التَّحْذِيرُ مِنْ بِنَاءِ المَسَاجِدِ
عَلَى القُبُورِ
ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നതിൻ്റെ വിധി
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം പത്ത്:
ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നതിൻ്റെ വിധി
ജോർദാനിലെ റഹീബ് ഗ്രാമത്തിൽ ഈയിടെ കണ്ടെത്തിയ -അസ്ഹാബുൽ കഹ്ഫിൻ്റെ ഗുഹഃ എന്ന് ധരിക്കപ്പെടുന്ന- ഒരു ഗുഹയുടെ ചാരത്തായി ഒരു മസ്ജിദ് നിർമ്മിക്കാനുള്ള പദ്ധതി റാബിത്വതുൽ ഉലൂം അൽഇസ്ലാമിയ്യഃയുടേതായി വരാനിരിക്കുന്നു എന്ന് അവരുടെ മാസികയിൽ വായിക്കാനിടയായി. വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട ഗുഹാവാസികൾ ഉറങ്ങിയത് ഈ ഗുഹയിലായിരുന്നു എന്നാണ് ചിലർ അതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്.
അല്ലാഹുവിനോടും അവൻ്റെ ദാസന്മാരോടുമുള്ള നസ്വീഹത്തിൻ്റെ ഭാഗമായി ഈ വിഷയത്തിൽ ജോർദാനിലെ റാബിത്വത്തുൽ ഉലൂമിൽ ഇസ്ലാമിയ്യയുടെ മാസികയിൽ എൻ്റെ ഈ കുറിപ്പ് ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. നേരത്തെ സൂചിപ്പിക്കപ്പെട്ട ഗുഹയുടെ മുകളിൽ ഒരു മസ്ജിദ് നിർമിക്കാനുള്ള അവരുടെ തീരുമാനവുമായി ബന്ധപ്പെട്ട് അവരെ ചില കാര്യങ്ങൾ ഉണർത്താനാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്.
നബിമാരുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകൾക്ക് മീതെയും, അവരുടെ ചരിത്രാവശേഷിപ്പുകളോട് ചേർന്നു കൊണ്ടും ആരാധനാലയങ്ങൾ നിർമ്മിക്കുക എന്നത് അല്ലാഹു പൂർണ്ണമാക്കിയ ഇസ്ലാം ദീനിൽ ശക്തമായി താക്കീത് നൽകപ്പെട്ട കാര്യമാണ്; ഈ പ്രവൃത്തി ശിർക്കിലേക്ക് നയിക്കുന്നതാണ് എന്നതിനാലും, നബിമാരുടെയും സ്വാലിഹീങ്ങളുടെയും വിഷയത്തിലുള്ള അതിരുകവിച്ചിലാണ് എന്നതിനാലും അത്തരം പ്രവൃത്തികളിലേക്ക് മുന്നിടുന്നവർ ഈ ദീനിൽ ശപിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ദീനിൽ ഓർമ്മപ്പെടുത്തിയ ഈ കാര്യം -ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ പണിയുന്നത് ശിർക്കിലേക്ക് നയിക്കുന്നതാണ് എന്നത്- വളരെ വാസ്തവമാണ് എന്നതിന് ചരിത്രവും വർത്തമാനവും സാക്ഷിയാണ്. ഈ ദീൻ അല്ലാഹുവിൽ നിന്നുള്ളതാണ് എന്നതിൻ്റെയും, മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുമുള്ള തെളിവുകളിൽ എണ്ണേണ്ട കാര്യമാണത്. ഇസ്ലാമിക ലോകത്തിൻ്റെ സ്ഥിതിഗതികൾ വീക്ഷിക്കുകയും, ഖബ്റുകൾക്ക് മേൽ മസ്ജിദുകൾ നിർമ്മിക്കുകയും ഈ ഖബ്റുകളെ ആദരിക്കുകയും 'ഖബ്ർ മൂടുകയും' അലങ്കരിക്കുകയും, അതിൻ്റെ പരിചാരകരായി പുരോഹിതന്മാരെ നിശ്ചയിക്കുകയുമെല്ലാം ചെയ്തതിൻ്റെ ഫലമായി അവരിൽ ഉടലെടുത്ത അതിരുകവിച്ചിലും ബഹുദൈവാരാധനയുടെ രൂപങ്ങളും പരിശോധിക്കുകയും ചെയ്താൽ ഈ പ്രവർത്തി ശിർക്കിലേക്കുള്ള മാർഗങ്ങളിൽ പെട്ടതാണെന്ന് ഏതൊരാൾക്കും ബോധ്യപ്പെടും. ഇക്കാരണത്താൽ തന്നെ അതിൽ നിന്ന് ജനങ്
ഇതിൽ ബുഖാരി, മുസ്ലിം -رَحْمَةُ اللهِ عَلَيْهِمَا- എന്നിവർ ആഇശ -رَضِيَ اللَّهُ عَنْهَا- യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
«لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ قالَتْ عَائِشَةُ: يُحَذِّرُ مَا صَنَعُوا قالَتْ: وَلَوْلَا ذَلِكَ لَأُبْرِزَ قَبْرُهُ غَيْرَ أَنَّهُ خُشِيَ أَنْ يُتَّخَذَ مَسْجِدًا».
"യഹൂദരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ! തങ്ങളുടെ നബിമാരുടെ ഖബ്റുകളെ അവർ ആരാധനാകേന്ദ്രങ്ങളാക്കി." ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: നബി അവരുടെ പ്രവർത്തനത്തിൽ നിന്ന് താക്കീത് നൽകുകയായിരുന്നു. അവർ പറയുന്നു: അതല്ലായിരുന്നെങ്കിൽ നബിയുടെ ﷺ ഖബ്ർ (ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ) വെളിവാക്കപ്പെടുമായിരുന്നു. എന്നാൽ അവിടുത്തെ ഖബ്ർ മസ്ജിദാക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നു." അതുപോലെ ഉമ്മു സലമയും ഉമ്മു ഹബീബയും -رَضِيَ اللَّهُ عَنْهُمَا- നബിയോട് ﷺ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ചും അതിൽ കണ്ട ചിത്രങ്ങളെ കുറിച്ചും പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു:
«أُولَئِكَ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا وَصَوَّرُوا فِيهِ تِلْكَ الصُّوَرَ أُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ».
"അക്കൂട്ടർ; അവരിൽ ഒരു സച്ചരിതനായ വ്യക്തി മരണപ്പെട്ടാൽ, അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ ഒരു മസ്ജിദ് പണിയുകയും, അതിൽ ആ ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. അവരാകുന്നു അല്ലാഹുവിങ്കൽ ഏറ്റവും നികൃഷ്ടരായ സൃഷ്ടികൾ."
ജുൻദുബ് ഇബ്നു അബ്ദില്ലാഹ് (رَضِيَ اللَّهُ عَنْهُ) നിവേദനം: നബി (ﷺ) മരണപ്പെടുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുൻപ് അവിടുന്ന് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു:
«إِنِّي أَبْرَأُ إِلَى اللَّهِ أَنْ يَكُونَ لِي مِنْكُمْ خَلِيلٌ فَإِنَّ اللَّهَ قَدِ اتَّخَذَنِي خَلِيلًا كَمَا اتَّخَذَ إِبْرَاهِيمَ خَلِيلًا وَلَوْ كُنْتُ مُتَّخِذًا مِنْ أُمَّتِي خَلِيلًا لَاتَّخَذْتُ أَبَا بَكْرٍ خَلِيلًا أَلَا وَإِنَّ مَنْ كَانَ قَبْلَكُمْ كَانُوا يَتَّخِذُونَ قُبُورَ أَنْبِيَائِهِمْ وَصَالِحِيهِمْ مَسَاجِدَ أَلَا فَلَا تَتَّخِذُوا الْقُبُورَ مَسَاجِدَ فَإِنِّي أَنْهَاكُمْ عَنْ ذَلِكَ».
"നിങ്ങളിൽ നിന്ന് ഒരു ഉറ്റമിത്രമുണ്ടാവുന്നതിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. കാരണം അല്ലാഹു എന്നെ ഖലീലായി സ്വീകരിച്ചിരിക്കുന്നു, അല്ലാഹു ഇബ്റാഹീമിനെ ഖലീലായി സ്വീകരിച്ചതുപോലെ. എൻ്റെ ഉമ്മത്തിൽ നിന്ന് ആരെയെങ്കിലും ഞാൻ ഉറ്റമിത്രമായി സ്വീകരിക്കുമായിരുന്നുവെങ്കിൽ അബൂബക്റിനെ ഞാൻ ഉറ്റമിത്രമായി (ഖലീലായി) സ്വീകരിക്കുമായിരുന്നു. അറിയുക! നിങ്ങൾക്ക് മുൻപുള്ളവർ തങ്ങളുടെ നബിമാരുടെയും സ്വാലിഹീങ്ങളുടെയും (സച്ചരിതർ) ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കുമായിരുന്നു. അറിയുക! നിങ്ങൾ ഖബ്റുകളെ ആരാധനാകേന്ദ്രങ്ങളാക്കരുത്. ഞാൻ നിങ്ങളെ അതിൽ നിന്നിതാ വിലക്കുന്നു."
ഈ വിഷയത്തിൽ ധാരാളം ഹദീഥുകൾ വേറെയുമുണ്ട്.
നാല് മദ്ഹബുകളിൽ പെട്ട പണ്ഡിതന്മാരും അല്ലാത്തവരും മസ്ജിദുകൾക്ക് മേൽ ഖബ്റുകൾ പണിതുയർത്തുന്നത് വിലക്കി കൊണ്ട് ഖണ്ഡിതമായ പ്രസ്താവനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നബിയുടെ ﷺ സുന്നത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവരെല്ലാം അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. മുൻകാലക്കാരായ യഹൂദനസ്വാറാക്കൾ അകപ്പെട്ടതു പോലുള്ള അതിരുകവിച്ചിൽ മുസ്ലിംകൾക്കും സംഭവിക്കരുത് എന്ന ഗുണകാംക്ഷയോടെ അവർ ഇക്കാര്യത്തെ ശക്തമായി എതിർത്തിട്ടുണ്ട്.
അതിനാൽ ജോർദാനിലെ റാബിത്വതുൽ ഉലുമിൻ്റെ വക്താക്കളുടെ മേലും സർവ്വ മുസ്ലിംകളുടെ മേലും നിർബന്ധമായിട്ടുള്ളത്: നബി ﷺ യുടെ സുന്നത്ത് മുറുകെ പിടിക്കുകയും മുൻഗാമികളായ ഇമാമുമാരുടെ മാർഗത്തിൽ ചരിക്കുകയും, അല്ലാഹുവും അവൻ്റെ റസൂലും ﷺ താക്കീത് നൽകിയതിൽ നിന്ന് അകലം പാലിക്കലുമാണ്. അതിലാണ് മുസ്ലിംകൾക്ക് എല്ലാ വിധത്തിലുള്ള നന്മയും ഇഹപരലോകങ്ങളിലെ സൗഭാഗ്യവുമുള്ളത്. ഗുഹാവാസികളുടെ ചരിത്രം വിവരിക്കവെ വിശുദ്ധ ഖുർആനിൽ വന്ന ഒരു ആയത്ത് ചിലർ തെളിവാക്കാറുണ്ട്; പ്രസ്തുത വചനം ഇപ്രകാരമാണ്:
﴿...قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا﴾
"...അവരുടെ കാര്യത്തില് പ്രാബല്യം നേടിയവര് പറഞ്ഞു: നമുക്ക് അവരുടെ മേല് ഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം." (കഹ്ഫ്: 21)
അക്കാലഘട്ടത്തിലെ നേതാക്കളും തലവന്മാരുമായവർ അവരുടെ ഖബ്റിന് മേൽ ഒരു മസ്ജിദ് പണിയാമെന്ന തീരുമാനം പറഞ്ഞുവെന്ന് മാത്രമേ ഈ ആയത്തിൽ വന്നിട്ടുള്ളൂ; അവരുടെ ആ വാക്ക് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നോ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നോ ആ ആയത്തിൽ പരാമർശമില്ല. യഥാർത്ഥത്തിൽ, അവരുടെ പ്രവർത്തനത്തോടുള്ള ആക്ഷേപവും എതിർപ്പുമാണ് ആ വചനത്തിലുള്ളത്. കാരണം ഈ ആയത്ത് അവതരിക്കപ്പെട്ടത് നബിക്കാണ് ﷺ ; അതിൻ്റെ വിശദീകരണം എന്താണെന്ന് ഏറ്റവും നന്നായി അറിയുന്നവർ അവിടുന്നാണ്. നബി ﷺ തൻ്റെ ഉമ്മത്തിനെ ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നതിൽ നിന്ന് താക്കീത് ചെയ്യുകയാണുണ്ടായത്. അപ്രകാരം ചെയ്യുന്നവരെ അവിടുന്ന് ശപിക്കുകയും ആക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നത് അനുവദിക്കപ്പെട്ടതായിരുന്നെങ്കിൽ ഈ രൂപത്തിൽ നബി ﷺ അതിനെതിരെ ശക്തമായി എതിർപ്പും ആക്ഷേപവും പറയുമായിരുന്നില്ല. എന്നാൽ അവിടുന്ന് ഈ പ്രവൃത്തി ചെയ്യുന്നവരെ ശപിക്കുകയും, അവരാണ് അല്ലാഹുവിങ്കൽ ഏറ്റവും നികൃഷ്ടരായ സൃഷ്ടികൾ എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം സത്യം അന്വേഷിച്ചറിയാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് മതിയായ തെളിവാണ്. നമ്മുടെ മുൻപുള്ള തലമുറയിൽ പെട്ടവർക്ക് ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുന്നത് അനുവദനീയമാണെന്ന് നാം കരുതിയാൽ പോലും അക്കാര്യത്തിൽ അവരെ മാതൃകയാക്കുക എന്നത് നമുക്ക് അനുവദനീയമാകില്ല. കാരണം മുൻപുള്ള സമുദായങ്ങൾക്ക് നൽകപ്പെട്ട എല്ലാ മതവിധികളെയും നമ്മുടെ ഈ ശരീഅത്ത് ദുർബലമാക്കിയിരിക്കുന്നു. നമ്മുടെ നബിയാകട്ടെ ﷺ , അന്തിമനബിയും, അവിടുത്തെ ശരീഅത്ത് സമ്പൂർണ്ണവും സമഗ്രവുമാണ്. അവിടുന്ന് ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പടുക്കുന്നതിൽ നിന്ന് നമ്മെ വിലക്കിയിരിക്കുന്നു. അതിനാൽ അവിടുത്തോട് എതിരാവുക എന്നത് നമുക്ക് അനുവദനീയമല്ല. മറിച്ച് നബിയെ ﷺ പിൻപറ്റുകയും, അവിടുത്തെ തീരുമാനത്തിന് കീഴൊതുങ്ങുകയും, അതിന് വിരുദ്ധമാകുന്ന മുൻകാല സമൂഹങ്ങളുടെ പ്രവൃത്തികളെ ഉപേക്ഷിക്കുകയുമാണ് നാം ചെയ്യേണ്ടത്. കാരണം അല്ലാഹുവിൻ്റെ വിധിവിലക്കുകളോളം പൂർണ്ണമായ ഒരു വിധിവിലക്കോ നാട്ടാചാരമോ ഇല്ലതന്നെ. നബിയുടെ ﷺ മാർഗത്തോടും ചര്യയോടും കിടപിടിക്കാവുന്ന ഒരു മാർഗവും വേറെയില്ല.
അല്ലാഹു നമ്മെയും മുഴുവൻ മുസ്ലിംകളെയും അവൻ്റെ ദീനിൽ സ്ഥിരതയോടെ നിലനിൽക്കാനും, മുഹമ്മദ് നബിയുടെ ﷺ ശരീഅത്ത് വാക്കുകളിലും പ്രവൃത്തികളിലും, പ്രത്യക്ഷമായും പരോക്ഷമായും പൂർണ്ണമായി പാലിക്കാനും സഹായിക്കട്ടെ; അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഈ നിലയിൽ തുടരാനും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ. അല്ലാഹു പ്രാർത്ഥനകളെല്ലാം കേൾക്കുന്നവനും അവക്ക് ഉത്തരം നൽകുന്നവനുമാണ്.
***
ml397v4.0 - 16/02/2026