജിദിൽ മറവു ചെയ്തതായ ഒരു വാർത്ത വായിക്കാനിടയായി.
മുസ്‌ലിംകളോട് നിർബന്ധമായും പാലിക്കേണ്ട ഗുണകാംക്ഷയും തിന്മകളെ എതിർക്കുക എന്ന നിർബന്ധബാധ്യതയും പരിഗണിച്ചു കൊണ്ട് ഈ വിഷയത്തിൽ ഒരു കുറിപ്പ് പുറത്തിറക്കേണ്ടതുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മസ്ജിദുകളിൽ മരണപ്പെട്ടവരെ മറവ് ചെയ്യുക എന്ന കാര്യം അനുവദനീയമല്ല. മറിച്ച്, ശിർക്കിലേക്ക് നയിക്കുന്ന മാർഗങ്ങളിൽ പെട്ട കാര്യമാണത്. അല്ലാഹുവിൻ്റെ ആക്ഷേപത്തിന് പാത്രീഭൂതരായ യഹൂദനസ്വാറാക്കളുടെ പിഴച്ച മാർഗത്തിൽ പെട്ട ഈ പ്രവൃത്തിയുടെ പേരിൽ നബി ﷺ അവരെ ശപിച്ചിട്ടുണ്ട്. ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി ﷺ പറഞ്ഞു:
«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ».
"യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! അവർ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കി." ജുൻദുബ് ബിൻ അബ്ദുല്ല (رضي الله عنه) നിവേദനം: നബി -ﷺ- പറഞ്ഞിരിക്കുന്നു:
«أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».
"അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."
ഈ അർത്ഥത്തിൽ ധാരാളം ഹദീഥുകൾ വേറെയുമുണ്ട്.
അതിനാൽ ഏതു പ്രദേശത്തുള്ള മുസ്‌ലിംകളാകട്ടെ -ഭരണാധികാരികളോ ഭരണീയരോ ആകട്ടെ- അവരുടെ മേലുള്ള ബാധ്യത അല്ലാഹുവിനെ സൂക്ഷിക്കുകയും, അല്ലാഹു വിലക്കിയ കാര്യങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന് താക്കീത് ചെയ്യുകയും, മരണപ്പെട്ടവരെ മസ്ജിദുകൾക്ക് പുറത്ത് മറവ് ചെയ്യുക എന്നതുമാണ്. നബിയും ﷺ സ്വഹാബികളും അപ്രകാരമായിരുന്നു ചെയ്തിരുന്നത്. മരണപ്പെട്ടവരെ അവർ മസ്ജിദുകൾക്ക് പുറത്താണ് മറവു ചെയ്യാറുണ്ടായിരുന്നത്; അവർക്ക് ശേഷം അവരുടെ മാർഗം നേരായവിധത്തിൽ പിൻപറ്റിയവരും അപ്രകാരം തന്നെയാണ് ചെയ്തു വന്നത്.
നബിയുടെയും ﷺ അവിടുത്തെ സന്തതസഹചാരികളായ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെയും ഉമർ ബ്നുൽ ഖത്താബ് - رَضِيَ اللَّهُ عَنْهُ - വിൻ്റെയും ഖബ്റുകൾ മസ്ജിദുന്നബവിക്ക് ഉള്ളിലാണല്ലോ എന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ മരണപ്പെട്ടവരെ മസ്ജിദിൽ ഖബറടക്കാൻ ഇക്കാര്യം യാതൊരു നിലക്കും തെളിവല്ല. കാരണം നബിയെ ﷺ തൻ്റെ വീട്ടിലാണ് മറവു ചെയ്യപ്പെട്ടത്; ആഇശാ -رَضِيَ اللَّهُ عَنْهَا- യുടെ മുറിയായിരുന്നു അത്. പിന്നീട് നബിയുടെ ﷺ രണ്ട് സന്തതസഹചാരികളും അവിടുത്തോടൊപ്പം മറവ് ചെയ്യപ്പെട്ടു. പിന്നീട് വലീദ് ബ്നുൻ അബ്ദിൽ മലിക്കിൻ്റെ കാലഘട്ടത്തിൽ മസ്ജിദ് വികസിപ്പിച്ചപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ മുറിയും മസ്ജിദിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഈ പറഞ്ഞത് ഹിജ്റക്ക് ശേഷം നൂറ് വർഷങ്ങൾ പിന്നിടുമ്പോഴാണ്. അക്കാലഘട്ടത്തിലെ പണ്ഡിതന്മാർ ഈ പ്രവൃത്തിയെ എതിർത്തിരുന്നു; എന്നാൽ മസ്ജിദിൻ്റെ പുനർനിർമ്മാണത്തിന് ഇത് തടസ്സമല്ലെന്നും, ഇക്കാര്യം അവ്യക്തമായ ഒരു വിഷയമല്ല എന്നുമുള്ള നിലപാടിൽ ഖലീഫ മുന്നോട്ടു പോയി.
നബിയും ﷺ അവിടുത്തെ രണ്ട് സന്തതസഹചാരികളും മസ്ജിദിലല്ല മറവ് ചെയ്യപ്പെട്ടത് എന്ന കാര്യം ഈ പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നതാണ്. മസ്ജിദ് വികസനത്തിൻ്റെ ഭാഗമായി പിന്നീട് ഖബ്റുകൾ മസ്ജിദിലേക്ക് ചേർക്കപ്പെട്ടു എന്നത് മസ്ജിദിൽ മറവു ചെയ്യാൻ ഒരിക്കലും ന്യായമല്ല. കാരണം ഈ ഖബ്റുകൾ നിലകൊള്ളുന്നത് മസ്ജിദിലല്ല; മറിച്ച് നബിﷺയുടെ ഭവനത്തിലാണ്. വലീദ് ബ്നു അബ്ദിൽ മലിക് എന്ന ഖലീഫഃയുടെ പ്രവൃത്തി ഇസ്‌ലാമിൽ തെളിവല്ല എന്ന വസ്തുതയും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്; ദീനിൻ്റെ തെളിവുകൾ ഖുർആനിൽ നിന്നും ഹദീഥിൽ നിന്നും സച്ചരിതരായ മുൻഗാമികളുടെ ഏകോപിച്ച അഭിപ്രായത്തിൽ നിന്നുമാണ് സ്വീകരിക്കേണ്ടത്. അല്ലാഹു അവരെ തൃപ്തിപ്പെടുകയും, നമ്മെ അവരുടെ അനുയായികളായി നിശ്ചയിക്കുകയും ചെയ്യുമാറാകട്ടെ.
മുസ്‌ലിംകൾക്കുള്ള ഉപദേശമായും, അല്ലാഹുവിൻ്റെ പക്കൽ ബാധ്യത നിറവേറ്റുന്നതിനുമായി ഈ കുറിപ്പ് 14/5/1415 ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
***
ml397v4.0 - 16/02/2026