بَيَانُ كُفْرِ وَضَلَالِ مَنْ زَعَمَ أَنَّهُ يَجُوزُ لِأَحَدٍ الخُرُوجُ مِنْ شَرِيعَةِ مُحَمَّدٍ ﷺ
ഇസ്‌ലാമിക വിധിവിലക്കുകൾ ഒരാൾക്ക് ബാധകമല്ലെന്ന് വാദിക്കുന്നത് കുഫ്റും വഴികേടുമാണ്
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം പന്ത്രണ്ട്:
മുഹമ്മദ് നബി ﷺ പഠിപ്പിച്ച ഇസ്‌ലാമിക വിധിവിലക്കുകൾ ഒരാൾക്ക് ബാധകമല്ലെന്ന് വാദിക്കുന്നത് കുഫ്റും വഴികേടുമാണ്.
'ശർഖുൽ ഔസത്' ദിനപത്രത്തിൽ 'തെറ്റായ ധാരണ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കുറിച്ച് ശ്രദ്ധയിൽ പെട്ടു; അബ്ദുൽ ഫത്താഹ് അൽഹായിക് എന്ന പേരുള്ള ഒരാളാണ് ലേഖകൻ.
ഇസ്‌ലാമിൻ്റെ പ്രാഥമിക പാഠങ്ങളിൽ പെട്ട കാര്യങ്ങളെ നിഷേധിക്കുന്നതും, പ്രമാണങ്ങളാലും മുസ്‌ലിം ലോകത്തിൻ്റെ ഇജ്മാഇനാലും സ്ഥിരപ്പെട്ട അടിത്തറകളെ നിരാകരിക്കുന്നതുമാണ് ഈ ലേഖനത്തിൻ്റെ ഉള്ളടക്കം. മുഹമ്മദ് നബിയുടെ ﷺ നുബുവ്വത്ത് സർവ്വ മനുഷ്യരിലേക്കുമുള്ളതാണെന്നുള്ള വസ്തുതയെ നിഷേധിക്കുകയും, അതോടൊപ്പം ഒരാൾ നബിയെ ﷺ പിൻപറ്റാതെയും അനുസരിക്കാതെയും യഹൂദനോ ക്രൈസ്തവനോ ആയി തുടർന്നാലും അവൻ സത്യപാതയിൽ തന്നെയാണെന്ന് ജൽപ്പിക്കുകയുമാണ് ലേഖകൻ ചെയ്തിട്ടുള്ളത്. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവരെയും അവനെ ധിക്കരിച്ചവരെയും ശിക്ഷിക്കുക എന്നതിൻ്റെ യുക്തിയെ തൻ്റെ ലേഖനത്തിലൂടെ ചോദ്യം ചെയ്തു കൊണ്ടും, അതെല്ലാം വ്യർത്ഥമാണെന്ന് വാദിച്ചു കൊണ്ടും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനോടും ഇയാൾ ധിക്കാരം പ്രവർത്തിച്ചിരിക്കുന്നു.
ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിക്കുകയും, അതിൻ്റെ ശരിയായ അർത്ഥങ്ങളിൽ നിന്ന് മാറ്റി ദുർവ്യാഖ്യാനിക്കുകയും, തൻ്റെ തോന്നലുകൾക്ക് അനുസരിച്ച് വിശദീകരിക്കുകയുമാണ് ഇയാൾ ചെയ്തിരിക്കുന്നത്. നബിയുടെ ﷺ നുബുവ്വത്ത് സർവ്വ മനുഷ്യരിലേക്കുമുള്ളതാണ് എന്ന് വ്യക്തമായി ബോധ്യപ്പെടുത്തുന്നതും, അവിടുത്തെ കുറിച്ച് കേട്ടതിന് ശേഷം നബിയെ ﷺ പിൻപറ്റുകയോ വിശ്വസിക്കുകയോ ചെയ്യാതിരിക്കുന്നവൻ കാഫിറാണെന്നും, ഇസ്‌ലാമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതല്ലെന്നും അറിയിക്കുന്ന തെളിവുകളെ മുഴുവൻ ഇയാൾ അവഗണിച്ചിരിക്കുന്നു. ഇതിലൂടെയെല്ലാം പാമരജനങ്ങളെ വഞ്ചിക്കാനുള്ള ശ്രമമാണ് ഈ ലേഖകൻ നടത്തിയിരിക്കുന്നത്. ഇയാൾ ചെയ്തിരിക്കുന്നത് വ്യക്തമായ കുഫ്റും, ഇസ്‌ലാമിനെ ഉപേക്ഷിച്ചു കൊണ്ട് രിദ്ദത്ത് (മതനിരാസം) സ്വീകരിക്കലും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും കളവാക്കലുമാണെന്നതിൽ സംശയമില്ല. അറിവും ഈമാനുമുള്ള ഏതൊരാൾക്കും ഇയാളുടെ കുറിപ്പ് വായിച്ചാൽ അക്കാര്യം ബോധ്യപ്പെടുന്നതാണ്.
ഇയാളെ ഇസ്‌ലാമിക കോടതിയിൽ ഹാജരാക്കുകയും, ഈ വാദത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ ആവശ്യപ്പെടുകയും, പരിശുദ്ധ ദീനുൽ ഇസ്‌ലാമിൻ്റെ വിധിവിലക്കുകൾക്ക് അനുസൃതമായ നടപടി ഇയാളുടെ കാര്യത്തിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഭരണാധികാരികളുടെ മേലുള്ള നിർബന്ധബാധ്യത.
മുഹമ്മദ് നബിയുടെ ﷺ നുബുവ്വത്ത് സർവ്വ മനുഷ്യർക്കും ബാധകമാണെന്നും, അത് പിൻപറ്റുക എന്നത് മനുഷ്യരുടെയും ജിന്നുകളുടെയും മേലുള്ള നിർബന്ധബാധ്യതയാണെന്നും അർത്ഥശങ്കകൾക്കൊന്നും ഇടയില്ലാത്ത വിധത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്; ദീനീ വിജ്ഞാനത്തിൻ്റെ രുചി തൊട്ടുനോക്കിയ ഏതൊരു മുസ്‌ലിമിനും അറിയാവുന്ന വസ്തുതയാണത്.
അല്ലാഹു പറയുന്നു:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158﴾
"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ നബിയിൽ. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍; നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം." (അഅ്റാഫ്: 158) അല്ലാഹു പറയുന്നു:
﴿...وَأُوحِيَ إِلَيَّ هَٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ...﴾
"...ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്‍റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു..." (അൻആം: 19) അല്ലാഹു പറയുന്നു:
﴿قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِي يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ31﴾
"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമത്രെ." (ആലു ഇംറാൻ: 31) അല്ലാഹു പറയുന്നു:
﴿وَمَن يَبۡتَغِ غَيۡرَ ٱلۡإِسۡلَٰمِ دِينٗا فَلَن يُقۡبَلَ مِنۡهُ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ85﴾
"ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (ആലു ഇംറാൻ: 85) അല്ലാഹു പറയുന്നു:
﴿وَمَآ أَرۡسَلۡنَٰكَ إِلَّا كَآفَّةٗ لِّلنَّاسِ بَشِيرٗا وَنَذِيرٗا...﴾
"(നബിയെ,) താങ്കളെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്..." (സബഅ്: 28) അല്ലാഹു പറയുന്നു:
﴿وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ107﴾
"ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല." (അൻബിയാഅ്: 107) അല്ലാഹു പറയുന്നു:
﴿...وَقُل لِّلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡأُمِّيِّـۧنَ ءَأَسۡلَمۡتُمۡۚ فَإِنۡ أَسۡلَمُواْ فَقَدِ ٱهۡتَدَواْۖ وَّإِن تَوَلَّوۡاْ فَإِنَّمَا عَلَيۡكَ ٱلۡبَلَٰغُۗ وَٱللَّهُ بَصِيرُۢ بِٱلۡعِبَادِ﴾
"വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) താങ്കൾ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (അല്ലാഹുവിൻ്റെ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ താങ്കൾക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു." (ആലു ഇംറാൻ: 20) അല്ലാഹു തന്നെ പറയുന്നു:
﴿تَبَارَكَ ٱلَّذِي نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا1﴾
"തന്‍റെ അടിമയുടെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്." (ഫുർഖാൻ: 1)
ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
«أُعْطِيتُ خَمْسًا لَمْ يُعْطَهُنَّ أَحَدٌ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ وَجُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلَاةُ فَلْيُصَلّ وَأُحِلَّتْ لِيَ الْمَغَانِمُ وَلَمْ تُحَلَّ لِأَحَدٍ قَبْلِي وَأُعْطِيتُ الشَّفَاعَةَ وَكَانَ النَّبِيُّ يُبْعَثُ إِلَى قَوْمِهِ خَاصَّةً وَبُعِثْتُ إِلَى النَّاسِ عَامَّةً».
"എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരുമാസ വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാരസ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുൻപുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത്ത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുൻപ്) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ സർവ്വ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്."
മുഹമ്മദ് നബിയുടെ ﷺ സന്ദേശം സർവ്വ മനുഷ്യരിലേക്കുമുള്ളതാണെന്നും, അവിടുത്തെ നിയോഗത്തോടെ മുൻപ് കഴിഞ്ഞു പോയ എല്ലാ വിധിവിലക്കുകളും അസാധുവായിരിക്കുന്നു എന്നും, ഇനി മുഹമ്മദ് നബിയെ ﷺ പിൻപറ്റുകയോ അനുസരിക്കുകയോ ചെയ്യാത്തവർ (അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും) നിഷേധിച്ച ധിക്കാരികളിലും, അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹതയുള്ളവരിലുമാണ് ഉൾപ്പെടുക എന്നും ഈ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കാം. അല്ലാഹു പറഞ്ഞു:
﴿...وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥ...﴾
"...വിവിധ സംഘങ്ങളില്‍ നിന്ന് അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു..." (ഹൂദ്:17) അല്ലാഹു പറയുന്നു:
﴿...فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ﴾
"ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ." (നൂർ: 63) അല്ലാഹു പറയുന്നു:
﴿وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدۡخِلۡهُ نَارًا خَٰلِدٗا فِيهَا وَلَهُۥ عَذَابٞ مُّهِينٞ14﴾
"ആരാണോ അല്ലാഹുവെയും അവന്‍റെ റസൂലിനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നത് അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്." (നിസാഅ്: 14) അല്ലാഹു പറയുന്നു:
﴿...وَمَن يَتَبَدَّلِ ٱلۡكُفۡرَ بِٱلۡإِيمَٰنِ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ﴾
"ഈമാനിന് പകരം കുഫ്റിനെ സ്വീകരിക്കുന്നവരാരോ അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു." (ബഖറ: 108) ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.
നബിയെ ﷺ അനുസരിക്കണം എന്ന കാര്യം അല്ലാഹു അവനെ അനുസരിക്കണം എന്നതിനോടൊപ്പമാണ് ചേർത്തു പറഞ്ഞിട്ടുള്ളത്. ആരെങ്കിലും ഇസ്‌ലാമല്ലാത്ത മറ്റേതെങ്കിലും മതം സ്വീകരിക്കുകയാണെങ്കിൽ അവൻ നഷ്ടക്കാരിൽ പെട്ടവനാണെന്നും, അവനിൽ നിന്ന് യാതൊരു നന്മയോ പുണ്യപ്രവൃത്തിയോ സ്വീകരിക്കപ്പെടുന്നതല്ലെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ 85﴾
"ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും." (ആലു ഇംറാൻ: 85) അല്ലാഹു പറയുന്നു:
﴿مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ...﴾
"(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു." (നിസാഅ്: 80) അല്ലാഹു പറയുന്നു:
﴿قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ فَإِنْ تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ وَإِنْ تُطِيعُوهُ تَهْتَدُوا...﴾
"നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍ റസൂലിനെയും അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം." (നൂർ: 54) അല്ലാഹു പറയുന്നു:
﴿إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ 6﴾
"തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍." (ബയ്യിനഃ: 6)
നബി ﷺ പറഞ്ഞതായി സ്വഹീഹു മുസ്‌ലിമിൽ വന്നിട്ടുള്ള ഒരു ഹദീഥിൽ ഇപ്രകാരം കാണാം:
«وَالَّذِي نَفْسِي بِيَدِهِ لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ وَلَا نَصْرَانِيٌّ ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ إِلَّا كَانَ مِنْ أَهْلِ النَّارِ».
"എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ സമുദായത്തിൽ പെട്ട ഏതൊരാൾ - അവൻ യഹൂദനോ ക്രൈസ്തവനോ ആകട്ടെ -; അവൻ എന്നെ കുറിച്ച് കേൾക്കുകയും, ശേഷം ഞാൻ അയക്കപ്പെട്ട കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിക്കാതെ മരണപ്പെടുകയും ചെയ്തുവെങ്കിൽ അവൻ നരകക്കാരിൽ പെട്ടവനാകാതിരിക്കുകയില്ല."
ഇസ്‌ലാമിൽ പ്രവേശിക്കാത്ത എല്ലാവരുടെയും മതവും വിശ്വാസവും നിരർത്ഥകമാണെന്ന് നബി ﷺ തൻ്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ടാണ് അവിടുന്ന് മക്കയിലെ ബഹുദൈവാരാധകരോട് യുദ്ധം ചെയ്തതു പോലെ, യഹൂദരോടും നസ്വാറാക്കളോടും യുദ്ധം ചെയ്തത്. അവരിൽ നിന്ന് ജിസ്‌യ സ്വീകരിക്കുകയും ചെയ്തു; ഇസ്‌ലാമിക പ്രബോധനത്തിൻ്റെ സന്ദേശം അവർക്കപ്പുറമുള്ളവരിലേക്കും എത്തണം എന്ന ഉദ്ദേശ്യത്തിലായിരുന്നു അത്. തൻ്റെ ജനതയെ ഭയന്നു കൊണ്ടോ അവരിൽ നിന്നുള്ള തടസ്സങ്ങളോ അവർ തന്നെ വധിക്കുമെന്നോ ഒന്നുമുള്ള ഭയമില്ലാതെ ഇസ്‌ലാമിൽ പ്രവേശിക്കാൻ ജനങ്ങൾക്ക് സാധിക്കുന്നതിന് വേണ്ടിയുമായിരുന്നു ഇതെല്ലാം.
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) നിവേദനം: ഞങ്ങൾ മസ്ജിദിൽ ഇരിക്കുമ്പോൾ അല്ലാഹുവിൻ്റെ റസൂൽ -ﷺ- വന്നുകൊണ്ടു പറഞ്ഞു:
«انْطَلِقُوا إِلَى يَهُودَ فَخَرَجْنَا مَعَهُ حَتَّى جِئْنَا بَيْتَ الْمِدْرَاسِ فَقَامَ النَّبِيُّ ﷺ فَنَادَاهُمْ فَقَالَ: يَا مَعْشَرَ يَهُودَ أَسْلِمُوا تَسْلَمُوا فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ فَقَالَ لَهُمْ رَسُولُ اللَّهِ ﷺ: ذَلِكَ أُرِيدُ أَسْلِمُوا تَسْلَمُوا فَقَالُوا: قَدْ بَلَّغْتَ يَا أَبَا الْقَاسِمِ فَقَالَ لَهُمْ رَسُولُ اللَّهِ ﷺ: ذَلِكَ أُرِيدُ ثُمَّ قَالَهَا الثَّالِثَةَ...».
"നിങ്ങൾ യഹൂദരുടെ അടുത്തേക്ക് പുറപ്പെടുക. അങ്ങനെ ഞങ്ങൾ പുറപ്പെടുകയും യഹൂദരുടെ പള്ളിക്കൂടത്തിൽ എത്തുകയും ചെയ്തു. അപ്പോൾ നബി ﷺ അവിടെ നിന്നു കൊണ്ട് യഹൂദരെ വിളിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു: "ഹേ യഹൂദരുടെ സമൂഹമേ! നിങ്ങൾ ഇസ്‌ലാം സ്വീകരിക്കൂ; നിങ്ങൾക്ക് രക്ഷപ്പെടാം." അവർ പറഞ്ഞു: "ഹേ അബുൽ ഖാസിം! താങ്കളുടെ സന്ദേശം താങ്കൾ എത്തിച്ചു തന്നിരിക്കുന്നു." അപ്പോൾ നബി ﷺ അവരോട് പറഞ്ഞു: "അതു തന്നെയായിരുന്നു ഞാൻ ഉദ്ദേശിച്ചതും. അതിനാൽ നിങ്ങൾ ഇസ്‌ലാം സ്വീകരിക്കൂ; നിങ്ങൾക്ക് രക്ഷപ്പെടാം." അവർ പറഞ്ഞു: "ഹേ അബുൽ ഖാസിം! താങ്കളുടെ സന്ദേശം താങ്കൾ എത്തിച്ചു തന്നിരിക്കുന്നു." അപ്പോൾ നബി ﷺ അവരോട് പറഞ്ഞു: "അതു തന്നെയായിരുന്നു ഞാൻ ഉദ്ദേശിച്ചതും." മൂന്നാമതും അക്കാര്യം അവിടുന്ന് ആവർത്തിച്ചു..." -
നബി ﷺ യഹൂദരുടെ പള്ളിക്കൂടത്തിലേക്ക് പോവുകയും, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും, ഇസ്‌ലാം സ്വീകരിക്കണമെന്നും ഈ മതം സ്വീകരിച്ചാൽ നിങ്ങൾ സുരക്ഷിതരാണെന്നും അവരോട് പറയുകയും, അക്കാര്യം ആവർത്തിക്കുകയും ചെയ്തു.
സമാനമായ സംഭവമാണ് നബി ﷺ ഹിർഖലിനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടെഴുതിയ കുറിപ്പിലും കാണാനുള്ളത്. ഹിർഖൽ ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് പിന്തിനിൽക്കുകയും, അത് കാരണത്താൽ ജനങ്ങൾ ഇസ്‌ലാം സ്വീകരിക്കാതിരിക്കുകയും ചെയ്താൽ അവനെ പിൻപറ്റിയവരുടെ പാപഭാരം കൂടെ അവൻ വഹിക്കേണ്ടി വരുമെന്ന് അവിടുന്ന് പ്രസ്തുത കുറിപ്പിൽ അറിയിച്ചു.
ഹിർഖൽ നബിയുടെ ﷺ കത്ത് ലഭിച്ചപ്പോൾ അത് വായിച്ചു നോക്കിയതായും, അതിലുണ്ടായിരുന്ന സന്ദേശം ഇപ്രകാരമായിരുന്നു എന്നും ബുഖാരിയിലും മുസ്‌ലിമിലും വന്ന ഹദീഥിൽ കാണാം:
«بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ مِنْ مُحَمَّدٍ رَسُولِ اللَّهِ إِلَى هِرَقْلَ عَظِيمِ الرُّومِ سَلَامٌ عَلَى مَنِ اتَّبَعَ الْهُدَى أَمَّا بَعْدُ: فَإِنِّي أَدْعُوكَ بِدِعَايَةِ الْإِسْلَامِ أَسْلِمْ تَسْلَمْ وَأَسْلِمْ يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الْأَرِيسِيِّينَ وَ
"ബിസ്മില്ലാഹി റഹ്മാനി റഹീം (സർവ്വ വിശാലമായ കാരുണ്യമുള്ളവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ അല്ലാഹുവിൻ്റെ നാമത്തിൽ) അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദിൽ നിന്ന് റോമയുടെ ഭരണാധികാരിയായ ഹിർഖലിന്... സന്മാർഗം പിൻപറ്റിയവരുടെ മേൽ രക്ഷയുണ്ടാകട്ടെ. ഞാൻ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. താങ്കൾ ഇസ്‌ലാം സ്വീകരിക്കുക; എങ്കിൽ താങ്കൾക്ക് രക്ഷപ്പെടാം. അല്ലാഹു രണ്ട് തവണ താങ്കൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. താങ്കൾ തിരിഞ്ഞു കളയുകയാണെങ്കിൽ, (താങ്കളുടെ പ്രജകളായ ആ) കർഷകരുടെ പാപഭാരം കൂടെ താങ്കൾക്ക് മേലുണ്ടായിരിക്കും.
﴿يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٖ سَوَآءِۭ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡـٔٗا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابٗا مِّن دُونِ ٱللَّهِۚ فَإِن تَوَلَّوۡاْ فَقُولُواْ ٱشۡهَدُواْ بِأَنَّا مُسۡلِمُونَ64﴾
വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷാധികാരികൾ ആക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുക." (ആലു ഇംറാൻ: 64)
പിന്നീട് അവർ തിരിഞ്ഞു കളയുകയും ഇസ്‌ലാമിൽ പ്രവേശിക്കാൻ തടസ്സം കാണിക്കുകയും ചെയ്തപ്പോൾ നബി ﷺ അവരോട് യുദ്ധം ചെയ്യുകയുണ്ടായി; അവിടുന്നും സ്വഹാബികളും അവർക്കെതിരെ യുദ്ധം നയിച്ചതിന് ശേഷം അവരുടെ മേൽ ജിസ്‌യ ചുമത്തുകയും ചെയ്തു.
യഹൂദരും നസ്വാറാക്കളും വഴികേടിലാണെന്നും അവരുടെ മാർഗം തെറ്റാണെന്നും, മുഹമ്മദ് നബിയുടെ ﷺ നിയോഗത്തിന് ശേഷം അവരുടെ വിധിവിലക്കുകളെല്ലാം അസാധുവായിരിക്കുന്നു എന്നുമുള്ള കാര്യം ഊട്ടിയുറപ്പിച്ചു ബോധ്യപ്പെടുത്തുന്നതിന് വേണ്ടി; ഓരോ മുസ്‌ലിമിനോടും എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരങ്ങളിൽ ഓരോ റക്അത്തിലും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്ന ശരിയായ മാർഗത്തിലേക്ക് -ഇസ്‌ലാമിലേക്ക്- നയിക്കാൻ പ്രാർത്ഥിക്കണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു. അതോടൊപ്പം കോപിക്കപ്പെട്ടവരുടെ -അതായത് സത്യം അറിഞ്ഞതിന് ശേഷം അതിനെ പിൻപറ്റാതെ അസത്യത്തിൽ തന്നെ തുടരുന്ന യഹൂദരുടെയും, അവരുടെ മാർഗത്തിന് സമാനമായത് സ്വീകരിക്കുന്നവരുടെയും- മാർഗത്തിൽ നിന്ന് തന്നെ അകറ്റി നിർത്താനും അവർ പ്രാർത്ഥിക്കണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു. വ്യക്തമായ അറിവും ജ്ഞാനവുമില്ലാതെ അല്ലാഹുവിനെ ആരാധിക്കുകയും, തങ്ങളാണ് സത്യത്തിൻ്റെ മാർഗത്തിൽ എന്ന് അവകാശപ്പെടുകയും ചെയ്യുന്ന വഴിപിഴച്ചു പോയ നസ്വാറാക്കളുടെയും അവരോട് സദൃശ്യരായവരുടെയും മാർഗത്തിൽ നിന്നും ഓരോ മുസ്‌ലിമും രക്ഷ ചോദിക്കാൻ ഇതു പോലെ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമല്ലാത്ത മറ്റെല്ലാ മതങ്ങളും നിരർത്ഥകമാണെന്ന് ഒരു മുസ്‌ലിം ദൃഢബോധ്യമുള്ളവനാകുന്നതിന് വേണ്ടിയാണ് ഇതെല്ലാം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഇസ്‌ലാമിലായിക്കൊണ്ടല്ലാതെ ഒരാൾ അല്ലാഹുവിനെ ആരാധിക്കുന്നുണ്ടെങ്കിൽ അവൻ വഴികേടിലാണെന്നും, ഇക്കാര്യം ഹൃദയത്തിൽ ഉറച്ചു വിശ്വാസമില്ലാത്തവരെല്ലാം മുസ്‌ലിംകളല്ലെന്നും അതോടൊപ്പം മനസ്സിലാക്കുക. ഈ വിഷയം ബോധ്യപ്പെടുത്തുന്ന ധാരാളം തെളിവുകൾ ഖുർആനിലും ഹദീഥിലും വേറെയുമുണ്ട്.
അതിനാൽ ഉപരിസൂചിത ലേഖനത്തിൻ്റെ രചയിതാവ് ആത്മാർത്ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുക എന്നതാണ് അയാളുടെ മേൽ നിർബന്ധമായിട്ടുള്ളത്. തൻ്റെ പശ്ചാത്താപവും തൗബയും വ്യക്തമാക്കി കൊണ്ട് അയാൾ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുകയും വേണ്ടതുണ്ട്. അല്ലാഹുവിലേക്ക് ഒരാൾ ആത്മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങിയാൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. അല്ലാഹു പറയുന്നു:
﴿...وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ﴾
"...ഈമാനുള്ളവരെ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.} (നൂർ: 31) അല്ലാഹു പറയുന്നു:
﴿وَٱلَّذِينَ لَا يَدۡعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقۡتُلُونَ ٱلنَّفۡسَ ٱلَّتِي حَرَّمَ ٱللَّهُ إِلَّا بِٱلۡحَقِّ وَلَا يَزۡنُونَۚ وَمَن يَفۡعَلۡ ذَٰلِكَ يَلۡقَ أَثَامٗا68 يُضَٰعَفۡ لَهُ ٱلۡعَذَابُ يَوۡمَ ٱلۡقِيَٰمَةِ وَيَخۡلُدۡ فِيهِۦ مُهَانًا69 إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلٗا صَٰلِحٗا فَأُوْلَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمۡ حَسَنَٰتٖۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا70﴾
"അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന് ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും.
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്മകളെ നന്മകളാക്കി പരിവർത്തിപ്പിക്കുന്നതാണ്.അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു." (ഫുർഖാൻ: 68-70) നബി ﷺ പറഞ്ഞു:
«الإِسْلَامُ يَهْدِمُ مَا كَانَ قَبْلَهُ وَالتَّوبَةُ تَهْدِمُ مَا كَانَ قَبْلَهَا».
"ഇസ്‌ലാം സ്വീകരണം അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നു. തൗബയും അതിന് മുൻപുള്ള തിന്മകളെയെല്ലാം ഇല്ലാതെയാക്കുന്നു." നബി ﷺ പറഞ്ഞു:
«التَّائِبُ مِنَ الذَّنْبَ كَمَنْ لَا ذَنْبَ لَهُ».
"തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചവൻ , തിന്മകളില്ലാത്തവനെ പോലെയാണ്."
ഈ വിഷയം വേറെയും ആയത്തുകളിലും ഹദീഥുകളിലും സ്ഥിരപ്പെട്ടിട്ടുണ്ട്.
സത്യം സത്യമായി കാണിച്ചു തരാനും അത് പിൻപറ്റാനും, അസത്യം അസത്യമായി കാണിച്ചു തരാനും അതിനെ വെടിയാനുമുള്ള തൗഫീഖ് അല്ലാഹു നമുക്കേവർക്കും നൽകട്ടെ. നമുക്കും ഈ ലേഖനം എഴുതിയ അബ്ദുൽ ഫത്താഹ് എന്ന വ്യക്തിക്കും എല്ലാ മുസ്‌ലിംകൾക്കും അല്ലാഹു ആത്മാർത്ഥമായ തൗബഃയുടെയും പശ്ചാത്താപത്തിൻ്റെയും കവാടം തുറന്നു നൽകട്ടെ. നാമേവരെയും വഴിപിഴപ്പിക്കുന്ന ഫിത്നകളിൽ നിന്നും, ദേഹേഛകളെയും പിശാചിനെയും പിൻപറ്റുന്നതിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ. തീർച്ചയായും അല്ലാഹു അത് ഏറ്റെടുക്കാനുള്ള രക്ഷാധികാരിയും അത് പൂർത്തീകരിക്കാൻ കഴിവുള്ളവനുമാകുന്നു.
وصلى الله وسلم على نبينا محمد، وعلى آله وصحبه، ومن تبعهم بإحسان إلى يوم الدين
***
ml397v4.0 - 16/02/2026