إِقََامَةُ البَرَاهِينِ عَلَى
حُكْمِ مَنِ اسْتَغَاثَ بِغَيرِ اللهِ
അല്ലാഹുവല്ലാത്തവരോടു സഹായം അഭ്യർത്ഥിക്കുന്നവരുടെ വിധിയെക്കുറിച്ച് തെളിവുകൾ സ്ഥാപിക്കൽ
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം രണ്ട്:
നബി -ﷺ- യോടുള്ള സഹായതേട്ടത്തിൻ്റെ വിധി
1390 റബീഉഥാനീ 19 ന് പുറത്തിറങ്ങിയ കുവൈത്തിലെ 'അൽ-മുജ്തമഅ്' പത്രത്തിൽ 'നബിദിനത്തിൻ്റെ ഓർമ്മയിൽ' എന്ന തലക്കെട്ടിൽ ഒരു കവിത പ്രസിദ്ധീകരിച്ചിരുന്നു. നബിയോടുള്ള -ﷺ- സഹായതേട്ടമാണ് അതിന്റെ ഉള്ളടക്കം. മുസ്‌ലിം ഉമ്മത്തിൽ സംഭവിച്ചിട്ടുള്ള ഭിന്നതകളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും അവരെ രക്ഷപ്പെടുത്താനും അവർക്ക് വിജയം നൽകാനും അവിടുത്തോട് തേടുന്ന വരികളാണ് അതിൽ ഉണ്ടായിരുന്നത്. ആമിന എന്ന പേരിൽ ഒരു സ്ത്രീയാണ് ഈ കവിത രചിച്ചിട്ടുള്ളത്. അതിലെ ചില വരികളുടെ സാരം ഇപ്രകാരമാണ്:
അല്ലാഹുവിൻ്റെ ദൂതരേ! യുദ്ധത്തിന് തീകൊളുത്തുകയും അതിൽ കടന്നെരിയുകയും ചെയ്യുന്ന പണ്ഡിതരെ താങ്കൾ പിടിച്ചു വെച്ചാലും!
അല്ലാഹുവിൻ്റെ റസൂലേ! സംശയത്തിൻ്റെ ഇരുട്ടിൽ കാലങ്ങളായി തപ്പിത്തടയുന്ന ഈ ഉമ്മത്തിനെ താങ്കൾ രക്ഷിച്ചാലും!
അല്ലാഹുവിൻ്റെ റസൂലേ! നിരാശയുടെ പടുകുഴിയിൽ ലക്ഷ്യം നഷ്ടമായ ഈ ഉമ്മത്തിനെ കരകയറ്റിയാലും!
ശേഷം കവിയത്രി പറയുന്നു:
ബദർ യുദ്ധ ദിവസം അങ്ങ് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ച പോലെ, വിജയം ഞ നൽകണമേ.
ബദ്റിൽ നിന്ദ്യത സുന്ദരമായ വിജയമായി മാറി; അല്ലാഹുവിന് നീ കാണാത്ത അനേകം സൈന്യങ്ങളുണ്ട്.
ഇപ്രകാരം ഈ കവയിത്രി തൻ്റെ തേട്ടങ്ങളും സഹായാർത്ഥനകളും അല്ലാഹുവിൻ്റെ റസൂലിൻറ -ﷺ- മുന്നിലാണ് വെക്കുന്നത്; അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ് വിജയമുള്ളത്; നബിയുടെയോ -ﷺ- മറ്റേതെങ്കിലും സൃഷ്ടിയുടെയോ കൈകളിലല്ല അതുള്ളത് എന്ന യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ടോ അക്കാര്യം അജ്ഞമായതിനാലോ അല്ലാഹുവിൻ്റെ ദൂതരോട് ഈ ഉമ്മത്തിൻ്റെ വിജയം വേഗത്തിലാക്കാനാണ് അവർ തേടിക്കൊണ്ടിരിക്കുന്നത്. എന്നാൽ അല്ലാഹു അവൻ്റെ കിതാബിൽ അറിയിച്ചത് കാണുക:
﴿...وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ الْعَزِيزِ الْحَكِيمِ﴾
"...സാക്ഷാല്‍ വിജയവും സഹായവും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാകുന്നു." (ആലു ഇംറാൻ: 126) അല്ലാഹു പറയുന്നു:
﴿إِنْ يَنْصُرْكُمُ اللَّهُ فَلَا غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا الَّذِي يَنْصُرُكُمْ مِنْ بَعْدِهِ...﴾
"നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിട്ടുകളയുന്ന പക്ഷം അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്..." (ആലു ഇംറാൻ: 160)
ഇപ്രകാരം നബി -ﷺ- യോട് പ്രാർത്ഥിക്കുകയും സഹായം തേടുകയും ചെയ്യുക എന്നത് ആരാധനകളുടെയും ഇബാദത്തുകളുടെയും ഇനങ്ങളിൽ ചിലത് അല്ലാഹുവിന് സമർപ്പിക്കുന്നതിലാണ് ഉൾ അതാകട്ടെ, അനുവദനീയമല്ലെന്നത് ഖണ്ഡിതമായ പ്രമാണങ്ങളാലും മുസ്‌ലിം ഉമ്മത്തിൻ്റെ ഇജ്മാഇനാലും സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു സർവ്വ സൃഷ്ടികളെയും പടച്ചത് അവർ അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ്; അതിലേക്ക് ക്ഷണിക്കുന്നതിനും ഈ ആരാധനകൾ വിവരിച്ചു നൽകുന്നതിനും വേണ്ടിയാണ് എല്ലാ നബിമാരെയും അവൻ നിയോഗിച്ചതും എല്ലാ വേദഗ്രന്ഥങ്ങളും അവൻ അവതരിപ്പിച്ചതും. അല്ലാഹു പറഞ്ഞതു പോലെ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." [സൂറത്തു ദ്ദാരിയാത്ത്: 56] അല്ലാഹു പറയുന്നു:
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്നവരോട് കൽപ്പിക്കാൻ വേണ്ടി..." [നഹ്ൽ: 36] അല്ലാഹു പറയുന്നു:
﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ 25﴾
"ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ (റസൂലേ) താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25) അല്ലാഹു പറയുന്നു:
﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2﴾
"അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്.
എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍."
(ഹൂദ്: 1,2)
മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണ് സൃഷ്ടിച്ചതെന്നും, ഇക്കാര്യം കൽപ്പിക്കുന്നതിനും ഇതിന് വിരുദ്ധമാകുന്ന കാര്യം വിലക്കുന്നതിനും വേണ്ടിയാണ് നബിമാരെ നിയോഗിച്ചത് എന്നും, അല്ലാഹുവിന് പുറമെ മറ്റൊരാളും ആരാധിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി തൻ്റെ ഗ്രന്ഥത്തിലെ വചനങ്ങൾ അവൻ കൃത്യമാക്കിയിരിക്കുന്നു എന്നും ഖണ്ഡിതമായ ഈ ആയത്തുകളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
ഇവിടെയെല്ലാം ഇബാദത്ത് എന്നും ആരാധന എന്നും പറയുന്നതിൻ്റെ ഉദ്ദേശ്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിർവ്വഹിക്കേണ്ടത്. ഇക്കാര്യം ധാരാളക്കണക്കിന് ആയത്തുകളിൽ അല്ലാഹു കൽപ്പിക്കുകയും നമ്മെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...﴾
"കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കി കൊണ്ട് (ശിർക്കിന്റെ യാതൊരു കലർപ്പുമില്ലാതെ) ഋജുമനസ്കരായ നിലയിൽ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടിയല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല..." [അൽ ബയ്യിന: 5] അല്ലാഹു പറയുന്നു:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, നിന്‍റെ റബ്ബ് വിധിച്ചിരിക്കുന്നു..." (ഇസ്റാഅ്: 23) അല്ലാഹു പറയുന്നു:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
"തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക.
"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം). അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 2-3)
ഈ അർത്ഥത്തിൽ നിരവധി ആയത്തുകൾ ഉണ്ട്. അവയെല്ലാം അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, നബിമാരെയും മറ്റും ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നത് നിർബന്ധമാണെന്ന് അറിയിക്കുന്നുണ്ട്.
പ്രാർത്ഥനയാകട്ടെ, ആരാധനയുടെയും ഇബാദത്തുകളൂടെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സമഗ്രവുമായ ഭാഗമാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14﴾
"അതിനാല്‍ ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി." (സൂറതു ഗാഫിർ: 14) അല്ലാഹു പറയുന്നു:
﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18﴾
"മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്." (സൂറത്തുൽ ജിന്ന്: 18) പ്രാർത്ഥനകൾ അല്ലാഹുവോട് മാത്രമേ പാടുള്ളൂ എന്ന ഈ കൽപ്പന നബിമാർക്കും മറ്റെല്ലാ സൃഷ്ടികൾക്കും ബാധകമാണ്. അല്ലാഹു പറഞ്ഞത് നോക്കൂ:
﴿وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِن فَعَلۡتَ فَإِنَّكَ إِذٗا مِّنَ ٱلظَّٰلِمِينَ106﴾
"അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും." (യൂനുസ്: 106) ഈ കൽപ്പന നബിയോടാണ് -ﷺ- . നബിയെ -ﷺ- അല്ലാഹു ശിർക്കിൽ നിന്ന് സംരക്ഷിച്ചിരിക്കുന്നു; എന്നിട്ടും അവിടുത്തോട് ഇക്കാര്യം കൽപ്പിച്ചത് മറ്റുള്ളവരെ താക്കീത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. തുടർന്ന് അല്ലാഹു പറഞ്ഞു:
﴿وَلَا تَدۡعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ106﴾
"അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും." (യൂനുസ്: 106) ഇതും നബിയോടുള്ള -ﷺ- ഓർമ്മപ്പെടുത്തൽ തന്നെ; ഇവിടെയും ഉദ്ദേശ്യം മറ്റുള്ളവരെ ഈ തിന്മയിൽ നിന്ന് താക്കീത് ചെയ്യുക എന്നതാണ്. കാരണം നബിയെ -ﷺ- ശിർക്കിൽ നിന്ന് അല്ലാഹു സുരക്ഷിതനാക്കിയിരിക്കുന്നു എന്നത് ദീനിൽ അറിയപ്പെട്ട അടിസ്ഥാനമാണ്. ശിർക്കിൽ നിന്ന് എത്ര ഗുരുതരമായാണ് അല്ലാഹു താക്കീത് ചെയ്തത് എന്ന് മനസ്സിലാക്കാൻ ആ ആയത്തിൻ്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചാൽ മതിയാകും:
﴿...فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ﴾
"...അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും." ഇവിടെ അക്രമികളിൽ ഉൾപ്പെടും എന്നു പറഞ്ഞപ്പോൾ, അക്രമം കൊണ്ട് ഉദ്ദേശിക്കുന്നത് വലിയ ശിർക്കാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿...وَالْكَافِرُونَ هُمُ الظَّالِمُونَ﴾
"...അവിശ്വാസികൾ തന്നെയാകുന്നു അക്രമികള്‍." (ബഖറ: 254) അല്ലാഹു പറയുന്നു:
﴿...إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾
"...തീര്‍ച്ചയായും ശിർക് (അല്ലാഹുവിൽ പങ്കുചേര്‍ക്കൽ) വലിയ അക്രമം തന്നെയാകുന്നു." (ലുഖ്മാൻ: 13) ആദം സന്തതികളുടെ നേതാവായ മുഹമ്മദ് നബിയിൽ -ﷺ- നിന്ന് ശിർക്ക് സംഭവിച്ചാൽ അവിടുന്ന് അതിക്രമികളിൽ ഉൾപ്പെടുമെന്നാണ് ഈ ആയത്തുകൾ അറിയിക്കുന്നത് എങ്കിൽ, മറ്റുള്ളവരിൽ നിന്ന് അത് സംഭവിച്ചാൽ അവരുടെ സ്ഥിതി എന്തായിരിക്കും.!?
ഈ ആയത്തുകളിൽ നിന്നും മറ്റും മനസ്സിലാകുന്നത് അല്ലാഹുവിന് പുറമെയുള്ളവരോട് ദുആ ചെയ്യുക എന്നത് -അവർ മരണപ്പെട്ടവരോ വൃക്ഷങ്ങളോ വിഗ്രഹങ്ങളോ മറ്റെന്തോ ആകട്ടെ-; അതെല്ലാം അല്ലാഹുവിൽ പങ്കുചേർക്കലാണ്. ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം ഏകമാക്കി കൊണ്ട് അവനെ മാത്രം ആരാധിക്കുക എന്ന -സൃഷ്ടിപ്പിൻ്റെയും പ്രവാചകനിയോഗത്തിൻ്റെയും വേദഗ്രന്ഥങ്ങളുടെ അവതരണത്തിൻ്റെയും ലക്ഷ്യത്തിന്- കടകവിരുദ്ധമാണ് അത്തരം പ്രവർത്തനങ്ങൾ. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തുശഹാദക്കും അത് വിരുദ്ധമാണ്. കാരണം അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനകൾ സർവ്വവും നിഷേധിക്കുകയും നിരാകരിക്കുകയും, അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമായി സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ ഉദ്ദേശ്യം. അല്ലാഹു പറഞ്ഞതു പോലെ:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلۡعَلِيُّ ٱلۡكَبِيرُ62﴾
"അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ആരെയെല്ലാം വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അത് തന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍." (ഹജ്ജ്: 62)
ഇസ്‌ലാം മതത്തിൻ്റെ അടിസ്ഥാനവും സത്യമാർഗത്തിൻ്റെ ആധാര ശിലയും ഇതാണ്. ഈ അടിത്തറ ശരിയായാൽ മാത്രമേ ആരാധനകൾ അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുകയുള്ളൂ. അല്ലാഹു പറഞ്ഞതു പോലെ:
﴿وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ65﴾
"തീര്‍ച്ചയായും (നബിയേ) താങ്കൾക്കും താങ്കളുടെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: താങ്കലെങ്ങാനും (അല്ലാഹുവിന്) പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും തന്നെ ചെയ്യും." (സുമർ: 65) അല്ലാഹു പറയുന്നു:
﴿...وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ﴾
"...അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു." (അൻആം: 88)
ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്‌ലാം ദീനിൻ്റെയും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെയും അടിസ്ഥാനം രണ്ട് കാര്യങ്ങൾക്ക് മേലാണ് നിലകൊള്ളുന്നത് എന്ന് വ്യക്തമായി:
ഒന്ന്: അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാൻ പാടില്ല; അവനു യാതൊരു പങ്കാളിയുമില്ല. മരണപ്പെട്ടു പോയ നബിമാരെയോ മറ്റാരെയെങ്കിലുമോ, പ്രതിമകളെയോ മരങ്ങളെയോ കല്ലുകളെയോ മറ്റേതെങ്കിലും സൃഷ്ടികളെയോ ഒരാൾ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും, അവർക്ക് വേണ്ടി ബലികർമ്മങ്ങളും നേർച്ചകളും നിർവ്വഹിച്ചു കൊണ്ടും അവർക്ക് മുൻപിൽ സുജൂദ് (സാഷ്ടാംഘം) ചെയ്തു കൊണ്ടും അവരിലേക്ക് സാമീപ്യം തേടുകയും ചെയ്താൽ അയാൾ അവരെ അല്ലാഹുവിന് പുറമെയുള്ള തൻ്റെ രക്ഷാകർത്താക്കളായും അല്ലാഹുവിൻ്റെ പങ്കാളികളായും നിശ്ചയിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ ഉദ്ദേശ്യത്തെ പൂർണ്ണമായും നശിപ്പിച്ചു കളയുന്ന കാര്യമാണ്.
രണ്ട്: നബി ( -ﷺ- ) കാണിച്ചു തന്ന ശരീഅത്ത് പ്രകാരം മാത്രമേ അല്ലാഹുവിനെ ആരാധിക്കാൻ പാടുള്ളൂ. ആരെങ്കിലും അല്ലാഹുവിൻ്റെ അനുമതിയില്ലാത്ത കാര്യങ്ങൾ ദീനിൽ പുതുതായി നിർമ്മിച്ചാൽ അവൻ മുഹമ്മദുൻ റസൂലുല്ലാഹ് എന്ന ശഹാദത്തിൻ്റെ രണ്ടാം ഭാഗം സാക്ഷാത്കരിച്ചിട്ടില്ല. അവൻ്റെ പ്രവർത്തനങ്ങൾ അവന് ഉപകരിക്കുകയോ അവനിൽ നിന്ന് സ്വീകരിക്കപ്പെടുകയോ ചെയ്യുന്നതുമല്ല. അല്ലാഹു പറഞ്ഞു:
﴿وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا23﴾
"അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും." (ഫുർഖാൻ: 23), ആയത്തിൽ പരാമർശിക്കപ്പെട്ട നിഷ്ഫലമാകുന്ന പ്രവൃത്തികൾ അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് ശിർക്കിലായി മരണപ്പെട്ടവരുടെ കാര്യത്തിലാണ്.
അല്ലാഹുവിൻ്റെ അനുമതിപ്രകാരമല്ലാതെ നിർമ്മിക്കപ്പെട്ട എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളും ഈ പറഞ്ഞതിൽ അതോടൊപ്പം ഉൾപ്പെടുന്നതാണ്. അവയും അന്ത്യനാളിൽ ചിതറിയ ധൂളികൾ പോലെയാകുന്നതാണ്. കാരണം അല്ലാഹു അവതരിപ്പിച്ച അവൻ്റെ പരിശുദ്ധമായ ദീനിന് യോജിച്ചു കൊണ്ടല്ല അവ നിർവ്വഹിക്കപ്പെട്ടിരിക്കുന്നത്. നബി ﷺ പറഞ്ഞതു പോലെ:
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ».
''നമ്മുടെ ഇക്കാര്യത്തിൽ (ഇസ്ലാം ദീനിൽ) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി നിർമ്മിച്ചുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.'' (ബുഖാരി, മുസ്‌ലിം)
ചുരുക്കത്തിൽ; ഈ കവയിത്രി തൻ്റെ സഹായതേട്ടവും പ്രാർത്ഥനയും നബിയോടാണ് -ﷺ- നിർവ്വഹിച്ചിരിക്കുന്നത്. എല്ലാ സഹായവും വിജയവും ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തിയവനായ ലോകങ്ങളുടെ റബ്ബായ അല്ലാഹുവിൽ നിന്ന് അവർ തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാൾക്കും ഈ പറഞ്ഞതൊന്നും നിയന്ത്രിക്കുക സാധ്യമല്ല എന്നത് അവർ വിസ്മരിക്കുകയും ചെയ്തിരിക്കുന്നു.
അതിഗുരുതരവും അപകടകരവുമായ അതിക്രമമാണ് ഇത് എന്നതിൽ യാതൊരു സംശയവുമില്ല. അല്ലാഹു അവനോട് പ്രാർത്ഥിക്കാനാണ് കൽപ്പിച്ചിട്ടുള്ളത്; അവനോട് പ്രാർത്ഥിച്ചവർക്കാണ് ഉത്തരം നൽകാമെന്ന് അല്ലാഹു വാഗ്ദാനം നൽകുകയും ചെയ്തിട്ടുള്ളത്. ആ പറഞ്ഞതിൽ നിന്ന് ആരെങ്കിലും അഹങ്കാരത്തോടെ തിരിഞ്ഞു കളഞ്ഞാൽ അവരെ ശക്തമായ ഭാഷയിൽ അല്ലാഹു താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞത് നോക്കൂ:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 60﴾
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." (ഗാഫിർ: 60) ആയത്തിൽ 'ദാഖിരീൻ' എന്ന് പറഞ്ഞതിൻ്റെ അർത്ഥം നിന്ദ്യരും വിലകെട്ടവരുമായി നരകത്തിൽ പ്രവേശിക്കുന്നതാണ് എന്നാണ്. പ്രാർത്ഥനയും ദുആയും ആരാധനയുടെയും ഇബാദത്തിൻ്റെയും ഭാഗമാണെന്ന് ഈ ആയത്ത് വ്യക്തമായി അറിയിക്കുന്നുണ്ട്. ആരെങ്കിലും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിൽ നിന്ന് അഹങ്കാരം നടിച്ചാൽ അവൻ്റെ സങ്കേതം നരകമാണെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. അല്ലാഹുവിനോട് പ്രാർത്ഥിക്കാതെ അഹങ്കാരം നടിച്ചവൻ്റെ അവസ്ഥ ഇതാണെങ്കിൽ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുകയും, അല്ലാഹുവിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവൻ്റെ സ്ഥിതി എന്തായിരിക്കും?! അല്ലാഹുവാകട്ടെ, തൻ്റെ അടിമയോട് സമീപസ്ഥനും, സർവ്വതിൻ്റെയും ഉടമസ്ഥനും, എല്ലാത്തിനും കഴിവുള്ളവനുമാണ്. അല്ലാഹു പറഞ്ഞു:
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ 186﴾
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എൻ്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്." (ബഖറ: 186) 'പ്രാർത്ഥന തന്നെയാകുന്നു ഇബാദത്ത്' (ആരാധന) എന്ന് നബി -ﷺ- സ്വഹീഹായ ഹദീഥിലൂടെ വ്യക്തമായിരിക്കുന്നു. തൻ്റെ പിതൃസഹോദര പുത്രനായ ഇബ്നു അബ്ബാസിനോട് -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- പറയുകയുണ്ടായി:
«احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعْنَتَ فَاسْتَعِنْ بِاللَّهِ».
"അല്ലാഹുവിനെ നീ സൂക്ഷിക്കുക! എങ്കിൽ അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; എങ്കിൽ നിൻ്റെ മുൻപിൽ അവനെ നീ കണ്ടെത്തുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് മാത്രം സഹായം തേടുകയും ചെയ്യുക." (തിർമിദി)
നബി (ﷺ) പറഞ്ഞു:
«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا دَخَلَ النَّارَ».
"ആരെങ്കിലും അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു." (ബുഖാരി) 'ഏതു തിന്മയാണ് ഏറ്റവും ഗുരുതരം?' എന്ന് നബിയോട് -ﷺ- ഒരിക്കൽ ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു:
«أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ».
"അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത് എന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്." ഹദീഥിൽ 'അല്ലാഹുവിന് 'നിദ്ദിനെ' നിശ്ചയിക്കൽ' എന്നാണ് നബി -ﷺ- പറഞ്ഞത്; തുല്ല്യനും സമനുമായ ഒന്നിനെ നിശ്ചയിക്കുക എന്നതാണ് അതിൻ്റെ അർഥം. അല്ലാഹുവല്ലാത്ത ഒരാളെ ആരെങ്കിലും വിളിച്ചു പ്രാർത്ഥിക്കുകയോ അവർക്ക് നേർച്ച നേരുകയോ ആരാധനകളിൽ പെട്ട എന്തെങ്കിലുമൊരു കാര്യം അവർക്ക് സമർപ്പിക്കുകയോ ചെയ്താൽ അവൻ അല്ലാഹുവിന് പുറമെ 'നിദ്ദു'കളെ സ്വീകരിച്ചിരിക്കുന്നു. അത് നബിയാണെങ്കിലും ഔലിയ ആണെങ്കിലും മലക്കാണെങ്കിലും ജിന്നാണെങ്കിലും വിഗ്രഹമാണെങ്കിലും മറ്റേതു സൃഷ്ടിയാണെങ്കിലും അവൻ അല്ലാഹുവിൽ പങ്കുചേർത്തവൻ തന്നെയാണ്.
ചിലർ പറഞ്ഞേക്കാം: ജീവിച്ചിരിക്കുന്നവനും മുന്നിൽ ഹാജരുള്ളവനുമായ ഒരാളോട് അയാൾക്ക് സാധിക്കുന്ന കാര്യങ്ങൾ ചോദിക്കുന്നതിൻ്റെയും അവർക്ക് കഴിയുന്ന കാര്യങ്ങളിൽ അവരോട് സഹായം തേടുന്നതിൻ്റെയും വിധി എന്താണ്? അത് ശിർക്കിൽ പെടുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. മറിച്ച്, മുസ്‌ലിംകൾക്ക് പരസ്പരം നിർവ്വഹിക്കാവുന്ന അനുവദനീയമായ കാര്യങ്ങളിൽ മാത്രമേ അത് ഉൾപ്പെടുകയുള്ളൂ. മൂസാ നബി -عَلَيْهِ السَّلَامُ- ൻ്റെ ചരിത്രത്തിൽ അല്ലാഹു വിവരിച്ച സംഭവം അതിന് ഒരു ഉദാഹരണമാണ്. അല്ലാഹു പറയുന്നു:
﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...﴾
"...അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി..." (ഖസ്വസ്: 15) മൂസാ നബി -عَلَيْهِ السَّلَامُ- ൻ്റെ ചരിത്രത്തിൽ തന്നെ അല്ലാഹു പറഞ്ഞതായി കാണാം:
﴿فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ...﴾
"അങ്ങനെ ഭയത്തോടെയും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു..." (ഖസ്വസ്: 21) മനുഷ്യർ യുദ്ധങ്ങളിലും മറ്റും തൻ്റെ ഒപ്പമുള്ളവരോട് സഹായം തേടുന്നത് പോലെയും, പരസ്പരം ആവശ്യവും സഹകരണവും വേണ്ട കാര്യങ്ങളിൽ അപ്രകാരം സഹായം ആവശ്യപ്പെടുകയും ചെയ്യുന്നതിൻ്റെ ഭാഗം മാത്രമാണ് ഇതെല്ലാം.
ഒരാൾക്കും എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ തനിക്ക് സാധ്യമല്ലെന്ന് ജനങ്ങളെ അറിയിക്കാൻ നബിയോട് -ﷺ- അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
﴿قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا21 قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا22﴾
"(നബിയേ,)പറയുക: ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല." (ജിന്ന്: 21, 22) അല്ലാഹു പറയുന്നു:
﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188﴾
"(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. ദോഷം എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്." (അഅ്റാഫ്: 188)
ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.
നബി -ﷺ- തൻ്റെ റബ്ബായ അല്ലാഹുവിനോടല്ലാതെ ദുആ ചെയ്തിട്ടില്ല എന്ന കാര്യം ഏവർക്കും അറിയാവുന്ന വസ്തുതയാണ്. അവിടുന്ന് ബദ്ർ യുദ്ധ വേളയിൽ സഹയാതേട്ടം നടത്തിയത് അല്ലാഹുവിനോട് മാത്രമാണ്. തൻ്റെ ശത്രുവിനെതിരിൽ വിജയം നൽകാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ റബ്ബേ! നീ എനിക്ക് വാഗ്ദാനം നൽകിയത് നടപ്പിലാക്കി തരേണമേ!" അവസാനം അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- 'അല്ലാഹുവിൻ്റെ റസൂലേ! മതി; അല്ലാഹു അങ്ങേക്ക് വാഗ്ദാനം നൽകിയത് നടപ്പിലാക്കി തരുക തന്നെ ചെയ്യുന്നതാണ്' എന്ന് പറയുക വരെ ചെയ്തു. ഈ സന്ദർഭം ഓർമ്മപ്പെടുത്തി കൊണ്ട് അല്ലാഹു ഖുർആനിൽ ആയത്ത് അവതരിപ്പിച്ചു:
﴿إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ9﴾
"നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി." (അൻഫാൽ: 9) ബദ്റിൻ്റെ ദിവസത്തിൽ അല്ലാഹുവിനോട് അവർ സഹായം തേടി. അവർക്ക് സന്തോഷവാർത്തയായും ആശ്വാസം നൽകുന്നതിനുമായി മലക്കുകളെ കൊണ്ട് അല്ലാഹു അവരെ പിന്തുണക്കുകയും, അവരുടെ പ്രാർത്ഥനക്ക് അവൻ ഉത്തരം നൽകുകയും ചെയ്തു. എന്നാൽ സഹായം മലക്കുകളിൽ നിന്നല്ല; മറിച്ച് അല്ലാഹുവിൽ നിന്നാണ് എന്ന് ഈ ആയത്തിലൂടെ അല്ലാഹു ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറഞ്ഞു:
﴿وَمَا النَّصْرُ إِلَّا مِنْ عِنْدِ اللَّهِ...﴾
"സഹായം അല്ലാഹുവിന്റെ പക്കൽ നിന്ന് മാത്രമാകുന്നു." (ആലു ഇംറാൻ: 126) അല്ലാഹു പറയുന്നു:
﴿وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ123﴾
"നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം." (ആലു ഇംറാൻ: 123) ബദ്ർ യുദ്ധത്തിൽ മുസ്‌ലിംകൾക്ക് വിജയം നൽകിയത് അല്ലാഹുവാണ് എന്ന് അവൻ ഈ ആയത്തിൽ അറിയിച്ചിരിക്കുന്നു. സ്വഹാബത്തിൻ്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും ശക്തിയും, അവർക്ക് മലക്കുകളെ കൊണ്ട് ലഭിച്ച പിന്തുണയുമെല്ലാം വിജയത്തിനും സന്തോഷവാർത്തക്കും അവരുടെ മനസ്സുകൾക്ക് സമാധാനം നൽകുന്നതിനുമുള്ള കാരണങ്ങളും മാർഗങ്ങളും മാത്രമായിരുന്നു എന്നും, അവയിൽ നിന്നൊന്നുമായിരുന്നില്ല വിജയം സംഭവിച്ചത് എന്നും, മറിച്ച് അത് അല്ലാഹുവിൽ നിന്ന് മാത്രമാണ് വന്നെത്തുക എന്നും ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെ, എങ്ങനെയാണ് ഈ കവയിത്രിക്കും ഇവരല്ലാത്തവർക്കും തങ്ങളുടെ സഹായതേട്ടവും വിജയത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും നബിയോട് -ﷺ- നടത്താൻ സാധിക്കുന്നത്?! എങ്ങനെയാണ് ലോകങ്ങളുടെ റബ്ബും സർവ്വതിൻ്റെയും ഉടമസ്ഥനും എല്ലാ കാര്യത്തിനും കഴിവുള്ളവനുമായ അല്ലാഹുവിൽ നിന്ന് തിരിഞ്ഞു കളയാൻ അവർക്ക് സാധിക്കുന്നത്!?
ഇത് ഏറ്റവും കടുത്ത അജ്ഞത തന്നെയാണ് പറയാതെ തരമില്ല. അല്ല! അതിഗുരുതരമായ ശിർക്ക് തന്നെയാകുന്നു ഈ ചെയ്തിരിക്കുന്നത്. അതിനാൽ ഉപരിസൂചിത കവിതയുടെ രചയിതാവ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും, നിഷ്കളങ്കമായി തൗബ നിർവ്വഹിക്കുകയും ചെയ്യട്ടെ. നിഷ്കളങ്കമായ തൗബ എന്ന് നാം പറയുമ്പോൾ അത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നിലധികം കാര്യങ്ങളാണ്. അവ ഇപ്രകാരം ചുരുക്കി പറയാം: ഒന്ന്: സംഭവിച്ചു പോയ തെറ്റുകളിൽ ഖേദമുണ്ടാവുക. രണ്ട്: ഉണ്ടായ തിന്മകൾ പൂർണ്ണമായും വെടിയുക. മൂന്ന്: ആ തിന്മകളിലേക്ക് ഇനിയൊരിക്കലും മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കുക. അല്ലാഹുവിനോടുള്ള ആദരവോടെയും നിഷ്കളങ്കമായ മനസ്സോടെയും അവൻ്റെ കൽപ്പന നിറവേറ്റുന്നു എന്ന ഉദ്ദേശ്യത്തോടെയുമായിരിക്കണം ഇതെല്ലാം ചെയ്യുന്നത്. അതിനാണ് 'തൗബതുൻ നസ്വൂഹഃ' (നിഷ്കളങ്കമായ പാപമോചനം) എന്ന് പറയാൻ സാധിക്കുക. ചെയ്തു പോയ തെറ്റ് സൃഷ്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിൽ നാലാമതൊരു കാര്യം കൂടി തൗബഃയുടെ ഭാഗമായി വേണ്ടതുണ്ട്; താൻ കവർന്നെടുത്ത അവകാശം അതിൻ്റെ അവകാശികൾക്ക് തിരിച്ചേൽപ്പിക്കുകയും അവരെ കൊണ്ട് പൊരുത്തപ്പെടീക്കുകയും ചെയ്യുക എന്നതാണത്.
അല്ലാഹു തൻ്റെ ദാസന്മാരോട് തൗബ ചെയ്യാൻ കൽപ്പിക്കുകയും, അവരുടെ പശ്ചാത്താപം താൻ സ്വീകരിക്കുന്നതാണെന്ന് വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ31﴾
"വിശ്വസിച്ചവരേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." (നൂർ: 31) (നേർമാർഗത്തിൽ നിന്ന് പിഴച്ചു പോയ) നസ്വാറാക്കളുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞത് നോക്കൂ:
﴿أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ وَاللَّهُ غَفُورٌ رَحِيمٌ74﴾
"ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ." (മാഇദ: 74) അല്ലാഹു പറയുന്നു:
﴿وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا68 يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا69 إِلَّا مَنْ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا70﴾
"അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേൽപ്പിൻ്റെ നാളില്‍ അവന് ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവനതില്‍ ശാശ്വതനായി കഴിച്ചുകൂട്ടുകയും ചെയ്യും.
പശ്ചാത്തപിക്കുകയും, ഈമാൻ കൈക്കൊള്ളുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ രേഖപ്പെടുത്തുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (ഫുർഖാൻ: 68-70) അല്ലാഹു പറയുന്നു:
﴿وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ25﴾
"അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവൻ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു." (ശൂറാ: 25)
അല്ലാഹുവിൻ്റെ റസൂലിൽ ﷺ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു:
«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ وَالتَّوْبَةُ تَجُبُّ مَا كَانَ قَبْلَهَا».
"ഇസ്‌ലാം ആശ്ലേഷണം അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നതാണ്. തൗബ (പശ്ചാത്താപം) മുൻപുള്ള തെറ്റുകളെയെല്ലാം മായ്ച്ചു കളയുന്നതുമാണ്."
ശിർക്കിൻ്റെ ഗൗരവവും തിന്മകളിൽ ഏറ്റവും ഗുരുതരമായിട്ടുള്ളത് അതാണെന്നതും പരിഗണിച്ചു കൊണ്ടും, ഈ കവിയത്രിയുടെ എഴുത്തിൽ സംഭവിച്ച അബദ്ധങ്ങളിൽ ജനങ്ങൾ അകപ്പെട്ടു പോകുമോ എന്ന ഭയം കാരണത്താലും, അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പുലർത്തേണ്ട ഗുണകാംക്ഷ നിർബന്ധമാണെന്നതിനാലുമാണ് ഈ പറഞ്ഞ കാര്യങ്ങൾ ഇവിടെ കുറിക്കുവാനുള്ള കാരണം. ഈ ഗ്രന്ഥം ജനങ്ങൾക്ക് പ്രയോജനകരമാകട്ടെ എന്നും, നമ്മുടെയും എല്ലാ മുസ്‌ലിംകളുടെയും അവസ്ഥ അല്ലാഹു നന്നാക്കട്ടെ എന്നും, നമുക്കെല്ലാം അല്ലാഹുവിൻ്റെ ദീനിൽ അവൻ അവഗാഹം നൽകട്ടെ എന്നും, നമ്മെയും എല്ലാ മുസ്‌ലിംകളെയും നമ്മുടെ നഫ്സിന്റെ തിന്മകളിൽ നിന്നും നമ്മുടെ തെറ്റുകളുടെ ഉപദ്രവങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ എന്നും അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു. അല്ലാഹു അതിന് പൂർണ്ണമായും കഴിവുള്ളവനാണ്.
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം മൂന്ന്:
ജിന്നുകളോടും പിശാചുക്കളോടും സഹായതേട്ടം നടത്തുന്നതിൻ്റെയും അവർക്ക് നേർച്ച നേരുന്നതിൻ്റെയും വിധി.
ശൈഖ് അബ്ദുൽ അസീസ് ബ്നു ബാസ് -رَحِمَهُ اللَّهُ- മുസ്‌ലിം സഹോദരങ്ങൾക്ക് നൽകുന്ന സന്ദേശം. -അല്ലാഹു എനിക്കും അവർക്കും അല്ലാഹുവിൻ്റെ ദീൻ മുറുകെ പിടിക്കാനും, അതിൽ ഉറച്ചു നിലകൊള്ളാനും തൗഫീഖ് നൽകട്ടെ-. ആമീൻ.
അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹ്
ദീനിൽ അറിവില്ലാത്ത ചിലർ അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യുകയും, പ്രയാസഘട്ടങ്ങളിൽ അവരോട് സഹായം ചോദിക്കുകയും, ജിന്നുകളെ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായതേട്ടം നടത്തുകയും, അവർക്ക് നേർച്ച നേരുകയും ബലിയർപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും, അതിൻ്റെ വിധിയെ കുറിച്ച് വിവരിക്കാനും എന്നോട് ചില സഹോദരങ്ങൾ ആവശ്യപ്പെട്ടു. ചിലർ സഹായത്തിനായി 'ഏഴു പേരെ' വിളിച്ചു സഹായം തേടാറുണ്ട് എന്നും, അത് കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ജിന്നുകളിൽ പെട്ട ഏഴു തലവന്മാരെ ആണെന്നും, അവരോട് ഇന്നയാളെ പിടികൂടാനും അയാളുടെ എല്ലുകൾ തകർത്തു കളയാനും, അവൻ്റെ രക്തം കുടിക്കാനും ശരീരം വികൃതമാക്കാനുമെല്ലാം ആവശ്യപ്പെടാറുണ്ട് എന്നും (അവർ പറയുന്നു). വേറെ ചിലർ ചില ജിന്നുകളെ പ്രത്യേകം പേരുകൾ വിളിച്ചു കൊണ്ട് അഭിസംബോധന ചെയ്യുകയും, അവരോട് തേടുകയും ചെയ്യാറുമുണ്ടത്രെ. കിഴക്ക് ഭാഗത്തുള്ള രാജ്യങ്ങളിലാണ് ഇത്തരം പല കാര്യങ്ങളും അധികമായി കാണപ്പെടുന്നത്. മരിച്ചു പോയ നബിമാരോടും സ്വാലിഹീങ്ങളോടും മറ്റും സഹായം തേടുന്നതും ഇസ്തിഗാഥ നടത്തുന്നതും, മലക്കുകളെയും മറ്റും വിളിച്ചു പ്രാർത്ഥിക്കുന്നതുമെല്ലാം ഈ പറഞ്ഞതിൻ്റെ അതേ ഗണത്തിൽ തന്നെയാണ് ഉൾപ്പെടുക. ഇസ്‌ലാമിലേക്ക് ചേർത്തി പറയുന്ന ധാരാളക്കണക്കിനാളുകളിൽ ഇതും സമാനമായ മറ്റു പലതും കാണപ്പെടുന്നു; ദീനിനെ കുറിച്ചുള്ള അവരുടെ അറിവില്ലായ്മയും, തങ്ങൾക്ക് മുൻപുള്ളവരെ അന്ധമായി പിൻപറ്റുന്നതിൻ്റെ അനന്തരഫലവുമാണിത്. ഇത്തരം വാക്കുകളെ നിസ്സാരമാക്കുകയും, ഇവയൊക്കെ നാവിൽ ബോധപൂർവ്വമല്ലാതെ വന്നു പോകുന്നതാണെന്നും, അതിൻ്റെ ആശയം ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ചിലർ ന്യായീകരിച്ചു കൊടുക്കുന്നത് ഇവയൊക്കെ നിർബാധം തുടരാനും കാരണമാകുന്നു.
അതോടൊപ്പം: ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരായി അറിയപ്പെട്ടവരെ വിവാഹം കഴിക്കുന്നതിൻ്റെയും അവർ അറുത്തത് ഭക്ഷിക്കുന്നതിൻ്റെയും അവർ മരണപ്പെട്ടാൽ അവർക്ക് വേണ്ടി നിസ്കരിക്കുന്നതിൻ്റെയും അവരുടെ പിന്നിൽ തുടർന്ന് നിസ്കരിക്കുന്നതിൻ്റെയും വിധിയും എന്നോടുള്ള ചോദ്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ജോത്സ്യന്മാരുടെയും ഭാവിപ്രവചിക്കുന്നവരുടെയും വാക്കുകൾ വിശ്വസിക്കുന്നതിൻ്റെയും, രോഗി ധരിച്ച തൊപ്പിയോ തട്ടമോ പോലുള്ള എന്തെങ്കിലും വസ്തു സ്പർശിച്ചു കൊണ്ട് മാത്രം അവരെ ബാധിച്ച രോഗം ഏതാണെന്നും അതിൻ്റെ കാരണങ്ങൾ എന്താണെന്നുമൊക്കെ വിവരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവരുടെ അടുത്തു പോകുന്നതിൻ്റെയും ഇസ്‌ലാമികവിധിയും അവർ അന്വേഷിച്ചിട്ടുണ്ട്.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ:
അല്ലാഹു മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുന്നതിന് വേണ്ടിയുമാണ്. പ്രാർത്ഥനകളിലും സഹായതേട്ടങ്ങളിലും ബലികർമ്മങ്ങളിലും നേർച്ചകളിലും മറ്റെല്ലാ ഇബാദത്തുകളിലും അല്ലാഹുവിനെ മാത്രം ഏകനാക്കാനും അവർ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നബിമാരെയും റസൂലുകളെയും, നിയോഗിച്ചതും ആകാശലോകത്ത് നിന്ന് വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും അതിൽ തന്നെയും ഏറ്റവും മഹത്തരമായ ഗ്രന്ഥമായ ഖുർആൻ ഇറക്കിയതും ഇക്കാര്യം വിവരിക്കുന്നതിനും അതിലേക്ക് ക്ഷണിക്കുന്നതിനും അതിന് വിപരീതമായ ശിർക്കിൽ നിന്നും അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്നും ജനങ്ങളെ താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ്. ഇതാണ് എല്ലാ അടിത്തറകളുടെയും മൂലാധാരവും, ഇസ്‌ലാമിൻ്റെയും മില്ലത്തിൻ്റെയും അടിസ്ഥാനവും. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ശഹാദത്ത് കലിമയുടെ അർത്ഥവും -അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നതും-, അതിൻ്റെ സാക്ഷാത്കാരവും ഈ പറഞ്ഞതു തന്നെയാണ്. അല്ലാഹുവിന് പുറമെയുള്ള ഒരാൾക്കും ആരാധനക്കോ ദിവ്യത്വത്തിനോ അർഹതയില്ല എന്ന നിഷേധവും, അല്ലാഹുവിന് മാത്രമാണ് ആരാധനക്ക് അർഹതയുള്ളത് എന്ന സ്ഥിരീകരണവും അതിൻ്റെ അടിസ്ഥാനമാണ്. ഈ പറഞ്ഞതിന് ഖുർആനിലും ഹദീഥിലും അനേകം തെളിവുകളുണ്ട്. അല്ലാഹുവിൻ്റെ ഈ വചനം അതിൽ പെട്ടതാണ്:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." [സൂറത്തു ദ്ദാരിയാത്ത്: 56], അല്ലാഹു പറയുന്നു:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
"തന്നെയല്ലാതെ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുതെന്ന് നിന്‍റെ റബ്ബ് വിധിച്ചിരിക്കുന്നു..." (ഇസ്റാഅ്: 23) അല്ലാഹു പറഞ്ഞു:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ...﴾
"കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് (ശിർക്കിന്റെ യാതൊരു കലർപ്പുമില്ലാതെ) ഋജുമനസ്കരായ നിലയില്‍ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യാൻ വേണ്ടിയല്ലാതെ അവരോട് കൽപിക്കപ്പെട്ടിട്ടില്ല..." [അൽ ബയ്യിന: 5] അല്ലാഹു പറഞ്ഞു:
﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ60﴾
"നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നോടുള്ള ആരാധനയിൽ നിന്ന് അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച." (ഗാഫിർ: 60) അല്ലാഹു പറയുന്നു:
﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ...﴾
"നിന്നോട് എൻ്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്..." (ബഖറ: 186)
അല്ലാഹു ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയാണെന്നും, അക്കാര്യം ഖണ്ഡിതമായി ഖുർആനിക വചനങ്ങളിലൂടെയും നബിയുടെ -ﷺ- വാക്കുകളിലൂടെയും തൻ്റെ അടിമകളോട് കൽപ്പിച്ചിരിക്കുന്നു എന്നും ഈ ആയത്തുകളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
അതോടൊപ്പം പ്രാർത്ഥനയും ദുആയും മഹത്തരമായ ഇബാദത്താണെന്നും, അവ അല്ലാഹുവിന് നൽകുന്നതിൽ നിന്ന് ആരെങ്കിലും അഹങ്കാരം നടിച്ചാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണെന്നും, തൻ്റെ അടിമകളോട് തന്നെ മാത്രം വിളിച്ചു പ്രാർത്ഥിക്കാനാണ് അവൻ കൽപ്പിച്ചിട്ടുള്ളത് എന്നും, അല്ലാഹു അവരുടെ പ്രാർത്ഥനകൾ ഉടനടി കേൾക്കുന്ന വിധത്തിൽ അവരോട് സമീപസ്ഥനാണെന്നും, അതിനാൽ സർവ്വ സൃഷ്ടികളും നിർബന്ധമായും അല്ലാഹുവിനെ മാത്രമേ ദുആ ചെയ്യാവൂ എന്നും, അല്ലാഹു അവരെ സൃഷ്ടിച്ചതിൻ്റെ പിന്നിലെ ലക്ഷ്യമായ ഇബാദത്തിൻ്റെ ഇനങ്ങളിലൊന്നാണ് ദുആയും പ്രാർത്ഥനയുമെന്നുമെല്ലാം ഈ ആയത്തുകളിൽ നിന്ന് മനസ്സിലാക്കാം.
﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ162 لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ163﴾
"പറയുക: തീര്‍ച്ചയായും എന്‍റെ നിസ്കാരവും, എന്‍റെ ബലികര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പ്പെടുന്നവരിൽ ഞാന്‍ ഒന്നാമനാണ്." (അൻആം: 162,163)
തൻ്റെ നിസ്കാരവും ബലികർമ്മങ്ങളും ജീവിതവും മരണവും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിന് മാത്രമാണെന്നും, അവനിൽ യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ലെന്നും ജനങ്ങളെ അറിയിക്കാനാണ് നബിയോട് -ﷺ- അല്ലാഹു ഈ ആയത്തിലൂടെ കൽപ്പിച്ചിരിക്കുന്നത്. അല്ലാഹുവല്ലാത്ത ഒരാൾക്ക് ആരെങ്കിലും ബലിയർപ്പിക്കുകയോ അല്ലാഹുവല്ലാത്ത ഒരാൾക്ക് വേണ്ടി ആരെങ്കിലും നിസ്കരിക്കുകയോ ചെയ്താൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും ശിർക്കിൽ അകപ്പെടുകയും ചെയ്തിരിക്കുന്നു എന്നും ഈ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാം. കാരണം നിസ്കാരത്തോടൊപ്പമാണ് അല്ലാഹു ബലികർമ്മം എണ്ണിപ്പറഞ്ഞത്. അവ രണ്ടും അല്ലാഹുവിന് മാത്രമേ നൽകാവൂ എന്നും, അവയിൽ അല്ലാഹുവിന് യാതൊരു പങ്കാളികളെയും നിശ്ചയിക്കരുത് എന്നും ഉടൻ തന്നെ അല്ലാഹു ഓർമ്മപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും അല്ലാഹുവല്ലാത്ത ആർക്കെങ്കിലും -അത് ജിന്നോ മലക്കോ മരിച്ചവരോ മറ്റാരെങ്കിലുമോ ആകട്ടെ; അവർക്കു വേണ്ടി- ബലിയർപ്പിക്കുകയും, അതിലൂടെ അവരിലേക്ക് സാമീപ്യം തേടുകയും ചെയ്താൽ അവൻ അല്ലാഹുവല്ലാത്തവർക്ക് വേണ്ടി നിസ്കരിച്ച ഒരാളെ പോലെ തന്നെയാണ്. നബി -ﷺ- പറഞ്ഞതായി ഹദീഥിൽ സ്ഥിരപ്പെട്ട കാര്യം കൂടെ ഇതിനോടൊപ്പം ചേർത്തു വായിക്കുക. അവിടുന്ന് പറഞ്ഞു:
«لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ».
"അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു." ഇമാം അഹ്മദിന്റെ മുസ്നദിലെ ഹദീസിൽ ത്വാരിഖ് ബ്നു ശിഹാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«مرَّ رَجُلَانِ عَلَى قَومٍ لَهُم صَنَمٌ لَا يَجُوزُهُ أَحَدٌ حَتَّى يُقرِّبَ لَهُ شَيئًا فَقَالُوا لِأَحَدِهِمَا: قَرِّبْ. قَالَ: لَيسَ عِندِي شَيءٌ أَقَرِّبُهُ قَالُوا: قَرِّبْ وَلَوْ ذَبَابًا فَقَرَّبَ ذُبَابًا فَخَلُّوا سَبِيلَهُ فَدَخَلَ النَّارَ وَقَالُوا لِلآخَرِ: قَرِّبْ. قَالَ: مَا كُنْتُ لِأُقَرِّبَ لِأَحَدٍ شَيْئًا دُونَ اللَّهِ جَلَّ جَلَالُهُ فَضَرَبُوا عُنُقَه فَدَخَلَ الجَنَّةَ».
"രണ്ടു പേർ ഒരു നാട്ടിലൂടെ യാത്ര ചെയ്തു; ആ നാട്ടുകാർക്ക് ഒരു വിഗ്രഹമുണ്ടായിരുന്നു. ഒരാളും ആ വിഗ്രഹത്തിന് എന്തെങ്കിലും ബലിയർപ്പിക്കാതെ ആ പ്രദേശത്തിലൂടെ സഞ്ചരിക്കാൻ അവർ സമ്മതിക്കുമായിരുന്നില്ല. അവർ ഈ രണ്ടു പേരിൽ ഒരാളോട് പറഞ്ഞു: "നീ ബലിയർപ്പിക്കുക." അദ്ദേഹം പറഞ്ഞു: "എൻ്റെ പക്കൽ ബലിയർപ്പിക്കാൻ യാതൊന്നുമില്ല." അപ്പോൾ അവർ പറഞ്ഞു: "നീ ഒരു ഈച്ചയെ എങ്കിലും ബലിയർപ്പിക്കുക." അങ്ങനെ അയാൾ ഒരു ഈച്ചയെ ബലിയർപ്പിക്കുകയും, അവർ അയാളെ വെറുതെ വിടുകയും ചെയ്തു; ആ മനുഷ്യൻ (അക്കാരണത്താൽ) നരകത്തിൽ പ്രവേശിക്കുകയും ചെയ്തു. രണ്ടാമത്തെയാളോട് ആ നാട്ടുകാർ പറഞ്ഞു: "നീ ബലി നൽകുക." അയാൾ പറഞ്ഞു: "അല്ലാഹുവിന് പുറമെയുള്ള യാതൊന്നിനും ഞാൻ ഒരിക്കലും ബലി നൽകുന്നതല്ല." അവർ അയാളുടെ കഴുത്ത് ഛേദിച്ചു കളഞ്ഞു; ആ മനുഷ്യൻ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തു."
കേവലം ഒരു ഈച്ചയെയോ മറ്റോ വിഗ്രഹത്തിന് ബലിയർപ്പിച്ചവൻ പോലും മുശ്‌രിക്കാവുകയും നരകപ്രവേശനത്തിന് അർഹനാവുകയും ചെയ്യുന്നുണ്ടെ ങ്കിൽ ജിന്നുകളെയും മലക്കുകളെയും ഔലിയാക്കളെയും വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായതേട്ടം നടത്തുകയും അവർക്കായി നേർച്ച നേരുകയും ബലിയർപ്പിക്കുകയും അവരോട് സാമീപ്യം തേടുകയും ചെയ്യുന്നവൻ്റെ കാര്യം എത്ര ഗുരുതരമായിരിക്കും?! അതിലൂടെ തൻ്റെ സമ്പാദ്യം സംരക്ഷിക്കാനും രോഗം സുഖപ്പെടാനും തൻ്റെ വാഹനവും കൃഷിയും നല്ലനിലയിൽ മുന്നോട്ടുപോകാനുമെല്ലാം ഉദ്ദേശിക്കുന്നവൻ്റെ കാര്യം എന്തായിരിക്കും?! ജിന്നുകളുടെ ഉപദ്രവം ഭയന്നു കൊണ്ടോ മറ്റോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരുടെ സ്ഥിതി എന്തായിരിക്കും?! സംശയം വേണ്ട; ഇത്തരം പ്രവർത്തനങ്ങളിലും സമാനമായ മറ്റു കാര്യങ്ങളിലും അകപ്പെട്ടവൻ -മേൽ പറഞ്ഞ ഹദീഥിൽ ഈച്ചയെ ബലിയർപ്പിച്ചവൻ നരകപ്രവേശനത്തിന് അർഹനാവുകയും മുശ്‌രിക്കായി ഗണിക്കപ്പെടുകയും ചെയ്തതിനേക്കാൾ- അതിന് അർഹതയുള്ളവനാണ്.
ഈ വിഷയത്തിൽ വന്ന മറ്റൊരു ആയത്ത് ഇപ്രകാരമാണ്:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
"തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക.
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 1-3) അല്ലാഹു പറയുന്നു:
﴿وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَيَقُولُونَ هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ18﴾
"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു." (യൂനുസ്: 18)
ഈ രണ്ട് ആയത്തുകളിലും ബഹുദൈവാരാധകരായ മുശ്‌രിക്കുകൾ അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളെ തങ്ങളുടെ രക്ഷാധികാരികളായി സ്വീകരിച്ചുവെന്നും, അല്ലാഹുവിനോടൊപ്പം അവരെ ഭയപ്പെട്ടു കൊണ്ടും അവരിൽ പ്രതീക്ഷ വെച്ചു കൊണ്ടും, അവർക്ക് നേർച്ച നേരുകയും അവരോട് പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് അവരെ ആരാധിച്ചുവെന്നും അല്ലാഹു വ്യക്തമായി അറിയിക്കുന്നു. ഇതെല്ലാം ചെയ്യുമ്പോൾ അവർ വാദിച്ചു കൊണ്ടിരുന്നത് ഈ രക്ഷാധികാരികൾ തങ്ങളെ ആരാധിച്ചവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നുമായിരുന്നു. പക്ഷേ, അവരുടെ ഈ അവകാശവാദം കളവാണെന്നും, അവരുടെ വാദം നിരർത്ഥകമാണെന്നും, അവർ കളവു പറയുന്നവരും അല്ലാഹുവിൽ പങ്കുചേർത്ത മുശ്‌രിക്കുകളുമാണെന്നും, അവരുടെ പങ്കുചേർക്കലുകളിൽ നിന്ന് അല്ലാഹു പരിശുദ്ധനാണെന്നും ഈ വചനങ്ങളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതിനാലാണ് അവൻ ഇപ്രകാരം പറഞ്ഞത്:
﴿...سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ﴾
"...അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതിൽ നിന്നെല്ലാം അവന്‍ ഉന്നതനായിരിക്കുന്നു." (നഹ്ൽ: 1) ചുരുക്കത്തിൽ അല്ലാഹുവിന് പുറമെ ഒരാൾ ഏതെങ്കിലും മലക്കിനെയോ നബിയെയോ ജിന്നിനെയോ മരത്തെയോ കല്ലിനെയോ വിളിച്ചു പ്രാർത്ഥിക്കുകയും അവർക്ക് നേർച്ച നേർന്നു കൊണ്ടും ബലിയർപ്പിച്ചു കൊണ്ടും അവരിലേക്ക് സാമീപ്യം തേടുകയും, അവരുടെ ശുപാർശ പ്രതീക്ഷിക്കുകയും, അല്ലാഹുവിങ്കൽ ഇവർ തങ്ങളെ അടുപ്പിക്കുമെന്ന് ധരിക്കുകയും, തങ്ങളുടെ രോഗം ഇവർ സുഖപ്പെടുത്തുമെന്നോ സമ്പത്ത് സംരക്ഷിക്കുമെന്നോ വിദൂരത്തുള്ളവരെ കാത്തുരക്ഷിക്കുമെന്നോ മറ്റോ വിശ്വസിച്ചാൽ അയാൾ ഗുരുതരമായ ശിർക്കിൽ തന്നെയാണ് അകപ്പെട്ടിട്ടുള്ളത്. അല്ലാഹു അത്തരക്കാരെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്:
﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا48﴾
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്." (നിസാഅ്: 48) അല്ലാഹു പറയുന്നു:
﴿...إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ72﴾
"അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല." (മാഇദ: 72)
തൗഹീദും ഇഖ്ലാസും ജീവിതത്തിൽ പുലർത്തിയവർക്ക് മാത്രമേ അന്ത്യനാളിൽ ശഫാഅത്ത് ലഭിക്കുകയുള്ളൂ. ശിർക്കിൻ്റെയും ബഹുദൈവാരാധനയുടെയും ആളുകൾക്ക് അത് ലഭിക്കുന്നതല്ല. 'ആർക്കാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യമുണ്ടായിരിക്കുക?' എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- നൽകിയ മറുപടിയിൽ ഇക്കാര്യം ഉണർത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
«مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ».
"ആരാണോ ഹൃദയത്തിൽ (ശിർക്കിൻ്റെ) യാതൊരു കലർപ്പുമില്ലാതെ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞവൻ (അവനാണ് ആ സൗഭാഗ്യവാൻ)." നബി ﷺ പറഞ്ഞു:
«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍ دَعْوَتَهُ وَإِنِّي اخْتَـبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَومَ القِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهِ مَن مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا».
"എല്ലാ നബിമാർക്കും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട്; എല്ലാ നബിമാരും തങ്ങളുടെ പ്രാർത്ഥന (ഇഹലോകത്തു വെച്ച്) നിർവ്വഹിച്ചു കഴിഞ്ഞു. ഞാൻ എൻ്റെ പ്രാർത്ഥന എൻ്റെ ഉമ്മത്തിനായി, അന്ത്യനാളിലേക്ക് കരുതിവെച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവർക്ക് അത് -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ലഭിക്കുന്നതാണ്."
ആദ്യകാല മുശ്‌രിക്കുകൾ അല്ലാഹു തന്നെയാണ് അവരുടെ സ്രഷ്ടാവും രക്ഷകനും ഉപജീവന ദാതാവും എന്നും വിശ്വസിച്ചിരുന്നുവെങ്കിലും, അവർ നബിമാരെയും ഔലിയാക്കളെയും മലക്കുകളെയും മരങ്ങളെയും കല്ലുകളെയും മറ്റുമെല്ലാം തങ്ങളുടെ ആശ്രയമായി സ്വീകരിച്ചിരുന്നു. ഇവരെല്ലാം തങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയുകയും, അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെയായിരുന്നു ഇതെല്ലാം അവർ ചെയ്തിരുന്നത് എന്ന് മുൻപ് നൽകിയ ആയത്തുകളിൽ നിന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ അല്ലാഹു ഈ ന്യായങ്ങളൊന്നും അവരിൽ നിന്ന് സ്വീകരിച്ചില്ല. മറിച്ച് തൻ്റെ ഗ്രന്ഥത്തിലൂടെ അവരുടെ ഈ തെറ്റ് തിരുത്തുകയും, അവർ മുശ്‌രിക്കുകളും (ബഹുദൈവാരാധകർ) കാഫിറുകളും (നിഷേധികളും) ആണെന്ന് വ്യക്തമാക്കുകയുമാണ് അവൻ ചെയ്തത്. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്നും, അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്നുമുള്ള അവരുടെ അവകാശവാദം കളവാണെന്ന് അവൻ അറിയിക്കുകയും ചെയ്തു. നബിയും -ﷺ- അവരുടെ ഈ ന്യായം അവരിൽ നിന്ന് സ്വീകരിച്ചില്ല. മറിച്ച്, അവിടുന്ന് ഈ ബഹുദൈവാരാധന കാരണത്താൽ അക്കൂട്ടരോട് യുദ്ധം ചെയ്യുകയും, അവർ അല്ലാഹുവിന് മാത്രം ഇബാദത്തുകളും ആരാധനകളും നിഷ്കകളങ്കമാക്കുന്നത് വരെ അത് തുടരുകയുമാണ് ചെയ്തത്. അല്ലാഹുവിൻ്റെ ഈ വചനം പ്രാവർത്തികമാക്കുകയായിരുന്നു അവിടുന്ന് ഇതിലൂടെ.
﴿وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ...﴾
(അല്ലാഹുവിൽ പങ്കുചേർക്കുക പോലുള്ള) കുഴപ്പം ഇല്ലാതാവുകയും, ദീൻ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക..." (ബഖറ: 193) അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إِلهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَيُقِيمُوا الصَّلَاةَ وَيُؤتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُم وَأَمْوَالَهُمْ إِلَّا بِحَقِّ الإِسْلَامِ وَحِسَابُهُم عَلَى اللَّهِ».
"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുകയും, നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. അക്കാര്യം അവർ പ്രവർത്തിച്ചാൽ അവരുടെ രക്തവും സമ്പാദ്യവും എന്നിൽ നിന്ന് അവർ സുരക്ഷിതമാക്കിയിരിക്കുന്നു. ഇസ്‌ലാമിന്റെ അവകാശം ഒഴിച്ചുള്ള കാര്യങ്ങളിലാണിത്. അവരുടെ വിചാരണ അല്ലാഹുവിങ്കലായിരിക്കും." അവിടുത്തെ ﷺ വചനത്തിൻ്റെ സാരം:
«حَتَّى يَشْهَدُوا أَن لَا إِلهَ إِلَّا اللَّهُ»
"അവർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് സാക്ഷ്യം വഹിക്കുന്നതുവരെ..." ആരാധനകൾ സർവ്വതും അവർ അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുകയും, അവനല്ലാത്ത ഒരാളെയും ആരാധിക്കാതിരിക്കുകയും ചെയ്യുന്നത് വരെ എന്നാണ്.
ബഹുദൈവാരാധകർ ജിന്നുകളെ ഭയപ്പെടുകയും അവരോട് അഭയം തേടുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അല്ലാഹു അവൻ്റെ അവതരിപ്പിച്ച വചനം ഇപ്രകാരമാണ്:
﴿وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا6﴾
"മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു." (ജിന്ന്: 6) ഈ ആയത്തിൻ്റെ വിശദീകരണത്തിൽ ഖുർആൻ വ്യാഖ്യാതാക്കളായ മുഫസ്സിറുകൾ രേഖപ്പെടുത്തുന്നു:
﴿...فَزَادُوهُمْ رَهَقًا﴾
"...അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു." എന്നതിൻ്റെ ഉദ്ദേശ്യം: അവർക്ക് പേടിയും ആകുലതയും അധികരിപ്പിച്ചു എന്നാണ്. കാരണം മനുഷ്യർ തങ്ങളോട് രക്ഷ തേടുന്നത് കണ്ടപ്പോൾ ജിന്നുകൾ അഹങ്കരിക്കുകയും ഗർവ്വുള്ളവരാവുകയും ചെയ്തു. അതോടെ അവർ മനുഷ്യരെ കൂടുതൽ ഭയപ്പെടുത്താനും അവരെ ഭീതിയിലാഴ്ത്താനും ആരംഭിച്ചു; കാരണം അതിലൂടെ മനുഷ്യർ തങ്ങളെ ആരാധിക്കുന്നതും തങ്ങളിലേക്ക് അഭയം തേടുന്നതും അധികരിപ്പിക്കും എന്ന് അവർ മനസ്സിലാക്കി.
ജിന്നുകളോട് സഹായം തേടിയിരുന്ന ബഹുദൈവാരാധകരുടെ രീതി തുടച്ചു നീക്കിക്കൊണ്ട്, അല്ലാഹുവിനോട് രക്ഷ തേടാനും അവൻ്റെ പരിപൂർണ്ണമായ വചനങ്ങൾ മുൻനിർത്തി കൊണ്ട് തിന്മകളിൽ നിന്ന് അഭയം തേടാനുമാണ് അല്ലാഹു മുസ്‌ലിംകളോട് കൽപ്പിച്ചിട്ടുള്ളത്. ഇക്കാര്യം വിവരിക്കുന്ന ഒരു ആയത്ത് നോക്കൂ:
﴿وَإِمَّا يَنْزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّهِ إِنَّهُ سَمِيعٌ عَلِيمٌ200﴾
"പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്." (അഅ്റാഫ്: 200) അല്ലാഹു പറയുന്നു:
﴿قُلْ أَعُوذُ بِرَبِّ الْفَلَقِ1﴾
"പറയുക: പുലരിയുടെ റബ്ബിനോട് ഞാന്‍ ശരണം തേടുന്നു." നബി ﷺ പറഞ്ഞു:
«مَنْ نَزَلَ مَنْزِلًا فَقَالَ: (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ) لَم يَضُرَّهُ شَيءٌ حَتَّى يَرْتَحِلَ مِنْ مَنْزِلِهِ ذَلِكَ».
"ആരെങ്കിലും ഒരു സ്ഥലത്ത് (യാത്രക്കിടയിലോ മറ്റോ) ഇറങ്ങുകയും (അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ തേടുന്നു) എന്ന് പറയുകയും ചെയ്താൽ, ആ സ്ഥലത്ത് നിന്ന് അവൻ പോകുന്നതുവരെ യാതൊരു കാര്യവും അവനെ ഉപദ്രവിക്കുകയില്ല."
ഉപരിസൂചിത ആയത്തുകളിൽ നിന്നും ഹദീഥുകളിൽ നിന്നും നരകത്തിൽ നിന്ന് രക്ഷ ആഗ്രഹിക്കുകയും തൻ്റെ ദീൻ സംരക്ഷിക്കണമെന്നും ശിർക്കിൽ നിന്നും അതിൻ്റെ സൂക്ഷ്മവും വ്യക്തവുമായ എല്ലാ ഇനങ്ങളിൽ നിന്നും സുരക്ഷിതനാകണമെന്നും ഉദ്ദേശിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടുന്ന കാര്യമാണ്: മരിച്ചു പോയവരോ മലക്കുകളോ ജിന്നുകളോ ആയിട്ടുള്ള സൃഷ്ടികളിൽ ആശ്രയം തേടുന്നതും അവരോട് ദുആ ചെയ്യുകയും രക്ഷ തേടുകയും ചെയ്യുന്നതുമെല്ലാം ജാഹിലിയ്യഃ കാലഘട്ടത്തിലെ ബഹുദൈവാരാധകരുടെ മാർഗമായിരുന്നു എന്നത്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കിൻ്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നാണത്. അത് നിർബന്ധമായും ഉപേക്ഷിക്കുകയും, ജീവിതത്തിൽ അത്തരം പ്രവർത്തികൾ സംഭവിച്ചു പോകുന്നത് കരുതിയിരിക്കുകയും, ഈ തിന്മയിൽ നിന്ന് അകന്നു നിൽക്കാൻ പരസ്പരം ഉപദേശിക്കുകയും, അത് ചെയ്യുന്നവരെ തിരുത്തുകയും ചെയ്യുക എന്നത് ഓരോ മുസ്‌ലിമിൻ്റെയും നിർബന്ധബാധ്യതയാണ്.
ജനങ്ങളുടെ കൂട്ടത്തിൽ ഇത്തരം ബഹുദൈവാരാധനാപരമായ ശിർക്കൻ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് എന്ന് അറിയപ്പെട്ടവരെ വിവാഹം കഴിക്കുന്നതും അവർ അറുത്തത് ഭക്ഷിക്കുന്നതും അവർക്ക് വേണ്ടി ജനാസഃ നിസ്കരിക്കുന്നതും അവരുടെ പിറകിൽ നിസ്കാരത്തിൽ പിന്തുടരുന്നതും അനുവദനീയമല്ല. അവർ ഈ തിന്മയിൽ നിന്ന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും, തങ്ങളുടെ പ്രാർത്ഥനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും ചെയ്യുന്നത് വരെ ഈ പറഞ്ഞതിൽ യാതൊരു മാറ്റവുമില്ല. പ്രാർത്ഥനയാകട്ടെ, അത് തന്നെയാണ് ആരാധന; അല്ലെങ്കിൽ അതാണ് ആരാധനയുടെയും ഇബാദത്തിൻ്റെയും മജ്ജ. നബി -ﷺ- പറഞ്ഞതു പോലെ:
«الدُّعَاءُ هُوَ العِبَادَةُ».
"പ്രാർത്ഥന ,അത് തന്നെയാണ് ആരാധന." ഈ ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം:
«الدُّعَاءُ مُخُّ العِبَادَةِ».
"പ്രാർത്ഥനയാണ് ആരാധനയുടെ മജ്ജ." ബഹുദൈവാരാധകരെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്ന് അല്ലാഹു ഖുർആനിൽ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّى يُؤْمِنَّ وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلَا تُنْكِحُوا الْمُشْرِكِينَ حَتَّى يُؤْمِنُوا وَلَعَبْدٌ مُؤْمِنٌ خَيْرٌ مِنْ مُشْرِكٍ وَلَوْ أَعْجَبَكُمْ أُولَئِكَ يَدْعُونَ إِلَى النَّارِ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ221﴾
"ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. ഈമാനുള്ള ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. ഈമാനുള്ള ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവൻ്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തൻ്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.} (ബഖറ: 221) ബഹുദൈവാരാധകരായ സ്ത്രീകളെ വിവാഹം കഴിക്കുന്നതിൽ നിന്ന് അല്ലാഹു മുസ്‌ലിംകളെ വിലക്കിയിരിക്കുന്നു. വിഗ്രഹങ്ങളെയും ജിന്നുകളെയും മലക്കുകളെയും മറ്റുമെല്ലാം ആരാധിക്കുന്നവർ ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടും. അവർ അല്ലാഹുവിന് മാത്രം ഇബാദത്തുകൾ നൽകിക്കൊണ്ട് അവനിൽ യഥാരൂപത്തിൽ വിശ്വസിക്കുകയും, നബി -ﷺ- കൊണ്ടുവന്ന ദീനിനെ സത്യപ്പെടുത്തുകയും, അവിടുത്തെ മാർഗം പിൻപറ്റുകയും ചെയ്യുന്നത് വരെ ഈ വിധിയിൽ മാറ്റമില്ല. ഇതേ പ്രകാരം, മുസ്‌ലിംകളായ സ്ത്രീകളെ ബഹുദൈവാരാധകരായ പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അവർ അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുകയും, നബിയെ -ﷺ- സത്യപ്പെടുത്തുകയും അവിടുത്തെ മാർഗം പിൻപറ്റുകയും ചെയ്യുന്നത് വരെ പ്രസ്തുത വിധിയിൽ മാറ്റമില്ല.
സ്വതന്ത്രയായ ഒരു ബഹുദൈവാരാധകയേക്കാൾ (മുശ്‌രികഃ) നല്ലത് അടിമയായ ഒരു വിശ്വാസിനിയാണെന്ന് (മുഅ്മിനഃ) അല്ലാഹു അറിയിക്കുന്നു; അവളെ കാണാൻ ഭംഗിയും സൗന്ദര്യവുമുണ്ടെങ്കിലും, അവളുടെ സംസാരം കേൾക്കാൻ ഇമ്പമുള്ളതാണെങ്കിലും. ഇതേ പ്രകാരം, സ്വതന്ത്രനായ ഒരു ബഹുദൈവാരാധകനേക്കാൾ (മുശ്‌രിക്ക്) നല്ലത് അടിമയായ ഒരു വിശ്വാസിയാണെന്നും (മുഅ്മിൻ) അല്ലാഹു അറിയിച്ചിരിക്കുന്നു; അയാളെ കാണാൻ ആകാരസൗന്ദര്യമുണ്ടെങ്കിലും അവൻ്റെ സംസാരവും ധൈര്യവും ആകർഷകമാണെങ്കിലും. ശേഷം, ഇപ്രകാരം മുഅ്മിനിന് മുശ്‌രിക്കിനേക്കാൾ ശ്രേഷ്ഠത കൽപ്പിക്കാനുള്ള കാരണം എന്താണെന്നും അല്ലാഹു വിവരിച്ചിരിക്കുന്നു:
﴿...أُولَئِكَ يَدْعُونَ إِلَى النَّارِ...﴾
"...അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്..." (ബഖറ: 221) ബഹുദൈവാരാധകരായ പുരുഷന്മാരും സ്ത്രീകളും അവരുടെ വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചര്യകളിലൂടെയും സ്വഭാവങ്ങളിലൂടെയും നരകത്തിലേക്കാണ് നയിക്കുന്നത് എന്നർത്ഥം. എന്നാൽ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരായ പുരുഷന്മാരും സ്ത്രീകളും അവരുടെ സ്വഭാവങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചര്യകളിലൂടെയും സ്വർഗത്തിലേക്ക് നയിക്കുന്നവരാണ്. എന്നിരിക്കെ, എങ്ങനെ ഇവരും അവരും ഒരു പോലെയാകും?!
ബഹുദൈവാരാധകർക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുന്നതിൻ്റെ വിധിയും അല്ലാഹു ഖുർആനിലൂടെ വിവരിച്ചിട്ടുണ്ട്; കപടവിശ്വാസികളായ മുനാഫിഖുകളെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:
﴿وَلَا تُصَلِّ عَلَى أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَى قَبْرِهِ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ84﴾
"അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നിസ്കരിക്കരുത്. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ റസൂലിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു." [തൗബ: 84] മുനാഫിഖിനും കാഫിറിനും വേണ്ടി നിസ്കരിക്കരുത് എന്നാണ് ഈ ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നത്. കാരണം അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചിരിക്കുന്നു. അവർക്ക് വേണ്ടി ജനാസഃ നിസ്കരിക്കരുത് എന്നത് പോലെത്തന്നെ, അവരുടെ പിറകിൽ പിന്തുടർന്ന് കൊണ്ട് നിസ്കരിക്കാനും പാടില്ല. അവരെ മുസ്‌ലിംകളുടെ (നിസ്കാരത്തിലെയും മറ്റും) ഇമാമുമാരായി നിശ്ചയിക്കുക എന്നതും പാടില്ല. അതിനും കാരണം അവരുടെ കുഫ്റും (നിഷേധവും) വിശ്വസ്തതയില്ലായ്മയുമാണ്. അവർക്കും മുസ്‌ലിംകൾക്കും ഇടയിൽ നിലകൊള്ളുന്ന ശക്തമായ ശത്രുതയും, അവർ ശിർക്കിൻ്റെയും കുഫ്റിൻ്റെയും ആളുകളാണ് എന്നതിനാൽ അവരുടെ നിസ്കാരവും ഇബാദത്തും സാധുവാകുകയോ സ്വീകാര്യമാവുകയോ ചെയ്യില്ല എന്നതും അതോടൊപ്പമുള്ള കാരണങ്ങളാണ്. അല്ലാഹു ഈ അവസ്ഥയിൽ നിന്ന് നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ. ബഹുദൈവാരാധകരായ മുശ്‌രിക്കുകൾ അറുത്തത് ഭക്ഷിക്കുക എന്നതിൻ്റെ വിധിയും -ശവങ്ങൾ ഭക്ഷിക്കുന്നതിൻ്റെ വിധി വിവരിക്കവെ- അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്:
﴿وَلَا تَأْكُلُوا مِمَّا لَمْ يُذْكَرِ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ121﴾
"അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും.നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും." (അൻആം: 121) ഈ ആയത്തിൽ ശവങ്ങൾ ഭക്ഷിക്കുന്നതും ബഹുദൈവാരാധകർ അറുത്തത് ഭക്ഷിക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം ഇവ രണ്ടും നജിസാണ് (മാലിന്യം). ബഹുദൈവാരാധകർ -അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ടാണ് അറുത്തത് എങ്കിൽ പോലും- അത് നിഷിദ്ധമാണ്. കാരണം മുശ്‌രിക്ക് ബിസ്മി ചൊല്ലിയാൽ അത് അസാധുവാണ്; അയാൾ ബിസ്മി ഉച്ചരിച്ചതിന് യാതൊരു സ്വാധീനവുമില്ല. ശിർക്ക് എല്ലാ പ്രവർത്തനങ്ങളെയും നിഷ്ഫലമാക്കുകയും അസാധുവാക്കുകയും ചെയ്യുന്നതാണ്. ബലികർമ്മം എന്നതാകട്ടെ, അതൊരു ആരാധനയാണ്. ശിർക്ക് കലർന്നു കഴിഞ്ഞാൽ അത് എല്ലാ ഇബാദത്തുകളെയും നിഷ്ഫലമാക്കും. മുശ്‌രിക്ക് തൻ്റെ ബഹുദൈവാരാധനയിൽ നിന്ന് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി തൗബ ചെയ്യുന്നത് വരെ അതിൽ മാറ്റമില്ല. (യഹൂദ നസ്വാറാക്കളായ) വേദക്കാർ അറുത്ത ഭക്ഷണം മാത്രമാണ് അല്ലാഹു ഭക്ഷിക്കാൻ അനുവാദം നൽകിയിട്ടുള്ളത്; അല്ലാഹു പറഞ്ഞു:
﴿...وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ وَطَعَامُكُمْ حِلٌّ لَهُمْ...﴾
"...വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്..." (മാഇദ: 5) വേദക്കാർ തങ്ങൾ അല്ലാഹുവിൽ നിന്ന് അവതീർണമായ ഒരു മതത്തിലേക്ക് സ്വയം ചേർത്തിപ്പറയുന്നുണ്ട് എന്നതാണ് കാരണം. തങ്ങൾ മൂസായുടെയും -عَلَيْهِ السَّلَامُ- ഈസായുടെയും -عَلَيْهِ السَّلَامُ- അനുയായികളാണെന്നും അവർ അവകാശപ്പെടുന്നുണ്ട്; നബിമാരെ തങ്ങൾ പിൻപറ്റുന്നുണ്ട് എന്ന അവരുടെ അവകാശവാദം കളവാണെങ്കിൽ പോലും. അല്ലാഹു സർവ്വ മനുഷ്യരിലേക്കുമായി മുഹമ്മദ് നബിയെ -ﷺ- നിയോഗിച്ചതിലൂടെ അവരുടെ മതനിയമങ്ങൾ ദുർബലപ്പെടുത്തിയിരിക്കുന്നു. എന്നാൽ മഹത്തരമായ യുക്തിയാലും അവന് മാത്രം അറിയാവുന്ന രഹസ്യങ്ങളാലും അവരുടെ ഭക്ഷണവും അവരുടെ സ്ത്രീകളെ വിവാഹം കഴിക്കുന്നതും അല്ലാഹു നമുക്ക് അനുവദിച്ചു തന്നിരിക്കുന്നു. പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ വിവരിച്ചിട്ടുണ്ട്. പക്ഷേ വിഗ്രഹങ്ങളെയും മരണപ്പെട്ട നബിമാരെയും ഔലിയാക്കളെയും ആരാധിക്കുന്നവരുടെ കാര്യത്തിൽ ഈ ഇളവില്ല. കാരണം അവരുടെ ദീനിന് യാതൊരു അടിത്തറയുമില്ല. അവർക്ക് യാതൊരു ആശയക്കുഴപ്പത്തിനുമുള്ള സാധ്യതയും വകവെച്ചു നൽകുക സാധ്യമല്ല. മറിച്ച്, അവരുടെ ദീൻ അടിസ്ഥാനപരമായി തന്നെ അർത്ഥശൂന്യമാണ്. അതിനാൽ അവർ അറുത്ത മാംസം ശവങ്ങളുടെ കൂട്ടത്തിലാണ് പരിഗണിക്കപ്പെടുക. അവ ഭക്ഷിക്കുന്നത് അനുവദനീയമല്ല.
ചോദ്യത്തിൽ വന്ന മറ്റൊരു വിഷയം; ഒരാൾ മറ്റൊരാളോട് 'നിന്നെ ജിന്ന് ബാധിക്കട്ടെ' എന്നോ, 'ജിന്ന് പിടികൂടട്ടെ' എന്നോ, 'ശയ്ത്വാൻ നിന്നെ റാഞ്ചട്ടെ' എന്നോ മറ്റോ പറയുന്നതിൻ്റെ വിധിയാണ്. ഇത് ആക്ഷേപത്തിൻ്റെയും ചീത്ത പറയലിൻ്റെയും ഗണത്തിലാണ് ഉൾപ്പെടുക. മുസ്‌ലിംകൾ പരസ്പരം ആക്ഷേപവാക്കുകൾ ചൊരിയുക എന്നത് നിഷിദ്ധമാണെന്നതിനാൽ, ഈ പ്രവർത്തിയും അനുവദനീയമല്ല. എന്നാൽ ഈ പറഞ്ഞത് ശിർക്കിൻ്റെ പരിധിയിൽ പെടുന്ന കാര്യമല്ല; എന്നാൽ ഈ വാക്കുകൾ പറയുന്ന വ്യക്തിയുടെ മനസ്സിൽ ജിന്നുകൾക്ക് അല്ലാഹുവിൻ്റെ അനുമതിയോ ഉദ്ദേശ്യമോ ഇല്ലാതെ മനുഷ്യരുടെ കാര്യങ്ങളിൽ ഇടപെടാനും നിയന്ത്രണങ്ങൾ നടത്താനും സാധിക്കുമെന്ന വിശ്വാസമുണ്ടെങ്കിൽ അത് ശിർക്കാകുന്നു. അതാകട്ടെ, ജിന്നുകളെ കുറിച്ചോ മറ്റേതൊരു സൃഷ്ടിയെ കുറിച്ചോ പറയുന്നതും നിഷിദ്ധം തന്നെ. ഈ വിശ്വാസം സ്വീകരിക്കുന്നവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്നതാണ്. കാരണം അല്ലാഹുവാണ് സർവ്വ കാര്യങ്ങളുടെയും ഉടമസ്ഥൻ. അവനാണ് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവുള്ളത്. അവനാണ് ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്തുന്നവൻ. അല്ലാഹുവിൻ്റെ അനുമതിയോ നിർണ്ണയമോ ഇല്ലാതെ ഒരു കാര്യവും ഒരാൾക്കും ചെയ്യുക സാധ്യമല്ല. ഈ മഹത്തായ അടിത്തറ ജനങ്ങൾക്ക് വിവരിച്ചു നൽകാൻ അല്ലാഹു തൻ്റെ നബിയോട് കൽപ്പിച്ചിട്ടുണ്ട്:
﴿قُلْ لَا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّهُ وَلَوْ كُنْتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ188﴾
"(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. ഒരു ദോഷവും എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്." (അഅ്റാഫ്: 188) സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരും മഹത്വമുള്ളവരുമായ നബിക്ക് -ﷺ- -അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ- തൻ്റെ സ്വന്തത്തിന് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മറ്റുള്ള സൃഷ്ടികളുടെ കാര്യമെന്തായിരിക്കും?! ഇതേ ആശയം അറിയിക്കുന്ന ആയത്തുകൾ വേറെയും ധാരാളമുണ്ട്.
ചോദ്യത്തിൽ വന്ന മറ്റൊരു വിഷയം: മറഞ്ഞ കാര്യങ്ങൾ അറിയാമെന്ന് വാദിക്കുന്ന മന്ത്രവാദികളോടും ജോത്സ്യന്മാരോടും മറ്റും കാര്യങ്ങൾ ചോദിക്കുന്നതിനെ കുറിച്ചാണ്. നിഷിദ്ധമായ ഹറാമുകളിൽ പെട്ട പ്രവൃത്തിയാണത്. അവർ പറയുന്ന കാര്യങ്ങൾ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യുക എന്നത് അതിനേക്കാൾ ഗുരുതരമാണ്. അല്ല! കുഫ്റിൻ്റെയും നിഷേധത്തിൻ്റെയും ശാഖകളിൽ പെട്ടതാണത്. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيءٍ لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَومًا».
"ആരെങ്കിലും ഒരു ജ്യോത്സ്യനെ സമീപിക്കുകയും അവനോട് വല്ല പ്രശ്നത്തിനും പരിഹാരം തേടുകയും ചെയ്താൽ അയാളുടെ നാൽപ്പത് ദിവസത്തെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല." (മുസ്‌ലിം) മുആവിയതുബ്നുൽ ഹകം അസ്സുലമി (رضي الله عنه) നിവേദനം:
«أَنَّ النَّبيَّ ﷺ نَهَى عَنْ إِتْيَانِ الكُهَّانِ وَسُؤَالِهِم».
"നബി ﷺ മാരണക്കാരെയും ജോത്സ്യന്മാരെയും സമീപിക്കുന്നതിൽ നിന്ന് വിലക്കുകയും അവരോട് ചോദിക്കുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു."
സുനനുകൾ ക്രോഡീകരിച്ച മുഹദ്ദിസുകൾ നിവേദനം ചെയ്ത ഒരു ഹദീഥിൽ നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ ﷺ».
"ആരെങ്കിലും, ഒരു ജ്യോത്സ്യനെ സമീപിക്കുകയും അയാൾ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ നിശ്ചയം, അയാൾ മുഹമ്മദ് നബിക്ക് (ﷺ) അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു (കാഫിറായിരിക്കുന്നു.)" ഈ അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്. ജോത്സ്യന്മാരിൽ നിന്നും,മാരണക്കാരിൽ നിന്നും, മറ്റു മന്ത്രവാദികളിൽ നിന്നും, ഭാവികാര്യങ്ങൾ അറിയാമെന്ന് വാദിക്കുകയും മുസ് ലിംകളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നവരിൽ നിന്നും മുസ്‌ലിംകൾ നിർബന്ധമായും അകലം പാലിക്കണം. ഇതെല്ലാം ചികിത്സയുടെ പേരിലോ മറ്റേതെങ്കിലും പേരിലോ പ്രത്യക്ഷപ്പെടുന്നു എന്നത് അവയെ അംഗീകരിക്കാനുള്ള ന്യായമല്ല. കാരണം നബി -ﷺ- അക്കാര്യം വിലക്കുകയും അതിൽ നിന്ന് ശക്തമായി താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. ചികിത്സയുടെ പേരിൽ ഇന്ന് ചിലർ പടച്ചു വിടുന്ന രീതികളും ഈ പറഞ്ഞതിൽ തന്നെയാണ് ഉൾപ്പെടുക; ഉദാഹരണത്തിന് രോഗിയുടെ തലപ്പാവോ തലയിലിടുന്ന തട്ടമോ മറ്റോ മണത്തു കഴിഞ്ഞാൽ ഒരാൾ രോഗിയാണെന്നോ അയാളുടെ രോഗമെന്താണെന്നോ പറയാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നവർ ഉദാഹരണം. അവർ ധരിക്കുന്ന തലപ്പാവിലോ തട്ടത്തിലോ ഈ പറയുന്ന കാര്യങ്ങൾക്കുള്ള യാതൊരു സൂചനയുമുണ്ടാവുകയില്ല. മറിച്ച്, ഇത്തരം രീതികളിലൂടെ സാധാരണക്കാരെ തട്ടിപ്പിൽ പെടുത്താനാണ് ഇവർ ഉദ്ദേശിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുമ്പോൾ ഇവർ വൈദ്യം അറിയുന്നവരാണെന്നും, രോഗത്തിൻ്റെ കാരണങ്ങളും ഇനങ്ങളുമെല്ലാം പഠിച്ചവരാണെന്നും തെറ്റിദ്ധരിച്ചേക്കാം. ചിലപ്പോൾ ഇത്തരക്കാർ ചില മരുന്നുകൾ നൽകുകയും, സാഹചര്യവശാൽ അല്ലാഹുവിൻ്റെ വിധിയാൽ രോഗിയുടെ അസുഖം മാറുകയും, ഇയാളുടെ മരുന്ന് കൊണ്ടാണ് രോഗം മാറിയതെന്ന് ആളുകൾ ധരിച്ചു പോവുകയും ചെയ്തേക്കാം. ചിലപ്പോൾ ജിന്നുകളുടെയും പിശാചുക്കളുടെയും കാരണം കൊണ്ടായിരിക്കാം രോഗങ്ങൾ ബാധിക്കുന്നത്; തനിക്ക് രോഗചികിത്സ അറിയാമെന്ന് വാദിക്കുന്ന തട്ടിപ്പുകാരുടെ സഹായികളിൽ പെട്ട ജിന്നുകളായിരിക്കും ഈ രോഗം വരുത്തി വെച്ചത്. രോഗി ഇയാളുടെ അടുത്ത് വന്നെത്തിയാൽ ചില മറഞ്ഞ കാര്യങ്ങൾ ഈ ജിന്നുകൾ അയാൾക്ക് പറഞ്ഞു കൊടുക്കുകയും, അയാൾ തദടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. അതിന് പകരം ജിന്നുകളെ തൃപ്തിപ്പെടുത്താൻ അവർക്ക് വേണ്ട ആരാധനകളും ചടങ്ങുകയും ഇയാൾ നിർവ്വഹിച്ചു കൊടുക്കുകയും ചെയ്യും. ഇതോടെ ജിന്നുകൾ ആ രോഗിയിൽ നിന്ന് മാറിനിൽക്കുകയും, അയാൾക്ക് വരുത്തി വെച്ചു കൊണ്ടിരുന്ന ഉപദ്രവങ്ങൾ നിർത്തി വെക്കുകയും ചെയ്തേക്കാം. ഈ പറഞ്ഞതെല്ലാം ജിന്നുകളും പിശാചുക്കളും അവരെ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നവരും ചെയ്തുവരുന്ന കാര്യങ്ങളാണെന്നത് അറിയപ്പെട്ടതാണ്.
ഇത്തരം കാര്യങ്ങളിൽ നിന്നെല്ലാം അകലം പാലിക്കുകയും ഇവ ഉപേക്ഷിക്കാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ മേലുള്ള പൊതുബാധ്യതയാണ്. അല്ലാഹുവിൻ്റെ മേൽ കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും, എല്ലാ വിഷയത്തിലും അവൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്; ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട അനുവദനീയമായ മന്ത്രങ്ങൾ ചൊല്ലുന്നതും, അനുവദിക്കപ്പെട്ട ചികിത്സകളും മരുന്നുകളും സ്വീകരിക്കുന്നതും, പരിശോധനകളിലൂടെയും മറ്റും രോഗം കണ്ടെത്തുന്ന ഡോക്ടർമാരെയും മറ്റും സമീപിക്കുന്നതും, ബുദ്ധിപരമായ നിരീക്ഷണങ്ങളിലൂടെയും കാര്യകാരണങ്ങൾ വിലയിരുത്തി കൊണ്ടും രോഗം ഉറപ്പു വരുന്നതും തെറ്റുള്ള കാര്യമല്ല. നബി -ﷺ- പറഞ്ഞിരിക്കുന്നു:
«مَا أَنْزَلَ اللَّهُ دَاءً إِلَّا أَنْزَلَ لَهُ شِفَاءً عَلِمَهُ مَنْ عَلِمَهُ وَجَهِلَهُ مَنْ جَهِلَهُ».
"ഒരു മരുന്ന് ഇറക്കിയിട്ടല്ലാതെ അല്ലാഹു യാതൊരു രോഗവും ഇറക്കിയിട്ടില്ല. (മരുന്നിനെ കുറിച്ച്) അറിഞ്ഞവൻ അത് അറിഞ്ഞു; അറിയാതെ പോയവൻ അറിയാതെ പോവുകയും ചെയ്തു." നബി (ﷺ) പറഞ്ഞു:
«لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءٌ الدَّاءَ بَرَأَ بِإِذْنِ اللَّهِ».
"എല്ലാ രോഗത്തിനും മരുന്നുണ്ട്; രോഗത്തിനുള്ള മരുന്ന് ഏറ്റാൽ അല്ലാഹുവിൻ്റെ അനുമതിയോടെ അസുഖം ഭേദപ്പെടുന്നതാണ്." നബി (ﷺ) പറഞ്ഞു:
«عِبَادَ اللَّهِ تَدَاوَوا وَلَا تَدَاوَوا بِحَرَامٍ».
"അല്ലാഹുവിൻ്റെ അടിമകളേ! നിങ്ങൾ ചികിത്സ തേടുക; പക്ഷേ നിഷിദ്ധമായ കാര്യങ്ങൾ കൊണ്ട് ചികിത്സ തേടരുത്." ഈ അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.
അല്ലാഹു എല്ലാ മുസ്‌ലിംകളുടെയും അവസ്ഥ നന്നാക്കുകയും, അവരുടെ ഹൃദയങ്ങൾക്കും ശരീരങ്ങൾക്കും എല്ലാ പ്രയാസങ്ങളിൽ നിന്നും ശമനം നൽകുകയും, അവരെ സന്മാർഗത്തിൽ ഒരുമിപ്പിക്കുകയും, നമ്മെയും അവരെയും എല്ലാ വഴിപിഴപ്പിക്കുന്ന ഫിത്നകളിൽ നിന്നും പിശാചിനെയും അവൻ്റെ കൂട്ടാളികളെയും അനുസരിക്കുന്നതിൽ നിന്നും കാത്തുരക്ഷിക്കട്ടെ എന്നും നാം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. അവനെകൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല.
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബി(ﷺ)യിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻ്റെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.
***
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം നാല്:
ശിർക്കും ബിദ്അത്തും കലർന്ന ദിക്റുകൾ ചൊല്ലുന്നതിൻ്റെ വിധി.
ശൈഖ് അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നി ബാസ് തൻ്റെ സഹോദരന് ... എഴുതുന്നത്. അല്ലാഹു അദ്ദേഹത്തെ എല്ലാ നന്മകളിലേക്കും നയിക്കുമാറാകട്ടെ; (ആമീൻ)
السلام عليكم ورحمة الله وبركاته
നിങ്ങളുടെ മാന്യമായ സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി. അല്ലാഹു താങ്കളെ സന്മാർഗത്തിലേക്ക് ചേർക്കുമാറാകട്ടെ. നിങ്ങളുടെ നാട്ടിൽ ചിലർ നിത്യവും ചൊല്ലുന്ന ചില ദിക്റുകൾ -ദീനിൽ യാതൊരു തെളിവുമില്ലാത്ത ദിക്റുകൾ- സ്വീകരിച്ചിരിക്കുന്നതായും, അവയിൽ ചിലത് ബിദ്അത്തുകളാണെന്നും, അവയിൽ ചിലത് ശിർക്ക് കലർന്നതാണെന്നും, ഈ ദിക്റുകളെല്ലാം അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- ചൊല്ലിയിരുന്നതാണെന്ന് അവർ അവകാശപ്പെടുന്നതായും താങ്കളുടെ കത്തിൽ വായിച്ചു. ഈ പറയപ്പെട്ട ദിക്റുകൾ ദിക്റിൻ്റെ മജ്ലിസുകളിലും മഗ്‌രിബ് നിസ്കാരത്തിന് ശേഷം മസ്ജിദുകളിൽ വെച്ചും അവർ പാരായണം ചെയ്യുന്നുണ്ടെന്നും, ഇത് അല്ലാഹുവിങ്കൽ അടുപ്പം ലഭിക്കാൻ കാരണമാകുന്ന നന്മയാണെന്നാണ് അവർ വിശ്വസിക്കുന്നതെന്നും, 'അല്ലാഹുവിൻ്റെ പക്കലുള്ള അവകാശം കൊണ്ട്; അല്ലാഹുവിൻ്റെ ആളുകളേ! അല്ലാഹുവിൻ്റെ സഹായത്താൽ ഞങ്ങളെ സഹായിക്കണേ! അല്ലാഹുവിനെ കൊണ്ട് ഞങ്ങളുടെ സഹായികളാകണേ!' എന്നിങ്ങനെയുള്ള ദിക്റുകളാണ് അവർ ചൊല്ലുന്നത് എന്നും താങ്കൾ വിവരിച്ചിട്ടുണ്ട്. 'യാ അഖ്താബ്, യാ അസിയാദ് (നേതാക്കളെ), ഞങ്ങൾക്കിടയിലെ സഹായികളേ, അല്ലാഹുവിനോട് ശുപാർശ ചെയ്യൂ, ഈ അടിമ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നു; നിങ്ങളുടെ വാതിൽക്കൽ സമർപ്പിച്ചിരിക്കുന്നു, തൻ്റെ ന്യൂനതകളിലും പോരായ്മകളിലും ഭയപ്പെടുന്നു, ഞങ്ങളെ രക്ഷിക്കേണമേ, അല്ലാഹുവിൻ്റെ റസൂലേ! നിങ്ങളുടെ അടുത്തല്ലാതെ മറ്റൊരിടത്തേക്ക് ഞങ്ങൾക്ക് പോകാൻ ഇല്ല! നിങ്ങളിൽ നിന്നാണ് ആവശ്യങ്ങൾ ലഭിക്കുന്നത്; നിങ്ങൾ അല്ലാഹുവിൻ്റെ പ്രിയപ്പെട്ടവരാണല്ലോ; രക്തസാക്ഷികളുടെ നേതാവായ ഹംസ -رَضِيَ اللَّهُ عَنْهُ-, നിങ്ങളിൽ നിന്നാണ് ഞങ്ങൾക്ക് സഹായം ലഭിക്കുന്നത്, ഞങ്ങളെ രക്ഷിക്കേണമേ, അല്ലാഹുവിൻ്റെ റസൂലേ!' എന്നിങ്ങനെയും, 'അല്ലാഹുവേ! നിൻ്റെ ജബറൂതിയിലുള്ള രഹസ്യങ്ങൾ തുറക്കാൻ കാരണമായവനായ, നിൻ്റെ റഹ്മാനിയ്യത്തിൻ്റെ പ്രകാശങ്ങൾ പടർന്നവനായ, നിൻ്റെ ദൈവിക സന്നിധിയുടെ പ്രതിനിധിയായ, നിൻ്റെ സ്വഭാവ രഹസ്യങ്ങളുടെ ഖലീഫയായവനിൽ അനുഗ്രഹം നൽകേണമേ' എന്നിങ്ങനെയുമെല്ലാം അവർ ദിക്റുകൾ ചൊല്ലുന്നതായും താങ്കൾ അറിയിച്ചിട്ടുണ്ട്.
ഇവയിൽ ഏതെല്ലാമാണ് ബിദ്അത്ത് എന്നും, ഏതെല്ലാമാണ് ശിർക്കാവുക എന്നും, ഇത്തരം പ്രാർത്ഥനകൾ നിർവ്വഹിക്കുന്ന ഇമാമിന് പിന്നിൽ നിസ്കരിക്കുന്നത് ശരിയാവുകമോ എന്നും അറിയാൻ താങ്കൾ താൽപ്പര്യപ്പെടുന്നതായും കത്തിൽ അറിയിച്ചിരുന്നു.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയട്ടെ:
الحمد لله وحده، والصلاة والسلام علي من لا نبي بعده، وعلى آله وصحبه، ومن اهتدى بهداه إلى يوم الدين، أما بعد
അല്ലാഹു സൃഷ്ടികളെയെല്ലാം സൃഷ്ടിച്ചതും നബിമാരെ നിയോഗിച്ചതും അവർ അവനെ മാത്രം ആരാധിക്കുന്നതിന് വേണ്ടിയും, മറ്റുള്ള ഒരു സൃഷ്ടിയെയും ഇബാദത്ത് ചെയ്യാതിരിക്കുന്നതിനും വേണ്ടിയാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (ദാരിയാത്ത്: 56)
ഇബാദത്ത് / ആരാധന എന്നാൽ: മുൻപ് വിശദീകരിച്ചതു പോലെ: അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിക്കലാണ്. അല്ലാഹു കൽപ്പിച്ച കാര്യങ്ങളും അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- കൽപ്പിച്ച കാര്യങ്ങളും അനുസരിച്ചു കൊണ്ടും, അല്ലാഹുവും അവൻ്റെ റസൂലും -ﷺ- വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് നിർവ്വഹിക്കേണ്ടത്. അതാകട്ടെ, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങളെല്ലാം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ടു നിർവ്വഹിക്കുകയും, അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്നേഹവും താഴ്മയും വിനയവും നിലനിർത്തിക്കൊണ്ടായിരിക്കുകയും വേണം. അല്ലാഹു പറഞ്ഞതു പോലെ:
﴿وَقَضَى رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ...﴾
"തന്നെയല്ലാതെ മറ്റൊരാളെയും നിങ്ങള്‍ ആരാധിക്കരുതെന്നും, നിന്‍റെ റബ്ബ് വിധിച്ചിരിക്കുന്നു..." (ഇസ്റാഅ്: 23) അതായത് അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ പാടുള്ളൂ എന്ന് അവൻ കൽപ്പിക്കുകയും ശക്തമായി ഉപദേശിക്കുകയും ചെയ്തിരിക്കുന്നു എന്നർത്ഥം. അല്ലാഹു പറയുന്നു:
﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ2 الرَّحْمَنِ الرَّحِيمِ3 مَالِكِ يَوْمِ الدِّينِ4 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ5﴾
"സ്തുതി (മുഴുവനും) സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു."
"സർവ വിശാലമായ കാരുണ്യമുള്ളവനും കാരുണ്യമേകുന്നവനും."
"പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ"
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (ഫാതിഹഃ: 2-5) അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാനും സഹായം തേടപ്പെടാനും അർഹതയുള്ള ഒരേയൊരുവൻ എന്ന കാര്യം ഈ ആയത്തുകളിലൂടെ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ...﴾
"തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ താഴ്‌മ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക."
"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ താഴ്‌മ." (സുമർ: 2-3) അല്ലാഹു പറയുന്നു:
﴿فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ14﴾
"അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി." (ഗാഫിർ: 14) അല്ലാഹു പറയുന്നു:
﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا18﴾
"മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്." (ജിന്ന്: 18) ഈ അർത്ഥത്തിലുള്ള ആയത്തുകൾ വേറെയും അനേകമുണ്ട്; അവയെല്ലാം അല്ലാഹുവിന് മാത്രമാണ് ആരാധനകൾ നൽകേണ്ടത് എന്ന കാര്യം വ്യക്തമായി അറിയിക്കുന്നുണ്ട്.
പ്രാർത്ഥനയും ദുആയും (അതിൻ്റെ എല്ലാ ഇനങ്ങളും) ഇബാദത്തിൽ പെട്ട കാര്യമാണെന്ന് ഏവർക്കും അറിയാം. അത് തൻ്റെ റബ്ബായ അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും ഒരാൾ നൽകാൻ പാടില്ല. അല്ലാഹുവിനോടല്ലാതെ അവൻ സഹായം തേടുകയോ ഇസ്തിഗാഥ (ദുരിതവേളകളിലുള്ള തേട്ടം) നിർവ്വഹിക്കുകയോ പാടില്ല. ഈ ആയത്തുകളും ഇതേ ആശയത്തിലുള്ള മറ്റു ആയത്തുകളുമെല്ലാം അറിയിക്കുന്നത് ഇക്കാര്യമാണ്. എന്നാൽ കേവലം ഭൗതികമായ തേട്ടങ്ങളും കാര്യകാരണ ബന്ധങ്ങൾക്ക് ഉള്ളിലുള്ള കാര്യങ്ങളും ഈ പറഞ്ഞതിൽ നിന്നൊഴിവാണ്. മനുഷ്യർക്ക് സാധിക്കുന്ന ഒരു കാര്യം, തൻ്റെ മുന്നിൽ ഹാജരുള്ള, ജീവിച്ചിരിക്കുന്ന ഒരാളോട് ചോദിക്കുന്നത് ആരാധനയിൽ പെടുന്ന കാര്യമല്ല. ജീവനുള്ള ഒരു മനുഷ്യനോട് അയാൾക്ക് സാധിക്കുന്ന ഒരു കാര്യം ആവശ്യപ്പെടുന്നത് അനുവദനീയമാണെന്നതിന് ഇസ്‌ലാമിക പ്രമാണങ്ങളും മുസ്‌ലിം ലോകത്തിൻ്റെ ഏകാഭിപ്രായവും തെളിവാണ്. പക്ഷേ, പൊതുവെ മനുഷ്യർ പരസ്പരം ചോദിക്കാറുള്ള, അവർക്ക് സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് അതിൽ ഉൾപ്പെടുക. ഉദാഹരണത്തിന് ഒരാളോട് അയാളുടെ മകനെ കൊണ്ടോ വേലക്കാരനെ കൊണ്ടോ നായയെയോ കൊണ്ടോ മറ്റോ ഉള്ള ഉപദ്രവങ്ങൾ തടുക്കാനോ മറ്റോ സഹായം ചോദിക്കുന്നത് ഈ പറഞ്ഞ ഭൗതികമായ തേട്ടങ്ങളിലാണ് ഉൾപ്പെടുക. ഇതു പോലെ, ജീവനുള്ള ഒരു മനുഷ്യനോട് അവന് കേൾക്കാവുന്ന സന്ദർഭത്തിൽ അവന് സാധിക്കുന്ന ഒരു കാര്യം ചെയ്തു തരാൻ ആവശ്യപ്പെടുന്നതും ഈ പറഞ്ഞതിൽ പെട്ടതാണ്. ദൂരെയുള്ള ഒരാളോടാണെങ്കിൽ തന്നെയും മനുഷ്യർക്കിടയിൽ സന്ദേശം കൈമാറാൻ കഴിവുള്ള മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് -കത്തുകൾ മുഖേനയോ മറ്റോ- സഹായം ചോദിക്കുന്നതും ഈ പറഞ്ഞതിലാണ് ഉൾപ്പെടുക. ഒരാൾ തൻ്റെ വീട് നിർമ്മിച്ചു തരാനോ, തൻ്റെ വാഹനം ശരിയാക്കി തരാനോ മറ്റോ സഹായം ചോദിക്കുന്നതെല്ലാം ഈ പറഞ്ഞതിൻ്റെ ഉദാഹരണങ്ങളാണ്. യുദ്ധത്തിലും പോരാട്ടങ്ങളിലും തന്നോടൊപ്പമുള്ളവരോട് സഹായം തേടുക എന്നതും ഈ പറഞ്ഞതിനുള്ള ഉദാഹരണങ്ങളിൽ പെട്ടതാണ്. ഈ പറഞ്ഞതിന് ഉദാഹരണമാണ് മൂസാ നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രം വിവരിക്കവെ അല്ലാഹു പറഞ്ഞ കാര്യം:
﴿...فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ...﴾
"...അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി..." (ഖസ്വസ്വ്: 15)
മരണപ്പെട്ടു പോയവരോടും ജിന്നുകളോടും മലക്കുകളോടും മരങ്ങളോടും കല്ലുകളോടും സഹായതേട്ടം നടത്തുക എന്നത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന, വലിയ ശിർക്കിൽ പെടുന്ന കാര്യമാണ്. ആദ്യകാല മുശ്‌രിക്കുകൾ തങ്ങളുടെ ആരാധ്യന്മാരായിരുന്ന ലാത്തയോടും ഉസ്സയോടും മറ്റുമെല്ലാം ചെയ്തതിന് സമാനമാണത്. ഇതുപോലെ തന്നെയാണ്, അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങൾ ഔലിയാക്കളാണെന്ന് വിചാരിക്കപ്പെടുന്നവരോട് നിർവ്വഹിച്ചു തരാൻ വേണ്ടി ആവശ്യപ്പെടുന്നതും അവരോട് സഹായം തേടുന്നതുമെല്ലാം. രോഗം മാറ്റിത്തരാനും, ഹൃദയങ്ങൾക്ക് സന്മാർഗവും ഹിദായത്തും നൽകാനും, സ്വർഗത്തിൽ പ്രവേശിപ്പിക്കാനും, നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും മറ്റുമെല്ലാം ഇവരോട് ചോദിക്കുക എന്നത് ശിർക്കാണെന്നതിൽ യാതൊരു സംശയവുമില്ല.
മുൻപ് നാം വായിച്ച ആയത്തുകളും ഈ ആശയത്തിൽ വന്ന മറ്റനേകം ആയത്തുകളും ഹദീഥുകളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നതാണ്; എല്ലാ കാര്യങ്ങളിലും അല്ലാഹുവിലേക്ക് ഹൃദയം കൊണ്ട് ലക്ഷ്യം വെക്കുകയും, ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് ഇഖ്ലാസ് പുലർത്തുകയും ചെയ്യുന്നത് നിർബന്ധമാണെന്ന് ഈ തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യരെല്ലാം സൃഷ്ടിക്കപ്പെട്ടതും അവരോട് കൽപ്പിക്കപ്പെട്ടിരിക്കുന്നതും ഇക്കാര്യമാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا...﴾
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക..." (നിസാഅ്: 36) അല്ലാഹു പറയുന്നു:
﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ...﴾
"കീഴ്‌വണക്കം (ദീൻ) അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ മാത്രം ആരാധിക്കുവാൻ വേണ്ടിയല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല...} (ബയ്യിന: 5) മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«حَقُّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».
"അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശമാണ് അവർ അവനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്." (ബുഖാരി, മുസ്‌ലിം) ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«مَنْ مَاتَ وَهُوَ يَدْعُو لِلَّهِ نِدًّا دَخَلَ النَّارَ».
"ആരെങ്കിലും അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിച്ചിരിക്കുന്നു." (ബുഖാരി) ഇബ്നു അബ്ബാസ് (رَضِيَ اللَّهُ عَنْهُما) നിവേദനം: നബി -ﷺ- മുആദ് (رَضِيَ اللَّهُ عَنْهُ) വിനെ യമനിലേക്കയക്കുന്ന വേളയിൽ അദ്ദേഹത്തോട് പറഞ്ഞു:
«إِنَّكَ تَأْتِي قَومًا أَهْلَ كِتَابٍ فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَيهِ شَهَادَةِ أَنْ لَا إِلهَ إِلَّا اللَّهُ».
"വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് താങ്കൾ പോകുന്നത്. അതിനാൽ അവരെ താങ്കൾ ആദ്യം ക്ഷണിക്കുന്നത് 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ." മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്:
«اُدْعُهُمْ إِلَى شَهَادَةِ أَنْ لَا إِلهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ».
"അവരെ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതരാണ്) എന്നതിലേക്ക് ക്ഷണിക്കുക." ഇമാം ബുഖാരിയുടെ മറ്റൊരു റിപ്പോർട്ടിലുള്ളത് ഇപ്രകാരമാണ്:
«فَلْيَكُنْ أَوَّلَ مَا تَدْعُوهُم إِلَى أَنْ يُوَحِّدُوا اللَّهَ».
"അവരെ ആദ്യം ക്ഷണിക്കേണ്ടത് അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ." സ്വഹീഹു മുസ്‌ലിമിൽ ത്വാരിഖ് ബ്നു അശ്‌യം അൽഅശ്ജഈ (رَضِيَ اللَّهُ عَنْهُ) നിവേദനം ചെയ്യുന്ന ഹദീഥ് ഇങ്ങനെയാണ്: നബി -ﷺ- പറഞ്ഞു:
«مَنْ قَالَ: لَا إِلهَ إِلَّا اللَّهُ وَكَفَرَ بِمَا يُعْبَدُ مِن دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ وَحِسَابُهُ عَلَى اللَّهِ جَلَّ جَلَالُهُ».
"ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു; അവൻ്റെ വിചാരണ അല്ലാഹുവിങ്കലായിരിക്കും." ഈ അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.
ഈ പറയപ്പെട്ട തൗഹീദ് ഇസ്‌ലാമിൻ്റെ പരമപ്രധാനമായ അടിത്തറയാണ്. എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ ബാധ്യതയും അതുതന്നെയാണ്. ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചതിൻ്റെ പിന്നിലെ ലക്ഷ്യവും, നബിമാരെ നിയോഗിച്ചതിൻ്റെ പിന്നിലെ ഉദ്ദേശ്യവും ഇതേ കാര്യം തന്നെ. മുൻപുള്ള ആയത്തുകളിൽ ഇക്കാര്യം വ്യക്തമായി വിവരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ56﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല." (ദാരിയാത്ത്: 56) ഈ പറഞ്ഞതിനുള്ള മറ്റൊരു തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് കൽപ്പിക്കാൻ വേണ്ടി..." [നഹ്ൽ: 36] അല്ലാഹു പറയുന്നു:
﴿وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ25﴾
"ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ താങ്കൾക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല." (അൻബിയാഅ്: 25) നബിമാരിൽ പെട്ട നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ് -عَلَيْهِمُ السَّلَامُ- എന്നിവരെല്ലാം തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:
﴿...اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ...﴾
"നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല..." (അഅ്റാഫ്: 59) എല്ലാ നബിമാരുടെയും റസൂലുകളുടെയും പ്രബോധനം ഇതേ കാര്യം തന്നെയായിരുന്നു. മേലെ നൽകിയ രണ്ട് ആയത്തുകളും അക്കാര്യം അറിയിക്കുന്നുണ്ട്. നബിമാരുടെ ശത്രുക്കൾ വരെ നബിമാർ തങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെ ആരാധിക്കപ്പെടുന്നവയെ വെടിയുകയും ചെയ്യുക എന്നതിലേക്കാണെന്ന് അംഗീകരിച്ചിരുന്നു. ഹൂദ് നബിയോട് -عَلَيْهِ السَّلَامُ- ആദ് സമൂഹം പറഞ്ഞതായി ആ ചരിത്രം പരാമർശിക്കവേ അല്ലാഹു പറഞ്ഞു:
﴿...أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا...﴾
"...ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?...} (അഅ്റാഫ്: 70) അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകളെയും ഔലിയാക്കളെയും വിഗ്രഹങ്ങളെയും വൃക്ഷങ്ങളെയും മറ്റുമെല്ലാം ആരാധിക്കുന്നത് വെടിയുവാനും മുഹമ്മദ് നബി -ﷺ- ഖുറൈശികളോട് കൽപ്പിച്ചപ്പോൾ അവർ പറഞ്ഞ മറുപടി അല്ലാഹു ഖുർആനിൽ പറഞ്ഞു:
﴿أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ5﴾
"മുഹമ്മദ് പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ." (സ്വാദ്: 5) അവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു:
﴿إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ35 وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٖ مَّجۡنُونِۭ36﴾
"അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.
ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ചു കളയണമോ എന്ന് അവർ ചോദിക്കുകയും ചെയ്യുമായിരുന്നു." (സ്വാഫ്ഫാത്: 35-36) ഈ അർത്ഥം സൂചിപ്പിക്കുന്ന ധാരാളം ആയത്തുകൾ ഉണ്ട്.
-അല്ലാഹു എനിക്കും നിനക്കും ദീനീ വിഷയങ്ങളിൽ അവഗാഹം നൽകുകയും, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനോടുള്ള ബാധ്യതയെ കുറിച്ച് നമുക്ക് ഉൾക്കാഴ്ച്ച നൽകുകയും ചെയ്യുമാറാകട്ടെ-. ഇത്രയും നാം പരാമർശിച്ച ആയത്തുകളും ഹദീഥുകളും ശ്രദ്ധയോടെ വായിച്ചാൽ താങ്കളുടെ ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലുള്ള പ്രാർത്ഥനകളും വിവിധങ്ങളായ സഹായതേട്ടങ്ങളും ഇസ്തിഗാഥകളും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന വലിയ ശിർക്കിൽ പെട്ടതാണ് എന്ന് നിനക്ക് മനസ്സിലാകും. കാരണം അവയിലെല്ലാം അല്ലാഹുവല്ലാത്തവരെ ആരാധിക്കലും, അല്ലാഹുവിന് മാത്രം സാധിക്കുന്ന കാര്യങ്ങൾ സൃഷ്ടികളോട് തേടലും, മരിച്ചവരോടും വിദൂരത്തുള്ളവരോടുമുള്ള സഹായതേട്ടവും അടങ്ങിയിട്ടുണ്ട്. അതാകട്ടെ, ആദ്യകാലക്കാർക്ക് സംഭവിച്ച ഏറ്റവും മ്ലേഛമായ ശിർക്കിൻ്റെ രൂപങ്ങളിൽ പെട്ടതാണ്. കാരണം ആദ്യകാലഘട്ടത്തിലുള്ള ബഹുദൈവാരാധകർ സന്തോഷവേളകളിൽ മാത്രമായിരുന്നു അല്ലാഹുവിൽ പങ്കുചേർത്തിരുന്നത്. എന്നാൽ കഠിനതകളും പ്രയാസങ്ങളും ദുരിതങ്ങളും ബാധിക്കുമ്പോൾ അവർ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുമായിരുന്നു. കാരണം പ്രയാസങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കാൻ അല്ലാഹുവിനല്ലാതെ മറ്റാർക്കും സാധിക്കുകയില്ല എന്ന ബോധ്യം അവർക്കുണ്ടായിരുന്നു. അക്കാലഘട്ടത്തിലുള്ള ബഹുദൈവാരാധകരെ കുറിച്ച് അല്ലാഹു തന്നെ അവൻ്റെ ഗ്രന്ഥത്തിൽ വിവരിച്ചത് നോക്കൂ:
﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65﴾
"എന്നാല്‍ അവര്‍ (മുശ്രിക്കുകൾ) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ (മാത്രം) വിളിച്ചു പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു." (അൻകബൂത്: 65) മറ്റൊരു ആയത്തിൽ അല്ലാഹു അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നു:
﴿وَإِذَا مَسَّكُمُ ٱلضُّرُّ فِي ٱلۡبَحۡرِ ضَلَّ مَن تَدۡعُونَ إِلَّآ إِيَّاهُۖ فَلَمَّا نَجَّىٰكُمۡ إِلَى ٱلۡبَرِّ أَعۡرَضۡتُمۡۚ وَكَانَ ٱلۡإِنسَٰنُ كَفُورًا67﴾
"കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവരെല്ലാം അപ്രത്യക്ഷരാകും.എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു." (ഇസ്റാഅ്: 67)
ഇത്തരം ശിർക്കിൻ്റെ രൂപങ്ങളിൽ അകപ്പെട്ട ചിലർ -ഇക്കാലഘട്ടത്തിൽ- പറഞ്ഞേക്കാം: ഞങ്ങൾ സഹായം തേടുന്നവർക്ക് സ്വന്തം കഴിവു കൊണ്ട് ഞങ്ങളെ സഹായിക്കാൻ കഴിയുമെന്നോ, സ്വയം ഞങ്ങളുടെ രോഗങ്ങൾ ശമിപ്പിക്കാൻ കഴിയുമെന്നോ, ഞങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ സാധിക്കുമെന്നോ ഞങ്ങൾ വിശ്വസിക്കുന്നില്ല. മറിച്ച്, ഞങ്ങളുടെ തേട്ടങ്ങൾ നിർവ്വഹിച്ചു തരാൻ അല്ലാഹുവിനോട് ഇവർ ഞങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് മാത്രമേ ഞങ്ങൾ വിശ്വസിക്കുന്നുള്ളൂ.
ഈ പറഞ്ഞതിനുള്ള ഉത്തരം: നിങ്ങളുടെ ഇതേ വിശ്വാസം തന്നെയായിരുന്നു മക്കയിലുണ്ടായിരുന്ന മുശ്രിക്കുകളും വെച്ചു പുലർത്തിയിരുന്നത് എന്നാണ്. തങ്ങളുടെ ആരാധ്യവസ്തുക്കൾക്ക് സൃഷ്ടിക്കാനും ഉപജീവനം നൽകാനും ഉപകാരോപദ്രവങ്ങൾ ഏൽപ്പിക്കാനും സ്വയം കഴിവുണ്ടായിരുന്നു എന്ന് അവർക്കും വിശ്വാസമില്ല. അവരുടെ വിശ്വാസം അല്ലാഹു ഖുർആനിൽ വിവരിച്ചതിൽ നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണ്. തങ്ങളുടെ ആരാധ്യന്മാർ അല്ലാഹുവിങ്കലേക്ക് തങ്ങളെ അടുപ്പിക്കുമെന്നും അവൻ്റെ അടുക്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നുമായിരുന്നു അവരും വിശ്വസിച്ചിരുന്നത്. അല്ലാഹു പറഞ്ഞു:
﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾
"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ തങ്ങൾക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് അവർ പറയുകയും ചെയ്യുന്നു..." (യൂനുസ്: 18) അവരുടെ ഈ വാദത്തിനുള്ള മറുപടിയായി അല്ലാഹു പറഞ്ഞത് നോക്കൂ:
﴿...قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ﴾
"...പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു." (യൂനുസ്: 18) മുശ്രിക്കുകൾ മനസ്സിലാക്കിയ വിധം ഒരു ശുപാർശകൻ ആകാശത്തോ ഭൂമിയിലോ തനിക്കുള്ളതായി അല്ലാഹുവിന് അറിയുകയില്ല എന്നാണ് അവൻ വ്യക്തമാക്കിയത്. അല്ലാഹുവിന് ഒരു കാര്യം ഉള്ളതായി അറിയില്ല എങ്കിൽ അക്കാര്യം നിലവിലില്ല എന്നതാണ് അതിൻ്റെ അർത്ഥം! കാരണം പ്രപഞ്ചത്തിലെ യാതൊരു കാര്യവും അല്ലാഹു അറിയാത്തതായി ഇല്ല. അല്ലാഹു പറയുന്നു:
﴿تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ 1 إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ2 أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
"ഈ ഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം (ദീൻ) അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക.
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം . അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കൽപ്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 1-3)
കീഴ്‌വണക്കം എന്ന് നാം അർത്ഥം നൽകിയത് 'ദീൻ' എന്ന പദത്തിനാകുന്നു. ഇവിടെ അതു കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അനുസരിച്ചു കൊണ്ട് അല്ലാഹുവിനെ ആരാധിക്കുക എന്നതാണ്. ഈ പറഞ്ഞ ആരാധനയിൽ പ്രാർത്ഥനയും സഹായതേട്ടവും ഭയവും പ്രതീക്ഷയും ബലികർമ്മവും നേർച്ചയും ഉൾപ്പെടുന്നതാണ്. നിസ്കാരവും നോമ്പും അല്ലാഹുവും അവൻ്റെ റസൂലും കൽപ്പിച്ച മറ്റു കാര്യങ്ങളും ഇബാദത്താണെന്നതു പോലെ, ഇവയെല്ലാം അല്ലാഹുവിനുള്ള ഇബാദത്താകുന്നു. ഇബാദത്തുകൾ അല്ലാഹുവിന് മാത്രമാണ് നൽകേണ്ടത് എന്നും, അവ നിഷ്കളങ്കമായി നിർവ്വഹിക്കുക എന്നത് അടിമകൾക്ക് മേൽ നിർബന്ധമാണ് എന്നും ഈ ആയത്തുകളിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. (സൂറത്തു സുമറിലെ ആയത്തിൽ) നബിയോട് -ﷺ- ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് നിഷ്കളങ്കമാക്കണമെന്ന് കൽപ്പിച്ചത് അവിടുത്തെ ഉമ്മത്തിന് കൂടെ ബാധകമായ കാര്യമാണ്.
ശേഷം നിഷേധികളുടെ അവസ്ഥ വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:
﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾
"അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്... (സുമർ: 3) അല്ലാഹു അവരുടെ വാദത്തിന് ഇപ്രകാരം മറുപടി നൽകുന്നു:
﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾
...അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 3) അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾ ഔലിയാക്കളെയും മറ്റും ആരാധിച്ചത് അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് ഈ ആയത്തുകളിലൂടെ വ്യക്തമാകുന്നു. പൗരാണികരും ആധുനികരുമായ സർവ്വ നിഷേധികളുടെയും ന്യായം ഇത് തന്നെയായിരുന്നു; അതിനെ നിരർത്ഥകമാക്കി കൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾
"...അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും.നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 3) തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതാണെന്ന അവരുടെ വാദത്തിലെ കളവും, ആ ഇലാഹുകളെ ആരാധിക്കുക എന്ന അവരുടെ കുഫ്‌റും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. നബിമാരെയും ഔലിയാക്കളെയും വൃക്ഷങ്ങളെയും കല്ലുകളെയും അല്ലാഹുവിനും തങ്ങൾക്കുമിടയിൽ ശുപാർശക്കാരായി കണക്കാക്കി എന്നതായിരുന്നു ആദ്യ കാലക്കാർക്ക് സംഭവിച്ച ശിർക്ക് എന്ന് ഈ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാൻ ഏറ്റവും സാമാന്യമായ വകതിരിവ് മതി. അല്ലാഹുവിൻ്റെ അനുമതിയോ തൃപ്തിയോ ഇല്ലാത്ത ഒരു കാര്യത്തിൽ, -ഇഹലോകത്ത് മന്ത്രിമാർ രാജാക്കന്മാരുടെ അരികിൽ ചെയ്യുന്നത് പോലെ- അല്ലാഹുവിനോട് ശുപാർശ പറയാൻ (നബിമാർക്കും ഔലിയാക്കൾക്കും) സാധിക്കുന്നതാണ് എന്ന ചിലരുടെ വിശ്വാസമാകട്ടെ, അല്ലാഹുവിനെ ഇഹലോകത്തെ രാജാക്കന്മാരോടും നേതാക്കളോടും താരതമ്യം ചെയ്തതിൻ്റെ ഫലമായുണ്ടായതാണ്. 'രാജാവിൻ്റെ പക്കൽ നിന്ന് എന്തെങ്കിലും കാര്യം നേടിയെടുക്കാൻ ഉദ്ദേശിക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രത്യേകക്കാരും മന്ത്രിമാരും മുഖേന അവ നടത്തിയെടുക്കാറുള്ളത് പോലെ, നാം അല്ലാഹുവിൻ്റെ നബിമാരെയും ഔലിയാക്കളെയും ആരാധിച്ചു കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നു' എന്ന് ചിലർ പറയുന്നത് കാണാം. യഥാർത്ഥത്തിൽ ഏറ്റവും നിരർത്ഥകമായ വാദമാണത്. അല്ലാഹുവിൻ്റെ അടുക്കൽ അവൻ്റെ അനുമതിയില്ലാതെ ഒരാൾക്കും ശുപാർശ പറയുക സാധ്യമല്ല. തൗഹീദുള്ളവർക്കല്ലാതെ, തൻ്റെ അടുക്കൽ ശുപാർശ പറയാൻ അല്ലാഹു അനുമതി നൽകുന്നതുമല്ല. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. അവൻ എല്ലാ കാര്യങ്ങളും അറിയുന്നവനുമാണ്. കരുണ ചൊരിയുന്നവരിൽ ഏറ്റവും കരുണ ചൊരിയുന്നവനുമാണവൻ. അവൻ ആരെയും ഭയപ്പെടുകയോ പേടിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, തൻ്റെ സൃഷ്ടികൾക്കെല്ലാം മീതെ അധീശത്വമുള്ളവനും, അവരുടെ കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പ്രകാരം നിയന്ത്രിക്കുന്നവനുമാണ് അവൻ. എന്നാൽ രാജാക്കന്മാരുടെ നേതാക്കളുടെയും കാര്യം ഒരിക്കലും ഇതു പോലെയല്ല; അവർക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ തങ്ങൾക്ക് സാധ്യമല്ലാത്ത ചില കാര്യങ്ങളെങ്കിലും നിറവേറ്റാൻ അവർക്ക് മറ്റുള്ളവരുടെ സഹായം അനിവാര്യമായും ആവശ്യമാണ്. അതിനാണ് അവർക്ക് മന്ത്രിമാരും അടുപ്പക്കാരും സൈന്യങ്ങളുമെല്ലാമുള്ളത്. തങ്ങളുടെ കീഴിലുള്ള ജനങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അറിയാൻ പോലും അവർക്ക് മറ്റുള്ളവരുടെ സഹായം വേണം. അതിനാൽ തന്നെ അടുപ്പം നിലനിർത്തേണ്ടവരും തൃപ്തിപ്പെടുത്തേണ്ടവരുമായ മന്ത്രിമാരുടെയും മറ്റും ഒരു നിര തന്നെ രാജാക്കന്മാർക്കും മറ്റുമുണ്ടായിരിക്കും. പക്ഷേ, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവോ?! അവൻ സർവ്വ സൃഷ്ടികളിൽ നിന്നും സമ്പൂർണ്ണ ധന്യതയുള്ളവനാണ്. തൻ്റെ ദാസന്മാരോട് അവരുടെ മാതാക്കളേക്കാൾ കാരുണ്യമുള്ളവനാണ് അവൻ. എല്ലാവർക്കും മേൽ വിധി നടപ്പിലാക്കുന്നവനും സമ്പൂർണ്ണ നീതിയുള്ളവനുമാണവൻ. എല്ലാ കാര്യങ്ങളെയും -അവൻ്റെ മഹത്തരമായ യുക്തിയാലും അറിവിനാലും ശക്തിയാലും- അവക്ക് അനുയോജ്യമായ സ്ഥാനത്ത് അവൻ വെക്കുന്നു. അതിനാൽ അല്ലാഹുവിനെ ഒരു നിലക്കും അവൻ്റെ സൃഷ്ടികളുമായി താരതമ്യം ചെയ്തു കൂടാ. ഇതു കൊണ്ടാണ് അല്ലാഹുവാണ് സ്രഷ്ടാവും, ഉപജീവനം നൽകുന്നവനും, കാര്യങ്ങളെ നിയന്ത്രിക്കുന്നവനും, പ്രയാസങ്ങളിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനും, ബുദ്ധിമുട്ടുകളെ നീക്കുന്നവനും, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനും എന്ന വിശ്വാസം മക്കാമുശ്രിക്കുകൾക്ക് ഉണ്ടായിരുന്നു എന്ന് അല്ലാഹു വ്യക്തമാക്കിയത്. ഇതെല്ലാം അവർ അംഗീകരിച്ചിരുന്നെങ്കിലും, ബഹുദൈവാരാധകർക്കും അല്ലാഹുവിൻ്റെ ദൂതന്മാർക്കും ഇടയിലുണ്ടായ തർക്കവിഷയം ആരാധനകൾ അല്ലാഹുവിന് മാത്രം നൽകുക എന്നതിനെ കുറിച്ചായിരുന്നു. അല്ലാഹു പറഞ്ഞതു പോലെ:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...﴾
"ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്..." (സുഖ്‌റുഫ്: 87) അല്ലാഹു പറയുന്നു:
﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31﴾
"ചോദിക്കുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?" (യൂനുസ്: 31) ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.
അല്ലാഹുവിൻ്റെ ദൂതന്മാരും അവരുടെ ജനതയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുക എന്ന കാര്യത്തിലായിരുന്നു എന്നത് വിവരിക്കുന്ന ആയത്തുകൾ നാം മുൻപ് നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് കൽപ്പിക്കാൻ വേണ്ടി..." (നഹ്ൽ: 36 ഈ ആശയത്തിൽ വന്ന വേറെയും ആയത്തുകളുണ്ട്. ശുപാർശയുമായി ബന്ധപ്പെട്ട വിഷയവും അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.അല്ലാഹു പറഞ്ഞു:
﴿...مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِ...﴾
"...അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?..." (ബഖറ: 255) അല്ലാഹു പറയുന്നു:
﴿وَكَم مِّن مَّلَكٖ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ26﴾
"ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാർശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാർശക്ക്) അനുവാദം നല്‍കിയതിനു ശേഷമല്ലാതെ."
(നജ്മ്: 26)
മലക്കുകളുടെ വിശേഷണങ്ങളായി അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
﴿...وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ﴾
"...അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു." (അമ്പിയാഅ്: 28)
തൻ്റെ അടിമകൾ തന്നെ നിഷേധിക്കുന്നത് അവൻ തൃപ്തിപ്പെടുന്നില്ലെന്നും, അവർ തനിക്ക് നന്ദി കാണിക്കുന്നവരാവുക എന്നതാണ് അവൻ തൃപ്തിപ്പെടുന്ന കാര്യമെന്നും, അല്ലാഹുവിനെ ഏകനാക്കിക്കൊണ്ടും അവനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുമാണ് അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടത് എന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്:
﴿إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡ...﴾
"നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ധന്യനാകുന്നു. തന്‍റെ അടിമകൾ നന്ദികേട് കാണിക്കുന്നത് അവന്‍ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട് അത് വഴി അവന്‍ സംതൃപ്തനായിരിക്കുന്നതാണ്..." (സുമർ: 7)
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് അങ്ങയുടെ ശുപാർശ കൊണ്ട് ഏറ്റവും ഭാഗ്യം ലഭിച്ചവർ." നബി ﷺ പറഞ്ഞു:
«مَنْ قَالَ: لَا إِلهَ إِلَّا اللَّهُ خَالِصًا مِنْ قَلْبِهِ».
"ആരാണോ ഹൃദയത്തിൽ (ശിർക്കിൻ്റെ) യാതൊരു കലർപ്പുമില്ലാതെ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞവൻ." (ഹദീഥിൻ്റെ നിവേദകർ പറയുന്നു): ഹൃദയം എന്ന വാക്കിന് പകരമായി
«مِنْ نَفْسِهِ».
"മനസ്സറിഞ്ഞ നിലയിൽ"
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
«لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍّ دَعْوَتَهُ وَإِنِّي اخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ فَهِيَ نَائِلَةٌ إِنْ شَاءَ اللَّهُ مَنْ مَاتَ مِنْ أُمَّتِي لَا يُشْرِكُ بِاللَّهِ شَيْئًا».
"എല്ലാ നബിക്കും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട്; എല്ലാ നബിമാരും തങ്ങളുടെ പ്രാർത്ഥന (ഇഹലോകത്തു വെച്ച്) നിർവ്വഹിച്ചു കഴിഞ്ഞു. ഞാൻ എൻ്റെ പ്രാർത്ഥന എൻ്റെ ഉമ്മത്തിനായി, അന്ത്യനാളിലേക്ക് കരുതിവെച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ നിന്ന് അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവർക്ക് അത് -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ലഭിക്കുന്നതാണ്." ഈ അർത്ഥത്തിൽ ഹദീഥുകൾ ധാരാളം ഉണ്ട്.
ഇത്രയും നാം വായിച്ച ആയത്തുകളും ഹദീഥുകളുമെല്ലാം ആരാധനകൾക്ക് അല്ലാഹുവിന് മാത്രം അർഹതപ്പെട്ട അവകാശമാണെന്നും, അവ അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും സമർപ്പിച്ചു കൂടായെന്നും, അത് നബിമാർക്കോ മറ്റാർക്കെങ്കിലുമോ ആണെങ്കിൽ പോലും പാടില്ലെന്നും, ശുപാർശ അല്ലാഹുവിൻ്റെ മാത്രം അധികാരപരിധിയിൽ പെട്ട കാര്യമാണെന്നും അറിയിക്കുന്നുണ്ട്.
﴿قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗا...﴾
"പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍..." (സുമർ: 44) അല്ലാഹു അനുമതി നൽകിയതിന് ശേഷമല്ലാതെ ഒരാൾക്കും ശുപാർശ ചെയ്യാൻ അവകാശമില്ല. അതോടൊപ്പം, ശുപാർശ ചെയ്യപ്പെടുന്നവരെ അല്ലാഹു തൃപ്തിപ്പെടുകയും വേണം. തൗഹീദുള്ളവർക്ക് വേണ്ടിയല്ലാതെ ശുപാർശ ചെയ്യുന്നത് അല്ലാഹു തൃപ്തിപ്പെടുകയില്ല -ഇക്കാര്യം മുൻപ് വിവരിച്ചു കഴിഞ്ഞതാണ്-. അതിനാൽ തന്നെ, ബഹുദൈവാരാധകർക്കും മുശ്‌രിക്കുകൾക്കും ശുപാർശയിൽ നിന്ന് ഒരു പങ്കും ലഭിക്കുന്നതല്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
﴿فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّٰفِعِينَ 48﴾
"ഇനി അവര്‍ക്ക് ശുപാർശകരുടെ ശുപാർശയൊന്നും പ്രയോജനപ്പെടുകയില്ല." (മുദ്ദഥിർ: 48) അല്ലാഹു പറയുന്നു:
﴿...مَا لِلظَّٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ﴾
"...അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല." (ഗാഫിർ: 18)
അക്രമം (ദുൽമ്) എന്നീ പദങ്ങൾ നിരുപാധികമായി ഇസ്‌ലാമിക പ്രമാണങ്ങളിൽ പറയപ്പെട്ടാൽ അതിൻ്റെ ഉദ്ദേശം അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാകുന്നു. അല്ലാഹു പറഞ്ഞതു പോലെ:
﴿...وَٱلۡكَٰفِرُونَ هُمُ ٱلظَّٰلِمُونَ﴾
"...നിഷേധികൾ(അവിശ്വാസികൾ) തന്നെയാകുന്നു അക്രമികള്‍." (ബഖറ: 254) അല്ലാഹു പറയുന്നു:
﴿...إِنَّ ٱلشِّرۡكَ لَظُلۡمٌ عَظِيمٞ﴾
"...തീര്‍ച്ചയായും ശിർക് (അല്ലാഹുവിൽ പങ്കുചേര്‍ക്കൽ) മഹാ അക്രമം തന്നെയാകുന്നു." (ലുഖ്മാൻ: 13)
ഇനി താങ്കളുടെ ചോദ്യത്തിൽ പരാമർശിക്കപ്പെട്ട -സ്വൂഫികളിൽ ചിലർ മസ്ജിദുകളിലും മറ്റും പറഞ്ഞു കൊണ്ടിരിക്കുന്ന ചില വാചകങ്ങളുടെ- നിജസ്ഥിതിയെ കുറിച്ച് കൂടെ വിവരിക്കാം: 'അല്ലാഹുവേ! നിൻ്റെ ജബറൂതിയിലുള്ള രഹസ്യങ്ങൾ തുറക്കാൻ കാരണമായവനായ, നിൻ്റെ റഹ്മാനിയ്യത്തിൻ്റെ പ്രകാശങ്ങൾ പടർന്നവനായ, നിൻ്റെ ദൈവിക സന്നിധിയുടെ പ്രതിനിധിയായ, നിൻ്റെ സ്വഭാവ രഹസ്യങ്ങളുടെ ഖലീഫയായവനിൽ അനുഗ്രഹം നൽകേണമേ' എന്നിങ്ങനെ പോകുന്ന ഈ ദിക്ർ...
ഇത്തരം വാചകങ്ങളും സമാനമായ മറ്റു പ്രയോഗങ്ങളും തീർത്തും കൃത്രിമത്വം നിറഞ്ഞതും അതിരുകവിച്ചിൽ ഉൾക്കൊള്ളുന്നതുമാണ്. അതാകട്ടെ, നമ്മുടെ റസൂൽ ﷺ താക്കീത് നൽകിയ, അകറ്റി നിറുത്തേണ്ട തിന്മകളിൽ പെട്ടതുമാണ്. അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു:
«هَلَكَ المُتَنَطِّعُونَ» قَالَهَا ثَلَاثًا.
"അതിരു കവിയുന്നവർ നശിച്ചിരിക്കുന്നു." അവിടുന്ന് മൂന്ന് തവണ അക്കാര്യം പറഞ്ഞു.
ഇമാം ഖത്താബി -رَحِمَهُ اللَّهُ- പറഞ്ഞു: "അതിരുകവിയുന്നവൻ' എന്നതിൻ്റെ ഉദ്ദേശ്യം: ഒരു കാര്യത്തിൽ ആഴത്തിലേക്ക് ഊളിയിട്ടു കൊണ്ട്, അതിൽ കഠിനമായ അന്വേഷണം നടത്താൻ ശ്രമിക്കുന്നവൻ എന്നാണ്. ആവശ്യമില്ലാത്ത വിഷയങ്ങളിൽ ചർച്ചകളിൽ മുഴുകുന്നവരും, മനുഷ്യരുടെ ബുദ്ധി കൊണ്ട് കണ്ടെത്താൻ സാധ്യമല്ലാത്ത കാര്യങ്ങളിൽ വാഗ്വാദങ്ങളുമായി വ്യാപൃതരാകുന്നവരുമായ വചനശാസ്ത്രത്തിൻ്റെ വക്താക്കൾ ഈ പറഞ്ഞതിൽ പെട്ടവരാണ്."
അബുസ്സആദാത്ത്, ഇബ്നുൽ അഥീർ -رَحِمَهُ اللَّهُ- പറയുന്നു: "വചനശാസ്ത്രത്തിൽ മുഴുകിയവരും അതിൽ അതിരുകവിഞ്ഞവരുമാണ് ഇവിടെ ഉദ്ദേശ്യം. തങ്ങളുടെ തൊണ്ടകളുടെ അറ്റങ്ങൾ കൊണ്ടാണവരുടെ സംസാരം! വായയുടെ മേൽ പല്ലിൻ്റെ പിറകുഭാഗത്തിനെ ഉദ്ദേശിച്ചു കൊണ്ട് പറയാറുള്ള 'നത്വ്അ്' എന്ന പദത്തിൽ നിന്നാണ് അവരുടെ ഈ ചെയ്തിയെ വിശേഷിപ്പിക്കുന്ന 'തനത്ത്വുഅ്' എന്ന പദം വന്നിരിക്കുന്നത്. വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും അതിരുകവിയുന്ന എല്ലാവരുടെ കാര്യത്തിലും ഈ പദം പ്രയോഗിക്കപ്പെടാറുണ്ട്."
ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ട സ്വൂഫീ പ്രയോഗങ്ങളും, നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുന്നതിന് വേണ്ടി അവർ നിർമ്മിച്ചുണ്ടാക്കിയ പദപ്രയോഗങ്ങളും അതിരുകവിച്ചിലിൻ്റെയും കൃത്രിമത്വത്തിൻ്റെയും പരിധിയിലാണ് ഉൾപ്പെടുക എന്ന് അറബിഭാഷാ വിജ്ഞാനീയത്തിലെ ഇമാമുമാരായ ഈ രണ്ട് പണ്ഡിതന്മാർ പറഞ്ഞതിൽ നിന്ന് സാമാന്യം വിവരമുള്ള ഏതൊരാൾക്കും ബോധ്യമാകുന്നതാണ്. നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലുന്നതിനും സലാം പറയുന്നതിനും അവിടുന്ന് പഠിപ്പിച്ചു തന്ന രീതികൾ സ്വീകരിക്കാനും അവ മുറുകെ പിടിക്കാനുമാണ് ഒരു മുസ്‌ലിം എപ്പോഴും പരിശ്രമിക്കേണ്ടത്.മറ്റെല്ലാ ദിക്ർ-സ്വലാത്ത് രീതികളേക്കാളും ധന്യതയും പരിശുദ്ധിയും അതിലുണ്ട്.
നബി ﷺ പഠിപ്പിച്ച സ്വലാത്തിൻ്റെ രൂപങ്ങളിലൊന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഹദീഥിൽ കാണാം.
കഅ്ബ് ബ്നു ഉജ്സഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ യുടെ സ്വഹാബികൾ അവിടുത്തോട് ചോദിക്കുകയുണ്ടായി: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹു ഞങ്ങളോട് കൽപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്?" അപ്പോൾ നബി ﷺ പറഞ്ഞു:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبرَاهِيمَ وَعَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».
"നിങ്ങൾ ഇപ്രകാരം പറയുക:
(സാരം:) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ അനുയായികൾക്ക് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും, ഏറ്റവും മഹത്വമുള്ളവനുമാകുന്നു."
അബൂ ഹുമൈദ് അസ്സാഇദി -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? അവിടുന്ന് പറഞ്ഞു:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ».
"നിങ്ങൾ ഇപ്രകാരം പറയുക:
(സാരം) അല്ലാഹുവേ! ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചതു പോലെ, മുഹമ്മദ് നബിയുടെയും അവിടുത്തെ ഭാര്യമാരുടെയും മക്കളുടെയും മേൽ നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെ മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ മുഹമ്മദ് നബിയുടെ മേലും അവിടുത്തെ ഭാര്യമാരുടെയും മക്കളുടെയും മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ സ്തുത്യർഹനും (ഹമീദ്), അങ്ങേയറ്റം മഹത്വമുള്ളവനും (മജീദ്) ആകുന്നു."
അബൂ മസ്ഊദ് അൽ-അൻസാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ബഷീർ ബ്നു സഅദ് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നമ്മോട് അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നിർദ്ദേശിച്ചിരിക്കുന്നു; എങ്ങനെയാണ് അങ്ങയുടെ മേൽ സ്വലാത്ത് ചൊല്ലേണ്ടത്?" അപ്പോൾ നബി ﷺ നിശബ്ദനായി, പിന്നെ പറഞ്ഞു:
«قُولُوا: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ فِي العَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ وَالسَّلَامُ كَمَا عَلِمتُم».
"നിങ്ങൾ ഇപ്രകാരം പറയുക:
(സാരം) അല്ലാഹുവേ! മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിൻ്റെയും മേൽ നീ സ്വലാത്ത് വർഷിക്കേണമേ; ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചതുപോലെ. മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും മേൽ നീ അനുഗ്രഹം ചൊരിയേണമേ; ഇബ്രാഹീം നബിയുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞതുപോലെ. തീർച്ചയായും നീ സ്തുത്യർഹനും മഹത്വമുടയവനുമാകുന്നു. എനിക്ക് സലാം ചൊല്ലുക എന്നതാകട്ടെ, നിങ്ങൾക്ക് പഠിപ്പിക്കപ്പെട്ടത് പോലെ (നിർവ്വഹിക്കുകയും ചെയ്യുക."
ഈ ഹദീഥുകളിൽ വന്ന പദങ്ങളും സമാനമായ നബിയിൽ ﷺ നിന്ന് സ്ഥിരപ്പെട്ട പദങ്ങളുമാണ് നബിയുടെ ﷺ മേൽ സ്വലാത്തും സലാമും ചൊല്ലുമ്പോൾ ഒരു മുസ്‌ലിം ഉപയോഗിക്കേണ്ടത്. കാരണം അല്ലാഹുവിനെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ വാക്ക് ഏതാണ് എന്ന് ജനങ്ങളിൽ ഏറ്റവും അറിവുള്ളവർ നബി ﷺ യാണെന്നത് പോലെ, സ്വന്തത്തെ കുറിച്ച് പ്രയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ വാക്ക് ഏതാണെന്നും അവിടുത്തേക്ക് തന്നെയാണ് അറിയുക.
എന്നാൽ പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട, -ചോദ്യത്തിൽ പരാമർശിക്കപ്പെട്ടതു പോലുള്ള- കൃത്രിമത്വങ്ങളുള്ള വാക്കുകളും തെറ്റായ അർത്ഥ സാധ്യതകളുള്ള വാചകങ്ങളും ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. കാരണം അവയിൽ അതിരുകവിച്ചിലും, തെറ്റായ അർത്ഥ വിശദീകരണങ്ങൾ നൽകപ്പെടാൻ സാധ്യതയുള്ള വാക്കുകളുമുണ്ട്. അതോടൊപ്പം നബി ﷺ തിരഞ്ഞെടുക്കുകയും തൻ്റെ ഉമ്മത്തിന് പഠിപ്പിച്ചു നൽകുകയും ചെയ്ത വാചകങ്ങളോട് എതിരാകുന്നവയുമാണവയെല്ലാം. നബിയാകട്ടെ, ﷺ ജനങ്ങളിൽ ഏറ്റവും വിവരമുള്ളവരും തൻ്റെ ഉമ്മത്തിനോട് ഏറ്റവും ഗുണകാംക്ഷയുള്ളവരും, കൃത്രിമത്വങ്ങളിൽ നിന്ന് ഏറ്റവും അകലം പാലിക്കുന്നവരുമാണ്. -അല്ലാഹു അവിടുത്തേക്ക് മേൽ അവൻ്റെ പക്കൽ നിന്നുള്ള സ്വലാത്തും സലാമും വർഷിക്കുമാറാകട്ടെ-.
തൗഹീദിൻ്റെ അർത്ഥവും ശിർക്കിൻ്റെ യാഥാർത്ഥ്യവും, ആദ്യകാലക്കാരായ മുശ്‌രിക്കുകളും ഇന്നുള്ള മുശ്‌രിക്കുകളും ഈ വിഷയത്തിൽ എവിടെയാണ് വേർതിരിഞ്ഞിരിക്കുന്നത് എന്നും, നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലേണ്ട ശർഇയ്യായ രൂപം ഏതാണെന്നും ഒരാൾക്ക് ബോധ്യമാകാൻ ഈ എഴുതിയതിൽ തന്നെ ആവോളം തെളിവുകളുണ്ട് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സത്യം അന്വേഷിക്കുന്നവർക്ക് മനസ്സിന് തൃപ്തിയടയാൻ ഇത് മതിയായതാണ്. എന്നാൽ സത്യവും ശരിയായ മാർഗവും ഏതാണെന്ന് തിരിച്ചറിയാൻ താൽപ്പര്യമില്ലാത്തവരുടെ കാര്യം; അവർ സ്വന്തം ദേഹേഛയെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അല്ലാഹു അവരെ കുറിച്ച് ഇപ്രകാരം പറഞ്ഞുവല്ലോ?!
﴿فَإِن لَّمۡ يَسۡتَجِيبُواْ لَكَ فَٱعۡلَمۡ أَنَّمَا يَتَّبِعُونَ أَهۡوَآءَهُمۡۚ وَمَنۡ أَضَلُّ مِمَّنِ ٱتَّبَعَ هَوَىٰهُ بِغَيۡرِ هُدٗى مِّنَ ٱللَّهِۚ إِنَّ ٱللَّهَ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ50﴾
"ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (ഖസ്വസ്: 50)
അല്ലാഹു മുഹമ്മദ് നബിയെ ﷺ സത്യമാർഗവും ഇസ്‌ലാം ദീനുമായി നിയോഗിച്ചപ്പോൾ ജനങ്ങൾ അതിനോട് രണ്ട് രൂപത്തിലുള്ള സമീപനമാണ് സ്വീകരിച്ചത് എന്ന് ഈ ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
ഒരു വിഭാഗം: അല്ലാഹുവിനും അവൻ്റെ റസൂലിനും ﷺ ഉത്തരം നൽകിയവരാണ്.
രണ്ടാമത്തെ വിഭാഗം തങ്ങളുടെ ദേഹേഛയെ പിന്തുടർന്നവരാണ്. അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തെ ഉപേക്ഷിച്ചു കൊണ്ട്, തൻ്റെ ദേഹേഛയെ പിന്തുടർന്നവനേക്കാൾ വഴിപിഴച്ചവൻ മറ്റാരുമില്ല.
ദേഹേഛകളെ പിന്തുടരുന്നതിൽ നിന്ന് അല്ലാഹു നാമേവരെയും കാത്തുരക്ഷിക്കുമാറാകട്ടെ. അല്ലാഹുവിനും അവൻ്റെ റസൂലിനും ഉത്തരം നൽകുന്നവരിലും, അല്ലാഹുവിൻ്റെ ദീനിനെ ആദരിക്കുന്നവരിലും, അതിന് വിരുദ്ധമാകുന്ന സർവ്വ ബിദ്അത്തുകളെയും ദേഹേഛകളെയും സൂക്ഷിക്കുന്നവരിലും നമ്മെയും നിങ്ങളെയും എല്ലാ മുസ്‌ലിം സഹോദരങ്ങളെയും അല്ലാഹു ഉൾപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. അവൻ അതീവ ഉദാരവാനും അങ്ങേയറ്റം നന്മകൾ ചൊരിയുന്നവനുമാകുന്നു.
***
ml397v4.0 - 16/02/2026