PHPWord

 

 

 

أَحْكَامُ الهَدْيِ وَالأَضَاحِي وَالتَّذْكِيَةِ

 

ഹദ്‌യ്, ഉദ്ഹിയ്യഃ, ബലികർമ്മം; ചില വിധിവിലക്കുകൾ

 

اللَّجْنَةُ العِلْمِيَّةُ

بِرِئَاسَةِ الشُّؤُونِ الدِّينِيَّةِ بِالمَسْجِدِ الحَرَامِ وَالمَسْجِدِ النَّبَوِيِّ

 

 


بِسْمِ اللهِ الرَّحمَنِ الرَّحِيمِ

ഹദ്‌യ്, ഉദ്ഹിയ്യഃ, ബലികർമ്മം; ചില വിധിവിലക്കുകൾ

ആമുഖം

الحمد لله رب العالمين، والصلاة والسلام على المبعوث رحمة للعالمين، وعلى آله وصحبه ومن استنَّ بسنته، واهتدى بهديه إلى يوم الدين، أما بعد

ഹദ്‌യ്, ഉദ്ഹിയ്യഃ, ബലികർമ്മം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾ ആവശ്യമായും അറിഞ്ഞിരിക്കേണ്ട പ്രധാന വിധിവിലക്കുകൾ വിവരിക്കുന്ന ഒരു സംക്ഷിപ്ത കൃതിയാണിത്. ഇരുഹറമുകൾ സന്ദർശിക്കുന്നവർക്കായി ഞങ്ങൾ ക്രോഡീകരിച്ച ഈ കൃതി വ്യക്തമായ അറിവോടെയും ഉൾക്കാഴ്ച്ചയോടെയും ദീനിലെ കൽപ്പനകൾ നിറവേറ്റാൻ അവരെ സഹായിക്കുന്നതാണ്. ഈ ഗ്രന്ഥം ജനങ്ങൾക്ക് പ്രയോജനകരമാകട്ടെ എന്നും, ഒരു സൽകർമ്മമായി സ്വീകരിക്കട്ടെ എന്നും, അല്ലാഹുവിൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതാകട്ടെ എന്നും നാം പ്രാർത്ഥിക്കുന്നു. ചോദിക്കപ്പെടുന്നവരിൽ ഏറ്റവും നല്ലവനും, പ്രതീക്ഷപ്പെടുന്നവരിൽ ഏറ്റവും ഉദാരവാനുമത്രെ അവൻ.

ലജ്നഃ ഇൽമിയ്യഃ, ജംഇയ്യത്തു ഖിദ്മതിൽ മുഹ്തവൽ ഇസ്‌ലാമീ

ഹദ്‌യ്, ഉദ്ഹിയ്യഃ എന്നിവയുടെ വിധിവിലക്കുകൾ

ഹറമിലേക്ക് ബലിയായി നൽകപ്പെടുകയും, അവിടെ വെച്ച് അറുക്കപ്പെടുകയും ചെയ്യുന്ന എല്ലാ കന്നുകാലികളും ഹദ്‌യ് എന്നതിൽ ഉൾപ്പെടും. അല്ലാഹുവിലേക്ക് നൽകപ്പെടുന്നത് എന്ന അർത്ഥമുള്ളതിനാലാണ് 'ഹദ്‌യ്' എന്ന പേര് ഇതിന് നൽകപ്പെട്ടത്.

പെരുന്നാൾ ദിവസവും അയ്യാമുത്തശ്‌രീഖിൻ്റെ ദിവസങ്ങളിലും (ദുൽഹിജ്ജ 11-13 വരെ) അല്ലാഹുവിന് വേണ്ടി ബലിയറുക്കപ്പെടുന്നവക്കാണ് ഉദ്ഹിയ്യഃ (ഇദ്ഹിയ്യഃ എന്നും ഉച്ചരിക്കാം) എന്നു പറയുക.

ഇവ രണ്ടും പുണ്യകർമ്മമാണെന്നതിൽ മുസ്‌ലിംകൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.

ഹദ്‌യുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠം: ഒട്ടകവും, അതിന് ശേഷം പശുവുമാണ്. ഒട്ടകത്തെയോ പശുവിനെയോ ഒരാൾ തന്നെ മുഴുവനായി അറുക്കുമ്പോഴാണ് ഇവ രണ്ടും ശ്രേഷ്ഠമാവുക; കാരണം സാമ്പത്തികമായ ചിലവ് കൂടുതലുള്ളതും, അധികമായി മാംസം ലഭിക്കുന്നതിനാൽ ദരിദ്രർക്ക് കൂടുതൽ പ്രയോജനകരമായതും ഒട്ടകത്തെയും പശുവിനെയും അറുക്കുന്നതാണ്. ഇവ രണ്ടും കഴിഞ്ഞാൽ ആടിനെ അറുക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.

ഈ മൂന്ന് ഇനങ്ങളിലും ഏറ്റവും ശ്രേഷ്ഠമായത് ഏറ്റവുമധികം മാംസമുള്ളതും, ഏറ്റവും വിലയുള്ളതുമാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿ذَٰلِكَۖ وَمَن يُعَظِّمۡ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ 32﴾

"വല്ലവനും അല്ലാഹുവിന്‍റെ മത ചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മ നിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ." (മതചിഹ്നങ്ങൾ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശ്യം ബലിമൃഗങ്ങളാണ്). (ഹജ്ജ്: 32)

ചെമ്മരിയാടാണെങ്കിൽ ആറു മാസം പൂർത്തിയാക്കിയത് മാത്രമേ ബലിയർപ്പിക്കാൻ പാടുള്ളൂ. എന്നാൽ ഒട്ടകത്തെയോ പശുവിനെയോ കോലാടിനെയോ ആണ് അറുക്കുന്നത് എങ്കിൽ അവക്ക് നിശ്ചിതമായ വയസ്സിൻ്റെ പരിധിയുണ്ട്. ഒട്ടകമാണെങ്കിൽ അഞ്ച് വയസ്സ് തികഞ്ഞതും, പശുവാണെങ്കിൽ രണ്ട് വയസ്സ് തികഞ്ഞതും, കോലാടാണെങ്കിൽ ഒരു വയസ്സ് തികഞ്ഞതുമായിരിക്കണം.

ആട് ഒരാളുടെ ഹദ്‌യിന് മാത്രമേ മതിയാവുകയുള്ളൂ. എന്നാൽ ഉദ്ഹിയ്യത്തിൻ്റെ ഭാഗമായാണ് ആടിനെ അറുക്കുന്നത് എങ്കിൽ അത് ഒരാൾക്കും അയാളുടെ കുടുംബത്തിനും മതിയാകുന്നതാണ്. ഹദ്‌യിൻ്റെ ഭാഗമായോ, ഉദ്ഹിയ്യത്തിൻ്റെ ഭാഗമായോ ഒട്ടകത്തെയോ പശുവിനെയോ ആണ് അറുക്കുന്നത് എങ്കിൽ അതിൽ ഏഴു പേർക്ക് പങ്കുചേരാവുന്നതാണ്. ജാബിർ ബ്നു അബ്ദില്ല (റ) നിവേദനം:

«نَحَرْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْحُدَيْبِيَةِ الْبَدَنَةَ عَنْ سَبْعَةٍ، وَالْبَقَرَةَ عَنْ سَبْعَةٍ».

"നബി -ﷺ- യോടൊപ്പം ഹുദൈബിയ വർഷത്തിൽ ഞങ്ങൾ ഏഴു പേർക്കായി ഒരു ഒട്ടകത്തെ അറുക്കുകയും, ഏഴു പേർക്കായി ഒരു പശുവിനെ അറുക്കുകയും ചെയ്തു." മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്:

«خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُهِلِّينَ بِالْحَجِّ فَأَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَشْتَرِكَ فِي الْإِبِلِ وَالْبَقَرِ كُلُّ سَبْعَةٍ مِّنَّا فِي بَدَنَةٍ».

"ഞങ്ങൾ അല്ലാഹുവിൻ്റെ റസൂൽ -ﷺ- നോടൊപ്പം ഹജ്ജിന് ഇഹ്റാം ചെയ്ത് പുറപ്പെട്ടു. അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളിൽ നിന്ന് ഏഴു പേർ ഒരു ഒട്ടകത്തിലോ ഒരു പശുവിലോ പങ്കുചേരാൻ കൽപ്പിച്ചു." മറ്റൊരു നിവേദനം ഇപ്രകാരമാണ്:

«حَجَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَحَرْنَا الْبَعِيرَ عَنْ سَبْعَةٍ، وَالْبَقَرَةَ عَنْ سَبْعَةٍ».

"ഞങ്ങൾ അല്ലാഹുവിൻ്റെ റസൂൽ -ﷺ- നോടൊപ്പം ഹജ്ജ് നിർവഹിച്ചപ്പോൾ ഏഴു പേർക്കായി ഒരു ഒട്ടകത്തെയും, ഏഴു പേർക്കായി ഒരു പശുവിനെയും (ഹദ്‌യിൻ്റെ ഭാഗമായി) ബലിയർപ്പിച്ചു."1

അബൂ അയ്യൂബ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: അല്ലാഹുവിൻ്റെ റസൂൽ -ﷺ- കാലത്ത് ഉദ്ഹിയ്യത്തുകൾ എപ്രകാരമായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:

«كَانَ الرَّجُلُ يُضَحِّي بِالْشَاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ، فَيَأْكُلُونَ، وَيُطْعِمُونَ، حَتَّى تَبَاهَى النَّاسُ فَصَارَتْ كَمَا تَرَى».

"ഒരാൾ തനിക്കും തൻ്റെ കുടുംബത്തിനുമായി ഒരു ആടിനെ അറുക്കുമായിരുന്നു. അവർ അതിൽ നിന്ന് ഭക്ഷിക്കുകയും, ജനങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ജനങ്ങൾ (ഉദ്ഹിയ്യത്തിൻ്റെ കാര്യത്തിൽ) പരസ്പരം പൊങ്ങച്ചം നടിക്കുകയും, നിങ്ങൾ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുകയും ചെയ്തു."2

ഒരു ഒട്ടകത്തിൻ്റെ ഏഴിലൊന്നിലോ, ഒരു പശുവിൻ്റെ ഏഴിലൊന്നിലോ പങ്കുചേരുന്നതിനേക്കാൾ നല്ലത് ഒരു ആടിനെ ബലിയർപ്പിക്കുന്നതാണ്.

ഹദ്‌യിൻ്റെ ഭാഗമായോ ഉദ്ഹിയ്യത്തിൻ്റെ ഭാഗമായോ അറുക്കുന്ന മൃഗങ്ങൾ രോഗം, വികലാംഗത, ശോഷിപ്പ് എന്നിവയിൽ നിന്നെല്ലാം മുക്തമായിരിക്കണം. കണ്ണിന് വ്യക്തമായ കുഴപ്പമുള്ളതോ, അന്ധതയുള്ളതോ, തീരെ മെലിഞ്ഞുണങ്ങി മജ്ജ നഷ്ടപ്പെട്ടതോ, ആരോഗ്യമുള്ള മൃഗങ്ങളോടൊപ്പം നടന്നെത്താൻ സാധിക്കാത്ത വിധത്തിൽ വികലാംഗത ബാധിച്ചതോ, മുൻപല്ലുകൾ വേരോടെ പറിഞ്ഞു പോയവയോ, പ്രായം അധികരിച്ചതിനാൽ അകിട് ഉണങ്ങിവരണ്ടതോ, വ്യക്തമായ രോഗം ബാധിച്ചതോ ആയ മൃഗങ്ങൾ ഹദ്‌യിലോ ഉദ്ഹിയ്യത്തിലോ സാധുവാകുന്നതല്ല. ബറാഅ് ബ്നു ആസിബ് (റ) നിവേദനം: നബി (സ) ഞങ്ങളോട് പ്രസംഗിക്കവെ ഇപ്രകാരം പറഞ്ഞു:

«أَرْبَعٌ لَا تَجُوزُ فِي الْأَضَاحِي: الْعَوْرَاءُ الْبَيِّنُ عَوَرُهَا، وَالْمَرِيضَةُ الْبَيِّنُ مَرَضُهَا، وَالْعَرْجَاءُ الْبَيِّنُ ظَلْعُهَا، وَالْعَجْفَاءُ الَّتِي لا تُنْقِي».

"നാല് ഇനങ്ങൾ ബലിയർപ്പിക്കലിൽ അനുവദനീയമല്ല: വ്യക്തമായ കാഴ്ചക്കുറവുള്ളത്, വ്യക്തമായ രോഗമുള്ളത്, വ്യക്തമായ മുടന്തുള്ളത്, മെലിഞ്ഞുണങ്ങിയത്."3

ഇമാം തിർമിദി -رَحِمَهُ اللَّهُ- പറഞ്ഞു: "ഈ ഹദീഥിൽ വന്നതു പ്രകാരമാണ് പണ്ഡിതന്മാർ പ്രവർത്തിച്ചു വന്നിട്ടുള്ളത്."4

തമത്തുആയി ഹജ്ജ് നിർവ്വഹിച്ചവർ തങ്ങളുടെ ഹദ്‌യ് അറുക്കുന്നതിൻ്റെയും, ഉദ്ഹിയ്യത്ത് അറുക്കുന്നതിൻ്റെയും സമയം പെരുന്നാൾ നിസ്കാരത്തിന് ശേഷം ആരംഭിക്കുകയും അയ്യാമുത്തശ്‌രീഖിൻ്റെ അവസാനത്തെ ദിവസം വരെ തുടരുകയും ചെയ്യുമെന്നതാണ് ശരിയായ വീക്ഷണം.

ഒരാളുടെ ഹജ്ജ് തമത്തുഇൻ്റെയോ ഖിറാനിൻ്റെയോ രൂപത്തിലാണെങ്കിൽ അയാൾ തൻ്റെ ഹദ്‌യിൽ നിന്ന് ഭക്ഷിക്കുന്നത് പുണ്യകരമാണ്. ഉദ്ഹിയ്യത്ത് അറുക്കുന്നവർ താൻ ബലിയർപ്പിച്ച മൃഗത്തിൻ്റെ മാംസത്തിൽ നിന്ന് ഭക്ഷിക്കുന്നതും പുണ്യകരം തന്നെ. അതോടൊപ്പം മാസം മൂന്ന് തുല്ല്യഭാഗങ്ങളായി വീതംവെച്ച ശേഷം (അടുപ്പമുള്ളവർക്ക്) നൽകുകയും, (ദരിദ്രർക്ക്) ദാനം നൽകുകയും ചെയ്യാം. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿...فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ﴾

"അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക." (ഹജ്ജ്: 28)

എന്നാൽ ഒരാൾ ഇഹ്റാമിൻ്റെ വേളയിൽ ചെയ്യാൻ പാടില്ലാത്ത എന്തെങ്കിലും പ്രവർത്തി ചെയ്തതിൻ്റെയോ, നിർബന്ധമായും ചെയ്യേണ്ട ഹജ്ജിൻ്റെ വാജിബുകളിൽ ഏതെങ്കിലുമൊന്ന് ഉപേക്ഷിച്ചതിൻ്റെയോ പ്രായശ്ചിത്തമായി നൽകാറുള്ള 'ഹദ്‌യു ജുബ്റാനി'നിൻ്റെ മാംസത്തിൽ നിന്ന് അത് ബലിയർപ്പിച്ച വ്യക്തി യാതൊന്നും ഭക്ഷിക്കാൻ പാടില്ല.

ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ ദുൽ ഹിജ്ജയുടെ ആദ്യ പത്തു ദിവസങ്ങൾ ആരംഭിച്ചാൽ ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ തൻ്റെ മുടിയിൽ നിന്നോ നഖങ്ങളിൽ നിന്നോ യാതൊന്നും എടുക്കരുത്; നബി -ﷺ- പറഞ്ഞിരിക്കുന്നു:

«إِذَا دَخَلَ الْعَشَرُ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ؛ فَلَا يَأْخُذُ مِنْ شَعْرِهِ وَلَا مِنْ أَظْفَارِهِ شَيْئًا، حَتَّى يُضَحِّيَ».

"(ദുൽഹിജ്ജ) ആദ്യപത്ത് പ്രവേശിക്കുകയും, നിങ്ങളിലൊരാൾ ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ അവൻ തൻ്റെ ഉദ്ഹിയ്യത്ത് അറുക്കുന്നത് വരെ തൻ്റെ മുടിയിൽ നിന്നോ നഖത്തിൽ നിന്നോ യാതൊന്നും എടുക്കരുത്."5

ഒരാൾ നഖം നീക്കം ചെയ്യുകയോ മുടി എടുക്കുകയോ ചെയ്തു പോയാൽ അവൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുക; അവൻ്റെ മേൽ മറ്റു പ്രായശ്ചിത്തങ്ങളൊന്നും ബാധ്യതയില്ല.

ഹദ്‌യ്, ഉദ്ഹിയ്യഃ എന്നിവ അറുക്കേണ്ടതിൻ്റെ രൂപം താഴെ പറയുന്ന പ്രകാരമാണ്:

1 - വിവേകവും ബുദ്ധിയുമുള്ള ഒരു മുസ്‌ലിമോ, വേദക്കാരിൽ പെട്ട ഒരാളോ ആയിരിക്കണം ബലിയർപ്പിക്കേണ്ടത്. ബലിയർപ്പിക്കുമ്പോൾ നിയ്യത്ത് (താൻ ഇബാദത്തിൻ്റെ ഭാഗമായി ബലിയർപ്പിക്കുന്നുവെന്ന ഉദ്ദേശം) വെക്കുകയും ചെയ്യുക. അല്ലാഹുവിന് വേണ്ടിയല്ലാതെ ഒരാൾ ബലിയർപ്പിക്കാൻ പാടില്ല. ബലിയർപ്പിക്കുന്ന വേളയിൽ ബിസ്മില്ലാഹ് എന്നു പറയുകയും, മൂർച്ചയുള്ള ആയുധം കൊണ്ട് അറുക്കുകയും ചെയ്യുക. നഖം കൊണ്ടോ പല്ലു കൊണ്ടോ മൃഗത്തെ അറുക്കരുത്. ഹദ്‌യ് ആണെങ്കിൽ അതിൻ്റെ നിശ്ചിത സ്ഥലത്ത് തന്നെയായിരിക്കണം നിർവ്വഹിക്കുന്നത്. അറുക്കുന്ന വ്യക്തിക്ക് അറവ് നടത്താൻ ഇസ്‌ലാമികമായി അനുവാദം നൽകപ്പെട്ടിരിക്കണം.6

2- ഉദ്ഹിയ്യത്തിൻ്റെ മൃഗത്തെ തിരഞ്ഞെടുക്കുക; ഏറ്റവും നല്ലതും പൂർണ്ണതയുള്ളതുമായ മൃഗത്തെ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

«ضَحَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ، أَقْرَنَيْنِ، ذَبَحَهُمَا بِيَدِهِ، وَسَمَّى، وَكَبَّرَ، وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا».

നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.7

3- അറവുമൃഗത്തോട് നന്മ പുലർത്തുക; അറവിനിടെ അതിന് ആശ്വാസം നൽകുന്ന എല്ലാ കാര്യങ്ങളും ചെയ്യുക. മൂർച്ചയുള്ള ആയുധം കൊണ്ട് അറവ് നടത്തുക എന്നതും, അറക്കുന്ന ഭാഗത്ത് ശക്തിയോടെയും വേഗത്തിലും ആയുധം ചലിപ്പിക്കുക എന്നതും അതിൽ പെട്ടതാണ്. കാരണം ഏറ്റവും പൂർണ്ണമായ രൂപത്തിൽ, സാധ്യമായതിൽ ഏറ്റവും വേഗത്തിൽ ജീവൻ കളയുക എന്നതായിരിക്കണം ലക്ഷ്യം; അതാകുമ്പോൾ അറവുമൃഗം വേദന കൂടുതൽ നേരം അനുഭവിക്കേണ്ടി വരികയില്ല.

ശദ്ദാദ് ബ്നു ഔസ് (റ) നിവേദനം: നബി (സ) യിൽ നിന്ന് രണ്ട് കാര്യങ്ങൾ ഞാൻ പഠിച്ചിരിക്കുന്നു:

«إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيحَتَهُ».

"തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (ശിക്ഷാനടപടിയുടെ ഭാഗമായി) വധിക്കുകയാണെങ്കിൽ നല്ലരൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."8

മൃഗം നോക്കിനിൽക്കുമ്പോൾ കത്തി മൂർച്ച കൂട്ടുന്നത് വെറുക്കപ്പെട്ടതാണ്. അബ്ദുല്ലാഹി ബ്നു ഉമർ (റമ) നിവേദനം:

أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِحَدِّ الشَّفَارِ، وَأَنْ تُوَارَى عَنِ الْبَهَائِمِ، وَقَالَ: «إِذَا ذَبَحَ أَحَدُكُمْ؛ فَلْيُجْهِزْ».

"നബി (സ) (അറവിൻ്റെ) കത്തിക്ക് മൂർച്ച കൂട്ടാനും, അത് അറവു മൃഗത്തിൽ നിന്ന് മറച്ചു പിടിക്കാനും കൽപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "നിങ്ങൾ അറുക്കുകയാണെങ്കിൽ വേഗത്തിലും ശക്തിയിലും അറുക്കുക."9

4- ബലി നൽകപ്പെടുന്നത് ഒട്ടകമാണെങ്കിൽ അതിനെ നേരെനിർത്തുകയും, ഇടതുകാൽ കെട്ടിയിടുകയും ചെയ്ത നിലയിലാണ് അറുക്കേണ്ടത്. അബ്ദുല്ലാഹി ബ്നു ഉമർ (റ) നിവേദനം: ഒരാൾ തൻ്റെ ഒട്ടകത്തെ അറുക്കാനായി കിടത്തിയിരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: "നീ അതിനെ നേരെനിർത്തുകയും, കെട്ടിയിടുകയും ചെയ്തു കൊണ്ട് (അറുക്കുക). മുഹമ്മദ് നബി (സ) യുടെ ചര്യ അപ്രകാരമാണ്."10

5- ഒട്ടകമല്ലാത്ത മൃഗങ്ങളെ അറുക്കേണ്ടത് അവയുടെ ഇടതുവശത്തേക്ക് കിടത്തിയ നിലയിൽ, മൃഗത്തെ അടക്കി നിർത്താൻ കഴിയുംവിധം അവയുടെ കഴുത്തിൻ്റെ വശത്തായി കാൽ വെച്ചു കൊണ്ടാണ്. അനസ് ബ്നു മാലിക് (റ) നിവേദനം:

«ضَحَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ، أَمْلَحَيْنِ، أَقْرَنَيْنِ، ذَبَحَهُمَا بِيَدِهِ، وَسَمَّى، وَكَبَّرَ، وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا».

നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.11

6- അറുക്കുമ്പോൾ ബിസ്മി ചൊല്ലുക; അത് നിർബന്ധമാണ്. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:

﴿فَكُلُواْ مِمَّا ذُكِرَ ٱسۡمُ ٱللَّهِ عَلَيۡهِ إِن كُنتُم بِـَٔايَٰتِهِۦ مُؤۡمِنِينَ 118﴾

"അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ ആയത്തുകളിൽ വിശ്വസിക്കുന്നവരാണെങ്കില്‍." (അൻആം: 118) അല്ലാഹു പറഞ്ഞു:

﴿وَلَا تَأۡكُلُواْ مِمَّا لَمۡ يُذۡكَرِ ٱسۡمُ ٱللَّهِ عَلَيۡهِ وَإِنَّهُۥ لَفِسۡق وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوۡلِيَآئِهِمۡ لِيُجَٰدِلُوكُمۡۖ وَإِنۡ أَطَعۡتُمُوهُمۡ إِنَّكُمۡ لَمُشۡرِكُونَ 121﴾

"അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും." (അൻആം: 121) നബി -ﷺ- പറഞ്ഞു:

«مَا أَنْهَرَ الدَّمَ وَذُكِرَ اسْمُ اللَّهِ عَلَيْهِ؛ فَكُلُوهُ مَا لَمْ يَكُنْ سِنًّا وَلَا ظُفْرًا».

"രക്തം ഒഴുക്കുന്ന ആയുധം കൊണ്ട് അറുക്കപ്പെട്ടതും, (അറുക്കുമ്പോൾ) അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടുകയും ചെയ്തവ നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; പല്ലോ നഖമോ കൊണ്ട് അറുക്കപ്പെട്ടവ ഒഴികെ."12

'ബിസ്മില്ലാഹ്' എന്നു പറയുന്നതിനൊപ്പം, അല്ലാഹു അക്ബർ എന്നു കൂടെ പറയുന്നത് സുന്നത്താണ്. ജാബിർ (റ) നിവേദനം: നബി (സ) യോടൊപ്പം ബലിപെരുന്നാൾ ദിവസം ഞാൻ പെരുന്നാൾ മുസ്വല്ലയിൽ സന്നിഹിതനായിട്ടുണ്ട്. അവിടുന്ന് തൻ്റെ ഖുത്ബ നിർവ്വഹിച്ച ശേഷം മിമ്പറിൽ നിന്ന് ഇറങ്ങി. ശേഷം അവിടുത്തെ അരികിലേക്ക് ഒരു മുട്ടനാടിനെ കൊണ്ട് വരപ്പെടുകയും, അവിടുന്ന് തൻ്റെ കൈകൾ കൊണ്ട് അവയെ അറുക്കുകയും ചെയ്തു. നബി (സ) ഇപ്രകാരം പറയുകയും ചെയ്തു:

«بِسْمِ اللَّهِ وَاللَّهُ أَكْبَرُ، هَذَا عَنِّي وَعَنْ مَنْ لَمْ يُضَحِّ مِنْ أُمَّتِي».

"ബിസ്മില്ലാഹ്, വല്ലാഹു അക്ബർ. (അല്ലാഹുവിന്‍റെ നാമത്തിൽ. അല്ലാഹു ഏറ്റവും വലിയവനാകുന്നു.) ഇത് എനിക്കു വേണ്ടിയും എന്‍റെ ഉമ്മത്തിൽ നിന്ന് ഉദ്ഹിയ്യത്തില്ലാത്തവർക്കു വേണ്ടിയും ആകുന്നു."13

7- തൊണ്ട, അന്നനാളം, ശ്വാസനാളം, രണ്ട് രക്തനാളങ്ങൾ എന്നിവ മുറിക്കുകയും, രക്തം ഒഴുകുകയുമാണ് ചെയ്യേണ്ടത്. ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു: "ഒട്ടകം, പശു, ആട് എന്നിവയെ അറുക്കേണ്ട ഇസ്‌ലാമികമായ രൂപം മൂന്നു വിധത്തിലാണ്.

ഒന്നാമത്തേത്: അന്നനാളം, ശ്വാസനാളം, രണ്ട് രക്തനാളങ്ങൾ എന്നിവ മുറിക്കുന്ന രീതി. ഇതാണ് ഏറ്റവും പൂർണ്ണമായ അറവും ഏറ്റവും നല്ലതും. ഈ നാല് ഭാഗങ്ങളും മുറിക്കപ്പെട്ടാൽ അറുക്കപ്പെട്ട മൃഗത്തിൻ്റെ മാംസം അനുവദനീയമായി എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല.

രണ്ടാമത്തേത്: ശ്വാസനാളവും അന്നനാളവും രണ്ട് രക്തനാളങ്ങളിൽ ഒന്നും മുറിക്കപ്പെടുന്ന രീതി; ഈ രൂപത്തിൽ അറുത്താലും മാംസം അനുവദനീയവും നല്ലതുമാണ്; എന്നാൽ ആദ്യത്തെ രൂപത്തിന് താഴെയാണ് ഇതിൻ്റെ സ്ഥാനം.

മൂന്നാമത്തേത്: ശ്വാസനാളവും അന്നനാളവും മാത്രം മുറിക്കുകയും, രക്തനാളങ്ങളിൽ ഒന്നും മുറിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന രീതി. ഈ അറവിൻ്റെ രൂപം സാധുവാണ്. പണ്ഡിതന്മാരിൽ ഒരു വിഭാഗം അപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി (സ) യുടെ വാക്കാണ് അതിന് അവർ തെളിവാക്കിയിട്ടുള്ളത്:

«مَا أَنْهَرَ الدَّمَ وَذُكِرَ اسْمُ اللَّهِ عَلَيْهِ فَكُلُوا، لَيْسَ السِّنَّ وَالظُّفْرَ».

"രക്തം ചിന്താൻ കഴിയുന്ന വസ്തു കൊണ്ട് -ബിസ്മി ചൊല്ലി- അറുക്കപ്പെട്ടത്; അവ നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. പല്ലോ നഖമോ കൊണ്ട് (അറുത്തത്) ഒഴികെ."14 ഈ വിഷയത്തിൽ നാം ശരിയായി മനസ്സിലാക്കുന്ന അഭിപ്രായം ഇതാണ്.15

നാം പഠിച്ച കാര്യങ്ങൾ നമുക്ക് പ്രയോജനകരമാവുകയും നമുക്ക് പ്രയോജനകരമായത് നമ്മെ പഠിപ്പിക്കാനും അല്ലാഹുവിനോട് നാം തേടുന്നു. അവൻ ഉദാരനും അതീവമായി ദാനം നൽകുന്നവനുമത്രെ. നമ്മുടെ നബിയുടെ മേലും അവിടുത്തെ അനുയായികളുടെയും മേൽ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും സമാധാനവും ധാരാളമായി വർഷിക്കുമാറാകട്ടെ.

 

 

***

 


തിർമിദി, ഇബ്നു മാജഃ.

അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നുമാജഃ.

തിർമിദി.

മുസ്‌ലിം.

ഉദ്ഹിയ്യത്തിൻ്റെ നിയമങ്ങൾ / മുഹമ്മദ് ബിൻ ഉസൈമീൻ: (പേജ് 56 – 87).

ബുഖാരി, മുസ്‌ലിം.

മുസ്‌ലിം: 8.

അഹ്മദ്, ഇബ്നു മാജ.

ബുഖാരി, മുസ്‌ലിം: 10.

ബുഖാരി, മുസ്‌ലിം.

ബുഖാരി, മുസ്‌ലിം.

അബൂദാവൂദ്, തിർമിദി. അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.

ബുഖാരി, മുസ്‌ലിം.

മജ്മൂഉൽ ഫതാവാ / ഇബ്നു ബാസ്: 18/26.

(മുസ്‌ലിം)